ആത്മീയചിന്തകള്‍ക്കും ആചാരങ്ങള്‍ക്കും തദനുബന്ധമായ വിശകലനങ്ങള്‍ക്കും മനുഷ്യന്റെ വിവേചനസാമര്‍ത്ഥ്യത്തിന്റെ ആരംഭത്തോളംതന്നെ പഴക്കമുണ്ട്. നമ്മുടെ പൂര്‍വ്വികരുടെ ഈ ദിശയിലുള്ള നിസ്തന്ദ്രപരിശ്രമങ്ങള്‍ ഉരുവാക്കിയെടുത്ത വിശകലനങ്ങളുടെ ക്രോഡീകൃതരൂപങ്ങളായിരുന്നു വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം. മനുഷ്യമനസ്സിനെ വിമലീകരിക്കുക എന്നുളളതായിരുന്നു ഈ പരിശ്രമങ്ങളുടെയെല്ലാം ആത്യന്തികമായ ഉദ്ദേശ്യം. രാമായണവും, മഹാഭാരതവും പോലുള്ള ഇതിഹാസങ്ങള്‍ കഥാരൂപത്തില്‍ മനുഷ്യമനസ്സിനെ പരിഷ്‌കൃതമാക്കാന്‍ അക്കാലത്ത് ഉരുവമെടുത്തു. മഹാഭാരതത്തിലെ ‘ഭീഷ്മപര്‍വ്വ’ത്തില്‍ പ്രതിപാദിക്കപ്പെട്ട ഭഗവദ്ഗീത മനുഷ്യചിന്താഗതികളുടെ ഉദ്ധാരണത്തിന് കുറച്ചൊന്നുമല്ല ഉപയുക്തമായത്. ഭാരതത്തില്‍ മാത്രമല്ല, വിദേശങ്ങളില്‍പ്പോലും വേരോടിപ്പടര്‍ന്ന ഗീതാസന്ദേശങ്ങള്‍ ആ ഗ്രന്ഥത്തിന്റെ ആശയസമ്പുഷ്ടിയുടെ പുഷ്‌കലതയ്ക്കുതന്നെയാണ് തെളിവു ചൊല്ലുന്നത്. അമേരിക്കയിലെ ന്യൂ ജെഴ്‌സിയിലുള്ള സെറ്റന്‍ ഹാള്‍ യൂണിവേഴ്‌സിറ്റിപോലുള്ള പല വൈദേശിക സര്‍വ്വകലാശാലകളും ഭഗവദ്ഗീത നിര്‍ബ്ബന്ധിത പാഠ്യവിഷയമാക്കിയിട്ടുണ്ട് എന്ന വസ്തുത, ആ മഹദ്ഗ്രന്ഥത്തിന്റെ ഇന്നും പ്രസക്തമായ ആശയഗഹനതയുടെ അംഗീകാരത്തിനുള്ള സാക്ഷ്യമായി വിളങ്ങുന്നുണ്ട്.
മഹാഭാരതത്തിലെ 830 മുതല്‍ 1531 വരെയുള്ള 701 ശ്ലോകങ്ങെള, ‘യോഗ’മെന്നു പേരിടപ്പെട്ട 18 അദ്ധ്യായങ്ങളായാണ് വേദവ്യാസന്‍ നമുക്കുവേണ്ടി കൃഷ്ണനിലൂടെ ഗീതയായി പാടിയിരിക്കുന്നത്. (ഭഗവദ്ഗീതയിലെ ശ്ലോകങ്ങളുെട എണ്ണം മൊത്തം എഴുനൂറാണ് എന്നു പറയാറുണ്ടെങ്കിലും പല ഗീതാഗ്രന്ഥങ്ങളിലും എഴുനൂറ്റി ഒന്നു ശ്ലോകങ്ങള്‍ കാണാറുണ്ട്. പതിമൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ അര്‍ജ്ജുനന്‍ ചോദിക്കുന്ന,
പ്രകൃതിം പുരുഷം ചൈവ
ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി
ജ്ഞാനം ജ്ഞേയം ച കേശവ
(കേശവ! പ്രകൃതി, പുരുഷന്‍, ക്ഷേത്രം, ക്ഷേത്രജ്ഞന്‍, അറിവ്, അറിയപ്പെടേണ്ടത് എന്നിവയെക്കുറിച്ച് വിശദമായി ഗ്രഹിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്) എന്ന ചോദ്യംകൂടി ഉള്‍പ്പെടുമ്പോഴാണ് ഗീതയില്‍ എഴുനൂറ്റി ഒന്നു ശ്ലോകങ്ങളുണ്ടാവുന്നത്. അര്‍ജ്ജുനന്‍ ഉന്നയിക്കുന്ന ഈ ചോദ്യം ഗീതയുടെ ശങ്കരഭാഷ്യത്തില്‍ കാണാറില്ല. ശങ്കരഭാഷ്യത്തിന്റെ പക്ഷം പിടിച്ചുകൊണ്ടാണ് ഗീതയില്‍ എഴുനൂറു ശ്ലോകങ്ങളാണ് ഉള്ളത് എന്ന് സാധാരണ പറഞ്ഞു പോരുന്നത്).
വേദോപനിഷത്തുകള്‍ കടഞ്ഞെടുത്ത നവനീതമാണ് ഭഗവദ്ഗീത എന്നു പറയാറുണ്ട്. ശ്രീകൃഷ്ണാര്‍ജ്ജുനസംവാദരൂപത്തിലുള്ള ഗീത, വ്യാസമഹര്‍ഷിയുടെ സന്ദേശവും ജീവിതവീക്ഷണവുമാണ.് ‘ഋതുക്കളില്‍ ഞാന്‍ വസന്തമാണ്’-എന്നാണ് ഭഗവാന്‍ ഗീതയില്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഋതുക്കളിലെ ചേതോഹരമായ കാലവിഹിതമാണ് വസന്തം. മറ്റുള്ളവര്‍ക്ക് ആഹ്ലാദപ്രദമാകുന്ന വര്‍ണ്ണവൈവിധ്യങ്ങളുടെയും ഗന്ധവൈശിഷ്ട്യങ്ങളുടെയും സമ്യക്‌സമ്മേളനത്തിന്റെ പുഷ്ടകാലമാണത്. തനിക്കു ചുറ്റുമുള്ള ആശ്രിതര്‍ക്ക് സ്‌നേഹസാന്ത്വനങ്ങളുടെ സൗവര്‍ണ്ണസുഗന്ധങ്ങള്‍ യഥേഷ്ടം പകര്‍ന്നാഹ്ലാദമൂട്ടുന്ന കൃഷ്ണന്‍ ദേവകുലത്തിലെ വസന്തവൈശിഷ്ട്യമല്ലാതെ മറ്റെന്താണ്? അദ്ദേഹത്തിന്റെ വചനങ്ങള്‍ ഭഗവദ്ഗീതമാവുന്നതില്‍ അത്ഭുതമെന്താണുള്ളത്? മഹാത്മാക്കള്‍ തങ്ങള്‍ക്കു ചുറ്റും അറിവിന്റെ വെളിച്ചം പരത്തി സഹജീവികളെ ആനന്ദിപ്പിക്കുമല്ലൊ. അതാണ് ഗീതയിലൂടെ ശ്രീകൃഷ്ണഭഗവാനും സാധിച്ചെടുത്തിരിക്കുന്നത്.
ജീവിതത്തിന്റെ സര്‍വ്വഘട്ടങ്ങളിലുള്ള സമസ്യകള്‍ക്കും ഗീതയില്‍ ഉത്തരമുണ്ട് എന്ന യാഥാര്‍ത്ഥ്യമാണ് ആ ദിവ്യഗ്രന്ഥത്തെ ഉദാത്തമാക്കുന്നത്. അതുകൊണ്ടാണ് ഗീത ധര്‍മ്മജ്ഞാനങ്ങളുടെ രത്‌നാകരമാണെന്ന് ഐന്‍സ്റ്റീനെപ്പോലുള്ള മഹാപണ്ഡിതന്മാര്‍പോലും അഭിപ്രായപ്പെട്ടത്. ആ ഗീതോപദേശത്തെ, അങ്ങനെത്തന്നെ സ്വീകരിച്ച് സ്വാംശീകരിച്ച അര്‍ജ്ജുനന് അതുനിമിത്തമാണ് കൃഷ്ണന്‍ എന്ന പേരുണ്ടായത്. കൃഷ്ണാര്‍ജ്ജുനന്മാരുടെ കര്‍മ്മതേജസ്സിനെ ഏകീകരിക്കാന്‍ തീവ്രപ്രയത്‌നം ചെയ്ത വ്യാസമഹര്‍ഷിയുടെ പേരും കൃഷ്ണന്‍ എന്നുതന്നെയാണല്ലൊ. ഉപദേശിക്കുന്നവനും കേള്‍ക്കുന്നവനും പുനരാലേഖനം ചെയ്യുന്നവനുമെല്ലാം കൃഷ്ണനില്‍ സമ്മേളിതമാവുന്ന അത്ഭുതമാണ് നമ്മള്‍ ഗീതയില്‍ ദര്‍ശിക്കുന്നത്.
എല്ലാ ജീവജാലങ്ങളിലും ൈദവസാന്നിധ്യം വാസ്തവമാണെങ്കിലും അത് തിരിച്ചറിഞ്ഞ് ആ സാന്നിധ്യസങ്കേതത്തെ തേച്ചുതെളിച്ച് പുഷ്‌ക്കലമാക്കിയവരാണ് സിദ്ധന്മാര്‍. ആത്മീയസാമ്രാജ്യത്തില്‍ ഇവര്‍ക്ക് കല്പിച്ചു നല്കിയ രാജപട്ടാഭിഷേകത്തിലൂടെയാണ് ഈ സന്യാസിവര്യന്മാര്‍ ലോകഗുരുക്കന്മാരായി ആരാധിക്കപ്പെട്ടത്. മത്സ്യത്തിന്റെയും ആമയുടെയും കാട്ടുപന്നിയുടെയും രൂപങ്ങളില്‍ ദൈവാവതാരസങ്കല്പം സന്നിവേശിപ്പിച്ച് വിശുദ്ധമാക്കി ഭൂഗോളസംവിധാനത്തില്‍ മനുഷ്യര്‍ക്കു മാത്രമല്ല, തിര്യക്കുകള്‍ക്കും തുല്യമായ ഇടമുണ്ടെന്ന് അടയാളപ്പെടുത്തിയ നമ്മുടെ പൂര്‍വ്വസൂരികളുടെ അഭൗമമായ ജ്ഞാനഗഹനതയുടെ പരിമാണം തിരിച്ചറിയുമ്പോഴാണ് അവര്‍ മഹിതരായി തിളങ്ങിക്കൊണ്ട് നമ്മെ അത്ഭുതപ്പെുത്തുന്നത്. ദിവ്യചക്ഷുസ്സുകളുള്ള അവര്‍, ഏകാഗ്രമായ തപസ്സിലൂടെ ധ്യാ നലീനാവസ്ഥയില്‍ സ്വായത്തമാക്കിയ തത്വങ്ങളാണ് വേദോപനിഷത്തുകള്‍പോലുള്ള ജ്ഞാനസഞ്ചയങ്ങള്‍.
കര്‍മ്മവിളംബിതനായ അര്‍ജ്ജുനനെന്ന യോദ്ധാവിനെ ആത്മീയ ഗന്ധമുള്ള തത്വശാസ്ത്രങ്ങളുപദേശിച്ചുകൊണ്ട് കര്‍മ്മനിരതനാക്കുന്ന ജാലവിദ്യയാണ് കൃഷ്ണനിലൂടെ ഗീതയില്‍ വേദവ്യാസന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഉള്ളിലേക്കു നോക്കുന്ന ശാസ്ത്രമാണല്ലൊ ആത്മീയം. മനുഷ്യന്റെ ആന്തരികവൃത്തികളാണ് അതിലെ ഉള്ളടക്കം. ആ ആന്തരികവൃത്തികളെ ക്രമപ്പെടുത്തുന്നതിലൂടെ ഉദാത്തനായ മനുഷ്യന്‍ പിറവിയെടുക്കുന്നു എന്ന സന്ദേശമാണ് ഭഗവദ്ഗീത അര്‍ജ്ജുനനിലൂടെ നമുക്കു തരുന്നത്.
ഭാരതം കണ്ട മഹാതാപസന്മാരില്‍ അതീന്ദ്രിയജ്ഞാനമുള്ള ശ്രേഷ്ഠ തപോനിധിയായിരുന്നു വേദങ്ങള്‍ പകുത്ത കൃഷ്ണദ്വൈപായനന്‍ എന്ന വേദവ്യാസന്‍. പില്ക്കാലത്ത് നടക്കാന്‍ സാധ്യതയുള്ള സര്‍വ്വസമസ്യകളും മുന്‍കൂട്ടിക്കണ്ട് ആ സമസ്യകള്‍ക്കെല്ലാം നിവാരണമുപദേശിച്ച മഹാമുനിയായിരുന്നു അദ്ദേഹം. ചിലര്‍ക്കൂമാത്രം ദൈവദത്തമായി ലബ്ധമായ ആറാമിന്ദ്രിയത്തിന്റെ സാന്നിധ്യം എമ്പാടുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ജനിതകത്തില്‍. ഇന്ന് ആറാമിന്ദ്രിയത്തിന്റെ ജനിതകഘടന ശാസ്ത്രജ്ഞന്മാര്‍ പൊളിച്ചു വായിച്ചു കഴിഞ്ഞിരിക്കുന്നു. അതുവരെ ‘പുരോഗമനവാദി’കളുടെ പരിഹാസപ്പുറങ്ങളായിരുന്നുവല്ലൊ ആറാമിന്ദ്രിയവും ആത്മീയവുമെല്ലാം. ഇന്നും അതിന് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ലെങ്കിലും കൂടുതലാളുകള്‍ ആത്മീയാന്വേഷണങ്ങളിലേക്ക് ദിശ തിരിയുന്നുണ്ട് എന്നുള്ളത് ശുഭോദര്‍ക്കംതന്നെയാണ്.
ത്രേതായുഗത്തില്‍ ശ്രീരാമന്റെ സംശയങ്ങള്‍ക്കെല്ലാം വസിഷ്ഠമുനി മറുപടി പറയുന്നതുപോലെ രചിതമായ, വാത്മീകി മഹര്‍ഷി രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന, മുപ്പത്തീരായിരം ശ്ലോകങ്ങളുള്ള ‘യോഗവാസിഷ്ഠം’-പോലെ, ദ്വാപരയുഗത്തില്‍ അര്‍ജ്ജുനന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ സംശയനിവൃത്തി വരുത്തുന്ന രീതിയിലാണ് ഭഗവദ്ഗീത അനുവാചകനു മുമ്പില്‍ ഉന്മീലിതമാവുന്നത്. രണ്ടാം അധ്യായത്തില്‍ പതിനൊന്നാം ശ്ലോകം തൊട്ടാണ് യഥാര്‍ത്ഥ ഗീതോപദേശം തുടങ്ങുന്നത്. അക്ഷരക്കൂട്ടങ്ങളില്‍ ‘അ’കാരത്തിന് ഭഗവാന്‍, ഈശ്വരന്റെ വിശുദ്ധി നല്കിയിട്ടുള്ളതുകൊണ്ട് ‘അശോച്യാന്‍ അന്യശോചസ്ത്വം’ എന്നു തുടങ്ങുന്ന പതിനൊന്നാം ശ്ലോകംതന്നെയാണ് ഗീതാരംഭമായി കണക്കു കൂട്ടുന്നത്. അതുവരെയുള്ള വിവരണങ്ങളെല്ലാംതന്നെ കുരുക്ഷേത്രഭൂമിയുടെ പശ്ചാത്തലചിത്രീകരണങ്ങളും യോദ്ധുകാമന്മാരെക്കുറിച്ചുള്ള വിവരണങ്ങളുമാണ്.
യുദ്ധോദ്യുക്തനായ അര്‍ജ്ജുനന്‍ ഇരുസേനാസഞ്ചയത്തിന്റെയും നടുവില്‍ തേരുനിര്‍ത്താന്‍ ശ്രീകൃഷ്ണഭഗവാനോട് ആവശ്യപ്പെടുന്നു. യുദ്ധസന്നദ്ധരായി വന്നുനില്ക്കുന്നവരില്‍ അര്‍ജ്ജുനന്‍ കാണുന്നത് തന്റെ മുത്തച്ഛനെയാണ്. അച്ഛനെയാണ്. പുത്രപൗത്രന്മാരെയും ഗുരുനാഥനെയുമാണ്. ബന്ധങ്ങള്‍ പടച്ചുവിട്ട വേപഥുവില്‍ തളര്‍ന്നുപോയ അദ്ദേഹത്തിന് ഉത്സാഹച്യുതിയുണ്ടാവുന്നതും അതു നിമിത്തം അദ്ദേഹം കര്‍മ്മവിമുഖനാവുന്നതുമാണ്, അവിടെ അത്ഭുതത്തോടെ കൃഷ്ണന്‍ കാണുന്നത്. അര്‍ജ്ജുനന്‍ പ്രദര്‍ശിപ്പിച്ച ഈ കര്‍മ്മവൈമുഖ്യത്തിന് അറുതി വരുത്തി അദ്ദേഹത്തെ കര്‍മ്മോന്മുഖനാക്കാന്‍ അച്യുതന്‍ കൊടുത്ത ഉപദേശാമൃതമാണ് ഭഗവദ്ഗീത. ഇന്നും എന്നും ബോധചാഞ്ചല്യത്തിന്റെ ഉഷ്ണഭൂമിയില്‍ ദിക്കറ്റുഴലുന്നവര്‍ക്ക് ഗീത ഒരു കുളിര്‍ജലനികേതമാവുന്നു എന്നുള്ളതാണ് ശ്രീമദ് ഭഗവദ്ഗീതെയ കാലാതിവര്‍ത്തിയാക്കി നിലനിര്‍ത്തുന്നത്.
സുഖദു:ഖങ്ങളും ജൈവബന്ധങ്ങളും എത്രതന്നെ പ്രലോഭിപ്പിച്ചാലും ‘സ്വധര്‍മ്മം’, അതായത് താന്‍ ചെയ്തുതീര്‍ക്കേണ്ടതായ ജോലി, ധര്‍മ്മവിരുദ്ധമായി തോന്നരുത് എന്നാണ് അര്‍ജ്ജുനനെ ശ്രീകൃഷ്ണന്‍, ‘ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണ:’ എന്ന് തുടങ്ങുന്ന ശ്ലോകത്തിലൂടെ ഉദ്‌ബോധിപ്പിക്കുന്നത്. തന്റെ ജോലി അത്രമേല്‍ മേന്മയൊന്നുമില്ലാത്തതാണെങ്കിലും അതിന്റെ ആത്മാര്‍ത്ഥമായ അനുസന്ധാനം ശ്രേയസ്സുണ്ടാക്കുമെന്നാണ് ഈ ഗീതാസൂക്തത്തിലൂടെ ഭഗവാന്‍ സാക്ഷ്യപ്പെടുത്തുന്നത്.
‘നാത്യന്ത ഗുണവത് കിഞ്ചിത്
ന ചാപ്യത്യന്തനിര്‍ഗ്ഗുണം
ഉഭയം സര്‍വ്വകാര്യേഷു
ദൃഷ്യതേ സാധ്വസാധു വാ.’
എല്ലാം തികഞ്ഞതോ എല്ലാംകൊണ്ടും ദുഷിച്ചതോ ആയ തൊഴിലുകള്‍ ഇല്ല. ഏതു തൊഴിലായാലും അതിന് നല്ലതും ദുഷിച്ചതുമായ വശങ്ങള്‍ ഉണ്ടാവും എന്നാണ് ഗീതയിലൂടെ കൃഷ്ണന്‍ ലോകത്തോട് വിളിച്ചു പറയുന്നത്.
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും തുല്യപ്രാധാന്യമുള്ളവയാണ്. അവയ്‌ക്കോരോന്നിനും ഓരോ തൊഴില്‍ (ജോലി) പകുത്തു നല്കിക്കൊണ്ടാണ് സ്രഷ്ടാവ് സൃഷ്ടികര്‍മ്മം നിര്‍വഹിച്ചിരിക്കുന്നത്. അവ ഓരോന്നും അതിനെയേല്പിച്ച ജോലികള്‍ മുടക്കമേതുമില്ലാതെ ചെയ്തുകൊണ്ടിരിക്കുന്നു. ജോലി വ്യത്യസ്തങ്ങളാണെങ്കിലും അതില്‍ മേന്മതിന്മകള്‍ ദര്‍ശിക്കാതെ സര്‍വ്വ അവയവങ്ങളും സ്വന്തം കര്‍ത്തവ്യം നിറവേറ്റുമ്പോഴാണ് ശരീര പ്രകിയകള്‍ മുന്നോട്ടുപോകുന്നത്. ഏതെങ്കിലുമൊന്ന് തന്റെ ജോലിക്ക് മുടക്കം വരുത്തുമ്പോള്‍ ആരോഗ്യം അവതാളത്തിലാകുന്നു. മനുഷ്യകുലത്തിലും ഇങ്ങനെ ഓരോ കര്‍ത്തവ്യവും ചുമന്നുകൊണ്ടാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്. അവരില്‍ ചിലര്‍ ഡോക്ടറാവും. മറ്റുചിലര്‍ അധ്യാപകരാവും. ചിലര്‍ കര്‍ഷകരും വേറെചിലര്‍ മുടിവെട്ടുകാരുമാകും. സൂക്ഷ്മമായി നോക്കിയാല്‍ ഇതില്‍ ഏതു തൊഴിലിനെയാണ് മഹത്തരമെന്നും മ്ലേച്ഛമെന്നും തരംതിരിക്കാനാവുക? ഇവരെല്ലാം ഒത്തുചേരുമ്പോഴല്ലേ സമൂഹത്തിന് സ്വയംപര്യാപ്തി ഉണ്ടാവുകയുള്ളൂ? ഒരു കുട്ടിയെ മറ്റൊരു കുട്ടിയോട് താരതമ്യം ചെയ്യരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്. അതുപോലെത്തന്നെയാണ് പ്രകൃതിയിലെ സമസ്ത ചരാചരങ്ങളുടെയും സ്ഥിതി. അവയൊക്കെ അവയെ ഏല്പിച്ച കര്‍ത്തവ്യം മടികൂടാതെ അനുസ്യൂതം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു. സിലിക്ക, മണ്ണില്‍ കിടക്കുമ്പോള്‍ വെറും മണലാണ്. അത് ഒരു ഇലക്‌ട്രോണിക്ക് ചിപ്പിന്റെ ഭാഗമാവുമ്പോള്‍ അത്ഭുതങ്ങള്‍ നിര്‍വഹിക്കുന്ന സിലിക്കയായി അത് മാറുന്നു. അതേപോലെത്തന്നെയാണ് ക്വാര്‍ട്ട്‌സ് കല്ലിന്റെയും അവസ്ഥ. മണ്ണില്‍ക്കിടക്കുമ്പോള്‍ വെറും കല്ലാണെങ്കിലും വാച്ചിനുള്ളിലെത്തുമ്പോള്‍ സമയക്ലിപ്തതയോടെ വാച്ചിനെ നിയന്ത്രിച്ച് സമയം കൃത്യമായി അത് നമുക്ക് കാണിച്ചുതരുന്നു. ഓരോന്നും ഇരിക്കേണ്ട സ്ഥാനങ്ങളിലെത്തുമ്പോഴേ അതിന്റെ മഹത്വം വെളിപ്പെടുന്നുള്ളു എന്നാണ് ഭൂമിയിലെ ഓരോ വസ്തുക്കളും സ്വയം ഉദാഹരിച്ചുകൊണ്ട് മൗനമായി ലോകത്തോട് വിളിച്ചു പറയുന്നത്. ഇതുതന്നെയാണ് മനുഷ്യരുടെയും സ്ഥിതി. അവര്‍ പ്രകൃതി തങ്ങള്‍ക്ക് കാത്തുവെച്ച കര്‍മ്മമണ്ഡലങ്ങളിലെത്തുമ്പോള്‍ നക്ഷത്രദീപ്തിയോടെ കര്‍ത്തവ്യനിരതരായി തിളങ്ങുന്നു.
ഭൂമിയില്‍ പിറന്നുവീഴുന്ന ഓരോ ജീവിയെയും ഓരോ ദൗത്യമേല്പിച്ചുകൊണ്ടാണ് പ്രകൃതി ഭൂമിയിലേക്കയച്ചിരിക്കുന്നത് എന്നാണ് പറഞ്ഞുവരുന്നത്. നമ്മളൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന ൈദനംദിന പ്രക്രിയകളില്‍ നമ്മെ ഏല്പിച്ച ആ ദൗത്യം പരോക്ഷമായെങ്കിലും പ്രതിഫലിച്ചു കിടക്കുന്നുണ്ട്. അത് നിരസിക്കാന്‍ ആര്‍ക്കും ആവുകയുമില്ല. അത് നിരസിക്കുന്നതുകൊണ്ട് താളം തെറ്റുന്നത് പ്രകൃതിയൊരുക്കിയ സമതുലിതാവസ്ഥയാണ്. ഇടതുകൈ ഇടതുഭാഗത്തിരിക്കുകയില്ലെന്ന് ശാഠ്യം പിടിച്ചാല്‍ ആ സ്ഥാനത്തിരുന്ന് ആരാണ് കര്‍മ്മനിര്‍വ്വഹണം നടത്തുക? കെട്ടിടത്തിന്റെ മൂലക്കല്ല്, താഴെയിരിക്കാതെ മുകളിലേ ഇരിക്കൂ എന്ന് വാശി പിടിച്ചാല്‍ എങ്ങനെയാണ് കെട്ടിടമുയരുക? താഴെയോ മുകളിലോ എന്നല്ല, കെട്ടിടത്തിന്റെ നിര്‍മ്മിതിയില്‍ തനിക്കുള്ള കര്‍ത്തവ്യനിര്‍വ്വഹണത്തിലൂടെ മാത്രമേ തന്റെ കടമ പൂര്‍ത്തിയാവൂ എന്ന തിരിച്ചറിവാണ് ആവശ്യം. അപ്രകാരം, പ്രപഞ്ചത്തിലെ ഓരോ ചരാചരങ്ങളും തങ്ങളുടെ കര്‍ത്തവ്യം നിസ്തന്ദ്രം നിര്‍വ്വഹിച്ചുകൊണ്ടുതന്നെയാണ് വര്‍ത്തിക്കുന്നത്. അതില്‍ വലുതും ചെറുതുമില്ല. ലോകത്തിന്റെ നിലനില്പിന് അതോരോന്നും അനിവാര്യവുമാണ്.
സൂര്യനില്‍നിന്ന് പ്രകാശവും മണ്ണില്‍നിന്ന് ധാതുക്കളും സ്വീകരിച്ച് കായ്കനികളും കിഴങ്ങുകളും നിര്‍മ്മിച്ചുകൊണ്ട് ഭൂമിയിലെ സസ്യഭുക്കുകള്‍ക്കും മിശ്രഭുക്കുകള്‍ക്കുമെല്ലാം ഭക്ഷണമൊരുക്കുന്ന കുശിനിപ്പണിയാണ് മരങ്ങളെ പ്രകൃതി ഏല്പിച്ചിരിക്കുന്നത്. മരങ്ങളെ ആഹാരമാക്കിക്കൊണ്ട് അവയെ പെരുകാതെ സൂക്ഷിക്കുക എന്ന ദൗത്യമാണ് മാനും ആനയും പശുവും ആടുംപോലുള്ള മൃഗങ്ങളുടെ കര്‍ത്തവ്യം. അതവര്‍ ഒരു ചോദനപോലെ ചെയ്തു തീര്‍ക്കുന്നു. അവയുടെ ജനിതകത്തില്‍ ഈ കര്‍ത്തവ്യം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെത്തന്നെ, ഈ മൃഗങ്ങളുടെ എണ്ണപ്പെരുക്കം നിയന്ത്രിക്കുകയാണ് സിംഹങ്ങളും പുലികളും കഴുകനും പോലുള്ള ഇറച്ചിതീനികളുടെ ദൗത്യം. കണ്ടാല്‍ ക്രൂരമെന്നു തോന്നുമെങ്കിലും ആ ക്രൂരത പ്രകൃതിയുടെ സന്തുലിതസ്ഥിതിക്ക് അനിവാര്യമാണ്. അതുകൊണ്ടാണ് മാംസഭുക്കുകള്‍ക്ക് സസ്യജന്യമായ ഭക്ഷണത്തോട് ജന്മനാതന്നെ വൈമുഖ്യം പ്രകൃതി കല്പിച്ചിരിക്കുന്നത്. താന്‍ ചെയ്യുന്ന കര്‍മ്മം ഹിംസാത്മകമാണെന്നു കരുതി സിംഹം തന്റെ കര്‍മ്മത്തില്‍നിന്ന് വിട്ടുനിന്നാല്‍ ഇവിടെ ആടും പോത്തുംപോലുള്ള മൃഗങ്ങള്‍ പെരുകും. അവ മരങ്ങള്‍ മുഴുവന്‍ തിന്നുതീര്‍ക്കും. മരങ്ങളില്ലെങ്കില്‍ ഇവിടെ ജീവികള്‍ക്ക് ഭക്ഷണമെവിടെ? പ്രാണവായു എവിടെ? മഴയെവിടെ? വെള്ളമെവിടെ? ഹിംസ്രങ്ങളെന്ന് വിലക്കിയൊതുക്കുന്ന ജന്തുക്കള്‍പോലും നിര്‍മ്മാണാത്മകമായ കര്‍മ്മങ്ങളില്‍ത്തന്നെയാണ് വ്യാപൃതമായിരിക്കുന്നത് എന്ന് ഈ വിശകലനം മതിയല്ലൊ കൃത്യമായി മനസ്സിലാകാന്‍. ഓരോ കര്‍മ്മവും ശ്രേഷ്ഠമെന്നോ മ്ലേച്ഛമെന്നോ ഉള്ള തരംതിരിവുകളില്ലാതെ എല്ലാം മഹത്തരമാണെന്നാണ് ഇതിലൂടെ പ്രകൃതിതന്നെ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ‘തസ്‌മൈ നമഃ കര്‍മ്മണൈ’ എന്ന് സനാതനമതം അനുശാസിക്കുന്നത്. ‘കര്‍മ്മമേ, നിന്നെ ഞാന്‍ നമിക്കുന്നു’ എന്നാണല്ലൊ അതിന്റെ അര്‍ത്ഥം. ഈ സിദ്ധാന്തത്തിലൂടെ അവനവന്റെ തൊഴില്‍ ദൈവസമാനമാവുന്നു. ദൈവത്തിലേക്ക് എത്താനുള്ള മാര്‍ഗ്ഗമാവുന്നു. സംപൂജ്യമാവുന്നു.
പ്രകൃതി ഏല്പിച്ച ഈ ദൗത്യപരിപാലനത്തിന് ചില ‘അഡ്ജസ്റ്റ്‌മെന്റു’ കളൊക്കെ പ്രകൃതിതന്നെ പ്രദാനം ചെയ്തിട്ടുണ്ടെന്ന് സൂക്ഷ്മദൃക്കുകള്‍ക്ക് മനസ്സിലാക്കാനാവും. ഉദാഹരണത്തിന്, വനങ്ങളില്‍ വെരുകുകളും കീരികളും ഇരതേടുന്നത് ഷിഫ്റ്റ് സമ്പ്രദായത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദേവിക സംഗമിത്ര എന്ന ഗവേഷക, സൈലന്റ് വാലിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെയാണ് വന്യജീവികളുടെ ഈ വിചിത്രസ്വഭാവം ലോകമറിയുന്നത്. വൈകുന്നേരം നാലു മുതല്‍ ഏഴുവരെയുള്ള സമയത്ത് പൂവെരുക് ഇരതേടല്‍ മതിയാക്കി കൂട്ടിലേക്ക് മടങ്ങുമ്പോഴാണ് തവിടന്‍ വെരുക് കൂട്ടില്‍നിന്ന് പുറത്തിറങ്ങുക. രാത്രി ഒമ്പതുമണിയോടെ അത് പണി മതിയാക്കി തന്റെ പാര്‍പ്പിടത്തിലേക്ക് പുറപ്പെടും. തവിടന്‍ കീരിയും ചെങ്കീരിയും തമ്മിലും ഇത്തരത്തിലുള്ള ‘അഡ്ജസ്റ്റ്‌മെന്റു’കള്‍ നടത്തുന്നുണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഒരേ ഭക്ഷണസ്വഭാവമുള്ള ഇവയ്ക്കിടയില്‍ ഉണ്ടായേക്കാവുന്ന, ‘വിഭവവിഭജന’ത്തിലെ മത്സരമൊഴിവാക്കാന്‍ വേണ്ടിയാണ് പ്രകൃതി ‘ഡ്യൂട്ടി’ വേളയിലുള്ള ഈ സമയവിഭജനം ജീവികളുടെ ജീനുകളിലൂടെ ക്രമീകരിച്ചെടുത്തിരിക്കുന്നത്.
ചിന്താശീലംകൊണ്ടും അനുഭവംകൊണ്ടും ധര്‍മ്മങ്ങളുടെയും കര്‍മ്മങ്ങളുടെയും രീതി കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നുണ്ട് എന്നിരുന്നാലും, ഓരോ ജീവിക്കും തങ്ങള്‍ക്ക് അനുയോജ്യമായ സുരക്ഷിതമായ ഒരിടം ഒരുക്കിത്തരുകയാണ് പ്രകൃതി ചെയ്യുന്നത്. ഓരോരുത്തരുടെയും പ്രകൃതമനുസരിച്ചായിരിക്കും അവനെ പ്രകൃതിയേല്പിക്കുന്ന ധര്‍മ്മം. സ്വജനങ്ങളെ അരിഞ്ഞുവീഴ്ത്താന്‍ മടിച്ചുനില്ക്കുന്ന അര്‍ജ്ജുനനോട് കൊലപോലും നീതിപൂര്‍വ്വകമാണെന്ന് ഭഗവാന്‍ ഉപദേശിക്കുന്നത് ഇപ്പറഞ്ഞ വാദഭൂമികയില്‍ ചവിട്ടിനിന്നുകൊണ്ടാണ്.
യുദ്ധഭൂമിയില്‍ ആയുധമെടുക്കുന്നതാണ് യോദ്ധാവിന്റെ ധര്‍മ്മം. അവിടെ ബന്ധപാശങ്ങളെ താലോലിക്കുന്നതിലൂടെ നീതിധര്‍മ്മങ്ങളാണ് തലയറ്റുവീഴുന്നത്. അതുകൊണ്ട് അവിടെ കൊല്ലും കൊലയും അനിവാര്യങ്ങളാണ്. നീതി പുലരുന്നതിനുള്ള ചാലകങ്ങളാണവ. മൃത്യുവിന്റെ വാചാലമൗനം യുദ്ധപ്പറമ്പിന്റെ വ്യാകരണമാണ്. ഈ സത്യമാണ് അര്‍ജ്ജുനനെ ഗീതയിലൂടെ ഭഗവാന്‍ ഓര്‍മ്മപ്പെടുത്തുന്നത്.
ഗീതോപദേശം കഴിഞ്ഞ് ഭഗവാന്‍ അര്‍ജ്ജുനനോട് ‘നിന്റെ ചിത്തവിഭ്രാന്തി മാര്‍ജ്ജനം ചെയ്യപ്പെട്ടു കഴിഞ്ഞില്ലേ അര്‍ജ്ജുനാ?’ എന്നു ചോദിക്കുന്നുണ്ട്. അതുവരെ ചിന്താക്കുഴപ്പത്തിനടിമയായിരുന്ന അര്‍ജ്ജുനന്‍ ഉന്മേഷവാനായി ‘ഉവ്വ് കൃഷ്ണാ’ എന്ന് മറുപടി പറഞ്ഞുകൊണ്ട് കര്‍മ്മോത്സുകനായി വില്ലെടുക്കുന്നതാണ് പിന്നീട് നമ്മള്‍ കാണുന്നത്.
‘അര്‍ജ്ജുനവിഷാദയോഗ’ത്തില്‍ തുടങ്ങി േയാഗസംബന്ധിയായി പറയപ്പെട്ട, പതിനെട്ടധ്യായങ്ങളിലെ എഴുനൂറു ശ്ലോകങ്ങളിലൂടെയാണ് ‘ഗീതോപനിഷത്ത്’ എന്ന മറ്റൊരുപനിഷത്തിന്റെ ശ്രേഷ്ഠത കല്പിച്ചു നല്കിക്കൊണ്ട് ഭഗവദ്ഗീത അര്‍ജ്ജുനനു മുമ്പില്‍ ഉന്മീലിതമാക്കി ഭഗവാന്‍ വില്ലെടുപ്പിക്കുന്നത്. കര്‍മ്മവിമുഖനെ ഉത്സാഹഭരിതനാക്കുന്ന ജാലവിദ്യയാണ് ഭഗവാന്‍ കൃഷ്ണന്‍ ഗീതയിലൂടെ വിജയകരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്ന് മുമ്പു സൂചിപ്പിച്ചത് ഈ സത്യത്തെ മനസ്സില്‍ കണ്ടുകൊണ്ടാണ്.
മുക്തികോപനിഷത്തിലെ പരാമര്‍ശമനുസരിച്ച് 1180 ഉപനിഷത്തുക്കള്‍ ചതുര്‍വ്വേദങ്ങളില്‍ പരന്നു കിടക്കുന്നുണ്ട്. ഇന്ന് ഇരുനൂറോളം ഉപനിഷത്തുക്കളെക്കുറിച്ചേ നമുക്കു ധാരണയുള്ളു. അതില്‍ത്തന്നെ, 108 ഉപനിഷത്തുക്കളുടെ വ്യാഖ്യാനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഈ ഉപനിഷത്തുക്കളിലെയെല്ലാം ആശയങ്ങള്‍, ശരാശരി ബുദ്ധിക്ക് മനസ്സിലാവുന്ന രീതിയില്‍ ഗീതയില്‍ പലയിടങ്ങളിലും വിതറിയിട്ടിട്ടുണ്ട് മഹാതാപസനായ വേദവ്യാസന്‍. ‘ലോകരുടെ മനസ്സിലെ വ്യാമോഹങ്ങളെ അകറ്റുന്നതിനുവേണ്ടിയാണ് ഈ ഇതിഹാസപ്രദീപം തെളിയിച്ചിരിക്കുന്നത്’ എന്ന് മഹാഭാരതത്തിന്റെ പ്രാരംഭത്തില്‍ത്തന്നെ വ്യാസമഹര്‍ഷി പറയുന്നുണ്ടല്ലൊ.