യുഡിഎഫ് ഫാമിലെ മുസ്ലിംലീഗ് എന്ന ആട് അതിര്‍ത്തിയിലെ വേലിയില്‍ കയറി ഇടതുപക്ഷത്തെ പച്ചില തിന്നുകയാണ്. വേലിക്കപ്പുറത്തുനിന്ന് ഏ.കെ. ബാലനും ഇ.പി.ജയരാജനും നല്ല പച്ചിലകള്‍ ആടിനു കൊടുക്കുകയും തൊട്ടുതലോടുകയും ചെയ്യുന്നു. ഈ ആടില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസുകാര്‍ പാലുകുടിച്ച് തടിച്ചു കൊഴുക്കുമായിരുന്നോ എന്നാണ് ബാലന്റെ ചോദ്യം. ആട് മുന്‍കാലുകള്‍ രണ്ടും വേലിയില്‍ വെച്ചു നില്‍പാണെങ്കിലും പിന്‍കാലുകളില്‍ കെ.പി. സി.സി. പ്രസിഡന്റ് കെ.സുധാകരനും നിയമസഭാ പ്രതിപക്ഷനേതാവ് സതീശനും മുറുകെ പിടിച്ചിരിക്കുകയാണ്. ‘ചാടല്ലേ ആടേ’ എന്നു ദയനീയമായി അപേക്ഷിക്കുന്നുമുണ്ട്.
കേരള ബാങ്കില്‍ ഡയറക്ടര്‍ പദവിയിലേക്ക് ലീഗു എം.എല്‍എയെ തിരഞ്ഞെടുത്തത് കോണ്‍ഗ്രസ്സിനു വലിയ അങ്കലാപ്പാണുണ്ടാക്കിയത്. മലപ്പുറം ജില്ലയില്‍ കൂടുതല്‍ സഹകരണ ബാങ്കുകള്‍ ലീഗിന്റെ കയ്യിലായതിനാല്‍ ഡയറക്ടര്‍ സ്ഥാനം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. ഇതിനു പിന്നാലെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലേക്ക് ഇയ്യിടെ നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്നാണ് മുസ്ലിംലീഗ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ മുന്നണി മാറ്റം. നിലവില്‍ അസോസിയേഷന്റെ പ്രസിഡന്റ് കോണ്‍ഗ്രസ്സുകാരനും സെക്രട്ടറി ലീഗുകാരനുമാണ്. പ്രസിഡന്റ് സ്ഥാനം കിട്ടണമെന്ന് ലീഗ് ആവശ്യമുന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ വിട്ടുകൊടുത്തില്ല. അതോടെ ലീഗ് സി.പി.എമ്മിനൊപ്പം ചേര്‍ന്നു അടുത്ത ലോകസഭാതിരഞ്ഞെടുപ്പില്‍ മലപ്പുറത്തുനിന്ന് ഒരു സീറ്റുകൂടിവേണമെന്ന് ലീഗ് ആവശ്യമുന്നയിച്ചു കഴിഞ്ഞു. ഈ ആവശ്യം തിരസ്‌ക്കരിച്ചാല്‍ വേലിയില്‍ കയറി നില്‍ക്കുന്ന ലീഗ് എന്തു ചെയ്യുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. സിപിഎം എന്തിനും തയ്യാറായി പച്ചപ്പരവതാനി വിരിച്ച് കാത്തിരിപ്പുമുണ്ട്.