ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട മൂന്ന് ആഘോഷങ്ങളാണ് ജന്മാഷ്ടമിയും ദീപാവലിയും ഹോളിയും. ഇതില്‍ ജന്മാഷ്ടമി അഥവാ ശ്രീകൃഷ്ണ ജയന്തി ഭഗവാന്റെ ജന്മദിനമായി പല രീതിയിലും കൊണ്ടാടുന്നുണ്ട്. ഹോളിയുടെ പുരാവൃത്തം കൃഷ്ണനും ഗോപികമാരും തമ്മിലുള്ള രാസലീലയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. എല്ലായിടത്തും ആവേശപൂര്‍വ്വം ആഘോഷിച്ചു വരുന്ന ദീപാവലി ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച് ലോകരക്ഷ ചെയ്തതിന്റെ ആഹ്ലാദ സുദിനം കൂടിയാണ്. ദീപങ്ങളുടെ ഉത്സവമായ ദീപാവലി തുലാമാസത്തിലെ അമാവാസി ദിവസമാണ് കടന്നുവരുന്നത്.
സാമ്പത്തിക ഉന്നതിക്കും സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും വേണ്ടി മഹാലക്ഷ്മിയെ പൂജിക്കുന്ന ദിവസം കൂടിയാണ് ദീപാവലി. മംഗള ദീപങ്ങള്‍ നിറശോഭ ചൊരിയുന്നത് കാണാന്‍ ഭക്തസഹസ്രങ്ങള്‍ ക്ഷേത്രങ്ങളില്‍ ദര്‍ശന സൗഭാഗ്യത്തിന് എത്തുന്നതും ദീപാവലി നാളില്‍ തന്നെ. ദീപങ്ങളുടെ ഉത്സവമായ ദീപാവലി തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ്. അജ്ഞാനമാകുന്ന അന്ധതയില്‍ നിന്നുള്ള വിമോചനം കൂടിയാണ്.
നരകാസുരന്‍ മഹാവിഷ്ണുവിന് ഭൂമിദേവിയില്‍ ഉണ്ടായ പുത്രനാണ്. പ്രാഗ്‌ജ്യോതിഷം തലസ്ഥാനമാക്കി ഭരിച്ച നരകന്‍ സകല ജീവരാശികളും ഭയപ്പെടുന്നവനും, വേദനിന്ദകനും, ദേവനിന്ദകനും സകലരാലും വെറുക്കപ്പെട്ടവനും, ലോക ദ്രോഹിയുമായിരുന്നു. നരകാസുരന്‍ അനേകകാലം ഭൂമിദേവിയുടെ ഗര്‍ഭത്തില്‍ കഴിഞ്ഞു എന്നും, ഒടുവില്‍ രാവണവധം വരെ വസിച്ചതിനു ശേഷം ത്രേതായുഗ മധ്യത്തില്‍ ജനിച്ചു എന്നുമാണ് ഐതിഹ്യം. ഭൂമിദേവിയുടെ അഭ്യര്‍ത്ഥന പ്രകാരം പതിനാറ് വയസ്സുവരെ നരകനെ വളര്‍ത്തിയത് ജനകമഹാരാജാവ് ആയിരുന്നു. കൊട്ടാരത്തില്‍ വേഷ പ്രച്ഛന്നയായി കഴിഞ്ഞ ഭൂമിദേവിയുടെ ശിക്ഷണത്തില്‍ നരകന്‍ സര്‍വ്വ വേദ ശാസ്ത്രങ്ങളും അഭ്യസിച്ചു.
കാമാഖ്യം എന്ന മഹാക്ഷേത്രം ഇരിക്കുന്ന കാമസരൂപത്തിന്റെ മധ്യത്തിലുള്ള പ്രാഗ്‌ജ്യോതിഷ പുരിയില്‍ നരകന്‍ രാജാവായി.അധര്‍മ്മികളുമായുള്ള സഹവാസം കൊണ്ട് അധര്‍മിയായി വളര്‍ന്നു വന്നു. യജ്ഞ ദാനാദി കര്‍മങ്ങളില്‍ ശ്രദ്ധയില്ലാതെയായി. ഒരു ദിവസം കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വസിഷ്ഠ മഹര്‍ഷിയെ തടഞ്ഞതില്‍ കുപിതനായ മുനി മനുഷ്യ രൂപധാരിയായി വരുന്ന നിന്റെ പിതാവ് തന്നെ നിന്നെ വധിക്കട്ടെ എന്ന് ശപിക്കുകയുണ്ടായി. നരകന്റെ ഭരണം കൊണ്ട് പൊറുതിമുട്ടിയ പ്രപഞ്ചവാസികള്‍ ഇന്ദ്രനോട് അഭ്യര്‍ത്ഥിച്ചതു പ്രകാരം കൃഷ്ണന്‍ ഗരുഡാരൂഢനായി പ്രാഗ്‌ജ്യോതിഷ പുരിയിലെത്തി. എട്ടു ലക്ഷത്തി എണ്‍പതിനായിരം സൈന്യത്തെയും കൊന്നൊടുക്കി ചക്രായുധം കൊണ്ട് നരകനെ വധിച്ചു. നരകബന്ധനത്തിലുണ്ടായിരുന്ന അനേകം സന്യാസിമാരെയും, സ്ത്രീകളെയും, സാധുക്കളേയും മോചിപ്പിച്ച് ഭൂമിയില്‍ സര്‍വ്വ മംഗളങ്ങളും പുനഃസ്ഥാപിച്ച സുദിനമാണ് ദീപാവലി. നരകാസുര വധം കഴിഞ്ഞ് ശ്രീകൃഷ്ണ ഭഗവാന്‍ മടങ്ങി വരുമ്പോള്‍ ആബാലവൃദ്ധ ജനങ്ങളും സന്തോഷ സൂചകമായി ദീപങ്ങള്‍ കത്തിച്ച് വരവേറ്റ പുണ്യദിനമാണ് ദീപാവലി.
പാലാഴിയില്‍ നിന്നും അവതരിച്ച മഹാലക്ഷ്മി മഹാവിഷ്ണുവിനെ പതിയായി സ്വീകരിച്ച ദിവസമാണ് ദീപാവലി എന്നും വിശ്വാസമുണ്ട്. അതുകൊണ്ട് ഭഗവതി ക്ഷേത്രങ്ങളില്‍ ഈ ദിനത്തിന് വളരെ സവിശേഷതയാണുള്ളത്. രാവണവധം കഴിഞ്ഞ് ശ്രീരാമന്‍ സീതാസമേതനായി അയോധ്യയില്‍ തിരിച്ചെത്തിയത് ഒരു ദീപാവലി ദിനത്തിലാണ്. ശ്രീ പരമേശ്വരന്‍ പാര്‍വതി ദേവിയെ തന്റെ പാതി ശരീരമാക്കി അര്‍ദ്ധനാരീശ്വര രൂപം കൊണ്ടത് മറ്റൊരു ദീപാവലി നാളിലാണ്. നരകനുമായുള്ള യുദ്ധവേളയില്‍ കാമാഖ്യയായ ദേവി കാളി ശ്രീകൃഷ്ണന് സമീപം ഖഡ്ഗധാരിയായി സഹായത്തിന് നിന്നതായി കാളികാ പുരാണത്തില്‍ പറയുന്നുണ്ട്. വിക്രമാദിത്യ ചക്രവര്‍ത്തി സ്ഥാനാരോഹണം ചെയ്ത വിക്രമ വര്‍ഷം തുടങ്ങുന്നതും, വര്‍ധമാന മഹാവീരന്‍ നിര്‍വ്വാണം പ്രാപിച്ചതും ദീപാവലി ദിനത്തിലാണ്.
ബംഗാളില്‍ പിതൃദിനമായാണ് ദീപാവലി ആഘോഷിക്കുന്നത്. ഭൂമിയില്‍ എത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടാനായി വലിയ തണ്ടുകളില്‍ ദീപങ്ങള്‍ കത്തിച്ചു വെക്കും. വാത്സ്യായനന്റെ കാമസൂത്ര പ്രകാരം യക്ഷന്മാരുടെ രാത്രിയും ദീപാവലിയില്‍ തന്നെ. മധുപാന മഹോത്സവമായാണ് അവര്‍ ഈ ദിനം ആഘോഷിക്കുന്നത്. മഹാരാഷ്ട്രയില്‍ മഹാബലിയെ അനുസ്മരിച്ചു കൊണ്ടാണ് ദീപാവലി കൊണ്ടാടുന്നത്. സഹോദരി സഹോദരന്മാര്‍ക്കിടയിലെ സ്‌നേഹത്തിന്റെ പ്രതീകമായും ദീപാവലി ആഘോഷിക്കപ്പെടുന്നു.
ബാണാസുരനുമായി സമ്പര്‍ക്കം ഉണ്ടാകുന്നത് വരെ വിഷ്ണു പുത്രനായ നരകന്‍ ശ്രേഷ്ഠനായ ഭരണാധികാരിയായിരുന്നു. തുടര്‍ന്നാണ് ദേവമാതാവും വൈദിക ദേവതയുമായ അദിഥിയെ നരകന്‍ അപമാനിക്കുന്നത്.
ധനം സമ്പാദിക്കാന്‍ ഈ ലോകത്ത് എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ട്. ഈശാവാസ്യ ഉപനിഷത്തില്‍ പറയുന്നതുപോലെ ഈ കാണുന്ന ധനവും സര്‍വ്വ അധികാരങ്ങളും ഈശ്വരന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ ചിലര്‍ അത് മറന്ന് ഈ ലോകത്തിനപ്പുറം യാതൊന്നുമില്ല എന്ന് കരുതി ലോകത്തിന് ദ്രോഹം ചെയ്തുകൊണ്ടേയിരിക്കും. അവര്‍ ധര്‍മ്മത്തെയും ഈശ്വരനെയും മറക്കും. അധര്‍മ്മികള്‍ ലോകം അന്ധകാരത്താല്‍ മറക്കുമ്പോള്‍ ഈശ്വരന്റെ ധര്‍മ്മ ചക്രമായ സുദര്‍ശനം ആ അന്ധകാരത്തെ നീക്കി പ്രകാശം ചൊരിയുമ്പോള്‍ അവിടെ ദീപാവലി ജനിക്കുന്നു.
നരക ചതുര്‍ത്ഥി ദിവസം തേച്ചു കുളി വളരെ പ്രധാനപ്പെട്ടതാണ്. അതിന് കാരണമായി പറയുന്നത് നരകനുമായുള്ള യുദ്ധത്തില്‍ തന്റെ ശരീരത്തില്‍ തെറിച്ചു വീണ ചോരക്കറ നീക്കാന്‍ കൃഷ്ണന്‍ അതിരാവിലെ വീട്ടിലെത്തി എണ്ണ തേച്ച് കുളിച്ച് ശരീരശുദ്ധി വരുത്തിയെന്നാണ്. സര്‍വ്വമാലിന്യ നാശകനായ ശ്രീകൃഷ്ണ പരമാത്മാവ് മനസ്സിനകത്തെ ഇരുട്ട് മാത്രമല്ല പുറത്തെ മാലിന്യങ്ങളും ദൂരീകരിക്കുന്ന സച്ചിദാനന്ദസ്വരൂപനാണ്.
പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. അശ്വിനി മാസത്തിലെ കൃഷ്ണ ത്രയോദശി ദിവസം വരുന്ന ദീപാവലി നാളില്‍ വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുന്നു. ഇരുട്ടിനെതിരെ വെളിച്ചത്തിന്റെ അടയാളമായി സന്ധ്യാവേളയില്‍ ധനലക്ഷ്മിയെ സ്വാഗതം ചെയ്തുകൊണ്ട് മണ്‍ചെരാതുകളില്‍ നിരനിരയായി ദീപങ്ങള്‍ കൊണ്ടലങ്കരിക്കുന്നു.
മനുഷ്യഹൃദയങ്ങളില്‍ കുടികൊള്ളുന്ന ആസുരികതയെ, തിന്മയെ നിഗ്രഹിക്കുക എന്നതാണ് ദീപാവലിയുടെ സന്ദേശം.ഇച്ഛാശക്തിയുടെ വിജയം കൂടിയാണ് ദീപാവലി.