‘എന്താ രാവിലെ തന്നെ ഡിക്ഷ്ണറി പരതുന്നത്?’ എന്ന് ചോദിച്ചുകൊണ്ടാണ് ശ്രീമതി റൂമില്‍ വന്നത്.
‘ഇന്ന് ബാങ്കില്‍ പോകാനുള്ളതല്ലേ? കോപ്പറേറ്റീവ് ബാങ്കിലെ പണം സ്റ്റേറ്റ് ബാങ്കിലേക്ക് മാറ്റാം എന്ന് പറഞ്ഞിട്ട്?’
‘ശരി പോകണം. ഇത്രയും കാലം വിശ്വസിച്ചില്ലേ? ഇനി ഒരു രണ്ടു ദിവസം കൂടി നീണ്ടാല്‍.. നോ പ്രോബ്ലം..നമ്മള്‍ മലയാളികള്‍ എത്രത്തോളം ഗല്ലിബിള്‍ ആണ് എന്നോര്‍ത്ത് gullible എന്ന ആ ഇംഗ്ലീഷ് വാക്കിന്റെ മലയാളം അര്‍ത്ഥം പരിശോധിച്ചതാ?’
‘എന്നിട്ട് കിട്ടിയോ?’
‘ഇല്ല. ഒറ്റ വാക്കില്‍ ഒരു അര്‍ത്ഥമില്ല. ഗല്ലിബിള്‍ എന്ന് തന്നെയാണ് കൊടുത്തിരിക്കുന്നത്. എങ്കിലും അര്‍ത്ഥവിശദീകരണത്തില്‍ എളുപ്പം പറ്റിക്കാവുന്നവന്‍, എളുപ്പം കബളിപ്പിക്കാവുന്നവന്‍, പച്ചപ്പരമാര്‍ത്ഥി, സുവഞ്ചനീയന്‍ എന്നൊക്കെയാണ് ഉള്ളത്. മലയാളി എന്ന സുവഞ്ചനീയന്‍ ഹ..ഹ..ഹ..’
അവളും ചിരിച്ചു.
തമിഴില്‍ ‘ഏമാലി’ (ഏമാത്താന്‍ പറ്റിയ ആള്‍), കന്നടയില്‍ ‘മോസഗാര’ (നമ്മുടെ മോശക്കാരന്‍), ഹിന്ദിയില്‍ ‘ഭോല’ മറാത്തിയില്‍ ‘ഭോളി ഭോളി’ ബംഗാളിയില്‍’ നിര്‍ബോധ് (ബോധമില്ലാത്തവന്‍) എന്നൊക്കെയാണ് ഴൗഹഹശയഹല ന് അര്‍ത്ഥം കൊടുത്തിരിക്കുന്നത്. മലയാളത്തില്‍ വിഡ്ഢി, പൊട്ടന്‍, പോങ്ങന്‍ എന്നൊക്കെ എഴുതിയാല്‍ വേറെയും അര്‍ത്ഥം കാണും എന്ന് കരുതിയാവാം ഒഴിവാക്കിയത്’
‘ശരിയാ.. ചതിക്കപ്പെടാന്‍ സദാ നിന്ന് കൊടുക്കുന്നവന്‍ എന്നുമാവാം അല്ലെ?’
‘യു ആര്‍ റൈറ്റ്.. ഒരുപക്ഷെ മലയാളികളായിരിക്കും ഭാരതത്തില്‍ ഏറ്റവും അധികം സാമ്പത്തിക തട്ടിപ്പിന് ഇരയായവര്‍. എന്ത് തന്നെയായാലും പഠിക്കില്ല. പ്രബുദ്ധര്‍. എത്ര എത്ര പണം ഇരട്ടിപ്പിക്കല്‍, നിധി, ചിറ്റ് ഫണ്ട്, അധികപ്പലിശ വാഗ്ദാനം, ആട്, മാഞ്ചിയം, നെറ്റ്വര്‍ക്ക് തട്ടിപ്പുകള്‍ മലയാളിയെ പറ്റിച്ചു കടന്നു പോയി. ഓര്‍ക്കുന്നുണ്ടോ ഓറിയെന്റല്‍ ഫിനാന്‍സ്, പോപ്പുലര്‍ ഫിനാന്‍സ്, ലിസ്, ലാബെല്ലാ, സമരിയാസ്, 80 കളിലും 90 കളിലും പത്രങ്ങളില്‍ അവരുടെ പരസ്യങ്ങള്‍ പിന്നെ ആട് മാഞ്ചിയത്തിന്റെ വേറെ അത് കൂടാതെ ഹോര്‍ഡിങ്സ്. മലയാളി എല്ലാറ്റിലും കുടുങ്ങി. പ്രമുഖ പത്രങ്ങള്‍ കുടുക്കി. പതിവായി വായിക്കുന്ന പത്രത്തില്‍ വന്ന പരസ്യം തങ്ങളെ ചതിക്കുമെന്ന് ആരും കരുതിയില്ല.’
‘എല്ലാവരും കാശ് വാങ്ങിച്ചു അസത്യം പ്രചരിപ്പിച്ചു. കള്ളന്മാര്‍ക്ക് കൂട്ട് നിന്നു.’
‘ഞാന്‍ ഓര്‍ക്കുന്നു സമരിയാസ് ചിറ്റ്സ് രാമായണത്തിന്റെ ഒരു ഡസന്‍ ഓഡിയോ കാസറ്റും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളും ഫ്രീയായി അച്ഛന് അയച്ചുകൊടുത്തത്. പരസ്യം വലിയ വെണ്ടക്കയില്‍ 30% പലിശ. ഓണത്തിന് സ്പെഷല്‍ 3% അധിക പലിശ. അങ്ങനെ 33% പലിശ. മലയാളികള്‍ വീണു. മുതലിന്റെ 30% കിട്ടി സന്തോഷിച്ചു ബാക്കി സ്വാഹാ ആയപ്പോള്‍ ദു:ഖിച്ചു.
അയല്‍ക്കാരന്‍ വശം പാത്രം സൂക്ഷിക്കാന്‍ കൊടുത്ത ഗ്രാമീണന്റെ കഥ കുട്ടിക്കാലത്ത് പഠിച്ചിട്ടില്ലേ? സൂക്ഷിക്കാന്‍ കൊടുത്ത പാത്രം പ്രസവിച്ചു എന്ന് പറഞ്ഞു രണ്ടെണ്ണം കൊടുത്തപ്പോള്‍ ഗ്രാമീണന്‍ സന്തോഷിച്ചു. പിന്നീട് വീണ്ടും അതേ പോലെ സൂക്ഷിക്കാന്‍ കൊടുത്തു.ഇത്തവണ പാത്രം മരിച്ചു പോയി എന്ന് അയല്‍ക്കാരന്‍ പറഞ്ഞപ്പോള്‍ അത് വിശ്വസിക്കാന്‍ നിര്‍ബന്ധിതനായി. അതേ പോലെയാണ് കാര്യങ്ങള്‍.’
‘ഹ ഹ ഹ …ങാ അത് പഠിച്ചതോര്‍ക്കുന്നു.’
‘ഇപ്പോള്‍ ആളുകള്‍ ദേശസാല്‍കൃത ബാങ്കിനെക്കാളും വെറും ഒരു ശതമാനം അധിക പലിശ മോഹിച്ചാണ് കോപ്പറേറ്റിവ് ബാങ്കില്‍ കൊണ്ടുപോയി ഇട്ടത്’
‘എന്തായാലും പണം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഗ്യാരണ്ടി കൊടുത്തിട്ടുണ്ട്’
‘ആരോ പറഞ്ഞു .. അത് മിക്‌സിയുടെ പരസ്യത്തില്‍ വന്ന സിനിമാനടി കൊടുക്കുന്ന ഗ്യാരണ്ടി പോലെയാണ് എന്ന്’
‘ഹ…ഹ…ഹ..ശരിയാണ്. അല്ല, മിക്ക കോപ്പറേറ്റീവ് ബാങ്കിലും ചെറിയ തോതിലെങ്കിലും തട്ടിപ്പ് നടക്കുന്നുണ്ടല്ലേ?’
‘ഉണ്ട്.. അതിന് രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്ന് അധര്‍മ്മികളായ രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന ബാങ്കുകള്‍. പിന്നെ രണ്ട് മര്യാദയ്ക്കുള്ള ഓഡിറ്റിങ് നടക്കാത്ത ഇടം. നോക്കൂ കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥ കസ്റ്റമേഴ്‌സിന്റെ അക്കൗണ്ടില്‍ നിന്ന് അവരറിയാതെ 25 ലക്ഷം രൂപ തന്റെ മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയത്രെ. എങ്ങനെ അത് സാധ്യമാവുന്നു? അപ്പൊ പിന്നെ 250 കോടി കക്കാന്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് വല്ല പണിയുമുണ്ടോ ?’
‘ഇത്തരം തട്ടിപ്പുകള്‍ എല്ലായിടത്തും ഇല്ലേ?’
‘ഉവ്വ് ബംഗാളിലെ ശാരദ ചിറ്റ് ഫണ്ട് തട്ടിപ്പ്, ദല്‍ഹിയിലെ പേള്‍ അഗ്രോ , സഹാറാ ഗ്രൂപ്പ് , അങ്ങനെ 350 ഓളം വലിയ തട്ടിപ്പുകള്‍ ഉണ്ടായി. ഏകദേശം 5 കോടി കുടുംബങ്ങളെ ബാധിച്ചു. 300 ഓളം പേര്‍ ആത്മഹത്യ ചെയ്തു.’
‘പക്ഷെ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ പലതും ഉണ്ടായിട്ടില്ലേ?’
‘നേരിട്ടല്ലെങ്കിലും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇവിടെ കോപ്പറേറ്റീവ് ബാങ്കുകള്‍ ഭരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്. കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ട് നിന്നത് അന്വേഷിക്കാനാണ് ഇ.ഡി. വന്നിരിക്കുന്നത്. അല്ലാതെ കള്ളത്തരം അന്വേഷിക്കാനല്ല. അത് അന്വേഷിച്ചു കുറ്റവാളികളെ കണ്ടെത്തി, വസ്തു കണ്ടു കെട്ടി വിറ്റ് എന്ന് ഇനി പണം തിരികെ കിട്ടും? അറിയില്ല. ആളുകള്‍ സ്വയം കാര്യങ്ങള്‍ മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം നിക്ഷേപിക്കുക അത് മാത്രമേ ഇനി വഴിയുള്ളൂ.’
‘ലോകം മുഴുവന്‍ ഇത്തരം സാമ്പത്തിക കുറ്റങ്ങള്‍ നടക്കുന്നില്ലേ?’
‘ഉണ്ട്. എത്രയും വിശ്വാസയോഗ്യമെന്ന് തോന്നുന്ന കമ്പനികളും പൊളിഞ്ഞ് ആളുകള്‍ക്ക് കാശ് നഷ്ടപ്പെടുന്നുണ്ട്. കുറ്റവാളികള്‍ രക്ഷപ്പെടുന്നുമുണ്ട്. പാശ്ചാത്യ ലോകത്ത് 1600 കള്‍ക്ക് ശേഷമാണ് സാമ്പത്തിക കുറ്റങ്ങള്‍ കാര്യമായെടുക്കുന്നത്. അതിനു മുമ്പ് അവര്‍ക്ക് എണ്ണലില്ല, കയ്യും കണക്കും ഇല്ല. പ്രാകൃതരായിരുന്നു. നമുക്ക് ബി.സി അഞ്ചാം നൂറ്റാണ്ടില്‍ തന്നെ കണക്കുകള്‍ ഉണ്ടായിരുന്നു.
1711 ലെ സൗത്ത് സീ ബബ്ബിള്‍ ലോകപ്രസിദ്ധമാണ്. സൗത്ത് സീ കമ്പനി പൊളിഞ്ഞു. അനേകായിരം പേര്‍ക്ക് പണം നഷ്ടപ്പെട്ടു. വലിയ തുക നഷ്ടപ്പെട്ടവരില്‍ സര്‍ ഐസക്ക് ന്യൂട്ടണും ഉണ്ടായിരുന്നു. ഇത്രയും വലിയ ബുദ്ധിമാനായ ‘പ്രിന്‍സിപ്പിയ മാത്തമാറ്റികാ’ എഴുതിയ കണക്കപ്പിള്ളയായ, ‘ലോ ഓഫ് യൂണിവേഴ്‌സല്‍ ഗ്രാവിറ്റി’ കണ്ടുപിടിച്ച ഐസക് ന്യൂട്ടണ് പോലും അബദ്ധം പറ്റാമെങ്കില്‍ സാധാരണക്കാരന് പിന്നെ പറയണോ. സൗത്ത് സീ കമ്പനി ഷെയര്‍ വില ഇടിഞ്ഞപ്പോള്‍ ജോര്‍ജ്ജ് ഒന്നാമന്‍ രാജാവ് തന്നെ ഇടപെട്ട് അതിന്റെ ഗവര്‍ണറായി വന്ന് ആരുടേയും പണം നഷ്ടപ്പെടില്ലെന്നു പറഞ്ഞ് എല്ലാവരെയും സമാധാനിപ്പിച്ചു. എന്നിട്ടും പണം നഷ്ടപ്പെട്ടു. സൗത്ത് സീ കമ്പനി ആഗോള ട്രേഡിങ്ങ് കമ്പനിയായിരുന്നു. അവരുടെ പ്രധാന കച്ചവടം ആഫ്രിക്കയില്‍ നിന്നുള്ള അടിമകളായിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ സ്പാനിഷ്, പോര്‍ട്ടുഗീസ് കോളനികള്‍ക്ക് അടിമകളെ വില്‍ക്കുകയായിരുന്നു. പെട്ടെന്ന് യുദ്ധവും മറ്റും കാരണം അടിമകള്‍ക്ക് ഡിമാന്‍ഡ് ഇല്ലാതെ വന്നു. കമ്പനി ലാഭമില്ലാതെ ഓഹരി വില ഇടിഞ്ഞു. പിന്നെ ബ്രിട്ടന്റെ പൊതുകടം മാനേജ് ചെയ്യുന്ന കമ്പനിയായി മാറി 1800 കള്‍ വരെ തുടര്‍ന്ന് അത് ഇല്ലാതായി.’
‘ഓഹരി നിക്ഷേപം പോലെയല്ലല്ലോ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍. അത് നിക്ഷേപിച്ചവര്‍ പാവങ്ങള്‍ പലപ്പോഴും ഒരിത്തിരി പലിശ കൂടുതല്‍ കിട്ടാനല്ലേ സഹകരണ ബാങ്കില്‍ ഇടുന്നത്.’
‘അവിടെയും റിസ്‌ക് എടുക്കുന്നതിനു ആനുപാതികമായ ലാഭം ഇല്ലെങ്കില്‍ പിന്നെ അതിനു ശ്രമിക്കുന്നതെന്തിന്? മനുഷ്യന്റെ ദുര അവിടെ പ്രകടമാവുകയല്ലേ?’
‘അപ്പൊ.. ഏടാകൂടങ്ങളില്‍ ചെന്ന് ചാടാതെ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുകയാണ് നല്ലത് അല്ലെ?’
‘തീര്‍ച്ചയായും. അല്ലെങ്കില്‍ തന്റെ ധനം വീണ്ടെടുക്കാനുള്ള കഠിന ശ്രമം വേണം. ഗുരു ചാണക്യന്‍ പറയുന്നത് കേള്‍ക്കൂ:
ധനധാന്യ പ്രയോഗേഷു
വിദ്യാ സംഗ്രഹണേഷു ച
ആഹാരേ വ്യവഹാരേ ച
ത്യക്ത ലജ്ജ: സുഖീ ഭവേല്‍
അര്‍ത്ഥം: ധനധാന്യങ്ങളുടെ ഉപയോഗത്തില്‍ (സാമ്പത്തിക കാര്യങ്ങളില്‍) വിദ്യാസമ്പാദനത്തില്‍, ആഹാര വ്യവഹാരത്തില്‍ ഒട്ടും ലജ്ജയില്ലാതെ, മടി കൂടാതെ, ധൈര്യമായി കര്‍ത്തവ്യമനുഷ്ഠിക്കുന്നവരേ സുഖമനുഭവിയ്ക്കൂ.
ഇനി ഇപ്പൊ എല്ലാം നഷ്ടപ്പെട്ടാലോ മിണ്ടാതിരിക്കയാണ് ഭേദം.
അവിടെയും ഗുരു ചാണക്യന്റെ വചനം സഹായിക്കും:
അര്‍ത്ഥനാശം മനസ്താപം
ഗൃഹേ ദുശ്ചരിതാനി ച
വഞ്ചനം ചാപമാനം ച
മതിമാന്‍ ന പ്രകാശയേല്‍
അര്‍ത്ഥം:
ബുദ്ധിമാന്‍ ചില കാര്യങ്ങള്‍ പരസ്യപ്പെടുത്തിക്കൂടാ. ധനനഷ്ടം, ഹൃദയത്തിലേറ്റ മുറിവ്, കുടുംബത്തിലുള്ള അപവാദം, വഞ്ചനയുടെ കഥ എന്നിവ.
‘നല്ല കാര്യായി. ആ അധര്‍മ്മ കക്ഷിയുടെ നേതാക്കളായ കാട്ട് കള്ളന്മാര്‍ കേള്‍ക്കണ്ട.’
‘അല്ലെങ്കില്‍ പിന്നെ ഇക്കാലത്ത് മനുസ്മൃതിയില്‍ പറഞ്ഞ കര ചരണ ഛേദനം നടക്കുമോ?’
‘ഹ..ഹ..ഹ.. ശരിയാണ് ..എന്തായാലും ബാങ്കില്‍ പോകാന്‍ നേരമായി.’
‘ശരിയാണ്. ഡെപ്പോസിറ്റ് മാറ്റട്ടെ. സുവഞ്ചനീയനാവാതെ നോക്കട്ടെ. ‘ത്യക്ത ലജ്ജ: സുഖീ ഭവേല്‍’ എന്ന് പറഞ്ഞു ഞാന്‍ എഴുന്നേറ്റു.