മുഖ്യമന്ത്രി വിജയന്‍ സഖാവും സി.പി.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദനും ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനും കയ്യടിച്ച് ചിരിച്ച് വിളിച്ചു പറയുകയാണ്. പറ്റിച്ചേ പറ്റിച്ചേ മണിപ്പൂരി പിളേളരേം പറ്റിച്ചേ. ഇടത് സര്‍ക്കാര്‍ പറ്റിക്കാത്ത ആളില്ല എന്നതാണ് സത്യം. ആളെ പറ്റിച്ച് രസിക്കുന്നത് പാര്‍ട്ടിക്കും വിജയന്‍ സഖാവിനും ഹരമാണ്. നാട്ടുകാരെ എന്തൊക്കെ പറഞ്ഞ് പറ്റിച്ചു. അതിലൊന്നാണ് പെട്രോളിന് ലിറ്ററിന് രണ്ടു രൂപ കൂട്ടിയത്. ക്ഷേമ പെന്‍ഷന്‍ നല്കാനുള്ള സെസ് എന്നായിരുന്നു ഈ വര്‍ദ്ധനക്കുള്ള ന്യായം. എന്നാല്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് മാസം നാലായി. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധന മുടക്കിയത് മറ്റൊരു കാര്യം. കെ.എസ്.ആര്‍.ടി.സി.ക്കാരുടെ ശമ്പളം നല്‍കാതെ അവരെയും കോടതിയേയും പറ്റിച്ചു. ഇങ്ങനെ പറ്റിക്കലിന്റെ പട്ടിക വളരെ നീണ്ടതാണ്.
മലയാളികളെ മാത്രമല്ല മണിപ്പൂരികളെയും പറ്റിക്കാന്‍ കഴിഞ്ഞു എന്നതിലാണ് വിജയന്‍ സഖാവിന്റെ സന്തോഷം. മണിപ്പൂര്‍ കലാപത്തെ തുടര്‍ന്നു ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ പഠനം മുഖ്യന്‍ സഖാവ് ഏറ്റെടുത്തു വാര്‍ത്തയാക്കി. ഈ വാഗ്ദാനത്തില്‍ വിശ്വസിച്ച് 120 മണിപ്പൂരി വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടങ്ങി. കേരള ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിക്കാണ് ഇതിന്റെ ചുമതല. പഠന ചെലവ് ഏറ്റ സര്‍ക്കാര്‍ ഇങ്ങനെയൊരു വാക്കുനല്കി എന്ന ഭാവത്തിലേയല്ല. അതോടെ ത്രിശങ്കുവിലായത് മണിപ്പൂരി വിദ്യാര്‍ത്ഥികള്‍. നാളെ ഇടത് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഇതും വരും; സംശയിക്കണ്ട.