വെസ്റ്റ് ബാങ്കിലെ ഇഫ്രാത് നഗരത്തിന്റെ അഞ്ചാമത്തെ മേയറാണ് അഭിഭാഷകനും ഉജ്ജ്വല വാഗ്മിയുമായ ഓദദ് റവിവി. ലഫ്റ്റനന്റ് കേണലായി സൈനിക സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ടാങ്ക് ബറ്റാലിയന് മികച്ച സേവനത്തിനുള്ള ഇസ്രായേല്‍ പ്രസിഡന്റിന്റെ ബഹുമതി ലഭിച്ചിട്ടുണ്ട്. 1983 ല്‍ വെസ്റ്റ് ബാങ്കിലെ ജൂതന്‍ മലനിരകളില്‍ സ്ഥാപിച്ച ഇസ്രായേലി നിവാസസ്ഥാനമാണ് ഇഫ്രാത് നഗരം. ഹമാസുമായുള്ള യുദ്ധം നടന്നുകൊണ്ടിരിക്കെ ഇസ്രായേല്‍ സന്ദര്‍ശിച്ച അരുണ്‍ ലക്ഷ്മണ്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ വെച്ച് കേസരിക്കുവേണ്ടി ഓദദ് റവിവിയുമായി നടത്തിയ അഭിമുഖം.
വിവ: സി.എം.രാമചന്ദ്രന്‍
ഹമാസിനെതിരെയുള്ള യുദ്ധം നടന്നുകൊണ്ടിരിക്കെ, ഇസ്രായേലിലെ ഒരു പ്രധാന പട്ടണത്തിന്റെ മേയറായ താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
♠ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്നാണ് ഞങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചത്. ഹമാസിനെ തെരഞ്ഞെടുത്തത് ഗാസയിലെ ജനങ്ങളാണ്. അവര്‍ അതിന്റെ ഫലങ്ങള്‍ അനുഭവിക്കുകയുമാണ്. ഇസ്രായേലിലെ നിരപരാധികള്‍ക്കു നേരെ ഹമാസ് നടത്തിയ ഭീകരാക്രമണം സപ്തംബര്‍ 11 നേക്കാള്‍ കനത്തതായിരുന്നു. അമേരിക്കയിലെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് വ്യക്തമാകും. 330 മില്യന്‍ ജനങ്ങളുള്ള അവിടെ 3000 പേരാണ് അന്ന് കൊല്ലപ്പെട്ടത്. എന്നാല്‍ 10 മില്യനില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഇസ്രായേലില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. 3000 ലധികം പേര്‍ക്ക് പരിക്കു പറ്റുകയും 239 പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയും ചെയ്തു. മരണങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ആനുപാതികമായി 46000 ആളുകള്‍ 11/9 ന്റെ ആക്രമണത്തില്‍ മരിച്ചതായി കണക്കാക്കാന്‍ കഴിയും. എത്ര ഭയാനകവും ക്രൂരവുമായ ആക്രമണത്തെയാണ് ഇസ്രായേല്‍ നേരിട്ടതെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം.11/9 ന്റെ ആക്രമണത്തിനു ശേഷം അമേരിക്ക അല്‍ക്വയ്ദക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതു പോലെ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയല്ലാതെ ഞങ്ങളുടെ മുന്നില്‍ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. അതാണ് 2023 ഒക്ടോബര്‍ 7 മുതല്‍ നടന്നു വരുന്നത്.
ഇഫ്രാത്തിലെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
♠ഇഫ്രാത്തിന് വര്‍ഷങ്ങളായി അയല്‍ക്കാരുമായി നല്ല ബന്ധമാണുള്ളത്. അടിയന്തരഘട്ടങ്ങളില്‍ ഞങ്ങളുടെ പട്ടണത്തിലെ ജനങ്ങള്‍ അയല്‍ക്കാര്‍ക്ക് ചികിത്സാസഹായം നല്‍കാറുണ്ട്. ഇതിനു വേണ്ടി അതിര്‍ത്തി ചാടിക്കടക്കാനും ഞങ്ങള്‍ മടിക്കാറില്ല. എന്നാല്‍ ഒക്ടോ. 7 ന് നടന്ന ആക്രമണത്തിനു ശേഷം ഞങ്ങള്‍ക്ക് അറബികളിലുള്ള വിശ്വാസം പൂര്‍ണ്ണമായി നഷ്ടമായിരിക്കുകയാണ്. ഹമാസില്‍ നിന്നുണ്ടായതുപോലെ സമീപത്തെ പട്ടണങ്ങളില്‍ നിന്ന് ഏതു സമയവും ആക്രമണമുണ്ടാകാമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.അതിനാല്‍ ഇഫ്രാത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയോടെയും സമാധാനത്തോടെയും ജീവിക്കത്തക്കവിധം അതിര്‍ത്തികളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ്.
വെസ്റ്റ് ബാങ്ക് പ്രദേശത്തു നിന്ന് താങ്കള്‍ കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?
♠രണ്ടാമത്തെ ചോദ്യത്തിനുള്ള മറുപടിയില്‍ ഇതിന് ഞാന്‍ ഭാഗികമായി ഉത്തരം പറഞ്ഞിട്ടുണ്ട്. അയല്‍ക്കാരെ ഒരു തരത്തിലും വിശ്വസിക്കാന്‍ കഴിയില്ല എന്നതുകൊണ്ട് ഇഫ്രാത്തിലെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നു. ഒക്ടോ. 7 ന്റെ ക്രൂരമായ ആക്രമണത്തെ അയല്‍ക്കാര്‍ ആഘോഷിക്കുന്നതാണ് ഞങ്ങള്‍ കാണുന്നത്. ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ ഞങ്ങള്‍ക്ക് സ്വീകരിക്കേണ്ടതുണ്ട്.
ഒരു ലഫ്റ്റനന്റ് കേണലും ഇഫ്രാത്തിന്റെ മേയറുമെന്ന നിലയില്‍ യുദ്ധം എത്രത്തോളം നീണ്ടുപോകുമെന്നാണ് താങ്കള്‍ കരുതുന്നത്?
♠യുദ്ധം എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ല. അമേരിക്കയുടെ നേതൃത്വത്തില്‍ ഫ്രാന്‍സും ജര്‍മ്മനിയും ഉള്‍പ്പെട്ട അന്താരാഷ്ട്ര സമൂഹവുമായി ഞങ്ങള്‍ പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതിനെ കുറിച്ച് എനിക്ക് വളരെ കൂടുതലൊന്നും അറിയില്ല. രാജ്യത്തെ ജനങ്ങളുടെ നന്മ മുന്‍നിര്‍ത്തി ഇസ്രായേല്‍ എല്ലാവരുമായി നന്നായി സഹകരിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
കരയില്‍ നിന്നുള്ള പ്രതിരോധത്തിന് ഇസ്രായേലിന്റെ മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടോ ?
♠ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ (ഐ.ഡി.എഫ്.) കരയില്‍ നിന്നുള്ള പ്രതിരോധം വൈകിയതിനു പിന്നില്‍ എന്തെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടോ എന്ന കാര്യം എനിക്കറിഞ്ഞുകൂടാ. ഗാസയിലെ പ്രത്യാക്രമണത്തില്‍ ഇസ്രായേലി സൈനികരും സംഭവവുമായി ബന്ധമില്ലാത്ത സാധാരണക്കാരും കൊല്ലപ്പെടാതിരിക്കാന്‍ ഇസ്രായേല്‍ എല്ലാ മുന്‍കരുതലും എടുത്തിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം നേടുന്നതിന് ഇസ്രായേല്‍ ഉചിതമായ സമയത്ത് ഒരു പ്രത്യാക്രമണം നടത്തുമെന്നാണ് ഞാന്‍ കരുതുന്നത്.
ഗാസയില്‍ സൈനിക നടപടി സ്വീകരിക്കുന്നതിന് മുന്‍കാലത്ത് നിരവധി ആളുകള്‍ എതിരായിരുന്നു. പക്ഷെ ഇപ്പോള്‍ പലരും ഇത്തരം നടപടിയെ അനുകൂലിക്കുന്നില്ലേ?
♠തീര്‍ച്ചയായും. ഇസ്രായേലിലെ ജനങ്ങളുടെ സമീപനത്തില്‍ ഒരു വലിയ മാറ്റം വന്നിട്ടുണ്ട്. ഗാസാ മുനമ്പിലെ സുബോധമുള്ള ആളുകളുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയിലെത്താന്‍ കഴിയണമെന്ന് പലരും കരുതുന്നുണ്ട്. ഗാസയിലെ ജനങ്ങള്‍, കൂടുതല്‍ ഉല്പാദനക്ഷമവും നല്ല ഭാവിയുണ്ടാക്കുന്നതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആശുപത്രികളിലും സ്‌കൂളുകളിലും പണം നിക്ഷേപിക്കുകയും വെറുപ്പിനു പകരം യുവാക്കളെ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യത്തക്കവിധം അവരുടെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇസ്രായേലിനു നേരെ ഹമാസ് നടത്തിയ ആക്രമണം ഗാസയിലെ ജനങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. പ്രത്യാക്രമണത്തിന് ഇസ്രായേലിനകത്തു നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. നേരത്തെ പറഞ്ഞതു പോലെ സെപ്തംബര്‍ 11മായി താരതമ്യം ചെയ്യുമ്പോള്‍ 46000 പേര്‍ കൊല്ലപ്പെട്ട അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്. ഇത് സഹിക്കാവുന്നതിന് അപ്പുറമാണ്. അതുകൊണ്ടു തന്നെ ഇസ്രായേലിന്റെ മേല്‍ ഇനിയൊരു ആക്രമണം ഉണ്ടാകാത്ത വിധം ഹമാസിനെ ഇല്ലാതാക്കണമെന്ന് ജനങ്ങള്‍ ആഗഹിക്കുന്നു.
ഇസ്രായേലിന്റെ ഭാഗത്തു നിന്നുണ്ടായ എന്തെങ്കിലും വീഴ്ചയാണോ ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചത് ?
♠വേലി സുരക്ഷിതത്വബോധം നല്‍കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഗാസയില്‍ നിന്നുള്ള ഭീകരരെ തടയുന്നതിന് ഞങ്ങള്‍ വന്‍തോതില്‍ വേലികളില്‍ പണം മുടക്കിയിരുന്നു. ടെല്‍ അവീവ്, ജാഫ, ഹൈഫ എന്നിവിടങ്ങളില്‍ വെച്ചു തന്നെ അവരെ തടയണമെന്നും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പ്രതിരോധം കാര്യക്ഷമവും ഭീകരര്‍ക്ക് മറികടക്കാന്‍ പ്രയാസമുള്ളതുമായിരുന്നു. അപ്പോള്‍ പകരം വന്നത് മിസൈലുകളാണ്. ഇവയെ തടയാന്‍ അയേണ്‍ ഡോംസ് എന്നൊരു സാങ്കേതിക വിദ്യയില്‍ ഞങ്ങള്‍ പണം മുടക്കി. ഞങ്ങള്‍ക്കെതിരെ തൊടുത്തുവിടുന്ന മിസൈലുകള്‍ തടയുന്നതിന് ഞങ്ങള്‍ വേലിയുടെ ഉയരം കൂട്ടി. അപ്പോഴവര്‍ വേലിക്കടിയില്‍ ടണലുകള്‍ ഉണ്ടാക്കുകയും ഇത് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ പണം മുടക്കേണ്ടി വരികയും ചെയ്തു. ഭീകരര്‍ക്ക് ക്യാമറകളും സെന്‍സറുകളും എളുപ്പത്തില്‍ തകര്‍ത്ത്, വേലി പൊളിച്ച് അകത്തു കടക്കാന്‍ കഴിഞ്ഞത് ഞങ്ങളെ ശരിയ്ക്കും അത്ഭുതപ്പെടുത്തി. ഹമാസിനെ പോലെ ക്രൂരരായ അയല്‍ക്കാരുള്ളപ്പോള്‍ വേലികള്‍ക്കൊന്നും ഒരു സുരക്ഷിതത്വബോധവും നല്‍കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ വ്യക്തമായി. ഞങ്ങളുടെ നേതാക്കള്‍ ഇതില്‍ നിന്ന് ഒരു പാഠം പഠിച്ചുവെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാത്ത വിധം ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ മികച്ചതും കാര്യക്ഷമവുമായി മാറ്റിയിട്ടുണ്ടെന്നും ഞാന്‍ കരുതുന്നു.