Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അഭിമുഖം

ഭാരതത്തില്‍ എല്ലാ മതങ്ങള്‍ക്കും ഇടമുണ്ട്

Print Edition: 13 October 2023

സംഘവുമായി ബന്ധപ്പെട്ട ആശയസമരങ്ങള്‍ നയിക്കുന്നവരില്‍ പരിചിതമായ മുഖമാണ് ആര്‍എസ്എസ് പ്രചാരകനായ ജെ.നന്ദകുമാര്‍. പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനറായ അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ (20/09/2023) ഹിന്ദു ദേശീയത, ചരിത്രം മാറ്റിയെഴുതുന്നു എന്ന ആരോപണം, മതപരിവര്‍ത്തനം, കേരളത്തിലെ ബിജെപിയുടെ പ്രകടനം എന്നിങ്ങനെ നിരവധി വിഷയങ്ങളോട് പ്രതികരിക്കുകയുണ്ടായി.

ഹിന്ദുത്വവും ഹിന്ദൂയിസവും ഒന്നാണോ വേറിട്ടതാണോ എന്നത് കുറച്ചുകാലമായി ദേശീയ ചര്‍ച്ചാ വിഷയമാണ്. ഹിന്ദുത്വ എന്നത് സാംസ്‌കാരിക ദേശീയതയാണെന്ന് ആര്‍എസ്എസ് വിശദീകരിക്കുമ്പോള്‍ എതിരാളികള്‍ പറയുന്നത് അത് ഹിന്ദു മേധാവിത്തം അടിച്ചേല്‍പ്പിക്കാനുള്ള അജണ്ടയാണെന്നാണ്.
♠ഇത് അനാവശ്യമായ ഒരു വിവാദമാണ്. ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വവും ഹിന്ദൂയിസവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടും ഒന്നുതന്നെയാണ്. പരസ്പര പൂരകവുമാണ്. ഹിന്ദു എന്ന് വിളിക്കുന്നതില്‍ അപമാനം തോന്നുന്ന ചിലരാണ് ഇങ്ങനെയൊരു വാദം കൊണ്ടുവരുന്നത്. ”എന്നെ കഴുതയെന്ന് വിളിച്ചോളൂ, പക്ഷേ ഹിന്ദു എന്നു വിളിക്കരുത്” എന്നാണല്ലോ മോത്തിലാല്‍ നെഹ്‌റു ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്. ”ഞാന്‍ യാദൃച്ഛികമായാണ് ഹിന്ദുവായത്” എന്ന് അദ്ദേഹത്തിന്റെ മകന്‍ ജവഹര്‍ലാല്‍ നെഹ്‌റുവും പറയുകയുണ്ടായി. ‘ഹിന്ദൂയിസം’ എന്ന സംജ്ഞതന്നെ ഒരു ആകാശകുസുമമാണ്. കാരണം ഹിന്ദുവിന് ഏതെങ്കിലും ഒരു ‘ഇസ’ത്തെ പിന്‍പറ്റാനാവില്ല. ‘ഇസം’ ഒരു അടഞ്ഞ പുസ്തകമാണ്. ഹിന്ദുവായിരിക്കുക എന്നത് ഒരു നിരന്തര പ്രക്രിയയാണ്. അതൊരു നിശ്ചിതമായ പ്രതിഭാസമല്ല. ഹിന്ദു എന്നത് മാറ്റമില്ലാത്ത വെളിപാടല്ല, വളര്‍ന്നുകൊണ്ടിരിക്കുന്ന പാരമ്പര്യമാണ്. ഒരാളെ ഹിന്ദുവാക്കുന്ന സാംസ്‌കാരിക മൂല്യങ്ങളുടെ സംഘാതമാണ് ഹിന്ദുത്വം.

ഹിന്ദു എന്നതിനെ ഒരു പ്രത്യേക വിഭാഗമാക്കാന്‍ കഴിയുമോ? അത് എപ്പോഴും സംവാദങ്ങളെ സ്വാഗതം ചെയ്യുന്ന തുറന്ന ചിന്തയായിരുന്നു.
♠തീര്‍ച്ചയായും. ഹിന്ദുധര്‍മം സര്‍വദേശീയ ചിന്തയാണ്. നാസ്തികവാദം പ്രചരിപ്പിച്ച ചാര്‍വാകന്‍ ഉള്‍പ്പെടെ എല്ലാവരെയും അത് തുറന്നമനസ്സോടെ സ്വാഗതം ചെയ്തു. ഇത്രയേറെ സ്വാതന്ത്ര്യം നല്‍കുന്ന മറ്റൊരു തത്വശാസ്ത്രവുമില്ല. ‘ഞാന്‍ പറയുന്നതെല്ലാം അതേപടി അനുസരിക്കാതെ വിമര്‍ശനാത്മകമായി സ്വീകരിക്കുക’ എന്നാണല്ലോ ഭഗവദ്ഗീതയില്‍ കൃഷ്ണഭഗവാന്‍ ഉപദേശിക്കുന്നത്. ഹിന്ദുത്വം ഒരു അടഞ്ഞ പുസ്തകമായിരുന്നില്ല, ആവാനും കഴിയില്ല.

ഭാരതചരിത്രം പുനഃപരിശോധിക്കാനുള്ള ശ്രമം വിവാദമാവുകയുണ്ടായല്ലോ. ചരിത്രം പുനഃപരിശോധിക്കേണ്ടതായ ആവശ്യമെന്താണ്?
♠ഒരു രാജ്യത്തിന്റെ ചരിത്രം നിഷ്പക്ഷവും മുന്‍വിധികളില്ലാത്തതുമാവണം. ”ഒരു രാഷ്ട്രത്തെ വിഷലിപ്തമാക്കണമെങ്കില്‍ അതിന്റെ കഥകളെ വിഷലിപ്തമാക്കൂ. ആത്മവീര്യം നഷ്ടപ്പെട്ട രാഷ്ട്രം അത്തരം കഥകള്‍ അതിനോടുതന്നെ പറഞ്ഞുതുടങ്ങും” എന്ന് നൈജീരിയന്‍ നോവലിസ്റ്റ് ബെന്‍ ഓക്രി ഒരിക്കല്‍ പറയുകയുണ്ടായി. ഭാരതത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. ചരിത്രം മാറ്റിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ബ്രിട്ടീഷുകാര്‍ നടത്തിയിട്ടുണ്ട്. 1741 ലെ കൊളച്ചല്‍ യുദ്ധത്തിലൂടെ പാശ്ചാത്യ സാമ്രാജ്യത്വ ശക്തിയെ ആദ്യം പരാജയപ്പെടുത്തിയത് തിരുവിതാംകൂര്‍ നാട്ടുരാജ്യമാണ്. എന്നിട്ടും മധ്യകാലഘട്ടത്തെക്കുറിച്ചുള്ള ചരിത്രരചനയില്‍ എവിടെയാണ് തിരുവിതാംകൂര്‍ രാജഭരണമുള്ളത്. 1500 വര്‍ഷം ഭരണം നടത്തിയ ലോകത്തെ ഒരേയൊരു സാമ്രാജ്യം ചോള സാമ്രാജ്യമാണ്. പക്ഷേ നമ്മുടെ ചരിത്രപുസ്തകങ്ങൡ അതിന്റെ സ്ഥാനമെന്താണ്? കെട്ടിച്ചമച്ച ചരിത്രത്തിന്റെ സ്ഥാനത്ത് ശരിയായ ചരിത്രം കൊണ്ടുവരേണ്ടതുണ്ട്. എല്ലാ രാജ്യങ്ങളും ഇത് ചെയ്തിട്ടുണ്ട്. നമുക്ക് ഇക്കാര്യത്തില്‍ വലിയ കുടിശ്ശികയുണ്ട്.

ബ്രിട്ടീഷുകാരില്ലായിരുന്നുവെങ്കില്‍ ഭാരതം ഇപ്പോഴും നിരവധി നാട്ടുരാജ്യങ്ങളായി തുടരുമായിരുന്നു എന്നൊരു കാഴ്ചപ്പാടുണ്ട്…
♠ചിരപുരാതനമായ ഒരു സംസ്‌കാരം ഐക്യപ്പെടുത്തിയ നാടാണ് ഭാരതം. േഡാ. ബി.ആര്‍. അംബേദ്കര്‍ കൊളംബിയ സര്‍വകലാശാലയില്‍ അവതരിപ്പിച്ച തന്റെ ‘കാസ്റ്റ്‌സ് ഇന്‍ ഇന്ത്യ’ എന്ന പ്രബന്ധത്തില്‍ ഭാരതത്തിന്റെ ”ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നിസ്സംശയമായ ഒരു സാംസ്‌കാരിക ഐക്യം നിലനില്‍ക്കുന്നുണ്ട്” എന്നാണ് പറയുന്നത്. രാഷ്ട്രീയമായി ഐക്യപ്പെടാനും നമ്മെ സഹായിച്ചിട്ടുള്ളത് ഈ സാംസ്‌കാരിക ഏകതയാണ്. ഹിമാലയം മുതല്‍ ഹിന്ദു മഹാസമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഭൂഭാഗത്തെക്കുറിച്ചാണല്ലോ വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. ഈ രാഷ്ട്രത്തിന്റെ സാംസ്‌കാരിക ഏകതയ്ക്ക് രാമായണവും മഹാഭാരതവും തെളിവു നല്‍കുന്നുണ്ട്. സോഷ്യലിസ്റ്റ് നേതാവായിരുന്ന രാം മനോഹര്‍ ലോഹ്യ പോലും ഒരിക്കല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ”ശ്രീരാമന്‍ വടക്കിനെ തെക്കുമായും, ശ്രീകൃഷ്ണന്‍ കിഴക്കിനെ പടിഞ്ഞാറുമായും യോജിപ്പിക്കുന്നു. ഭാരതത്തിലെ ഓരോ മണല്‍ത്തരിയിലും പരമശിവനെ ദര്‍ശിക്കാം.” ഇവിടെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെയും വി.പി. മേനോന്റെയും ശ്രമങ്ങളെ വിസ്മരിക്കാന്‍ പാടില്ല. ഇവര്‍ നടത്തിയ ഏകീകരണം സാധ്യമായതും അംബേദ്കര്‍ രേഖപ്പെടുത്തിയിട്ടുള്ള ‘സംശയാതീതമായ സാംസ്‌കാരിക ഏകത’യുള്ളതുകൊണ്ടാണ്.

പക്ഷേ സ്ഥലനാമങ്ങള്‍ മാറ്റുകയും ചരിത്രം പുനര്‍രചിക്കുകയും ചെയ്യുന്നത് എന്തിനാണ്? ഇത് കൂടുതല്‍ വിവാദങ്ങള്‍ക്കിടയാക്കുകയും സമൂഹത്തെ കൂടുതല്‍ വിഭജിക്കുകയുമല്ലേ ചെയ്യുക?
♠ഇതുകൊണ്ടാണ് ഞാന്‍ നേരത്തെ ബെന്‍ ഓക്രിയെ ഉദ്ധരിച്ചത്. ഐശ്വര്യത്തിന്റെ ഇരിപ്പിടമെന്ന അര്‍ത്ഥത്തില്‍ ശ്രീനഗറിന് ആ പേര് നല്‍കിയത് അശോക ചക്രവര്‍ത്തിയാണ്. എപ്പോഴാണ് അത് മാറ്റിയത്? ഔറംഗാബാദ് എന്നതുപോലുള്ള സ്ഥലനാമങ്ങള്‍ കേള്‍ക്കുമ്പോള്‍ ഔറംഗസീബുമായി ബന്ധപ്പെട്ട നിരവധി മോശം കാര്യങ്ങള്‍ നമ്മുടെ ഓര്‍മയിലെത്തും. ഇത്തരം പേരുകള്‍ നിലനിര്‍ത്തുന്നത് രാജ്യത്തെ ഐക്യപ്പെടുത്താന്‍ സഹായിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്? ആത്മാഭിമാനമുള്ള ഒരു രാഷ്ട്രമെന്ന നിലയ്ക്ക് നമ്മുടെ പൈതൃകം വീണ്ടെടുക്കേണ്ട ആവശ്യമുണ്ട്.

ഭാരതത്തിന്റെ രാഷ്ട്രീയ നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രതിഷ്ഠിക്കുകയായിരുന്നു എന്ന് ഒരിക്കല്‍ താങ്കള്‍ പറയുകയുണ്ടായി. അതൊന്ന് വിശദീകരിക്കാമോ?
♠രാജ്യത്തെ നയിക്കാനുള്ള യോഗ്യത നെഹ്‌റുവിന് ഇല്ലായിരുന്നു എന്നല്ല ഞാന്‍ അര്‍ത്ഥമാക്കിയത്. നേതൃനിരയില്‍ അദ്ദേഹത്തെ പ്രതിഷ്ഠിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പല കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞിട്ടുള്ളതാണ്. നേതൃത്വത്തിലേക്കുള്ള നെഹ്‌റുവിന്റെ ഉയര്‍ച്ച അക്കാലത്തുതന്നെ വിവാദമാവുകയുണ്ടായി. വിദേശത്തെ പഠനം കഴിഞ്ഞയുടന്‍ തന്റെ മകന് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഉന്നത പദവി മോത്തിലാല്‍ നെഹ്‌റു ഉറപ്പുവരുത്തിയിരുന്നു. കുടുംബാധിപത്യം അവിടെനിന്നാണ് തുടങ്ങുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തുനിന്ന് കോണ്‍ഗ്രസ് ഒരുപാട് മാറി. യാദൃച്ഛികമായാണ് താന്‍ ഹിന്ദുവായതെന്നാണല്ലോ നെഹ്‌റു പറഞ്ഞത്. എന്നാല്‍ താന്‍ പൂണൂല്‍ധാരിയായ ബ്രാഹ്‌മണനാണെന്ന് ചെറുമകനായ രാഹുലിന് പറയേണ്ടിവന്നിരിക്കുന്നു. സഹോദരി പ്രിയങ്ക നെറ്റിയില്‍ സിന്ദൂരമണിയുന്നു. നിങ്ങള്‍ എങ്ങനെയാണ് ഈ മാറ്റത്തെ കാണുന്നത്? തീര്‍ച്ചയായും ഇതൊരു നല്ല മാറ്റമായിരിക്കാം. അതൊരു രാഷ്ട്രീയ തട്ടിപ്പാവരുത്. രാഷ്ട്രീയമായ കാരണങ്ങളാല്‍ മുന്‍കാലത്ത് ആളുകള്‍ ഹിന്ദുധര്‍മത്തെ അന്ധമായി എതിര്‍ത്തിരുന്നു. അതിന് മാറ്റംവന്നിരിക്കുന്നു. രാജ്യമെമ്പാടും വന്നുകൊണ്ടിരിക്കുന്ന മാറ്റം നെഹ്‌റുവിന്റെ കൊച്ചുമക്കള്‍ക്ക് മനസ്സിലായിട്ടുണ്ടാവാം. ഹിന്ദുക്കളാണ് തങ്ങളെന്ന് അവര്‍ സ്വയം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്.

തങ്ങള്‍ ഹിന്ദുക്കളാണെന്ന് രാഹുലും പ്രിയങ്കയും പ്രഖ്യാപിച്ചതിന്റെ ബഹുമതി ആര്‍എസ്എസിന് അവകാശപ്പെട്ടതാണോ?
♠ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നെഹ്‌റുവിന്റെ കൊച്ചുമകനായ രാഹുല്‍ തന്റെ ഹിന്ദു സ്വത്വത്തെക്കുറിച്ച് പറയാന്‍ തയ്യാറാവുന്നെങ്കില്‍ രാജ്യത്ത് അത്തരമൊരു മാറ്റമുണ്ടാക്കാന്‍ ആര്‍എസ്എസ് വഹിച്ചിട്ടുള്ള പങ്കില്‍ എനിക്ക് അഭിമാനമുണ്ട്. ഭാരതത്തിന്റെ സാംസ്‌കാരിക സ്വത്വം ഹിന്ദുത്വമാണെന്ന് നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നത് ആര്‍എസ്എസാണ്.

ഇടതുപക്ഷം പോലും ഇപ്പോള്‍ ഹൈന്ദവമായ ഉത്‌സവങ്ങള്‍ ആഘോഷിക്കുന്നു….
♠കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിര്‍മാണത്തിന്റെ കാലത്ത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് അതിലേക്കായി ഒരു പൈസ പോലും സംഭാവന ചെയ്തില്ല. വിവേകാനന്ദന്‍ യാഥാസ്ഥിതിക ചിന്താഗതിക്കാരനാണെന്ന് പറഞ്ഞായിരുന്നു ഇത്. ഇപ്പോള്‍ സിപിഎം വിവേകാനന്ദനെ അംഗീകരിച്ചിരിക്കുന്നു! ഡിവൈഎഫ്‌ഐ രക്ഷാബന്ധന്‍ ആഘോഷിക്കാനും തുടങ്ങിയിരിക്കുന്നു!

ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളെയും പാരമ്പര്യ വിശ്വാസങ്ങളെയും ഒന്നായി കാണുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഗണപതി ഭഗവാനെക്കുറിച്ച് നടത്തിയ പരാമര്‍ശം വലിയ വിവാദമായി. എന്താണ് താങ്കളുടെ അഭിപ്രായം?
♠ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ഈ ചോദ്യത്തിന് മനോഹരമായി ഉത്തരം നല്‍കിയിട്ടുണ്ട്. മതവിശ്വാസം തന്റെ ശാസ്ത്രപഠനത്തില്‍ ഒരിക്കലും തടസ്സമുണ്ടാക്കിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സ്പീക്കര്‍ പൊടുന്നനെ ഒരു ശാസ്ത്രീയബോധം വികസിപ്പിച്ചെടുക്കുകയായിരുന്നുവല്ലോ! തന്റെ മതം മാത്രമാണ് ശരിയെന്നും, അത് പിന്തുടരാത്തവര്‍ നരകത്തില്‍ പതിക്കുമെന്നു പറയുന്നതും മിത്താണ്. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരൊക്കെ നരകത്തില്‍ പോകുമെന്ന് ഗണപതി ഭക്തര്‍ ആരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല.

പക്ഷേ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചുള്ള പരാമര്‍ശമോ?
♠പ്ലാസ്റ്റിക് സര്‍ജറി ഇവിടെ നിലനിന്നിരുന്നതായി പറഞ്ഞത് നരേന്ദ്ര മോദിയല്ല. തുടയിലെ മാംസവും ചര്‍മവുമെടുത്ത് ഒരു സൈനികന്റെ മൂക്ക് മാറ്റിവച്ച ആയുര്‍വേദ വൈദ്യനെക്കുറിച്ച് 1887 ല്‍ ഒരു ബ്രിട്ടീഷ് ചരിത്രകാരനാണ് എഴുതിയിട്ടുള്ളത്. ഭാരതത്തില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നതായി വിദേശികള്‍ വിശ്വസിക്കുന്നു. നമുക്ക് സുശ്രുത സംഹിതയും ചരകസംഹിതയുമുണ്ട്. പാശ്ചാത്യ വൈദ്യശാസ്ത്രത്തിന് പ്രാമുഖ്യം നല്‍കുന്നതിനുവേണ്ടി ബ്രിട്ടീഷുകാരാണ് ആയുര്‍വേദ ഗവേഷണവും അതിന്റെ വികസനവും തടഞ്ഞത്. ഗണേശോത്‌സവം മുന്നില്‍ കണ്ട് ഗണപതി വിവാദം സൃഷ്ടിച്ചത് വര്‍ഗീയമായിരുന്നു. ഭരണഘടനാ പദവി വഹിക്കുന്നയാളുകള്‍ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. ഒരു തരത്തില്‍ അത് സാമൂഹ്യവിരുദ്ധവുമാണ്.

ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് സ്വകാര്യ വിഷയമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറയുകയുണ്ടായി… ഇത്തരം ചര്‍ച്ചകളും സ്വകാര്യമായിരിക്കേണ്ടതല്ലേ?
♠ആരാണ് വിവാദം ഉണ്ടാക്കിയത്? എന്റെ ഇടം, എന്റെ തെരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ച് പറയുന്നവരാണ് ഈ വിവാദമുണ്ടാക്കിയത്. ഭാരതീയ ശാസ്ത്രജ്ഞര്‍ അന്ധവിശ്വാസികളാണെന്നും ഇവര്‍ ആരോപിച്ചു. ചിലര്‍ ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ പരാജയം പോലും ആഗ്രഹിച്ചു. മതവിശ്വാസം ടൂത്ത് ബ്രഷ് പോലെ സ്വകാര്യവിഷയമാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. മതം മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കുന്നത് വൈകൃതമാണ്. നമ്മുടെ മതവിശ്വാസം സ്വകാര്യമായിരിക്കണം. പക്ഷേ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ക്ഷേത്രദര്‍ശനം നടത്താന്‍ പാടില്ല എന്നു പറയുന്നത് നിരുത്തരവാദപരമാണ്.

മതേതരത്വം പാശ്ചാത്യ-സെമിറ്റിക് സങ്കല്‍പമാണെന്ന് താങ്കള്‍ പറയുകയുണ്ടായി. വിശദീകരിക്കാമോ?
♠പോപ്പിന്റെ ആധിപത്യത്തിനെതിരെ മധ്യകാലഘട്ടത്തില്‍ ഉയര്‍ന്നുവന്നതാണ് പാശ്ചാത്യരാജ്യങ്ങളിലെ മതേതര സങ്കല്‍പം. ഭാരതത്തില്‍ എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്തിട്ടുണ്ട്. അവിടെയെന്താണ് മതേതരത്വത്തിന്റെ പ്രസക്തി? അനാവശ്യമാണത്. ഇതുകൊണ്ടാണ് ഭരണഘടനാ നിര്‍മാണസഭ മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്താതിരുന്നത്. ‘മതേതരത്വം’ എന്ന വാക്ക് പിന്നീട് 1976 ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ തിരുകിക്കയറ്റുകയായിരുന്നു. ഇന്ദിരാഗാന്ധി ഇത് ചെയ്തത് മതരാഷ്ട്രീയം കളിക്കുന്നതിനായിരുന്നു.

ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന ഹിന്ദുരാഷ്ട്ര സങ്കല്‍പ്പത്തെ വിശദീകരിക്കാമോ?
♠സാംസ്‌കാരികമായ സത്തയില്‍ സ്ഥാപിതമായതാണ് നമ്മുടെ രാഷ്ട്രം. ഭാരതം എക്കാലത്തും ഒരു ഹിന്ദുരാഷ്ട്രമായിരുന്നുവെന്നും, അത് അങ്ങനെതന്നെ തുടരുമെന്നുമാണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. ഇതിനായി പാര്‍ലമെന്റില്‍ ആരെങ്കിലും ബില്ല് കൊണ്ടുവരേണ്ടതില്ല. മറ്റു മതങ്ങളെയെല്ലാം ഉന്മൂലനം ചെയ്യാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നു എന്നല്ല ഹിന്ദുരാഷ്ട്രം എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസിന്റെ അടിസ്ഥാന ചിന്താഗതിക്കുതന്നെ എതിരാണത്. ഇത്തരം ചിന്തതന്നെ ഹിന്ദുവിരുദ്ധമായാണ് ആര്‍എസ്എസ് കാണുന്നത്.

ഹിന്ദുരാഷ്ട്രത്തില്‍ ഹിന്ദുക്കള്‍ക്കുള്ള അവകാശങ്ങളെല്ലാം ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കുമുണ്ടാകുമോ?
♠തീര്‍ച്ചയായും. രാമന്‍ എന്ന പേരുള്ളതുകൊണ്ടുമാത്രം ഒരാള്‍ക്ക് ഹിന്ദുവാകാനാവില്ല. സ്വന്തം രാഷ്ട്രത്തെ മതപരമായ ആഭിമുഖ്യത്തിനുപരിയായി പരിഗണിക്കാന്‍ ഹിന്ദുരാഷ്ട്രത്തിലെ പൗരന്മാര്‍ക്ക് കഴിയണം. ഹിന്ദുരാഷ്ട്രത്തിലെ പൗരന്മാര്‍ക്ക് ഒരു നിബന്ധനയേയുള്ളൂ. തങ്ങള്‍ ഏത് ഭാഗത്താണെന്ന് മതന്യൂനപക്ഷങ്ങള്‍ വ്യക്തമാക്കണം. രാജ്യത്തിന്റെ പക്ഷത്താവണം നില്‍ക്കേണ്ടത്.

മാട്ടിറച്ചി കഴിക്കുന്ന ക്രൈസ്തവനും മുസ്ലിമിനുമൊക്കെ ഹിന്ദുരാഷ്ട്രത്തില്‍ ഇടം ലഭിക്കുമോ?
♠ഈ രാജ്യത്ത് ആര്‍ക്ക് എന്ത് വേണമെങ്കിലും ഭക്ഷിക്കാം. എന്നിട്ടും ഈ വിഷയം രാഷ്ട്രീയായുധമാക്കുകയാണ്. മാംസം ഭക്ഷിക്കുന്നതിന് ഭാരതത്തിലൊരിടത്തും വിലക്കുണ്ടായിരുന്നില്ല. ദക്ഷിണ ഭാരതം, തീരപ്രദേശം, വടക്കു കിഴക്കന്‍ മേഖലകള്‍ എന്നിവ എടുത്തുനോക്കൂ. മത്‌സ്യ-മാംസങ്ങളാണ് അവിടങ്ങളില്‍ മുഖ്യം.

പശുമാംസത്തിന്റെ കാര്യമാണെങ്കില്‍ എന്തുകൊണ്ടാണ് പ്രതിഷേധമെന്നും മനസ്സിലാക്കണം. ഭാരതത്തില്‍ പ്രാചീനകാലം മുതല്‍ പശു അഭിവൃദ്ധിയുടെ പ്രതീകമാണ്. പശുവിനെ വിശുദ്ധമായി കാണുന്ന വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാനുള്ള കരുതല്‍ ആവശ്യമാണ്.

മാംസം വാങ്ങുന്നവരും ഭക്ഷിക്കുന്നവരും വില്‍ക്കുന്നവര്‍പോലും തല്ലിക്കൊല ചെയ്യപ്പെടുന്നു. എങ്ങനെ ഇത് ന്യായീകരിക്കാനാവും?
♠ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന സാഹചര്യം എന്താണെന്ന് മനസ്സിലാക്കണം. മതവികാരം വ്രണപ്പെടുത്താനും പ്രശ്‌നങ്ങളുണ്ടാക്കാനും മാത്രമായി ആളുകള്‍ ഒരു പശുവിനെ കശാപ്പുചെയ്യുകയാണെങ്കില്‍ മറ്റുള്ളവര്‍ മഹാമനസ്‌കതയോടെ ഇത്തരക്കാര്‍ക്ക് മാപ്പു നല്‍കണമെന്നില്ല. അവര്‍ തിരിച്ചടിക്കും. കാര്യങ്ങളെ അങ്ങേയറ്റത്തേക്ക് കൊണ്ടുപോയി വഷളാക്കുന്നത് സമൂഹത്തിന് ഗുണകരമാവില്ലെന്നാണ് ആര്‍എസ്എസ് എപ്പോഴും കരുതുന്നത്.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് ശാഖകളുള്ളത് എന്നാണല്ലോ പറയപ്പെടുന്നത്. എന്നിട്ടും ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളാകുന്നില്ലല്ലോ. എന്തൊക്കെയാണ് തടസ്സങ്ങള്‍?
♠കേരളത്തിലല്ല, ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ശാഖകള്‍. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയാണ് തൊട്ടുപിന്നില്‍. ശാഖകളുടെ സാന്ദ്രത കൂടുതലുള്ളത് കേരളത്തിലാണ്. കേരളത്തില്‍ ബിജെപിയുടെ മോശം പ്രകടനത്തിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. ഒന്നാമതായി കേരളത്തിലെ ജനസംഖ്യയുടെ സ്വഭാവ ഘടന ബിജെപിയെപ്പോലുള്ള ഒരു പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. കേരളത്തിലെപ്പോലെ ന്യൂനപക്ഷ സമുദായങ്ങള്‍ രാഷ്ട്രീയമായി സംഘടിച്ച മറ്റൊരു സംസ്ഥാനവും കാണാനാവില്ല. ഈയിടെ മാത്രമാണല്ലോ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ‘ഇന്ത്യ’ എന്ന പേരില്‍ സംഘടിച്ചത്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഇത്തരമൊരു അപ്രഖ്യാപിത സഖ്യം വര്‍ഷങ്ങളായുണ്ട്. ബിജെപിക്ക് എവിടെയെങ്കിലും വിജയസാധ്യതയുണ്ടെന്നു കണ്ടാല്‍ ഈ അച്ചുതണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കും.

ഭാരത് ജോഡോ യാത്രയ്ക്കുശേഷം രാഹുലിന്റെ പ്രതിച്ഛായ മെച്ചപ്പെട്ടുവെന്ന ഒരു ആഖ്യാനമുണ്ട്. സംഘം എങ്ങനെയാണ് കാണുന്നത്?
♠അത് ഒരു ആഖ്യാനം മാത്രമാണല്ലോ. ഇതിനെ പിന്തുടരാതെ അദ്ദേഹത്തെ അടുത്തുനിന്ന് വിലയിരുത്തണം. അപ്പോഴറിയാം അദ്ദേഹത്തിന്റെ വാക്കുകളും ഭാവപ്രകടനങ്ങളും ചലനങ്ങളുമൊക്കെ യാന്ത്രികമാണെന്ന്. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തുന്ന ഗൗരവമുള്ള ചര്‍ച്ചകളില്‍ എന്താണ് രാഹുലിന്റെ സംഭാവന? എത്ര സ്വകാര്യ ബില്ലുകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം കഴിവു തെളിയിക്കട്ടെ. ശക്തമായ പ്രതിപക്ഷമുള്ളത് നല്ലതാണല്ലോ. രാജ്യത്തെക്കുറിച്ച് എന്തെങ്കിലും ധാരണ അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ ലഡാക്ക്-സിയാച്ചിന്‍ വിവാദമുണ്ടാക്കുമോ? എപ്പോഴായിരുന്നു ഭാരത-ചൈനാ യുദ്ധം നടന്നത്? ആരാണ് ‘ഹിന്ദി-ചീനി ഭായ്-ഭായ്’ എന്ന മുദ്രാവാക്യം കൊണ്ടുവന്നത്. ഭാരത കരസേനയെ നവീകരിക്കണമെന്ന ആവശ്യത്തോട് രാഹുലിന്റെ പിതാമഹന്‍ എങ്ങനെയാണ് പ്രതികരിച്ചത്.?

ഹിന്ദുധര്‍മം ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. 100 വര്‍ഷം മാത്രം പഴക്കമുള്ള ആര്‍എസ്എസിന്റെ പിന്‍ബലം അതിന് ആവശ്യമുണ്ടോ?
♠ചരിത്രമുറങ്ങുന്ന ഈ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം 1885 ല്‍ ആരംഭിച്ചു. അതിദീര്‍ഘമായ ചരിത്രമുളള ഈ നാടിന് ഇങ്ങനെയൊരു സ്വാതന്ത്ര്യസമരത്തിന്റെ ആവശ്യമില്ലെന്ന് ആരെങ്കിലും ഗാന്ധിജിയോട് പറഞ്ഞുവോ? സ്വാതന്ത്ര്യസമരം രാജ്യത്തോടുള്ള ഒരു ജനതയുടെ വികാരമായിരുന്നു. ഈ രാഷ്ട്രത്തിന്റെ സംസ്‌കാരം സംരക്ഷിക്കാനാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംഘടനകള്‍ എക്കാലത്തും പ്രസക്തമാണ്. ഓരോ ഘട്ടവും ഇത്തരം മുന്നേറ്റം ആവശ്യപ്പെടുന്നു.

സംഘം ഒരു ബ്രാഹ്‌മണിക്കല്‍ ശക്തിയാണോ? സര്‍സംഘചാലകന്മാരെയെടുത്താല്‍ അവരിലധികവും ചിദ്പാവന്‍ ബ്രാഹ്‌മണരാണല്ലോ. ബ്രാഹ്‌മണരല്ലാത്തവരുടെ പ്രാതിനിധ്യം ഇല്ലെന്നുതന്നെ പറയാം…
♠ഇത് തീര്‍ത്തും തെറ്റായ ആഖ്യാനമാണ്. ലജ്ജാവഹവുമാണ്. സര്‍സംഘചാലകന്മാരായിരുന്ന സുദര്‍ശന്‍ജിയും രാജേന്ദ്രസിംഗ്ജിയും ചിദ്പാവന്‍ ബ്രാഹ്‌മണരല്ലായിരുന്നു. സംഘത്തില്‍ ആരാണ് ചിദ്പാവന്‍ ബ്രാഹ്‌മണര്‍ എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. ജാതിക്ക് യാതൊരു പ്രാമുഖ്യവും സംഘത്തില്‍ നല്‍കുന്നില്ല. സംഘശക്തിയുടെ 50 ശതമാനവും ഉയര്‍ന്ന ജാതികളെന്നു പറയപ്പെടുന്നവരില്‍നിന്നല്ല. സംഘം സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള പലരും പട്ടികജാതികളില്‍പ്പെട്ടവരാണ്.

എപ്പോഴും വിവാദത്തില്‍പ്പെടാറുള്ള ഗോള്‍വല്‍ക്കറുടെ വിചാരധാര മതന്യൂനപക്ഷങ്ങളോട് വിദ്വേഷം പുലര്‍ത്തുന്നു എന്നാണ് സംഘത്തിന്റെ എതിരാളികള്‍ ആരോപിക്കാറുള്ളത്. ഇതിനെ എങ്ങനെ കാണുന്നു?
♠വിചാരധാരയില്‍ ഗുരുജി ഗോള്‍വല്‍ക്കര്‍ രാജ്യത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ച് പറയുന്നുണ്ട്. ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് വളരെ വ്യക്തമായാണ് ഗുരുജി പറയുന്നത്. തന്റെ ഉത്തമ ബോധ്യത്തില്‍ ഒരാള്‍ ഒരു മതം വിട്ട് മറ്റൊന്ന് സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ പ്രലോഭനങ്ങളിലൂടെയുള്ള മതംമാറ്റം തെറ്റാണ്. ഗുരുജി ക്രിസ്തുവിനോ ക്രൈസ്തവ മതത്തിനോ എതിരായിരുന്നില്ല. മൂന്നാമത്തെ ആന്തരികശത്രു കമ്യൂണിസത്തിന്റെ ദേശവിരുദ്ധ മനോഭാവമാണ്.

ഇപ്പോള്‍ ചില ക്രൈസ്തവ വിഭാഗങ്ങള്‍ ആര്‍എസ്എസിനോട് അടുക്കുന്നുണ്ട്. അവര്‍ ലൗ ജിഹാദിന്റെ പ്രശ്‌നം ഉന്നയിക്കുന്നു. എന്നാല്‍ അത് കോടതി നിരാകരിച്ചു. എന്താണ് താങ്കളുെട നിരീക്ഷണം?
♠ലൗ ജിഹാദ് സംഭവിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെയൊരു സ്ഥാപനമോ സംഘടനയോ ഇല്ലെന്നാണ് കോടതി പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ‘ലൗ ജിഹാദ്’ എന്ന പ്രയോഗം ആദ്യം നടത്തിയതുപോലും കോടതിയാണ്. പത്തനംതിട്ടയിലെ ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട കേസിലാണ് ഇത് ഉയര്‍ന്നുവന്നത്. സ്‌നേഹത്തിന്റെ വിശുദ്ധ സങ്കല്‍പ്പത്തെ ഭാരതീയര്‍ ഒരുകാലത്തും നിരാകരിച്ചിട്ടില്ല. കാമദേവന്‍ നമുക്ക് മാത്രമാണുള്ളത്. അതുകൊണ്ട് പ്രണയം തെറ്റാണെന്നോ അത് കുറ്റമാണെന്നോ നമ്മള്‍ ഒരിക്കലും പറയില്ല. പക്ഷേ പ്രണയം രാഷ്ട്രീയവും മതപരവുമായ തന്ത്രമായി മാറുമ്പോള്‍ അത് തിരിച്ചറിയുന്നതിനുവേണ്ടിയാണ് ലൗ ജിഹാദ് എന്ന് പറയേണ്ടിവരുന്നത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അടുത്തവര്‍ഷം 10 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ആര്‍എസ്എസിന് ഇതില്‍ സന്തോഷമാണോ?
♠കേന്ദ്രസര്‍ക്കാരിന്റെ പോക്കിലും ഉദ്ദേശ്യത്തിലും ആര്‍എസ്എസിന് സന്തോഷമാണ്. രാജ്യം ശരിയായ ദിശയില്‍തന്നെയാണ് പോകുന്നതെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. ക്രിയാത്മകമായ മാറ്റങ്ങള്‍ എല്ലായിടത്തും ദൃശ്യമാണ്.

മണിപ്പൂര്‍ ്രപശ്‌നത്തിന്റെയും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെയും പശ്ചാത്തലത്തില്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരാനുള്ള സാധ്യത എത്രത്തോളമാണ്?
♠നിലവിലെ ഭരണ സംവിധാനത്തിന് മാറ്റം വരാനുള്ള ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല.

ആര്‍എസ്എസ് ശതാബ്ദി ആഘോഷിക്കുകയാണ്. എന്തൊക്കെയാണ് പദ്ധതികള്‍?
♠ഞങ്ങള്‍ ആഘോഷങ്ങളില്‍ വിശ്വസിക്കുന്നില്ല. എങ്കിലും 100 വര്‍ഷം എന്നത് നിര്‍ണായകമാണ്. രാജ്യമെമ്പാടുമായി 50,000-60,000 പ്രദേശങ്ങളില്‍ സംഘം പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ആറ് ലക്ഷം ഗ്രാമങ്ങളുള്ളതില്‍ ഇപ്പോഴത്തെ നിലയ്ക്ക് പത്തിലൊന്ന് ഇടങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. ശതാബ്ദി വര്‍ഷത്തില്‍ 50 ശതമാനം ഗ്രാമങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങള്‍പോലെ പ്രവര്‍ത്തനം എത്താത്തിടങ്ങളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. മൂല്യാധിഷ്ഠിത കുടുംബങ്ങള്‍, ജാതിക്കതീതമായ സമരസതാ യുക്ത സമൂഹം, പരിസ്ഥിതി സൗഹൃദ ജീവിതെൈശലി, സ്വദേശി ജീവിത മാതൃക, സമൂഹത്തില്‍ പൗരബോധം വളര്‍ത്തുക എന്നിങ്ങനെ അഞ്ച് മേഖലകള്‍ കേന്ദ്രീകരിച്ച് പഞ്ചമുഖിയായ സാമൂഹ്യ പരിവര്‍ത്തനമാണ് ലക്ഷ്യം.

പരിഭാഷ: കെ.പി. മുരളി

Share12TweetSendShare

Related Posts

ഭാരതീയ കാവ്യദര്‍ശനങ്ങളുടെ ഉപാസകന്‍

‘ശക്തരാകുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗമില്ല’

ആനന്ദത്തിന്റെ അനുഭൂതി

സംഘത്തിന്റെ സർവ്വസ്വീകാര്യത (നവതി കടന്ന നാരായം 10)

സംഘപഥത്തിലെ ചാന്ദ്രശോഭ

സംഘപഥത്തിലെ സാധകര്‍ (നവതി കടന്ന നാരായം 9)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies