‘R’ എന്ന ഇനീഷ്യല്‍ ഹരിയേട്ടന് തികച്ചും അനുയോജ്യമാണ്. Respected എന്നതിന്റെ ആദ്യ അക്ഷരം ‘R’ എന്നാണല്ലോ! ഹരി എന്നാല്‍ അനന്തമാണ്. അതുപോലെ തന്നെ ഹരികഥയും അനന്തമാണ്. ഹരിയേട്ടനെ നിര്‍വചിച്ചാല്‍ അതിനു അവസാനം ഉണ്ടാവില്ല, പ്രപഞ്ചം പോലെ, സമുദ്രങ്ങള്‍ പോലെ. ഹരിയേട്ടന്‍ അസാമാന്യ ധിഷണാശാലിയും പ്രതിഭാശാലിയായ ഗ്രന്ഥകാരനും ഉജ്ജ്വല വാഗ്മിയും ആയിരുന്നു. വിജ്ഞാനത്തിന്റെ നിറകുടങ്ങള്‍ക്ക് പോലും കൂടുതല്‍ വിജ്ഞാനം പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കായി. ദല്‍ഹിയില്‍ മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പോലും അവയ്ക്കായി കാത്തു നിന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ നിറഞ്ഞു നിന്ന ഉപകഥകള്‍ അര്‍ത്ഥസമ്പന്നങ്ങളായിരുന്നു. അവ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ മധുരതരവും ആകര്‍ണീയവുമാക്കി. അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളിലും എപ്പോഴും പുതുമ നിറഞ്ഞു നിന്നു. ഏകാത്മമാനവവാദത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവേളയില്‍ ഹരിയേട്ടന്റെ ഓരോ പ്രഭാഷണങ്ങളിലും ആ സംഹിതക്ക് പുതിയ പുതിയ വ്യാഖ്യാനങ്ങള്‍ വന്നു.
താത്വിക കാര്യങ്ങളില്‍ ഹരിയേട്ടന്‍ ഒരു മാസ്റ്റര്‍ ആയിരുന്നു. അതോടൊപ്പം അദ്ദേഹം ഓരോ ഇഞ്ചിലും സ്വയംസേവകനുമായിരുന്നു. അദ്ദേഹം ശ്വസിച്ചതും പാനം ചെയ്തതും ഭുജിച്ചതും സ്വപ്‌നം കണ്ടതും എല്ലാം സംഘം തന്നെ. പക്ഷേ, അദ്ദേഹത്തിന്റെ സൗഹൃദവലയം ഒരിയ്ക്കലും സംഘത്തിന്റെ അതിരുകളില്‍ മാത്രം ഒതുങ്ങി നിന്നില്ല. അദ്ദേഹത്തിന് ഏത് വിശ്വാസത്തിലും ആദര്‍ശത്തിലും ഉള്‍പ്പെട്ടവരുമായും ഉറ്റബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു, ഒരു തടസ്സവുമില്ലാതെ. ജനങ്ങളെ സംഘടിതരായി ഒന്നിച്ചു കൊണ്ടുവരിക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. അദ്ദേഹം ഒരിയ്ക്കലും ഒരു ഏകാന്തപഥികനായിരുന്നില്ല. അദ്ദേഹം പിന്തുടര്‍ന്നത് ജ്ഞാനയജ്ഞമായിരുന്നു. അദ്ദേഹം നിരവധി പുസ്തകങ്ങള്‍ രചിച്ചു. അവയെല്ലാം വിജ്ഞാനത്തിന്റെ ഭണ്ഡാഗാരങ്ങള്‍ തന്നെയാണ്. പക്ഷേ, അദ്ദേഹത്തിന്റെ എഴുതപ്പെടാത്ത വചനങ്ങള്‍ അച്ചടിച്ചിരുന്നെങ്കില്‍ എത്ര വാല്യങ്ങള്‍ വേണ്ടി വരുമായിരുന്നു! അത്രയേറെ ആശയ സമ്പുഷ്ട്ടമായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദ സംഭാഷണങ്ങള്‍. അദ്ദേഹം ഒരു സാധകനായിരുന്നു.
2003-ല്‍ ഹരിയേട്ടന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആയിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കീഴില്‍ സഹബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായി നിയോഗിക്കപ്പെട്ടു. ആ കാലത്ത് ഹരിയേട്ടന്‍ എനിക്കു നല്കിയ മാര്‍ഗദര്‍ശനങ്ങള്‍ അവിസ്മരണീയങ്ങളാണ്. അപ്പോഴും താന്‍ ഒരു സീനിയര്‍ പ്രചാരക് ആണെന്ന ചിന്തയുടെ ഒരു കണിക പോലും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നില്ല. ഒരു സമുന്നത നേതാവ് ഒരു സുഹൃത്തായി മാറുകയായിരുന്നു. അദ്ദേഹം ബൗദ്ധിക് വിഭാഗത്തെ പുതിയ രീതിയില്‍ വാര്‍ത്തെടുത്തു. സ്വയംസേവകര്‍ക്ക് അനായാസം മനസ്സിലാകുന്ന വിധം സംഘശിക്ഷാ വര്‍ഗുകളിലെ പാഠ്യപദ്ധതി ഹരിയേട്ടന്‍ പരിഷ്‌ക്കരിച്ചു. സ്വയംസേവകര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹരിയേട്ടന്‍ എപ്പോഴും ഒരു മാതൃക ആയിരുന്നു. അദ്ദേഹം അവരുടെ മനസ്സ് പഠിച്ചു. പരന്ന വായനയും നിരന്തര യാത്രകളും വഴി അദ്ദേഹം സ്വജീവിതം മുഴുവന്‍ തന്റെ പഠനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി. സുഹൃത്ത്, മാര്‍ഗദര്‍ശി, കര്‍മ്മയോഗി എന്നിങ്ങനെ അദ്ദേഹം നിരവധി രൂപങ്ങളില്‍ കാണപ്പെട്ടു. അദ്ദേഹം തീര്‍ച്ചയായും ഒരു ഋഷി തന്നെ ആയിരുന്നു.
കഴിയുന്നത്ര ഭാഷകള്‍ പഠിക്കുക എന്നത് ഹരിയേട്ടന് ഒരു ജീവിതവ്രതമായിരുന്നു. അദ്ദേഹം പന്ത്രണ്ടിലധികം ഭാഷകള്‍ അഗാധമായി പഠിച്ചു.
അദ്ദേഹത്തിന്റെ ഭാഷാ പരിജ്ഞാനം ആശയവിനിമയം നടത്തുന്നതില്‍ മാത്രമല്ലായിരുന്നു. അദ്ദേഹം അതാതു ഭാഷകളിലെ ഉന്നത സൃഷ്ടികളില്‍ തന്നെ പ്രാവീണ്യം നേടി. ഭാരതത്തില്‍ മാത്രമല്ല വിദേശത്തുമുള്ള സംഘപ്രവര്‍ത്തകര്‍ക്കും അദ്ദേഹം എന്നും ഒരു പ്രേരണാസ്രോതസ്സായിരുന്നു. ഭാരതത്തിലും വിദേശത്തുമുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ അദ്ദേഹത്തിന് ആതിഥ്യമരുളാന്‍ കാത്തിരുന്നു. അതവര്‍ക്ക് ആനന്ദത്തിന്റെ മുഹൂര്‍ത്തങ്ങളായിരുന്നു. മഹദ് വ്യക്തിത്വങ്ങളായ പ്രചാരകന്മാരാല്‍ താരനിബിഡമാണ് സംഘം. ആ ശ്രേണിയില്‍ ഒരു ഉജ്ജ്വല നക്ഷത്രമാണ് ഹരിയേട്ടന്‍. ആ നക്ഷത്രങ്ങളെല്ലാം സദ്ഗുണങ്ങളും ആത്മവിശ്വാസവും ധൈര്യവും നിറഞ്ഞ പ്രവര്‍ത്തകരെ സൃഷ്ടിച്ചു; അവര്‍ സംഘടനയെ സൃഷ്ടിച്ചു. മഹത്തായ ലക്ഷ്യത്തിനു വേണ്ടി ജീവിക്കുകയും ചെയ്തു.
ഹരിയേട്ടന് പ്രാന്തപ്രചാരക് സ്ഥാനം ഏറ്റെടുത്തത് മഹാനായ ഭാസ്‌ക്കര്‍റാവുജിയില്‍ നിന്നാണ്. ഭാസ്‌ക്കര്‍റാവുജിയുടെ പിന്‍ഗാമിയാവുക എന്നത് എളുപ്പമുള്ള കാര്യമല്ല. തന്റെ ദൗത്യം പൂര്‍ത്തിയാക്കിയ ഭാസ്‌ക്കര്‍ റാവുജി കടിഞ്ഞാണ്‍ കൈമാറിയത് തികച്ചും അര്‍ഹനായ ഹരിയേട്ടന്.
ഹരിയേട്ടനില്‍ സദാ മനുഷ്യത്വം തുളുമ്പി നിന്നു. ഞാന്‍ എ.ബി.വി.പിയുടെ ചുമതല വഹിച്ചിരുന്ന കാലത്ത് ഒരിക്കല്‍ കേരളത്തില്‍ വന്നു. പ്രഭാത ശാഖ കഴിഞ്ഞു വരുമ്പോള്‍ ഒരു ചായ കുടിക്കുന്നോ എന്ന് എന്നോട് ചോദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. ബംഗളൂരു കാര്യാലയത്തില്‍ പ്രഭാതത്തില്‍ ചായ പതിവില്ലാത്തതിനാല്‍ ഹരിയേട്ടനെ പോലെ ഒരു മുതിര്‍ന്ന പ്രചാരകന്‍ എന്നോട് ചായ കുടിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ അത് എനിക്ക് ഒരു വിസ്മയമായി. അദ്ദേഹവുമായുള്ള എന്റെ ഓരോ കൂടിക്കാഴ്ചയും ഓരോ ബോധവല്ക്കരണമായിരുന്നു. ഓരോ സമാഗമവും എനിക്ക് പുത്തന്‍ ഉണര്‍വ്വും ഉന്മേഷവും പ്രദാനം ചെയ്തു. ‘ജീവിതത്തോട് വര്‍ഷങ്ങള്‍ ചേര്‍ക്കുകയല്ല ചെയ്യേണ്ടത്, മറിച്ച് വര്‍ഷങ്ങള്‍ക്കു ജീവന്‍ നല്കുകകയാണ് വേണ്ടത്’ എന്ന പാഠം തന്നെയായിരുന്നു ഹരിയേട്ടന്റെ ജീവിതം. അദ്ദേഹത്തിന്റെ സ്ഥാനം എന്നും ഉത്തുംഗ ശൃംഗങ്ങളില്‍ ആയിരുന്നു. ഏതു രംഗത്ത് ചെന്നാലും ഹരിയേട്ടന്റെ സ്ഥാനം അത്യുന്നതങ്ങളില്‍ തന്നെ. ഒരു ‘സൂപ്പര്‍ലെറ്റീവ്’ വ്യക്തിത്വം.
സാംസ്‌ക്കാരിക മൂല്യങ്ങളോടും പാരമ്പര്യങ്ങളോടും ചേര്‍ന്ന് നില്‍ക്കുമ്പോഴും ഹരിയേട്ടന്‍ ആധുനിക സങ്കേതങ്ങളോട് അയിത്തം കല്പിച്ചില്ല. അത്തരത്തിലുള്ള ഒരു അനുപമ വ്യക്തിത്വമായിരുന്നു ഹരിയേട്ടന്‍. നമ്മുടെ ഇതിഹാസങ്ങളെക്കുറിച്ചുള്ള നിരവധി തെറ്റായ വിശ്വാസങ്ങളാണ് ഹരിയേട്ടന്‍ വെളിച്ചത്ത് കൊണ്ട് വന്നത്. തലമുറകളായി വിശ്വസിക്കപ്പെട്ടിരുന്നതും പ്രചരിക്കപ്പെട്ടിരുന്നതും ആയിരുന്നു അവ.
വൈവിധ്യങ്ങളാല്‍ സമ്പന്നമായിരുന്നു ഹരിയേട്ടന്റെ പാണ്ഡിത്യം. ഒരിക്കല്‍ നാഗ്പൂരിലെ ധരംപേട്ട് കോളേജില്‍ പ്രഭാഷണത്തിനു ക്ഷണിക്കപ്പെട്ടപ്പോള്‍ ആദ്യദിവസം അദ്ദേഹം സംസാരിച്ചത് ‘മഹാഭാരതത്തിലെ ധര്‍മ്മം’ എന്ന വിഷയത്തെ കുറിച്ചായിരുന്നു. എന്നാല്‍ രണ്ടാം ദിവസം ഖലീല്‍ ജിബ്രാനെയും അദ്ദേഹത്തിന്റെ രചനകളെയും കുറിച്ച് സംസാരിച്ചു കൊണ്ട് ഹരിയേട്ടന്‍ കോളേജ് അധികൃതരെയും വിദ്യാര്‍ഥികളെയും ഞെട്ടിച്ചു. അദ്ദേഹത്തിന്റെ വായന ഒരു പ്രത്യേക സംസ്‌കാരത്തിലും തത്വശാസ്ത്രത്തിലും ഒതുങ്ങി നിന്നില്ല എന്ന് ഇതിലൂടെ മനസ്സിലാക്കാം.
‘ഗുരുജി സമഗ്ര’ (പരമ പൂജനീയ ഗുരുജിയുടെ സമ്പൂര്‍ണ്ണ സാഹിത്യം) തയാറാക്കുന്ന ജോലി ഹരിയേട്ടന്റെ ചുമലുകളിലാണ് അര്‍പ്പിക്കപ്പെട്ടത്. ഗുരുജി സര്‍സംഘചാലക് ആയിരുന്ന 33 വര്‍ഷക്കാലം (1940-1973) അദ്ദേഹം ആയിരക്കണക്കിന് വ്യക്തികള്‍ക്ക് എഴുതിയ ആയിരക്കണക്കിന് കത്തുകളുടെ കോപ്പികള്‍ ഹരിയേട്ടന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു തീര്‍ത്തു. അതില്‍ നിന്നും ഏറ്റവും അനുയോജ്യമായ കത്തുകള്‍ അദ്ദേഹം തെരഞ്ഞെടുത്തു. അതോടെ അദ്ദേഹം ‘ഗുരുജിവിഷയ’ത്തില്‍ ഒരു വിദഗ്ദ്ധനായി. കാരണം, അടിസ്ഥാനപരമായി അദ്ദേഹം ഒരു ഗവേഷകനായിരുന്നു. അതുകൊണ്ട്, ഗുരുജിയെ കുറിച്ച് ഒരു പുസ്തകം എഴുതി വിജയിപ്പിക്കുക എന്നത് അദ്ദേഹത്തിനു എളുപ്പമായി തീര്‍ന്നു. ആ പുസ്തകം ഗുരുജിയെ കുറിച്ച് ഇതുവരെയും എഴുതപ്പെട്ട ഗ്രന്ഥങ്ങളില്‍ ഏറ്റവും മികച്ച കൃതിയാണ്.
ഹരിയേട്ടന്‍ എന്നും സൗമ്യനായിരുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കലും ബന്ധങ്ങളുടെ പാശങ്ങളാല്‍ ബന്ധിക്കപ്പെട്ടില്ല. കേരള പ്രാന്തപ്രചാരകന് എഴുതിയ കത്തായിരുന്നു അദ്ദേഹം അവസാനമായി എഴുതിയ കത്ത്. ആ കത്തില്‍ നിന്ന് അദ്ദേഹത്തിന്റെ വ്യക്തിത്വം വായിച്ചെടുക്കാം. ഹരിയേട്ടന്‍ ഒരു സാധകനായിരുന്നു എന്നതിന്റെ തെളിവായി ആ കത്ത് വായനക്കാരുടെ മുന്നിലുണ്ട്. അതോര്‍മ്മിപ്പിക്കുന്നത് അലക്‌സാണ്ടര്‍ പോപ്പിന്റെ ഒരു കവിതയാണ്.
Thus let me live, unseen,
unknown;
Thus unlamented let me die;
Steal from the world,
and not a stone
Tell where I lie.
(എനിക്കു വേണ്ടത് അറിയപ്പെടാത്ത ഒരു ജീവിതം, മരണം വരെ ഒരു ഏകാന്ത ജീവിതം. എന്റെ മരണാനന്തരം വിലാപമരുത്. എന്റെ ശവകുടീരത്തില്‍ ഒരു ശിലാലിഖിതവും വേണ്ട. ഞാന്‍ മരണാനന്തരം എവിടെ വിശ്രമിക്കുന്നു എന്ന്ആരും അറിയേണ്ടതില്ല).
ഹരിയേട്ടന്റെ ജീവിതം ഒരു യഥാര്‍ത്ഥ ഭാരതീയനായിത്തീരാനും പ്രചാരക പരമ്പരയുടെ ഔന്നത്യം ഉയര്‍ത്തിക്കാട്ടാനുമുള്ള ഒരു സഫല പ്രയത്‌നമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഭര്‍ത്തൃഹരിയുടെ ‘നീതിശതകത്തിലെ’ സുപ്രസിദ്ധമായ ഈ ശ്ലോകത്തിന് അനുസൃതമായിരുന്നു:
”നിന്ദന്തു നീതിനിപുണാ
യദി വാ സ്തുവന്തു
ലക്ഷ്മീഃ സമാവിശതു
ഗച്ഛതു വാ യഥേഷ്ടം
അദൈ്യവവാ മരണമസ്തു
യുഗാന്തരേ വാ
ന്യായാത് പഥ: പ്രവിചലന്തി പദം ന ധീരാഃ”
(നീതിശാസ്ത്രഞ്ജര്‍ നിന്ദിക്കട്ടെ, സ്തുതിക്കട്ടെ, ധനം വരികയോ പോവുകയോ ചെയ്യട്ടെ, മരണം ഉടനെയോ യുഗങ്ങള്‍ക്ക് ശേഷമോ വരട്ടെ, എന്നാല്‍ ധീരര്‍ ന്യായപഥത്തില്‍ നിന്നു വ്യതിചലിക്കില്ല).
മഹാഭാരതത്തില്‍ പറയുന്നതു രണ്ടു വിധത്തില്‍ ഉള്ള വ്യക്തിത്വങ്ങള്‍ സൂര്യമണ്ഡലം താണ്ടുമെന്നാണ്. അടര്‍ക്കളത്തില്‍ മൃത്യു വരിക്കുന്നവരും പരിവ്രാജകരും. ഹരിയേട്ടന്‍ രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഹരിയേട്ടനെ പോലുള്ള വ്യക്തിത്വങ്ങള്‍ക്ക് സ്വാര്‍ഥഭാവനകളില്ല. അദ്ദേഹത്തിന്റെ ഓരോ കണവും സമാജത്തിനും രാഷ്ട്രത്തിനും വേണ്ടി വ്യയം ചെയ്തു. ശ്രദ്ധാഞ്ജലി ഒരിയ്ക്കലും കൃതജ്ഞതാ പ്രകടനമല്ല. ശ്രദ്ധയും ഭക്തിയും നമ്മുടെ ചിന്തകളില്‍ ഉടലെടുക്കേണ്ടവയാണ്. അവ ഹരിയേട്ടന്‍ ജീവിച്ച ആദര്‍ശങ്ങളുടെ പൂര്‍ത്തീകരണത്തിലേക്ക് നമ്മെ നയിക്കും, ഭാരതത്തിന്റെയും മനുഷ്യരാശിയുടെയും ഉത്ക്കര്‍ഷത്തിലേക്ക്.
(കൊച്ചിയില്‍ ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ 14ന് നടന്ന അനുസ്മരണ പരിപാടിയില്‍ നടത്തിയ മുഖ്യപ്രഭാഷണം)
വിവര്‍ത്തനം: ടി.സതീഷ്
കറസ്‌പോണ്ടന്റ് ഓര്‍ഗനൈസര്‍ വാരിക