ലോകത്ത് ജനിച്ചു മരിച്ച അനേകം രാഷ്ട്രങ്ങളുണ്ട്. നാം അവയെക്കുറിച്ചറിയുന്നത് ചരിത്രത്തിന്റെ താളുകളില്‍നിന്നാണ്. രാഷ്ട്രങ്ങള്‍ മരിച്ചു എന്നതിനര്‍ത്ഥം അവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ മുഴുവന്‍ മരിച്ചു എന്നല്ല. ജനങ്ങള്‍ അവരുടെ സംസ്‌ക്കാരം മാറി. ഉദാഹരണത്തിന് പാര്‍സികളുടെ നാടായിരുന്നു പേര്‍ഷ്യ. ഇസ്ലാമിന്റെ കടന്നുകയറ്റത്തില്‍ പാര്‍സി മതം ഉപേക്ഷിച്ച് ഇസ്ലാംമതം സ്വീകരിക്കാന്‍ പേര്‍ഷ്യന്‍ ജനത നിര്‍ബന്ധിതരായി. അതോടെ പേര്‍ഷ്യ എന്ന രാജ്യം ഇറാന്‍ ആയി. ഭൂമിശാസ്ത്രപരമായി പേര്‍ഷ്യയും ഇറാനും ഒരേ ഭൂവിഭാഗമാണ്. എന്നാല്‍ ഇന്നത്തെ ലോകത്തില്‍ പേര്‍ഷ്യ എന്ന രാജ്യമില്ല, ഇറാനേ ഉള്ളൂ. ഇറാനെന്ന പേര് കേള്‍ക്കുമ്പോള്‍ പാര്‍സികളുടെ ചരിത്രവും സംസ്‌ക്കാരവും ഓര്‍മ്മയില്‍ വരുന്നില്ല. അത് വിസ്മൃതമായി, ഇങ്ങനെ നാടിന്റെ പേര് സംസ്‌ക്കാരത്തേയും പഴമയേയും സൂചിപ്പിക്കുന്നു.
നാടിന്റെ പേര് നിലനിര്‍ത്താന്‍ വിദേശികള്‍ക്ക് ആഗ്രഹമില്ല. കാരണം നാടിന്റെ പേര് അന്നാട്ടിലെ ജനതയെ അവരുടെ സംസ്‌ക്കാരത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. അവര്‍ വൈദേശികഭരണത്തെ എതിര്‍ക്കും. അതുകൊണ്ട് വിദേശീയന്‍ കീഴടക്കുന്ന നാടിന്റെ പേര് മാറ്റുന്നു. അങ്ങനെ ജനതയെ ആത്മവിസ്മൃതിയിലേയ്ക്ക് തള്ളി വിടുന്നു.
വൈദികകാലം മുതല്‍ ഈ നാടിന്റെ പേര് ഭാരതം എന്നായിരുന്നു. ഭാരതത്തിന്റെ അതിര്‍ത്തികളെക്കുറിച്ച് വിഷ്ണുപുരാണത്തില്‍ പറയുന്നത് പ്രസിദ്ധമാണ്. അതുപ്രകാരം വടക്ക് ഹിമാലയവും തെക്ക് സമുദ്രവും ഉള്ള ഈ ദേശത്തെ ഭാരതം എന്ന് വിളിക്കുന്നു. ജനതയെ ഭാരതീയര്‍ എന്നും. ഭാരതത്തില്‍ ജനിച്ച മനുഷ്യര്‍ ദേവന്മാരെക്കാളും ഭാഗ്യവാന്മാരാണെന്ന് പറയുന്നു. പൂന്താനം ‘ഭാരതമഹിമ’ ജ്ഞാനപ്പാനയിലൂടെ പ്രചരിപ്പിക്കുന്നു. ഭാരതത്തില്‍ യജ്ഞഹോമാദികള്‍ നടത്തുമ്പോള്‍ സങ്കല്‍പ്പമായി ചൊല്ലുന്ന മന്ത്രം ”ജംബുദ്വീപേ ഭാരതവര്‍ഷേ……” എന്നാണ് ആരംഭിക്കുന്നത്. വള്ളത്തോള്‍ പാടിയത് ”ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണം….” എന്നായിരുന്നു. വിപ്ലവകവി പാടിയത് ”ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരു പിടി മണ്ണല്ല” എന്നാണ്. ഇവിടെയെല്ലാം നാടിന്റെ പേര് ഭാരതമെന്നാണ്.
ഭാരതമെന്ന പേര് കേള്‍ക്കുമ്പോള്‍ ശ്രീരാമനെയും ശ്രീകൃഷ്ണനെയും വാല്മീകിയേയും വ്യാസനേയും കണാദനേയും ചരകനേയും കാളിദാസനേയും ഭവഭൂതിയേയും ചാണക്യനേയും ശിവാജിയേയും എല്ലാം ഓര്‍മ്മ വരും. നമ്മുടെ സമ്പന്നമായ സംസ്‌ക്കാരത്തില്‍ അഭിമാനമുണ്ടാകും.
സ്വതന്ത്രഭാരതം അതിന്റെ ദൗത്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നു എങ്കില്‍ ഭാരതം എന്ന പേര്‍ സ്വീകരിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യ എന്ന പേര്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധിക്കുന്നവരുണ്ട്. ഇന്ത്യ എന്ന് പറയുമ്പോള്‍ ഭാരതത്തിന്റെ പാരമ്പര്യമോ നേട്ടങ്ങളോ നമ്മുടെ മനസ്സില്‍ വരുന്നില്ല. ഇന്ത്യ എന്നത് വിദേശികള്‍ നല്‍കിയ പേരാണ്. ഭാരതം എന്നത് ഇന്നാട്ടുകാര്‍ നല്‍കിയപേരാണ്. മാതാപിതാക്കള്‍ ഇട്ട പേര് സ്വീകാര്യമല്ല, അയല്‍പക്കക്കാര്‍ ഇട്ട പേരാണ് സ്വീകാര്യം എന്നുപറയുന്നതുപോലെയാണ് ഭാരതം എന്ന പേര് സ്വീകാര്യമല്ല, ഇന്ത്യ എന്നതാണ് സ്വീകാര്യം എന്ന് പറയുന്നത്.
ഭരണഘടനയില്‍ നാടിനെ സൂചിപ്പിക്കാന്‍ ‘India that is Bharat’ എന്ന് ചേര്‍ത്തിരിക്കുന്നു. ഇന്ത്യ എന്ന് പറഞ്ഞാല്‍ നാടിനെ പ്രതിനിധാനം ചെയ്യില്ല എന്നതാണ് ഭാരതം എന്നതുകൂടി ചേര്‍ക്കാന്‍ കാരണം.
‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ആയിരങ്ങളെ പ്രചോദിപ്പിക്കുന്നു. ഇന്ത്യ എന്ന പേരിന് ഇത് സാധ്യമല്ല. ഭാരതമെന്ന പേര് സ്വീകരിക്കുക വഴി പ്രാചീനപാരമ്പര്യവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നു. ഇന്ത്യ എന്ന പേര് വിദേശികളുടെ വിജയത്തിന്റേയും ചൂഷണത്തിന്റേയും ഓര്‍മ്മകളാണ് ഉണര്‍ത്തുന്നത്.
ഭാരതം എന്ന പേരിനെ എതിര്‍ക്കുന്നവര്‍ ഇന്നാടിന്റെ പാരമ്പര്യത്തെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ അഭിമാനമില്ലാത്തവരാണ്. പ്രാചീനഭാരതം നേടിയിരുന്ന ശാസ്ത്രസാങ്കേതികവളര്‍ച്ച, കലാസാഹിത്യങ്ങളുടെ ഔന്നത്യം, ഭൗതികവും അദ്ധ്യാത്മികവുമായ ജ്ഞാനം, സംഘര്‍ഷമുക്തമായ ജീവിതപദ്ധതി ഇവയെല്ലാം ഓര്‍മ്മിപ്പിക്കുന്നതാണ് ഭാരതം എന്ന പേര്.
ഭാരതം എന്ന പേരിനെ എതിര്‍ക്കുന്നവര്‍ക്ക് കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ്-മുസ്ലീം ശക്തികളാണ്. അവര്‍ ഭാരതീയതയെ എന്നും എതിര്‍ത്തിരുന്നു. ഒരര്‍ത്ഥത്തില്‍ ദേശീയശക്തികളും ദേശവിരുദ്ധശക്തികളും തമ്മിലുള്ള വ്യത്യാസമാണ് ഭാരതവും ഇന്ത്യയും എന്ന തര്‍ക്കത്തിലൂടെ അനാവൃതമാകുന്നത്.