ഈ ഒക്‌ടോബര്‍ 15ന് അക്കിത്തം ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം കഴിയുന്നു. മലയാള കവിതയില്‍ വലിയ ദിശാമാറ്റം അടയാളപ്പെടുത്തിയ കവിതയാണ് കവിയുടെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’. മലയാളിയുടെ സംവേദന മണ്ഡലത്തില്‍ ഒരിടിമിന്നല്‍ പോലെയാണ് ഇതിഹാസ കവിത പിറന്നുവീണത്. കാലം ഇത്രകഴിഞ്ഞിട്ടും ആ ദീര്‍ഘ കവനത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന രീതിയില്‍ സൗന്ദര്യാത്മകമായ ഒരു നിരൂപണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
”ഇല്ലനുകര്‍ത്താവിനില്ലതന്‍ ജീവിത-
വല്ലരിയില്‍ പൂവിരിഞ്ഞു കാണാന്‍ വിധി”
എന്ന് വിളംബരം ചെയ്തുകൊണ്ട് തന്റേതായ വഴിയിലൂടെ അക്കാലത്തെ ഏറ്റവും പ്രബലമായ സ്വാധീനമായിരുന്ന ചങ്ങമ്പുഴയെ നിഷേധിച്ചുകൊണ്ട് നീങ്ങിയ അപൂര്‍വ്വം കവികളില്‍ ഒരാളായിരുന്നു മഹാകവി അക്കിത്തം.
ആരോടും കടപ്പാടില്ല എന്നു പ്രഖ്യാപിക്കുമ്പോഴും ഇടശ്ശേരിയുടെ കാവ്യരീതി കവിയെ സ്വാധീനിച്ചിരുന്നു എന്ന കാര്യം നിഷേധിക്കേണ്ടതില്ല. എന്നാല്‍ അത് ഏറ്റവും ഹൃദ്യവും അനിവാര്യവുമായ സ്വാധീനമായിരുന്നു എന്നു പറയാതെ വയ്യ.
”ഇന്നലെപ്പാറപൊടിച്ചു നിരത്തിയ
മണ്ണിലെ ധീരനെ പൂജിച്ചിട്ടുന്നു ഞാന്‍
എന്നാലൊരിക്കലും കേള്‍ക്കില്ലവനുടെ
പിന്നിലെന്‍ പാദപതനജന്യാരവം” എന്നെഴുതുന്നത് ആ സ്വാധീനത്തെക്കുറിച്ചുതന്നെയാണ്. ഇടശ്ശേരിയെന്ന മഹാവ്യക്തിത്വത്തിന്റെ സ്വാധീനമുണ്ടെങ്കിലും ആ കവിതാരീതിയെ അതുപോലെ അനുകരിക്കലല്ല തന്റെ വഴിയെന്നു കവി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറയുന്നു.
ആശാന്‍ തുടങ്ങി വച്ച കാല്പനിക വിപ്ലവം ചങ്ങമ്പുഴയില്‍ പൂത്തുലഞ്ഞു തുടങ്ങിയതേയുണ്ടായിരുന്നൂള്ളൂ. അതിന്റെ പൂര്‍ണ്ണതയും അതിനെ തുടര്‍ന്നുണ്ടാകുന്ന മടുപ്പും ഒന്നും എത്തിച്ചേരും മുന്‍പു തന്നെ ആധുനികത കടന്നു കയറിക്കളഞ്ഞു: ഫലമോ ആധുനികതയിലും ഉത്തരാധുനികതയിലുമൊക്കെ കാല്പനികത ചുവയ്ക്കുന്നു. കാല്പനികതയുടെ ദാഹം അടങ്ങാതെ പലരും ഇന്നും അതുതന്നെ എഴുതിക്കൊണ്ടിരിക്കുന്നു. കാല്പനിക വസന്തം സജീവമായിരുന്നപ്പോഴാണ് അക്കിത്തം ‘ഇതിഹാസ’ സൃഷ്ടിയിലൂടെ ആധുനികതയുടെ വരവറിയിക്കുന്നത്. ആരംഭിച്ചപ്പോള്‍ത്തന്നെ കാല്പനികതയുടെ മരണവും ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പ്രവചിക്കുന്നുണ്ട്. എന്നാല്‍ കവിയുടെ ക്രാന്തദര്‍ശിത്വം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് പില്‍ക്കാല എഴുത്തുകാര്‍ പ്രവചിച്ച കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യത്തോടുള്ള കൃത്യമായ വിയോജിപ്പാണ്. ഇതിഹാസത്തെക്കുറിച്ചു നിരൂപണം നടത്തിയവരാരും ഈ പ്രാധാന്യത്തെ എടുത്തു പറഞ്ഞതേയില്ല.
മലയാള വാരികയില്‍ (ഒക്‌ടോബര്‍ 9) ഡോ. അജിതന്‍ മേനോത്ത് ‘കണ്ണീരിന്റെ ചിരി’ എന്ന പേരില്‍ ഇതിഹാസത്തെ അടിസ്ഥാനപ്പെടുത്തി അക്കിത്തം കവിതയെക്കുറിച്ചു നടത്തുന്ന പഠനത്തിലും മുകളില്‍ സൂചിപ്പിച്ച കവിയുടെ പ്രവചന സിദ്ധിയെക്കുറിച്ചു മിണ്ടുന്നതേയില്ല. ഒരുപക്ഷേ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാഞ്ഞിട്ടോ കവിതയെ സൂക്ഷ്മമായി വായിക്കാഞ്ഞിട്ടോ എന്നറിയില്ല. സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് തൊണ്ണൂറുകളിലാണെങ്കിലും സ്റ്റാലിന്‍ അധികാരത്തിലെത്തിയതു മുതല്‍ വിമതസ്വരങ്ങള്‍ ഉണ്ടാകുന്നുണ്ടായിരുന്നു. ഉള്‍ക്കാഴ്ചയുണ്ടായിരുന്ന ബുദ്ധിജീവികളും എഴുത്തുകാരും കമ്മ്യൂണിസത്തിന്റെ സമഗ്രാധിപത്യ സ്വഭാവത്തെക്കുറിച്ചും അതു സമൂഹത്തിന് ഉണ്ടാക്കാന്‍ പോകുന്ന വിപത്തിനെകുറിച്ചും നാല്പതുകള്‍ മുതല്‍ തന്നെ മുന്നറിയിപ്പുകള്‍ നല്‍കാന്‍ തുടങ്ങിയിരുന്നു. ആന്ദ്രേജീദ്ദും ബ്രര്‍ട്രന്റ് റസ്സലും കമ്മ്യൂണിസത്തോടു താല്പര്യം ഉണ്ടായിരുന്നവരായിരുന്നെങ്കിലും പെട്ടെന്നു തന്നെ അപകടം മനസ്സിലാക്കിയവരാണ്.
1945-ല്‍ ജോര്‍ജ്ജ് ഓര്‍വെലിന്റെ വിഖ്യാതമായ ‘ആനിമല്‍ ഫാം’ പുറത്തു വന്നുകഴിഞ്ഞിരുന്നു. എന്നാല്‍ അപ്പോള്‍ മലയാളി കമ്മ്യൂണിസ്റ്റ് ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയതേയുള്ളൂ. 1957ല്‍ കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തിലെത്തുന്നതിന് 5 വര്‍ഷം മുന്‍പാണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ പ്രസിദ്ധീകൃതമാവുന്നത്. ആ കവിതയില്‍ കമ്മ്യൂണിസത്തിന്റെ സിദ്ധാന്ത ശാഠ്യത്തേയും സംഘടിതമായ അഴിമതിയേയും എല്ലാം ദീര്‍ഘദര്‍ശനം ചെയ്യുന്നത് നമ്മളെ അത്ഭുതപ്പെടുത്തും. 1966ല്‍ മാത്രമാണ് അലക്‌സാണ്ടര്‍ സോള്‍സെനിത്‌സെന്റെ ‘ക്യാന്‍സര്‍ വാര്‍ഡ്’ പ്രസിദ്ധീകൃതമാവുന്നത്. ജോസഫ് ബ്രോഡ്‌സ്‌കിയുടെ ആദ്യകൃതിയായ ”A part of speech” പുറത്തു വരുന്നത് 1977-ല്‍ മാത്രമാണ്. അതിനും 20 വര്‍ഷം മുന്‍പ് അക്കിത്തം.
”തിസിസ്സിനോടേല്പിതാന്റി
ത്തീസിസിസെന്നൊരു സാധനം
അതില്‍നിന്നു ജനിപ്പൂ സി-
ന്തസിസ്സാം നാകമൂര്‍വ്വിയില്‍
അസത്യം, ചതി തീവെപ്പും
കൊള്ള, വഞ്ചന, ചോരണം
ചാരവൃത്തി, വധംപോലും
പാവനം ജനസേവനം” എന്നിങ്ങനെ പച്ചയായ വിമര്‍ശനമുന്നയിക്കാന്‍ അക്കിത്തം തയ്യാറായി.
”ബൂര്‍ഷ്വായെന്നു വിളിക്കുന്നൂ
ചിലരെത്തത്വവേദികള്‍
ശേഷിക്കുന്നവരെ പെറ്റി-
ബൂര്‍ഷ്വായെന്നൊരു പേരിലും”
എന്നും.
പിരിവാണെ, ന്തിനാണെന്നോ
മുക്തിയുദ്ധമൊരുക്കുവാന്‍
ചരിത്രം നമ്മെയേല്പിച്ച-
തേറ്റെടുത്തു നടത്തുവാന്‍” എന്നും
”സമത്വസുന്ദരം ലോകം പടുക്കാനുള്ള ചെയ്തികള്‍
പഠിപ്പിച്ചേന്‍ സുദാദര്‍ശഭ്രമമുള്ള യുവാക്കളെ
അവര്‍ തന്‍ ജഠരാഗ്നിക്കു ദഹിക്കാവുന്ന മാത്രയില്‍
ആദ്യം വിശ്വപ്രേമമാം നല്‍പാലു തന്നെ കൊടുത്തു ഞാന്‍
വഴിയെ പാലില്‍ ചേര്‍ത്തിതല്പം വിദ്വേഷമാം വിഷം
ഒടുവില്‍ പാലുവേണ്ടെന്നും വച്ചു ഗൂഢസ്മിതത്തോടെ
വിദ്വേഷമേ ദിവ്യമായ മാര്‍ഗ്ഗമെന്നുള്ള വസ്തുത
അവരെന്നോടു വാദിച്ചാരവസാനദിനങ്ങളില്‍ എന്നും എഴുതാന്‍ 1952-ല്‍ ഒരാള്‍ തയ്യാറായി എന്നു വിശ്വസിക്കാനേ കഴിയുന്നില്ല.
”ശത്രുക്കളെക്കൊന്നു ചോരക്കുടല്‍മാല ധരിക്കുവിന്‍
വാരിക്കുന്തങ്ങളെ കൊണ്ടീ രാജ്യം വെട്ടിപ്പിടിക്കുവാന്‍ എന്ന് അക്കാലത്തെഴുതണമെങ്കില്‍ അസാമാന്യ ധൈര്യം തന്നെ വേണം. വരും വരായ്കളെക്കുറിച്ച് കവികള്‍ക്കു ബോധ്യപ്പെടുന്നതുപോലെ മറ്റാര്‍ക്കും ഉണ്ടാകാറില്ലെന്നു പൊതുവെ പറയുന്നത് അസ്ഥാനത്തല്ല എന്ന് ഈ വരികള്‍ വായിച്ചാല്‍ മാത്രം മതി.
1991-ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘നൂറുവര്‍ഷം നൂറുകഥ’ മലയാള ചെറുകഥയുടെ അതുവരെയുള്ള വളര്‍ച്ചയുടെ നേര്‍ചിത്രമാണ്. ആദ്യകഥയായി കണക്കാക്കപ്പെടുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍നായരുടെ ‘വാസനാ വികൃതി’ മുതല്‍ പി.സുരേന്ദ്രന്റെ ഭൂമിയുടെ നിലവിളിവരെ നൂറു കഥകള്‍ ഈ സമാഹാരത്തില്‍ ചേര്‍ത്തിരിക്കുന്നു. കഥയുടെ തെരഞ്ഞെടുപ്പ് ഉചിതമാണോ എന്നൊന്നും തീര്‍പ്പുകല്പിക്കാന്‍ വയ്യ. ജോണ്‍ എബ്രഹാമെന്നെ സിനിമക്കാരന്റെ കഥ പോലും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ശ്രദ്ധേയമായ കഥകള്‍ എഴുതിയിട്ടുള്ള ചന്ദ്രമതി ടീച്ചറെ പോലുള്ളവരുടെ കഥയില്ല. ബോധപൂര്‍വ്വം ഒഴിവാക്കിയതൊന്നും ആയിരിക്കില്ല. ചിലരെ ഉള്‍പ്പെടുത്തിയപ്പോള്‍ നൂറു തികഞ്ഞു പോയിട്ടുണ്ടാവാം. എന്തായാലും ആ സമാഹാരത്തില്‍ ഉള്‍പ്പെടുത്താതെ പോയത് ടീച്ചറെ സംബന്ധിച്ചിടത്തോളം നന്നായി എന്നു വേണം പറയാന്‍. അതൊരു വേദനയായി കൊണ്ടുനടന്ന ടീച്ചര്‍ വാശിയോടെ കഥകള്‍ എഴുതി അതില്‍ ഉള്‍പ്പെട്ട പല കൂട്ടരുടെയും മുന്നിലെത്തി. ഇക്കാര്യം മലയാള വാരികയില്‍ ടീച്ചറുമായി പ്രദീപ് പനങ്ങോട് നടത്തുന്ന അഭിമുഖത്തില്‍ ടീച്ചര്‍ എടുത്തു പറയുന്നുണ്ട്. എഴുത്തിനെക്കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്നു. ശ്രദ്ധേയമായ അഭിമുഖം. ആഴത്തിലുള്ള ജീവിത നിരീക്ഷണങ്ങള്‍.
”വിശസനം സുഖികളെ വിജ്ഞരാക്കുന്നു” എന്ന് കുമാരനാശാന്‍ പാടിയപോലെ ജീവിതത്തില്‍ നേരിടേണ്ടി വന്ന യാതനകളെ എഴുത്തുകൊണ്ട് അതിജീവിച്ച ടീച്ചറുടെ അനുഭവസാക്ഷ്യവും എഴുത്തുജീവിതവും മറ്റുള്ളവര്‍ക്കു കൂടി മാതൃകയാവട്ടെ.
ഇന്ത്യയിലെ നാസിസത്തേയും ഫാസിസത്തേയും കണ്ടുപിടിക്കാന്‍ നടക്കുന്ന രണ്ടുപേരാണ് അരുന്ധതീ റോയിയും ചലച്ചിത്ര നടന്‍ പ്രകാശ്‌രാജും. അരുന്ധതീ റോയിയുടെ പിറകില്‍ ആരൊക്കെയോ ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ‘ന്യൂസ് ക്ലിക്ക് വാരികക്കാരുടെ പൊയ്മുഖം അഴിഞ്ഞുവീണതുപോലെ ഒരു ദിവസം ഈ എഴുത്തുകാരിയുടെ നിലപാടുകളുടെ പിറകിലുള്ള ശക്തികള്‍ വെളിച്ചത്തുവരുക തന്നെ ചെയ്യും. എന്നാല്‍ ചലച്ചിത്ര നടനായ പ്രകാശ് രാജ് എന്തിനാണ് രാജ്യവിരുദ്ധമായ നിലപാടുകള്‍ ആവര്‍ത്തിക്കുന്നത്? സിനിമയില്‍ നിന്നും ധാരാളം പണവും പ്രശസ്തിയുമൊക്കെക്കിട്ടുന്ന അദ്ദേഹത്തിന് രാജ്യവിരുദ്ധതകൊണ്ട് എന്തുപ്രയോജനമാണുള്ളത്?
സംശയാസ്പദമായ ലേഖനങ്ങളും ഫീച്ചറുകളും മാത്രം പ്രസിദ്ധീകരിക്കുന്ന ഡിസി ബുക്‌സിന്റെ പ്രസിദ്ധീകരണമായ ‘പച്ചക്കുതിര’ യില്‍ ഇത്തവണ സംശയാസ്പദമായ വ്യക്തിത്വമുള്ള ഈ രണ്ടുപേരുമുണ്ട്. ‘നമ്മളൊക്കെ നാസികളാണെന്നാണ് അരുന്ധതീ റോയി പറയുന്നത്. എന്തായാലും എഴുത്തുകാരിയെങ്കിലും അല്ലാതെയുണ്ടല്ലോ എന്നു നമുക്ക് ആശ്വസിക്കാം. ഡിസി കിഴക്കേമുറി അനുസ്മരണ പ്രസംഗം നടത്താന്‍ പ്രകാശ് രാജിനെത്തന്നെ വിളിച്ചത് അദ്ദേഹത്തിന്റെ ‘രാജ്യസ്‌നേഹം’ കണക്കിലെടുത്തായിരിക്കും. പ്രത്യക്ഷത്തില്‍ മനുഷ്യ സ്‌നേഹികളായി നടിക്കുന്ന രണ്ടുപേരും കടുത്ത വര്‍ഗ്ഗീയതയുടെയും രാജ്യവിരുദ്ധതയുടെയും വ്യാപാരികളാണെന്ന് ഏവര്‍ക്കുമറിയാം. മണിപ്പൂരില്‍ നടന്നതു വര്‍ഗീയ കലാപമല്ല എന്ന് അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുപോലും മലയാളികള്‍ക്കും പ്രകാശ് രാജിനും വിശ്വാസം വന്നിട്ടില്ല. ഉറങ്ങുന്നവരെയല്ലേ ഉണര്‍ത്താനാകൂ.