കേരളത്തിലെ തീവ്രവാദ ബോംബ് സ്‌ഫോടനങ്ങളുടെ ചരിത്രത്തിന് കീഴരിയൂര്‍ ബോംബ് സ്‌ഫോടനത്തോളം പഴക്കമുണ്ട്. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തോടുള്ള പിന്തുണയുമായി നവംബര്‍ 17-ാം തിയതി നടത്തിയ ആ സ്‌ഫോടനങ്ങളില്‍ പോലും മാവാട്ട് മലയില്‍ വെച്ച് പരീക്ഷണം നടത്തിയിട്ടാണ് അഖിലഭാരതീയ പൗരസ്വാതന്ത്ര്യസംഘത്തിന്റെ സെക്രട്ടറിയായ ഡോ.കെ.ബി മേനോന്‍ കീഴരിയൂരില്‍ ബോംബ് സ്‌ഫോടനം നടത്തിയത് എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ താന്‍ വിശ്വസിച്ചിരുന്ന മതവിശ്വാസത്തിലെ ഒരു വിഭാഗത്തോടുള്ള ബാലിശമായ വിദ്വേഷം ഒന്നുകൊണ്ടുമാത്രം ഒരു കുറ്റവാളി യു ട്യൂബില്‍ നോക്കി ബോംബുണ്ടാക്കി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത് ഒരു മുന്‍ പരീക്ഷണവും നടത്താതെയാണ് എന്ന പോലീസ് ഭാഷ്യം സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. മൂന്ന് പേര് മരിക്കുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും, 18ഓളം പേര്‍ ഇന്നും ചികിത്സയില്‍ കഴിയുന്ന കളമശ്ശേരി ബോംബ് സ്‌ഫോടനം കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത് അതില്‍ മരിച്ച, അപകടത്തില്‍ പെട്ട ആളുകളുടെ എണ്ണംകൊണ്ടല്ല മറിച്ച് ഈ സ്‌ഫോടനം നടത്തിയ കുറ്റവാളി സ്വയം കീഴടങ്ങി നല്‍കിയ കുറ്റസമ്മത മൊഴിയുടെ വിശ്വാസ്യത ഇല്ലായ്മകൊണ്ടാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ പോലീസുമാത്രം ഈ കുറ്റവാളിയുടെ നിഷ്‌കളങ്ക കുറ്റസമ്മതമൊഴികളില്‍ പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തുകയും അന്വേഷണം കുറ്റവാളിയായ മാര്‍ട്ടിന്‍ വി ഡി നല്‍കിയ മൊഴികളില്‍ ചുറ്റിപറ്റി നിര്‍ത്തുകയും ചെയ്തത് രാഷ്ട്രീയ ഭേദെമന്യേ വലിയ വിമര്‍ശനം ഉണ്ടാക്കിയിട്ടുണ്ട്.
കേരളത്തിലെ ബോംബ് സ്‌ഫോടനങ്ങളുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഇത്തരം സ്‌ഫോടനങ്ങളെ കോണ്‍ഗ്രസ്സ് – കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ലാഘവബുദ്ധിയോടെയാണ് കണ്ടിരിന്നുന്നത് എന്ന് വ്യക്തമാകും. കേരളത്തിലെ ആദ്യത്തെ മതതീവ്രവാദ ബോംബ് സ്‌ഫോടനം നടന്നത് 1997 തൃശൂര്‍ റയില്‍വെ സ്റ്റേഷനില്‍ വെച്ചാണ്. ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസ്സ് ട്രെയിനില്‍ നടന്ന ആ ബോംബ് സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ സൂത്രധാരന്‍ തൃശൂര്‍ സ്വദേശി അയൂബ് എന്ന അഷറഫ് ആണെന്ന് തിരിച്ചറിഞ്ഞിട്ടും സംസ്ഥാനസര്‍ക്കാരിന് പിന്നെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചിട്ടില്ല. ഇങ്ങിനെ തീവ്രവാദ- ഭീകരാക്രമണങ്ങള്‍ നിരന്തരം ഉണ്ടായിട്ടും, പല ജില്ലാ കളക്‌ട്രേറ്റുകളിലും മത തീവ്രവാദസംഘടനകള്‍ ബോംബ്‌സ്‌ഫോടനങ്ങള്‍ നടത്തിയിട്ടും കുറ്റവാളികളെ പിടിക്കുവാന്‍ സാധിക്കാത്ത, ഇടതു-വലതു സര്‍ക്കാരുകള്‍ക്ക് തന്നെയാണ് ഈ നാലുപേരുടെ മരണത്തിനും, 50 ഓളം പേര്‍ക്ക് പരിക്ക് പറ്റിയതിന്റെയും ഉത്തരവാദിത്തം.
കളമശ്ശേരി സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേരളത്തിലെ സംസ്ഥാന സര്‍ക്കാരിനാണ്. ഇതിന്റെ പ്രഥമ ഉത്തരവാദിത്തം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കൂടി ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിക്ക് മാത്രമാണ്. കാരണം ആത്യന്തികമായി ഇത് സംസ്ഥാന ഇന്റലിജന്‍സ് വീഴ്ചയാണ് എന്നതുതന്നെയാണ്. രണ്ടായിരം പേര്‍ ഒത്തുകൂടുന്ന ഒരു പരിപാടിതന്നെ പോലീസ് അറിയുന്നത് അവിടെ ബോംബ്‌സ്‌ഫോടനം നടന്നതിന് ശേഷം മാത്രമാണല്ലോ. അന്താരാഷ്ട്രതലത്തില്‍ തന്നെ ക്രിസ്ത്യന്‍ മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ – മത മൗലികവാദ ഭീകരാക്രമണങ്ങള്‍ വ്യാപകമായി നടക്കുമ്പോള്‍ കേരളത്തിലും പോലീസ് – ഇന്റലിജന്‍സ് വിഭാഗം വേണ്ടത്ര ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗവും, ഭരണ രാഷ്ട്രീയ നേതൃത്വവും കേരളത്തിലെ ഹമാസ് അനുകൂല റാലികളുടെയും വേദികളുടെയും സംരക്ഷകരും, സംഘാടകരുമായി മാറിപ്പോയിരുന്നു. ഭീരുത്വം നിറഞ്ഞുതുളുമ്പുന്ന ഈ ഭരണാധികാരികളുടെ കഴിവില്ലായ്മയാണ് കേരളത്തെ ഭീകരവാദികള്‍ തങ്ങളുടെ എല്ലാ ആസൂത്രിക ഭീകരവാദത്തിന്റെയും ടെസ്റ്റ് മാര്‍ക്കറ്റ് ആക്കിമാറ്റിയത്. മാര്‍ട്ടിന്റെ കളമശ്ശേരി ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ല. ലോകത്തെ പലയിടങ്ങളിലും സ്‌ഫോടനമുണ്ടായപ്പോള്‍ അന്താരാഷ്ട്ര അന്വേഷണസംഘങ്ങള്‍ ആ ഭീകരാക്രമണത്തിന്റെ വേരുകള്‍ അന്വേഷിച്ച് കേരളത്തില്‍ വന്നിട്ടുണ്ട്, ഇന്ന് അന്താരാഷ്ട്രതലത്തില്‍ കേരളം അറിയപ്പെടുന്നത് ഭീകരവാദവും, മയക്കുമരുന്നുകളും കയറ്റി അയക്കുന്ന സംസ്ഥാനമായിട്ടാണ്.
കളമശ്ശേരി ബോംബ്‌സ്‌ഫോടനം ഒരു വ്യക്തിയുടെ മാത്രം ചിന്തയിലോ, അയാളുടെ മാത്രം പ്രവര്‍ത്തികൊണ്ടോ ഉണ്ടായതല്ല എന്നാണ് സ്‌ഫോടനവിഷയത്തെകുറിച്ച് ദീര്‍ഘകാലം പഠിക്കുകയും, ഇത്തരം അന്വേഷണങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരും ആവര്‍ത്തിച്ച് പറയുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് കുറ്റവാളിയുടെ പ്രതികാര ഉദ്ദേശ്യമന്നത് തികച്ചും ലഘുവായ ഒന്നാണ്. ഇത്തരം എതിര്‍പ്പുകള്‍ സംഘടനയില്‍ നിന്ന് കൊഴിഞ്ഞുപോക്കിലോ, പ്രതിഷേധം രേഖപ്പെടുത്തലിലോ ഏറ്റവും കൂടിയാല്‍ ഒരു കേസുനല്‍കുന്നതിലോ തീര്‍രേണ്ടതാണ്. എന്നാല്‍ മാര്‍ട്ടിന്‍ വി.ഡി.യഹോവ സാക്ഷികളോടുള്ള പ്രതിഷേധം അവരുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ ബോംബുവെച്ച് തീര്‍ക്കുവാന്‍ ശ്രമിച്ചു എന്നത് ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. രണ്ടാമതായി യാതൊരു മുന്‍ പരിചയവുമില്ലാതെ, ഒരു പരീക്ഷണം പോലും നടത്താതെ ഈ സ്‌ഫോടനം റിമോട്ട് കണ്‍ട്രോള്‍ വെച്ച് നടത്തി എന്നത് ആര് വിശ്വസിക്കാനാണ്? മൂന്ന്, കുറ്റവാളി ഈ കുറ്റകൃത്യം സ്വയം തെളിയിക്കുവാന്‍ കാലേകൂട്ടി എല്ലാറ്റിനും പൂര്‍ണ്ണമായ തെളിവുകളും, ഡിജിറ്റല്‍ ഫുട്പ്രിന്റും എല്ലാം മേടിച്ച് സൂക്ഷിച്ചുവെച്ചു എന്നതും സംശയമുളവാക്കുന്ന കാര്യങ്ങളാണ്.
ഇതുകൂടാതെ ജനങ്ങളുടെ മുന്നില്‍ പല സംശയങ്ങളും ഉണ്ട്. എന്തിനാണ് മാര്‍ട്ടിന്‍ സംഭവസ്ഥലത്തോ, തൊട്ടടുത്ത പോലീസ്‌സ്റ്റേഷനിലോ പോയി കീഴടങ്ങാതെ ദൂരെയുള്ള മറ്റൊരു സ്റ്റേഷനില്‍ പോയി കീഴടങ്ങിയത്? സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലകന്‍കൂടിയായ മാര്‍ട്ടിന്‍ വി.ഡി എന്തുകൊണ്ടാണ് തനിക്ക് കൂടുതല്‍ സ്വാധീനമുള്ള ഭാഷകളില്‍ സന്ദേശം നല്‍കാതെ ഹിന്ദിയില്‍ സന്ദേശം നല്‍കിയത്? എന്തുകൊണ്ടാണ് തന്റെ സന്ദേശം നല്‍കിയ ആ പേജില്‍ ബംഗ്ലാദേശികള്‍ മാത്രം സുഹൃത്തുക്കളായി? സംഭവദിവസം സ്‌ഫോടനസ്ഥലത്തുനിന്ന് സ്‌ഫോടനം നടന്ന ഉടനെ പോയ കാര്‍ ആരുടേത്? എന്തുകൊണ്ട് ആ കാറിനെക്കുറിച്ച് അന്വേഷിക്കുന്നില്ല?
ഈ സംശയങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഇത് മാര്‍ട്ടിന്‍ വി ഡി ഒറ്റക്ക് ചെയ്തതല്ല എന്നുതന്നെയാണ്. യഹോവ സാക്ഷികളെ നോട്ടമിട്ട ഒരു പറ്റം മത ഭീകരവാദികള്‍ മാര്‍ട്ടിന്‍ എന്ന മുഖംമൂടിധരിച്ച് നടത്തിയ ഭീകരാക്രമണമാണിത്. അതിന് ഈ ഭീകരവാദികള്‍ തിരഞ്ഞെടുത്തത് നിരന്തരം വന്ദേ ഭാരതിനു കല്ലെറിയുകയും, ട്രെയിന്‍ പാളം തെറ്റുവാന്‍ നിരന്തരം പാളങ്ങളില്‍ മെഷീനുകള്‍ വെച്ച് ഡ്രില്ലുകള്‍ ഉണ്ടാക്കിയും, കോണ്‍ക്രീറ്റ് സ്‌ളാബ് വെച്ചും ശ്രമിച്ചിട്ടും, അവസാനം ട്രെയിന്‍ കത്തിക്കുകയും, ബോംബുവെക്കുകയും ചെയ്തിട്ടും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാനോ, കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുവാനോ ശ്രമിക്കാത്ത സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്നുള്ളതുകൊണ്ടാണ്. ഭരണകൂടവും, രാഷ്ട്രീയ നേതൃത്വവും മൃദുവാക്കുകളില്‍ ഇത്തരം ഭീകരാക്രമങ്ങളെ അപലപിച്ചു എന്നുവരുത്തി, അക്രമകാരികള്‍ക്ക് പിന്തുണ നല്‍കുമ്പോള്‍ കേരളം ഭാവിയില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് വേദിയായേക്കുമെന്ന ഭയത്തിലാണ്. അത്തരം ഭയം ഇല്ലാതാക്കുവാന്‍ സംസ്ഥാന ഭരണകൂടം ഈ ഭീകരവാദത്തിന്റെ വേരുകള്‍ അറുക്കുകയും കേരളത്തില്‍ ഇതുവരെ നടന്ന എല്ലാ ഭീകരവാദ ആക്രമണങ്ങളുടെയും ആസൂത്രകരെക്കൂടി നിയമത്തിന്റെ കീഴില്‍ കൊണ്ടുവരേണ്ടതുമാണ്. അപ്പോഴേ ഈ ആക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് നീതിലഭിക്കുകയുള്ളൂ.