ജനനിയെന്ന മഹത്തായ സങ്കല്പത്തോടെ ഭാരതാംബയെന്നു വിൡക്കപ്പെടുന്നതും അന്യസ്ത്രീയെ അമ്മയെന്ന പവിത്രനാമത്താല്‍ വിളിക്കുന്ന സംസ്‌കാരമുള്ളതുമായ രാജ്യമായ ഭാരതം സ്ത്രീത്വത്തിന്റെ മഹനീയതയെ എന്നും ആദരിച്ചുപോന്നിട്ടുണ്ട്. അമ്മയെന്ന ത്യാഗനിര്‍ഭരതയായും, മകളെന്ന വാത്സല്യഭരിതത്വമായും, സഹോദരിയെന്ന സഹജാതത്വമായും ഭാര്യയെന്ന സഹവര്‍ത്തിത്വമായുമൊക്കെ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ജീവിതങ്ങളെ വിരല്‍പിടിച്ചുനടത്തുന്ന സ്ത്രീയുടെ, ചരിത്രപരവും സാംസ്‌ക്കാരികവും രാഷ്ട്രീയപരവുമൊക്കെയായ മുന്നേറ്റങ്ങളെ ഓര്‍ത്തെടുക്കുവാന്‍ മാര്‍ച്ച് എട്ട് നാം ദേശീയവനിതാദിനമായി ആഘോഷിക്കുന്നു. സമൂഹത്തിന്റെ മാറിമാറിവരുന്ന കാഴ്ച്ചപ്പാടുകളനുസരിച്ച് സ്ത്രീകളുടെ സ്ഥിതി മാറിമാറിവന്നുവെങ്കിലും, സമൂഹത്തിലെ അവിഭാജ്യഘടകമെന്ന നിലയില്‍ അവളുടെ അനിഷേധ്യത ഇന്നും ചോദ്യം ചെയ്യപ്പെടാനാവാത്തതാണ്.
ലോകമെങ്ങും പുകഴ്‌പെറ്റ ഭാരതീയ സംസ്‌കാരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത സ്ത്രീകള്‍ക്കു നല്കിയിരുന്ന സവിശേഷ സ്ഥാനം തന്നെയാണ്. പ്രകൃതി എന്നും ശക്തി എന്നുമുള്ള വിശാലമായ കാഴ്ച്ചപ്പാടോടെ സ്ത്രീയെ ആദരിച്ചുപോന്ന ഭാരതീയസമൂഹം അര്‍ദ്ധനാരീശ്വര സങ്കല്പത്തിലൂടെ സ്ത്രീയെ പുരുഷന്റെ അര്‍ദ്ധാംഗിനിയായി അംഗീകരിക്കുകയും ചെയ്തിരുന്നു. ഭാരതീയ പുരാണങ്ങളിലെ ദേവതാസങ്കല്പങ്ങളില്‍ സ്ത്രീ, ശക്തി സ്വരൂപിണികളായ ദേവതമാരായി ആരാധിക്കപ്പെടുന്നുണ്ട്. ഐശ്വര്യദായിനിയായ ലക്ഷ്മിയായും വിദ്യാദായിനിയായ സരസ്വതിയായും ശക്തിരൂപിണിയായ ദുര്‍ഗ്ഗയായും ശിവപത്‌നിയായ പാര്‍വ്വതിയായും ഒക്കെ ഭാരതീയ പുരാണങ്ങളില്‍ സ്ത്രീ സങ്കല്പം പൂര്‍ണ്ണത തേടിയിരുന്നു. ”യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്രദേവതാ ” എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ, അവിടെയാണ് ദേവതകള്‍ ആവസിക്കുന്നത് എന്ന് ഭാരതീയ സമൂഹം വിശ്വസിച്ചു പോന്നിരുന്നു. അതിനാല്‍ തന്നെ നമ്മുടെ ആഘോഷങ്ങളിലെ ചടങ്ങുകളില്‍ ഒരു പ്രമുഖസ്ഥാനം സ്ത്രീകള്‍ക്കു കല്പിച്ചുപോരുന്നുണ്ട്.
വേദകാലത്തെ മതപരമായ ആഘോഷങ്ങളിലും ചടങ്ങുകളിലും സ്ത്രീകള്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ചിരുന്നതായി കാണാം. ദേവപ്രീതികരങ്ങളായ യാഗങ്ങളിലും മറ്റും യജമാനസ്ഥാനത്തുള്ള പുരുഷനൊപ്പം അദ്ദേഹത്തിന്റെ പത്‌നിയും ചടങ്ങുകളില്‍ പങ്കെടുക്കണമെന്നത് നിര്‍ബന്ധമായിരുന്നു. അതായത് പുരുഷന് സമാനമായ സ്ഥാനം സ്ത്രീക്കും കല്പിച്ചു പോന്നിരുന്നുവെന്നു സാരം. ഇന്നും മതപരമായ ചടങ്ങുകളില്‍ സ്ത്രീയുടെ പങ്ക് അനിഷേധ്യമാണ്. രാവിലെ കുളിച്ച് വീട്ടുമുറ്റങ്ങളില്‍ കോലം വരയ്ക്കുന്നത് ചില സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ ദിനസരികളില്‍ പെടുന്നു. പ്രത്യേകതരം പൊടികള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം കോലങ്ങള്‍ ലക്ഷ്മീദേവിയെ വീട്ടിലേക്കാനയിക്കുന്നതിനായാണ് വരയ്ക്കപ്പെടുന്നതെന്നാണു സങ്കല്പം. ഗൃഹത്തിലെ സന്തോഷത്തെയും അഭിവൃദ്ധിയെയുമാണ് ഇതു പ്രതിനിധാനം ചെയ്യുന്നത്.
ഭാരതത്തില്‍ മിക്ക സംസ്ഥാനങ്ങളിലും ആഘോഷിച്ചുവരുന്ന നവരാത്രി ആഘോഷങ്ങളില്‍ സ്ത്രീ സാന്നിധ്യം വളരെ പ്രകടമാണ്. ആദിപരാശക്തിയെ ഒമ്പത് വ്യത്യസ്തദേവീരൂപങ്ങളില്‍ ആരാധിക്കുന്ന നവരാത്രി കാലങ്ങളില്‍ നടക്കുന്ന നാരീപൂജയില്‍ ഓരോ ദിവസവും ഓരോ പ്രായക്കാരായ സ്ത്രീകളെയാണ് പൂജിക്കുന്നത്. സ്ത്രീ ആത്മീയമായും ഭൗതികമായും ഏറ്റവുമധികം അംഗീകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന ഒരു ആഘോഷമാണിത്. പുരുഷനു കഴിയാതിരുന്ന മഹിഷാസുര നിഗ്രഹം സ്ത്രീയായ ദുര്‍ഗ്ഗാദേവി സാധ്യമാക്കിയതിന്റെ ഓര്‍മ്മപുതുക്കലായാണ് നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നത്.
ഉത്തരേന്ത്യയില്‍ പ്രചാരത്തിലിരിക്കുന്നതും ദക്ഷിണേന്ത്യയിലേക്കു വ്യാപിച്ചുകൊണ്ടിിരിക്കുന്നതുമായ ഒരു ആഘോഷമാണ് രക്ഷാബന്ധന്‍. ശ്രാവണപൗര്‍ണ്ണമിക്ക് സഹോദരന്മാരുടെ കയ്യില്‍ രാഖി എന്ന പേരുള്ള അലങ്കാരച്ചരട് കെട്ടുകയും മധുരം നല്കുകയും ചെയ്തുകൊണ്ട്് സ്ത്രീകള്‍ അവരിലൂടെ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ചടങ്ങാണ് ഇത്. അന്നേ ദിവസം സഹോദരന്മാര്‍ സഹോദരിമാര്‍ക്ക് സമ്മാനങ്ങള്‍ നല്കുകയും ചെയ്യും. സാഹോദര്യത്തിന്റെ മാറ്റു കൂട്ടുന്ന ഈ ചടങ്ങിലൂടെ നേരിട്ട് സഹോദരനല്ലാത്ത ഒരാളെ ഒരു സ്ത്രീക്ക് തന്റെ സഹോദരനായി അവരോധിക്കുകയുമാകാമെന്നതാണിതിന്റെ പ്രത്യേകത. തന്റെ കയ്യില്‍ രാഖി കെട്ടുന്ന സ്ത്രീ തന്റെ സ്വന്തം സഹോദരിയല്ലെങ്കില്‍ കൂടി പുരുഷന്‍ അവളെ സഹോദരിയായി കരുതി സംരക്ഷിക്കാന്‍ ബാധ്യസ്ഥനാകുകയാണ് ഈ ചടങ്ങിലൂടെ. സ്ത്രീയുടെ സംരക്ഷണത്തില്‍ പുരുഷന്റെ പങ്ക് ഇതിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്നു.
കേരളത്തിലെയും ആഘോഷങ്ങളില്‍ മിക്കതും സ്ത്രീ കേന്ദ്രീകൃതമാണെന്നു കാണാം. ചിലതില്‍ സ്ത്രീകള്‍ പ്രധാന പങ്കു വഹിക്കുമ്പോള്‍ മറ്റു ചിലതില്‍ പങ്കെടുക്കുന്നത് സ്ത്രീകള്‍ മാത്രമാണ്. മറ്റു ചിലതാകട്ടെ സ്ത്രീയെ ഉദ്ദേശിച്ചുകൊണ്ടുള്ളവയുമാണ്.
പഞ്ഞക്കര്‍ക്കിടകം വഴിമാറി സമൃദ്ധിയുടെ സൗഖ്യം പേറുന്ന ആവണിമാസം പിറക്കുമ്പോള്‍ അതിനെ വരവേല്‍ക്കാനായി കര്‍ക്കിടകമാസത്തിലെ അവസാന ദിവസം ‘പഞ്ചും പിഞ്ചും കളയുക’ എന്ന ചടങ്ങുണ്ട് കേരളത്തില്‍. ഈ ചടങ്ങിന് മുഖ്യപങ്കു വഹിക്കുന്നത് സ്ത്രീകളാണ് . അന്നു വൈകിട്ട് വീടുമുഴുവന്‍ അടിച്ചുവാരി ആ മാലിന്യങ്ങള്‍, പഴയ ചൂല്‍, ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ സഹിതം പഴമുറത്തില്‍ ശേഖരിച്ച്, ഗൃഹനാഥ അത് തലയില്‍ വച്ച് ”ശ്രീ ഭഗവതി അകത്ത്, ജേഷ്ഠാഭഗവതി പുറത്ത്” എന്നു ജപിച്ച് വീടിനു വലം വച്ച് പറമ്പിനുപുറത്തേക്കുകൊണ്ടുപോയി കളയുകയും അതിനുശേഷം കുളിച്ചുവന്ന് ദീപം തെളിയിക്കുകയും ചെയ്യും. ഒട്ടേറെ പ്രാദേശികഭേദങ്ങളുള്ള ഈ ചടങ്ങിന്റെ മുഖ്യകാര്‍മ്മികത്വം എല്ലായിടത്തും സ്ത്രീകള്‍ക്കാണ്.
വൃശ്ചികമാസത്തിലെ കാര്‍ത്തിക പാര്‍വ്വതീദേവിയുടെ ജന്മദിനമാണെന്നാണ് നിശ്വസിക്കപ്പെടുന്നത്. പ്രകൃതി പൂജയുടെ ഉദാത്ത ഉദാഹരണമായ കാര്‍ത്തിക ദിവസം ദേവീപ്രീതികരങ്ങളായ പലചടങ്ങുകളും നടത്തുന്നുണ്ട്. അന്നേദിവസം ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി കാര്‍ത്തികവിളക്കു തെളിക്കാനും വിളകള്‍ക്ക് വിളക്കുകാട്ടുന്നതിനുള്ള ഒരുക്കങ്ങളെല്ലാം ചെയ്യുന്നത് സ്ത്രീകളാണ്. നീണ്ട കമ്പില്‍ കോഞ്ഞാട്ടച്ചൂട്ടു വച്ചുകെട്ടി, അതിന്മേല്‍ തുണിചുറ്റി എണ്ണയൊഴിച്ച് നനച്ചാണ് വിളക്കുണ്ടാക്കുന്നത്. ഇവ കത്തിച്ചു നാട്ടുന്നതും സ്ത്രീകളാണ്. ‘അരിയോഹര’എന്ന വിളിയോടെ കുട്ടികള്‍ ഈ കര്‍മ്മത്തിന് അകമ്പടിയേകുന്നു.
ഉച്ചാര, ഉച്ചാരല്‍ എന്നെല്ലാം അറിയപ്പെടുന്ന കാര്‍ഷികാഘോഷത്തില്‍ സ്‌ത്രൈണസങ്കല്പത്തില്‍ ഭൂമിയെ പരിഗണിക്കുകയും അന്നേദിവസം ഭൂമീദേവി പുഷ്പിണി അഥവാ രജസ്വലയായതായി സങ്കല്പിക്കുകയും ചെയ്യുന്നു. ദേവിക്ക് പ്രഭാതകര്‍മ്മങ്ങള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നു. മുറ്റത്തു ചാണകം മെഴുകി, അതില്‍ നാക്കില വച്ച് അതിന്മേല്‍ ദേവിക്ക് പല്ലുതേക്കാന്‍ ഉമിക്കരി, വാല്‍ക്കണ്ണാടി , വെള്ളം, നാവു വടിക്കാന്‍ ഈര്‍ക്കിലി എന്നിവ ഒരുക്കി വയ്ക്കുന്നു. ഇതോടൊപ്പം ദേവിക്ക് ഭക്ഷിക്കാന്‍ അരി വറുത്ത് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് ഇടിച്ച് ഉണ്ടാാക്കിയ പലഹാരം നിവേദിക്കുന്നു. അന്നേദിവസം രജസ്വലയായ ഭൂമിയ്ക്ക് വിശ്രമമേകണമെന്നും ക്ഷതമുണ്ടാകാന്‍ പാടില്ലെന്നുമുള്ള വിശ്വാസത്തില്‍ ഭൂമി കിളയ്ക്കുകയോ വിളവെടുക്കുകയോ ചെയ്യാറില്ല.
കേരളത്തില്‍ സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ആഘോഷമാണ് ധനുമാസത്തിലെ തിരുവാതിര. ശിവന്റെ ജന്മദിനമായ ഈ ദിവസം മംഗല്യവതികളായ സ്ത്രീകള്‍ ദീര്‍ഘമാംഗല്യത്തിനായും, കന്യകമാര്‍ നല്ല വരനെ ലഭിക്കുന്നതിനു വേണ്ടിയും തിരുവാതിരവ്രതം നോല്‍ക്കുന്നു. ശ്രീപരമേശ്വരനെ ഭര്‍ത്താവായി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ പാര്‍വ്വതീദേവി വനത്തില്‍ ആടിയും പാടിയും താംബൂലം ചവച്ചും തുടിച്ചുകുളിച്ചും ഊഞ്ഞാലാടിയും രസിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് അതിനെ അനുകരിച്ച് മകയിരവും തിരുവാതിരയും ചേര്‍ന്ന രാവില്‍ സ്ത്രീകള്‍ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് സങ്കല്പം. അതിനാല്‍ തന്നെ ദേവിയെ അനുകരിച്ച് സ്ത്രീകള്‍ തിരുവാതിരനാള്‍ പുലരുന്നതിനു മുമ്പ് തുടിച്ചുകുളിക്കുകയും ദശപുഷ്പം ചൂടുകയും വെറ്റിലമുറുക്കുകയും തിരുവാതിരയാടി രസിക്കുകയും ചെയ്യുന്നു. അന്നത്തെ ഒരു പ്രധാന ചടങ്ങാണ് എട്ടങ്ങാടി നിവേദ്യം. കാച്ചില്‍, നേന്ത്രക്കായ, ചേമ്പ്, വന്‍പയര്‍, ശര്‍ക്കര, വറുത്ത എള്ള്, ചെറുതായി നുറുക്കിയ നാളികേരം എന്നിവ കൊണ്ടാണ് എട്ടങ്ങാടി നിവേദ്യം തയ്യാറാക്കുന്നത്. തിരുവാതിര ദിവസം പുരുഷന്മാര്‍ തങ്ങളുടെ സ്ത്രീകള്‍ക്ക് പുതുവസ്ത്രങ്ങള്‍ സമ്മാനിക്കണമെന്നതു നിര്‍ബന്ധമാണ്. ഒരു സ്ത്രീ വിവാഹിതയായ ശേഷമുള്ള ആദ്യത്തെ തിരുവാതിരയ്ക്കാണ് പൂത്തിരുവാതിര എന്നു പറയുന്നത്. ഇത് ഏറെ പ്രാധാന്യത്തോടെയാണ് ആഘോഷിച്ചുപോരുന്നത്.
ലോകത്തില്‍ ഏറ്റവുമധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ഉത്സവമെന്ന പേരില്‍ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ഒരു ആഘോഷമാണ്. തലേ ദിവസം മുതല്‍ തിരുവനന്തപുരത്തേക്ക് പ്രവഹിച്ചുതുടങ്ങുന്ന സ്ത്രീജനങ്ങള്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നിറയുന്നു. പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന രീതിയില്‍ അരി, ശര്‍ക്കര, തേങ്ങ, നെയ്യ്, പഴം എന്നിവ ചേര്‍ത്ത് ദേവിക്ക് പൊങ്കാലയര്‍പ്പിക്കുന്ന നിര്‍വൃതിയോടൊപ്പം തന്നെ, സ്വതന്ത്രമായി നഗരത്തിലെവിടെയും തലേന്നു രാത്രിമുതല്‍ യഥേഷ്ടം വിഹരിക്കാനുള്ള അവകാശവും സ്ത്രീകള്‍ ഉള്ളുതുറന്ന് അനുഭവിക്കുന്നുവെന്നതാണ് ഈ ആഘോഷത്തിന്റെ വൈകാരികത. ആരും തന്നെ സ്ത്രീകളെ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ഇല്ല എന്നു മാത്രമല്ല ആവശ്യമായ എന്തു സഹായവും ചെയ്തുകൊടുക്കുകയും ചെയ്യും. ഒരു പക്ഷേ സമൂഹത്തില്‍ നിന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്ന പരിഗണനയും സ്വാതന്ത്ര്യവും തണലും അന്നേദിവസം അവര്‍ക്ക് ലഭ്യമാകുന്നുവെന്നതാണ് ഈ ദിവസത്തിന്റെ ഏറ്റവും വലിയ സവിശേഷത.
പുരുഷനോടൊപ്പം എല്ലാമേഖലയിലും അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന സ്ത്രീക്ക് ആഘോഷാവസരങ്ങളില്‍ അന്നും ഇന്നും ഉള്ള പ്രാമുഖ്യം അനിഷേധ്യമാണ്. അത് കൃത്യമായി അനുവര്‍ത്തിക്കുന്നതിലൂടെ സ്ത്രീ, സമൂഹത്തിന്റെ ശക്തിമത്തായ ഒരു ഭാഗമായി മാറുന്നു. കുഞ്ഞുങ്ങളെ പ്രസവിച്ചും അടുക്കളജോലി ചെയ്തും പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി സേവനം ചെയ്തും കഴിയുന്ന ഒരു ജന്മമെന്നതിലുപരി, സമൂഹത്തിന്റെ സാംസ്‌കാരിക വൈശിഷ്ട്യങ്ങള്‍ നിലനിര്‍ത്തുന്നതില്‍ തങ്ങള്‍ക്കുള്ള പങ്ക് ഇത്തരം ആഘോഷങ്ങളിലൂടെ സ്ത്രീകള്‍ ഇന്നും ഉച്ചൈസ്തരം പ്രഘോഷണം ചെയ്യുക തന്നെയാണ്.