കളമശ്ശേരി സ്‌ഫോടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നടപടികളും അനുവര്‍ത്തിച്ച നിലപാടുകളും ഒരു വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന് എതിരെ വര്‍ഗീയവിഷം പരത്തി എന്ന് ആരോപിച്ച് കേസെടുക്കുകയും ചെയ്തു. രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കളമശ്ശേരി സംഭവത്തിനുശേഷം നടത്തിയ പ്രസ്താവനകളില്‍ അവര്‍ എന്തു വിഷമാണ് ചീറ്റിയതെന്ന കാര്യം വിശദീകരിക്കാനും വ്യക്തമാക്കാനുമുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞ വാക്കുകള്‍ ഇതാണ്, ‘ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ടുള്ള സ്‌ഫോടനങ്ങള്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ്. സംഭവങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ ആണ് ഉത്തരവാദി. ഹമാസ് സംഘടനയുടെ തലവന് കേരളത്തില്‍ സംസാരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതിന്റെ അനന്തരഫലമാണ് 24 മണിക്കൂറിനുള്ളില്‍ കേരളം കണ്ടത്’ എന്നാണ്.
വി.മുരളീധരന്‍ പറഞ്ഞത്, ‘കൊച്ചിയില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രാര്‍ത്ഥനായോഗത്തിലെ ബോംബ് സ്‌ഫോടനം ഞെട്ടിക്കുന്നതാണ്. തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കുന്ന ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകുന്നത് ആശങ്കാജനകമാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് എല്ലാവിധ ചികിത്സാസഹായവും നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.’ ഈ രണ്ടു പ്രസ്താവനകളും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയും കൂട്ടി വായിക്കണം. ഗോവിന്ദന്‍ പറഞ്ഞത് ഇങ്ങനെയാണ്, ‘അതീവ ഗൗരവമായ സംഭവമാണ് കളമശ്ശേരിയില്‍ ഉണ്ടായത്. രാഷ്ട്രീയമായി പരിശോധിച്ചാല്‍ സംഭവം ഭീകരാക്രമണം ആണെന്ന് പറയേണ്ടിവരും.’
ഈ മൂന്നു പ്രസ്താവനകളും തമ്മില്‍ മൗലികമായി, വസ്തുതാപരമായി എന്തു വ്യത്യാസമാണുള്ളത്? ഭീകരാക്രമണമാണ് നടന്നത് എന്നകാര്യത്തില്‍ മൂന്ന് പ്രസ്താവനകളും ഒരേപോലെ യോജിക്കുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ, ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ വീഴ്ച വളരെ വ്യക്തമായി രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. ഭാരതത്തില്‍ എന്നല്ല, ലോകത്തിന്റെ മറ്റൊരു ഭാഗത്തും ഒക്ടോബര്‍ ഏഴിനു ശേഷം ഹമാസിന്റെ നേതാക്കള്‍ക്കോ മുന്‍ നേതാക്കള്‍ക്കോ സംസാരിക്കാനോ പ്രചാരണം നടത്താനോ ഒരു ലോകരാഷ്ട്രങ്ങളും അനുവാദം നല്‍കിയിട്ടില്ല. ഹമാസിന്റെ മുന്‍ തലവന്‍ ഖാലിദ് മഷാല്‍ ഓണ്‍ലൈന്‍ വഴി സോളിഡാരിറ്റി സമ്മേളനത്തില്‍ മലപ്പുറത്ത് സംസാരിച്ചത് നിസ്സാരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തോന്നുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും പണ്ട് അദ്ദേഹം ധനസെക്രട്ടറിയായിരുന്ന വരദാചാരിയെ കുറിച്ച് ഫയലില്‍ കുറിച്ചത് ഇപ്പോള്‍ പിണറായിയുടെ കാര്യത്തില്‍ പ്രസക്തമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. വൈദ്യുതി ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഫയലില്‍ നോട്ട് ഇട്ട വരദാചാരിയുടെ തല പരിശോധിക്കണമെന്നാണ് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ അതിനു ചുവടെ രേഖപ്പെടുത്തിയത്.
രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി ആകുന്നതിന് മുമ്പ്, വ്യവസായ പ്രമുഖന്‍ ആകുന്നതിനുമുമ്പ്, ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മികവ് പ്രകടിപ്പിച്ച ആളാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു താരതമ്യത്തിന് പോലും കഴിയുന്നതല്ല രാജീവ് ചന്ദ്രശേഖറിന്റെ വ്യക്തിത്വം. വളരെ സാധാരണക്കാരനായ, സമൂഹത്തിന്റെ താഴെക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന നേതാവ് എന്നനിലയില്‍ പിണറായി വിജയനോട് ആദരവ് ഉണ്ടെങ്കില്‍ പോലും അദ്ദേഹത്തിന്റെ പ്രവൃത്തികളും കുടുംബം നടത്തുന്ന സാമ്പത്തിക ഇടപാടുകളും ആ ആദരവിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ്. മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി എത്ര ഇടപാടുകളിലാണ് ഇപ്പോള്‍ ആരോപണ വിധേയമായത്. കോവിഡ് സമയത്ത് കേരളത്തിലെ ആരോഗ്യവകുപ്പിന്റെ ഡാറ്റ അമേരിക്കന്‍ കമ്പനിക്ക് കൈമാറിയ സംഭവം മുതല്‍ വീണയുടെ പേര് പൊതുരംഗത്തുണ്ട്. അതിനുശേഷം ഏറ്റവും അവസാനം കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സ് എന്ന ശശിധരന്‍ കര്‍ത്തായുടെ സ്ഥാപനത്തില്‍ നിന്ന് മാസപ്പടി പറ്റി എന്ന ആരോപണം ഉയരുന്നത്, പ്രതിമാസം അഞ്ചുലക്ഷം രൂപ വീതം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് നല്‍കുന്നത് വെറുതെയല്ലല്ലോ. കരിമണല്‍ കര്‍ത്താവിനെ പോലെ കുശാഗ്ര ബുദ്ധിയായ ഒരു വ്യവസായി പണം നല്‍കുന്നുണ്ടെങ്കില്‍ അതിന്റെ ആദായം മറ്റേതെങ്കിലും വഴിയില്‍ എടുക്കുന്നുണ്ടാവും. വീണാ വിജയന്റെ എക്‌സാ ലോജിക് കമ്പനിയില്‍ നിന്ന് ഒരു സേവനവും പറ്റാതെ മാസം അഞ്ചുലക്ഷം രൂപ വീതം നല്‍കുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി പിണറായി വിജയന് അല്ലെങ്കില്‍ കുടുംബത്തിന് നല്‍കുന്ന ഔദാര്യമാണ് എന്ന കാര്യത്തില്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും സംശയമില്ല. കേരളത്തിന്റെ തീരത്ത് നടക്കുന്ന അനധികൃത കരിമണല്‍ ഖനനം ഈ മാസപ്പടിയുമായി ബന്ധമുണ്ടോ എന്നകാര്യം മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സിപിഎമ്മും വ്യക്തമാക്കണം. സാധാരണക്കാരില്‍ സാധാരണക്കാരന്‍ ആയി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പിണറായി വിജയനും കുടുംബത്തിനും ഇന്ന് കൈവന്നിട്ടുള്ള സ്വത്തും സൗഭാഗ്യങ്ങളും ഭഗവാന്‍ കൃഷ്ണന്‍ കുചേലനു കൊടുത്തതുപോലെ ദൈവം കൊടുത്തതൊന്നും അല്ലല്ലോ. അതിന്റെ വഴികള്‍ ഇരുള്‍ മൂടിയതാണ്. അധികാരത്തിന്റെ ഇരുള്‍മൂടിയ ഇടനാഴികളില്‍ കൈതോല പായയിലും അല്ലാതെയും ഒക്കെ നടന്ന ഇടപാടുകളാണ് ഇതിന്റെ പിന്നില്‍ എന്നകാര്യം പറയാതിരിക്കാന്‍ കഴിയില്ല. രാജിവ് ചന്ദ്രശേഖറിന്റെയോ വി. മുരളീധരന്റെയോ കാര്യത്തില്‍ അത്തരം ഒരു ആരോപണം ഉന്നയിക്കാനോ പറയാനോ സംശുദ്ധിയുടെ രാഷ്ട്രീയത്തിനെതിരെ വിരല്‍ചൂണ്ടാനോ കഴിയുമോ?
രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? രാജീവ് ചന്ദ്രശേഖര്‍ പ്രത്യേകമായ ചിലരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രചാരണം നടത്തി എന്നാണ് പിണറായി ആരോപിച്ചത്. കേരളത്തിലെ ഏതെങ്കിലും നേതാക്കള്‍ സമാന പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു പിണറായിയുടെ ഭീഷണി. രാജീവ് ചന്ദ്രശേഖരന് മുമ്പ് തന്നെ സമാനമായ പ്രസ്താവനയും പ്രതികരണവും നടത്തിയത് എം.വി. ഗോവിന്ദന്‍ അല്ലേ? മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാവരോടും ഒരേ രീതിയിലാണ് പെരുമാറുന്നതെങ്കില്‍ ആദ്യം കേസെടുക്കേണ്ടിയിരുന്നത് എം.വി. ഗോവിന്ദനെതിരെയല്ലേ? എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നത്? ഇവിടെ രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും സത്യം തുറന്നുപറഞ്ഞു. കേരളത്തില്‍ ഇസ്ലാമിക ഭീകരതയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പാലൂട്ടി വളര്‍ത്തുക കൂടിയാണ് പിണറായി വിജയന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഖാലിദ് മഷാലിന് കേരളത്തിന്റെ മണ്ണില്‍ പ്രസംഗിക്കാന്‍ അനുവാദം കൊടുത്ത പോലീസ് ഉദ്യോഗസ്ഥന്‍ ആരാണ്? അല്ലെങ്കില്‍ ആ പ്രസംഗം ഇവിടെ ഒരുക്കി പ്രചാരണം നടത്താന്‍ അവസരം നല്‍കിയ സോളിഡാരിറ്റിയുടെയും ഇസ്ലാമിക ഭീകരസംഘടനകളുടെയും പേരില്‍ എന്തുകൊണ്ട് കേസെടുത്തില്ല? ഇക്കാര്യം നേരത്തെ അറിയുന്നതില്‍ ഇന്റലിജന്‍സ് പോലീസ് പരാജയപ്പെട്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായിക്ക് തന്നെയല്ലേ? നിരോധിക്കപ്പെടും വരെ പോപ്പുലര്‍ ഫ്രണ്ടിന് ആയുധങ്ങള്‍ സംഭരിക്കാനും ആയുധ പരിശീലനം നടത്താനും അവസരമൊരുക്കിയത് പിണറായി വിജയന്‍ തന്നെയല്ലേ? പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനുശേഷം അതിന്റെ ഓഫീസുകള്‍ കണ്ടുകെട്ടുന്നതിലും ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിലും പിണറായി വിജയനും കേരള പോലീസും കാട്ടിയ അവധാനത മാത്രമല്ല, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നല്‍കിയ സന്ദേശങ്ങള്‍ മുഴുവന്‍ എങ്ങനെ ഭീകര സംഘടനാ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ചോര്‍ന്നുപോയി എന്നകാര്യം കൂടി വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനുണ്ട്.
കേരള പോലീസിലെ പച്ചവെളിച്ചം എന്ന സംഘടന മുതല്‍ നേരത്തെ കുപ്രസിദ്ധമായ ഇ-മെയില്‍ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിരിച്ചുവിട്ട എസ്.ഐ ബിജുവിനെ തിരിച്ചെടുത്തതടക്കം ഇസ്ലാമിക ഭീകരതയ്ക്ക് വേണ്ടി എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നതും കൊടുക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പും അല്ലേ? തൊടുപുഴയില്‍ പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ കേസില്‍ പോലും ഇടതുമുന്നണി സ്വീകരിച്ച നാറിയ നിലപാട് ഏതെങ്കിലും രാഷ്ട്രീയകക്ഷിക്ക് ഭൂഷണമാണോ? ഇക്കാര്യം രാജീവ് ചന്ദ്രശേഖര്‍ തുറന്നു പറയുമ്പോള്‍ അദ്ദേഹത്തിനെ വര്‍ഗീയവിഷം ചീറ്റുന്നു എന്നുപറഞ്ഞ് ആക്ഷേപിക്കുന്ന പിണറായി വിജയന്‍ ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. കാരണം കളമശ്ശേരി സ്‌ഫോടനത്തില്‍ കീഴടങ്ങിയ പ്രതി മാര്‍ട്ടിന്റെ പ്രവര്‍ത്തനരീതിയും ബന്ധങ്ങളും എല്ലാം തന്നെ ദുരൂഹങ്ങളും സംശയാസ്പദങ്ങളുമാണ്. ഹയര്‍സെക്കന്ററി പോലും പഠിപ്പില്ലാത്ത, സാധാരണക്കാരില്‍ സാധാരണക്കാരനായ ശരാശരിക്കാരന്‍ ഓണ്‍ലൈന്‍ വഴി ബോംബ് നിര്‍മിക്കാന്‍ പഠിച്ചു എന്നുപറയുന്നത് തന്നെ അവിശ്വസനീയമാണ്. ഗള്‍ഫിലുള്ള കാലത്ത് തന്നെ ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് ഇയാള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു എന്ന് ആരോപണമുണ്ട്. ഇത് ശരിയായിരിക്കാം, തെറ്റായിരിക്കാം. എന്തായാലും ഇസ്രായേല്‍ ഹമാസ് യുദ്ധം നടക്കുമ്പോള്‍ ഒരു ക്രൈസ്തവ വിഭാഗത്തിന്റെ പ്രാര്‍ത്ഥനായോഗത്തില്‍ ബോംബ് പൊട്ടുന്നത് യാതൊരു മത-വര്‍ഗീയ സ്വാധീനവും ഇല്ലാതെയാണെന്ന് വിശ്വസിക്കാന്‍ കേരളത്തിലെ സിപിഎംകാരെ പോലെ അത്ര മണ്ടന്മാരാണോ മറ്റു മലയാളികള്‍?
കേരളത്തിലെ സിപിഎം നേതൃനിരയില്‍ സിമിയും ഇസ്ലാമിക ജിഹാദികളും നടത്തുന്ന കടന്നുകയറ്റം മനസ്സിലാകാത്തത് സിപിഎമ്മിന് മാത്രമാണ്. സിമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രവര്‍ത്തന സംവിധാനം എന്താണെന്ന് പോലും അറിയാതെ അവര്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇനിയെന്നാണ് നേരം വെളുക്കുക? അന്വേഷണ ഏജന്‍സികള്‍ ഇത് വ്യക്തമായ ഭീകരാക്രമണ സംഭവമായാണ് വിലയിരുത്തുന്നത്. എന്നിട്ടും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് അത് മനസ്സിലാകുന്നില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്? എത്ര മറച്ചുവെച്ചാലും മൂടിവെച്ചാലും ഭീകരതയും ഭീകരാക്രമണവും അതിന്റെ പിന്നിലെ ഗൂഢാലോചനയും പണത്തിന്റെ വരവും മതപരമായ സ്വാധീനവും ആസൂത്രണത്തിന്റെ ശക്തികളും പുറത്തു വരേണ്ടതല്ലേ? അത് തുറന്നു പറയാനുള്ള നട്ടെല്ലും ആത്മവീര്യവും പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും ഇല്ലാതാകുന്നത് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിക വോട്ടുബാങ്കിനെ ഉപയോഗിച്ച് വിജയിക്കണമെന്ന ലക്ഷ്യം ഉള്ളതുകൊണ്ടാണ്. പക്ഷേ, കാശ്മീരിനെ പോലെ ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ഹിന്ദുക്കളെയും ക്രൈസ്തവരെയും പോലെ, മതപീഡനവും അപമാനവും സഹിക്കുന്ന ഒരു ജനവിഭാഗമായി കേരളവും മാറണോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ പോലും ഇസ്ലാമിക ശക്തികള്‍ ചെലുത്തുന്ന സ്വാധീനവും അവര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ നടത്തിയെടുക്കുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ബുദ്ധിശൂന്യരായ ഹിന്ദുക്കള്‍ ഒഴികെ മറ്റെല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്. കോഴിക്കോട്ടെ നോളജ് സിറ്റി നിലനില്‍ക്കുന്ന സ്ഥലം മാങ്കാവ് കോവിലകത്തിന്റെ സ്ഥലമാണെന്ന് ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുമ്പോഴും എങ്ങനെയാണ് നോളജ് സിറ്റി നിര്‍മ്മാണത്തിന് അനുവാദം കിട്ടിയതെന്ന് അന്വേഷിക്കുമ്പോഴാണ് ഭരണ സ്വാധീനത്തിന്റെയും ഭരണാധികാരികളുടെ കീഴടങ്ങലിന്റെയും ചിത്രം വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ മാത്രമല്ല, പ്രകൃതി ദുരന്തങ്ങളില്‍ പോലും സമുദായം നോക്കി ആനുകൂല്യം നല്‍കുന്ന ചിത്രം ഇന്ന് സാധാരണക്കാരന്റെ മുന്നിലുണ്ട്. വിധവകള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതിയടക്കം ക്ഷേമപദ്ധതികള്‍ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രം നല്‍കുന്നു എന്ന ആക്ഷേപം പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാരെക്കാള്‍ കൂടുതല്‍ ആനുകൂല്യം ഇസ്ലാം മതവിഭാഗത്തിന് കൊടുക്കുന്നു എന്ന ആരോപണം ഇതൊക്കെ സത്യമാണെങ്കില്‍ പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ പരാജയമാണ്. അതിന്റെ സൂചനയാണ് രാജീവ് ചന്ദ്രശേഖറിനും മാധ്യമങ്ങള്‍ക്കും ഒക്കെ എതിരെ എടുത്ത കേസും നടപടികളും. കളമശ്ശേരി സ്‌ഫോടനത്തില്‍ ഭീകര സംഘടനകള്‍ക്ക് ബന്ധമില്ല എന്ന് അന്വേഷണ ഏജന്‍സികള്‍ പറയാത്തിടത്തോളം കാലം ഭീകര സംഘടനകളുടെ ബന്ധം കണ്ടെത്തണമെന്ന് പറയുന്നതിനല്ലേ പ്രസക്തി? ഇതില്‍ എന്താണ് വിഷം ചീറ്റല്‍? നേരത്തെ നടന്ന കളമശ്ശേരി ബസ് തീവെപ്പ് കേസില്‍ അന്വേഷണം എന്തായി? സൂഫിയ മദനി അടക്കമുള്ളവരുടെ പിന്നില്‍ ആരാണെന്ന് കണ്ടെത്തിയോ?
രഹസ്യമായും പരസ്യമായും ഇസ്ലാമിക ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും അവര്‍ക്ക് അനുകൂലമായ നടപടികള്‍ എടുക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ വിഷം ചീറ്റലൊന്നും ഇന്ന് കേരളത്തില്‍ ഇല്ല. ഈ തിരിച്ചറിവ് 12 വയസ്സുള്ള കുട്ടിക്ക് പോലും ഉണ്ടായിരിക്കുന്നു. പണ്ട് രാജാവ് നഗ്‌നനാണെന്ന് പറഞ്ഞ കുട്ടിയെ പോലെ, കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പുതിയ കുട്ടിയും പറഞ്ഞത് അതുതന്നെയാണ്. കേരള സമൂഹത്തിന്റെ ഉള്ളിലിരിപ്പ് അല്ലെങ്കില്‍ മനസ്സാണ് അത്. പി.ആര്‍ ഏജന്‍സികളും പാര്‍ട്ടിയുടെ അടിമകളായ ചില പ്രവര്‍ത്തകരും ഒഴികെ മറ്റുള്ളവര്‍ ഇന്ന് സത്യം മനസ്സിലാക്കിയിരിക്കുന്നു. കഴിഞ്ഞ സിപിഎം സമ്മേളനത്തില്‍ എറണാകുളത്തു നിന്ന് രാജിവച്ച് ഇറങ്ങിപ്പോയ ജില്ലാ കമ്മറ്റി അംഗത്തിന്റെ വാക്കുകള്‍ പിണറായി വിജയനുള്ള തിരുത്താണ്. ഇപ്പോള്‍ അതുതന്നെയാണ് രാജീവ് ചന്ദ്രശേഖര്‍ ആവര്‍ത്തിച്ചത്. ഇനിയെങ്കിലും സത്യം മനസ്സിലാക്കാനുള്ള ആര്‍ജ്ജവവും വകതിരിവും പിണറായി വിജയന് ഉണ്ടാവുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ 12 വയസ്സുള്ള കുട്ടിയെ പോലെ കേരളസമൂഹം മുഴുവന്‍ പ്രതികരിക്കുന്ന സാഹചര്യമുണ്ടാകും എന്നകാര്യം അറിയുക.