മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍ കോള്‍ വന്നാല്‍ തട്ടം മറന്നുപോകുന്ന നേതാക്കള്‍ സുന്നികള്‍ക്കിടയില്‍ ഉണ്ടത്രേ. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ഇതുപറഞ്ഞപ്പോള്‍, പണ്ട് തലയില്‍ പൂട തപ്പിയ കള്ളനെപ്പോലെ സമസ്ത നേതാവ് ജിഫ്രിമുത്തുകോയ തങ്ങളും കാന്തപുരം സുന്നി ഉസ്താദ് അബൂബക്കര്‍ മുസ്ല്യാരും സ്വന്തം തലയിലെ തൊപ്പി തപ്പുകയാണ്. സലാം ഉദ്ദേശിച്ചത് തങ്ങളെ തന്നെയാണെന്നു എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുള്‍സമദ് പൂക്കോട്ടൂര്‍ ഏറ്റുപിടിച്ചിരിക്കയാണ്. തട്ടം കൈവിട്ട് സാഷ്ടാംഗം പറഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവ് കൈകഴുകി. എന്നാല്‍ ഇപ്പോള്‍ തട്ടം സമസ്തക്കാരുടെയും ലീഗുകാരുടെയും തലയ്ക്കുമുകളില്‍ പട്ടംപോലെ പറന്നു കളിക്കുകയാണ്. തട്ട വിവാദം പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം അഡ്വ. അനില്‍കുമാര്‍ ഇളക്കിവിട്ടപ്പോള്‍ മുസ്ലിംസംഘടനകള്‍ ഏറ്റുപിടിച്ചു. എന്നാല്‍ സമസ്ത നേതൃത്വം വായ തുറന്നില്ല. അതാണ് സലാമിനെ പ്രകോപിച്ചത്. മട്ടാഞ്ചേരി സമസ്ത ജില്ല സമ്മേളനത്തില്‍ പങ്കെടുത്ത ജിഫ്രി തങ്ങള്‍ പറഞ്ഞത് ഭരിക്കുന്ന സര്‍ക്കാരുമായി സൗഹൃദ സമീപനമാണ് സമസ്ത സ്വീകരിക്കുന്നതെന്നാണ്. അതാണ് വായ തുറക്കാത്തതിന്റെ കാരണം. മുഖ്യമന്ത്രി വിജയന്‍ സഖാവ് സമസ്തയുടെ ജിഫ്രിതങ്ങളേയും കാന്തപുരം വിഭാഗം തലവന്‍ അബൂബക്കര്‍ മുസ്ല്യാരെയും സ്വന്തം കീശയിലാക്കിയിരിക്കുകയാണ് അതിനാല്‍ രണ്ടുകൂട്ടരും വായ മൂടിയിരിപ്പാണ്.
ഇതായിരുന്നില്ല ഹിജാബ് വിവാദത്തിലെ സ്ഥിതി. ഇതേ നേതാക്കള്‍ തന്നെയാണ് ഹിജാബിന്റെ പേരില്‍ ഹാലിളകിയത്. അവിടെ ബിജെപിയായതിനാല്‍ ഹാലിളകാം. അണികളെ ഇളക്കിവിടാം. ഇവിടെ സി.പി.എം. ആയപ്പോള്‍ ചിത്രം അപ്പടിമാറി. തട്ടത്തില്‍ പിടിച്ചു കളിച്ചിട്ടും മതനേതാക്കള്‍ക്ക് പൊള്ളിയില്ല. സമസ്തയിലെയും കാന്തപുരം ഗ്രൂപ്പിലേയും വിമതര്‍ ലീഗു നേതൃത്വത്തോടൊപ്പം ചേര്‍ന്ന് തട്ടം വിവാദം ഊതിവീര്‍പ്പിക്കുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തുകയാണ് സമസ്തയുടെ നേതാക്കള്‍.