അടുത്തിടെ നടന്ന രണ്ടു മരണങ്ങള്‍ കേരള സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനും കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിനു വേണ്ടി അനവരതം പോരാടുകയും ചെയ്ത പ്രൊഫസര്‍ കുഞ്ഞാമന്‍ എന്ന പ്രതിഭ സ്വയം മരണം വരിച്ച് കാലയവനികക്കുള്ളിലേക്ക് പിന്‍വാങ്ങി. രണ്ടാമത്തെ മരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹനയുടേതായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തുന്ന ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ തുണ്ട് പേപ്പറില്‍ ഷഹന കോറിയിട്ട ആത്മഹത്യാക്കുറിപ്പ് നൊമ്പരം ഉളവാക്കുന്നത് മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ മനസ്സാക്ഷിയോടും ഭരണ സംവിധാനത്തോടുമുള്ള ചോദ്യം കൂടിയാണ്. ഈ രണ്ട് മരണങ്ങള്‍ നൂറുശതമാനം സാക്ഷരതയും ഉന്നതമായ സാമൂഹിക പുരോഗതിയും വിദ്യാഭ്യാസവും ഒക്കെ അവകാശപ്പെടുന്ന മലയാളിയുടെ പുരോഗമന ആശയങ്ങളുടെയും സാംസ്‌കാരിക സമ്പന്നതയുടെയും പൊയ്മുഖങ്ങള്‍ പൊളിച്ചടുക്കുന്നതാണ്.
തീഷ്ണമായ ജീവിത സാഹചര്യങ്ങളിലൂടെ, പട്ടിണിയിലൂടെ, വിദ്യാഭ്യാസപരവും വൈകാരികവുമായ ഒറ്റപ്പെടലിലൂടെ, എല്ലാ തടസ്സങ്ങളെയും ഒരു പോരാളിയെ പോലെ തള്ളിനീക്കി പൊതുജീവിതത്തിലേക്ക് കടന്നുവന്ന് പ്രഗത്ഭനായ അധ്യാപകനും ഗവേഷകനും എന്ന നിലയില്‍ തന്റെ ഇടം കണ്ടെത്തിയ പ്രതിഭാശാലിയായിരുന്നു പ്രൊഫ. ഡോ. കുഞ്ഞാമന്‍. പാലക്കാട് ജില്ലയിലെ വാടാനംകുറുശ്ശിയില്‍ പിന്നാക്ക പട്ടികജാതി സമൂഹത്തില്‍ വരേണ്യജാതി കോമരങ്ങളുടെ പാര്‍ശ്വവല്‍ക്കരണവും അവഹേളനവും അനുഭവിച്ചറിഞ്ഞ് രുചിയുടെ മാനദണ്ഡം വിശപ്പും പട്ടിണിയും ആണെന്ന് തിരിച്ചറിഞ്ഞ് ഒരിക്കലും നിറയാത്ത വയറും അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായാണ് കുഞ്ഞാമന്‍ പ്രൊഫ. ഡോ. കുഞ്ഞാമനായി വളര്‍ന്നത്.
സ്വയം മരണം വരിച്ച് സ്വന്തം ജീവിതദൗത്യത്തിന് വിരാമമിട്ട കുഞ്ഞാമന്റെ മരണശേഷം അക്കാദമിക് മേഖലയിലെയും ഉന്നത വിദ്യാഭ്യാസരംഗത്തെയും പ്രമുഖരും രാഷ്ട്രീയ നേതാക്കളും പതിവുപോലെ കണ്ണീരൊഴുക്കി. ദളിത് സ്‌നേഹം ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞെത്തി. അവരാരും സത്യം പറഞ്ഞില്ല. കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ മാത്രമാണ് ഡോക്ടര്‍ കുഞ്ഞാമന്റെ ദുരന്തത്തിനും ദുര്യോഗത്തിനും മാത്രമല്ല, അര്‍ഹതയുള്ള പദവി കിട്ടാത്തതിനും അദ്ദേഹത്തെ തമസ്‌കരിച്ചതിനും പൂര്‍ണ്ണ ഉത്തരവാദികള്‍. കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രവിഭാഗത്തിലെ അധ്യാപക നിയമനത്തിന് ഒന്നാംറാങ്ക് നേടിയ ഡോക്ടര്‍ കുഞ്ഞാമന് നിയമനം നല്‍കാതിരുന്നത് ആദര്‍ശത്തിന്റെ അപ്പോസ്തലനായ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. പണ്ട് മുത്തങ്ങയില്‍ പോയി സി.കെ.ജാനു അടക്കമുള്ള ഗോത്രവര്‍ഗ്ഗ നേതാക്കളോടൊപ്പം തപ്പും തുടിയും കൊട്ടി സംഘനൃത്തം നടത്തിയ ശേഷം അവരെ കബളിപ്പിച്ച് അവരുടെ ഭൂമി വീണ്ടെടുക്കാനുള്ള സുപ്രീം കോടതിവിധി ഇടതുമുന്നണിയോട് ഒത്തുചേര്‍ന്ന് അട്ടിമറിച്ച ആദര്‍ശധീരനായ എ.കെ.ആന്റണി. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എയായ നീലലോഹിതദാസന്‍ നാടാര്‍ ഈ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ ജനറല്‍ അഥവാ പൊതുതസ്തികയില്‍ പട്ടികജാതിക്കാരന് നിയമനം കൊടുക്കേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി. ഒന്നരവര്‍ഷത്തിനുശേഷം സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് കുഞ്ഞാമന് നിയമനം നല്‍കിയത്.
കാര്യവട്ടം കാമ്പസില്‍ നിയമിതനായ കുഞ്ഞാമന്‍ ജാതി കൊണ്ടല്ല, പാണ്ഡിത്യം കൊണ്ടും പെരുമാറ്റം കൊണ്ടും അനുഭവസമ്പത്തുകൊണ്ടും വിദ്യാര്‍ത്ഥികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഗവേഷണപ്രബന്ധം മുതല്‍ മൗലികമായ നിരവധി ലേഖനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും കുഞ്ഞാമന്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് കളം നിറഞ്ഞുനിന്നു. പട്ടികജാതിയില്‍ നിന്ന് വന്ന ഈ പ്രതിഭയെ പാണ്ഡിത്യവും ഔന്നത്യവും അനുസരിച്ച് തിരിച്ചറിഞ്ഞ് ഉചിതമായ സ്ഥാനം കൊടുക്കാനോ ഉന്നത പദവികളില്‍ നിയോഗിക്കാനോ മാറിമാറി വന്ന ഇടതു-വലതു മുന്നണികള്‍ക്ക് കഴിഞ്ഞില്ല. ഇടയ്ക്ക് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സോഷ്യല്‍ സയന്‍സിലെ ഡീനും ഡയറക്ടറുമായി അദ്ദേഹം നിയമിതനായി. വീണ്ടും കേരളത്തില്‍ മടങ്ങിയെത്തി എങ്കില്‍പോലും സിഡിഎസിന്റെ ഡയറക്ടര്‍ ആയോ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗമായോ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലറായോ പട്ടികജാതിക്കാരനായ കുഞ്ഞാമന്‍ പരിഗണിക്കപ്പെട്ടില്ല. ഇടതുപക്ഷവും വലതുപക്ഷവും ഉയര്‍ത്തുന്ന സാമൂഹിക പുരോഗമനത്തിന്റെയും തുല്യതാവാദത്തിന്റെയും പൊള്ളത്തരങ്ങള്‍ കുഞ്ഞാമന്‍ പൊതുസമൂഹത്തില്‍ തുറന്നുകാട്ടി. ഇഎംഎസിന്റെ ചിന്താഗതികളുടെ പൊള്ളത്തരങ്ങള്‍ അദ്ദേഹവുമായി അടുത്തബന്ധം പുലര്‍ത്തിക്കൊണ്ടുതന്നെ പൊതുസമൂഹത്തില്‍ തുറന്നെതിര്‍ത്തു. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പരസ്യമായി പറയുന്ന പട്ടികജാതി-വര്‍ഗ്ഗ സ്വയം പര്യാപ്തതയുടെയും സംവരണത്തിന്റെയും മറുപുറം തുറന്നു കാട്ടി പൊതു സമൂഹത്തില്‍ ഇതിന്റെ കാപട്യം മറനീക്കി പുറത്തുകൊണ്ടുവന്നു.
വാജ്‌പേയ് പ്രധാനമന്ത്രിയായപ്പോള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. മുരളി മനോഹര്‍ ജോഷി ഡോക്ടര്‍ കുഞ്ഞാമനെ യുജിസി അംഗമായി നിയമിച്ചു. അതിനുമുമ്പ് തന്നെ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വര്‍ജിയുമായുള്ള ഉറ്റ ബന്ധം അതിന് സഹായകമായി. പക്ഷേ, അവിടെ അദ്ദേഹം കൂടുതല്‍ നിന്നില്ല. രാജിവെച്ചു മടങ്ങുകയായിരുന്നു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ പല വേദികളിലും അദ്ദേഹം പ്രഭാഷകനായി എത്തിയത് സ്വതന്ത്ര ചിന്തകന്‍ എന്ന നിലയിലായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പെട്ടിയെടുക്കാനും അവരുടെ തിണ്ണ നിരങ്ങാനും മറ്റ് സൗകര്യങ്ങളും അഴിമതിയും ചെയ്യാനും താല്പര്യപ്പെടാത്തതു കാരണം ഇരുമുന്നണികള്‍ക്കും ഡോക്ടര്‍ കുഞ്ഞാമന്‍ അനഭിമതനായി. ഇടതുപക്ഷത്തോടും വ്യവസ്ഥിതിയോടും പരസ്യമായി മല്ലടിച്ചത് അവരെ അലോസരപ്പെടുത്തി എന്ന് മാത്രമല്ല ഒരു സര്‍വകലാശാലയിലും വൈസ്ചാന്‍സലറായോ ആസൂത്രണബോര്‍ഡില്‍ അംഗമായോ അദ്ദേഹം പരിഗണിക്കപ്പെട്ടില്ല.
പട്ടികജാതി, വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി പാലും തേനും ഒഴുക്കുന്നു എന്ന പ്രചാരണം ഡോക്ടര്‍ കുഞ്ഞാമന്‍ പൊളിച്ചടുക്കി. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിനുശേഷം അദ്ദേഹം സ്വീകരിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളും ഭരണപരമായ നടപടികളും മികച്ചതാണെന്ന് അഭിപ്രായപ്പെട്ട് ഡോക്ടര്‍ കുഞ്ഞാമന്‍ ഇടതുപക്ഷക്കാര്‍ക്കും വലതുപക്ഷക്കാര്‍ക്കും ഒരേപോലെ അസ്വസ്ഥത ഉണ്ടാക്കി. രണ്ടുവര്‍ഷം മുമ്പുള്ള കേന്ദ്ര ബജറ്റില്‍ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് വ്യവസായം തുടങ്ങാനും സ്ഥാപനങ്ങള്‍ ആരംഭിക്കാനും പ്രത്യേകം തുക നീക്കിവെച്ച് അവരെ വ്യവസായ സംരംഭകരാക്കി മാറ്റാനുള്ള നരേന്ദ്രമോദിയുടെ തീരുമാനം കുഞ്ഞാമന്റെ സ്വപ്‌നമായിരുന്നു. ഓരോ തവണയും കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തോട് കലഹിച്ച കുഞ്ഞാമന്‍ ഉയര്‍ത്തിയ ചോദ്യവും ഇതുതന്നെയായിരുന്നു. കേരളത്തിലെ സാമൂഹിക സാമ്പത്തികരംഗത്ത് എത്ര പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും വ്യവസായ സംരംഭകരോ വന്‍കിട കച്ചവടക്കാരോ ആയി മാറി? ചാട്ടവാര്‍ പോലെയുള്ള കുഞ്ഞാമന്റെ ചോദ്യം കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തില്‍ നീറ്റലായി മാറിയപ്പോള്‍ ആ ചോദ്യത്തിന് ഉത്തരം ഉണ്ടായത് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നായിരുന്നു. മാത്രമല്ല, ജന്‍ധന്‍ ബാങ്കിലൂടെയും ഡിജിറ്റലൈസേഷനിലൂടെയും പട്ടികജാതി, വര്‍ഗ്ഗക്കാര്‍ക്ക് ഉള്ള ആനുകൂല്യങ്ങള്‍ അവരവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്നത് സൃഷ്ടിച്ച സാമൂഹിക പരിവര്‍ത്തനം ഡോക്ടര്‍ കുഞ്ഞാമന്‍ ഒരിക്കലും മറച്ചു വെച്ചില്ല. ഒരു രൂപ ചെലവഴിക്കുമ്പോള്‍ അര്‍ഹതയുള്ള കൈകളില്‍ 14 പൈസ മാത്രം എത്തിയിരുന്ന രാജീവ് ഗാന്ധിയുടെ ഭരണകാലത്തു നിന്ന് ഓരോ രൂപയും മൊത്തമായി സ്വന്തം അക്കൗണ്ടിലേക്ക് എത്തുക വഴി പട്ടികജാതി, വര്‍ഗ്ഗക്കാരന് കിട്ടുന്ന സാമ്പത്തിക നേട്ടം ഡോക്ടര്‍ കുഞ്ഞാമന്‍ പൊതുസമൂഹത്തോട് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ബിജെപി അധികാരത്തില്‍ ഇല്ലാത്തതുകൊണ്ട് ഡോക്ടര്‍ കുഞ്ഞാമനെ കേരളത്തിലെ ഒരു സര്‍വകലാശാലയിലും വൈസ് ചാന്‍സലറാക്കാനോ ഉന്നത പദവികളിലേക്ക് കൊണ്ടുവരാനോ കഴിഞ്ഞില്ല. ജീവിതത്തിന്റെ ഭൂരിപക്ഷം സമയത്തും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുകയും അപ്രിയ സത്യങ്ങള്‍ തുറന്നുപറയുകയും ചെയ്ത ഡോക്ടര്‍ കുഞ്ഞാമനെ അവര്‍ പൂര്‍ണ്ണമായും ചതിക്കുകയായിരുന്നു. ഇപ്പോള്‍ കുഞ്ഞാമന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും മുതലക്കണ്ണീര്‍ ഒഴുക്കാനും ഇടതുപക്ഷ ബുദ്ധിജീവികളും അക്കാദമിക് രംഗത്തെ പ്രമുഖരും മാത്രമല്ല ഉന്നത വിദ്യാഭ്യാസമന്ത്രി വരെ എത്തിക്കഴിഞ്ഞു. ഇവിടെ കേരളത്തിലെ പൊതുസമൂഹവും കുറ്റവാളികള്‍ അല്ലേ? എച്ചിലിലയിലെ ഭക്ഷണം കഴിച്ച് ജാതിവ്യവസ്ഥയോടും പൊതുസമൂഹത്തിന്റെ അവഗണനയോടും പോരാടി വന്ന് ആരോടും പകയും പരിഭവവും ഇല്ലാതെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന്റെ സരസ്വതി കടാക്ഷം പകര്‍ന്നു നല്‍കിയ ഡോക്ടര്‍ കുഞ്ഞാമനെ അര്‍ഹതയ്ക്ക് അനുസരിച്ച് ആദരിക്കുന്നതില്‍ അംഗീകരിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടില്ലേ? ഡോക്ടര്‍ ഇ.സി.ജി സുദര്‍ശനോടും എ.പി.ജെ അബ്ദുല്‍ കലാമിനോടും ഒക്കെ ഇതേ നിലപാട് തന്നെയല്ലേ മലയാളി അനുവര്‍ത്തിച്ചത്? ജീവിതത്തിന്റെ കൂടുതല്‍ കാലവും കേരളത്തില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍ കലാം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ വോട്ട് ചെയ്യാതിരുന്നവരാണ് മലയാളികള്‍ എന്നകാര്യവും മറക്കരുത്. ഡോക്ടര്‍ കുഞ്ഞാമന്‍ എന്ന പ്രതിഭയെ തേടി ഒരു കേരളശ്രീ പുരസ്‌കാരവും വന്നില്ല. അദ്ദേഹത്തിന് പത്മ പുരസ്‌കാരം നല്‍കാന്‍ ഒരു സര്‍ക്കാരും ശുപാര്‍ശ ചെയ്തതും ഇല്ല. കേരളം കണ്ട ഈ പോരാട്ടവീര്യത്തിന്റെ ക്ഷാത്രശക്തിയെ മലയാളി ആദരിച്ചില്ല. ഈ പാപത്തിന് എന്തു പ്രായശ്ചിത്തമാണ് മലയാളിക്ക് ചെയ്യാനുള്ളത്. കേരളത്തിലെ ഹിന്ദു സമൂഹത്തിന് മുന്നിലും ഇതൊരു പാഠമാണ്. നമ്മുടെ ഗ്രാമങ്ങളിലെ പഠിക്കാന്‍ ആഗ്രഹിക്കുന്ന പഠിക്കുന്ന കുഞ്ഞുങ്ങളെ തേടിപ്പിടിച്ച് പഠിക്കാന്‍ അയക്കാനുള്ള ദൗത്യം ഏറ്റെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഡോക്ടര്‍ കുഞ്ഞാമന്‍ ജീവിതത്തിന്റെ സന്ധ്യയിലാണ് സ്വയം കൊഴിഞ്ഞതെങ്കില്‍ ജീവിതം മൊട്ടിട്ടു വരുമ്പോഴാണ് സ്ത്രീധനം കൊടുക്കാന്‍ പണമില്ലാതെ ഒരു പാവം പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള വാടക കെട്ടിടത്തില്‍ സ്വയം ജീവനൊടുക്കിയത്. മെഡിക്കല്‍ കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്ന ഡോക്ടര്‍ എ.ജെ. ഷഹ്‌ന കോറിയിട്ട തുണ്ടില്‍ പറഞ്ഞ വാക്കുകള്‍ ഇതാണ് ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമംമൂലം നിരോധിച്ച സാക്ഷര സാംസ്‌കാരിക കേരളത്തിലെ ഉന്നത വിദ്യാഭ്യാസമുള്ള കേരളത്തിലെ പൊതുസമൂഹത്തിന് ഭാവിയുടെ വാഗ്ദാനം ആകേണ്ട ഒരു പെണ്‍കുഞ്ഞ് സ്വയം ജീവനൊടുക്കിയപ്പോള്‍ അത് ഇതുവരെ സാംസ്‌കാരിക നായകരുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പൊതുപ്രവര്‍ത്തകരുടെയോ കാര്യമായ പ്രതികരണത്തിന് ഇടയാക്കിയില്ല. രണ്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനുശേഷം സഹപാഠിയായ ഡോക്ടര്‍ റുവൈസുമായി ഷഹനയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ റുവൈസും വീട്ടുകാരും ആവശ്യപ്പെട്ട 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ലിയു കാറും നല്‍കാനുള്ള ശേഷി ഡോക്ടര്‍ ഷഹനയുടെ കുടുംബത്തിനു ഉണ്ടായിരുന്നില്ല. വിവാഹത്തോളം എത്തിയ പ്രണയത്തില്‍ നിന്നും ഡോ. റുവൈസ് പിന്‍വാങ്ങിയതാണ് സ്വന്തം ജീവിതം സമര്‍പ്പിച്ച് പിന്‍വാങ്ങാന്‍ കാരണം.
ആടുമാടു ചന്തയില്‍ കച്ചവടക്കാര്‍ കാണിക്കുന്ന ഔദാര്യം പോലും ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്ന ഡോക്ടര്‍ റുവൈസ് ആ പാവം പെണ്‍കുട്ടിയോട് കാട്ടിയില്ല. എവിടെയാണ് സാമൂഹിക ജീവിതത്തിലും സാംസ്‌കാരിക സമ്പന്നതയിലും ഒക്കെ കേരളത്തിന്റെ ഒന്നാംസ്ഥാനം? പെണ്‍കുട്ടികളെ അറവുമാടുകളെപ്പോലെ കാണുന്ന ഇത്തരം മുട്ടാളന്മാരെ വരുതിക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് സ്ത്രീധന നിരോധന നിയമം. ഗാര്‍ഹിക പീഡനത്തിന് കേസില്‍പ്പെട്ട ഒരു ‘സംസ്‌കാരസമ്പന്നനെ’ മന്ത്രിയാക്കുക മാത്രമല്ല, സ്വന്തം മകളെ കല്യാണം കഴിച്ചു കൊടുത്തു മാതൃകയാവുകയും ചെയ്ത മുഖ്യമന്ത്രി ഭരിക്കുന്ന നാടാണ് കേരളം. ഡോക്ടര്‍ ഷഹന എന്ന പെണ്‍കുട്ടി ഒഴുക്കിയ കണ്ണീരിന്റെയും അവളുടെ മനസ്സില്‍ ഞെരിപ്പോട് പോലെ നീറിയെരിഞ്ഞ വേദനയുടെയും ശാപത്തില്‍ നിന്ന് റുവൈസ് മാത്രമല്ല മലയാളികള്‍ പൊതുവെയും രക്ഷപ്പെടുമോ?
സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ കിടക്കയില്‍ പാമ്പിനെ എറിഞ്ഞ മനോഭാവത്തില്‍ നിന്ന് നമ്മള്‍ ഒന്നും പഠിച്ചില്ല എന്ന് തന്നെയല്ലേ ഇതും കാട്ടുന്നത്? ഡോക്ടര്‍ റുവൈസ് ഇസ്ലാം ആയതുകൊണ്ടും വോട്ട് ബാങ്കിലെ അംഗമായതുകൊണ്ടും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിനേയും വെല്ലുന്ന കേരള പോലീസ് സ്ത്രീധനനിരോധന നിയമം അനുസരിച്ച് പീഡനത്തിന് കേസെടുക്കാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു. വോട്ട് ബാങ്കിനെ ബാധിച്ചാല്‍ മരുമകന്‍ ജഗപൊഗയാക്കും, മുഖ്യമന്ത്രി കോപിക്കും. ഈ രണ്ടു മരണങ്ങളും കേരളത്തിലെ പൊതുസമൂഹത്തിന്റെ നെഞ്ചിലെ കനലായി മാറണം. സാമൂഹിക അവസ്ഥയും അര്‍ഹരായവര്‍ക്ക് ഉചിതമായത് കിട്ടാത്തതും ആയ സാഹചര്യം ഇല്ലാതാകണം. മതമേതായാലും പെണ്‍കുട്ടിക്ക് വിലയിട്ട് സ്ത്രീധനം നല്‍കുന്ന ആ വന്‍ വിപത്തിനെതിരെ പൊതുജനവികാരം ഉയരണം ഉണരണം.
കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെയും സാംസ്‌കാരിക മികവിന്റെയും ഒക്കെ വാഴ്ത്തിപ്പാടലുകള്‍ക്ക് പകരം യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനും ശക്തമായി നേരിടാനുമുള്ള തന്റേടമാണ് വേണ്ടത്. ഡോക്ടര്‍ കുഞ്ഞാമന്റെയും ഡോക്ടര്‍ ഷഹനയുടെയും ദീപ്തസ്മരണയ്ക്ക് മുന്നില്‍ പ്രണാമം.