ഭാരതത്തെ സംബന്ധിച്ചിടത്തോളം 1893 വര്‍ഷത്തിന്റെ പ്രാധാന്യം പലതാണ്. ഒന്നാമത്, ഈ വര്‍ഷമാണ് സ്വാമി വിവേകാനന്ദന്‍, ‘മതങ്ങളുടെ മാതാ’വായ ഹിന്ദുമതത്തിന്റെ വിജയത്തിന്റെ വെന്നിക്കൊടി, ആഗോള സര്‍വ്വമത മഹാസമ്മേളനത്തില്‍ പാറിച്ചത്. രണ്ടാമത്, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ആറാം വയസ്സില്‍ ഭാരതം വിട്ട അരവിന്ദ ഘോഷ് അത് മതിയാക്കി ഭാരതത്തെ സേവിക്കാനായിതിരിച്ചു വന്നതും ഇതേ വര്‍ഷം തന്നെയാണ്. ഇതേ വര്‍ഷമാണ്, മഹാത്മാ ഗാന്ധി ഒരു കേസ് വാദിക്കാനായി തെക്കേ ആഫ്രിക്കയിലേക്ക് പോയതും. ഈ മൂന്നു സംഭവങ്ങളും പിന്നീട് ഭാരത ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ക്കു തുടക്കം കുറിച്ചു. സ്വാമി വിവേകാനന്ദന്‍ ഭാരതത്തിന്റെ പ്രശസ്തി ലോകം മുഴുവന്‍ എത്തിച്ചെങ്കില്‍, അരവിന്ദ ഘോഷും ഗാന്ധിജിയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുകൊണ്ട് ഭാരത ചരിത്രത്തെ തിരുത്തി കുറിച്ചു.
കിഴക്കും പടിഞ്ഞാറും തമ്മില്‍ പരസ്പരം മനസ്സിലാക്കുവാനും, ലോകം ഒന്നാണെന്ന് തിരിച്ചറിയുവാനും വേണ്ടി ആദ്യമായി മനുഷ്യര്‍ ഒത്തുകൂടിയത് ചിക്കാഗോയിലാണ്. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ നാനൂറാം വാര്‍ഷികാഘോഷ വേളയില്‍, പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഭൗതിക പുരോഗതിയുടെ ഗര്‍വ് കാണിക്കാനായി ഒരു വ്യവസായ പ്രദര്‍ശനവും, അവരുടെ മതാധിപത്യത്തിന്റെ കൊടി പാറിക്കാനായി ഒരു ലോക മത സമ്മേളനവും 1893 ല്‍ സംഘടിപ്പിക്കുകയുണ്ടായി. ഈ ലോക മത സമ്മേളനത്തെ വാസ്തവത്തില്‍ സര്‍വ്വമത മഹാ സമ്മേളനമാക്കിയത് സ്വാമി വിവേകാനന്ദനായിരുന്നു.
സ്വാമിജിയാണ് താരം
ലോകമത മഹാസമ്മേളനത്തില്‍ ഇന്നും പ്രധാനമായി ഓര്‍മ്മിക്കപ്പെടുന്ന ഒരു വ്യക്തി സ്വാമി വിവേകാനന്ദനാണ്. എല്ലാ സമ്മേളനങ്ങളിലും രാമകൃഷ്ണ മിഷനില്‍ നിന്നും സന്യാസിമാര്‍ കൃത്യമായി പങ്കെടുക്കുന്നു. കൂടാതെ, സനാതന ധര്‍മ്മത്തെ പ്രതിനിധീകരിച്ചുകൊണ്ടു അമൃതാനന്ദമയി മഠം, ചിന്മയാ മിഷന്‍, വിശ്വഹിന്ദു പരിഷത്ത്, ഉത്തരേന്ത്യയിലുള്ള അനേകം ആശ്രമങ്ങള്‍, മത സന്നദ്ധ സംഘടനകള്‍ എന്നിവയോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെറുതും വലുതുമായ അനേകം മതങ്ങളില്‍ പെട്ട ആയിരക്കണക്കിന് ആള്‍ക്കാര്‍ അഞ്ചു ദിവസം നീളുന്ന മത സമ്മേളനങ്ങളില്‍ പങ്കെടുത്തു വരുന്നു.
1893 ലെ ആദ്യ ലോക മത മഹാ സമ്മേളനം സെപ്റ്റംബര്‍ 11 തൊട്ടു 27 വരെ 17 ദിവസങ്ങള്‍ നീണ്ടുനിന്നു. ആ സമ്മേളനത്തില്‍ 40 വ്യത്യസ്ത മതങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് 400 പ്രതിനിധികള്‍ സംസാരിച്ചു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രസംഗം സ്വാമി വിവേകാനന്ദന്റേതായിരുന്നു. അതുകൊണ്ടാണ് അതിന്നും മനുഷ്യമനസ്സുകളില്‍ സ്പന്ദനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. വാളുകൊണ്ടും, പേനകൊണ്ടുമുള്ള എല്ലാത്തരം പീഡനങ്ങളുടെയും മരണമണിയാകട്ടെ ഈ മത സമ്മേളനമെന്നാണ് സ്വാമിജി അന്ന് ആശംസിച്ചതും ആഗ്രഹിച്ചതും.
ഒപ്പം തന്നെ ‘വിഭാഗീയത, മതാന്ധത, കൂടാതെ അതിന്റെയൊക്കെ ഭയാനക പിന്‍ഗാമിയായ മതഭ്രാന്തുമൊക്കെ ഈ മനോഹര ഭൂമിയെ അടക്കി വാണു! അവ അക്രമം കൊണ്ടിവിടം നിറച്ചു. പലപ്പോഴും രക്തപ്പുഴകള്‍ കൊണ്ട് നനച്ചു. സംസ്‌കാരങ്ങളെ നശിപ്പിച്ചു, പോരാത്തതിന്, രാഷ്ട്രങ്ങളെ മുഴുവന്‍ തന്നെ നിരാശയിലാഴ്ത്തി. ഈ ദുര്‍ഭൂതങ്ങളില്ലാതിരുന്നെങ്കില്‍ മനുഷ്യ സമൂഹം ഇതിലും പുരോഗതി പ്രാപിക്കുമായിരുന്നു’ എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനു ശേഷം നൂറുവര്‍ഷം കഴിഞ്ഞു 1993 ലാണ്, ചിക്കാഗോയില്‍ വച്ച് തന്നെ രണ്ടാമത്തെ മത മഹാ സമ്മേളനം നടക്കുന്നത്. പിന്നീട്, കേപ്പ് ടൌണ്‍, സൗത്ത് ആഫ്രിക്ക (1999), ബാര്‍സിലോണ, സ്‌പെയിന്‍ (2004), മെല്‍ബോണ്‍, ആസ്ട്രേലിയ (2009), യുട്ടാ, അമേരിക്ക(2015), ടോറോന്റോ, കാനഡ(2018), ഓണ്‍ ലൈന്‍ മീറ്റിംഗ് (2021) എന്നിവയും നടന്നു. നൂറ്റിമുപ്പതാമത് വര്‍ഷത്തെ അനുസ്മരിച്ചു കൊണ്ടുള്ള മതമഹാസമ്മേളനം 2023 ഓഗസ്റ്റ് 14 തൊട്ടു 18 വരെ ചിക്കാഗോയിലെ മാര്‍കോമിക് കണ്‍വെന്‍ഷന്‍ കേന്ദ്രത്തില്‍ അരങ്ങേറി.
പരമ്പരാഗതമായ ആചാര- അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളും, ഒപ്പം തന്നെ മനുഷ്യാവകാശങ്ങളും, കാലാവസ്ഥാ വ്യതിയാനവും ഒക്കെ മത മഹാ സമ്മേളനങ്ങളില്‍ ചര്‍ച്ചക്ക് വിധേയമാകുന്നു. പഴയ വിശ്വാസങ്ങളെയും പുതിയ പ്രശ്‌നങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടു എങ്ങിനെ ശാശ്വതമായ സമാധാനം ലോകത്തില്‍ ഉണ്ടാക്കാം എന്നതാണ് ചര്‍ച്ചകളുടെ എല്ലാം ലക്ഷ്യം. ലോകം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് മത മൂല്യങ്ങളില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
മത മഹാ സമ്മേളനം – 2023
1893 ലെ ആദ്യ മതമഹാ സമ്മേളനത്തില്‍ തന്നെ ഏഴായിരത്തോളം പേര് പങ്കെടുത്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത് കഴിഞ്ഞു നടന്ന സമ്മേളനങ്ങളിലും പങ്കെടുത്തവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. ഈ വര്‍ഷത്തെ സമ്മേളനത്തില്‍, തൊണ്ണൂറ്റിയഞ്ചു രാജ്യങ്ങളില്‍ നിന്ന് ഇരുനൂറ്റിപ്പത്തു വിശ്വാസ പാരമ്പര്യങ്ങളെ (മതങ്ങളെ) പ്രതിനിധീകരിച്ചുകൊണ്ടു ഏഴായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു.
2023-ല്‍ ലോകത്തു നടന്ന ഏറ്റവും പ്രധാനപ്പെട്ടതും, അതി ബൃഹത്തുമായ സമ്മേളനമാണ് ലോകമത മഹാസമ്മേളനം. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയതെന്നവകാശപ്പെടുന്ന മക്കോര്‍മിക് കണ്‍വെന്‍ഷന്‍ സെന്ററിലെ 92 ചെറുതും വലുതുമായ ഹാളുകളില്‍, രാവിലെ എട്ടര മണി തൊട്ടു രാത്രി എട്ടര മണി വരെ ഇടതടവില്ലാതെ അഞ്ചു ദിവസം, 463 സഭകളില്‍ ചര്‍ച്ചകളും സംവാദങ്ങളും നടന്നുകൊണ്ടിരുന്നു. ഉദ്ഘാടന -സമാപന സമ്മേളനങ്ങളില്‍ താരതമ്യേന തിരക്ക് കുറവായിരുന്നെങ്കിലും, ചര്‍ച്ചകള്‍ സാമാന്യം ജീവനുള്ളവയായിരുന്നു.
2009 മുതല്‍ 2023 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചുനടന്ന എല്ലാ ലോക മത മഹാ സമ്മേളനങ്ങളിലും പങ്കെടുക്കുകയും, പ്രബന്ധം അവതരിപ്പിക്കുകയും ചെയ്ത അനുഭവം വച്ചുകൊണ്ടു പറയാന്‍ കഴിയുന്നത്, ലോക മത മഹാ സമ്മേളനം അല്‍പാല്‍പം ഇടത്തേക്ക് ചാഞ്ഞു മുസ്ലിം പ്രീണനത്തിലെത്തി നില്‍ക്കുന്നുവെന്നാണ്.
ആഗോള വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇടത് – ഇസ്ലാമിക് – ലിബറല്‍ കൂട്ടുകെട്ടിന്റെ കരിനിഴല്‍ ലോകമതമഹാസമ്മേളന വേദിയിലും പരന്ന് തുടങ്ങിയിരിക്കുന്നു.അവിടെ, പുറമെ ഇട്ടിരിക്കുന്ന സ്റ്റാളുകളിലും, അകമേ നടക്കുന്ന ചര്‍ച്ചകളിലും ഇത് വ്യക്തമായിക്കൊണ്ടിരിക്കുന്നു. 2018 ല്‍ കാനഡയിലെ ടോറോണ്ടോയില്‍ നടന്ന ലോക മത മഹാ സമ്മേളനത്തില്‍, ഒരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഇന്ത്യയില്‍ സ്ത്രീകളും കുട്ടികളും മഹാ പീഡനത്തിന് വിധേയരാകുന്നതായും, അവര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യയെ വരിക്കുന്നതായും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ട്, ഏതടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത് പറഞ്ഞതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പഠനമാണെന്നു മറുപടി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഏതു പഠനമെന്നു വീണ്ടും ചോദിച്ചപ്പോള്‍ ഒരുപാട് പഠനങ്ങളുണ്ടെന്നു മറുപടി.
ഒരു പറ്റം ഭാരതീയ വിരുദ്ധരുടെ സ്ഥിരം പരിപാടിയാണിത്. എല്ലാ അന്തര്‍ദേശീയ സമ്മേളനങ്ങളിലും പ്രബന്ധാവതാരകരായി കയറിക്കൂടി പൊടിപ്പും തൊങ്ങലും വച്ച നുണകള്‍ ഭാരതത്തിനെതിരായി പറയുക യും, അത് ലോകമാകെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ലോക സര്‍വകലാശാലകളില്‍ അവ ഏകപക്ഷീയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി,പരമാവധി പ്രചരിപ്പിച്ചു ഭാരതത്തിന്റെ മേല്‍ കളങ്കം ചാര്‍ത്തുക. ഇതാണിപ്പോള്‍ ലോക ബൗദ്ധിക ഭിക്ഷാം ദേഹികള്‍ ആഗോളതലത്തില്‍ നടപ്പിലാക്കുന്നത്.
സിഖ് മതത്തിന്റെ സജീവ സാന്നിധ്യം ലോക മത സമ്മേളനങ്ങളില്‍ കാണാന്‍ സാധിക്കും. സമ്മേളനത്തിലെ അന്ന ദാതാക്കളാണവര്‍. വരുന്ന പ്രതിനിധികള്‍ക്ക് മുഴുവന്‍ സമ്മേളന ദിവസങ്ങളിലും സൗജന്യമായി ഭക്ഷണം നല്‍കാന്‍ സിഖ് ലങ്കാറില്‍ എപ്പോഴും ആളുകള്‍ ഒരുങ്ങി നില്‍ക്കുന്നു. വളരെ സ്തുത്യര്‍ഹമായ സേവനമാണ് അവര്‍ ചെയ്യുന്നത്. ഒരു പ്രതിഫലവും ഇച്ഛിക്കാതെ സേവനം ചെയ്യുന്ന ഇവര്‍ക്കിടയില്‍ നേരത്തെ പറഞ്ഞ ഭാരത വിരുദ്ധരുടെ കുത്തിത്തിരുപ്പിന്റെ ഫലമായി, മത സമ്മേളന നടത്തിപ്പിന്റെ കൗണ്‍സിലില്‍ സിഖ് തീവ്രവാദത്തിന്റെ (ഖാലിസ്ഥാന്‍) സാന്നിധ്യം മണക്കുന്നുണ്ടോ എന്നൊരു സംശയം, ഇക്കഴിഞ്ഞ ചിക്കാഗോ സമ്മേളനത്തില്‍ ഉണ്ടായിട്ടുണ്ട്.
ഹിന്ദുത്വത്തിനെതിരേ…
‘ജസ്റ്റിസ് ഫോര്‍ ആള്‍’ എന്ന മുസ്ലിം സംഘടനയുടെ സ്റ്റാളിന് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പോസ്റ്റര്‍ ഇന്ത്യയില്‍ 36 മണിക്കൂറിനുള്ളില്‍ 249 ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിച്ചിരിക്കുന്നു എന്ന വ്യാജ വാര്‍ത്ത പ്രാധാന്യത്തോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. മണിപ്പൂര്‍ കലാപം മതപരമല്ലെന്നും, വംശീയമാണെന്നും ഉള്ള വാസ്തവം മറന്നുകൊണ്ട്, ഇന്ത്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയുള്ള ഊതിവീര്‍പ്പിച്ച ആക്രമണ വാര്‍ത്തകളില്‍ എത്ര സമര്‍ത്ഥമായാണ്, ഒരു മുസ്ലിം സംഘടന മുതലക്കണ്ണീര്‍ പൊഴിക്കുന്നത്?
മറ്റൊരു പോസ്റ്ററില്‍, ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍, അമേരിക്കയില്‍ വളര്‍ന്നു വരുന്ന ഹിന്ദുത്വ സംഘടനകള്‍ക്ക്, അവിടത്തെ സമൂഹത്തിനും ഭരണകൂടത്തിനും മേലുളള വര്‍ധിച്ച സ്വാധീനത്തില്‍ വളരെയധികം അമര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നു. ഒരു കാര്യം വ്യക്തമാണ്; ഭാരതത്തിലും ഇതര രാജ്യങ്ങളിലുമുള്ള ഹിന്ദുക്കളുടെ ഉണര്‍വിനെ മുളയിലേ നുള്ളിക്കളയാനുള്ള എല്ലാ ശ്രമങ്ങളും അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്.
ഇസ്ലാമിന്റെ ഈ പോസ്റ്ററുകള്‍ ഒഴിച്ചാല്‍, മറ്റൊരു മതവും ഇതര മതങ്ങളെ ഇകഴ്ത്തുകയോ, താറടിച്ചുകാണിക്കുകയോ ചെയ്യുന്ന തരത്തില്‍ ഒരു പ്രദര്‍ശനവും നടത്തിയിട്ടില്ല. ഏതാനും ചില ചര്‍ച്ചകളിലാകട്ടെ, മനഃപൂര്‍വം, നിക്ഷിപ്ത താല്പര്യത്തോടെ മാത്രം പങ്കെടുക്കുന്നവരാണ് ഭാരത – ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ മനുഷ്യാവകാശത്തെ ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണ് പലപ്പോഴും ആരോപിക്കുന്നത്. പക്ഷെ, നാമറിയുന്നപോലെ, ‘അന്യന്റെ കണ്ണിലെ കരട് കാണുന്നവര്‍, സ്വന്തം കണ്ണിലെ കമ്പ് കാണാതെ പോകുന്നു’ എന്നുള്ളതാണ് വിരോധാഭാസം. അതിലൊക്കെ ഉപരിയായി, മതമഹാ സമ്മേളനത്തിന്റെ ലക്ഷ്യമായ സര്‍വ ധര്‍മ്മ സമഭാവനക്കു കടകവിരുദ്ധമാണ് ഇത്തരം ഏകപക്ഷീയവും വിഷലിപ്തവുമായ ആരോപണങ്ങള്‍.
ഭാരതം, ഒരിക്കലും മറ്റൊരു മതത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ, രാജ്യത്തെ കൈയടക്കുവാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലായെന്നു ചരിത്രം വിളിച്ചോതുന്നു. എന്നെന്നും മത സമന്വയമാണ് ഭാരതത്തിന്റെ സന്ദേശം. ‘ലോകമേ തറവാടെ’ ന്നതാണ് ഭാരതത്തിന്റെ മുദ്രാവാക്യം. എന്നിട്ടും, മത മഹാസമ്മേളനത്തില്‍, യാഥാര്‍ഥ്യവുമായി ഒരു പൊരുത്തവുമില്ലാത്ത, ഭാരതത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം പോസ്റ്ററുകള്‍ എങ്ങിനെ മത സമന്വയവും ഐക്യവും പ്രോത്സാഹിപ്പിക്കേണ്ട ഒരു ആഗോള സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു? ലോക മത മഹാസമ്മേളനത്തിന്റെ നടത്തിപ്പ് കൗണ്‍സിലില്‍ ഇടതു – ലിബറല്‍ – മുസ്ലിം ഖാലിസ്ഥാന്‍ കൂട്ടുകെട്ടിന് മേല്‍ക്കോയ്മ ലഭിച്ചതിന്റെ തെളിവല്ലേ ഇത്തരം സംഭവങ്ങള്‍? വേലി തന്നെ വിളവ് തിന്നുന്ന ഒരു രീതിയിലേക്ക് മത സമ്മേളനം മാറുന്നോ?
ഹിന്ദു ധര്‍മ്മത്തിന്റെ അടിയന്തിര കര്‍മ്മം
സനാതന ധര്‍മ്മത്തെ ക്കുറിച്ചു പാടി പുകഴ്ത്തിയത് കൊണ്ട് മാത്രം കാര്യമില്ല. ലോകം മുഴുവന്‍ ഹിന്ദു ധര്‍മ്മത്തിന്റെ പരിരക്ഷക്കു വേണ്ടി ഒരു ക്ഷാത്ര-ബൗദ്ധിക യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജീവ് മല്‍ഹോത്രയുടെ പ്രവര്‍ത്തനമാണ് ഏറ്റവും അനുകരണീയമായിട്ടുള്ളത്. ലോകത്തിലെ വിവിധ സര്‍വകലാശാലകളിലും, ഇതര ബൗദ്ധിക ആശയ ഉല്‍പ്പന്ന കേന്ദ്രങ്ങളിലും ഇടിച്ചുകയറി , അവരുമായി സംവാദത്തിലേര്‍പ്പെട്ടുകൊണ്ട്, അവരുടെ ഹിന്ദു വിരുദ്ധ ആശയങ്ങളെ, യുക്തിഭദ്രവും ശാസ്ത്രീയവുമായി ഖണ്ഡിച്ചുകൊണ്ടു, ഭാരതീയ സനാതന ധര്‍മ്മത്തിന്റെ പ്രസക്തിയെ ആധുനിക തലമുറയില്‍ അരക്കിട്ടുറപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
ഒരു മതത്തെ പോലും അവഹേളിക്കാതെ, എന്നാല്‍ അതേസമയം ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയ ഗവേഷണ പഠനങ്ങളിലൂടെ വിശകലനം ചെയ്തു അവയുടെ മുനയൊടിച്ചു ഇടതുപക്ഷ നവ ലിബറല്‍ ബുദ്ധിജീവികളുടെ ഇടയിലേക്കിട്ടു കൊടുക്കുകയാണ് രാജീവ് മല്‍ഹോത്ര ചെയ്യുന്നത്. ആരെയും തേജോവധം ചെയ്യാതെ തന്നെ, സഭ്യമായ ഭാഷയില്‍, വ്യക്തമായ ഗവേഷണ പഠനത്തിന്റെ അടിസ്ഥാനത്തില്‍,വസ്തുതകളെ ഒട്ടും വളച്ചൊടിക്കാതെ, ലോകോത്തര സര്‍വകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ആധുനിക ബുദ്ധിജീവികളുടെ മുന്‍പില്‍ അവതരിപ്പിച്ചുകൊണ്ട് ഭാരതീയ ശാസ്ത്രങ്ങളുടെ ആധുനിക പ്രസക്തിയെ അദ്ദേഹം ബോധ്യപ്പെടുത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഹിന്ദു സമ്മേളനങ്ങള്‍ക്കും, വിവിധ തരത്തിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും, ലക്ഷ്യബോധവും, അര്‍ത്ഥവും, ആവേശവും പകര്‍ന്നു കൊടുക്കാന്‍ സാധിക്കുന്ന ഗവേഷണ പഠനങ്ങളാണ് ഹിന്ദു ധര്‍മ്മത്തിന്റെ ഇന്നത്തെ ആവശ്യം.
അടുത്ത അമ്പതു വര്‍ഷം കൊണ്ട് ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുണ്ട്. വളരെ സൂക്ഷ്മതയോടെ, അത്യന്തം ക്രാന്ത ദര്‍ശിത്വത്തോടെ, ആസൂത്രണ ബോധത്തോടെ, പ്രായോഗിക സമീപനത്തോടെ, എല്ലാറ്റിനുമുപരി ഗവേഷണ ബുദ്ധിയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണിത്. മുസ്ലിങ്ങളില്‍ മാത്രമുണ്ടാകുന്ന ജനസംഖ്യയുടെ അമിത വളര്‍ച്ചാ നിരക്ക്, ഇതര മതങ്ങളിലെ ജനസംഖ്യയുടെ വളര്‍ച്ചക്കുറവ്, ഈ പ്രവണതയുടെ അനന്തര ഫലം, അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥതാ മാറ്റം, ഉദ്യോഗത്തിലെ താക്കോല്‍ സ്ഥാനങ്ങളിലുണ്ടാകുന്ന അസന്തുലിതമായ മാതാധിഷ്ഠിത അനുപാതങ്ങള്‍, നേരല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെയുള്ള അനേക മടങ്ങു വരുമാന വര്‍ദ്ധനവ്, പ്രീണിപ്പിക്കല്‍ രാഷ്ട്രീയത്തിലൂടെയുള്ള മത വോട്ടു ബാങ്കിന്റെ സൃഷ്ടി, രാജ്യത്തിനകത്തു നിന്നുകൊണ്ടുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍, അനിയന്ത്രിതമായ ബഹു മാര്‍ഗ്ഗങ്ങളിലൂടെയുള്ള മതം മാറ്റം, മത ബിംബങ്ങളെ താറടിച്ചു കാണിക്കുക, ഇത്യാദി കാര്യങ്ങളെ വളരെ ഗൗരവമായി സമീപിച്ചു പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, മത മഹാ സമ്മേളനത്തിലെ, സര്‍വ ധര്‍മ സമ ഭാവനയെന്നത് വെറും സ്വപ്‌നം മാത്രമായി അവശേഷിക്കും.