‘ഈ കപ്പലിന് ഒരു കപ്പിത്താന്‍ ഉണ്ട് സാര്‍’ എന്നു നിയമസഭയില്‍ വിളംബരം ചെയ്തത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ്. ഇടത് സര്‍ക്കാര്‍ ഒരു കപ്പലാണ് എന്നവര്‍ സമ്മതിച്ചു. ആ കപ്പല്‍ മുങ്ങാന്‍ തുടങ്ങുന്നതിന്റെ ലക്ഷണം തെളിഞ്ഞു വരികയാണ്. 36 ദിവസത്തെ നവകേരള സദസ്സ് മാമാങ്കം കഴിയുമ്പോഴേയ്ക്കും കപ്പലിന്റെ അടിഭാഗം സാമ്പത്തിക പ്രതിസന്ധിയുടെ പാറയില്‍ തട്ടി പാതാളം കാണാന്‍ തുടങ്ങിയിരിക്കുന്നു. അതിലൂടെ വെള്ളം ചീറ്റി വരുന്നതു തടയാന്‍ ധനമന്ത്രി ബാലഗോപാലന്‍ കമഴ്ന്നു കിടന്നിരിക്കയാണ്. അതിനു മീതെയാണ് വിജയന്‍ സഖാവ് കസേരയിട്ട് ഇരിക്കുന്നത്. ചുറ്റും മന്ത്രി പരിവാരങ്ങളും. കപ്പല്‍ മുങ്ങാന്‍ പോകുമ്പോള്‍ അത് തിരിച്ചറിഞ്ഞ് കപ്പലില്‍ നിന്നു ചാടി രക്ഷപ്പെടാനുള്ള കഴിവ് എലികള്‍ക്കുണ്ടത്രേ. ഇടത് സര്‍ക്കാര്‍ എന്ന കപ്പല്‍ മുങ്ങാന്‍ തുടങ്ങി എന്ന ബോധോദയം ചില എലികള്‍ക്ക് ഉണ്ടായിരിക്കുന്നു. ഈ എലികള്‍ ചില്ലറക്കാരല്ല. ഒരാള്‍ ഇപ്പോഴത്തെ സാഹിത്യ അക്കാദമി പ്രസിഡന്റ്. രണ്ടാമത്തെയാള്‍ മുന്‍ സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍. രണ്ടാളെയും ആ കസേരയില്‍ ഇരുത്തിയത് ഇടത് സര്‍ക്കാര്‍. ഈ വെളിപാടുണ്ടായ സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന് ഇടത് സഖാക്കളെ നന്നാക്കിയെടുക്കാനൊരു വിപ്ലവാവേശം. ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സഖാക്കളെ ഉപദേശിച്ചു. അടുത്ത തവണ കൂടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരരുതേ എന്നു പ്രാര്‍ത്ഥിച്ചോളു. സി.പി.എം. മൂന്നാം തവണ കൂടി അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ പിന്നെ ചുകപ്പ് കണികാണില്ല എന്നും മുന്നറിയിപ്പ് നല്‍കി. ഇസ്ലാമിസ്റ്റുകള്‍ നല്‍കുന്ന ഇന്ധനത്തിന്റെ ബലത്തില്‍ ‘സംഘപരിവാര്‍ ഫാസിസത്തെ’ അധിക്ഷേപിക്കുന്ന അതേ രീതിയില്‍ സഖാക്കളെ ഉപദേശിക്കാന്‍ അദ്ദേഹം ചെന്നപ്പോഴാണ് സംഗതി പിടികിട്ടിയത്. സഖാക്കള്‍ കണ്ണുരുട്ടിയതോടെ ഇനി രാഷ്ട്രീയം പറയാനില്ലെന്നു പറഞ്ഞ് സച്ചിദാനന്ദന്‍ വായ പൂട്ടി മിണ്ടാതിരുന്നു.
അപ്പോഴാണ് അടുത്ത എലി കപ്പലില്‍ നിന്നു ചാടാന്‍ തുടങ്ങിയത്. ഡിസംബര്‍ 17 ലെ മാതൃഭൂമി വാരാന്ത പതിപ്പിലെ പംക്തിയിലൂടെ മുഖ്യനു നേരെ തന്നെ ഒളിയമ്പയച്ചു. പാരീസില്‍ ജോര്‍ജ് ഓര്‍വലിന്റെ സ്മാരകം സന്ദര്‍ശിച്ച ശേഷം തന്നെക്കുറിച്ച് എന്തെങ്കിലു പരാതിയുണ്ടോ എന്ന ചോദ്യത്തിന് ഓര്‍വല്‍ പറയുന്ന മറുപടി എത്രയും വേഗം പിണറായി വിജയന്റെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടാനാണ്. അതിനു പിന്നാലെ ഡിസംബര്‍ 19 ന് കോഴിക്കോട് പ്രസ് ക്ലബിന്റെ ജേര്‍ണലിസം ബിരുദദാനച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞത് ഇടതുപക്ഷം ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്നു എന്നാണ്. ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ വേര്‍തിരിക്കാവുന്ന അതിര്‍ത്തി ഇല്ലാതായിരിക്കുന്നുവത്രെ. കഥകളിലൂടെ വലിയ ദാര്‍ശനികത അവതരിപ്പിക്കുന്ന മുകുന്ദന്‍ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം നിരൂപകര്‍ വിലയിരുത്തട്ടെ. ഇവര്‍ക്കു പിന്നാലെ ഏതൊക്കെ എലികള്‍ കൂടി ചാടീ എന്നു കണ്ടു തന്നെയറിയണം.