ഈ ലോകത്തില്‍ ഏറ്റവുമധികം വൈവിധ്യങ്ങളുള്ള രാഷ്ട്രമാണ് ഭാരതം. ഭാഷ, വേഷം, ആഹാര രീതികള്‍, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്ന ഒരു അത്ഭുത ജനസഞ്ചയം. എന്നാല്‍ ഈ വൈവിധ്യങ്ങളെയെല്ലാം പരസ്പരം അംഗീകരിക്കാന്‍ ശേഷിയുള്ള ഒരു മനോഭാവത്തെ നിലനിര്‍ത്തുന്ന സാംസ്‌കാരിക ഏകത ഈ രാഷ്ട്രത്തിനുണ്ട്. അതുകൊണ്ടാണ് ഇത്രയധികം വൈവിധ്യങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം വൈരുദ്ധ്യങ്ങളായി മാറാതെ തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാവാതെ കെട്ടുറപ്പോടെ അഖണ്ഡമായി രാഷ്ട്രം മുന്നോട്ടുപോകുന്നത്. ഭാരതത്തിന്റെ ഈ സവിശേഷ സാഹചര്യത്തെ മറ്റു ലോകരാഷ്ട്രങ്ങള്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കാരണം പല പാശ്ചാത്യനാടുകളിലും വംശത്തിന്റെയും വര്‍ണ്ണത്തിന്റെയും ചെറിയ വ്യത്യസ്തതകള്‍പോലും വലിയ കലാപങ്ങള്‍ക്കും പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും കാരണമാകാറുണ്ട്. അപ്പോഴാണ് ഇത്രയധികം വൈവിധ്യങ്ങളുള്ള ഒരു നാട് കെട്ടുറപ്പോടെ കാലം കഴിയുംതോറും കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജിച്ച് മുന്നോട്ട് പോകുന്നത്.
ഭാരതം വൈവിധ്യങ്ങള്‍ ഉള്ളതും വൈരുദ്ധ്യങ്ങള്‍ ഇല്ലാത്തതുമായ ഒരു രാഷ്ട്രമാണെന്ന് പറയുന്ന സമയത്ത് വൈരുദ്ധ്യങ്ങള്‍ മാത്രമുള്ള ഒരു ‘ഇന്ത്യ’യും ഏതാനും മാസങ്ങള്‍ക്കു മുന്നേ ഇവിടെ പിറവിയെടുത്തു എന്നുകൂടി നാം കാണണം. അതു പക്ഷേ രാഷ്ട്രമല്ല മറിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ ഒരു കൂട്ടമാണ്. 2014 ല്‍ അധികാരത്തിലേറി 2019 ല്‍ ആ നേടിയ അധികാരത്തെ കൂടുതല്‍ കരുത്തോടെ നിലനിര്‍ത്തി ഇന്നും പ്രഭമങ്ങാതെ ജനപിന്തുണ നഷ്ടപ്പെടാതെ 2024ലും അധികാരത്തിലേറുമെന്ന് ഏറെക്കുറെ ഉറപ്പായ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ ഏതു വിധേനയും പരാജയപ്പെടുത്തി അധികാരത്തിലേറാന്‍ ഒരു പതിറ്റാണ്ടു കാലത്തോളം അധികാരത്തിനു പുറത്തിരുന്നു ശ്വാസംമുട്ടുന്ന രാജ്യമെമ്പാടുമുള്ള വലുതും ചെറുതുമായ 26 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ മുന്നണിയുടെ പേരാണ് ഇന്ത്യ (Indian National Developmental Alliance ) എന്നത്.
എന്താണ് ഈ മുന്നണിയിലെ വൈരുദ്ധ്യങ്ങള്‍ എന്ന് പരിശോധിക്കുന്നതിന് മുന്നേ ഇന്ത്യ എന്ന പേരിലേക്ക് ഇതുമായി ബന്ധപ്പെട്ട കക്ഷികളെ നയിച്ച കാര്യകാരണങ്ങള്‍ നിരീക്ഷിക്കണമെന്ന് തോന്നുന്നു. ഒരു പരസ്യമോ പ്രചരണമോ കൊടുക്കാതെതന്നെ വളരെ എളുപ്പത്തിലും വേഗത്തിലും മുഴുവന്‍ ഇന്ത്യക്കാരിലും എത്താന്‍ കഴിയും എന്നതാണ് ഈ പേരിലേക്ക് നയിച്ചത് എന്ന് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇംഗ്ലീഷില്‍ I.N.D.I.A എന്ന് എഴുതുന്ന സമയത്ത് അതിലെ ഓരോ അക്ഷരം കൊണ്ടും അവര്‍ സൂചിപ്പിക്കുന്ന വാക്കുകള്‍ പരിശോധിച്ചാല്‍ അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ ചിന്ത പിടികിട്ടും.
പേരിലെ ആദ്യ അക്ഷരമായ ‘I (ഐ)കൊണ്ട് ഇന്ത്യന്‍ എന്നും രണ്ടാമത്തെ അക്ഷരമായ N (എന്‍) കൊണ്ട് നാഷണല്‍ (ദേശീയ) എന്നുമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യ എന്ന രാഷ്ട്ര സങ്കല്പത്തെയും ദേശീയത എന്ന വിചാരത്തെയും സൈദ്ധാന്തികമായും അല്ലാതെയും എക്കാലവും എതിര്‍ത്തിട്ടുള്ള കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളും ഡി.എം.കെ അടക്കമുള്ള പല പ്രാദേശിക കക്ഷികളും ഇന്ന് ഈ വാക്കുകളെ അവരുടെ മുന്നണിയുടെ പേരില്‍ ചേര്‍ക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. ബി.ജെ. പിയെയും നരേന്ദ്രമോദിയെയും അധികാരത്തിലേറ്റിയതും ആ അധികാരത്തില്‍ ശക്തമായി നിലനിര്‍ത്തുന്നതും ദേശീയ വീക്ഷണത്തോടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന തിരിച്ചറിവാണ് ആ കാരണം. അതുകൊണ്ട് തങ്ങള്‍ ഇക്കാലമത്രയും പയറ്റിയ പ്രാദേശികവാദമോ ജാതിരാഷ്ട്രീയമോ സൗജന്യവാഗ്ദാനങ്ങളോ പ്രീണനമോ ഒന്നുംതന്നെ ഇന്നത്തെ രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വിലപ്പോകില്ലെന്നു പൂര്‍ണമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുറമേക്കെങ്കിലും ദേശീയതയെ അംഗീകരിക്കുക എന്ന തീരുമാനത്തില്‍ ഈ പ്രതിപക്ഷ കക്ഷികള്‍ എത്തിയതും ഈ പുതിയ പേരിനെ എടുത്തണിയുന്നതും.
ഈ പേരിലെ മൂന്നാമത്തെ അക്ഷരമായ Dസൂചിപ്പിക്കുന്നത് വികസനവും പുരോഗതിയും എന്നെല്ലാം അര്‍ത്ഥമാക്കുന്നDevelopmental എന്ന വാക്കിനെയാണ്. ഈ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളിലെല്ലാംതന്നെ നിലനില്‍ക്കുന്നത് കുടുംബാധിപത്യമാണെങ്കിലും അവരെല്ലാം വാ തുറന്നാല്‍ ആദ്യം വരുന്നത് ജനാധിപത്യമെന്ന ശബ്ദമാണ്. ജനാധിപത്യവകാശം, ജനാധിപത്യ സംരക്ഷണം, ജനാധിപത്യ ബോധം ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഊണിലും ഉറക്കത്തിലും ജനാധിപത്യമെന്ന് ജപിച്ചുകൊണ്ടിരിക്കുന്നവര്‍ ഉ എന്ന വാക്കിന് ജനാധിപത്യമെന്നര്‍ത്ഥം വരുന്ന ഡെമോക്രസിയെ (Deemocracy )തിരഞ്ഞെടുക്കാതെ വികസനമെന്നര്‍ത്ഥം വരുന്ന ഡെവലപ്‌മെന്റലിനെ കണ്ടെത്തിയതിന് പിന്നിലെ കാരണം ഒരിക്കലും അവര്‍ക്ക് തുറന്നു സമ്മതിക്കാന്‍ കഴിയാത്ത ഒന്നാണ്. നരേന്ദ്രമോദി സര്‍ക്കാരിനെ ശക്തമായി നിലനിര്‍ത്തുന്ന ഒന്നാമത്തെ ഘടകം ദേശീയവീക്ഷണമാണെങ്കില്‍ രണ്ടാമത്തെത് ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികളാണ്. റോഡുകള്‍ പാലങ്ങള്‍ റെയില്‍വേ, വ്യോമഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്തു നടക്കുന്ന വികസന കുതിപ്പ് ജനപ്രീതി പിടിച്ചുപറ്റുന്നുവെന്ന തിരിച്ചറിവാണ് D ഉ യെ ഡെവലപ്‌മെന്റെല്‍ എന്നു നിര്‍വചിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ഉള്‍ക്കൊള്ളല്‍ എന്നര്‍ത്ഥംവരുന്ന ഇന്‍ക്ലൂസീവ് (Inclusive ) എന്ന വാക്കിനെയാണ് നാലാമത്തെ അക്ഷരമായ I കൊണ്ട് സൂചിപ്പിക്കുന്നത്. അതായത് ബിജെപിയും നരേന്ദ്രമോദിയും സംഘപരിവാറുമെല്ലാം ഭാരതത്തിന്റെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത എല്ലാ മതത്തിനും മീതെ ഹിന്ദുമതത്തെ പ്രതിഷ്ഠിച്ച് എല്ലാ ഭാഷകള്‍ക്കും മീതെ ഹിന്ദിയെ വാഴിച്ച് ആഹാര, ആവിഷ്‌കാര, അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഒരു ഏകശിലാരൂപ രാഷ്ട്രഘടനയുടെ നിര്‍മ്മാണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരാണെന്നും. എന്നാല്‍ തങ്ങള്‍ ഈ രാജ്യത്തെ എല്ലാ വിവിധതകളെയും ഉള്‍ക്കൊള്ളാന്‍ തക്ക മനോഭാവത്തിനും ജനാധിപത്യ ബോധത്തിനും ഉടമകളാണെന്നുമാണ് ഇന്‍ക്ലൂസീവ് എന്ന പദത്തിന്റെ പ്രയോഗത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. സ്വത്വത്തിലും തത്വത്തിലും തീര്‍ത്തും വ്യത്യസ്തവും വിപരീതവുമായ ദിശയില്‍ സഞ്ചരിക്കുന്ന ആശയപരമായി ഒരിക്കലും ചേരാത്ത 26 രാഷ്ട്രീയകക്ഷികളെ ഒന്നിച്ചു ചേര്‍ക്കുന്നത് അധികാരമെന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി മാത്രമാണെന്ന വിമര്‍ശനത്തെ മറികടക്കുക എന്നതുകൂടിയാണ് ഈ ഉള്‍ക്കൊള്ളല്‍ സിദ്ധാന്തത്തിന് പിന്നിലെ താല്‍പര്യം.
National (ദേശീയ) Developmental (വികസനപരം) Inclusive (ഉള്‍ക്കൊള്ളല്‍) തുടങ്ങിയ വിചാരങ്ങളെ പേരില്‍ പ്രതിഫലിപ്പിക്കുന്നതിന്റെ പിന്നിലെ താല്‍പര്യം ഇതൊക്കെയാണെങ്കിലും ഈ 26 വ്യത്യസ്തവും വിപരീതവുമായ സ്വഭാവമുള്ള പാര്‍ട്ടികളെ ഒന്നിച്ചു ചേര്‍ക്കുന്നത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളലായിരിക്കില്ല മറിച്ച് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വൈരുദ്ധ്യങ്ങള്‍ക്ക് വേദിയൊരുക്കലായിരിക്കും. അതുകൊണ്ടാണ് ഈ മുന്നണിയെ വൈരുദ്ധ്യങ്ങളുടെ ഇന്ത്യ എന്ന് സംബോധന ചെയ്യേണ്ടി വരുന്നത്. ഈ വൈരുദ്ധ്യങ്ങള്‍ എങ്ങനെയാണ് മുന്നണിയുടെ സാധ്യതകളെ ബാധിക്കാന്‍ പോകുന്നത് എന്നത് മുന്‍കാല രാഷ്ട്രീയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ട കാര്യമാണ്.
അധികാരനേട്ടത്തിനു വിഘാതമാകുന്ന ഏത് ആശയാദര്‍ശങ്ങളെയും ബലി കഴിക്കാന്‍ ഈ 26 കക്ഷികളും തയ്യാറാണ്.എന്നാല്‍ അത് അധികാരമാഗ്രഹിച്ചു നില്‍ക്കുന്ന നേതൃത്വത്തെ മാത്രം സംബന്ധിക്കുന്ന കാര്യമാണ്. അണികളെയും അനുഭാവികളെയും സംബന്ധിച്ച് അതത്ര എളുപ്പത്തില്‍ ദഹിക്കുന്ന ഒന്നല്ല. കാരണം അവര്‍ക്ക് പാര്‍ട്ടികളുടെ വിജയ പരാജയങ്ങള്‍ കൊണ്ട് വ്യക്തിപരമായ നേട്ടങ്ങളോ കോട്ടങ്ങളോയില്ല. അവര്‍ ഓരോ പാര്‍ട്ടിയെയും പിന്തുണക്കുന്നത് അതാതു പാര്‍ട്ടികള്‍ മുന്നോട്ടുവെക്കുന്ന ആശയാദര്‍ശങ്ങളുടെ പേരിലാണ്. അതിനെ ബലികഴിച്ച് അന്ധമായി ഒരു പാര്‍ട്ടിയെ അനുഗമിക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ട ബാധ്യത സാധാരണ വോട്ടര്‍മാരെ സംബന്ധിച്ചില്ല. തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച് മിക്കപ്പോഴും വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് ഇത്തരത്തിലുള്ള സാധാരണ വോട്ടര്‍മാരാണ.് ഒരു ധാര്‍മികതയുമില്ലാത്ത കൂട്ടുകെട്ടുകളെയും കാലുമാറ്റങ്ങളെയും അവര്‍ എക്കാലവും കയ്യൊഴിഞ്ഞിട്ടേയുള്ളൂ. ഈ ഒരു നിഗമനത്തെ സാധൂകരിക്കുന്ന എത്രയോ സംഭവങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയം പലതവണ കണ്ടിട്ടുണ്ട്. ഈയടുത്തകാലത്തു നടന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകളോളം ബദ്ധവൈരികളായിരുന്ന സി.പി.എമ്മും കോണ്‍ഗ്രസും ഒന്നിച്ച് മത്സരിച്ചു. തങ്ങളെക്കാള്‍ ഒരു ശതമാനം മാത്രം വോട്ട് വര്‍ദ്ധനയുണ്ടായിരുന്ന ഭരണകക്ഷിയായ ബിജെപിയെ തോല്‍പ്പിക്കാന്‍ 13 ശതമാനം വോട്ട് വിഹിതമുള്ള കോണ്‍ഗ്രസിനെ ചേര്‍ത്തിട്ടും സാധിച്ചില്ല. അധികാരത്തിനു വേണ്ടി മാത്രമുണ്ടാവുന്ന അവിശുദ്ധമായ കൂട്ടുകെട്ടുകളോട് ജനങ്ങള്‍ കാലങ്ങളായി പുലര്‍ത്തുന്ന വിപ്രതിപത്തി ഈ മുന്നണിയെ ഓരോ സംസ്ഥാനത്തും എത്രകണ്ട് ബാധിക്കുമെന്ന് വിശദമായി വിലയിരുത്തേണ്ടതുണ്ട്.
പുതിയ മുന്നണിക്ക് ചുക്കാന്‍ പിടിക്കുന്ന പ്രധാനികളിലൊരാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയാണ്. പ്രധാനമന്ത്രിപദമോഹവും ബിജെപി വിരുദ്ധ നിലപാടുകള്‍ ബംഗാളിലെ തന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന ചിന്തയുമാണ് അവരെ ഈ നീക്കത്തിനു പ്രേരിപ്പിച്ചത്. എന്നാല്‍ മമതയെ സംബന്ധിച്ച് അവരുടെ തട്ടകമായ ബംഗാളില്‍ ഈ മുന്നണിബന്ധം അവര്‍ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്ന് അവിടുത്തെ പോയകാല രാഷ്ട്രീയം മനസ്സിലാക്കിയ ആര്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയും. കാരണം ഇന്ത്യ മുന്നണിക്ക് അകത്തുള്ളതും പശ്ചിമ ബംഗാളില്‍ തൃണമൂലുമായി ചേര്‍ന്നു മത്സരിക്കേണ്ടതുമായ പ്രധാന കക്ഷികള്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികളാണ്. പതിറ്റാണ്ടുകളായി വംഗനാട്ടില്‍ വാളെടുത്തു പരസ്പരം ഏറ്റുമുട്ടി ചോര ചിന്തിയവരാണ് ഈ ഇരു പാര്‍ട്ടികളും. ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ പരസ്പരമുണ്ടാക്കിയവരും ഒരിക്കലും കെടാത്ത പകയുടെ കനലുകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരുമാണ് രണ്ടു പക്ഷത്തെയും പ്രവര്‍ത്തകരും അണികളും. പ്രധാനമന്ത്രിപദം മനക്കോട്ട കെട്ടി മമതയും മമതയോട് ചേര്‍ന്ന് നിന്നാല്‍ ആട്ടിയോടിക്കപ്പെട്ട ബംഗാളിന്റെ തെരുവുകളില്‍ തിരിച്ചു കയറി വീണ്ടും കൊടിനാട്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും പഴയത് പലതും മറന്ന് ഒന്നുചേരാം. എന്നാല്‍ യാതനകളും വേദനകളും നേരിട്ട് ഏറ്റുവാങ്ങേണ്ടി വന്ന ഇരു പക്ഷത്തെയും അണികള്‍ക്ക് ഈ ഒന്നുചേരല്‍ ഒരുവിധത്തിലും ദഹിക്കാവുന്നതോ സഹിക്കാവുന്നതോ ആയിരിക്കില്ല. മാത്രവുമല്ല നേതൃത്വങ്ങളുടെ ഈ തീരുമാനത്തില്‍ മനംമടുത്തു ഇരുവശത്തെയും വലിയ വിഭാഗം വോട്ടര്‍മാര്‍ ബിജെപിയിലേക്ക് പോകാനും സാധ്യത ഏറെയാണ്. അത് ഈ മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമായ ഫലമാണ് ഉണ്ടാക്കുക. ചുരുക്കിപ്പറഞ്ഞാല്‍ മമതക്കും മുന്നണിക്കും ബംഗാളില്‍ ഇന്ത്യാസഖ്യം കൊണ്ട് പ്രയോജനം ഉണ്ടാകില്ലെന്ന് മാത്രമല്ല ഒരുപക്ഷേ വലിയ നഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
സഖ്യത്തിലെ മറ്റൊരു പ്രധാനകക്ഷി ആം ആദ്മി പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ ഭരണകാലത്തുയര്‍ന്നുവന്ന ശതകോടികളുടെ അഴിമതികള്‍ക്കെതിരെ തലസ്ഥാന നഗരിയായ ദല്‍ഹിയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഉല്‍പ്പന്നമാണ് ആം ആദ്മി പാര്‍ട്ടി എന്ന പ്രസ്ഥാനം. രാഷ്ട്രീയ രംഗത്തും ഭരണരംഗത്തുമുള്ള അഴിമതികളെ തുടച്ചുനീക്കുമെന്നും അതിനുള്ള ചൂലാണ് തങ്ങളുടെ കയ്യിലുള്ളതെന്നും പറഞ്ഞ് ദല്‍ഹിയില്‍ അധികാരത്തിലേറിയവര്‍ എങ്ങനെയാണ് അവര്‍ തന്നെ അഴിമതിക്കാരെന്ന് മുദ്രകുത്തിയ കോണ്‍ഗ്രസിനോട് ചേര്‍ന്ന് മത്സരിക്കുകയും അന്നത്തെ മുഖ്യ അഴിമതി പാര്‍ട്ടിയായ ഡി.എം.കെയുള്ള മുന്നണിയില്‍ ചേര്‍ന്ന് ജനങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്നത്? അങ്ങിനെ ചെയ്താല്‍ തന്നെ ഡല്‍ഹിയിലെ വിദ്യാസമ്പന്നരും നഗരവാസികളുമായ ജനത ഈ നീക്കത്തെ ഒരിക്കലും പിന്തുണയ്ക്കില്ല. പഞ്ചാബിലും എഎപിയെ വിജയിപ്പിച്ചത് ജനങ്ങളുടെ കോണ്‍ഗ്രസ് ഭരണവിരുദ്ധ മനോഭാവമാണ്. ചുരുക്കിപ്പറഞ്ഞാല്‍ എഎപിയെ സംബന്ധിച്ച് അവര്‍ക്ക് പ്രതീക്ഷയുള്ള ഡല്‍ഹിയിലും പഞ്ചാബിലും സ്വാധീനമുള്ളതും മുന്നണിയിലുള്ളതുമായ ഏക കക്ഷി കോണ്‍ഗ്രസാണ്. അവരുമായി ചേര്‍ന്നു മത്സരിച്ചാല്‍ എന്തെങ്കിലും ഗുണമില്ലെന്ന് മാത്രമല്ല ദോഷം ഉണ്ടാവുകയും ചെയ്യും. അഴിമതിക്കെതിരെ പ്രചാരണം നടത്തി അധികാരത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടി ഇന്ന് അഴിമതിയുടെ നീരാളിപ്പിടുത്തത്തിലാണ് എന്നത് മറ്റൊരു വസ്തുതയാണ്.
പ്രധാനമന്ത്രിപദ മോഹവുമായി മുന്നണിക്ക് ചുക്കാന്‍ പിടിക്കുന്ന മറ്റൊരു നേതാവ് നിതീഷ്‌കുമാറാണ്. രണ്ട് പതിറ്റാണ്ടിലധികം കാലം ബിജെപിയോടൊപ്പം നില്‍ക്കുകയും ബിജെപിയുടെ പിന്തുണയില്‍ ദീര്‍ഘകാലം ബീഹാര്‍ ഭരിക്കുകയും അധികാര നേട്ടത്തിനായി പലതവണ കാലു മാറുകയും വാക്കുമാറുകയും ചെയ്തിട്ടുള്ള, ഒരു ധാര്‍മികതയുമില്ലാത്ത നിതീഷിന്റെ ന്യൂനപക്ഷ പ്രേമവും ബിജെപി വിരോധവും ഇതിനോടകം തന്നെ ജനങ്ങള്‍ മനസ്സിലാക്കിയതാണ്. അതുകൊണ്ട് ബി.ജെ.പിയെ നഖശിഖാന്തമെതിര്‍ക്കുന്നതിന് രൂപപ്പെട്ട ഒരു പ്രതിപക്ഷ ഐക്യത്തെ സംബന്ധിച്ച് ഈ പശ്ചാത്തലമുള്ള നിതീഷിന്റെ സാന്നിധ്യം തന്നെ മൊത്തം ഭാരതത്തിലും മുന്നണിക്ക് ബാധ്യതയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഈ മുന്നണിയിലെ മറ്റു രണ്ടു പ്രധാന കക്ഷികള്‍ മഹാരാഷ്ട്രയിലെ എന്‍സിപിയും-ശിവസേന ഉദ്ദവ് താക്കറെ വിഭാഗവുമാണ്. ഈ രണ്ടു പാര്‍ട്ടികളിലെയും ഭൂരിഭാഗം എംഎല്‍എമാരും എംപിമാരും നേതാക്കളുമെല്ലാം ഇതിനോടകംതന്നെ ബിജെപി പക്ഷത്തേക്ക് കൂറുമാറിയത് 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിലെ മുന്നണി പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്. ഇതില്‍ ശിവസേനയിലെ പിളര്‍പ്പിനെ നാം പ്രത്യേകം കാണേണ്ടതാണ്. അത് കേവലം അധികാരാസക്തികൊണ്ടുണ്ടായതല്ല. കാരണം അധികാരത്തിലിരുന്ന മന്ത്രിമാരടക്കമാണ് കൂറുമാറി മറുപക്ഷത്തേക്ക് പോയിരിക്കുന്നത്. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച ആശയപരമായ വൈരുദ്ധ്യങ്ങള്‍ തര്‍ക്കങ്ങള്‍ക്കും പിളര്‍പ്പിനും വഴിയൊരുക്കുമെന്ന വാദത്തിന്റെ പ്രസക്തി. തീവ്രഹിന്ദുത്വത്തിലും മറാത്താ വാദത്തിലുമധിഷ്ഠിതമായ ശിവസേനയെപോലൊരു പ്രസ്ഥാനം നാക്കെടുത്താല്‍ വീരസവര്‍ക്കറെ തെറി പറയുന്ന രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസുമായി കൂട്ടുകൂടിയാല്‍ സ്വാഭാവികമായും സംഭവിക്കാവുന്ന പൊട്ടിത്തെറിയെന്നു മാത്രം അതിനെ കണ്ടാല്‍ മതി. അവശേഷിക്കുന്ന ശിവസേന നിലനില്‍ക്കണമെങ്കില്‍ അവര്‍ക്ക് ഹിന്ദുത്വത്തെ ചേര്‍ത്തുപിടിച്ചേ മതിയാവൂ. സനാതനധര്‍മ്മത്തെ ഇകഴ്ത്തുന്ന ഡി.എം.കെയും സാവര്‍ക്കറെ നിരന്തരമായി അധിക്ഷേപിക്കുന്ന കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും കാശ്മീരിന്റെ പ്രത്യേകപദവിക്കുവേണ്ടി വാദിക്കുന്ന പിഡിപി അടക്കമുള്ളവരുമുള്ള ഒരു മുന്നണിയില്‍ നിന്നുകൊണ്ട് ശിവസേനയ്ക്ക് അത് ഒട്ടും സാധ്യമല്ലയെന്ന് തീര്‍ത്തു പറയാന്‍ കഴിയും. ഇനി മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി ബാക്കി കക്ഷികളെല്ലാം തന്നെ വാപൊത്തി നിന്നാല്‍ തന്നെ അത് എത്ര കാലം?
പുതിയ മുന്നണിയുടെ നായകസ്ഥാനമലങ്കരിക്കാനാഗ്രഹിക്കുന്നവരില്‍ മറ്റൊരു പ്രധാനി കോണ്‍ഗ്രസ്റ്റ് നേതാവായ രാഹുല്‍ഗാന്ധിയാണ്. 138 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ളതും ഒരുകാലത്ത് ഇന്ത്യ മഹാരാജ്യം അടക്കിഭരിച്ചിരുന്നതുമായ കോണ്‍ഗ്രസ് എങ്ങനെയാണ് ഇന്ന് 26 കക്ഷികളുള്ള ഒരു മുന്നണിയില്‍ കടന്നുകൂടി അതിന്റെ നേതൃസ്ഥാനത്തിനുവേണ്ടി ഒന്നുറക്കെ ശബ്ദിക്കാന്‍പോലും കഴിയാത്ത പരിതാപകരമായ അവസ്ഥയിലേക്ക് എത്തിയതെന്ന് ചോദിച്ചാല്‍ ഭരണത്തില്‍ ഇരുന്നപ്പോള്‍ സ്വീകരിച്ച അഴിമതി നിറഞ്ഞതും ജനാധിപത്യവിരുദ്ധവും സ്വജനപക്ഷപാതപരവുമായ സമീപനങ്ങളാണെന്ന് തീര്‍ത്തു പറയാന്‍ കഴിയും. ആ കോണ്‍ഗ്രസ്സാണ് ജനാധിപത്യം സ്ഥാപിക്കാനും മതേതരത്വം സംരക്ഷിക്കുവാനും മുന്നിട്ടിറങ്ങുന്നവരെ നയിക്കാന്‍ പോകുന്നത് എന്നതുതന്നെ വലിയ തമാശയാണ്.
ഈ മുന്നണിയില്‍ നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ എത്രമാത്രമാണെന്ന് പരിശോധിച്ചാല്‍ എതിരാളികള്‍ക്ക് പോലും സങ്കടം തോന്നും. ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് മുന്നണിയുടെ ആത്യന്തികമായ ലക്ഷ്യമെന്നിരിക്കെ ആ ബിജെപിയുമായി കോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചല്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും ഈ മുന്നണിയിലെ മറ്റു കക്ഷികള്‍ക്ക് കാര്യമായ സ്വാധീനമോ വേരോട്ടമോ ഇല്ല. അതുകൊണ്ട് ഇവിടങ്ങളിലൊന്നും തന്നെ ഈ മുന്നണി ബന്ധം തീര്‍ത്തും കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല എന്ന് വിലയിരുത്താവുന്നതാണ്. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മൂന്നിടത്ത് ബിജെപിയുടെ ഗംഭീര വിജയവും കോണ്‍ഗ്രസിന്റെ ദയനീയ പരാജയവും. തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളില്‍ ചെറു പാര്‍ട്ടികളെ അവഗണിച്ച് സ്വന്തം നിലയ്ക്ക് ജയിച്ച് മുന്നണിയിലെ പ്രമാണിയും പ്രധാനിയുമാകാനുള്ള കോണ്‍ഗ്രസിന്റെ മോഹത്തിനേറ്റ തിരിച്ചടി ഇന്ത്യ മുന്നണിക്കകത്തെ സമവാക്യങ്ങളെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. മറ്റു കക്ഷികള്‍ക്ക് കോണ്‍ഗ്രസിനോടുള്ള സമീപനത്തിലും മുന്നണിക്കകത്തെ അതിന്റെ സ്വാധീനത്തിലും വലിയ മാറ്റം വന്നിരിക്കുന്നു മുന്നണിയോഗം വിളിക്കാനുള്ള കോണ്‍ഗ്രസിന്റെ അവകാശം വരെ സഖ്യത്തിനുള്ളില്‍ ചോദ്യം ചെയ്യപ്പെടുകയാണ്.
ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ മുന്നണിയിലെ എസ്.പിയുമായി ചേര്‍ന്നു മത്സരിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണം കോണ്‍ഗ്രസിനു ലഭിക്കാന്‍ തരമില്ലെന്ന് പൂര്‍വാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലും അഖിലേഷും ഒരേ കളര്‍ കൂര്‍ത്ത ധരിച്ച് പരസ്പരം കെട്ടിപ്പുണര്‍ന്ന് ഒന്നിച്ച് പ്രചാരണവും പ്രവര്‍ത്തനവും നയിച്ചിട്ടും ഒരു ഗുണവും ഉണ്ടായിട്ടില്ല. പിന്നീട് മായാവതിയെ കൂടി കൂട്ടുപിടിച്ച് 2019 ല്‍ ലോക്‌സഭയിലേക്ക് മഹാസഖ്യമായി മത്സരിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും നഷ്ടം മാത്രമാണുണ്ടായത്. മാത്രവുമല്ല മധ്യപ്രദേശിലെ സീറ്റ് വിഭജനത്തില്‍ തങ്ങളോടു കാണിച്ച അവഗണനയും ജാതി സെന്‍സസ് അടക്കമുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങളെ ഹൈജാക്ക് ചെയ്ത് തങ്ങളുടെ രാഷ്ട്രീയ ഭൂമികയിലേക്ക് കടന്നുകയറാനുള്ള കോണ്‍ഗ്രസിന്റെ ശ്രമവും എസ്.പി-കോണ്‍ഗ്രസ് ബന്ധത്തില്‍ വലിയ വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ സാധ്യതകളെ സംബന്ധിച്ച് നാം നേരത്തെ വിശകലനം ചെയ്തു കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടേണ്ടുന്ന സംസ്ഥാനങ്ങളിലോ മുന്നണി സംവിധാനത്തിന്റെ ഭാഗമായി നിന്ന് ഏറ്റുമുട്ടേണ്ടിടത്തോ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഈ പുതിയ കൂട്ടുകെട്ട് കൊണ്ട് വലിയ പ്രതീക്ഷയൊന്നും ഇല്ല. പിന്നെ ആകെ പ്രതീക്ഷയുള്ള കേരളം, തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ വിജയം ഒരിക്കലും ബിജെപിക്ക് ആഘാതമേല്‍പ്പിക്കുന്നതല്ലതാനും.
ദേശീയ രാഷ്ട്രീയത്തില്‍ തീരെ അപ്രസക്തരാണെങ്കിലും ഇടതു പാര്‍ട്ടികള്‍ കാലാകാലങ്ങളായി ഇത്തരം മുന്നണി രൂപീകരണത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. മാധ്യമങ്ങളും രാഷ്ട്രീയനിരീക്ഷകരും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ആ ഒരു ഔദാര്യം ഇടതു പാര്‍ട്ടികളോട് കാണിക്കാറുണ്ട്. ഇന്ത്യ മുന്നണി രൂപീകരണത്തിലും അതുണ്ടായി. എന്നാല്‍ ഈ മുന്നണികൊണ്ട് ഇടതു പാര്‍ട്ടികളെസംബന്ധിച്ച് എന്തെങ്കിലും നേട്ടം ഉണ്ടാവാന്‍ ഇടയുണ്ടെന്ന് കരുതാന്‍വയ്യ. കാരണം കേരളവും ബംഗാളുമാണ് ഇടതു പാര്‍ട്ടികള്‍ക്ക് അല്‍പ്പമെങ്കിലും സ്വാധീനമുള്ള ഇടങ്ങള്‍ ബംഗാളിനെ സംബന്ധിച്ച് തൃണമൂലുമായി ചേര്‍ന്ന് മത്സരിക്കുന്നതിലെ പ്രായോഗികമായ വലിയ പ്രശ്‌നം നാം നേരത്തെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. അവശേഷിക്കുന്ന കേരളത്തിലാണെങ്കില്‍ അവിടെ പ്രധാന എതിരാളി മുന്നണിയില്‍ തന്നെയുള്ള കോണ്‍ഗ്രസ്സാണ്. അവര്‍ തമ്മിലാണ് കേരളത്തില്‍ ഏറ്റുമുട്ടുന്നത് അതുകൊണ്ട് ഇവിടെയും മുന്നണി ബന്ധം ഗുണംചെയ്യില്ല. ആകെയുള്ള പ്രതീക്ഷ തമിഴ്‌നാട്ടില്‍ നിന്ന് എം.കെ. സ്റ്റാലിന്‍ വലിച്ചെറിയുന്ന എല്ലിന്‍ കഷണത്തിലാണ്.
ഇത്തരത്തില്‍ ഓരോ സംസ്ഥാനത്തും മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള ആശയ വൈരുദ്ധ്യങ്ങള്‍ ഉണ്ടാക്കുന്നത് മുന്നണിയെ സംബന്ധിച്ച് ഒരു നിലയ്ക്കും മറികടക്കാന്‍ കഴിയാത്ത വെല്ലുവിളികളാണ്. ഇതിനുപുറമേ മുന്നണി നേരിടുന്ന മറ്റു രണ്ടു സുപ്രധാന പ്രതിസന്ധികളുണ്ട്. അതിലൊന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുന്നണിയുടെ സാധ്യതകളെ സംബന്ധിച്ചാണ്. ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ ഐക്യം രൂപപ്പെടുമ്പോള്‍ അതിന് ഏറ്റവും വലിയ സംഭാവന നല്‍കാന്‍ കഴിയുന്നത് പ്രാദേശിക പാര്‍ട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും തീവ്ര മുസ്ലിം സംഘടനകള്‍ക്കും വലിയ സ്വാധീനമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ്. എന്നാല്‍ ഈ മുന്നണിയെ സംബന്ധിച്ച് ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ നിലനില്‍ക്കുന്ന സ്ഥിതി അത്ര ആശാസ്യമല്ല. ആന്ധ്രയിലെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസോ പ്രതിപക്ഷമായ ടിഡിപിയോ തെലങ്കാനയിലെ ടി ആര്‍ എസ്സോ കര്‍ണാടകയിലെ ജെഡിഎസ്സോ ഈ മുന്നണിക്കൊപ്പമില്ല, മാത്രവുമല്ല ഇതില്‍ ടിആര്‍എസ് ഒഴികെ ബാക്കിയെല്ലാവരും ബിജെപിയോട് ചേര്‍ന്നു പോകാനാണ് ആഗ്രഹിക്കുന്നത്. തമിഴ്‌നാടിനെയും കേരളത്തെയും സംബന്ധിച്ച് പരിശോധിച്ചാല്‍ നിലവില്‍ ഈ മുന്നണിയിലെ കക്ഷികളുടെയടുത്താണ് പരമാവധി സീറ്റുകള്‍. അതില്‍ ഇനി വര്‍ദ്ധനവ് പ്രതീക്ഷിക്കേണ്ടതില്ല കുറയാനല്ലാതെ. ചുരുക്കിപ്പറഞ്ഞാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഇന്ത്യ മുന്നണി കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതതില്ലെന്നര്‍ത്ഥം
മറ്റൊരു പ്രധാന പ്രശ്‌നം മുന്നണിയിലെ ആശയപരമായ വൈരുദ്ധ്യങ്ങള്‍ കൊണ്ടുണ്ടാകുന്ന അസ്ഥിരതയും അസ്വസ്ഥതയും ഒരാശയത്തെയും പിന്‍പറ്റാത്ത നിഷ്പക്ഷമതികളായ ജനവിഭാഗത്തിന്റെ തീരുമാനത്തെയും വലിയതോതില്‍ സ്വാധീനിക്കുമെന്നതാണ്. ഈ വിഭാഗം ആളുകളെ സംബന്ധിച്ച് ഏതെങ്കിലും ആശയത്തോടോ പാര്‍ട്ടിയോടോ പ്രത്യേക വിധേയത്വമോ വിരോധമോ ഇല്ല. ഈ രാഷ്ട്രത്തെ സുസ്ഥിരവും ശക്തവും ദീര്‍ഘവീക്ഷണത്തോടുകൂടിഉള്ളതുമായ ഒരു ഭരണത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാന്‍ ആര്‍ക്കാണ് കഴിയുക എന്നത് മാത്രമായിരിക്കും അവരുടെ പരിഗണനാവിഷയം. ആ നിലക്ക് നോക്കുമ്പോള്‍ ബിജെപി എന്ന പാര്‍ട്ടിയെ സംബന്ധിച്ച് അതിന് നരേന്ദ്രമോദി എന്ന ശക്തനായ നേതാവുണ്ട്. ആ നേതാവിന് കൃത്യമായി പിന്തുണ നല്‍കുന്ന സഹപ്രവര്‍ത്തകരും കെട്ടുറപ്പുള്ള പാര്‍ട്ടി സംവിധാനങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ സുസ്ഥിരമായ ഒരു ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. മാത്രവുമല്ല ബിജെപിയെ സംബന്ധിച്ച് അവര്‍ക്ക് രാഷ്ട്രത്തിന്റെ സാമ്പത്തികനയം, വിദേശനയം, ആഭ്യന്തരസുരക്ഷ, സാംസ്‌കാരിക പുരോഗതി, സാങ്കേതിക പുരോഗതി, സൈനിക ശേഷി തുടങ്ങിയ സര്‍വ്വകാര്യങ്ങളിലും സൂക്ഷ്മമായ പഠനവും പദ്ധതികളുമുണ്ട്. എന്നാല്‍ ‘ഇന്ത്യ’ മുന്നണിയെ സംബന്ധിച്ച് കൃത്യമായ ഒരു നേതാവില്ല. സുസ്ഥിരമായ ഒരു ഭരണം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. സാമ്പത്തിക കാര്യങ്ങളിലോ മറ്റെന്തെങ്കിലും കാര്യത്തിലോ പ്രത്യേകമായ ഒരു നയ പരിപാടികളുമില്ല. ആകെ മുന്നോട്ടുവെക്കുന്ന ഒരു മുദ്രാവാക്യം നരേന്ദ്രമോഡിയെ പരാജയപ്പെടുത്തുമെന്നത് മാത്രമാണ്. ഇത്തരത്തില്‍ ഒരു താരതമ്യ പഠനം നടത്തുന്ന നിഷ്പക്ഷമതികളായ വോട്ടര്‍മാര്‍ ഒരുനിലയ്ക്കും ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കില്ലെന്ന് തീര്‍ത്തു പറയാന്‍ കഴിയും.
2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ സമീപിക്കാന്‍ പോകുന്ന ഇന്ത്യ മുന്നണിയുടെ സാധ്യതകളെ ഇത്രയും വിലയിരുത്തിയപ്പോള്‍ തെളിഞ്ഞുവന്ന കാര്യങ്ങളുടെ ചുരുക്കമിതാണ്. ആശയപരമായ വൈരുദ്ധ്യങ്ങള്‍ അണികളിലും അനുഭാവികളിലുമുണ്ടാക്കുന്ന വിപ്രതിപത്തി, നേതൃത്വത്തെയും നയങ്ങളെയും സംബന്ധിച്ചുള്ള അവ്യക്തത നിഷ്പക്ഷരിലുണ്ടാക്കുന്ന അവിശ്വാസം, മുന്നണിക്കുള്ളിലെ പാര്‍ട്ടികള്‍ തമ്മില്‍ നേതൃസ്ഥാനത്തെ സംബന്ധിച്ചും സീറ്റ് വീതം വെപ്പിനെക്കുറിച്ചുമുണ്ടാകാന്‍ സാധ്യതയുള്ള അസ്വാരസ്യങ്ങളും തല്‍ഫലമായി ഉണ്ടാകുന്ന അസ്ഥിരതയും ഇതെല്ലാം തീര്‍ച്ചയായും മുന്നണിയുടെ സാധ്യതകളെ തീര്‍ത്തും ഇല്ലാതാക്കുമെന്ന് മാത്രമല്ല അവരുടെ പ്രഖ്യാപിത ശത്രുവായ ബിജെപിയുടെയും മോദിയുടെയും വിജയത്തിന്റെ തിളക്കവും ആക്കവും കൂട്ടുന്ന ഘടകങ്ങളായി വര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഇന്ത്യ, ദേശീയത, വികസനം ഉള്‍ക്കൊള്ളല്‍ തുടങ്ങിയ എത്ര ആശയങ്ങളെ പേരിലെടുത്തണിഞ്ഞാലും ഈ പ്രതിസന്ധികളെ അതിജീവിച്ച് വിജയം വരിക്കുക എളുപ്പമാവില്ല.