കൃഷ്ണന്‍നായര്‍ നാട്ടിലെത്തി, ആദ്യം പോയത് പൂട്ടിക്കിടക്കുന്ന ഇല്ലത്തേക്കാണ്. നമ്പൂതിരിമാര്‍ കുറച്ചുപേര്‍ കോഴിക്കോട് തളിയിലേക്കും, ബാക്കിയുള്ളവര്‍ താമരശ്ശേരി, ബാലുശ്ശേരി ഭാഗത്തേക്കുമാണ് രക്ഷപ്പെട്ടത്. അവിടെ പ്രശ്‌നങ്ങളൊന്നുമില്ല. തെക്കേത്തൊടികയില്‍ ചെന്നു. കയ്യിലൊരു കൊടുവാളുമായി അതിലെ വന്ന മൂത്തോറന്‍പാറക്കല്‍ വേലുമൂപ്പര് പറഞ്ഞു. “കമ്മളെ! സംഗതി പന്ത്യല്ല. നോക്കീം കണ്ടും നിന്നോളിന്‍; ലഹളക്കാര് അള്ളീലെടത്തില്‍ കവര്‍ച്ച നടത്ത്യോലെ. ആടെ താനൂരമ്പലം കുത്തിത്തൊറന്നു. എര്യത്ത് തന്നെ ള്ള കുന്ദമംഗലം ഇല്ലത്ത് നിന്ന് തമ്പ്രാട്ടീനെ പിടിച്ച് ന്തൊക്കെയോ ചെയ്തീനോലെ. പിടിച്ച് കൊണ്ട്വോയി കുപ്പായം ഇടീച്ച്ന്നാ കേക്കുന്നത്. ബാക്കിള്ളോരൊക്കെ പാഞ്ഞ് കയ്ച്ചിലായീന്നാ കേട്ടത്”.
അതിന്റെ മൂന്നാം ദിവസം ഇരുമ്പിടം കണ്ടിയില്‍ കണ്ടന്‍ മൂപ്പര് തെക്കേത്തൊടി കയിലേക്ക് ഓടിവന്ന് “ളാര്‍ച്ചോ!ളാര്‍ച്ചോ!3 ഒഴൂല് ല്ലം പൊളിക്കുന്നു. കൊറേ മാപ്ലാരുണ്ട്. കൃഷ്ണന്‍ നായര്‍ വേഗം താക്കോലെടുത്ത് കയ്യില്‍ വെച്ച് ഓടി. “ളാര്‍ച്ചം പ്പാട്ട്4 പോണ്ട, പോണ്ട എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു കണ്ടന്‍ മൂപ്പര്. അതൊന്നും ശ്രദ്ധിക്കാതെ ഇല്ലപ്പറമ്പിലെ നാഗത്താന്‍ കോട്ടയില്‍ കടന്ന് മറഞ്ഞ് നിന്ന് പരിസരം നിരീക്ഷിച്ചു. ഒരു പത്ത് മുപ്പത് പേരുണ്ട് അക്രമികള്‍. സൂത്രാട്ടികയും കെട്ടും താങ്ങുമുള്ള ഉമ്മറവാതില്‍ ഒരു തരത്തിലും തുറക്കാന്‍ കഴിയാത്തതിനാല്‍ വാതിലിന് നേരെയുള്ള ഉത്തരത്തില്‍ ഒരു ഉരല്‍ കെട്ടിതൂക്കി ആട്ടിയാട്ടി വാതിലില്‍ ഇടിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ മേല്‍ക്കൂര കുലുങ്ങുന്നുണ്ട്. ഈ ഓരോ ഇടിയും തന്റെ നെഞ്ചത്താണ് കൊള്ളുന്നതെന്ന് ആ കാര്യസ്ഥന് തോന്നി. വാതില്‍ അധികം താമസിയാതെ പൊളിഞ്ഞുവീഴും. ചുമരും ഇടിഞ്ഞു വീഴുമോ! എന്തായാലും ഈ രാക്ഷസക്കൂട്ടം ഇല്ലത്തിന്റെ വാതില്‍ പൊളിക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ തീയിട്ടെങ്കിലും അകത്ത് കടക്കും. പിന്നെ ഒന്നും ചിന്തിച്ചില്ല. മുട്ടുമറയുന്ന ചുവന്ന കരയുള്ള തോര്‍ത്ത് മാത്രമുടുത്ത് മറ്റൊരു തോര്‍ത്ത് കൊണ്ട് തലേക്കെട്ടുമായി അയാള്‍ എളിയില്‍ നിന്ന് താക്കോലെടുത്ത് കയ്യില്‍ പിടിച്ച് അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. “ഇല്ലം പൊളിക്കല്ലി. ങ്ങക്ക് അത് തൊറക്ക്വല്ലേ വേണ്ടത്? ദാ താക്കോല്‍” ഒരാള്‍ താക്കോല്‍ വാങ്ങി. അപ്പോഴേക്കും രണ്ടുപേര് കൃഷ്ണന്‍ നായരെ പിടിച്ച് അടുത്തുള്ള തെങ്ങില്‍ ചേര്‍ത്ത് കെട്ടി. കൂട്ടത്തില്‍ നേതാവെന്ന് തോന്നിച്ചയാള്‍ സില്‍ബന്തികളോട് എന്തോ ആംഗ്യം കാണിച്ചു. രണ്ട് പേര്‍ ചെത്തിക്കൂര്‍പ്പിച്ച കവുങ്ങിന്‍ കുന്തം നെഞ്ചിന് നേരെ പിടിച്ചുകൊണ്ട് അറയുടെ താക്കോല്‍ എടുക്കാനാവശ്യപ്പെട്ടു. പേടിച്ച് വിരണ്ടുകൊണ്ട് അയാള്‍ പറഞ്ഞു. “അതെന്റെ കയ്യിലില്ല. എനിക്ക് തന്നിട്ടില്ല”. ഇത് കണ്ടുകൊണ്ട് ഓടിവന്ന പരിചയക്കാരനായ കാതിരി അവരെ തടഞ്ഞു. “വാതിലിന്റെ താക്കോല് തന്ന നായര് അറേന്റെ താക്കോല് കയ്യിമ്മല് ണ്ടെങ്കി തരാണ്ടെ ക്ക്വോ? ആ പാവം നായരെ അയിച്ച് ബിഡി. ഞമ്മളെ പെരേല്‍ കൊണ്ടാക്കാം”. ഇത് കേട്ട നേതാവ് സമ്മതിച്ചു. കെട്ടഴിച്ച് കൃഷ്ണന്‍നായരെ കൂട്ടി മുറ്റോളി എടവഴിയില്‍ കൊണ്ടുപോയി. “നായരെ! ങ്ങള് ബടെ നിക്കണ്ട. ഇനീം തെക്കന്മാര് മാപ്ലാര് വരുന്നുണ്ടോലെ. ഞമ്മളൊന്നും വിചാരിച്ചാല്‍ തടയാനാവൂല. വെക്കം കയ്ച്ചിലായിക്കോളി”! നായര്‍ നന്ദി സൂചകമായി അയാളുടെ കയ്യില്‍ പിടിച്ചമര്‍ത്തി. പിന്നെ അവിടെ നിന്നില്ല. രാത്രി പാതിരാനേരം ഒരു ചാക്ക് ചെറുകിഴങ്ങുമായി എല്ലാവര്‍ക്കും ആശ്വാസം നല്‍കികൊണ്ട് പനോളിക്കരയില്‍ തിരിച്ചെത്തി. സ്ത്രീകളാരും കേള്‍ക്കാതെ മുതിര്‍ന്ന പുരുഷന്മാരോടയാള്‍ ഉണ്ടായതെല്ലാം പറഞ്ഞു. “ഞാന്‍ ഇല്ലത്ത് കണ്ട കൊള്ളസംഘത്തില്‍ തെക്കരായിട്ട് രണ്ടോ, മൂന്നോ പേരെ ഉള്ളു. ബാക്കിയെല്ലാം നമുക്ക് പരിചയമുള്ളവരും അല്ലാത്തവരുമായ ഇന്നാട്ടിലെ മാപ്പിളമാര്‍ തന്നെയാണ്. ലഹള ഒരവസരമാക്കി തെക്കരെ മുന്‍നിര്‍ത്തി പരിചയക്കാരും അയല്‍ക്കാരും സുഹൃത്തുക്കളുമായ, തന്നാട്ടുകാരായ മാപ്പിളമാര്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുകയാണ്. കാതിരിയെപോലെ നന്‍മയുള്ളവര്‍ വളരെ ദുര്‍ലഭം…..”
പൈമ്പ്രയിലും പരിസരത്തുമായി നൂറ് കണക്കിനെത്തിയിട്ടുണ്ട് അഭയാര്‍ത്ഥികള്‍. അവരുടെ പ്രാഥമിക കൃത്യങ്ങള്‍, രോഗചികിത്സ, വയസ്സന്‍മാര്‍ക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട പരിചരണങ്ങള്‍, ഭക്ഷണം, വസ്ത്രം, മുതിര്‍ന്ന സ്ത്രീകളുടേതായ ആവശ്യങ്ങള്‍, ഇതൊക്കെ വലിയ പ്രയാസങ്ങളായിരുന്നു. കര്‍ഷകരും, കര്‍ഷകതൊഴിലാളികളുമായ ആണുങ്ങള്‍ തൊഴില്‍ രഹിതരായി. കുട്ടികളുടെ എഴുത്തു പള്ളിയിലെ പഠനവും മുടങ്ങി. ഇതൊക്കെ അഭയാര്‍ത്ഥികളുടെ ദുരിതങ്ങളായിരുന്നെങ്കില്‍ ആതിഥേയരായ കുരുവട്ടൂര്‍, പൈമ്പ്ര നിവാസികളിലും ദിവസം ചെല്ലുന്തോറും ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. എത്രകാലം ഈ അതിഥികള്‍ ഈ നാട്ടിലുണ്ടാവും? തുടക്കത്തിലൊക്കെ നല്ല സേവനഭാവത്തോടെ പെരുമാറിയവരില്‍ പലരുടെയും നെറ്റി ചുളിയാന്‍ തുടങ്ങി. കിണറ്റിന്‍കരയില്‍, കുളിക്കടവില്‍ വെളിക്കിറങ്ങുന്ന ഇടങ്ങളില്‍ ഒക്കെ ചെറുതും വലുതുമായ കശപിശകള്‍… നാട്ടുകാരിലും അഭയാര്‍ത്ഥികളിലുമുള്ള മദ്യപന്മാര്‍ തമ്മിലുള്ള കലഹങ്ങള്‍, വയറിളക്കം, പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍, സ്വന്തം വീടുകളില്‍ വെച്ചുണ്ടാക്കുന്ന ഭക്ഷണം വിളമ്പാന്‍ നേരത്ത് ചായ്പ്പിലും പത്തായപ്പുരയിലും പടിപ്പുരയിലുമൊക്കെ തമ്പടിച്ചിട്ടുള്ള അഭയാര്‍ത്ഥിക്കുട്ടികളുടെയും, വൃദ്ധജനങ്ങളുടെയും ദൈന്യതയാര്‍ന്ന മുഖങ്ങള്‍ തുടങ്ങി വലിയൊരു സാമൂഹിക പ്രശ്‌നം വളരാന്‍ തുടങ്ങി. ഇത് പക്ഷെ പൈമ്പ്രയുടേയോ കുരുവട്ടൂരിന്റെയോ മാത്രം പ്രശ്‌നമായിരുന്നില്ല. ഒഴിഞ്ഞു വന്നവര്‍ എത്തിച്ചേര്‍ന്ന എല്ലാ സ്ഥലത്തും ഇതൊക്കെ തന്നെയായിരുന്നു.
കോഴിക്കോട് നിന്നെത്തിയ ചില നേതാക്കളുടെ സാന്നിധ്യത്തില്‍ അവിടെ പൗരപ്രമുഖരുടെ ഒരു യോഗം ചേര്‍ന്നു. ആ യോഗത്തില്‍ മാപ്പിള ലഹളയെത്തുടര്‍ന്ന് ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവനും മാനവും കൊണ്ട് ഓടിപ്പോരേണ്ടി വന്ന ഹതഭാഗ്യരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്തി. അവിടെ പല വീടുകളിലായി താമസിക്കുന്നവരെ റിലീഫ് ക്യാമ്പിലാണെന്ന് പരിഗണിച്ച് ക്ഷേമപ്രവര്‍ത്തനത്തിനായി വിഭവങ്ങള്‍ എത്തിക്കാമെന്നും അവ വിതരണം ചെയ്യാന്‍ നാട്ടുകാര്‍ സഹായിക്കണമെന്നും അവരോര്‍മ്മിപ്പിച്ചു. കൂടാതെ കാര്‍ഷിക മേഖലയായ ആ ഗ്രാമത്തില്‍ കൂലിപ്പണിക്കായി ഇവരെ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ടായി. അങ്ങിനെ ഒരു പുതിയ ജീവിതക്രമവും സൗഹൃദങ്ങളും അവിടെ ഉടലെടുക്കുകയുണ്ടായിരുന്നു. എങ്കിലും അന്നാട്ടുകാരുടെ തൊഴിലവസരങ്ങളെ ഇത് ബാധിക്കാതിരുന്നില്ല. മദ്യപാനം മാത്രമല്ല, പണംവെച്ചുള്ള ചീട്ട് കളിയും അടികലശലും ഒക്കെ പതിവായി.
അതോടൊപ്പം ലഹള അടിച്ചമര്‍ത്താനായി പട്ടാളം ഇറങ്ങുന്നെണ്ടെന്നും അധിക കാലമൊന്നും ഈ പരാശ്രയ ജീവിതം തുടരേണ്ടി വരില്ല എന്നും കെ. മാധവന്‍ നായര്‍, കെ.കേളപ്പന്‍, എ.വി. കുട്ടിമാളു അമ്മ തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തകര്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നു.
പതിവ് പോലെ, രണ്ടാഴ്ചക്ക് ശേഷം അപ്പു അമ്മോനും, കൃഷ്ണന്‍ നായരും നാട്ടില്‍ വന്നു. രണ്ട് ദിവസം കഴിഞ്ഞേ തിരിച്ചു വരുള്ളു എന്നും പറഞ്ഞാണ് പോയത്. പക്ഷെ അന്നു രാത്രി തന്നെ ഭയപ്പെടുത്തുന്ന വിവരങ്ങളുമായി അവര്‍ തിരിച്ചെത്തി. ലഹള വ്യാപിക്കുന്നു. തങ്ങളുടെ അടുത്ത പ്രദേശമായ പുത്തൂര്‍ മുതുമനഇല്ലം പിടിച്ചെടുത്തു. അവിടുത്തെ കിണറ്റില്‍ കുറെ അധികം ആളുകളെ വെട്ടിയിട്ടു. മലയമ്മക്കുടുക്കല്‍ വെച്ച് വട്ടോളി അമ്പലത്തിലെ കോമരത്തെ വെട്ടിക്കൊന്നു. മുത്തേരി ചന്ദനപ്പറമ്പില്‍ പെരുമണ്ണാന്‍ കുടുംബത്തില്‍ വെട്ടിക്കൊല നടന്നു. എരഞ്ഞിക്കല്‍ ശങ്കരന്‍ നായരുടെ ഏട്ടനെ അമ്പലക്കണ്ടിയില്‍ വെട്ടിക്കൊന്നു. പൈക്കളെയും മൂരികളെയുമൊക്കെ പിടിച്ച് അറത്ത് തിന്നുന്നു. എന്ന് തുടങ്ങി ചങ്ക് പൊട്ടുന്ന സംഭവങ്ങള്‍ വിവരിക്കുന്നത് കേട്ട്‌നിന്നവര്‍ പോലും പേടിച്ചരണ്ടു.
ഒരു ദിവസം പനോളിക്കര കാരണവരും കുഞ്ഞുണ്ണി നായരും അപ്പു നായരും കൂടി സംസാരിച്ചുകൊണ്ടിരിക്കെ തങ്ങള്‍ നാടും വീടും വിട്ടു രായ്ക്കു രാമാനം ഓടിപ്പോരേണ്ടി വന്ന സാഹചര്യം വിവരിക്കുകയാണ്.
നീര്‍ലാക്ക് (മുക്കം) പൊഴക്കക്കരെ പന്നിക്കോട് നിന്നും ഒരു ചേക്കുട്ടി ആട്, കോഴി, മൂരിക്കച്ചവടവുമായി മാസത്തിലൊരിക്കലെങ്കിലും കുഴിക്കലാട്ട് പ്രദേശത്ത് വരുമായിരുന്നു. കാടംകുനി, കൊറ്റിവട്ടത്താഴത്ത്, പെരിങ്ങാട്ട്, പീലാത്തോട്ടത്തില്‍ ഒക്കെ പതിവുകാരനാണ് ചേക്കുട്ടി. അക്കൊല്ലത്തെ ഓണം അടുപ്പിച്ച് അയാള്‍ വന്നപ്പോള്‍ അമ്മാവനോട് പറഞ്ഞു “നായരെ, നാട് മുടിയാമ്പോവ്വാണ്. അരീക്കോട്ടക്കരെ തിരൂരും പൊന്നാനീലൊക്കെ വലിയ ലഹള നടക്കുന്നുണ്ടോലെ. കിലാപ്പത്ത്ന്ന് പറയണ കുത്തിക്കൊല ബ്ബടക്കൊന്നും എത്താഞ്ഞാല്‍ മ്പള് കയിച്ചിലായി”.
പിന്നീട് കഷ്ടിച്ച് ഒരു മാസത്തിന് ശേഷം കന്നിമാസത്തില്‍ വല്ലി5 കിട്ടിയ നെല്ലും, വൈക്കോലും കച്ചവടമാക്കാനായി ചേക്കുട്ടി വീണ്ടും വന്നു. “നായരെ, നോക്കീം കണ്ടും ഒക്കെ നിന്നോളി സംഗതി പന്ത്യല്ല. കയിഞ്ഞ ബെള്ള്യായ്ച ഞമ്മളെ പള്ളീല് തെക്കരായ അഞ്ച് പത്ത് കാക്കാന്മാര് ബന്നീനു. അയ്‌ല് രണ്ട് ഉസ്താദ്മാരും ണ്ടായ്‌നു. പള്ളി പിരിഞ്ഞ് ഓല് ആടെത്തന്നെ തങ്ങി. ആളൊയ്ഞ്ഞ് തൊടങ്ങ്യപ്പം ചെറുപ്പക്കാരായ കുറച്ച് കുണ്ടന്മാരെ ആടെ പിടിച്ച് നിര്‍ത്തി എന്തൊക്ക്യോ കുശു കുശുക്കുന്നുണ്ടായ്‌നു. ഓലെ ആ വരവ് നല്ലേനല്ല. ദീനില്‍ ആളെ കൂട്ടാനും സ്വത്തും പണോം കയ്ക്കലാക്കാനും ബേണ്ടി വന്നാല്‍ യുത്തം ചെയ്യണംന്നൊക്കെയാണോലെ ഓല് പറഞ്ഞത്. ഞമ്മക്ക് കേട്ട്റ്റ് ബേജാറ്ണ്ട്. ഞമ്മള് പറഞ്ഞൂന്ന് നായരാരോടും പറയണ്ട”. ഇങ്ങനെ അവിടുന്നും ഇവിടുന്നും കിട്ടുന്ന വിവരങ്ങളൊക്കെ കുടുംബത്തില്‍ മുതിര്‍ന്നവര്‍ ചര്‍ച്ച ചെയ്യും.
പിറ്റത്തെ ഞായറാഴ്ച നീര്‍ലാക്ക് (മുക്കം) ചന്തേല്‍ പോയി വന്ന അപ്പു പറഞ്ഞു. “കുമാരനെല്ലൂരും, അള്ളീലും, കച്ചേരീലും, പന്നിക്കോട്ടും ഒക്കെ വലിയ വലിയ വീടുകളില്‍ ചെന്ന് തക്കിടി താളം പറഞ്ഞ് പലപ്പോഴായി മാപ്ലാര് വാങ്ങിക്കൊണ്ട്വോയ തോക്ക് ഒന്നും മടക്കി കൊടുത്തിട്ടില്ലോലെ. മുമ്പവിടെ കണ്ടിട്ടില്ലാത്ത ചെലരൊക്കെ അവിടവിടെ വന്നു കൂടീറ്റ്‌ണ്ടോലെ. ഹിന്ദുക്കാര്‍ പേടിച്ച് ഒഴിഞ്ഞ് പോവാന്‍ തൊടങ്ങീറ്റ്്‌ണ്ടെന്നും കേട്ടു. ഈ വര്‍ത്തമാനൊക്കെ നാട്ടില്‍ പാട്ടായി. നമ്പൂരാരും, നായന്മാരും, തിയ്യരും ഒക്കെ ഏട്ക്കാ പോണ്ടത്. ലഹള ഇല്ലാത്ത നാടേത്‌ന്നൊക്കെ ആലോചന തുടങ്ങി. പൊഴായ് ദേശത്ത് സാമൂരീടെ യാതൊരു ശ്രദ്ധയും എത്താറില്ല. ഒരു നാഥനില്ലാത്ത നാടാണ്. ഭേദപ്പെട്ട ഒരു കളരീം കൂടി ദേശത്തിന്റെ കിഴക്ക് ഭാഗത്ത് ഇല്ല തന്നെ. പൊഴായ് (മണ്ണിടത്തില്‍) നായരുടെ കാര്യസ്ഥന്‍മാര്‍ പാട്ടം വടിക്കാന്‍ മാത്രമാണ് വരാറ്. അതുകൊണ്ട് രാജഭരണം ഉള്ള നാടേതാണെന്നാണ്് ആദ്യം ആലോചിച്ചത്.
അങ്ങനെ കന്നിമാസം ഒടുക്കാവുമ്പോഴേക്ക് ലഹളക്കാര് ഇര്വോഴഞ്ഞി പുഴയും കടന്ന് നീര്‍ലാക്കില്‍ തിയ്യരേം, നായമ്മാരോം, നമ്പൂരാരേം ഒക്കെ തറവാടുകളിലെത്തി പലരേം പിടിച്ച് മാര്‍ക്കം കൂട്ടേം, സമ്മതിക്കാത്തോലെ വെട്ടിക്കൊല്ലേം ഒക്കെണ്ടായി. പയ്യിനെ അറത്തു, അമ്പലം പൊളിച്ചു, ഉള്ളതും ഇല്ലാത്തതുമായ കിംവദന്തികള്‍ കേക്കാന്‍ തൊടങ്ങി. അടുത്തുള്ള മാപ്ലമാര് പറയാന്‍ തൊടങ്ങി. “ലഹളക്കാരായ തെക്കര് വന്നാല്‍പ്പിന്നെ നിക്കക്കള്ളിണ്ടാവൂല ഞമ്മക്കൊന്നും സകായിക്കാന്‍ പറ്റീന്ന് ബരില്ല. നായരേ…. വേകം പെണ്ണുങ്ങളേം മക്കളേം കൂട്ടി കയ്ച്ചിലാവാന്‍ നോക്കിക്കോളി”. പിന്നെ ആലോചിച്ചില്ല. ചെത്ത്കടവ് കടന്നാല്‍ പേടിക്കാനില്ലാന്ന് എല്ലാരും പറഞ്ഞു. വ്വടെ ഏതായാലും മ്പക്ക് തമ്മില്‍ എണങ്ങര് ബന്ധം ണ്ടല്ലൊ. കൈവിടില്ലാന്നൊറപ്പിച്ച് ങ്ങട് തന്നെ പോന്നു. വ്വുട്‌ത്തെ ഈ മനസ്സ്ണ്ടല്ലൊ അത് ബല്യ മനസ്സാ,.. ചങ്കില് ജീവന്‍ ള്ള കാലം മറക്കില്ല നായരെ… അത് പറഞ്ഞപ്പോഴേക്കും ചെറുപ്പക്കാരനായ കുഞ്ഞുണ്ണി നായരുടെ കണ്ഠം ഇടറി. “ശ്ശെ ങ്ങള് ങ്ങനെ കരയണ്ട നായരെ…, ആപത്ത് കാലത്ത് താങ്ങാനായില്ലെങ്കില്‍ മ്പളൊക്കെ മനുഷ്യരാ? ഈ എണക്കം ന്ന് പറഞ്ഞാ പിന്നെ എന്താ? ഇതിനൊക്കെ അവസാനം ണ്ടാവും. ങ്ങള് ബേജാറാവണ്ട. ഗുര്‍ക്കപ്പട്ടാളം വരുന്നൂന്നല്ലെ കേക്കുന്നത്….”
കുറിപ്പ്:
3. ളാര്‍ച്ചോ! = ഹരിജനങ്ങള്‍ നായര്‍ സമുദായത്തിലെ പുരുഷന്മാരെ
സംബോധന ചെയ്യുന്നത് (തമ്പ്രാന്‍ എന്നര്‍ത്ഥം)
4. പ്പാട്ട്: ഇപ്പോള്‍ അങ്ങോട്ട്
5. വല്ലി: കൂലിയായി കിട്ടുന്ന ധാന്യം. നെല്ല് കൊയ്ത് മെതിച്ചാല്‍ കിട്ടുന്ന കൂലി.
നെല്ലിന് പതം എന്നാണ് പറയുക. ഉദാ: പത്തിനൊന്ന് പതം