Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കുമാരനാശാന്‍ ആര്‍ഷജ്ഞാനത്തിന്റെ അഗാധസമുദ്രം

രാമചന്ദ്രന്‍

Print Edition: 13 October 2023

ശങ്കരാചാര്യരുടെ ‘സൗന്ദര്യലഹരി’ പരിഭാഷപ്പെടുത്തിക്കൊണ്ടാണ് 1901 ല്‍ കുമാരനാശാന്‍ കവിതയിലേക്ക് പ്രവേശിക്കുന്നത്. 1907 ല്‍ ‘വീണപൂവ്’ എഴുതുന്നതുവരെ അദ്ദേഹം സ്തോത്ര കൃതികളാണ് രചിച്ചിരുന്നത്.

നിജാനന്ദവിലാസം, നിജാനന്ദാനുഭൂതി, ഭക്തവിലാപം, സുബ്രഹ്‌മണ്യശതകം, ശിവസ്‌തോത്രമാല, ശാങ്കരശതകം, ശിവസുരഭി, ആനന്ദലഹരി, ദേവ്യപരാധക്ഷമാപണസ്‌തോത്രം, അനുഗ്രഹപരമദശകം, കാമിനീഗര്‍ഹണം, വിഭൂതി, പരമപഞ്ചകം എന്നീ സ്‌തോത്രങ്ങള്‍ എഴുതി, അവയുടെ തുടര്‍ച്ചയായി ആശാന്‍ ‘വീണപൂവി’ലെത്തി. ‘വീണപൂവി’ല്‍ ആശാന്‍ എഴുതി:

”അല്ലെങ്കിലാദ്യൂതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വര്‍ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസപ്പരമാം പദത്തില്‍.”

ഇത് ആശാന്‍ എഴുതിയത് ഭാരതീയതയെ കണ്ടെത്തിയതു കൊണ്ടാണ്. അതില്‍ ആശാന്‍ ഇത്ര കൂടി എഴുതി:

”ഹാ ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വെയ്ക്കുക പിന്നെ
യീശാജ്ഞപോലെവരുമൊക്കെയുമോര്‍ക്ക പൂവേ.”

പില്‍ക്കാലത്ത് ആശാനില്‍ കണ്ട ബുദ്ധമത ധാരയും ഭാരതീയം തന്നെ. എന്നാല്‍, ഈഴവര്‍ ബുദ്ധമതത്തില്‍ ചേരണമെന്ന ‘മിതവാദി’ പത്രാധിപര്‍ സി.കൃഷ്ണനെപ്പോലുള്ളവരുടെ വാദങ്ങള്‍ക്ക് മറുപടി ആയാണ് ആശാന്‍ ‘മതപരിവര്‍ത്തന രസവാദം’ എഴുതിയത്. ഈഴവര്‍ ഹിന്ദുമതത്തില്‍ ഉറച്ചു നില്‍ക്കണം എന്ന വിശ്വാസത്തില്‍ ആശാന്‍ എത്തിയത്, അഗാധമായ ആര്‍ഷജ്ഞാനം നിമിത്തമാണ്. അതിനാല്‍, ഭാരതീയതയ്ക്ക് മേല്‍ കത്തിവയ്ക്കുന്ന ഏത് മതവിശ്വാസത്തിനും അദ്ദേഹം എതിരായിരുന്നു.

മാത്രമല്ല, തന്റെ ലക്ഷ്യം ഹിന്ദുമതത്തിനുള്ളിലെ പരിഷ്‌കരണം മാത്രമാണെന്ന് അദ്ദേഹം ആ പ്രബന്ധത്തില്‍ വ്യക്തമാക്കി: ‘ദുരവസ്ഥയിലോ ചണ്ഡാല ഭിക്ഷുകിയിലോ എന്നല്ല എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപലംഭിച്ചു ഞാന്‍ ചെയ്യുന്ന നിര്‍ദേശങ്ങളെല്ലാം മതപരിഷ്‌കരണത്തെ മാത്രം ഉദ്ദേശിച്ചു കൊണ്ടാണെന്നും പരിവര്‍ത്തനത്തെ മുന്‍നിര്‍ത്തിയല്ലെന്നും നിഷ്‌കര്‍ഷിച്ചു വായിച്ചു നോക്കുന്ന ആര്‍ക്കും അറിയാമെന്നാണ് എന്റെ ധാരണ.’

ആശാന്‍ ‘സൗന്ദര്യലഹരി’ പരിഭാഷ ചെയ്തത് 1901 ലാണെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. 1902 ല്‍ കുറേശ്ശേയായി ഇത് ‘വിദ്യാവിലാസിനി’യില്‍ പ്രസിദ്ധീകരിച്ചെങ്കിലും, മാസിക നിന്നു. ആശാന്‍ കേരളം വിട്ടു, അതിനാല്‍, പുസ്തകമാക്കാന്‍ വൈകി.

മൂലത്തിലെ ഗഹനത വേണ്ടത്ര പരിഭാഷയിലുണ്ട്. എന്നാല്‍, ചില ശ്ലോകങ്ങള്‍ക്ക,് കേള്‍ക്കുമ്പോള്‍ വേണ്ടത്ര അര്‍ത്ഥബോധം ഉണ്ടാകുന്നില്ലെങ്കില്‍, അതിന് കാരണം മൂലം തന്നെ എന്ന് ആത്മവിശ്വാസത്തോടെ ആശാന്‍ എഴുതുന്നു. ദക്ഷിണം അവലംബിക്കുന്ന കേരള കൗളന്മാര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഇത് ഉപകാരപ്പെടുമെന്ന് ആശാന്‍ പ്രത്യാശിക്കുന്നു.

സ്വഭാഷയില്‍ പുസ്തകം എഴുതാന്‍ വാസനയും ശക്തിയുമുള്ള ഒരാള്‍ക്ക് ഇതര ഭാഷകളിലെ നല്ല പുസ്തകങ്ങള്‍ പരിഭാഷ ചെയ്യണമെന്ന് തോന്നുക സ്വാഭാവികം. അത് തന്നെയാണ് സംഭവിച്ചതെന്ന് ആശാന്‍ പറയുന്നു.
മാന്ത്രിക, താന്ത്രിക വിഷയങ്ങള്‍ ‘സൗന്ദര്യ ലഹരി’യുടെ ആന്തരിക ഘടനയില്‍ ഉണ്ടെങ്കിലും, ശങ്കരാചാര്യരുടെ വേദാന്ത ഗ്രന്ഥങ്ങള്‍ക്ക് പോലും ഇതിനുള്ളത്ര പ്രചാരം കിട്ടിയിട്ടില്ലെന്ന് ആശാന്‍ എഴുതുന്നു. സംസ്‌കൃതം അറിയുന്ന ആര്‍ക്കും ഇതിലെ ഒരു ശ്ലോകമെങ്കിലും കാണാപ്പാഠമായിരിക്കും. നിരക്ഷരരും അപഭ്രംശമായി ഇതിലെ പദ്യങ്ങള്‍ ചൊല്ലിയെന്നു വരാം. അതിന്റെ ശീര്‍ഷകം അന്വര്‍ത്ഥമാണ്.

പരിഭാഷ പൂര്‍ത്തിയായപ്പോള്‍, ആശാന്‍ ഒരു സംസ്‌കൃത ശ്ലോകം സ്വയം എഴുതി:
വിശുദ്ധാ വാഗ്വേണീ വിഹിതസുകൃതാ ശങ്കരഗുരോര്‍
ഗഭീരാ ഗൂഢാര്‍ത്ഥൈര്‍ ഭുവി ഗഗനഗംഗേവ ജയതി
തദീയേയം ഭാഷാ മമ ഭവതു സൗന്ദര്യലഹരീ
യഥാ ദൈവീ മൂര്‍ത്തി: പരിണമതി മൃത്സ്‌നാ പ്രതികൃതി:
എന്തുകൊണ്ട്, കുമാരനാശാന്‍ പരിഭാഷയ്ക്ക് ‘സൗന്ദര്യ ലഹരി’ തന്നെ തിരഞ്ഞെടുത്തു?

സന്യാസിവര്യനായ ശങ്കരാചാര്യരുടെ കവി ഭാവന ഉത്തുംഗ പദത്തില്‍ നില്‍ക്കുന്നത്, ഈ കൃതിയിലാണ് എന്നതു തന്നെ കാരണം. ഹൈന്ദവ ആത്മീയത ഉന്നതമായി വര്‍ത്തിക്കുന്ന ആശാന്റെ മനസ്സ്, തന്നെ സ്വാധീനിച്ച രചനയിലേക്ക് മാത്രമേ തിരിയൂ.

ശങ്കരാചര്യരുടെ സ്‌തോത്ര നിബന്ധങ്ങളില്‍ ഏറ്റവും മഹത്തായതെന്ന് ഉള്ളൂര്‍ പരമേശ്വരയ്യര്‍ ഇതിനെ വിശേഷിപ്പിക്കുന്നു.(1) ഈ കൃതി പ്രചാരത്തില്‍ ശങ്കരാചാര്യരുടെ വേദാന്ത വിഷയകങ്ങളായ ഇതര കൃതികളെ അതിലംഘിക്കുന്നതായി ഇതിനെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ കുമാരനാശാനും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.(2)ശങ്കരാചാര്യര്‍ ശിഖരിണി വൃത്തത്തില്‍ എഴുതിയ കൃതിയാണ് ‘സൗന്ദര്യലഹരി’. വൃത്തം: ശിഖരിണീ. ലക്ഷണം : യതിയ്ക്കാറില്‍ തട്ടും യമനസഭലം ഗം ശിഖരിണീ.

100 ശ്ലോകങ്ങളുള്ള ഈ കൃതി, രണ്ടു ഭാഗങ്ങളാണ്. 41 ശ്ലോകങ്ങളുള്ള ആദ്യഭാഗം ആനന്ദലഹരിയെന്നും അറിയപ്പെടുന്നു. ഈ ശ്ലോകങ്ങളില്‍ പാര്‍വതി ദേവിയുടെ മഹിമയാണ് വര്‍ണ്ണിച്ചിരിക്കുന്നത്. ഈ ശ്ലോകങ്ങള്‍ സ്വതന്ത്രവും ഒന്നിനൊന്ന് ബന്ധമില്ലാത്തതുമാണ്. തുടര്‍ന്നുള്ള 59 ശ്ലോകങ്ങള്‍ ദേവിയുടെ കിരീടം മുതല്‍ പാദാഗ്രം വരെയുള്ള ഭാഗങ്ങള്‍ വര്‍ണ്ണിക്കുന്നു. ഇവിടെ വര്‍ണ്ണന, ക്രമമാണ്.

ലളിതകലയെ ഉപാസിക്കുന്നവന്‌സരസ്വതിയും സമ്പന്നന് ലക്ഷ്മിയും സങ്കല്‍പ മാത്രമായെങ്കിലും പ്രാപ്യയാണ്. എന്നാല്‍, പാര്‍വതീ ദേവി ശിവന്ഒഴികെ മറ്റാര്‍ക്കും പ്രാപ്യയാകുന്നുമില്ല എന്ന് ആചാര്യര്‍ പറയുന്നുണ്ട് (ശ്ലോകം 96). ശങ്കരാചാര്യരുടെ തന്നെ, ‘അന്നപൂര്‍ണ്ണ സ്‌തോത്ര’ത്തിന്റെ അവസാനഭാഗത്ത്,
മാതാ ച പാര്‍വതീ ദേവീ,
പിതാദേവോ മഹേശ്വരഃ
ബാന്ധവാഃ ശിവഭക്താശ്ച
സ്വദേശോ ഭുവനത്രയം
എന്നു പറയുന്നുണ്ട്.

ഈ കാഴ്ച്പ്പാട് മുന്‍നിര്‍ത്തിയാണ്, ആചാര്യര്‍ പാര്‍വതിയെ ഉത്തമ സ്ത്രീയായി കണ്ട്, മഹിമ ഉദ്‌ഘോഷിച്ചതും അംഗപ്രത്യംഗ വര്‍ണ്ണന നടത്തിയതും. മിക്ക ശ്ലോകങ്ങളിലും യമകം കാണാം.
നോക്കുക:

സകൃന്നത്വാ ന ത്വാ – നമസ്‌കരിച്ചില്ല നിന്നെ (ശ്ലോകം 15)
സഹോര്‍വശ്യാ വശ്യാ – അവന് ഉര്‍വശി പോലും വശ്യയാകും (ശ്ലോകം 18)

വിഹരതിസതി ത്വത് പതി രസൌ- അമ്മട്ടും ക്രീഡയല്ലോ ഭഗവതി സതിയാം
നിന്റെ ഭര്‍ത്താവിനോര്‍ത്താല്‍ (ശ്ലോകം 26) ‘ത’ സ്വരം ആവര്‍ത്തിക്കുന്നു.

വിനാശം കീനാശോ ഭജതി ധനദോ യാതി നിധനം- തന്മൂര്‍ത്തിത്വം കെടുന്നൂ ധനദനുമുടനേതന്നെ നാശം വരുന്നു (ശ്ലോകം 26)

സ്വതന്ത്രം തേ തന്ത്രം – സ്വതന്ത്രമായ നിന്റെ തന്ത്രം (ശ്ലോകം 31)

തവാപര്‍ണ്ണേ കര്‍ണ്ണേ – നിന്റെ, അപര്‍ണ്ണേ, കര്‍ണ്ണം (ശ്ലോകം 56)

തവ സ്തന്യം മന്യേ ധരണി ധര കന്യേ – നിന്റെ മുലപ്പാല്‍, മാനിക്കുന്നു, ഹിമവാന്റെ മകളേ (ശ്ലോകം 75)

‘സൗന്ദര്യ ലഹരി’ സാഹിത്യത്തിനു പുറമെ, സ്തുതിയും താന്ത്രിക ഗ്രന്ഥവുമാണ്. ഓരോ ശ്ലോകത്തിനും താഴെ, പ്രത്യേക യന്ത്രങ്ങളും പൂജാവിധികളും ഫലസിദ്ധിയും കൊടുത്തിട്ടുണ്ട്.

മലയാളം സംസ്‌കൃതജന്യമാണെങ്കിലും, അതിനു ചില പരിമിതികളുണ്ട്. അതുകൊണ്ടാവണം 17 അക്ഷരങ്ങളില്‍ ശങ്കരാചാര്യര്‍ എഴുതിയ ആശയം പരിഭാഷ ചെയ്യുമ്പോള്‍, കൂടുതല്‍ അക്ഷരങ്ങളുള്ള ഒരു വൃത്തത്തെ കുമാരനാശാന്‍ ആശ്രയിച്ചത്.

‘സൗന്ദര്യ ലഹരി’യിലെ എഴുപത്തിയഞ്ചാം ശ്ലോകത്തില്‍ (തവ സ്തന്യം മന്യേ ധരണിധര കന്യേ), ഒരു ദ്രാവിഡ ശിശുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പാര്‍വതി, കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിനു മുല കൊടുത്തുവെന്നും ആ കുഞ്ഞ്, ഈ ഭാഗ്യം വഴി പില്‍ക്കാലത്ത് മഹാകവിയായി മാറി എന്നും പറയുന്നുണ്ട്. ശങ്കരാചാര്യരാണ് ഈ ശിശു എന്നാണ് വിശ്വാസം. കവിയായി മാറിയ ശങ്കരന്‍, കൈലാസത്തിന്റെ ചുവരുകളില്‍ എഴുതിയിരുന്ന വരികളില്‍ ചിലത് ഒരു നോക്കിലൂടെ ഹൃദിസ്ഥമാക്കി, അവയെ ‘സൗന്ദര്യ ലഹരി’യില്‍ ചേര്‍ത്തു എന്നും വിശ്വാസമുണ്ട്.

മറ്റൊരു കഥ: പാര്‍വതീ പരമേശ്വരന്മാരെ കാണാന്‍, ശങ്കരാചാര്യര്‍ കൈലാസത്തില്‍ പോയി. ആചാര്യര്‍ക്ക് സമ്മാനമായി ശിവന്‍ ദേവിയുടെ വിവിധ ഭാവങ്ങള്‍ വര്‍ണിക്കുന്ന 100 ശ്ലോകങ്ങളുടെ കയ്യെഴുത്തു പ്രതി നല്‍കി. അതുമായി ആചാര്യര്‍ മടങ്ങുമ്പോള്‍ അത്, നന്ദികേശ്വരന്‍ തട്ടിപ്പറിച്ചു. കയ്യെഴുത്തു പ്രതി രണ്ടു കഷണമാക്കി, ഒന്ന് സ്വന്തമാക്കി, മറ്റേത് ആചാര്യര്‍ക്ക് കൊടുത്തു. നിരാശനായ ആചാര്യര്‍ ശിവന്റെ അടുത്തേക്ക് ഓടി വിവരം ഉണര്‍ത്തിച്ചു. ശിവന്‍ പുഞ്ചിരിച്ചു. കയ്യിലുള്ള 41 ശ്ലോകം ആദ്യഭാഗമാക്കി 59 ശ്ലോകങ്ങള്‍ സ്വയം എഴുതാന്‍ ഉത്തരവായി.

ഒന്നു മുതല്‍ 41 വരെ ശ്ലോകങ്ങള്‍ തന്ത്ര, യന്ത്ര, മന്ത്രങ്ങള്‍ അടങ്ങുന്നവയാണ്. ശിവശക്തി സംയോഗത്തിന്റെ അതീന്ദ്രിയ അനുഭവങ്ങളാണ്, അവ. ശിവന്‍, ശക്തിയോടൊപ്പം വര്‍ത്തിക്കുമ്പോഴേ, സൃഷ്ടികാരണകനാകൂ എന്ന് ആദ്യമേ പറയുന്നു.

ഇവ ദേവിയെ ആന്തരികമായി ആരാധിക്കുന്നവയാണ്. കുണ്ഡലിനി, ശ്രീചക്രം, മന്ത്രം എന്നിവയുടെ വിവരണമാണ്, 32, 33 ശ്ലോകങ്ങള്‍. പരമസത്യത്തെ അദ്വൈതമായി ഇവിടെ കാണുന്നു. അതേസമയം, ശിവ, ശക്തി ദ്വൈതമുണ്ട് താനും. ശക്തി ആവാഹിച്ചവനും ശക്തിയും -വ്യക്തിയും ഇച്ഛയും. അമ്മ അഥവാ ത്രിപുര സുന്ദരി എന്ന ശക്തിക്കാണ് അധീശത്വം. ശക്തിയെ വഹിക്കുന്ന ശിവന്‍ ആജ്ഞാനുവര്‍ത്തി മാത്രം. ആദ്യ ശ്ലോകം തന്നെ ഈ ആശയം വിശദീകരിക്കുന്നു. ‘ശക്തിസംയോഗത്താല്‍, ശിവന് സൃഷ്ടിക്കാനുള്ള ശക്തി; അല്ലെങ്കില്‍ അവന്‍ ചലന രഹിതന്‍.’ കുമാരനാശാന്റെ പരിഭാഷ:

‘ചൊല്ലേറും ശക്തിയോടൊത്തിഹ ശിവനഖിലം
ചെയ്യുവാന്‍ ശക്തനാകു-
ന്നല്ലെന്നാല്‍ ചെറ്റനങ്ങുന്നതിനുമറികിലാ-
ദ്ദേവനാളല്ലയല്ലോ.’

ഇരുപത്തിനാലാം ശ്ലോകത്തിലും ഈ ആശയം കടന്നു വരുന്നു : ബ്രഹ്‌മാവ് പ്രപഞ്ചം സൃഷ്ടിക്കുന്നു. വിഷ്ണു നിലനിര്‍ത്തുന്നു. രുദ്രന്‍ നശിപ്പിക്കുന്നു. മഹേശ്വരന്‍ എല്ലാം ആവാഹിച്ച് സദാശിവമായി ഇഴുകിച്ചേര്‍ക്കുന്നു. ശിവന്റെ വള്ളിപ്പടര്‍പ്പ് പോലുള്ള നെറ്റിയില്‍ നിന്ന് ആജ്ഞ കിട്ടുമ്പോള്‍, സദാശിവന്‍ സകലതിനെയും, പൂര്‍വ ചക്രത്തിലെന്ന പോലെ, ചലനാത്മകമാക്കുന്നു. കുമാരനാശാന്റെ പരിഭാഷ:

‘സ്രഷ്ടാ സൃഷ്ടിച്ചിടുന്ന ഹരിയതു പരിപാ-
ലിച്ചിടുന്നിന്ദുചൂഡന്‍
നഷ്ടം ചെയ്യുന്നു തന്നോടഖിലമഥ മറ-
യ്ക്കുന്നു ലോകം മഹേശന്‍
സൃഷ്ടിപ്പാനായ് സദാ പൂര്‍വകനുപരി ശിവന്‍
സ്വീകരിക്കുന്നതും നിന്‍-
കഷ്ടാതീതം ഭ്രമിക്കും ഭ്രുകുടിഘടനതന്‍
സംജ്ഞയാമാജ്ഞയാലേ (24)’
അമ്മയുടെ ഈ ശക്തിസ്വരൂപം, 34, 35 ശ്ലോകങ്ങളിലും കാണാം:
‘സോമര്‍ക്കദ്വന്ദ്വമാകും സ്തനയുഗളമെഴും
നീ ശിവന്‍ തന്‍ ശരീരം
ശ്രീമാനാകും നവാത്മാവതുമിഹ ഭവദാ-
ത്മാവതാം ദേവിയോര്‍ത്താല്‍
ഈമട്ടില്‍ ശേഷശേഷിത്വവുമുരുപരമാ-
നന്ദസംസൃഷ്ടസമ്പദ്-
ധാമത്വം പൂണ്ട നിങ്ങള്‍ക്കിവിടെയുഭയസാ-
മാന്യസംബന്ധമത്രേ (34)
നീയേ ചേതസ്സു നീയേപവനപദവി നീ-
യേ മരുത്തും ഹവിസ്സും
നീയാണംഭസ്സു നീയാണവനി വിവൃതയാം
നിന്നെവിട്ടന്യമില്ലാ
നീയേ നിന്നെജ്ജഗത്തായ് ജനനി പരിണമി-
പ്പിക്കുവാന്‍ ചിത്സുഖാത്മാ-
വായും തീരുന്നു പാര്‍ക്കില്‍ പരമശിവനൊടും
പേരെഴും ദാരഭാവാല്‍ (35)
അടുത്ത ശ്ലോകങ്ങള്‍ ദേവിയുടെ രൂപവര്‍ണ്ണനയാണ്.

ശങ്കരാചാര്യര്‍ ഇത് കശ്മീരില്‍ ആയിരിക്കെ എഴുതി എന്ന് കരുതപ്പെടുന്നു. സംസ്‌കൃതത്തില്‍ തന്നെ, സൗന്ദര്യലഹരിക്ക് 36 ഭാഷ്യങ്ങളുണ്ട്. ലക്ഷ്മീധരന്‍, കാമേശ്വര സൂരി (അരുണമോദിനി), കൈവല്യ ശര്‍മ്മ (സൗഭാഗ്യവര്‍ദ്ധിനി), ഡിണ്ടിമന്‍ എന്നിവരുടേത് പ്രധാനം. തമിഴില്‍ ‘അഭിരാമി പാടല്‍’ എന്ന പേരില്‍, വിരൈ കവിരാജ പണ്ഡിതര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ പരിഭാഷപ്പെടുത്തി.

ശിവതത്വം
എന്തുകൊണ്ട് ശിവന്‍? ആര്‍ഷ തത്വത്തിന്റെ മകുട ബിംബമാണ് പരമശിവന്‍. ത്രിമൂര്‍ത്തികളില്‍ സംഹാരത്തിന്റെ അഥവാ ലയനത്തിന്റെ ദൈവമാണ് ശിവന്‍. ശൈവ പാരമ്പര്യപ്രകാരം പ്രപഞ്ചം പണിയുന്നതും പരിപാലിക്കുന്നതും പരിവര്‍ത്തനം ചെയ്യുന്നതും എല്ലാം ശിവനാണ്. ശാക്തേയത്തില്‍ ഊര്‍ജ്ജവും ക്രിയാശക്തിയും ദേവിയാണ്. ശിവന്റെ ഭാര്യയായ പാര്‍വ്വതി അഥവാ ആദിശക്തി (സതി). പാര്‍വ്വതി അഥവാ ശക്തി ശിവന്റെ തുല്യ പൂരക പങ്കാളിയാണ്. സ്മാര്‍ത്ത പാരമ്പര്യത്തിലെ പഞ്ചതാനപൂജയിലുള്ള അഞ്ച് തുല്യ ദൈവങ്ങളില്‍ ഒരാളാണ് ശിവന്‍.

ശൈവ പാരമ്പര്യത്തില്‍, ദൈവത്തിന്റെ പരമോന്നത സാക്ഷാല്‍ക്കാരം രൂപമില്ലാത്തതും പരിധിയില്ലാത്തതും അതിരില്ലാത്തതും മാറ്റമില്ലാത്തതുമായ കേവല ബ്രഹ്‌മമാണ്. പ്രപഞ്ചത്തിന്റെ പ്രഥമമായ ആത്മാവാണ് ഇത്. ദയാപരമായ വിവരണങ്ങളില്‍ കൈലാസ പര്‍വതത്തില്‍ സന്യാസ ജീവിതം നയിക്കുന്ന യോഗിയായും പാര്‍വതിയും മക്കളായ ഗണേശനും കാര്‍ത്തികേയനും ഉള്ളൊരു ഗൃഹസ്ഥാശ്രമിയായും അദ്ദേഹത്തെ ചിത്രീകരിക്കുന്നു. ഭയാനകമായ വിവരണങ്ങളില്‍, പലപ്പോഴും ദുഷ്ടശക്തികളെ സംഹരിക്കുന്നവനാണ്. യോഗ, ധ്യാനം, കല എന്നിവയുടെ രക്ഷാധികാരിയാണ്.
കഴുത്തിലെ സര്‍പ്പം, അലങ്കരിച്ച ചന്ദ്രക്കല, മുടിയില്‍ നിന്ന് ഒഴുകുന്ന വിശുദ്ധ ഗംഗ, നെറ്റിയിലെ മൂന്നാമത്തെ കണ്ണ്, ത്രിശൂലം, ഡമരു എന്നിവയാണ് പ്രതിരൂപങ്ങള്‍. സാധാരണയായി ലിംഗത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തെ ആരാധിക്കുന്നത്.

മറ്റുദേവന്മാരില്‍ നിന്നു വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ശിവന്‍. കയ്യിലെപ്പോഴും ത്രിശൂലമുണ്ട്. ജടയില്‍ ചന്ദ്രക്കല. ശരീരത്തില്‍ രുദ്രാക്ഷമാലയും നാഗങ്ങളും.

നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം സവിശേഷമാണ്. തൃക്കണ്ണില്‍ നിന്നുള്ള അഗ്‌നികൊണ്ടാണ് ശിവന്‍ കാമദേവനെ ഭസ്മീകരിച്ചത്.

ശിവ ശരീരത്തില്‍ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തില്‍ നിന്ന് മോചിതരല്ല, എന്നാല്‍, ശിവം അനശ്വരമാണ് എന്നര്‍ത്ഥം.

പാലാഴി മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തെയും സംഹരിക്കാന്‍ ശക്തിയുള്ള വിഷം. കാളകൂടത്തെ ഉള്‍ക്കൊള്ളാന്‍ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി.

സ്വര്‍ഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥന്‍ എന്ന രാജര്‍ഷി, പൂര്‍വ്വ പിതാമഹന്മാരുടെ പാപം തീര്‍ക്കാന്‍ കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു, ഉപായം. ഗംഗ സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയിലേക്ക് പതിച്ചാല്‍, ആഘാതം തടുക്കാന്‍ ഭൂമിക്കാവില്ല. സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവന്‍ ജടയില്‍ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗ, ശിവന്റെ ജടയില്‍ നിന്നുദ്ഭവിച്ച് ഭാരതത്തിലൂടെ ഒഴുകി, സര്‍വ്വരുടെയും പാപത്തെ കഴുകുന്നു.

വാസുകി എന്ന നാഗത്തെ ശിവന്‍ എപ്പോഴും കഴുത്തിലണിയുന്നു.

കയ്യില്‍ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ കാണാം. ചിത്തചഞ്ചലതയില്‍ നിന്നു ശിവന്‍ മോചിതനാണ്. മനുഷ്യ മനസ്സ് ഒരു ചിന്തയില്‍ നിന്നു മറ്റൊന്നിലേക്ക് മാനിനെപോലെ ചാടിപ്പോകുന്നു. എന്നാല്‍ ശിവന്‍ നിര്‍വികാരനും നിര്‍വികല്പനുമാണ്.
ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം, രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് ത്രിശൂലം പ്രതീകവല്‍ക്കരിക്കുന്നത്.

ഇടതുകയ്യിലെ ഡമരു ശബ്ദബ്രഹ്‌മത്തെ സൂചിപ്പിക്കുന്നു. ഡമരു നാദത്തില്‍ നിന്നാണ് സംസ്‌കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസമുണ്ട്.

ശിവ വാഹനമായ വൃഷഭമാണ് നന്ദി. പശു എന്ന വാക്കിന് മൃഗം എന്നാണ് അര്‍ത്ഥം. മൃഗങ്ങളുടെയെല്ലാം പാലകന്‍ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്.

പാര്‍വതി എന്നാല്‍
ആരാണ്, പാര്‍വതി? ദശ മഹാവിദ്യകളും നവദുര്‍ഗയും എല്ലാം പാര്‍വതിയാണ്. ദശ മഹാവിദ്യകളിലെ ത്രിപുരസുന്ദരി ‘പാര്‍വതി തന്ത്രമാണ്’. മഹിഷാസുരനെയും, ചണ്ഡമുണ്ഡന്മാരെയും, രക്തബീജനെയും, ശുംഭനിശുംഭമാരെയും വധിച്ചത്, പാര്‍വതിയാണ് എന്ന് സ്‌കന്ദ കൂര്‍മ്മ പുരാണങ്ങള്‍ പറയുന്നു. ദുര്‍ഗ്ഗമാസുരനെ വധിച്ചതിനാലാണ് പാര്‍വതിക്ക് ദുര്‍ഗ്ഗാ, ശാകംഭരി, ശതാക്ഷി എന്നീ പേരുകള്‍ ലഭിച്ചത് എന്ന് ‘ദേവീ ഭാഗവതം’ പറയുന്നു. കാളിക പുരാണത്തില്‍ ശിവപത്‌നിയായ മഹാകാളിയുടെ സാത്വിക ഭാവമാണ് പാര്‍വ്വതി. ‘ദേവി ഭാഗവത’ത്തില്‍ ദേവന്മാര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ആദിപരാശക്തി ഉമാ ഹൈമവതി പാശാങ്കുശങ്ങള്‍ ധരിച്ചു വരദാഭയ മുദ്രയോടെ നില്‍ക്കുന്ന ഭുവനേശ്വരിയാണ്. ‘ദേവീഭാഗവത’ത്തിലെ മണിദ്വീപത്തില്‍ വസിക്കുന്ന ശ്രീഭവാനി, മഹേശ്വരന്റെ വാമാംഗത്തില്‍ വസിക്കുന്ന ശിവശക്തിയാണ്. ‘ലളിതാ സഹസ്രനാമ’ത്തില്‍ ഭണ്ഡാസുരനെ വധിക്കുന്ന ശിവകാമേശ്വരന്റെ അര്‍ദ്ധാംഗിനിയായ ലളിതാ ത്രിപുരസുന്ദരി, പാര്‍വതിയുടെ മൂലരൂപമാണ്. ‘ശിവപുരാണ’ത്തില്‍ ശിവനും ലോകര്‍ക്കും അന്നം വിളമ്പിയ അന്നപൂര്‍ണ്ണ, പാര്‍വതിയുടെ മാതൃരൂപമാണ്.

പാര്‍വ്വതി, ശിവന്റെ പകുതി ശരീരമാണ്. പര്‍വ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് ഭഗവതിക്ക് പാര്‍വ്വതി എന്ന പേരു വന്നത്.

ശിവന്റെ കൂടെ പാര്‍വ്വതിക്ക് ഇരുകൈകള്‍ മാത്രമാണെങ്കിലും, ദുര്‍ഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങള്‍ ഉണ്ട്. ത്രിപുരസുന്ദരിക്ക് നാലു കരങ്ങള്‍ ഉണ്ട്. ദുഷ്ടന്മാരുടെ നേര്‍ക്ക് ചണ്ഡകോപം കാണിക്കുന്നതിനാല്‍, ചണ്ഡിക. രക്തബീജാദി അസുര വധത്തിനായി സ്വീകരിച്ച കറുത്ത രൗദ്രരൂപമാണ്, മഹാകാളി. മഹാകാളന്റെ (ശിവന്‍) ശക്തിയാണ് മഹാകാളി. ആഹാരം നല്‍കുന്ന രൂപത്തില്‍ കയ്യില്‍ കോരികയുമായി നില്‍ക്കുന്ന പാര്‍വതി, അന്നപൂര്‍ണേശ്വരി. കാത്യായന മഹര്‍ഷിയുടെ മകളായി അവതരിച്ച പാര്‍വതി, കാത്യായനി.

പാര്‍വ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തില്‍ വൃഷഭം (കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തില്‍ വേതാളവും വാഹനമാണ്. ശിവനും ശക്തിയും (അര്‍ദ്ധനാരീശ്വരന്‍) ചേര്‍ന്നാണ് ബ്രഹ്‌മാവ്, മഹാവിഷ്ണു, മഹാസരസ്വതി, മഹാലക്ഷ്മി തുടങ്ങി സമസ്ത ദേവി ദേവന്മാരെയും സൃഷ്ടിച്ചത് എന്ന് ശിവ, സ്‌കന്ദ, കൂര്‍മ്മ പുരാണങ്ങളിലും ഇതര പുരാണങ്ങളിലും പറയുന്നു. അതുകൊണ്ടു ശിവനെ ആദിദേവന്‍, മഹാദേവന്‍, ദേവാദിദേവന്‍ എന്നും, പാര്‍വതിയെ പ്രകൃതി, ആദിപരാശക്തി, മൂലപ്രകൃതി എന്നുമൊക്കെ വാഴ്ത്തുന്നു.

അര്‍ദ്ധനാരീശ്വരന്‍ നിര്‍ഗുണ പരബ്രഹ്‌മമാണ്. ശിവശക്തി ഐക്യ പ്രതീകമായ ശ്രീചക്രത്തില്‍ ഭഗവതിയാണ് പ്രധാനം.

എന്താണ്, ശിവ പാര്‍വതീ പ്രതിരൂപങ്ങളുടെ അര്‍ത്ഥം? അത്, സദ്ഗുരു വിവരിച്ചിട്ടുണ്ട്.

അനന്തമായ കാത്തിരിപ്പിന്റെ പ്രതീകമാണ് നന്ദി. ക്ഷമയോടെയുള്ള കാത്തിരിപ്പ് ഭാരതീയ പാരമ്പര്യത്തില്‍, പ്രശംസനീയമായ ഗുണമാണ്. ശാന്തമായി കാത്തിരിക്കാന്‍ കഴിയുന്ന ഒരാള്‍ ധ്യാനശീലനായിരിക്കും,’നാളെ ശിവന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷനാവും’ എന്ന പ്രതീക്ഷയോടെയല്ല നന്ദി കാത്തിരിക്കുന്നത്. അദ്ദേഹം ഒന്നും തന്നെ ആശിക്കുന്നില്ല.

ക്ഷേത്രത്തിലേക്കു പ്രവേശിക്കും മുമ്പേ നമ്മുടെ മനസ്സും നന്ദിയുടേതുപോലെയാവണം. തികച്ചും ശാന്തവും ശുദ്ധവുമായ മനസ്സ്. ആഗ്രഹങ്ങള്‍ തീര്‍ത്തും ഒഴിഞ്ഞ് ശിവനില്‍ ലയിച്ച മനസ്സ്. സ്വര്‍ഗ പ്രാപ്തിയോ, സുഖാനുഭവങ്ങളോ ഒന്നും ചിന്തകളെ കലുഷമാക്കുന്നില്ല. ഭഗവാന്റെ മുമ്പില്‍ വിചാരങ്ങള്‍ വെടിഞ്ഞ് കാത്തിരിക്കാനുള്ള അവസരമാണ്.

ധ്യാനം കര്‍മ്മമല്ല, ഗുണമാണ്. പ്രാര്‍ത്ഥനയിലൂടെ നാം ഈശ്വരനുമായി സംസാരിക്കുന്നു. ധ്യാനത്തില്‍ നാം ശ്രമിക്കുന്നത് ഭഗവാന് പറയാനുള്ളത് കേള്‍ക്കാനാണ്. പതുക്കെ ശ്രദ്ധ പ്രപഞ്ചമെന്ന മഹാ സൃഷ്ടിയിലേക്കു തിരിയുന്നു, അവിടെനിന്ന് ഈ സൃഷ്ടിക്ക് പിന്നിലെ ചൈതന്യത്തിലേക്ക് മനസ്സ് ചെന്നെത്തുന്നു. അവിടെ നമുക്കൊന്നും പറയാനില്ല, കാതോര്‍ത്തിരിക്കുക മാത്രമേ വേണ്ടു. കേള്‍ക്കാനുള്ളതെല്ലാം സ്വാഭാവികമായി കാതിലേക്കെത്തിക്കൊള്ളും. ഇതു തന്നെയാണ് നന്ദി ചെയ്യുന്നത്. പലരും കാത്തിരിക്കും, ഇടയില്‍ ഉറങ്ങിപ്പോകും. അതരുത്. നിതാന്ത ജാഗ്രതയോടെ അന്തരാത്മാവില്‍ ലയിച്ചിരിക്കുക. അതാണ് ധ്യാനം.

ശിവനെ ത്രയംബകന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. കാരണം, മൂന്നാമതൊരു കണ്ണുണ്ട് എന്നതാണ്. ശിവന്റെ നെറ്റിയില്‍ ഒരു പിളര്‍പ്പുണ്ടായി, എന്തോ ഒന്ന് അതില്‍ നിന്നു പുറത്തുവന്നു എന്നല്ല. മൂന്നാമതൊരു ബോധമണ്ഡലം പ്രകാശിതമായി എന്നാണ് അര്‍ത്ഥം. നമ്മുടെ ബോധം ഉണര്‍ന്ന്, തെളിഞ്ഞ്, വികസിക്കാന്‍ ആദ്യം വേണ്ടത്, പ്രാണശക്തിയുടെ ഉണര്‍വും വികാസവുമാണ്. അത് പ്രാണോര്‍ജ്ജത്തെ ഉണര്‍ത്തുന്നു, തെളിവുറ്റതാക്കുന്നു, പ്രവര്‍ത്തനക്ഷമമാക്കുന്നു. അതുവഴി നമ്മുടെ ബോധമണ്ഡലം വികസിക്കുന്നു. ക്രമേണ മൂന്നാംകണ്ണ് തുറക്കുന്നു. മൂന്നാംകണ്ണ് ആത്മദര്‍ശനത്തിന്റേതാണ്. മുഖത്തുള്ള, രണ്ടുകണ്ണുകളും പുറം, കാഴ്ചകള്‍ കാണാന്‍ മാത്രമുള്ള ഇന്ദ്രിയങ്ങള്‍. ആ കാഴ്ചകളൊന്നും സത്യമല്ല.

ഉണ്മയാണ്, ശിവന്‍. നിങ്ങളുടെ കണ്ണുകള്‍ ദിവസവും നൂറുപേരെ കാണുന്നു. എന്നാല്‍, മനുഷ്യനിലെ ഉണ്‍മയെ – ശിവനെ, നിങ്ങള്‍ കാണുന്നില്ല. സ്വന്തം നിലനില്‍പിന് ആവശ്യമായ സംഗതികള്‍ മാത്രമേ, നിങ്ങള്‍ക്ക് വേണ്ടൂ. ഇതു തന്നെയാണ് മായ. മായ എന്നാല്‍ അയഥാര്‍ത്ഥം. ഈ പ്രപഞ്ചം മായയല്ല. നിങ്ങളുടെ കാഴ്ചപ്പാടാണ് അതിനെ മായികമാക്കുന്നത്. അതിനാല്‍, സത്യം അറിയാന്‍, രണ്ടു കണ്ണുകള്‍ കൂടാതെ മൂന്നാമതൊരു മിഴി തുറക്കേണ്ടതുണ്ട്. കൂടുതല്‍ ആഴങ്ങളിലേക്കിറങ്ങി, കൂടുതല്‍ തെളിവോടെ കാഴ്ചകള്‍ കാണുന്ന മൂന്നാമത്തെ കണ്ണ്. ആ കണ്ണിനു മാത്രമാണ്, ദ്വന്ദ്വ അതീതമായ കാഴ്ച സാദ്ധ്യമാവുന്നത്. എല്ലാ വൈരുദ്ധ്യങ്ങള്‍ക്കുമപ്പുറത്തേക്ക് ആ കണ്ണ് കടന്നുചെല്ലുന്നു. സ്വന്തം നിലനില്‍പ്പിനെകുറിച്ചുള്ള ആശങ്ക ആ കാഴ്ചയെ വികലമാക്കുന്നില്ല.

ശിവന്റെ ത്രിശൂലം, ജീവിതത്തിന്റെ മൂന്ന് അടിസ്ഥാന മുഖങ്ങളെ പ്രതിനിധീകരിക്കുന്നു. ഇഡ, പിംഗള, സുഷുമ്‌ന. ജീവന്റെ മൂന്നു തലങ്ങള്‍. ഇടത്തും, വലത്തും, നടുവിലുമായി സ്ഥിതിചെയ്യുന്ന, മൗലികമായ നാഡികള്‍. ശരീരത്തിലെ പ്രാണമയകോശത്തിലാണ് ഇവയുടെ സ്ഥാനം. പ്രാണന്‍ പ്രവഹിക്കുന്ന ചാലുകളാണ് നാഡികള്‍. മനുഷ്യശരീരത്തില്‍ ആകെ 72000 നാഡികളാണുള്ളത്. അവയുടെ അടിസ്ഥാനം ഇഡ, പിംഗള, സുഷുമ്‌ന എന്നീ മൂലനാഡികളാണ്.

പ്രപഞ്ചത്തില്‍ സ്വാഭാവികമായുള്ള ദ്വന്ദ്വ ഭാവങ്ങളെയാണ് ഇഡയും പിംഗളയും പ്രതിനിധീകരിക്കുന്നത്. ഇത് തന്നെയാണ്, ശിവനും ശക്തിയും. പ്രപഞ്ചത്തിലെ സ്ത്രീ പുരുഷ സങ്കല്‍പവും ഇതില്‍ നിന്നു വന്നതാണ്. ലിംഗഭേദമല്ല, പ്രകൃതിയില്‍ സ്വാഭാവികമായി കണ്ടുവരുന്ന ചില ഗുണവിശേഷങ്ങളെയാണ് വിവക്ഷിക്കുന്നത്. വ്യക്തിപരമായി, ഓരോരുത്തരിലും സഹജമായുള്ള യുക്തിയും ഉള്‍ക്കാഴ്ചയും.

ഇഡയും പിംഗളയും സമരസപ്പെട്ടു പ്രവര്‍ത്തിക്കുമ്പോള്‍ ലോകജീവിതം ആയാസരഹിതമായിരിക്കും. ജീവിതത്തെ വ്യക്തിക്ക് വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കിട്ടും. ഭൂരിപക്ഷത്തിന്റേയും ആയുഷ്‌ക്കാലം ഇഡയേയും പിംഗളയേയും മാത്രം ആശ്രയിച്ചു തീര്‍ന്നുപോകുന്നു. മദ്ധ്യത്തിലുള്ള സുഷുമ്‌ന ഒതുങ്ങിക്കിടക്കുന്നു. എന്നാല്‍, ശരീരത്തിലെ പ്രധാന ഭാഗം സുഷുമ്‌നയാണ്. പ്രാണന്‍ സുഷുമ്‌നയില്‍ പ്രവേശിക്കുമ്പോഴാണ് ജീവസ്പന്ദനമുണ്ടാകുന്നത്. അത് ശരീരത്തില്‍ സമനില നിലനിര്‍ത്തുന്നു. ബാഹ്യമായി എന്തു സംഭവിച്ചാലും ഉള്ളിന്റെ ഉള്ളിലുള്ള ആ ഇടത്തിന് കോട്ടം തട്ടുന്നില്ല.
ശിവന് പ്രചാരമുള്ള ഒന്നാണ് സോമന്‍. സോമന്‍ എന്നാല്‍ ചന്ദ്രന്‍. ലഹരി എന്നും സോമ എന്ന വാക്കിനര്‍ത്ഥമുണ്ട്. ആത്മലഹരിയില്‍ മുഴുകിയിരിക്കുന്ന മഹായോഗിയാണ് ശിവന്‍. സദാ ജാഗരൂകനുമാണ്. ലഹരി പൂര്‍ണമായും ആസ്വദിക്കണമെങ്കില്‍ നല്ലവണ്ണം ഉണര്‍ന്നിരിക്കേണ്ടതുണ്ട്. ഒരു യഥാര്‍ത്ഥ യോഗിയുടെ നില പൂര്‍ണ ലഹരിയിലാണ്, പൂര്‍ണ ഉണര്‍വിലുമാണ്. അത് യോഗശാസ്ത്രം തരുന്ന വരദാനമാണ്. ആന്തരികമായി ആനന്ദലഹരിയില്‍ മുങ്ങിയിരിക്കുക, ബാഹ്യമായി ഉണര്‍വോടേയിരിക്കുക. മനുഷ്യമസ്തിഷ്‌കത്തില്‍ കോടിക്കണക്കിന് ൃലരലുശേ്‌ല രലഹഹ െഉണ്ട്. ലഹരി വലിച്ചെടുക്കുന്ന കോശങ്ങള്‍. ശരീരത്തെ പ്രത്യേകിച്ചൊരു നിലയില്‍ നിര്‍ത്തിയാല്‍ ശരീരം അതിന്റേതായ ഒരു ലഹരിപദാര്‍ത്ഥം ഉല്‍പാദിപ്പിക്കും. തലച്ചോര്‍ അത് സ്വീകരിക്കാനായി കാത്തിരിക്കുകയാണ്. നമ്മള്‍ ശാന്തിയും സന്തോഷവും ഉത്സാഹവുമൊക്കെ അനുഭവിക്കുന്നതിനു കാരണം ശരീരത്തിനകത്തു നടക്കുന്ന ഈ പ്രക്രിയയാണ്, ബാഹ്യമായൊരു വസ്തുവിന്റെ സ്വാധീനം അതിനാവശ്യമില്ല.

ചില പ്രത്യേക ഊര്‍ജങ്ങളുടെ നേരെ സര്‍പ്പം പെട്ടെന്ന് പ്രതികരിക്കും. ശിവന്റെ കഴുത്തിനു ചുറ്റുമായി ഒരു സര്‍പ്പം കിടക്കുന്നു. അതിന്റെ പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. ഊര്‍ജശരീരത്തില്‍ 114 ചക്രങ്ങളുണ്ട്. അവയില്‍ അടിസ്ഥാന ചക്രങ്ങളായ ഏഴെണ്ണത്തിനെപറ്റി മാത്രമേ സാധാരണയായി പരാമര്‍ശിക്കുന്നുള്ളു. ഈ ഏഴെണ്ണത്തില്‍, വിശുദ്ധി സ്ഥിതി ചെയ്യുന്നത് നമ്മുടെ തൊണ്ടക്കുഴിയിലാണ്. ഈ ചക്രത്തിനും സര്‍പ്പത്തിനും തമ്മില്‍ സവിശേഷമായൊരു ബന്ധമുണ്ട്. വിശുദ്ധി വിഷത്തെ തടയുന്നു, സര്‍പ്പം വിഷത്തെ വഹിക്കുന്നു.

വിശുദ്ധിയുടെ യഥാര്‍ത്ഥ അര്‍ത്ഥം, അരിച്ചെടുക്കുക എന്നതാണ്. നിങ്ങളുടെ വിശുദ്ധി ചക്രം പ്രബലമാണെങ്കില്‍, ശീരത്തിനകത്തേക്കു പ്രവേശിക്കുന്ന എല്ലാ കാലുഷ്യങ്ങളേയും അതിന് അരിച്ചു മാറ്റാന്‍ കഴിയും. ശിവന്റെ കേന്ദ്രഭാഗത്തിലാണ് വിശുദ്ധി സ്ഥിതി ചെയ്യുന്നത്. ശിവന്‍ വിഷത്തെ അരിച്ചു മാറ്റുന്നവനാണ്. പല പ്രകാരത്തില്‍ ശരീരം വിഷലിപ്തമാകാം. തെറ്റായ ചിന്തകളും സങ്കല്‍പങ്ങളും വിചാരങ്ങളും പ്രതികരണങ്ങളുമെല്ലാം ജീവിതത്തെ വിഷമയമാക്കും. വിശുദ്ധിചക്രം പ്രബലമാണെങ്കില്‍, ഒരു വിഷത്തിനും നിങ്ങളെ ബാധിക്കാനാവില്ല.

ഏതൊരു വ്യക്തിയിലാണോ വിശുദ്ധിചക്രം സജീവമായിരിക്കുന്നത്, ബാഹ്യമായ ദോഷങ്ങള്‍ ഒന്നും അയാളുടെ ജീവിതത്തെ സ്പര്‍ശിക്കില്ല. അയാളുടെ ആത്മശക്തി അത്രയും പ്രബലമായിരിക്കും.

അതിനാല്‍, ആത്മശക്തി വളരുന്ന ഒരു ഘട്ടത്തിലാണ്, കുമാരനാശാന്‍, ‘സൗന്ദര്യ ലഹരി’ സ്വന്തം മൊഴിയിലാക്കിയതെന്ന് നാം കാണണം. അത് തപസ്സും ആര്‍ഷമായ ആത്മസാക്ഷാല്‍ക്കാര പ്രക്രിയയുമാണ്.
——————————
1. തെക്കേ അമ്പാടി മീനാക്ഷി അമ്മയുടെ സൗന്ദര്യലഹരീ വ്യാഖ്യാനത്തിന് എഴുതിയ അവതാരിക, ശ്രീരാമകൃഷ്ണമഠം, തൃശൂര്‍
2. കുമാരനാശാന്റെ സമ്പൂര്‍ണ്ണപദ്യകൃതികളില്‍, സൗന്ദര്യലഹരി പരിഭാഷയോടു ചേര്‍ന്നുള്ള ‘അവതരണിക’, പുറം 925, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം

ShareTweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ദേവന്മാരും അസുരന്മാരും (തമിഴകപൈതൃകവും സനാതനധര്‍മവും 9)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies