മിസോറാം ഗവര്‍ണ്ണറായി ബി.ജെ.പി. അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചപ്പോള്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് ഹിന്ദു ഗവര്‍ണര്‍ വേണ്ട എന്നു ചില ക്രിസ്ത്യന്‍ സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഹിന്ദു എന്നതും ആര്‍.എസ്.എസ്സുകാരന്‍ എന്നതും അവരെ അലോസരപ്പെടുത്തിയിരുന്നു. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണ്ണറാക്കിയപ്പോഴും ഉണ്ടായിരുന്നു ഈ അസഹിഷ്ണുത. ഇതിന്റെ കൂടുതല്‍ ശക്തമായ പ്രകടനം കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ മറ്റൊരു ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയത്തിലും കാണുകയുണ്ടായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേഘാലയുടെ ഡയറക്ടറുടെ ഓഫീസില്‍ ഒരു ഗണേശ വിഗ്രഹം സ്ഥാപിച്ചിരുന്നു. പ്രശസ്തനായ ഒരു ശില്പി നിര്‍മ്മിച്ച ഈ വിഗ്രഹം ആരാധനയ്ക്ക് വെച്ചതായിരുന്നില്ല.
എന്നാല്‍ ജൈന്‍തിയ സ്റ്റുഡന്‍സ് യൂനിയന്‍ ഈ വിഗ്രഹം നീക്കണമെന്നും ഇല്ലെങ്കില്‍ സാമുദായിക സംഘര്‍ഷമുണ്ടാകുമെന്നും ഡയറക്ടര്‍ ബി.ബി.ബിസ്വാളിന് നോട്ടീസ് നല്‍കി. ഒട്ടും വൈകാതെ ഡയറക്ടര്‍ വിഗ്രഹം എടുത്തുമാറ്റി. മേഘാലയയിലെ നിരവധി സര്‍ക്കാര്‍ ഓഫീസുകളിലും ഗവ. ക്യാമ്പസ്സുകളിലും ക്രിസ്ത്യന്‍ മതചിഹ്നങ്ങളുണ്ട്. അതു അവിടങ്ങളില്‍ വെച്ചിരിക്കുന്നതില്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശത്തു ഹിന്ദു ഗവര്‍ണറോ ഗണപതിവിഗ്രഹമോ വരുമ്പോഴേക്കും അവരുടെ മതവികാരം വ്രണപ്പെടുന്നു! കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ഒരു പാഠമാണ് ഈ വാര്‍ത്ത. കാരണം നാളെ നമുക്കും വരാനിരിക്കുന്ന അനുഭവം ഇതായിരിക്കും.