കുറച്ചുനാളത്തെ സാന്നിധ്യം കൊണ്ടുതന്നെ മായന്നൂരിലെ തണല്‍ ബാലാശ്രമത്തില്‍ ആര്‍.ഹരിയേട്ടന്‍ സ്‌നേഹത്തിന്റെ തണലൊരുക്കിയ വടവൃക്ഷമായി മാറിയിരുന്നു. ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹം കൂടുതല്‍ സമയവും കഴിഞ്ഞത് തണല്‍ ബാലാശ്രമത്തിലായിരുന്നു. അതുകൊണ്ട് തന്നെ തണലിലെ ഓരോ കുട്ടിക്കും വ്യക്തിപരമായി തന്നെ സുപരിചിതനായിരുന്നു ഹരിയേട്ടന്‍.
തണലിലെ ഓരോരുത്തരും ഹരിയേട്ടന് പേരക്കുട്ടികളായിരുന്നു. പുതുതായി ആരെ പരിചയപ്പെട്ടാലും അവരോടൊക്കെ പലപ്പോഴായി അങ്ങോട്ടുചെന്ന് സംസാരിക്കുകയും അവര്‍ പറയുന്ന ഏതൊരു ചെറിയ കാര്യം പോലും ശ്രദ്ധയോടെ ശ്രവിക്കുകയും ചെയ്ത നല്ലൊരു കേള്‍വിക്കാരനായിരുന്നു ഹരിയേട്ടന്‍. ആഴമേറിയ അറിവും, ചിട്ടയായ ജീവിതചര്യയും, മാനുഷികമൂല്യങ്ങള്‍ പ്രസ്ഫുരിപ്പിക്കുന്ന വ്യക്തിത്വവും പ്രകടമാക്കിയ ജ്ഞാനസൂര്യനായിരുന്നു അദ്ദേഹം.
തന്റെ മുന്നില്‍ വരുന്ന ഓരോരുത്തരോടും എങ്ങനെ പെരുമാറണമെന്ന് ഹരിയേട്ടന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പാട്ടുപാടി തരാനും കഥകള്‍ പറഞ്ഞു തരാനും അദ്ദേഹം ഒരു മടിയും കാണിച്ചില്ല. ഏതു പ്രായക്കാരും അദ്ദേഹത്തെ വളരെ വേഗത്തില്‍ ഇഷ്ടപ്പെട്ടു പോകും. തണലില്‍ എത്തുമ്പോള്‍ ഞാനൊരു സാധാരണ മനുഷ്യനാണെന്നും, എന്നോട് നിങ്ങള്‍ മുത്തച്ഛനെപോലെ സ്‌നേഹത്തോടെ പെരുമാറുന്നത് കാണുമ്പോള്‍ വളരെയേറെ സന്തോഷമുണ്ടെന്നും, ഇവിടെ ഞാന്‍ വളരെയേറെ സന്തുഷ്ടനാണെന്നും ഇടയ്ക്കിടെ ഹരിയേട്ടന്‍ പറയുമായിരുന്നു.
നാലഞ്ചു വര്‍ഷം മുമ്പ് ഒറ്റപ്പാലത്തിനടുത്തുള്ള പാലപ്പുറത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ നടക്കുന്നതിനിടയില്‍ വിശ്രമത്തിനായി തണലില്‍ വന്ന സമയത്താണ് ഹരിയേട്ടനെ ഞങ്ങള്‍ കൂടുതലായി പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ ബന്ധം ഞങ്ങള്‍ക്ക് ഒരു മുത്തച്ഛന്റെ വാത്സല്യവും, ശ്രദ്ധയും, കരുതലും, തണലുമായി മാറുകയായിരുന്നു. കൊറോണ കാലഘട്ടം തണലില്‍ ഗുരുകുലകാലം പോലെയായിരുന്നു. രാവിലെ ഒന്നര മണിക്കൂറോളം ഭഗവത്ഗീതാ ക്ലാസുകള്‍ നയിച്ചും വൈകുന്നേരങ്ങളില്‍ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചും, ഗണഗീതം പഠിപ്പിച്ചും, കഥകള്‍ പറഞ്ഞു തന്നും, ജന്മനക്ഷത്രങ്ങള്‍ ചോദിച്ചറിഞ്ഞ് അതിന്റെ പ്രത്യേകതകളെക്കുറിച്ച് സൂചിപ്പിച്ചും അദ്ദേഹം ഞങ്ങളിലേയ്ക്ക് അറിവിന്റെ അമൃതം പകര്‍ന്നു തരുകയായിരുന്നു. അതിനോടൊപ്പം ഞങ്ങളെ ഓരോരുത്തരേയും വ്യക്തിപരമായി പരിചയപ്പെടുകയും ചെയ്തു.
ഹരിയേട്ടന്റെ ദിനചര്യ തണലിലെ അന്തേവാസികള്‍ക്ക് മനഃപാഠമായിരുന്നു. ചികിത്സയുടെ വിശ്രമവേളയിലായിരുന്നതുകൊണ്ട് രാവിലെ 5:30നും 6:00നും ഇടയിലേ ഹരിയേട്ടന്‍ എഴുന്നേല്‍ക്കാറുള്ളൂ. എഴുന്നേറ്റു കഴിഞ്ഞാല്‍ ഒരു കട്ടന്‍ കാപ്പിയോ, പാല്‍ കാപ്പിയോ കുടിയ്ക്കും. അതിനുശേഷം വയല്‍ ചുള്ളി ഇട്ട് തിളപ്പിച്ച വെള്ളം കാലില്‍കൊണ്ട്, കുളിയടക്കമുള്ള പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കും. നെറ്റിയിലെ ഭ്രൂമധ്യത്തില്‍ തന്നെ ചന്ദനം തൊട്ട്, കുറച്ചു നേരം ധ്യാനത്തിലിരുന്ന്, പത്രപാരായണങ്ങള്‍ നടത്തിയ ശേഷം മാത്രമേ പ്രഭാത ഭക്ഷണം കഴിക്കുകയുള്ളൂ. ശേഷം വീണ്ടും എഴുത്തോ, വായനയോ തുടരും. അതിനിടയില്‍ അദ്ദേഹത്തെ കാണാന്‍ വരുന്നവര്‍ക്ക് കാണാം, സംസാരിക്കാം. ഇടയ്ക്ക് നാരങ്ങാവെള്ളമോ, കരിക്കിന്‍ വെള്ളമോ കുടിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഊണുകഴിഞ്ഞ് ഉച്ചമയക്കം പതിവാണ്. മൂന്ന് മൂന്നര മണിയാവുമ്പോള്‍ ഉണര്‍ന്ന് ചായയോ കാപ്പിയോ കുടിച്ച് വീണ്ടും എഴുത്തോ വായനയോ തുടരും. സന്ദര്‍ശകരെ കാണാനും ആ സമയം വിനിയോഗിച്ചിരുന്നു. അത്താഴത്തിനുമുമ്പ് ഫോണ്‍ വിളിക്കാന്‍ ഉള്ളവരെ വിളിക്കുകയും, വാട്‌സ്ആപ് മെസേജുകള്‍ക്ക് മറുപടി അയക്കുകയും ചെയ്യുമായിരുന്നു. ഉറങ്ങുന്നതിനു മുന്‍പ് അനൗപചാരികമായി ഒത്തുകൂടുകയും കടങ്കഥകളും തമാശകളും പറഞ്ഞ് ആ ദിനത്തെ ധന്യമാക്കുകയും ചെയ്യും. നാല്‍പാമരം വെള്ളം കാലില്‍കൊണ്ട് ശുഭരാത്രി നേര്‍ന്ന ശേഷം എല്ലാവരും പിരിയും.
തണലിലെയും ഹോസ്റ്റലിലെയും മുതിര്‍ന്ന കുട്ടികളെ ഹരിയേട്ടന്‍ മിക്കപ്പോഴും അടുത്ത് വിളിക്കുകയും അവരുടെ പഠനകാര്യങ്ങളും, ക്ഷേമാന്വേഷണങ്ങളും നടത്തുകയും ചെയ്യുമായിരുന്നു. അവസാനനാളുകളില്‍ കുറേനേരം കിടക്കുന്ന അവസ്ഥയിലായിരുന്നു. അതായിരുന്നു ഹരിയേട്ടനും ഇഷ്ടപ്പെട്ടിരുന്നത്. പതിയെ പതിയെ സംസാരങ്ങളും ഫോണ്‍ വിളികളും സന്ദേശം അയക്കലും എല്ലാം കുറച്ചു. പലപ്പോഴും സംസാരഭാഷ എഴുത്തിലൂടെയായി.
തണലിലെ വിശ്രമവേളകള്‍ക്കിടയിലും ഹരിയേട്ടന്‍ വെള്ളിനേഴിയിലുള്ള ആര്യസമാജത്തിന്റെ വേദഗുരുകുലവും പാലപ്പുറത്തുള്ള ശ്രീരാമകൃഷ്ണാശ്രമവും സന്ദര്‍ശിക്കുകയുണ്ടായി. തണലിന്റെ പുതിയ പദ്ധതിയായ ദിവ്യാംഗരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്ഥാപനത്തിന് ‘കര്‍ണ്ണികാരം’ എന്ന പേര് നിര്‍ദ്ദേശിച്ചതും ഹരിയേട്ടനായിരുന്നു. തണലില്‍ ഉള്ള സമയത്ത് അവിടെ നടക്കുന്ന എല്ലാ പരിപാടികളിലും ഹരിയേട്ടന്റെ സാന്നിധ്യവും, മാര്‍ഗ്ഗദര്‍ശനവും ലഭിച്ചിരുന്നു. ഒരു വിഷുവിന് ഹരിയേട്ടന്റെ കൈകൊണ്ട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വിഷുക്കോടിയും, വിഷുകൈനീട്ടവും ലഭിക്കുകയുണ്ടായി. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യദിനമായിരുന്നു അന്ന്. ഞങ്ങളുടെ ഒരു സഹോദരിയുടെ വിവാഹത്തിന് കന്യാദാനം നിര്‍വഹിച്ച് അനുഗ്രഹിച്ചതും ഹരിയേട്ടനായിരുന്നു.
വ്യാസ ഭാരതത്തിലെ ഭീഷ്മര്‍’ എന്ന പുസ്തകം എഴുതിത്തുടങ്ങിയതും ‘പൃത്ഥ്വീ സൂക്തം’ എഴുതി അവസാനിപ്പിച്ചതും തണലില്‍ വെച്ചായിരുന്നു. ‘വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം തണലില്‍ വെച്ചാണ് നടന്നത്. മെട്രോമാന്‍ ഇ. ശ്രീധരന്‍ സാര്‍ കൂടി പങ്കെടുത്ത ആ ചടങ്ങ് തണലിന്റെ ഓര്‍മ്മച്ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരേടാണ്. അവസാന നാളുകളില്‍ പ്രമുഖരായ പലരും ഹരിയേട്ടനെ സന്ദര്‍ശിക്കാന്‍ തണലില്‍ എത്തിയിരുന്നു. ചെവിയില്‍ കേള്‍വിക്ക് സഹായത്തിനായി ഉപകരണം വെച്ചപ്പോള്‍ ആ ഇയര്‍ ബഡ് നോക്കി ഇനി ഈ രണ്ടു കശുവണ്ടി കൂടി സ്വന്തമായി കൊണ്ടുനടക്കണമല്ലോ എന്ന് ഹരിയേട്ടന്‍ തമാശ പറഞ്ഞു ചിരിക്കുമായിരുന്നു. രോഗാവസ്ഥ കാരണം ചില സമയങ്ങളില്‍ ഇടയ്ക്കിടെ താന്‍ എഴുന്നേറ്റ് ഇരിക്കുവാനും, കിടത്തുവാനും ആവശ്യപ്പെടുമെന്നും എന്നാലും എന്നോട് വിരോധമൊന്നും തോന്നരുത് എന്നും ശുശ്രൂഷകരോട് പറയുമായിരുന്നു. ഓരോ ദിവസം കഴിയുന്തോറും ഓരോന്നും ഉപേക്ഷിച്ച് ആ യോഗി മോക്ഷപദം കൈവരിക്കുകയായിരുന്നു. ഓരോ സന്ദര്‍ശകരേയും പരിചയപ്പെടുത്തിയും വാത്സല്യത്തോടെ പെരുമാറിയും ഞങ്ങളുടെ രക്ഷാകര്‍ത്താവായി മാറുകയായിരുന്നു ഹരിയേട്ടന്‍.
പരമമായ അറിവും ശ്രോതാക്കളെ ആകര്‍ഷിക്കുന്ന സംസാരശൈലിയും ഗര്‍വ്വിന് വഴിപ്പെടാത്ത പെരുമാറ്റവും കാത്തുസൂക്ഷിച്ച് വിനയത്തിന്റെയും സൗമ്യതയുടെയും വലിയൊരു കുടചൂടി മനുഷ്യരിലേക്ക് പടരാനാണ് ഹരിയേട്ടന്‍ പരിശ്രമിച്ചത്. കൂടുതല്‍ വിശ്രമവും വിദഗ്ദ്ധ ചികിത്സയും ആവശ്യമായതുകൊണ്ട് കൊച്ചിയിലെ പ്രാന്തകാര്യാലയത്തിലേക്കും അവിടുന്ന് അമൃത ആശുപത്രിയിലേക്കും യാത്രതിരിക്കാന്‍ വേണ്ടി ഹരിയേട്ടന്‍ തണലില്‍ നിന്ന് പോകുമ്പോള്‍ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യത്തോടെ വീണ്ടും തിരിച്ചുവന്ന് – തണലേകുമെന്ന് ഞങ്ങളെല്ലാവരും ആഗ്രഹിച്ചു. പക്ഷേ, നിയതി മറ്റൊന്നായിരുന്നു.
ജീവിതം കൊണ്ട് അവശേഷിപ്പിക്കുന്ന ഓര്‍മ്മകളാണ് മര്‍ത്യന് അമരത്വം നല്‍കുന്നത്. ഹരിയേട്ടന്‍ എന്ന സ്‌നേഹത്തിന്റെ തണല്‍ അവശേഷിപ്പിച്ചു പോകുന്നത് അദ്ദേഹം ഞങ്ങളില്‍ ചാര്‍ത്തിയ സ്‌നേഹത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും കയ്യൊപ്പുകളാണ്. ഓരോ തവണ കാണുമ്പോഴും സമ്മാനിച്ച മനോഹരമായ പുഞ്ചിരികളാണ്, പറഞ്ഞുതന്ന കഥകളാണ്. അക്ഷരങ്ങള്‍ കൊണ്ട് പകര്‍ത്താന്‍ കഴിയാത്ത അനുഭവങ്ങളാണ് അദ്ദേഹത്തെ ഞങ്ങള്‍ക്ക് സര്‍വ്വസ്വീകാര്യനാക്കിയത്. ആ സ്‌നേഹസ്മരണക്കുമുന്നില്‍ പ്രണാമങ്ങള്‍.