മലയാള ചലച്ചിത്ര ഗാനരചനാരംഗം പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് ശരിക്കും പൊന്‍തിളക്കമാര്‍ന്ന അവസരത്തിലാണ് തന്റേതായ പുത്തന്‍ ശൈലിയുമായി ശ്രീകുമാരന്‍ തമ്പി എന്ന പ്രതിഭാശാലി ഈ മേഖലയിലേക്ക് കടന്നുവന്നത്. നമ്മുടെ പാഴ്ദിനങ്ങളില്‍, നഷ്ടഋതുക്കളില്‍ നിത്യയൗവനത്തിന്റെ നിറവും മണവും മധുവും നിറയ്ക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ ഓരോ മലയാളിയുടെയും ഗൃഹാതുരത്വമാണ്. പി.സുബ്രഹ്‌മണ്യം സംവിധാനം ചെയ്ത ‘കാട്ടുമല്ലിക’യ്ക്കുവേണ്ടി അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പതിനൊന്ന് ഗാനങ്ങളാണ് പിറന്നത്. അതില്‍ ഏറെ ജനപ്രിയം, ‘അവളുടെ കണ്ണുകള്‍ കരിങ്കദളിപ്പൂക്കള്‍ അവളുടെ ചുണ്ടുകള്‍ ചെണ്ടുമല്ലിപ്പൂക്കള്‍, അവളുടെ കവിളുകള്‍ പൊന്നരളിപ്പൂക്കള്‍…’ എന്ന ഗാനമാണ്. 1967ല്‍ വന്ന ചിത്രമേള എന്ന ചിത്രം തമ്പിയുടെ കലാജീവിതത്തിലെ വഴിത്തിരിവാണ്. സംഗീത സംവിധാന രംഗത്തെ മുടിചൂടാമന്നനായി പ്രശോഭിച്ചിരുന്ന ജി.ദേവരാജനാണ് അതിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. പ്രണയ കല്‍പ്പനകള്‍ നിറഞ്ഞുനില്‍ക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളിലധികവും മലയാളിത്തത്തിന്റെ ലാളിത്യമുറപ്പാക്കുന്നുണ്ട്. ‘ഹൃദയസരസ്സില്‍’ പ്രണയപുഷ്പം കാത്തുസൂക്ഷിക്കുന്ന നിത്യഹരിതകാമുകനാണ് അദ്ദേഹം. പ്രണയം, ഭക്തി, പ്രാര്‍ത്ഥന, ദര്‍ശനം, പ്രകൃതി, താരാട്ട്, ഹാസ്യം, കഥ, സന്ദര്‍ഭം എന്നീ വിവിധ മേഖലകളില്‍ പെടുത്താവുന്ന ഗീതങ്ങളാണ് അദ്ദേഹത്തിന്റെ ഹൃദയസരസ്സ്. പാട്ടിന്റെ പരമ വിഗ്രഹത്തെ അദ്ദേഹം പദങ്ങളുടേയും കല്‍പനകളുടേയും ലാളിത്യത്തിന്റെയും ഹരിചന്ദനമരച്ച് നമുക്ക് പകര്‍ന്നു തന്നു.
അന്യഭാഷാ ഗാനങ്ങളുടെ സ്വാധീനത്തില്‍ നിന്നും മലയാള ഗാനങ്ങളെ മോചിപ്പിച്ച് തനതായ ഒരു ശൈലിയിലേക്ക് നയിച്ച പി. ഭാസ്‌കരന്‍, വയലാര്‍, ഒ.എന്‍.വി തുടങ്ങിയ മഹാപ്രതിഭകള്‍ സിനിമാഗാനരംഗത്ത് ജ്വലിച്ചു നില്‍ക്കുന്ന വേളയിലാണ് തമ്പിയുടെ രംഗപ്രവേശം എന്നത് ശ്രദ്ധേയം. കവിതയിലും കഥയിലും ഗാനരചനയിലും തിരക്കഥയിലും സംവിധാനത്തിലും സംഗീതത്തിലും നിര്‍മ്മാണത്തിലും അദ്ദേഹം പതിപ്പിച്ച മുദ്രകള്‍ അനന്വയങ്ങളാണ്. കവി, ഗാനരചയിതാവ് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം അത്യുന്നതങ്ങളിലാണ്. അതുകൊണ്ടു തന്നെയാണ് പുതിയ കാലത്തിനും ശ്രീകുമാരന്‍ തമ്പി പഠനവിഷയമായി മാറുന്നത്. ചലച്ചിത്ര ഗാനങ്ങളിലെന്നപോലെ തമ്പിയുടെ ലളിതഗാനങ്ങളിലേറെയും അനശ്വരങ്ങളായ അനുരാഗകവിതകളാണ്. ‘ഒരു കരിമൊട്ടിന്റെ കഥയാണ് നീ’, ‘അനുരാഗലോല നീ അരികിലില്ലെങ്കില്‍’, ‘കരിനീലക്കണ്ണുള്ള പെണ്ണേ…’, ‘മാലേയമണിയും രാവില്‍…’, ‘എന്നും ചിരിക്കുന്ന സൂര്യന്റെ…’ തുടങ്ങി അനേകം ലളിതഗാനങ്ങളില്‍ അനുരാഗവസന്തം പൂത്തുലഞ്ഞു കിടപ്പുണ്ട്.
‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം’ ഗാനരചയിതാവിന് ഏറെ പ്രശംസ നേടിക്കൊടുത്ത ഗാനമാണ്ത്. പ്രേമത്തിന്റെ പുതിയ കാഴ്ചപ്പാട് ഈ വരികളിലുണ്ട്. ചന്ദ്രകാന്തം ചന്ദ്രികയിലലിയുമെന്നത് ലോകനിയമം. അതുപോലെയാണ് തന്റെ ജീവരാഗവും. അത് അലിയുന്നത് പ്രിയപ്പെട്ടവളുടെ ചിരിയിലല്ലാതെ മറ്റൊന്നിലുമല്ല. ദാഹമേഘം നീലവാനില്‍ അലിഞ്ഞുചേരുന്നു. നായകന്റെ ജീവമേഘമാവട്ടെ നായികയുടെ മിഴിയില്‍ അലിയുന്നു. നായികയുടെ ചിരിയെക്കുറിച്ചും മിഴിയെക്കുറിച്ചും പരോക്ഷമായി പറഞ്ഞുകൊണ്ട് അവളുടെ സൗന്ദര്യം മുഴുവന്‍ വരച്ചിടുന്നു കവി. ”തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ചുണ്ടില്‍ ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നെങ്കില്‍….’ ഓമനത്തം തുളുമ്പുന്ന കുറെ വാക്കുകള്‍ നിരനിരയായി കോര്‍ത്തു വച്ചിരിക്കുന്നു. മാധവമോ നവഹേമന്തമോ…., താരകയോ… നീലത്താമരയോ? വര്‍ണമോഹമോ… പോയ ജന്മപുണ്യമോ… അനുഭൂതിയുടെ ഒരു പ്രപഞ്ചം തന്നെയുണ്ട്. എല്ലാ സുവര്‍ണ സങ്കല്‍പങ്ങളും വാരിയണിഞ്ഞ ദേവിയാണ് അദ്ദേഹത്തിന്റെ ഭാവനയിലെ കാമുകി. പുണ്യവതി, തമ്പുരാട്ടി, ഓമനേ…, താരകരൂപിണീ എന്നെല്ലാമാണ് കാമുകിയെ സംബോധന ചെയ്യുന്നത്. ‘പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു പുഷ്പശലഭമായി ഞാന്‍ പറന്നുവെങ്കില്‍…’, ‘താരകരൂപിണീ നീയെന്നുമെന്നുടെ ഭാവനരോമഞ്ചമായിരിക്കും…’ കാലം തകര്‍ക്കാത്ത കാവ്യശില്‍പങ്ങള്‍.
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ആവണിത്തെന്നലായി മാറുന്ന കവി, മനസ്സില്‍ ആയിരം ഉന്‍മാദരാത്രികളുടെ ഗന്ധം തുളുമ്പുന്നുണ്ട്. തമ്പിയുടെ ഗാനങ്ങളില്‍ ഗന്ധം ആവര്‍ത്തിച്ചുവരുന്നു. ഇലഞ്ഞിപ്പൂമണമായും ചന്ദനഗന്ധമായും ഭാവഗന്ധമായും നാമറിയുന്നു. പ്രഭാതമാണ് പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിക്കുന്ന രാവുകളേക്കാള്‍ കവിയെ കൂടുതല്‍ ആകര്‍ഷിക്കുന്നതെന്നു തോന്നുന്നു. തിരുവോണപ്പുലരികളും ആവണിപ്പൊന്‍ പുലരിയും അശോകപൂര്‍ണിമ വിടരും വാനവും ആ ഗാനസാമ്രാജ്യത്തില്‍ ഏറെയുണ്ട്. പ്രണയനിലാവില്‍ സ്വയമലിഞ്ഞ് വഴിഞ്ഞൊഴുകുന്ന ചന്ദ്രകാന്തക്കല്ലാണ് ആ കവിഹൃദയം. ‘സുഖമൊരുബിന്ദു…. ദുഃഖമൊരു ബിന്ദു’ സുഖദുഃഖസമ്മിശ്രമാണ് ജീവിതമെന്നും രണ്ടും അടിക്കടിമാറി മാറിവരുന്നു എന്നും എത്ര കലാത്മകമായാണ് അദ്ദേഹം പറഞ്ഞു വച്ചത്. പ്രണയത്തിന്റെ തീവ്രതയ്ക്കപ്പുറം വാക്കുകള്‍ കൊണ്ട് തീര്‍ക്കുന്ന രതിയുടെ സൗന്ദര്യമാണ് ‘പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞു വീണു…’ (നൃത്തശാല. സംഗീതം: ദക്ഷിണാമൂര്‍ത്തി) എന്ന ഗാനം. ഏതൊരു നവരാത്രിനാളുകളിളും സരസ്വതീക്ഷേത്രങ്ങളിലും വിവിധ ചടങ്ങുകളിലും നാം കേള്‍ക്കുന്ന പ്രശസ്തമായ ഗാനവും അദ്ദേഹത്തിന്റെ സ്വന്തം. ‘മനസ്സിലുണരൂ… ഉഷസന്ധ്യയായ് മായാമോഹിനി സരസ്വതീ’ പുസ്തകരൂപത്തിലും ആയുധരൂപത്തിലും ആ പുണ്യവതിയെ കൈതൊഴുന്നു. അഴകായും വീര്യമായും ആത്മസംതൃപ്തിയായും വാഗീശ്വരിതന്നില്‍ നിറയണമെന്ന പ്രാര്‍ത്ഥന, ‘പാടാത്ത വീണയും പാടും…’, ‘യമുനേ… യദുകുലരതിദേവനെവിടെ…’ തുടങ്ങിയ പ്രശസ്തഗാനങ്ങള്‍ അറുപതുകളില്‍ പുറത്തുവന്നവയാണ്. എഴുപതുകളില്‍ ഹിറ്റുകള്‍ വാനോളം ഉയര്‍ന്നു. ‘എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍’, ‘ആറാട്ടിനാനകള്‍ എഴുന്നള്ളി….’, ‘കസ്തൂരിമണക്കുന്നല്ലോ…’, ‘രാജീവനയനേ നീയുറങ്ങൂ…’, ‘തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു…’, ‘നിന്‍മണിയറയിലെ…’, ‘മലയാളഭാഷതന്‍…’ എന്നിങ്ങനെ എത്രയെത്ര ഗാനമലരുകള്‍.
തമ്പിയുടെ മികച്ച ഗാനങ്ങള്‍ മിക്കതും ആലപിച്ചത് ഭാവഗായകനായ ജയചന്ദ്രനാണ്. നിത്യതാരുണ്യത്തിന്റെ സ്വരഭംഗിയാല്‍ അനുഗൃഹീതനാണല്ലോ അദ്ദേഹം. ധനുമാസത്തിന്‍ ശിശിരക്കുളിരില്‍ തളിരുകള്‍ മുട്ടിയുരുമ്മുമ്പോള്‍ ഹൃദയേശ്വരീ… നിന്‍ നെടുവീര്‍പ്പില്‍…. എന്നും മറ്റുമുള്ള വരികള്‍ ആര്‍ദ്രമായി നാം കേട്ടു. പ്രണയവും ഉല്‍സവവും ഒരുമിക്കുന്ന ഗാനസന്ദര്‍ഭങ്ങളുമുണ്ട്. ക്ഷേത്രങ്ങളും കാവുകളും പൂരവും വേലയുമൊക്കെ രചനാപശ്ചാത്തലമായി നില്‍ക്കുന്ന ഗാനങ്ങളുമുണ്ട്. കേരളീയതയുടെ വരപ്രസാദത്തെ വരികളിലൊതുക്കിയവയാണ് ‘അമ്പലപ്പുഴവേല കണ്ടു ഞാന്‍…’, ‘ചെട്ടികുളങ്ങര ഭരണിനാളില്‍….’, തൈപ്പൂയക്കാവടിയാട്ടം….’, ‘കൂത്തമ്പലത്തില്‍വച്ചോ….’, ‘ആലപ്പുഴപ്പട്ടണത്തില്‍ അതിമധുരം….’ തുടങ്ങിയ ഗാനങ്ങള്‍. കാമുകിയുടെ മലര്‍ മന്ദഹാസത്തില്‍ മലയാളഭാഷയുടെ മാദകഭംഗി കണ്ടെത്തിയ കവിയാണ് ശ്രീകുമാരന്‍ തമ്പി. പുകഴേന്തി ഈണം നല്‍കിയ കൊച്ചനിയത്തിയിലെ ‘സുന്ദരരാവില്‍ ചന്ദനമുകിലിന്‍ മന്ത്രങ്ങള്‍ എഴുതും ചന്ദ്രികേ’ എന്ന ഗാനം എസ്.ജാനകിയുടെ മികച്ചഗാനങ്ങളില്‍ ഒന്നാണ്. മധുരാനുഭൂതി പകരുന്ന അനവധി ഗാനങ്ങള്‍ക്കൊണ്ട് പില്‍ക്കാലത്ത് മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ തമ്പി കഴിഞ്ഞ നൂറ്റാണ്ട് കൈരളിക്ക് സംഭാവന ചെയ്ത പ്രതിഭാപ്രഭാവമാണ്. ആലപിക്കുമ്പോള്‍ വാക്കുകള്‍ക്ക് ചിറകുമുളയ്ക്കുന്നു ഗാനങ്ങളില്‍. അവ ഹൃദയസരസ്സില്‍ നിന്ന് അരയന്നങ്ങളെപ്പോലെ ഭാവനയുടെ ആകാശത്തേക്ക് ദേശാടനം തുടങ്ങുന്നു. ഹൃദയം കൊണ്ടെഴുതിയവയാണ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍. ചലച്ചിത്ര ഗാനങ്ങളെ മൂല്യങ്ങള്‍ നിറഞ്ഞകാവ്യാംശങ്ങള്‍ കൊണ്ട് സമ്പന്നവും സാര്‍ത്ഥകവുമാക്കിയ കലാകാരനാണ് ശ്രീകുമാരന്‍തമ്പി.