അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരത സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞ കല്‍ക്കത്താ തിസീസിന്റെ 75-ാം വര്‍ഷത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ വിദേശക്കൂറിനെ സമഗ്രമായി വിലയിരുത്തുന്ന ലേഖനം
സ്വതന്ത്ര ഭാരതത്തിന്റെ അധികാരം പിടിച്ചടക്കാന്‍ കമ്യൂണിസ്റ്റുകാര്‍ കരുതിവെച്ചിരുന്ന രണതന്ത്രം ചരിത്രത്തില്‍ നിന്നു വ്യക്തമാണ്. 1947ല്‍ നിലവില്‍വന്ന ജനാധിപത്യ ഭരണക്രമത്തിന്റെ അടിത്തറ ഭദ്രമാകുന്നതിന് മുമ്പ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കല്‍ക്കട്ട തീസിസില്‍ പദ്ധതിയിട്ടത് അട്ടിമറി ശ്രമങ്ങള്‍ കൊണ്ട് അരാജകത്വം വളര്‍ത്തുകയെന്നതായിരുന്നു. അതായിരുന്നു ആ കുതന്ത്രത്തിന്റെ കാതല്‍. സമാന്തരമായി സോവിയറ്റു യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടം ആക്രമിച്ചോ അല്ലാതെയോ ഭാരതം കീഴടക്കി തങ്ങളെ പട്ടാഭിഷേകം ചെയ്ത് ഭരണസിംഹാസനത്തില്‍ കയറ്റിയിരുത്തുമെന്നതായിരുന്നു ഇന്ത്യയിലെ സഖാക്കളുടെ പ്രതീക്ഷ. സാര്‍വ്വദേശീയ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം ലക്ഷ്യമാക്കാന്‍ ബാധ്യതയുള്ള സോവിയറ്റ് കമ്യൂണിസ്റ്റ് ഭരണകൂടം അതിന്റെ പ്രത്യയശാസ്ത്രപരമായ ദൗത്യം ഭാരതത്തിന്റെ കാര്യത്തിലും നിര്‍വഹിക്കും എന്നതായിരുന്നു ആ പ്രതീക്ഷയുടെ പ്രേരകഘടകം. അതിനിടെ, സമാനമായ രീതിയില്‍ സോവിയറ്റ് സഹായത്തോടെ മാവോ ചൈനയില്‍ അധികാരത്തിലെത്തിയത് ഇന്ത്യയിലെ കമ്യൂണിസ്റ്റുകളുടെ ആവേശം വര്‍ദ്ധിപ്പിച്ചു. സ്റ്റാലിന്റെ സോവിയറ്റ് യൂണിയനേക്കാള്‍ കൂടുതല്‍ ആക്രമണസ്വഭാവം മാവോയുടെ ചൈന പ്രകടിപ്പിച്ചതോടെ തങ്ങള്‍ക്കുവേണ്ടി ഭാരതത്തിന്റെ അതിര്‍ത്തിക്കപ്പുറം പോര്‍മുഖം തുറക്കുവാന്‍ കൂടുതല്‍ സാദ്ധ്യതയുള്ള പുതിയ ഒരു ശക്തി കൂടി ഉയര്‍ന്നുവരുന്നതായി അവര്‍ കണക്ക് കൂട്ടി. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രവും അധികാരമോഹവും തലയ്ക്ക് പിടിച്ച് അന്ധരായവര്‍ അത്തരം മോഹവലയത്തില്‍ കുരുങ്ങിക്കിടക്കുമ്പോഴും ഇംഗ്ലണ്ടും പാശ്ചാത്യ രാജ്യങ്ങളും ഇസ്ലാമിക ഭരണകൂടങ്ങളും തുടര്‍ന്നുപോന്ന അധിനിവേശത്തിന്റെ സാമ്രാജ്യത്വ അജണ്ട തന്നെയാണ് സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും ഉള്ളിലുള്ളതെന്ന് കണ്ടറിഞ്ഞ ദേശീയപക്ഷത്തെ ക്രാന്തദര്‍ശികളായ മഹാരഥന്മാര്‍ ഭാരത സര്‍ക്കാരിനും പൊതുസമൂഹത്തിനും വരാനിരിക്കുന്ന അപകടങ്ങളുടെ കൃത്യമായ സൂചനകള്‍ നല്‍കിയെന്നത് മറ്റൊരു കാര്യം.
മാര്‍ക്‌സിസത്തേക്കാള്‍ വിനാശകരമായ മാവോയിസത്തിന്റെ പ്രയോഗരീതിയിലൂടെ 1949ല്‍ ചൈനയുടെ ഭരണം പിടിച്ചെടുത്ത കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് -ഏകാധിപത്യം ഒറ്റ വര്‍ഷത്തിനുള്ളില്‍, 1950ല്‍, വടക്കന്‍ കൊറിയയോട് ചേര്‍ന്ന് തെക്കന്‍ കൊറിയക്കെതിരെ പടയ്ക്കിറങ്ങി. സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും ഭരണകൂടങ്ങള്‍ ചേര്‍ന്ന് ലോകസമാധാനത്തിനു ഭീഷണിയായി നടത്തിയ പടപ്പുറപ്പാടിനെ അന്ന് പ്രതിരോധിച്ചത് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ ചുമതലപ്പെടുത്തിയ യു.എന്‍. കമാന്‍ഡിന്റെ കീഴില്‍ അണിനിരന്ന ഇരുപത്തിയൊന്ന് ലോകരാജ്യങ്ങളാണ്. 1951ല്‍ ടിബറ്റിനെ കടന്നാക്രമണത്തിലൂടെ പിടിച്ചെടുത്തതോടെ ചൈനയുടെ തനിനിറം കൂടുതല്‍ പ്രകടമായി. ചൈനയുടെ അടുത്ത ഊഴം ഭാരതത്തിന് നേരെയാകുമെന്ന സൂചനകള്‍, ഇനി പറയുന്ന ദേശീയ പക്ഷത്തുള്ള ബൗദ്ധിക മഹാരഥന്മാര്‍ വ്യക്തമാക്കുകയും ചെയ്തു.
മഹര്‍ഷി അരവിന്ദന്‍
1950ല്‍, വടക്കന്‍ കൊറിയയോട് ചേര്‍ന്ന് തെക്കന്‍ കൊറിയക്കെതിരെ ചൈന പടയ്ക്കിറങ്ങിയപ്പോള്‍ തന്നെ മാവോയിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണോത്സുകത കണക്കിലെടുത്തുകൊണ്ട്, അവരുടെ സാമ്രാജ്യത്വ മോഹങ്ങള്‍ ഭാവിഭാരതത്തിനെതിരെ ഉയര്‍ത്താനിടയുള്ള വെല്ലുവിളികളെക്കുറിച്ച് മഹര്‍ഷി അരവിന്ദന്‍ മുന്നറിയിപ്പു നല്‍കി. ടിബറ്റിനെതിരെയുള്ളതാകും ചൈനയുടെ അടുത്ത കടന്നാക്രമണമെന്നതില്‍ ഒരു സംശയവുമില്ലായിരുന്ന മഹര്‍ഷിയുടെ സൂചനകള്‍ കൃത്യമായിരുന്നു: ‘എല്ലാ കാര്യങ്ങളും വളരെ വ്യക്തമാണ്. ഇത് കമ്യൂണിസ്റ്റ് പദ്ധതിയുടെ ഒന്നാമത്തെ നീക്കമാണ്. ആദ്യം ഈ വടക്കന്‍ ഭാഗങ്ങളെ കൈവശപ്പെടുത്തി സ്വാധീനം ഉറപ്പിക്കുക. പിന്നീട് തെക്കു കിഴക്കന്‍ ഏഷ്യയിലേക്ക്, ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ബാക്കിഭാഗം കൂടി കൈപ്പിടിയിലൊതുക്കുവാനുള്ള യുദ്ധതന്ത്രം. പോകും വഴി ടിബറ്റും, ഇന്ത്യയിലേക്ക് തുറക്കുവാനുള്ള ഒരു വാതില്‍ എന്ന നിലയില്‍.’ ശ്രീ അരവിന്ദന് ഭാരതം പില്‍ക്കാലത്ത് ചൈനയില്‍ നിന്ന് നേരിടാന്‍ സാദ്ധ്യതയുള്ള വെല്ലുവിളികള്‍ സ്പഷ്ടമായിരുന്നു.
വീര സാവര്‍ക്കര്‍
ഭാരതത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രപരമായ സ്ഥാനം, രണ്ടാം മഹായുദ്ധാനന്തരമുള്ള ലോകസാഹചര്യം, അയല്‍ രാജ്യങ്ങളില്‍ അധികാരത്തിലെത്തിയ ഭരണകൂടങ്ങളുടെ രാഷ്ട്രീയം തുടങ്ങിയവയെല്ലാം വസ്തുനിഷ്ഠമായി പഠിച്ച് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍, സ്വതന്ത്ര്യ വീര വിനായക് ദാമോദര്‍ സാവര്‍ക്കര്‍ ഭാരതത്തിന്റെ ഭാവി സുരക്ഷയുടെ നേര്‍ക്കുണ്ടാകാനിടയുള്ള ഭീഷണികളും അതിനെ നേരിടുന്ന കാര്യത്തില്‍ പിഴവിന് ഇടം കൊടുക്കാത്ത കര്‍മ്മപദ്ധതിയും കൃത്യമായി മുന്നോട്ടുവെച്ചിരുന്നു. 1947 ഡിസംബര്‍ 28ന് സാവര്‍ക്കര്‍, നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിക്കയച്ച കത്തില്‍ ഇങ്ങനെ വ്യക്തമാക്കി: ‘പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഓരോ ആക്രമണ നടപടികള്‍ക്കും, അത് സൈനികമാണെങ്കിലും മറ്റുതരത്തിലാണെങ്കിലും, അര്‍ഹിക്കുന്ന തിരിച്ചടികൊണ്ട് ഹിന്ദുസ്ഥാന്‍ സര്‍ക്കാര്‍, നേരിടണം. തരത്തിനു തരം, അളവിന് അളവ്.’ 1947ല്‍ ഹിന്ദുസ്ഥാനും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടതിന്റെ മുറിവുണങ്ങാത്ത ഭാരതത്തിലെ ദേശീയബോധമുള്ള ജനസമൂഹത്തിന്റെ ഹൃദയമാണ് ആ കത്തിലെ വരികളില്‍ തെളിഞ്ഞു വന്നത്. (പാകിസ്ഥാനെ പ്രതിരോധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയ സാവര്‍ക്കറുടെ വാക്കുകള്‍ അവഗണിച്ച് അദ്ദേഹത്തെ കല്‍തുറുങ്കിലടക്കാന്‍ കുബുദ്ധി കാട്ടിയ ജവഹര്‍ലാല്‍ നെഹ്രു രാജ്യരക്ഷയുടെ കാര്യത്തിലുണ്ടാകേണ്ട ഗൗരവതരമായ തയ്യാറെടുപ്പുകളൊന്നും, ഒരുതരത്തിലും, നടത്തിയില്ല. അധികാരം കയ്യില്‍ കിട്ടിയ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രതിരോധ പദ്ധതി പിഴവുകളും പഴുതുകളും നിറഞ്ഞതായിരുന്നു. ഒരു പക്ഷേ അങ്ങനെയൊന്നില്ലായിരുന്നുവെന്നു പറയുന്നതാകും കൂടുതല്‍ ശരി). 1950ല്‍ ചൈന ടിബറ്റിലേക്ക് കടന്നാക്രമിച്ചപ്പോഴേ ചീനപ്പടയുടെ അടുത്ത ഊഴം ഭാരതമായിരിക്കുമെന്ന സൂചന സാവര്‍ക്കര്‍ നല്‍കി. നെഹ്രു പഞ്ചശീല തത്ത്വവുമായി ചൈനയെ സമീപിച്ചപ്പോള്‍, 1954ല്‍ തന്നെ, (1962ല്‍ കമ്യൂണിസ്റ്റ് ചൈന ഭാരതത്തെ കടന്നാക്രമിക്കുന്നതിന് 8 വര്‍ഷങ്ങള്‍ക്കുമുമ്പ്) സാവര്‍ക്കര്‍ പ്രസ്താവനയിലൂടെ ഇങ്ങനെ വ്യക്തമാക്കി: ‘ടിബറ്റിനോടുള്ള പ്രവൃത്തിക്കുശേഷവും ചൈനയോടുള്ള അമിതവിധേയത്വം ആ രാജ്യത്തിന്റെ വിശപ്പ് വര്‍ദ്ധിപ്പിക്കും. ഇന്ത്യയുടെ ദുര്‍ബലമായ സമീപനത്തിന്റെ തണലില്‍ ഇന്ത്യന്‍ ഭൂമി വിഴുങ്ങുവാനുള്ള ധൈര്യം ചൈനയ്ക്കുണ്ടായാലും എനിക്ക് അതിശയം തോന്നുകയില്ല.’
ഡോ. ബി.ആര്‍.അംബേദ്കര്‍
1951ല്‍ ടിബറ്റിനെ കടന്നാക്രമിച്ച ചൈനയുടെ തനിനിറം തിരിച്ചറിഞ്ഞതോടെ ഡോ. ഭീം റാവ് അംബേദ്കര്‍ നല്‍കിയ സൂചനകളും അടുത്ത ഭീഷണി ഭാരതത്തിന് നേരെയായിരിക്കുമെന്ന സാദ്ധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. ലഖ്‌നൗ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോടു നടത്തിയ പ്രഭാഷണത്തില്‍, മാവോ ഭരണകൂടത്തെ പ്രീണിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്രു ഭരണകൂടത്തിന്റെ നട്ടെല്ലില്ലാത്ത വിദേശനയത്തെ വിമര്‍ശിച്ചുകൊണ്ട് അംബേദ്കര്‍ പറഞ്ഞു: ‘ഇന്ത്യ ശക്തമായ ഒരു വിദേശനയം രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ടിബറ്റ് ചൈനയുടെ പട്ടാള വലയിലാക്കപ്പെട്ടു കഴിഞ്ഞു. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭാരതത്തിന് വെല്ലുവിളിയായി മാറും.’ അംബേദ്കര്‍ കൂടുതല്‍ വ്യക്തമായി പ്രധാനമന്തി ജവഹര്‍ലാലിനോട് സൂചിപ്പിച്ചു: ‘മിസ്റ്റര്‍ മാവോ എടുത്തുകാട്ടിയതും ടിബറ്റുമായി ഉണ്ടാക്കിയ അനാക്രമണ ഉടമ്പടിയില്‍ രേഖപ്പെടുത്തുകയും ചെയ്ത പഞ്ചശീല തത്വങ്ങളെ പ്രധാനമന്ത്രി, ആശ്രയിച്ചിരിക്കുന്നു! കൊള്ളാം! ഈ പഞ്ചശീലത്തെ പ്രധാനമന്ത്രി ഗൗരവമായി എടുക്കുന്നതു കണ്ട് എനിക്ക് അത്ഭുതം തോന്നുന്നു. സര്‍, താങ്കള്‍ക്ക് ശരിക്കും അറിവുള്ളതുപോലെ, പഞ്ചശീലം ബുദ്ധമതത്തിന്റെ അടിസ്ഥാന ഘടകമാണ്. മിസ്റ്റര്‍ മാവോയ്ക്ക് പഞ്ചശീലത്തില്‍ എന്തെങ്കിലും വിശ്വാസമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ നാട്ടിലെ ബുദ്ധമതക്കാരോട് വളരെ വ്യത്യസ്തമായ ഒരു രീതിയിലാകുമായിരുന്നു മിസ്റ്റര്‍ മാവോ ഇടപെടുന്നത്. പഞ്ചശീലത്തിന് രാഷ്ട്രീയത്തില്‍ ഒരു പങ്കുമില്ല, അതും ഒരു കമ്യൂണിസ്റ്റ് കക്ഷിയുടെ രാഷ്ട്രീയത്തില്‍! കമ്യൂണിസ്റ്റുകളുടെ രാഷ്ട്രങ്ങള്‍ക്ക് ധാര്‍മ്മികത ഇല്ല.’ വീണ്ടും ഒരു സാമ്രാജ്യത്വ കടന്നാക്രമണം ഉണ്ടായാല്‍, അതാരുടെ ഭാഗത്തു നിന്നായാലും, അദ്ദേഹത്തെ പോലെ മഹാനായ ഒരു രാജ്യസ്‌നേഹിക്ക് പൊറുക്കാനാകുമായിരുന്നില്ല. ധാര്‍മ്മികതയോടും ജനാധിപത്യമൂല്യങ്ങളോടും താത്പര്യമില്ലാത്ത കമ്യൂണിസ്റ്റു ചൈനയുടെ കടന്നാക്രമണം ഭാരതത്തിനു പൊതുവെയും അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്ക് വിശേഷിച്ചും പുതിയ അപകട സാദ്ധ്യതകള്‍ക്ക് ഇട വരുത്തുമെന്നത് അംബേദ്കറെ പോലെ ഒരു ധിഷണാശാലിയുടെ വിശകലനങ്ങളുടെ വിഷയമാവാതിരിക്കാന്‍ ഇടയുമില്ല.
സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍
ഇക്കാര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്, സര്‍ദാര്‍ പട്ടേല്‍ നല്‍കിയ സൂചനകള്‍ വിശേഷിച്ചും ശ്രദ്ധയര്‍ഹിക്കുന്നു. കാരണം ആ കത്തയക്കുമ്പോള്‍ അദ്ദേഹം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്നു. അതുകൊണ്ടു തന്നെ അതിലെ നിരീക്ഷണങ്ങള്‍ ഭാരതസര്‍ക്കാര്‍ അക്കാര്യത്തില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. 1950 നവംബര്‍ ഏഴാം തീയതി ഉപപ്രധാനമന്ത്രി പ്രധാനമന്ത്രിക്കെഴുതി: ‘ഈ ചൈനാ സര്‍ക്കാര്‍ സമാധാനപരമായ ലക്ഷ്യങ്ങള്‍ എന്നു പറഞ്ഞ് നമ്മളെ വഞ്ചിക്കാന്‍ നോക്കുകയായിരുന്നു. നമ്മള്‍ സ്വയം ചൈനയുടെ സുഹൃത്തുക്കളായി കണക്കാക്കുന്നുണ്ടെങ്കിലും ചൈനക്കാര്‍ നമ്മളെ അവരുടെ സുഹൃത്തുക്കളായി കണക്കാക്കുന്നില്ല. ‘തങ്ങളോടോപ്പമല്ലാത്തവരെല്ലാം തങ്ങള്‍ക്കെതിരാണെന്ന’ കമ്യൂണിസ്റ്റ് മാനസികാവസ്ഥയുടെ അടിസ്ഥാനത്തില്‍ നമ്മള്‍ വിശേഷിച്ച് കണക്കിലെടുക്കേണ്ട ഒരു സൂചനയാണത്. …. നമ്മള്‍ മനസ്സിലാക്കിയിരുന്ന രൂപത്തിലുള്ള ടിബറ്റ് അപ്രത്യക്ഷമായതും ചൈനയുടെ വിസ്തൃതി നമ്മുടെ പടിവാതില്‍ക്കലെത്തിയതും മൂലം ഉയര്‍ന്നു വന്ന പുതിയ സാഹചര്യം നാം കണക്കിലെടുക്കേണ്ടതുണ്ട്. ചരിത്രത്തിലൊരിക്കലും നാം വടക്കു കിഴക്കന്‍ അതിര്‍ത്തിയെ കുറിച്ച് വിഷമിച്ചിട്ടില്ല. അങ്ങനെ ആദ്യമായി ഭാരതത്തിന് രണ്ട് പ്രതിരോധമുഖങ്ങളില്‍ ഒരേ സമയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നു. നമ്മുടെ പ്രതിരോധ സന്നാഹങ്ങള്‍ ഇതുവരെ പാക്കിസ്ഥാന്റെ മേല്‍ ആധിപത്യം സംബന്ധിച്ച കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇനി നമ്മുടെ കണക്കു കൂട്ടലുകളില്‍ നമ്മോട് സൗഹൃദപരമല്ലാത്ത കമ്യൂണിസ്റ്റു ചൈനയുടെ വ്യക്തമായ അഭിലാഷങ്ങളെയും ലക്ഷ്യങ്ങളെയും ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ഗുരുജി ഗോള്‍വല്‍ക്കര്‍
1951ല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക്, ഗുരുജി ഗോള്‍വല്‍ക്കര്‍ ഭാരതത്തിന്റെ പരമവൈഭവം ലക്ഷ്യമാക്കി നിരന്തര യജ്ഞത്തിലേര്‍പ്പെട്ട ദേശീയ ജനതയുടെ വിലയിരുത്തല്‍ വ്യക്തമാക്കി: ‘ചൈന അതിന്റെ തനത് സ്വഭാവം കൊണ്ടുതന്നെ വിപുലീകരണവാദിയായ രാജ്യമാണ്; ചൈനക്കാര്‍ ഭാരതത്തിനുമേല്‍ അടുത്ത ഭാവിയില്‍ തന്നെ ആക്രമണം അഴിച്ചുവിടുന്നതിനുള്ള സാദ്ധ്യതയുണ്ട്.’ ചൈന ടിബറ്റിലേക്ക് നടത്തിയ അധിനിവേശത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അക്കാലം വരെ ബ്രിട്ടീഷുകാര്‍ ശക്തമായി പ്രതിരോധിച്ചിരുന്ന ടിബറ്റിലേക്കുള്ള ചൈനയുടെ അധിനിവേശത്തെ എതിര്‍ക്കാതെ അനുവദിക്കുക വഴി നെഹ്രു വലിയൊരു ഹിമാലയന്‍ മണ്ടത്തരം കാട്ടുകയായിരുന്നെന്നും ഗുരുജി വ്യക്തമാക്കി. ചൈനയുടെ കടന്നാക്രമണത്തിനു ശേഷം 1962 ഡിസംബര്‍ 23ന് ഗുരുജി ദില്ലിയില്‍ നടത്തിയ ഒരു പ്രഭാഷണത്തിലൂടെ ആ യുദ്ധപരാജയത്തിനു വഴിയൊരുക്കിയ നെഹ്രു സര്‍ക്കാരിനോട് പറഞ്ഞു: ‘ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ക്കു ശേഷവും സര്‍ക്കാര്‍ അത്തരമൊരു ഗുരുതരമായ സാദ്ധ്യതയെ അവഗണിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ പോലെയൊരു സാധാരണക്കാരന്‍ പോലും, പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ്, നമ്മുടെ ഭൂമിയിലേക്ക് കടന്നുകയറാനും നിലയുറപ്പിക്കുവാനും ചൈന ചിട്ടയോടെ നടത്തിയ ശ്രമങ്ങളെ കുറിച്ച് സൂചിപ്പിച്ചതാണ്. പക്ഷേ നമ്മുടെ നേതാക്കള്‍ ‘ഹിന്ദി-ചീനി ഭായ് ഭായ്’ പോലുള്ള ആഗോള സൗഹൃദത്തിന്റെ ആകര്‍ഷകങ്ങളായ മുദ്രാവാക്യങ്ങളില്‍ മുഴുകിയിരിക്കയായിരുന്നു. അവര്‍ ഇതുപോലൊരു ഗുരുതര വിഷയത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും തയ്യാറായിരുന്നില്ല.’
(തുടരും)