ഉത്തരഭാരതത്തിലെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തില്‍ വാരണാസി അഥവാ ബനാറസ് എന്നറിയപ്പെടുന്ന നഗരമാണ് പുണ്യ പുരാതനമായ കാശി. ലോകത്തിലെ ഏറ്റവും പൗരാണികമായ നഗരം. ലോകത്തിന്റെ മറ്റൊരുഭാഗത്തും നാഗരികത തൊട്ടുതീണ്ടാത്ത കാലത്തു രാജനഗരമായി പരിലസിച്ചിരുന്ന സ്ഥലം. രാമായണത്തിലും മഹാഭാരതത്തിലും ഭാഗവതത്തിലുമെല്ലാം കാശി പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതിനര്‍ത്ഥം തേത്രായുഗത്തിനും മുന്‍പുതന്നെ കാശിനഗരം നിലനിന്നിരുന്നു എന്നാണ്. ഭാരതസംസ്‌കൃതിയുടെ ഒരു അവിഭാജ്യഘടകമാണ് കാശി. ഓരോ ഭാരതീയനും ജീവിതത്തില്‍ ഒരിക്കലെങ്കിലും കാശി സന്ദര്‍ശിച്ചിരിക്കണം.
കാശിയുടെ ഐതിഹ്യം
മഹാദേവന്‍ പാര്‍വ്വതീ സമേതനായി ഗംഗാതടത്തിലൂടെ സഞ്ചരിക്കുമ്പോള്‍ തങ്ങള്‍ക്ക് ആനന്ദിക്കുവാനും ഉല്ലസിക്കാനുമായി ഒരു മനോഹരമായ സ്ഥലം വേണമെന്ന് ഇച്ഛിക്കുകയും തന്റെ ദിവ്യസങ്കല്പത്താല്‍ കാശി എന്ന ഭൂമികയെ സൃഷ്ടിക്കുകയും ചെയ്തു. കാശി മാതാവ് മഹാദേവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് മൂന്ന് വരങ്ങള്‍ ചോദിച്ചു. ഒന്ന്, മഹാദേവന്‍ ഒരുകാലത്തും ഒരു കാരണവശാലും ഈ ഭൂമിക വിട്ടു പോകരുത്. സദാ മഹാദേവസാന്നിധ്യം കാശിയിലുണ്ടാകണം. രണ്ട്, കാശിയുടെ മണ്ണില്‍ കാലുകുത്തുകയോ കാശിയിലെ ഗംഗാതീര്‍ത്ഥത്തില്‍ സ്‌നാനം നടത്തുകയോ ചെയ്യുന്ന സകല മനുഷ്യരും അവരുടെ സകല പാപങ്ങളില്‍ നിന്നും മുക്തരാകണം. മൂന്ന് കാശിയില്‍ വച്ചു മരണപ്പെടുന്നവരും, ഈ ഗംഗാതീരത്തു സംസ്‌കരിക്കപ്പെടുന്നവരുമായ സകല മനുഷ്യരും മോക്ഷപ്രാപ്തി നേടണം. മൂന്ന് കാര്യങ്ങളും മഹാദേവന്‍ വരമായി നല്‍കി. അങ്ങനെ മഹാദേവന്‍ അവിമുക്തനായി മുക്തേശ്വരനായി കാശിയില്‍ വസിക്കുന്നു.
കാശിയുടെ മഹത്വം
‘കാശി’ എന്ന വാക്കിന്റെ അര്‍ത്ഥം ‘പ്രകാശിക്കുന്നത്’ എന്നാണ്. ആത്മീയമായും ഭൗതികമായും സദാ പ്രകാശിക്കുന്ന ഇടമാണു കാശി. കാശിയുടെ മറ്റൊരു പേരാണ് ‘വാരണാസി’. വരുണാനദിയും അസി നദിയും ഗംഗയില്‍ ലയിക്കുന്ന അഥവാ സംഗമിക്കുന്ന സ്ഥലം. പുരാതനമായ സരസ്വതി നദിയെപ്പോലെ അസി നദി ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. വാരണാസിയുടെ മറ്റൊരു നാമമാണ് ബനാറസ്. ജീവിതത്തിന്റെ ആനന്ദവും രസവും സൃഷ്ടിക്കപ്പെടുകയും നിലനില്‍ക്കുകയും ചെയ്യുന്ന ഇടം. മറ്റൊരു പേരാണ് ‘അവിമുക്തം’. മഹാദേവന്‍ പ്രളയകാലത്തുപോലും വിട്ടുപോകാത്ത ഇടം എന്നര്‍ത്ഥം. മറ്റൊരു നാമമാണ് ‘ആനന്ദവനം’. മഹാദേവന്‍ ദേവീ സമേതനായി ആനന്ദിച്ച ഭൂമി. ആ ആനന്ദം കണ്ട് മഹാവിഷ്ണു ആനന്ദാശ്രുപൊഴിച്ച ഭൂമി. ബ്രഹ്‌മജ്ഞാനത്തിന്റെ ആനന്ദം – ബ്രഹ്‌മാനന്ദം നിറയുന്ന ഭൂമി. ശ്രീഭഗവതി അന്നപൂര്‍ണ്ണഭാവത്തിലും കാളീഭാവത്തിലും കാവലാളായും ചൈതന്യപ്പൊരുളായും നിറയുന്ന ഭൂമി. മഹാദേവന്‍ കാലഭൈരവനായി കാലസ്വരൂപനായി കാവലാളായി വിരാജിക്കുന്ന പുണ്യഭൂമി. അതാണു കാശി.
കാശിയിലെ ശിലകളിലെല്ലാം മഹാദേവസാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. നദികളിലെല്ലാം മാധവ സാന്നിദ്ധ്യം. മഹാവിഷ്ണു ആതിഥേയനായി ഭക്തരെ സ്വീകരിച്ച് അനുഗ്രഹിക്കുന്ന ഇടം. ഇവിടെ ബ്രഹ്‌മജ്ഞാനത്തിന്റെ ആനന്ദമറിയാം. ജീവിതത്തിന്റെ രസമറിയാം. അന്നപൂര്‍ണ്ണേശ്വരിയുടെ കരുതല്‍ അനുഭവിക്കാം. കാശിയുടെ മണ്ണ് സ്പര്‍ശിക്കുന്നതുതന്നെ ജന്മപുണ്യം. അത്രയ്ക്കും പുണ്യഭൂമിയാണ് കാശി. ഭാരതത്തിലെ 12 ജ്യോതിര്‍ലിംഗത്തില്‍ ഒന്ന് കാശിയിലാണ്.
കാശിദര്‍ശനം എങ്ങനെ?
പൂര്‍വ്വവിധിപ്രകാരം ദക്ഷിണ ഭാരതത്തില്‍ നിന്നും കാശിദര്‍ശനത്തിനു പോകുന്നവര്‍ ആദ്യം രാമേശ്വരത്തു ദര്‍ശനം നടത്തി, അവിടത്തെ കടലില്‍ നിന്നും ഒരുപിടി മണല്‍വാരിയെടുത്തു കൊണ്ടു പോയി കാശിദര്‍ശനത്തിനുശേഷം കാശിയിലെ ഗംഗയില്‍ നിക്ഷേപിക്കണം. തിരികെ ഗംഗയില്‍ നിന്നും കുറച്ചു ജലം കൊണ്ടുവന്ന് വീണ്ടും രാമേശ്വരം സമുദ്രത്തില്‍ നിക്ഷേപിക്കണം. ഉത്തരഭാരതത്തിലുള്ളവര്‍ ആദ്യം കാശി ദര്‍ശനം നടത്തി അവിടെ നിന്നും കുറച്ചു ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരദര്‍ശനം കഴിഞ്ഞ് അത് രമേശ്വരം കടലില്‍ ഒഴുക്കണം. അവിടെനിന്നും ഒരുപിടി മണല്‍ വാരിയെടുത്ത് കൊണ്ടുപോയി വീണ്ടും കാശി ദര്‍ശനം നടത്തി ആ മണല്‍ കാശിയിലെ ഗംഗയില്‍ നിക്ഷേപിക്കണം. രാമേശ്വരത്തുള്ളതും ജ്യോതിര്‍ലിംഗമാണ്. ഇപ്രകാരം ചെയ്യുമ്പോഴാണ് കാശി-രാമേശ്വര ദര്‍ശനങ്ങള്‍ പൂര്‍ണ്ണമാകുന്നതെന്നാണ് സങ്കല്പം. അതുപോലെ, കാശി ദര്‍ശനം നടത്തുന്നവര്‍ ആദ്യം കാശിക്കു ചുറ്റുമുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അഥവാ കാശിയെ പരിക്രമം ചെയ്ത് അനുവാദം വാങ്ങി വേണം വിശ്വനാഥ ദര്‍ശനം നടത്തുവാന്‍ എന്നാണ് പറയുന്നത്. ആ പരിക്രമയ്ക്കു പറയുന്നത് ‘പഞ്ചക്രോശി പരിക്രമയാത്ര’ എന്നാണ്. ത്രേതായുഗത്തില്‍ രാമലക്ഷ്മണന്മാരും സീതാദേവിയും രണ്ടുപ്രാവശ്യവും, ദ്വാപരയുഗത്തില്‍ പഞ്ചപാണ്ഡവരും ദ്രൗപദിയും ഒരു പ്രാവശ്യവും ഈ പഞ്ചക്രോശി പരിക്രമ പൂര്‍ത്തിയാക്കി വിശ്വനാഥ ദര്‍ശനം നടത്തിയതായി പറയപ്പെടുന്നു. പിതാവായ ദശരഥനെ ശ്രാവണ കുമാരന്റെ ശാപത്തില്‍ നിന്നും മോചിപ്പിക്കുവാനാണ് രാമലക്ഷ്ണന്മാര്‍ ആദ്യം പരിക്രമം നടത്തിയതെങ്കില്‍, രാവണനിഗ്രഹത്തിന്റെ പാപക്കറ തീര്‍ക്കുവാനാണ് രണ്ടാമതു ചെയ്തത്.
പാണ്ഡവരാകട്ടെ മഹാഭാരതയുദ്ധത്തില്‍ അനേകം ഹത്യകള്‍ നടത്തിയ പാപത്തില്‍ നിന്നും മുക്തരാകാനാണ് ഈ പരിക്രമ ചെയ്തത് എന്ന് ഐതിഹ്യം. ഈ പരിക്രമ യാത്ര സകല പാപങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കും എന്നാണ് വിശ്വാസം. ഈ യാത്രക്ക് ‘പഞ്ചകോശിയാത്ര’ എന്നും പറയാറുണ്ട്. ഒരര്‍ത്ഥത്തില്‍ പഞ്ചകോശനിര്‍മ്മിതമായ മനുഷ്യശരീരത്തിന്റെ ഒരു പ്രതീകം കൂടിയാണത്. സ്ഥൂല രൂപത്തിലുളള (കാണാന്‍ കഴിയുന്ന) അന്നമയ കോശം, സൂക്ഷ്മ രൂപത്തിലുള്ള പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം ഈ പഞ്ച കോശങ്ങളാല്‍ പൊതിയപ്പെട്ടാണ് ജീവാത്മാവു സ്ഥിതിചെയ്യുന്നത്. അതുപോലെ ഈ പഞ്ചകോശിയാത്ര പൂര്‍ത്തിയാക്കി വേണം വിശ്വനാഥനെ ദര്‍ശിക്കാന്‍ എന്നാണു സങ്കല്പം. ഈ പരിക്രമ, വാരണാസി നഗരത്തെ ആകെ ചുറ്റുന്ന ഒരു അര്‍ദ്ധവൃത്താകാരമായ തീര്‍ത്ഥയാത്രാപഥമാണ്. ഗംഗാതീരത്തെ മണികര്‍ണ്ണികാ ഘാട്ടില്‍ നിന്നും ആരംഭിച്ച് അനേകം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വീണ്ടും ഗംഗാതീരത്തുള്ള ജോവിനായക ക്ഷേത്രത്തില്‍ എത്തി പൂര്‍ത്തിയാകുന്ന ഒരു പരിക്രമം അഥവാ പ്രദക്ഷിണം. ഏകദേശം 75 കി.മീ ദൂരം വരും. ഈ ദൂരം കാല്‍നടയായി 5 ദിവസം കൊണ്ടു പൂര്‍ത്തിയാക്കണം എന്നാണു പൂര്‍വ്വവിധി. ഇപ്പോഴും അപ്രകാരം സഞ്ചരിക്കുന്ന അനേകം ഭക്തജനങ്ങളുണ്ട്. ഹ്രസ്വസന്ദര്‍ശനത്തിനെത്തുന്ന സാധാരണക്കാരെ സംബന്ധിച്ച് വാഹനത്തില്‍ സഞ്ചരിച്ച് വിവിധ ക്ഷേത്രങ്ങള്‍ ദര്‍ശിച്ച് ഒരു ദിവസംകൊണ്ടു പൂര്‍ത്തിയാക്കുന്നതാണ് പ്രായോഗികം. യാത്രാപഥത്തില്‍ അനേകം ക്ഷേത്രങ്ങളുണ്ടെങ്കിലും പ്രധാനമായി 5 ക്ഷേത്രസങ്കേതങ്ങളാണ് ഈ പരിക്രമയിലുള്ളത്. അതുകൊണ്ടാണ് പഞ്ചക്രോശിയാത്ര എന്നു പറയുന്നത്. ക്രോശി എന്നാല്‍ ക്ഷേത്രസങ്കേതം എന്നര്‍ത്ഥം. ഓരോ ദിവസവും വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരമാകുമ്പോഴേക്കും ഓരോ പ്രധാന ക്ഷേത്രസങ്കേതത്തില്‍ എത്തി രാത്രി വിശ്രമിച്ച് പിറ്റേന്നു യാത്ര തുടരും. അങ്ങനെ അഞ്ച് ദിവസങ്ങളില്‍ അഞ്ച് ക്ഷേത്ര സങ്കേതങ്ങള്‍. ഈ 5 ക്ഷേത്ര സങ്കേതങ്ങളിലും വലിയ കുളങ്ങളും യാത്രികര്‍ക്കു സൗജന്യമായി പാര്‍ക്കുവാനുള്ള ധര്‍മ്മശാലകളും ഉണ്ട്. അവിടെ ലഘുഭക്ഷണവും ലഭിക്കും. സ്വന്തമായി പാകം ചെയ്തു കഴിക്കാനും സൗകര്യമുണ്ടാകും. ഈ പരിക്രമയില്‍ മുന്‍പ് 84 പ്രധാന ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു എന്നു പറയുന്നു. ഇപ്പോള്‍ ഏകദേശം 50 ഓളം ക്ഷേത്രങ്ങളേ ഉള്ളൂ. അതില്‍ 11 വിനായക ക്ഷേത്രങ്ങള്‍, 10 ശിവാലയങ്ങള്‍, അവയിലൊക്കെയായി 108 ശിവലിംഗങ്ങള്‍, 4 വിഷ്ണു ക്ഷേത്രങ്ങള്‍, 2 ഭൈരവ ക്ഷേത്രങ്ങള്‍, 10 ദേവീ ക്ഷേത്രങ്ങള്‍, ഹനുമാന്‍ തുടങ്ങി മറ്റനേകം ദേവതാ സങ്കല്പങ്ങളുള്ള ക്ഷേത്രങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. ഒറ്റ ദിവസത്തെ യാത്രയില്‍ ഇവയെല്ലാം ദര്‍ശിക്കുക അസാധ്യമാണ്. സമയലഭ്യതയനുസരിച്ച് സാധ്യമായവ ദര്‍ശിക്കുക. പഞ്ചകോശി പരിക്രമയിലെ പ്രധാനപ്പെട്ട 5 ക്ഷേത്രസങ്കേതങ്ങള്‍ ഇനിപ്പറയുന്നവയാണ്.
1. 12-ാം നൂറ്റാണ്ടില്‍ കര്‍ദ്ദമമുനിയാല്‍ സ്ഥാപിതമായ കര്‍ദ്ദമേശ്വരക്ഷേത്രം.
2. ചണ്ഡികേശ്വര പ്രതിഷ്ഠയുള്ള ഭീമ ചണ്ഡിക്ഷേത്രം.
3. ഭഗവാന്‍ ശ്രീരാമനാല്‍ പ്രതിഷ്ഠിതമായ രാമേശ്വര ക്ഷേത്രം.
4.ശിവപുരക്ഷേത്രം – പഞ്ചപാണ്ഡവന്മാരാല്‍ പ്രതിഷ്ഠിതമായത്.
5. കര്‍ദ്ദമപുത്രനായ കപില മുനിയാല്‍ പ്രതിഷ്ഠിതമായ കപിലധാരക്ഷേത്രം.
ഇവയെല്ലാം ശിവാലയങ്ങളാണ്. കപിലധാരക്ഷേത്രത്തിനടുത്തു തന്നെയാണ് ജോവിനായകക്ഷേത്രം. വരുണാനദി ഗംഗയില്‍ പ്രവേശിക്കുന്ന ഇടമാണിവിടെ. അവിടെ പ്രധാനസമര്‍പ്പണം എന്നു പറയുന്നത് ജോവര്‍ (ബാര്‍ലി) വിത്തുകള്‍ വിനായകനു സമര്‍പ്പിച്ച്, അതില്‍ നിന്നും പൂജാരി പ്രസാദമായി തിരികെ തരുന്ന വിത്തുകള്‍ നേരെ മുന്നിലുള്ള ഗംഗാതീരത്തു വിതയ്ക്കുക എന്നതാണ്. അതുവഴി നമ്മുടെ ന്യായമായ ആഗ്രഹപൂര്‍ത്തീകരണം സാദ്ധ്യമാകുമെന്നാണ് വിശ്വാസം. ഗംഗാതീരത്തെ മണികര്‍ണ്ണികാ ഘാട്ടില്‍ നിന്നു തുടങ്ങി, കാശിയെ വലംവെച്ച് ഗംഗാതീരത്തുതന്നെയുള്ള ജോവിനായകനു മുന്നില്‍ ഈ പരിക്രമ അവസാനിക്കുന്നു. പഞ്ചകോശങ്ങളും കടന്ന് സ്വന്തം ആത്മാവിലേക്കു തന്നെയുള്ള ഒരു യാത്രയാണിത്. മുന്‍പു സൂചിപ്പിച്ചതുപോലെ കാല്‍നടയായി അഞ്ച് ദിവസങ്ങള്‍ കൊണ്ടോ വാഹനത്തില്‍ ഒരു ദിവസം കൊണ്ടോ ഈ യാത്രപൂര്‍ത്തിയാക്കാം.
വിശ്വനാഥ ദര്‍ശനം ദിവസേന രാവിലെ 3.30നുള്ള മംഗള ആരതിയോടെയാണ് ആരംഭിക്കുന്നത്. ഒരു ദിവസത്തില്‍ 5 മംഗളാരതി ഉണ്ട്. അവസാനത്തേത് രാത്രി 9.30ന്. മംഗള ആരതി ദര്‍ശിക്കുന്നത് അത്യന്തം മംഗളകരമെന്നു വിശ്വസിക്കുന്നു. അതിനായി പുലര്‍ച്ചെ ഒരു മണി മുതല്‍ ഭക്തജങ്ങള്‍ ക്യൂ നില്‍ക്കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഊഴമനുസരിച്ച് ക്യൂവിന്റെ മുന്നില്‍ നില്‍ക്കാന്‍ അവസരം നല്‍കും. മെയിന്‍ റോഡ് മുതല്‍ ക്യൂവായിരിക്കും. ക്ഷേത്രസമുച്ചയത്തിന്റെ പടിഞ്ഞാറെ ഗോപുരം വഴിയാണ് അകത്തേക്കു പ്രവേശിപ്പിക്കുന്നത്. സുരക്ഷാ പരിശോധനകള്‍ക്കുശേഷം മതില്‍ക്കെട്ടിനകത്തു കടന്നാല്‍ ഒരേ നിരയില്‍ 3 ഗോപുരങ്ങള്‍ കാണാം. മുന്നിലുള്ള സ്വര്‍ണ്ണഗോപുരത്തിനു കീഴിലാണ് വിശ്വനാഥ ജ്യോതിര്‍ലിംഗം. അതിനുമുന്നിലായി സ്വര്‍ണ്ണ താഴികക്കുടമുള്ള ഒരു തുറന്ന സ്ഥലം. അവിടെയാണ് ദര്‍ശനത്തിനായി ഭക്തര്‍ കാത്തുനില്‍ക്കുന്ന ഇടം. അതിനു മുന്നിലായി ഒരു ചെറിയ പ്രവേശന ഗോപുരവുമുണ്ട്. ഈ സ്വര്‍ണ്ണഗോപുരങ്ങള്‍ ഉള്ളതിനാല്‍ സുവര്‍ണ്ണ ക്ഷേത്രം എന്നും വിശ്വനാഥ ക്ഷേത്രം അറിയപ്പെടുന്നു. വിശ്വനാഥ ജ്യോതിര്‍ലിംഗ പ്രതിഷ്ഠയുള്ള സുവര്‍ണ്ണ ഗോപുരത്തിനു പിന്നിലായി കുറച്ച് ഇടവിട്ട് രണ്ടു ഗോപുരങ്ങള്‍. ഒന്നില്‍ താരകാനാഥ ഭാവത്തിലുള്ള മഹാദേവന്‍. പിതൃക്കളുടെ നാഥന്‍. മറ്റൊന്നില്‍ ആദിവിശ്വനാഥന്‍. ക്ഷേത്രമതില്‍ക്കെട്ടിനോടു ചേര്‍ന്ന് ചുറ്റിലുമായി സാക്ഷിവിനായകന്‍, സ്വര്‍ണ്ണമയി അന്നപൂര്‍ണ്ണ, ഹനുമാന്‍ തുടങ്ങിയ മൂര്‍ത്തികളുടെ പ്രതിഷ്ഠകള്‍. ക്ഷേത്രത്തിനു സമീപം ഒരു പഴയ ആല്‍മരം അതിനടുത്തായി ജ്ഞാനവാപി എന്ന പൗരാണികമായ ക്ഷേത്ര കിണര്‍. അതിനപ്പുറത്തായി പുരാതന ക്ഷേത്രമിരുന്ന ഭാഗത്തേക്കു നോക്കിയിരിക്കുന്ന പൗരാണികമായ നന്ദിവിഗ്രഹം. ഇവയാണ് അകത്തെ കാഴ്ചകള്‍.
ഗംഗാനദിയുടെ പടിഞ്ഞാറെ തീരത്താണ് വിശ്വനാഥ ക്ഷേത്രസമുച്ചയവും ഘാട്ടുകളും. കിഴക്കേ തീരം വനമാണ്. അവിടെയാണ് അഘോരികള്‍ എന്നറിയപ്പെടുന്ന സന്യാസിസമൂഹം വസിക്കുന്നത്. അവര്‍ വളരെ അപൂര്‍വ്വമായേ ഇങ്ങേക്കരയിലേക്കു വരാറുള്ളൂ. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം റോഡിലേക്കും (വാരണാസി നഗരം) കിഴക്കേ ഗോപുരം ഗംഗാനദിയിലേക്കും തുറക്കുന്നു. ഇവിടെയാണ് പുതുതായി ഗംഗാനദിയില്‍ നിന്നും പടവുകള്‍ കെട്ടി ഗംഗാ ഇടനാഴി പണിതിരിക്കുന്നത്. പുരാതനമായ വലിയ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, ദണ്ഡിവിനായക ക്ഷേത്രം. കുറച്ചുനീങ്ങിയാല്‍ കാലഭൈരവ ക്ഷേത്രം – കാശിയുടെ കാവലാളായ, കാലത്തിന്റെ കാവലാളായ കാലഭൈരവന്‍.
ആരാണു കാലഭൈരവന്‍? ആരാണു കപാലേശ്വരന്‍, ആരാണ് അന്നപൂര്‍ണ്ണേശ്വരി? ഐതിഹ്യം ഇങ്ങനെ.
ഒരിക്കല്‍ ബ്രഹ്‌മാവും വിഷ്ണുവും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. തങ്ങളില്‍ ആരാണു കേമന്‍. ബ്രഹ്‌മാവു പറയുന്നു ഈ പ്രപഞ്ചത്തിലെ സകലതിന്റെയും സ്രഷ്ടാവു ഞാനാണ്. ഞാന്‍ സൃഷ്ടികര്‍മ്മം നടത്തിയില്ലെങ്കില്‍ ഈ പ്രപഞ്ചമില്ല. വിഷ്ണു പറഞ്ഞു ഈ സൃഷ്ടികളെ മുഴുവനും നിലനിര്‍ത്തുന്നതും പരിപാലിക്കുന്നതും ഞാനാണ്. ഞാനില്ലെങ്കില്‍ ഈ സൃഷ്ടികളെല്ലാം ക്ഷണമാത്രമേ ഉണ്ടാകൂ. തര്‍ക്കം മൂത്തപ്പോള്‍ മഹാദേവന്‍ ഇടപെട്ടു. ഭഗവാന്‍ പറഞ്ഞു ഞാന്‍ സകല ലോകങ്ങളേയും ഭേദിച്ചുകൊണ്ട് മേലോട്ടും താഴോട്ടുമായി ഭീമാകാരമായ ഒരു ജ്യോതിര്‍ലിംഗമായി വളരാന്‍ പോകുകയാണ്. നിങ്ങളില്‍ ഒരാള്‍ ഈ ജ്യോതിര്‍ലിംഗത്തിന്റെ മുകളിലേക്കു സഞ്ചരിച്ച് അതിന്റെ മുകളറ്റം ദര്‍ശിച്ചു തിരികെ വരിക. മറ്റൊരാള്‍ താഴോട്ടു സഞ്ചരിച്ച് താഴത്തെയറ്റം ദര്‍ശിച്ചു തിരികെ വരിക. ആരാദ്യം വരുന്നുവോ അയാളായിരിക്കും വിജയി. രണ്ടുപേരും സമ്മതിച്ചു. മഹാദേവന്‍ വലിയ ഒരു തൂണുപോലെ ജ്യോതിര്‍ലിംഗമായി താഴോട്ടും മേലോട്ടും വളര്‍ന്നു. ബ്രഹ്‌മദേവന്‍ ഒരു അരയന്നമായി ജ്യോതിര്‍ലിംഗത്തിന്റെ മുകളറ്റം കാണുവാനായി പുറപ്പെട്ടു. മഹാവിഷ്ണുവാകട്ടെ ഒരു പന്നിയുടെ രൂപമെടുത്ത് താഴോട്ടും കുതിച്ചു. കാലങ്ങളോളം സഞ്ചരിച്ചിട്ടും ഈ ജ്യോതിര്‍ലിംഗത്തിന്റെ മുകളറ്റവും താഴറ്റവും കാണുവാന്‍ രണ്ടു പേര്‍ക്കും കഴിഞ്ഞില്ല. മഹാവിഷ്ണു തോല്‍വി സമ്മതിച്ച് തിരികെ മഹാദേവനു മുന്നിലെത്തി. ബ്രഹ്‌മാവാകട്ടെ മുകളിലേക്കു സഞ്ചരിക്കുന്നതിനിടയില്‍ മുകളില്‍ നിന്നും ഒരു കൈതപ്പൂവ് താഴോട്ടു വരുന്നതു കണ്ടു. ബ്രഹ്‌മാവു ചോദിച്ചു: നീ എവിടെ നിന്നു വരുന്നു. കൈതപ്പൂവു പറഞ്ഞു: ഞാന്‍ ജ്യോതിര്‍ലിംഗത്തിന്റെ മുകളറ്റത്തുനിന്നും താഴോട്ടു പതിച്ചു വരുന്നവഴിയാണ്. ബ്രഹ്‌മാവിനു സന്തോഷമായി. മുകളറ്റം എത്താറായി. ബ്രഹ്‌മാവ് ചോദിച്ചു ഇനി എത്രദൂരം സഞ്ചരിച്ചാല്‍ മുകളറ്റത്തെത്താം? കൈതപ്പൂവു പറഞ്ഞു: ഞാന്‍ അവിടെ നിന്നും പുറപ്പെട്ടിട്ട് അനേകം കാലമായി. ഇനി എത്രകാലം സഞ്ചരിച്ചാല്‍ താഴെ എത്തുമെന്നറിയില്ല. ബ്രഹ്‌മാവ് വിഷണ്ണനായി ഇനിയും മുകളിലേക്കു പോകാന്‍ വയ്യ. അദ്ദേഹം കൈതപ്പൂവിനോടു ചോദിച്ചു. നീ എനിക്കൊരു ഉപകാരം ചെയ്യാമോ? നീ ഏതായാലും മുകളറ്റത്തു നിന്നല്ലേ വരുന്നത്. നമുക്കൊരുമിച്ചു താഴോട്ട് പോകാം. നീ എനിക്കുവേണ്ടി മഹാദേവനോട് ഒരു ചെറിയ കളവു പറയണം. കൈതപ്പൂവു ചോദിച്ചു ഞാനെന്താണു ചെയ്യേണ്ടത്. ബ്രഹ്‌മാവുപറഞ്ഞു ഞാന്‍ ജ്യോതിര്‍ലിംഗത്തിന്റെ മുകളറ്റം ദര്‍ശിച്ചുവെന്നും അവിടെ നിന്നും തെളിവിനായി നിന്നെ കൂടെ കൂട്ടിയതാണെന്നും ഞാന്‍ മഹാദേവനോടുപറയും. ശരിയാണോ എന്നു മഹാദേവന്‍ ചോദിച്ചാല്‍ അതെ എന്നു നീ പറയണം. കൈതപ്പൂവു സമ്മതിച്ചു. അങ്ങനെ രണ്ടു പേരും ഭൂലോകത്ത് മഹാദേവന്റെ അടുത്തെത്തി. അവിടെ തോല്‍വി സമ്മതിച്ച് മഹാവിഷ്ണു ഇരിപ്പുണ്ട്. വിജയിയുടെ ഭാവത്തില്‍ ബ്രഹ്‌മാവു പറഞ്ഞു: ഞാന്‍ ജ്യോതിര്‍ലിംഗത്തിന്റെ മുകളറ്റം ദര്‍ശിച്ചിരിക്കുന്നു. അവിടെ നിന്നും ഞാന്‍ എടുത്തുകൊണ്ടുവന്ന കൈതപ്പൂവാണിത്. മഹാദേവന്‍ കൈതപ്പൂവിനോടു ചോദിച്ചു ബ്രഹ്‌മാവു പറഞ്ഞതു സത്യമാണോ: അതെ എന്നു കൈതപ്പൂവു മറുപടി നല്‍കി. രണ്ടുപേരും പറഞ്ഞതു കളവാണെന്നു ബോധ്യമുള്ള മഹാദേവന്റെ രൂപഭാവങ്ങള്‍ മാറി. കോപം പൂണ്ട് ഭയാനകമായ രൗദ്രഭാവത്തില്‍ വലിയ കൊമ്പന്‍ മീശയും ദംഷ്ട്രകളും കൈയില്‍ ആയുധങ്ങളുമെല്ലാമായി ഭീകര രൂപം കൈക്കൊണ്ടു. ആ രൂപമാണ് കാലഭൈരവന്‍. കാലചക്രത്തെ നിയന്ത്രിക്കുന്ന പ്രപഞ്ചത്തിന്റെ മുഴുവന്‍ കാവലാളായ കാലഭൈവരവന്‍. അന്നുവരെ ബ്രഹ്‌മാവിന് അഞ്ച് തലകള്‍ ഉണ്ടായിരുന്നു. പഞ്ചമുഖനായിരുന്നു. കോപിഷ്ഠനായ മഹാദേവന്‍ കളവു പറഞ്ഞ ബ്രഹ്‌മാവിന്റെ മുകളിലേക്കുള്ള ശിരസ്സ് പിഴുതെടുത്തു. അന്നു മുതല്‍ ബ്രഹ്‌മാവു നാലുമുഖനായി. അതിനു കള്ളസാക്ഷി പറഞ്ഞ കൈതപ്പൂവിനെ ശപിച്ചു നീ സുഗന്ധമില്ലാത്തതും പൂജയ്‌ക്കെടുക്കാത്തതുമായ പൂവായിത്തീരട്ടെ. അന്നു മുതല്‍ കൈതപ്പൂവു പൂജയ്‌ക്കെടുക്കാത്ത പൂവായി മാറി.
പക്ഷെ ബ്രഹ്‌മഹത്യാ ശാപം മൂലം പിഴുതെടുത്ത ബ്രഹ്‌മാവിന്റെ ശിരസ്സിന്റെ കപാലം (തലയോട്ടി) മഹാദേവന്റെ കയ്യില്‍ ഒട്ടിപ്പിടിച്ചുപോയി. എത്ര ശ്രമിച്ചിട്ടും അതു വിട്ടുപോയില്ല. അങ്ങനെ മഹാദേവന്‍ ആ കപാലം ഒരു ഭിക്ഷാപാത്രമെന്നവണ്ണം കൈയിലേന്തിയ കപാലേശ്വരനായി മാറി. അങ്ങനെ ഭിക്ഷാംദേഹിയായി അലഞ്ഞു. അതുകണ്ടു മനസ്സലിഞ്ഞ മഹാമായ അന്നപൂര്‍ണ്ണയായി പ്രത്യക്ഷപ്പെട്ട് ആ കപാലത്തില്‍ അന്നവും സ്വര്‍ണ്ണവും ചൊരിഞ്ഞ് മഹാദേവനെ ബ്രഹ്‌മഹത്യാപാപത്തില്‍ നിന്നും മുക്തനാക്കി. പിന്നീട് ഗംഗയില്‍ കൈമുക്കുവാന്‍ പറഞ്ഞു. ഗംഗാജലത്തില്‍ കൈതാഴ്ത്തിയതോടെ കപാലം മഹാദേവന്റെ കൈകളില്‍ നിന്നും വിട്ടുപോയി. ഇതാണ് കാലഭൈരവന്റേയും കപാലേശ്വരന്റേയും അന്നപൂര്‍ണ്ണേശ്വരിയുടെയും ഐതിഹ്യം. ആ കാലഭൈരവന്‍ സദാ കാവലാളായും അന്നപൂര്‍ണ്ണാദേവി സദാ ഐശ്വര്യം ചൊരിഞ്ഞുകൊണ്ടും കാശിയില്‍ കുടികൊള്ളുന്നു എന്നാണ് സങ്കല്പം.
കാലഭൈരവ, അന്നപൂര്‍ണ്ണ ക്ഷേത്രങ്ങളില്‍ നിന്നും കുറച്ചകലെയായി കാശി വിശാലാക്ഷി ക്ഷേത്രം; പ്രസിദ്ധമായ മൂന്ന് ദേവീക്ഷേത്രങ്ങളില്‍ ഒന്ന് – മധുരമീനാക്ഷി, കാഞ്ചികാമാക്ഷി, കാശിവിശാലാക്ഷി ഇവയാണ് അവ. കാശിയുടെ രാത്രികാവലാളായ ഖരാഹിയുടെ ക്ഷേത്രം, ദുര്‍ഗ്ഗാക്ഷേത്രം തുടങ്ങി അനേകം ക്ഷേത്രങ്ങള്‍. ഗംഗാനദിയുടെ പടിഞ്ഞാറെ തീരം മുഴുവനും അനേകം ഘാട്ടുകളാണ് (കല്പടവുകള്‍). പല രാജാക്കന്മാരുടെയും മറ്റും കാലത്ത് അവര്‍ പണി കഴിപ്പിച്ചിട്ടുള്ളവയാണ് അവയെല്ലാം. കല്‍പ്പടവുകളുടെ മുകള്‍ഭാഗത്തായി അവരുടെ കുടുംബാംഗങ്ങള്‍ കാശി ദര്‍ശനത്തിനു വരുമ്പോള്‍ താമസിക്കുവാനും ഗംഗാസ്‌നാനം ചെയ്യുവാനും മറ്റുമുള്ള സൗകര്യങ്ങള്‍ക്കായി മുറികളും പണിതിരിക്കുന്നു. ഏതാണ്ട് 200 ലേറെ ചെറുതും വലുതുമായ ഘാട്ടുകളുണ്ട് ഇവിടെ. ദശാശ്വമേധഘാട്ട്, ശ്മശാനഭൂമിയായ മണികര്‍ണികാഘാട്ട്, ഹരിശ്ചന്ദ്രഘാട്ട്, അസിഘാട്ട്, കേദാര്‍ഘാട്ട്, തുളസിഘാട്ട്, പഞ്ചഗംഗാഘാട്ട്, പിതൃപൂജ നടത്തുന്ന ശിഖാലാഘാട്ട് തുടങ്ങിയവയാണ് പ്രധാനഘാട്ടുകള്‍. പഞ്ചക്രോശി പരിക്രമ പാതയിലുള്ള ക്ഷേത്രങ്ങള്‍ കൂടാതെ കാശിയില്‍ മറ്റ് അനേകം ക്ഷേത്രങ്ങളുണ്ട്. കേദാരേശ്വരക്ഷേത്രം, തിലദാണ്ഡേശ്വര ക്ഷേത്രം, ശനീശ്വര ക്ഷേത്രം, ലോലര്‍ക്കകുണ്ഡിലെ ശിവക്ഷേത്രം, ത്രയംബകേശ്വര ക്ഷേത്രം, തുളസിമാനസമന്ദിരം, സങ്കടമോചന ഹനുമാന്‍ ക്ഷേത്രം, ബിന്ദുമാധവ ക്ഷേത്രം, ലാല്‍ ഭൈരവക്ഷേത്രം, നാഗകുണ്ഡ് കാളികോബ ഗുഹാക്ഷേത്രം, വിന്ധ്യാചല പര്‍വതത്തില്‍ മഹിഷാസുരവധം നടന്ന സ്ഥലത്തുള്ള വിന്ധ്യാചല വാസിനിക്ഷേത്രം, ത്രിമൂര്‍ത്തികള്‍ ഒരുമിച്ചുചേര്‍ന്ന അഷ്ടഭുജക്ഷേത്രം ദേവിയുടെ ലക്ഷ്മി, സരസ്വതി, കാളി, പാര്‍വതി, ഭാവങ്ങളിലുള്ള ക്ഷേത്രങ്ങള്‍, രാമേശ്വരക്ഷേത്രം (വരുണാനദിക്കരയിലുള്ള രാംഗയാഘട്ടില്‍) തുടങ്ങി അനേകം ക്ഷേത്രങ്ങള്‍. പ്രധാനഘാട്ടുകളില്‍ സന്ധ്യയ്ക്ക് ഗംഗാ ആരതി പൂജ നടക്കുന്നു. ഇത് 365 ദിവസവും മുടങ്ങാതെ നടക്കുന്നു. ദശാശ്വമേധ്ഘട്ടിലും അസി ഘട്ടിലുമാണ് വിപുലമായ രീതിയില്‍ ഗംഗാആരതി നടക്കുന്നത്. അനേകം ഭക്തജനങ്ങള്‍ പടവുകളില്‍ ഇരുന്നും, അനേകം പേര്‍ ഗംഗാനദിയില്‍ ബോട്ടുകളിലും ചെറിയ വള്ളങ്ങളിലും ഇരുന്നും ഇതു ദര്‍ശിക്കുന്നു. നയനാനന്ദകരമായ ഒരു ദൃശ്യശ്രാവ്യ അനുഭൂതിയാണത്.
വിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും അധികം അകലെയല്ലാതെ സാരാനാഥ് സ്ഥിതിചെയ്യുന്നു. ബോധഗയയില്‍ വെളിപാടു നേടിയ ബുദ്ധന്‍ ആദ്യപ്രഭാഷണം നടത്തിയ സ്ഥലമാണ് സാരാനാഥ്. ആ സ്മരണയ്ക്കായി അശോക ചക്രവര്‍ത്തി വലിയ സ്തൂപങ്ങള്‍, അശോകസ്തംഭം, സന്യാസി മഠങ്ങള്‍ എന്നിവയെല്ലാം ഇവിടെ പണിതിരുന്നു. ഇന്ന് അതിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മുഗള്‍ ആക്രമണങ്ങളിലും, ഭൂചലനത്തിലും പലതും മണ്ണടിഞ്ഞുപോയി. പിന്നീട് ഉദ്ഖനനത്തിലൂടെ പുറത്തുവന്ന ശേഷിപ്പുകള്‍ പുരാവസ്തു സംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംരക്ഷിച്ചുവരുന്നു. അതിനടുത്തു തന്നെ ബുദ്ധസന്യാസിമാര്‍ നിര്‍മ്മിച്ച ഒരു ബുദ്ധക്ഷേത്രവുമുണ്ട് (മഹാബോധി ക്ഷേത്രം). അവിടെ ഇപ്പോഴും ആരാധന നടക്കുന്നുണ്ട്. കുറച്ചകലെയായി ഒരു ജൈന ക്ഷേത്രവുമുണ്ട്. അതുപോലെ റാണി ലക്ഷ്മിബായിയുടെ ജന്മസ്ഥലവും കാശിയിലാണ്. അവിടെ ഒരു സ്മാരകവും പൂന്തോട്ടവും ഉണ്ട്. അതുപോലെ സന്ദര്‍ശിക്കേണ്ട ഒരു സ്ഥലമാണ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ക്യാമ്പസ്. അതിവിശാലമായ സുന്ദരമായ ഒരു ക്യാമ്പസ്. ഇവയൊക്കെയാണ് കാശിയിലും ചുറ്റിലുമുള്ള കാഴ്ചകള്‍. കാശി നഗരിയുടെ ഒരു ചെറു വിവരണം മാത്രമാണിത്. ആധുനിക നഗരമായ വാരണാസിയുടെ വിശേഷങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാശിയെക്കുറിച്ചുള്ള ഒരു അവലോകനം മാത്രമാണിത്. എന്താണ് കാശി എന്നതിനെക്കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാക്കാന്‍ ഈ വിവരണം ഉപകരിക്കും എന്നു കരുതുന്നു.
കാശിയാത്ര
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘മോക്ഷ’ എന്ന ഒരു തീര്‍ത്ഥാടക ഗ്രൂപ്പിനോടൊപ്പമാണ് ഞങ്ങള്‍ കാശിയാത്ര നടത്തിയത്. ശ്രീമതി മോചിത എന്ന ഒരു സ്ത്രീരത്‌നമാണ് ഈ ഗ്രൂപ്പിന്റെ സാരഥിയും വഴികാട്ടിയും. ഭാരതത്തിലെ എല്ലാ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെക്കുറിച്ചും, അവയുടെ ഐതിഹ്യങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിക്കുകയും അറിവു നേടുകയും ചെയ്തവരാണ് അവര്‍. കുറച്ചുകാലം അമൃത ടിവിയില്‍ രാവിലെ ‘ഉദയാമൃതം’ എന്ന പരിപാടിയുടെ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ യാത്രകളിലും അവര്‍ യാത്രികരോടൊപ്പം സഞ്ചരിച്ച് വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും സൗകര്യങ്ങളും ചെയ്തു തരുന്നു. ഞങ്ങളുടെ യാത്രയിലും അവര്‍ ഒപ്പമുണ്ടായിരുന്നു. 2020 മാര്‍ച്ചില്‍ പ്ലാന്‍ ചെയ്തിരുന്ന യാത്രയായിരുന്നു. വിമാന ടിക്കറ്റെല്ലാം ബുക്കു ചെയ്തതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം മൂലം അന്ന് അതു റദ്ദ് ചെയ്യേണ്ടിവന്നു. പിന്നീട് 2022 മാര്‍ച്ച് അവസാനമാണ് അതിന് അവസരമുണ്ടായത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള യാത്രയായതുകൊണ്ട് ഞങ്ങളുടെ സംഘത്തില്‍ 80 പേര്‍ ഉണ്ടായിരുന്നു. വാരണാസിക്കും തിരിച്ചും വിമാനത്തിലായിരുന്നു (ഇന്‍ഡിഗോ എയര്‍ലൈന്‍സ്) യാത്ര. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും 42 പേരും, തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 32 പേരും ഹൈദരാബാദ്, കോയമ്പത്തൂര്‍, ചെന്നൈ എയര്‍പോര്‍ട്ടുകളില്‍ നിന്ന് 6 പേരും ഉണ്ടായിരുന്നു. എല്ലാവരും ന്യൂദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചു സന്ധിച്ചു.
ഞങ്ങള്‍ കൊച്ചിയില്‍ നിന്നും 2022 മാര്‍ച്ച് 27-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പുറപ്പെട്ട് 12 മണിയായപ്പോള്‍ ദല്‍ഹിയിലെത്തി. തിരുവനന്തപുരത്തുകാര്‍ അതിനുമുമ്പേ അവിടെ എത്തിയിരുന്നു. വൈകാതെ മറ്റുള്ളവരും എത്തി. അവിടെ നിന്നും എല്ലാവരും ഒറ്റ വിമാനത്തില്‍ 3.30ന് വാരണാസിയിലേക്കു പുറപ്പെട്ടു. 5 മണി ആയപ്പോള്‍ വാരണാസി ലാല്‍ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തിലെത്തി. എല്ലാവരും ഞങ്ങളുടെ ലീഡറും വഴികാട്ടിയുമായ മോചിതജിയുടെ നിര്‍ദ്ദേശപ്രകാരം ആദരവോടെ പ്രാര്‍ത്ഥനയോടെ, കാശിയിലെ മണ്ണിനെ സ്പര്‍ശിച്ചു, തൊട്ടുതൊഴുതു. എയര്‍പോര്‍ട്ടിന് വെളിയിലെത്തി. അവിടെ ഞങ്ങള്‍ക്കായി അഞ്ച് ടെമ്പോ ട്രാവലറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. അവയില്‍ കയറി ഞങ്ങള്‍ക്കായി ബുക്കു ചെയ്തിരുന്ന ഹോട്ടലിലേക്ക് യാത്രയായി. ഗംഗാനദിയോടു ചേര്‍ന്നുള്ള അസിഘാട്ടിനടുത്തു തന്നെയുള്ള അടുത്തടുത്ത രണ്ടു ഹോട്ടലുകളിലായിരുന്നു താമസം ഏര്‍പ്പാടാക്കിയിരുന്നത്. ഹോട്ടല്‍ ബനാറസ് ഹവേലി ഇന്നും ഹോട്ടല്‍ ടെമ്പിള്‍ ഓണ്‍ ഗംഗാസും. എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്ക് 30 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു. ഭയങ്കര തിരക്കും ട്രാഫിക് ജാമും കാരണം രാത്രി 8 മണിയോടെയാണ് ഞങ്ങള്‍ ഹോട്ടലില്‍ എത്തിയത്. ഒരു കുടുംബത്തിന് ഒരു മുറി എന്ന രീതിയില്‍ ത്രീസ്റ്റാര്‍ സൗകര്യങ്ങളുള്ള മുറികളായിരുന്നു. മുറിയിലെത്തി കുളിച്ചു ഫ്രഷ് ആയപ്പോഴേക്കും അത്താഴം എത്തി. കഞ്ഞിയും പയറും ചപ്പാത്തിയും കുറുമയും സലാഡും എല്ലാം ഉണ്ടായിരുന്നു. മലയാളികളായ പാചകക്കാര്‍ ഞങ്ങള്‍ക്കുവേണ്ടി കേരളീയമായ ഭക്ഷണമാണ് എല്ലാ ദിവസവും ഒരുക്കിയിരുന്നത്. പുറത്തു നിന്നും യാതൊന്നും കഴിക്കേണ്ടി വന്നില്ല. ദിവസവും രാവിലെ പുറപ്പെടുമ്പോള്‍ ഫ്‌ളാസ്‌ക്കില്‍ ചുക്കുകാപ്പിയും നല്‍കിയിരുന്നു.
വിധിപ്രകാരം ആദ്യം പഞ്ചക്രോശിയാത്രയാണു നടത്തേണ്ടത്. പിറ്റേന്ന് വിശ്വനാഥദര്‍ശനം. അങ്ങനെയാണു പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ വിശ്വനാഥ മംഗള ആരതി ദര്‍ശനത്തിനുള്ള ടിക്കറ്റ് ലഭിച്ചത് കാശിദര്‍ശനത്തിന്റെ ആദ്യദിവസത്തേക്കാണ്. എല്ലാം ഭഗവദ് നിശ്ചയം. അതുകൊണ്ട് ആദ്യ ദിവസം തന്നെ വിശ്വനാഥ ദര്‍ശനത്തിനു തയ്യാറെടുത്തു. രാവിലെ 3.30നാണ് വിശ്വനാഥ ക്ഷേത്രത്തിലെ ആദ്യ മംഗള ആരതി. അതിനായി 2022 മാര്‍ച്ച് 28ന് തിങ്കളാഴ്ച അതിരാവിലെ 2 മണിക്കു മുന്നെ കുളിച്ചു തയ്യാറായി വാഹനങ്ങളില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനു മുന്നിലുള്ള റോഡില്‍ എത്തി. അപ്പോള്‍ തന്നെ റോഡുമുതല്‍ ക്യൂവായിരുന്നു. ടിക്കറ്റിന്റെ ഊഴമനുസരിച്ച് ക്യൂവില്‍ സ്ഥാനം പിടിച്ചു. ജനം വീണ്ടും ഒഴുകി വന്നുകൊണ്ടേയിരുന്നു. ബുക്കു ചെയ്യാത്തവര്‍ വളരെ പിന്നിലായിപ്പോകും. മൂന്നു മണി ആയപ്പോള്‍ ക്യൂ ചലിച്ചു തുടങ്ങി. മെയിന്‍ റോഡില്‍ നിന്നും ഇടറോഡിലേയ്ക്കും അവിടെ നിന്നും പടിഞ്ഞാറെ ഗോപുരത്തിലേക്കും എത്തി. അവിടെ സുരക്ഷാ പരിശോധനക്കാര്‍ ഉണ്ട്. ചെരുപ്പ്, മൊബൈല്‍ഫോണ്‍, ക്യാമറ, ബാഗ് ഒന്നും അനുവദിക്കില്ല. പുറത്തു നിന്നും ഒരു വരിയായിട്ടാണ് വന്നതെങ്കിലും അകത്തു കടന്നതിനുശേഷം അതു പല വരികളായി എല്ലാ വരികളും വിശ്വനാഥ സന്നിധിയിലേക്കു നീങ്ങാന്‍ തുടങ്ങിയതോടെ ഭയങ്കരതിരക്കായി. തിരക്കുകുറവുള്ളപ്പോള്‍ ഗര്‍ഭഗൃഹത്തിനകത്തു പ്രവേശിച്ച്, തറനിരപ്പില്‍ നിന്നും താഴെയായി ചതുരാകൃതിയിലുള്ള ഒരു കുഴിയില്‍ എന്നവണ്ണം ഇരിക്കുന്ന ജ്യോതിര്‍ലിംഗത്തില്‍ അഭിഷേകം നടത്തുവാനും പുഷ്പങ്ങള്‍ അര്‍പ്പിക്കുവാനും തൊട്ടുതൊഴാനും അവസരം ലഭിക്കും. അതിനായി അഭിഷേകത്തിനുള്ള പാലും മറ്റുമായിട്ടാണ് പലരും ക്യൂവില്‍ നില്‍ക്കുന്നത്. ക്യൂവില്‍ ആദ്യം നിന്ന കുറച്ചുപേര്‍ക്കു മാത്രമേ അതിന് അവസരം ലഭിച്ചുള്ളൂ. തിരക്കു ക്രമാതീതമായപ്പോള്‍ ഗര്‍ഭഗൃഹത്തിലേക്കുള്ള പ്രവേശനം കമ്പി അഴികള്‍ വച്ചു നിരോധിച്ചു. ശബരിമലദര്‍ശനംപോലെ ശ്രീകോവിലിനു മുന്നിലൂടെ തൊഴുതു നീങ്ങാം. അതിനായി ഭക്തജനങ്ങള്‍ ശ്രീകോവിലിനു മുന്നിലുള്ള വലിയ സ്വര്‍ണ്ണതാഴികക്കുടത്തിനു കീഴില്‍ പല ക്യൂവായി നിന്നു. അങ്ങനെ കാത്തുനില്‍ക്കുന്ന സമയത്തായിരുന്നു മംഗള ആരതി. അതുകൊണ്ട് മംഗള ആരതി ദര്‍ശിക്കുവാനും ആ ദീപം തൊട്ടുതൊഴാനും ഭാഗ്യം ലഭിച്ചു. അപ്പോഴും അനേകം പേര്‍ ഗോപുരവാതിലിനു പുറത്തും ഇടവഴിയിലും മെയിന്‍ റോഡിലുമെല്ലാം ക്യൂവിലാണെന്നോര്‍ക്കണം. അത് അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കും. അടുത്ത മംഗള ആരതി രാവിലെ 11.30നാണ്. ഞങ്ങള്‍ നിന്ന ക്യൂ ഗര്‍ഭഗൃഹത്തിനുതൊട്ടു മുന്നിലെത്തിയപ്പോഴേയ്ക്കും ഏതാണ്ട് 6 മണിയായി. അകത്ത് കയറാനായില്ലെങ്കിലും അടുത്തു നിന്ന് ജ്യോതിര്‍ലിംഗം ദര്‍ശിക്കാന്‍ സാധിച്ചു. ജ്യോതിര്‍ലിംഗത്തിന്റെ പീഠം സ്വര്‍ണ്ണവും മുകളിലേക്ക് കൃഷ്ണ ശിലയുമാണ്. അതില്‍ സദാ അഭിഷേകം തുടര്‍ന്നുകൊണ്ടേയിരിക്കും. മുകളില്‍ തൂക്കിയിട്ടിരിക്കുന്ന ചെമ്പുകുടത്തില്‍ നിന്നും ധാരയും തുടര്‍ന്നുകൊണ്ടേയിരിക്കും. ഉച്ചയോടെ തിരക്കല്പം കുറയും. ആ സമയത്ത് വരുന്നവര്‍ക്ക് ഗര്‍ഭഗൃഹത്തിനകത്ത് പ്രവേശിക്കാനാകും. എങ്കിലും അതിനും നീണ്ട ക്യൂവായിരിക്കും. തിക്കും തിരക്കും ഉണ്ടാകില്ല എന്നുമാത്രം. ഞങ്ങള്‍ക്ക് മറ്റ് പല സ്ഥലങ്ങളും സന്ദര്‍ശിക്കേണ്ടതുള്ളതിനാലാണ് അതിരാവിലെയുള്ള ആരതിയ്ക്ക് എത്തിയത്.
ക്ഷേത്ര സമുച്ചയത്തില്‍ അടുത്തടുത്തായി മൂന്നു ഗോപുരങ്ങളാണ് ഉള്ളത്. മുഖ്യമായത് കാശിവിശ്വനാഥന്‍ തന്നെ. അതിന്റെ മുകള്‍ വശം സ്വര്‍ണ്ണം പൂശിയതാണ്. വിശ്വനാഥനു പിന്നിലായി കുറച്ചിടവിട്ട് രണ്ടു ഗോപുരങ്ങള്‍. ഒന്നില്‍ താരകാനാഥനായ മഹാദേവന്‍. പിതൃക്കളുടെ നാഥന്‍. അവിടെ അത്രയ്ക്ക് തിരക്ക് അനുഭവപ്പെട്ടില്ല. വേണമെന്നുണ്ടെങ്കില്‍ പിതൃക്കളുടെ പേരില്‍ വഴിപാടുകള്‍ നടത്താം. അതിനും പിന്നിലായി ഉള്ള ഗോപുരത്തിനു കീഴില്‍ ആദിവിശ്വനാഥന്‍ അവിടെയും പൂജാരിമാര്‍ ഹോമങ്ങളും അര്‍ച്ചനകളും നടത്തിക്കൊണ്ടിരിക്കുന്നു. വേണമെന്നുണ്ടെങ്കില്‍ നമുക്കും ദക്ഷിണ നല്‍കി പൂജകള്‍ നടത്തിക്കാം. ഞങ്ങള്‍ രണ്ടിടത്തും ദര്‍ശനം നടത്തി തൊഴുതുനീങ്ങി. ഈ മൂന്നു ഗോപുര സമുച്ചയത്തിനു ചുറ്റും വിശാലമായ ക്ഷേത്രമുറ്റമാണ്. അതിനു ചുറ്റിലുമായി ഉയരത്തിലുള്ള മതിലിനോടു ചേര്‍ന്ന് ചുറ്റമ്പലം പോലെയുള്ള ഭാഗത്ത് അനേകം പ്രതിഷ്ഠകളുണ്ട്. പ്രധാന പ്രതിഷ്ഠകള്‍. (1) സാക്ഷിവിനായകന്‍ ദര്‍ശിച്ചാല്‍ നമ്മുടെ കാശിയാത്രയില്‍ മുഴുവനും വിനായകന്‍ സാക്ഷിയായി കൂടെയുണ്ടാകുമെന്നു വിശ്വാസം. (2) സ്വര്‍ണ്ണമായി അന്നപൂര്‍ണ്ണ – അന്നപൂര്‍ണ്ണാ ദേവിയുടെ സുവര്‍ണ്ണ വിഗ്രഹമാണ്. ഇത് അടുത്തിടെ കാശിയില്‍ നടന്ന പുനരുദ്ധാരണ സമയത്ത് പ്രധാനമന്ത്രിയുടെ നയതന്ത്ര ഇടപെടല്‍ വഴി വിദേശത്തുനിന്നും വീണ്ടെടുത്തു കൊണ്ടു വന്നു പ്രതിഷ്ഠിച്ചതാണെന്നു പറയുന്നു (3) ശ്രീ ഹനുമാന്‍ അതുപോലെ പല ദേവപ്രതിഷ്ഠകളും ചുറ്റിലുമായി ഉണ്ട്. കൂടാതെ ജ്ഞാനവാപി എന്നറിയപ്പെടുന്ന പുരാതനമായ ക്ഷേത്രക്കിണര്‍. മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബ് തകര്‍ത്തു കളഞ്ഞു. പുരാതന വിശ്വനാഥക്ഷേത്രത്തിന്റെ ക്ഷേത്രക്കിണറായിരുന്നു അത്. ഔറംഗസീബ് ക്ഷേത്രം ആക്രമിച്ചു തകര്‍ത്തപ്പോള്‍ അന്നത്തെ ക്ഷേത്രപൂജാരി ഗര്‍ഭഗൃഹത്തില്‍ അന്നുണ്ടായിരുന്ന സ്വയംഭൂവായ ജ്യോതിര്‍ലിംഗം നശിപ്പിക്കപ്പെടാതിരിക്കാന്‍ അതു പിഴുതെടുത്ത് ഈ കിണറില്‍ നിക്ഷേപിച്ചു എന്നു ചരിത്രം. ആ ജ്യോതിര്‍ലിംഗം ഇപ്പോഴും ആ കിണറിനടിയില്‍ കിടക്കുന്നുണ്ട്. പഴയ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം (ശ്രീകോവില്‍) ഇടിച്ചു നിരത്തി അതിന്റെ മുകളിലാണ് ഔറംഗസീബ് മസ്ജിദിന്റെ താഴികക്കുടങ്ങള്‍ പണിതത്. ജ്ഞാനവാപി എന്ന ഈ കിണറിന്റെ പേരു ചേര്‍ത്ത് ജ്ഞാനവാപി മോസ്‌ക്/മസ്ജിദ് എന്നാണ് അത് ഇന്നും അറിയപ്പെടുന്നത്. അടുത്ത കാലം വരെ ഈ കിണര്‍ മസ്ജിദിന്റെ ഭാഗമാക്കി വച്ചിരുന്നു. ഇപ്പോള്‍ പുനരുദ്ധാരണം നടന്ന സമയത്ത് ആ ഭാഗം വീണ്ടെടുത്ത് ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലാക്കി സംരക്ഷിച്ചിരിക്കുന്നു. കിണറിനു ചുറ്റുമതിലും പണിത് സംരക്ഷിച്ചിട്ടുണ്ട്. അവിടെയും നിത്യപൂജയുണ്ട്. അതിനപ്പുറത്തായി തകര്‍ക്കപ്പെട്ട പഴയ ക്ഷേത്രത്തിന്റെ ശ്രീകോവിലേക്കു നോക്കി കിടക്കുന്ന നിലയില്‍ പുരാതനമായ നന്ദി വിഗ്രഹം. ജ്ഞാനവാപി കൂപത്തിനു ചേര്‍ന്നുള്ള ഉയരമുള്ള ചുറ്റുമതിലിനപ്പുറം തൊട്ടടുത്ത് മസ്ജിദാണ്. ക്ഷേത്ര കോമ്പൗണ്ടില്‍ നിന്നു നോക്കുമ്പോള്‍ മസ്ജിദിന്റെ താഴികക്കുടം കാണാം. ക്ഷേത്ര മതില്‍ക്കകത്ത് നിന്നിരുന്ന പഴയ ആല്‍മരവും നിലനിര്‍ത്തിയിരിക്കുന്നു.
വിശ്വനാഥ ദര്‍ശനം പൂര്‍ത്തിയാക്കി പടിഞ്ഞാറേ ഗോപുരത്തിലൂടെത്തന്നെ മതില്‍ക്കെട്ടിനു പുറത്തുകടന്നു. അവിടെ നിന്നു നോക്കിയാല്‍ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ട ഭാഗങ്ങള്‍ കാണാം. സുന്ദരമായ ശില്പവേലകളാല്‍ സമൃദ്ധമായ ഭാഗങ്ങള്‍. അതിന്റെ ഗര്‍ഭഗൃഹം ഇരുണ്ടഭാഗമാണ്. ഇന്നു മസ്ജിദ് അവശിഷ്ട ഭാഗങ്ങള്‍ കമ്പി വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്. അങ്ങോട്ട് പ്രവേശനമില്ല. തൊട്ടടുത്തായി പുരാതനമായ ദുണ്ഡി ഗണപതിക്ഷേത്രം. അതിനുപുറത്തായി മഹാദേവനുപോലും ശാപമോക്ഷം നല്‍കിയ അന്നപൂര്‍ണ്ണേശ്വരിദേവിയുടെ പുരാതനമായ വലിയ ക്ഷേത്രം. കാശിയുടെ കാവലാളായ കാലഭൈരവ ക്ഷേത്രം. കുറച്ചകലെയായി കാശിവിശാലാക്ഷി ക്ഷേത്രം. ദുര്‍ഗ്ഗാക്ഷേത്രം. ഇവയെല്ലാം ദര്‍ശിച്ചതിനുശേഷം വാഹനങ്ങളില്‍ കയറി ഹോട്ടലില്‍ എത്തി. അവിടെ പ്രധാന ഭക്ഷണം തയ്യാറായിരുന്നു. അതിനുശേഷം എല്ലാവരും അവരവരുടെ മുറികളില്‍ പോയി വിശ്രമിച്ചു. കഴിഞ്ഞ രാത്രി ആര്‍ക്കും കാര്യമായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലല്ലോ. കൂടാതെ യാത്രാക്ഷീണവും ഉച്ചയ്ക്ക് 1 മണിക്ക് ഉച്ചഭക്ഷണം എത്തി അതു കഴിഞ്ഞ് 3 മണിവരെ വീണ്ടും വിശ്രമം.
(തുടരും)