രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ രംഗഹരിജിക്ക് (സ്വര്‍ഗീയ ഹരിയേട്ടന്) ഒരു സ്ഥാനം ഉണ്ടായിരുന്നു. അഖില ഭാരതീയ ബൗദ്ധിക്ശിക്ഷണ്‍ പ്രമുഖ് എന്ന ചുമതല നിര്‍വഹിക്കുമ്പോഴാണ് അദ്ദേഹം നമുക്കെല്ലാം സുപരിചിതനായതെങ്കിലും വിദ്യാര്‍ഥികാലം മുതല്‍ക്കു തന്നെ സംഘത്തില്‍ ഒരുപാട് ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. അങ്ങനെ പല തരത്തിലും തലത്തിലും പെട്ട ചുമതലകള്‍ നിര്‍വ്വഹിച്ച് നിര്‍വ്വഹിച്ച് അദ്ദേഹത്തിന് സംഘത്തില്‍ ഒരു സ്ഥാനം ഉണ്ടായി. ഒരു രക്ഷാധികാരിയുടെ സ്ഥാനമായിരുന്നു അത്.
സംഘത്തില്‍ രക്ഷാധികാരി
ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരു മുതിര്‍ന്ന വ്യക്തിയുടെ സഹവാസത്തിന്റെ ആവശ്യം ഉണ്ടാകാറുണ്ട്. ഹരിയേട്ടന്‍ സംഘത്തിന്റെ രണ്ടാം തലമുറ കാര്യകര്‍ത്താക്കളുടെ അവസാനത്തെ കണ്ണിയായിരുന്നു. പരംപൂജനീയ ഡോക്ടര്‍ജിയെ നേരില്‍ കണ്ടവരും അദ്ദേഹത്തിന്റെ നേരിട്ടുളള മാര്‍ഗദര്‍ശനം ലഭിച്ചവരുമായിരുന്നു ഒന്നാംതലമുറയിലെ കാര്യകര്‍ത്താക്കള്‍. അവരുടെ പ്രവര്‍ത്തനഫലമായി സംഘത്തില്‍ വളര്‍ന്നുവന്ന രണ്ടാമത്തെ ഗണത്തില്‍ ‘ഹരിജി, സുരുജി’ (സ്വര്‍ഗീയ. കെ.സൂര്യനാരായണ റാവു) എന്നിവരൊക്കെയാണ് ഉണ്ടായിരുന്നത്. ഹരിയേട്ടന്റെ കാലഘട്ടത്തിലെ ഒരു കാര്യകര്‍ത്താവ് നാഗ്പൂരില്‍ ഇപ്പോഴും ഉണ്ട്. പക്ഷേ വാര്‍ദ്ധക്യസഹജമായ ശാരീരിക അസ്വസ്ഥതകളാല്‍ അദ്ദേഹം സംഘപ്രവര്‍ത്തനത്തില്‍ സജീവമല്ല. പക്ഷെ, ഹരിയേട്ടന്‍, തന്റെ അവസാനത്തെ ആഴ്ച, സംസാരം നിലച്ചു പോകുന്നതുവരെ, നമുക്കെല്ലാവര്‍ക്കും വേണ്ടി ഒരു മാര്‍ഗ്ഗദര്‍ശകന്റെ അല്ലെങ്കില്‍ രക്ഷാധികാരിയുടെ സ്ഥാനത്തുണ്ടായിരുന്നു.
അഖില ഭാരതീയ അധികാരികള്‍ എപ്പോഴെല്ലാം കേരളത്തില്‍ പ്രവാസം ചെയ്യാറുണ്ടോ അപ്പോഴെല്ലാം ഹരിയേട്ടനെ കാണാറുണ്ട്. എന്തിനാണത്? അഞ്ചോ പത്തോ മിനിട്ടു നേരത്തേക്കാണ് അദ്ദേഹത്തെ കാണുന്നതെങ്കില്‍ കൂടി വിലയേറിയ ചില ഉപദേശങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുമായിരുന്നു. ചില സഹായങ്ങള്‍ ലഭിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധ എല്ലാത്തിലുമുണ്ടായിരുന്നു, എല്ലാവരിലുമുണ്ടായിരുന്നു. എന്നാല്‍ അത് ശ്രദ്ധിക്കുവാന്‍ വേണ്ടി ശ്രദ്ധിക്കുന്നതായിരുന്നില്ല. എല്ലാവരും സ്വന്തക്കാരാണ് എന്ന് ചിന്തിച്ചുകൊണ്ട്, എങ്ങനെയാണോ മാതാപിതാക്കള്‍ മക്കളെ ശ്രദ്ധിക്കുന്നത്, അതുപോലുള്ള ഒരു ശ്രദ്ധയായിരുന്നു അദ്ദേഹത്തിന് സംഘത്തിന് മേലുണ്ടായിരുന്നത്.
മുഴുവന്‍ ഭാരതത്തിലെയും കാര്യകര്‍ത്താക്കള്‍ക്ക് ഏതെങ്കിലും കാര്യപരിപാടികള്‍ക്കായി കേരളത്തിലേക്ക് പ്രവാസം നടത്തേണ്ടിവന്നാല്‍ ഹരിയേട്ടനെ നേരില്‍ ചെന്ന് കണ്ടിട്ടേ തിരിച്ചു വരികയുള്ളൂ എന്നതായിരുന്നു പതിവ്. അദ്ദേഹവുമായുള്ള നിമിഷനേരത്തെ കൂടിക്കാഴ്ചയില്‍ നിന്നുപോലും സംഘകാര്യം ചെയ്യുന്നതിന് തങ്ങള്‍ക്കാവശ്യമായ എന്തെങ്കിലും മാര്‍ഗദര്‍ശനങ്ങള്‍ ലഭിക്കുമായിരുന്നു എന്നതാണ് എല്ലാവരുടെയും അനുഭവം. സംഘകാര്യം ചെയ്യാന്‍ നമ്മള്‍ എങ്ങനെ തയ്യാറെടുക്കണം, എങ്ങനെ ജീവിക്കണം എന്നൊക്കെയുള്ള ചില ചിന്തകള്‍ എല്ലാവര്‍ക്കും ലഭിക്കുമായിരുന്നു. കാരണം എല്ലാവരെയും സ്വന്തക്കാരായി കാണാനുള്ള ഒരു സമദൃഷ്ടി അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാവരോടും ഒരേപോലെ, സഹാജതയോടെ, പെരുമാറാന്‍ അദ്ദേഹത്തിന് സാധിച്ചു.
എളിമ കൈവിടാത്ത അഖിലഭാരതീയനായ നിരീക്ഷകന്‍
അഖില ഭാരതീയ അധികാരിയായതിനു ശേഷവും എവിടെപ്പോയാലും എല്ലാവരോടും ഇഴുകിച്ചേരുമായിരുന്ന അദ്ദേഹം എല്ലാ തലത്തില്‍പ്പെട്ട സ്വയംസേവകരോടും അനൗപചാരികമായ ചര്‍ച്ചകള്‍ നടത്തുമായിരുന്നു. സംഘത്തിലെ ചില കാര്യങ്ങള്‍ അഖില ഭാരതീയ കാര്യകര്‍ത്താവ് ആയിരിക്കുമ്പോള്‍ മാത്രമേ പഠിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ മറ്റുചില കാര്യങ്ങള്‍ അറിയുന്നതിനായി അഖില ഭാരതീയ അധികാരി ആയിരുന്നാല്‍ പോലും സാധിക്കില്ല. അതിനായി ഏറ്റവും താഴേത്തട്ടിലുള്ള ശ്രേണിയില്‍ ഇറങ്ങിച്ചെന്ന് പഠിക്കേണ്ടി വരും. അതായത് ചെറിയവനാകേണ്ടി വരും എന്നര്‍ത്ഥം. വലിയ ചുമതലയില്‍ ഇരുന്നിട്ടും, എല്ലാവരുടെയും ആദരവും, ബഹുമാനവും സ്‌നേഹവും ലഭിച്ചിട്ടും, ഏറ്റവും എളിയവനായി ഇരിക്കുകയെന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. ഈ സ്വഭാവം കൊണ്ടാണ് ഒരുപാട് അറിവുകള്‍ അദ്ദേഹം നേടിയത്.
ഇതിന്റെ ഒരുദാഹരണമാണ് അദ്ദേഹം വിവിധ ഭാഷകള്‍ പഠിച്ചെടുത്തത്. വലിയ പരിശ്രമം കൂടാതെ തന്നെ അദ്ദേഹം പല ഭാഷകളിലും സംസാരിക്കും. സംഘത്തിനകത്ത് ധാരാളം ഭാ ഷാപണ്ഡിതന്മാരുണ്ട്, എങ്കിലും അക്കൂട്ടത്തിലും ഹരിയേട്ടന്‍ മുന്‍നിരയിലായിരുന്നു. ദക്ഷിണ ഭാരതത്തിലെ മുഴുവന്‍ ഭാഷകളും, കൂടാതെ സംസ്‌കൃതം, ഗുജറാത്തി, മറാഠി, മാതൃഭാഷയായ കൊങ്കിണി അങ്ങനെ പല ഭാഷകളും അദ്ദേഹത്തിനറിയാമായിരുന്നു.
ഏതു കാര്യവും സംഘദൃഷ്ടിയില്‍ കാണുകയും കേള്‍ക്കുകയും ശേഖരിക്കുകയും പഠിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഉദാഹരണത്തിന്, സംഘത്തിന്റെ ഒരു സുപ്രധാനവിഷയമാണ് ഭാരതത്തിന്റെ ദേശീയ ഐക്യം എന്നത്. ഈ വിഷയത്തിന്റെ ആശയപരമായ കെട്ടുറപ്പിന് വേണ്ട പ്രമാണങ്ങള്‍ തന്റെ യാത്രയ്ക്കിടയില്‍ എവിടുന്നൊക്കെ ലഭിക്കുമോ അവിടുന്നൊക്കെ അദ്ദേഹമത് ശ്രദ്ധയോടെ ശേഖരിക്കുമായിരുന്നു. അദ്ദേഹം പറയാറുണ്ടായിരുന്ന ഒരു ഉദാഹരണം നമുക്കെല്ലാവര്‍ക്കും അറിയുന്നതാണ്. അദ്ദേഹം പറയുമായിരുന്നു ‘ഭാരതത്തില്‍ എവിടെയും നാം ഒരു സാധനം വാങ്ങുമ്പോള്‍ അതിന് കൊടുക്കുന്ന വിലയ്ക്ക് അര്‍ഹതപ്പെട്ട അളവില്‍ സാധനം നല്‍കിയതിനു ശേഷം, ഒരുപിടി കൂടി അതില്‍ അധികമായി നല്‍കുന്ന രീതിയുണ്ട്. ഒരു കിലോ അരി വാങ്ങിയാല്‍ ഒരു കൈപ്പിടി കൂടുതല്‍ നല്‍കും, ഇരുപത്തിയഞ്ച് മാമ്പഴം വാങ്ങിയാല്‍ ഒരെണ്ണം കൂടുതല്‍ കൊടുക്കും.” ഈ രീതി ഭാരതത്തില്‍ എല്ലാ പ്രദേശങ്ങളിലുമുണ്ട്, ഭാരതത്തിനു പുറത്ത് എവിടെയുമില്ല. ഒരു ധര്‍മ്മഗ്രന്ഥത്തിലും ഇത് എഴുതി വെച്ചിട്ടില്ല, ഒരു പാഠപുസ്തകത്തിലും പഠിപ്പിക്കുന്നുമില്ല. പിന്നെ എങ്ങനെയാണിത് നടക്കുന്നത്? ഇത് പാരമ്പര്യമായ് വന്ന സംസ്‌കാരത്തില്‍ നിന്നും നമുക്ക് ലഭിച്ചതാണ്. അറിയാതെപോലും നമ്മുടെ കൈകള്‍ കൊണ്ട് മറ്റൊരാള്‍ക്കൊരു ബുദ്ധിമുട്ടുണ്ടാകരുത്. എത്ര കിട്ടിയോ അത്രയും തിരിച്ച് നല്‍കണം. എത്ര രൂപ ലഭിച്ചുവോ അത്രയും തൂക്കത്തില്‍ നല്‍കണം. ഇനി അറിയാതെ വല്ല കൈപ്പിഴയും സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്നുകരുതി കുറച്ച് അധികത്തില്‍ നല്‍കുന്നു. ഇക്കാര്യം ഹരിയേട്ടന്‍ തന്റെ യാത്രകളില്‍ നിരീക്ഷിച്ചു നമുക്ക് കൈമാറ്റം ചെയ്തുതന്ന ഒരറിവാണ്. ഇങ്ങനെ എന്തെല്ലാം ഉദാഹരണങ്ങള്‍ ഭാരതത്തിലുണ്ടെന്ന് നിരീക്ഷിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കും. ഇത്തരമൊരു അന്വേഷണാത്മകദൃഷ്ടിയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ മുന്നിലുള്ള വ്യക്തിയെപ്പോലും സസൂക്ഷ്മം നിരീക്ഷിച്ച്, അയാള്‍ എങ്ങനെയുളള വ്യക്തിയാണെന്ന് അല്പനിമിഷം കൊണ്ട് തന്നെ അദ്ദേഹം മനസ്സിലാക്കുമായിരുന്നു.
പ്രകാണ്ഡപണ്ഡിതനും വിശ്രുതവാഗ്മിയും
ഹരിയേട്ടന്‍ ഒരു വലിയ പണ്ഡിതനായിരുന്നു. ബൗദ്ധിക് പ്രമുഖായിരുന്നത് കൊണ്ട് പറയുന്നതല്ല. സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹത്തിന് സയന്‍സ് വിഷയത്തില്‍ തന്നെ മുന്നോട്ട് പഠിക്കണമെന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ സയന്‍സില്‍ ബിരുദപഠനം ചെയ്തു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു സംഘത്തിന് മേല്‍ ആദ്യനിരോധനം ഉണ്ടായത്. സംഘ നിരോധനത്തിനെതിരെ സത്യഗ്രഹത്തില്‍ പങ്കെടുത്തുകൊണ്ട് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ നാല് മാസത്തെ ജയില്‍വാസമനുഷ്ഠിച്ചു. ജയില്‍വാസത്തിനു ശേഷം അദ്ദേഹം പുറത്ത് വന്നപ്പോള്‍ സയന്‍സ് പഠനം തുടരാന്‍ വയ്യാതെ അദ്ദേഹം അടുത്ത വര്‍ഷം ആര്‍ട്‌സ് (Arts & Humanities) വിഷയത്തില്‍ പഠനത്തിനായി ചേര്‍ന്നു. ഈ വിഷയങ്ങള്‍ പഠിക്കുകയും അതില്‍ പ്രാവീണ്യം നേടുകയും ചെയ്തു. സംസ്‌കൃതഭാഷയിലും അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. ദക്ഷിണ ഭാരതത്തിലെ വലിയ സംസ്‌കൃത വിദ്വാന്‍മാര്‍ അദ്ദേഹത്തിന്റെയടുത്ത് സംസ്‌കൃതവിഷയത്തിലെ സംശയ നിവാരണങ്ങള്‍ക്കായി വന്നിരുന്നു. സാമാന്യ സംസ്‌കൃതവ്യാകരണം, മധ്യകാല സംസ്‌കൃതവ്യാകരണം, വേദങ്ങളിലെ സംസ്‌കൃതപദ്ധതി അങ്ങനെ എല്ലാത്തിനെയും കുറിച്ചുള്ള സൂക്ഷ്മമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോ വിഷയങ്ങളുടെയും ആഴത്തില്‍ ചെന്ന് മറ്റുള്ളവര്‍ക്ക് കാണുവാന്‍ സാധിക്കാത്തത് കണ്ടെത്തുന്നത് അദ്ദേഹത്തിന്റെ ഒരു സവിശേഷതയായിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാന്‍ കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവര്‍ണറെ (ഡോ.ആരിഫ് മുഹമ്മദ് ഖാന്‍) കണ്ടപ്പോള്‍ ഹരിയേട്ടനെക്കുറിച്ചും, ഹരിയേട്ടന്റെ ആരോഗ്യത്തെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചിരുന്നു. അപ്പോള്‍ ബഹു. ഗവര്‍ണര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ പോയകാര്യം പറയുകയുണ്ടായി. അദ്ദേഹം കേരളത്തില്‍ ഗവര്‍ണറായി വന്നതിനു ശേഷമാണ് ഹരിയേട്ടനെ പരിചയപ്പെടുന്നത്. ഒരിക്കല്‍ രാജ്ഭവനിലെ ഗ്രന്ഥശാലയില്‍ ”വാല്‍മീകി രാമായണത്തിലെ സുഭാഷിതങ്ങള്‍” (ഹിന്ദി പതിപ്പ്) എന്ന ഒരു ചെറിയ പുസ്തകം അദ്ദേഹം കാണുകയും, വായിക്കുകയുമുണ്ടായി. പുസ്തകം വായിച്ചതിനു ശേഷം ഈ പുസ്തകം എഴുതിയ വ്യക്തി ഒരു വലിയ പണ്ഡിതനായിരിക്കണമെന്ന് അദ്ദേഹത്തിന് തോന്നുകയും, അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോള്‍ സംഘത്തിന്റെ അധികാരിയായ രംഗഹരിയാണ് ഗ്രന്ഥകര്‍ത്താവെന്നും, അദ്ദേഹം കേരളത്തിലുണ്ടെന്നും അറിഞ്ഞു. അങ്ങനെ ഒരു ദിവസം ബഹു. ഗവര്‍ണര്‍ ഹരിയേട്ടനെ ഫോണില്‍ വിളിച്ച് കാണണമെന്നുള്ള ആശയം പങ്കുവെച്ചു. ”താങ്കള്‍ ഗവര്‍ണ്ണറാണെന്നും അതുകൊണ്ട് താങ്കളെ അങ്ങോട്ടു വന്ന് കാണുക എന്റെ ഉത്തരവാദിത്തമാണെന്നും ഞാന്‍ തിരുവനന്തപുരത്ത് വന്നു കാണാം” എന്നായിരുന്നു ഹരിയേട്ടന്‍ പറഞ്ഞത്. അങ്ങനെ ആദ്യം ഹരിയേട്ടന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. പിന്നീട് ശാരീരികാസ്വസ്ഥതകളാല്‍ ഹരിയേട്ടന്റെ യാത്രകളില്‍ നിയന്ത്രണം വന്നപ്പോള്‍ ബഹു. ഗവര്‍ണര്‍ എറണാകുളത്തു ചെന്നു ഹരിയേട്ടനെയും സന്ദര്‍ശിച്ചു. ഇങ്ങനെ അദ്ദേഹം ഹരിയേട്ടനെക്കുറിച്ച് പറഞ്ഞപ്പോള്‍ വിശേഷണത്തിനായ് ഉപയോഗിച്ചത് ഇത്രയും വലിയ ഒരു പണ്ഡിതന്‍ – ‘An erudite Scholar’ എന്ന പദമാണ്. ഭാരതീയ തത്വചിന്തകളിലും, ഇസ്ലാമിക സാഹിത്യത്തിലും വലിയ പാണ്ഡിത്യമുള്ള വ്യക്തിയാണ് നമ്മുടെ ഗവര്‍ണ്ണര്‍. അത്രയും പണ്ഡിതരായ വ്യക്തികളുടെ ഉള്ളില്‍പ്പോലും ആദരവും, ആകര്‍ഷണവും ഉളവാക്കുന്ന തരത്തിലുള്ള പണ്ഡിതനായിരുന്നു ഹരിയേട്ടന്‍.
നമ്മളില്‍ പലരും ഹരിയേട്ടനെ അടുത്തും, അകലെയുമായൊക്കെ കണ്ടിട്ടുണ്ട്. ഇങ്ങനെയൊരു പണ്ഡിതനാണ് താനെന്ന ഭാവം അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കില്ലായിരുന്നു. കാരണം സ്വയംസേവകരില്‍ നിന്നും അകല്‍ച്ച ഉണ്ടാക്കുന്ന ഒന്നുംതന്നെ ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടാണ് അദ്ദേഹം എല്ലാവരോടും വ്യവഹരിച്ചിരുന്നത്.
ഉത്തമ സംഘാടകന്‍
ഹരിയേട്ടനൊരു ഉത്തമ സംഘാടകന്‍ കൂടിയായിരുന്നു. സ്വര്‍ഗീയ ഭാസ്‌കര്‍റാവുജി വനവാസി കല്യാണാശ്രമത്തിന്റെ ചുമതലയിലേക്ക് പോയതിനു ശേഷം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ആക്രമണങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു അദ്ദേഹം പ്രാന്തപ്രചാരകനായി ചുമതലയേറ്റത്. സംഘടനാപ്രവര്‍ത്തനത്തില്‍ വളരെ കഠിനമായ പരിതസ്ഥിതി ആയിരുന്നു അക്കാലം. അത്തരം ദുരിതകരമായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കാത്ത വിധം മൃദുലമായ ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. എന്നിരുന്നാലും അങ്ങനെയുള്ള പ്രതിസന്ധികളിലൂടെയും അദ്ദേഹത്തിന് പോകേണ്ടിയിരുന്നു. എന്നിട്ടും വളരെ നല്ല രീതിയില്‍ തന്നെ അദ്ദേഹം സംഘടനയെ മുന്നോട്ടു നയിച്ചു. ‘ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്ത് തന്റെ മനസ്സ് വേദനിക്കാറുണ്ടെന്നും, വല്ലാതെ ഭാരം തോന്നുമ്പോള്‍ അതില്‍ നിന്നും മുക്തനാകുവാന്‍ വേണ്ടി സായം ശാഖകളില്‍ പോയി മുഴുവന്‍ സമയവും സ്വയംസേവകര്‍ക്കൊപ്പം കളികളും ഗീതങ്ങളും മറ്റുമായി കൂടുമായിരുന്നുവെന്നും, അങ്ങനെ മനസ്സ് ശാന്തമാകുമായിരുന്നുവെന്നും’ ഒരു അനൗപചാരിക സംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞത് ഞാനോര്‍ക്കുന്നു. ഇങ്ങനെ സംഘത്തില്‍ നിന്നും തന്നെയായിരുന്നു അദ്ദേഹം സന്തോഷം നേടിയിരുന്നത്. സംഘത്തിന്റെ, വ്യക്തികളെ രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയും പരിശ്രമവും ആനന്ദവും. ഇതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം.
1982-83 കാലത്തെ അഖില ഭാരതീയ പ്രതിനിധി സഭയില്‍ വെച്ചായിരുന്നു അദ്ദേഹവുമായുള്ള എന്റെ പരിചയപ്പെടല്‍. അന്നദ്ദേഹം കേരളത്തിന്റെ സഹ പ്രാന്തപ്രചാരകനായിരുന്നു. കമ്യൂണിസ്റ്റ് ആക്രമണങ്ങള്‍ കാരണം കേരളത്തിലെ സ്വയംസേവകര്‍ക്കും, കുടുംബങ്ങള്‍ക്കും ഉണ്ടാകുന്ന ദുരിതത്തില്‍ അവരെ സഹായിക്കുന്നതിനായി അഖില ഭാരതീയാടിസ്ഥാനത്തില്‍ കേരള ദുരിതനിവാരണ സഹായസമിതിയെന്ന ട്രസ്റ്റ് രൂപീകരിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തത് അക്കാലത്തായിരുന്നു. ഈ വിഷയത്തില്‍ നാഗപ്പൂരിലെ സ്വയംസേവകര്‍ക്ക് അവബോധമുണ്ടാക്കാനായി ധന്‍വഡേ രംഗമന്ദിരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ കാര്യപരിപാടിയില്‍ വിഷയം അവതരിപ്പിച്ചത് ഹരിയേട്ടനായിരുന്നു. കേരളത്തില്‍ നിന്നുവന്ന അദ്ദേഹത്തിന്റെ ഹിന്ദി എങ്ങനെയുള്ളതായിരിക്കുമെന്ന് ഞങ്ങള്‍ക്ക് സന്ദേഹമുണ്ടായിരുന്നു. എന്നാല്‍ ഉത്കൃഷ്ടമായ ഹിന്ദിയില്‍, സ്പഷ്ടവും യുക്തിസഹവുമായ രീതിയില്‍ അദ്ദേഹം വിഷയാവതരണം നടത്തി. കേവലം വിവരണാധിഷ്ഠിതമായ പ്രതിപാദനമല്ലായിരുന്നു അദ്ദേഹത്തിന്റേത്, മറിച്ച് കേള്‍ക്കുന്നവരുടെ ഹൃദയത്തിനുള്ളിലേക്ക് കയറുന്നതായിരുന്നു. അവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും മനസ്സുകൊണ്ട് ബോധ്യപ്പെടുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇപ്രകാരമുള്ള ഒരു വാഗ്മി കൂടിയായിരുന്നു അദ്ദേഹം.
ജ്ഞാനസാധനയിലൂടെ രാഷ്ട്രസാധന
പുസ്തകങ്ങള്‍ വായിക്കുക, എഴുതുക, മികച്ചരീതിയില്‍ എഴുതുക എന്നീ കാര്യങ്ങളെല്ലാം അദ്ദേഹം അവസാനകാലം വരെയും ചെയ്തിരുന്നു. മരിക്കുന്നതിന് ഒരു മാസം മുമ്പ് ‘പൃഥ്വീ സൂക്തത്തിന്’ ഇംഗ്ലീഷില്‍ വ്യാഖ്യാനം എഴുതി. കൂടാതെ മഹാഭാരതത്തിലെയും, രാമായണത്തിലെയും കഥാപാത്രങ്ങളെക്കുറിച്ചും, വേദങ്ങളെ ആസ്പദമാക്കിയുമൊക്കെ അദ്ദേഹം പുസ്തകങ്ങള്‍ എഴുതി. ഇതില്‍ ”മഹാഭാരതത്തിലെ ഭീഷ്മര്‍” എന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ ഞാന്‍ പോയിരുന്നു. ഈ കാലത്താണ് അദ്ദേഹം എന്നോട് ജ്ഞാനേശ്വരി ഗ്രന്ഥം അയച്ചു തരാമോയെന്ന് ചോദിച്ചത്. ഈ സമയത്ത്, ജ്ഞാനേശ്വരി വായിക്കുവാനാണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അല്ല അതേക്കുറിച്ച് ഇംഗ്ലീഷില്‍ വ്യാഖ്യാനഗ്രന്ഥം എഴുതാനാണെന്ന് അദ്ദേഹം മറുപടിപറഞ്ഞു. മറാഠിയിലും, ഹിന്ദിയിലുമുള്ള ജ്ഞാനേശ്വരി പുസ്തകം വരുത്തിവായിച്ചു കൊണ്ടാണ് ഇംഗ്ലീഷില്‍ അദ്ദേഹം വ്യാഖ്യാനം രചിച്ചത്. ഈ പുസ്തകത്തിന് അവതാരിക എഴുതിയത് സ്വാമി ഗോവിന്ദഗിരി മഹാരാജാണ്. അവതാരികയില്‍ സ്വാമിജി എഴുതുന്നു, ‘രംഗ ഹരിജി എഴുതിയ ഈ വ്യാഖ്യാനം വായിച്ചതിനു ശേഷം, ഈ പുസ്തകത്തിന് അവതാരിക എഴുതുകയെന്നത് ഒരു ദുസ്സാഹസമാണ്.’ ഇത്രമാത്രം പ്രവീണ്യമുണ്ടായിരുന്നു അദ്ദേഹത്തിന് ഗ്രന്ഥരചനാമേഖലയില്‍. എന്നിരുന്നാലും അറിവിന്റെ ഉപാസനയിലൂടെ വ്യക്തികളില്‍ ഉണ്ടായേക്കാവുന്ന ഗര്‍വ്വ് അദ്ദേഹത്തിന് ഒട്ടുംതന്നെ ഇല്ലായിരുന്നു. എല്ലാ സ്വയംസേവകരോടും ആത്മബന്ധം പുലര്‍ത്തിയിരുന്നു എന്നതാണ് ഇതിന്റെ കാരണം.
ഈ ഗുണങ്ങളെല്ലാം തന്റെ പക്കലുണ്ടെന്നുള്ളത് മറ്റുള്ളവര്‍ക്ക് അറിയുന്നതുപോലെ അദ്ദേഹത്തിനും സ്വയം അറിയാവുന്ന കാര്യം തന്നെയാണല്ലോ. എന്നിട്ടും ആ കാര്യത്തില്‍ അല്പം പോലും അഹങ്കരിക്കാതെ, വിനയത്തോടെയിരിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഇതിനു വേണ്ടി അഹങ്കാരത്തിനെ നിയന്ത്രിച്ചു നിര്‍ത്തേണ്ടതായിട്ടുണ്ട്. ആദ്ധ്യാത്മിക സാധനകളിലൂടെ സാധകര്‍ക്ക് മാത്രം ലഭിക്കുന്ന ഈ ആത്മനിയന്ത്രണം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ സംഘകാര്യത്തിനിടയില്‍ അദ്ദേഹം എപ്പോഴാണ് ഈ അധ്യാത്മികസാധന ചെയ്തിരുന്നത് എന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ ഏതായാലും അത് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ദൈനംദിന വ്യവഹാരങ്ങളില്‍ ഒന്നും ആവശ്യത്തില്‍ക്കവിഞ്ഞ ഒരു ഭക്തിഭാവവും ഇല്ലായിരുന്നു.
ഇതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത് വീര സവര്‍ക്കര്‍ജിയുടെ ഒരു ശ്ലോകത്തില്‍ പറഞ്ഞിട്ടുള്ള ആശയമാണ്
‘ഗുണ് സുമ്‌നെ മീ വെചിയല്യാ ഭാവെ
കീ തിനെ സുഗന്ധാ ഘ്യാവേ
ജറീ ഉദ്ധരണീ വ്യയ ന തിച്യാ ഹോ സാചാ
ഹാ വ്യര്‍ത്ഥ് ഭാര വിധ്യേച.’
(‘സുഗന്ധമില്ലാത്ത പൂക്കള്‍ക്കെന്തുണ്ട് ഗുണം പറയാനെന്നപോലെ
ഭാരം തന്നെ ഞാനാര്‍ജ്ജിച്ചയീ ജ്ഞാനം, നാടിന്നുപകാരമില്ലെന്നു വന്നാല്‍’).
ഹരിയേട്ടന്‍ എന്തെല്ലാം ചെയ്തിട്ടുണ്ടോ, പറഞ്ഞിട്ടുണ്ടോ, എഴുതിയിട്ടുണ്ടോ അതിലൊന്നും ഞാന്‍ എന്ന ഭാവം വന്നിട്ടില്ല. കാരണം ഞാന്‍ എന്ന ആ ഭാവം അദ്ദേഹം സംഘത്തില്‍ അലിയിച്ചു കളഞ്ഞിരുന്നു, സമര്‍പ്പിച്ചിരുന്നു. സമര്‍പ്പണമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
അവസാന ഒരാഴ്ചയില്‍ സംസാരത്തിന് നിയന്ത്രണം വന്നെങ്കിലും തന്റെ മുഖഭാവം കൊണ്ട് എല്ലാം മനസ്സിലാക്കി വ്യക്തമായി ആശയം കൈമാറുമായിരുന്നു. ഒക്ടോബര്‍ പതിനൊന്നിനാണ് അദ്ദേഹത്തിന്റെ അവസാന പുസ്തകങ്ങളിലൊന്നായ പൃഥ്വീസൂക്തം ദില്ലിയില്‍ പ്രകാശനം ചെയ്തത്.
ഇപ്രകാരം എല്ലാം സംഘചരണങ്ങളില്‍ സമര്‍പ്പിച്ചതിനാലാണ് അവസാന നാളുകള്‍ വരെയും അദ്ദേഹം ഇത്രയും സക്രിയനായി നിന്നിരുന്നത്. അങ്ങനെ ഒരു സഫലമായ ജീവിതം ജീവിച്ചാണ് അദ്ദേഹം പോയത്. മരണത്തിനു രണ്ട് വര്‍ഷം മുന്നേ അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു ‘കരണീയം കൃതം സര്‍വ്വം.’ ‘ഒരു മനുഷ്യന്‍ ജീവിതത്തില്‍ ചെയ്യേണ്ടതായ കര്‍മ്മങ്ങളെല്ലാം ഞാന്‍ ചെയ്തു കഴിഞ്ഞു.’ ഇത്രയും സംതൃപ്തി അദ്ദേഹത്തിനുണ്ടായിരുന്നു.
അവസാനത്തെ കത്ത്
കേരളത്തിലെ സംഘകാര്യങ്ങള്‍ കൂടുതല്‍ കാലം കൈകാര്യം ചെയ്തതു കൊണ്ട് കേരളത്തിലെ സ്വയംസേവകരുമായിട്ട് പ്രത്യേക സമ്പര്‍ക്കം ഉണ്ടായിരുന്നു. ഇത്രയും സമ്പര്‍ക്കം ഉണ്ടായിരുന്നിട്ടും കേരളത്തിലെ സ്വയംസേവകര്‍ക്കായി കുറച്ച് സൂചനകള്‍ അദ്ദേഹം അവസാനമായി ഒരു കത്തില്‍ എഴുതി വെച്ചിരുന്നു. മരണശേഷം തന്റെ മൃതശരീരത്തിനു മുകളില്‍ കാവിത്തുണി പുതപ്പിക്കരുതെന്നും, പ്രാര്‍ത്ഥനയും, പ്രണാമവും ചെയ്യരുതെന്നുമാണ് ഇക്കൂട്ടത്തില്‍ സുപ്രധാനമായ ആദ്യസൂചനകള്‍.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആരെങ്കിലും മരിച്ചാല്‍ അവരുടെ മൃതശരീരത്തിനു മുകളില്‍ ചുവന്നതുണി വിരിയ്ക്കുകയും, അവരുടെ വിശേഷപ്പെട്ട ഗാനങ്ങള്‍ ചൊല്ലുകയും, സല്യൂട്ട് നല്‍കുകയൊക്കെ ചെയ്യാറുണ്ട്. അവരുമായി നിരന്തരം സംഘട്ടനം നടക്കുന്നതിനാല്‍ അതിന്റെ ഒരു സ്വാധീനം എന്ന തരത്തില്‍ നമ്മുടെ സ്വയംസേവകര്‍ മരിക്കുമ്പോഴും കാവിത്തുണി കൊണ്ട് മൂടുകയും, പ്രണാമം നല്‍കുകയും, പ്രാര്‍ത്ഥന ചൊല്ലുകയുമൊക്കെ ചെയ്യാന്‍ തുടങ്ങി. ഇതൊന്നും തനിക്കുവേണ്ടി ചെയ്യരുതെന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സൂചന.
രണ്ടാമത്തെ സൂചനയായി തന്റെ മൃതശരീരവും ചിതാഭസ്മവും വിശേഷപ്പെട്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോകരുതെന്നും, എല്ലാ ജാതിയിലും പെട്ട ഹിന്ദുക്കളെ പൊതുവായി എവിടെയാണോ സംസ്‌കരിക്കുന്നത് അവിടെത്തന്നെ തന്റെ ശരീരവും സംസ്‌കരിച്ചാല്‍ മതിയെന്നതുമാണ്.
കേരളത്തിലെ പവിത്രനദിയായ ഭാരതപ്പുഴയുടെ തീരത്ത് ‘ഐവര്‍മഠമെന്ന’ ഒരു സ്ഥലമുണ്ട്. പഞ്ചപാണ്ഡവര്‍ പിതൃതര്‍പ്പണം ചെയ്ത സ്ഥലമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. സാധാരണ ആളുകളെ സംസ്‌കരിക്കുന്നതുപോലെ തന്നെയും അവിടെ സംസ്‌കരിച്ചാല്‍ മതി എന്നദ്ദേഹം എഴുതി വെച്ചു. തനിക്കു വേണ്ടി മരണാനന്തര കര്‍മ്മങ്ങള്‍ ഒന്നുംതന്നെ ചെയ്യേണ്ടതില്ല, അതെല്ലാം താന്‍ ബ്രഹ്‌മകപാലത്തില്‍ വെച്ച് ആത്മപിണ്ഡരൂപേണ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം ആ കത്തില്‍ സൂചന നല്‍കുന്നു. അടുത്ത കാര്യം, അദ്ദേഹം എഴുതിയിട്ടുള്ളതായ എല്ലാ പുസ്തകങ്ങളുടെയും അധികാരം സംഘത്തിന് നല്‍കിയിരിക്കുന്നുവെന്നതാണ്.
സമര്‍പ്പണം ശക്തിയാക്കിയ പ്രചാരകന്‍
തന്റെ പക്കല്‍ എന്തെല്ലാമുണ്ടോ അതെല്ലാം അദ്ദേഹം സംഘത്തിന് നല്‍കി. മനസ്സും, മാനവും, ശരീരവും, ശരീരം കൊണ്ട് ചെയ്ത കര്‍മ്മങ്ങളും എല്ലാം സംഘത്തില്‍ സമര്‍പ്പിച്ചു. ആദ്യാവസാനം അദ്ദേഹം സംഘസ്വയംസേവകനും സംഘപ്രചാരകനുമായിരുന്നു. എങ്ങനെയാണ് ഒരു സ്വയംസേവകന്‍ ജീവിക്കേണ്ടത്, എങ്ങനെയാണ് ഒരു പ്രചാരകന്‍ ജീവിക്കേണ്ടത് എന്നുള്ളതിന്റെ മാതൃക അദ്ദേഹം നമ്മുടെ മുന്നില്‍ ജീവിച്ചു കാണിച്ചു.
നാം അദ്ദേഹത്തിനെ അനുസ്മരിക്കുകയും, ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ പുഷ്പാര്‍ച്ചനയില്‍ കവിഞ്ഞുള്ള എന്തു ശ്രദ്ധാഞ്ജലിയാണ് നമുക്കദ്ദേഹത്തിന് നല്‍കാനുള്ളത് ?
ഇത്രയധികം ഗുണങ്ങള്‍ ഉണ്ടായിട്ടും അതില്‍ നിന്നെല്ലാം മനസ്സുകൊണ്ട് വിട്ടുനിന്ന്, അഹങ്കാരത്തിന് ഒട്ടും അധീനപ്പെടാതെ, ജീവിച്ചിരുന്നപ്പോഴും, മരണത്തിനുശേഷവും എല്ലാമദ്ദേഹം സംഘത്തില്‍ സമര്‍പ്പിച്ചു. കാരണം സംഘമാണ് ജീവിതത്തിന്റെ ആലംബം. രാഷ്ട്രത്തിനു വേണ്ടിയാണ് എല്ലാം ചെയ്യേണ്ടത്.
സ്വര്‍ഗീയ യാദവറാവു ജോഷിജിയുടെ അവസാനനാളുകളില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ ഹരിയേട്ടന്‍ പോയിരുന്നു. അന്നത്തെ സംഭാഷണം ഓര്‍ക്കുമ്പോഴും പറയുമ്പോഴുമൊക്കെ ഹരിയേട്ടന്‍ അത്യന്തം വികാരവാനായി കാണപ്പെട്ടു. പലപ്പോഴും തൊണ്ടയിടറുകയും കണ്ണീര്‍ പൊഴിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ‘Conquer the world for RSS’ (സംഘത്തിനുവേണ്ടി ലോകത്തെ കീഴടക്കുക), എന്നായിരുന്നു യാദവറാവുജി അദ്ദേഹത്തോട് പറഞ്ഞത്. അനുനിമിഷം ഈയൊരു കാര്യത്തിനു വേണ്ടിയാണ് തന്റെ ജീവിതം അദ്ദേഹം ചിലവഴിച്ചത്.
നമ്മളെല്ലാം സ്വയംസേവകരാണ്. സംഘത്തിന്റെ കാര്യപദ്ധതിക്കനുസരിച്ച് സംഘകാര്യം ചെയ്യുന്നവരാണ്. നമ്മുടെയെല്ലാം അഭിലാഷവും ഇതായിരിക്കണം. ഈ അഭിലാഷത്തിനു വേണ്ടി എന്താണോ, എങ്ങനെയാണോ അദ്ദേഹം ചെയ്തത് അതുതന്നെ നമ്മുടെ ജീവിതത്തിലും അനുഷ്ഠിക്കണം. ഇപ്പോള്‍ നടക്കുന്ന പുഷ്പാഞ്ജലിക്കൊപ്പം നമ്മള്‍ ഈ സങ്കല്പവുമായി ഇവിടെ നിന്നും പോയാല്‍ അതാകും അദ്ദേഹത്തിനു വേണ്ടിയുള്ള ശരിയായ ശ്രദ്ധാഞ്ജലി.
ഈ കാര്യങ്ങളെല്ലാം ഹരിയേട്ടനെ വളരെ അടുത്തറിയാവുന്ന നമ്മള്‍ പറയുന്നു. എന്നാല്‍ കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ ഹരിയേട്ടന്റെ അന്തിമ സംസ്‌കാരത്തില്‍ പങ്കെടുത്ത് കൊണ്ട്, അതിനു ശേഷം നടന്ന അനുസ്മരണ ചടങ്ങില്‍ ഇങ്ങനെ പറയുകയുണ്ടായി. ‘ഇവിടെയുള്ള നിങ്ങള്‍ എല്ലാവരും പറയുന്നു ഹരിയേട്ടന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്ന്. അദ്ദേഹത്തിന് അത് ലഭിക്കുക തന്നെ ചെയ്യും. എന്നാല്‍ അദ്ദേഹമത് സ്വീകരിക്കില്ല. കാരണം അദ്ദേഹത്തിന് അവിടെ ശാന്തനായി ഇരിക്കുവാന്‍ സാധിക്കില്ല. സംഘകാര്യം ചെയ്യുന്നതിനുവേണ്ടി, ഏറ്റെടുത്ത കാര്യം പൂര്‍ത്തിയാക്കുന്നതിനു വേണ്ടി അദ്ദേഹം തിരിച്ചുവരും’ അനുസ്മരണം കഴിഞ്ഞപ്പോള്‍ ഞാന്‍ ഗവര്‍ണ്ണറോട് പറഞ്ഞു, താങ്കള്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം തന്റെ അവസാന ഗീതത്തില്‍ എഴുതിയിട്ടാണ് പോയതെന്ന്. അതദ്ദേഹത്തിന് എങ്ങനെ മനസ്സിലായി? ഹരിയേട്ടന്‍ അതുമാത്രം ചിന്തിച്ചു പ്രവര്‍ത്തിച്ചത് കൊണ്ട് ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ക്ക് അക്കാര്യം സഹജമായി മനസ്സിലായതാണ്.
ഹരിയേട്ടന് ഇങ്ങനെ എഴുതിയിരിക്കുന്നു: ‘അല്ലയോ ഭഗവാന്‍, സ്വയംസേവകരോടൊപ്പം ഇതേകാര്യം ചെയ്യുന്നതിനായ് വീണ്ടും ഇവിടേക്ക് അയക്കാന്‍ കനിവുണ്ടാകേണമേ എന്നാണ് എന്റെ ആഗ്രഹം. എല്ലാം അവിടുത്തെ തീരുമാനപ്രകാരമാണ് നടക്കുന്നത്. അതെനിക്കറിയാം. എന്നാലും എന്റെ മനസ്സിന്റെ ആഗ്രഹം അങ്ങയുടെ മുന്നില്‍ സമര്‍പ്പിച്ചെന്നുമാത്രം. ബാക്കിയെല്ലാം അവിടുത്തെ ഇച്ഛപ്രകാരം നടക്കട്ടെ. അവിടുത്തെ മുന്നില്‍ ഈ ആഗ്രഹം പറയുകവഴി ഞാന്‍ അതിരു കടന്നെങ്കില്‍ അങ്ങെന്നോട് ക്ഷമിച്ചാലും.’ കുറച്ച് നാളത്തെ സഹവാസത്തില്‍ നിന്നു ഹരിയേട്ടന്റെ ഉള്ളിലെ ഈ ആഗ്രഹം ഗവര്‍ണ്ണര്‍ പോലും മനസ്സിലാക്കി.
സമാജത്തില്‍ ഗുണവാന്മാര്‍ ഒരുപാടുണ്ട്. എന്നാല്‍ സമര്‍പ്പിതരായിട്ടുള്ളവര്‍ വളരെ കുറവാണ്. അങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു രംഗഹരിജി.
ഏതുകാര്യത്തിനു വേണ്ടിയാണോ അദ്ദേഹം തന്റെ ആയുസ്സ് മുഴുവനും സമര്‍പ്പിച്ചത്, ആ കാര്യത്തിനായി നമ്മളും നമ്മുടെ കര്‍മ്മം ചെയ്തുകൊണ്ട് മാതൃകയാകുകയെന്നതാണ് അദ്ദേഹത്തിനു വേണ്ടിയുള്ള ശരിയായ ശ്രദ്ധാഞ്ജലി. ഈയൊരു സങ്കല്പത്തില്‍ നാമെല്ലാവരും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുക. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പേരിലും, എന്റെ വ്യക്തിപരമായ പേരിലും ഞാന്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
വിവര്‍ത്തനം : സന്ദീപ് പന്തളം