ദല്‍ഹിയിലെ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീര്‍ പുരകായസ്ഥ, എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചൈന അനുകൂല പ്രചാരണത്തിന് വിദേശസഹായം വാങ്ങിയ കേസ് അനുസരിച്ചാണ് അറസ്റ്റ്. രണ്ടുപേരെയും ദല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിദ്ദിഖ് കാപ്പന്റെ അറസ്റ്റ് പോലെ ഒരുപറ്റം രാഷ്ട്രീയ നേതാക്കളും കുറച്ച് മാധ്യമപ്രവര്‍ത്തകരും ഈ അറസ്റ്റിനെതിരെയും രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ അറസ്റ്റ് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് സാമൂഹ്യമാധ്യമമായ ‘ത’ ല്‍ കുറിച്ചത്. ഇങ്ങനെ ഒരു പ്രതികരണം നടത്തുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ആരാണെന്ന കാര്യം ജയറാം രമേശ് മറന്നു പോയി. 2014 മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്നാണ് ജയറാം രമേശ് പറയുന്നത്. പക്ഷേ ഇങ്ങനെ പറയുമ്പോള്‍ നരേന്ദ്രമോദി ഏതു മാധ്യമത്തിന്റെ വായാണ് അടപ്പിച്ചത്, ഏതു മാധ്യമങ്ങള്‍ക്കെതിരെയാണ് നടപടി എടുത്തത്, ഏതു മാധ്യമപ്രവര്‍ത്തകരെയാണ് ചോദ്യം ചെയ്തത് തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ വ്യക്തമാക്കാതെ കാടടച്ചു വെടി വെക്കുകയാണ് ജയറാം രമേശ് ചെയ്യുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും നാടൊട്ടുക്കും പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ഗാന്ധിയന്മാരെയും അറസ്റ്റ് ചെയ്തും കോണ്‍ഗ്രസാണെന്ന കാര്യം ജയറാം രമേശും കോണ്‍ഗ്രസ്സും ബോധപൂര്‍വ്വം മറക്കുകയാണ്. അന്ന് നേരിട്ട പോലുള്ള ഒരു പീഡനവും ഇന്ത്യയിലെ ഒരു മാധ്യമവും ഒരു മാധ്യമപ്രവര്‍ത്തകനും ഇന്നും അടിയന്തരാവസ്ഥയ്ക്ക് ശേഷവും അനുഭവിച്ചിട്ടില്ല എന്നകാര്യം കോണ്‍ഗ്രസ് ഓര്‍ക്കണം.
റെയ്ഡ് മാധ്യമങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണ് എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തിയത്. ഇത്തരത്തിലുള്ള സ്വേച്ഛാധിപത്യ ആക്രമണം അംഗീകരിക്കാന്‍ ആവില്ലെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും ദല്‍ഹിയിലെ പ്രസ് ക്ലബ്ബും കേരള മീഡിയ അക്കാദമിയുമാണ് ഈ സംഭവത്തില്‍ പ്രതിഷേധം ഉയര്‍ത്തിയത്. പിന്നെ, അരുന്ധതി റോയിയും മറ്റും അടങ്ങിയ സ്ഥിരം അരാജകവാദികളും പ്രതികരണവുമായി എത്തി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ചൈനയ്ക്ക് വേണ്ടി ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വിടുപണി ചെയ്യുന്നത് ആദ്യത്തെ സംഭവമല്ല. റഷ്യയുടെയും ബ്രിട്ടന്റെയും രഹസ്യ സ്വഭാവമുള്ള രേഖകള്‍ അടുത്തിടെ പുറത്ത് വിട്ടപ്പോള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പണം പറ്റിയതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതാണ്. ഭാരതത്തിന് പ്രതിസന്ധി ഉണ്ടായ എല്ലാ കാലഘട്ടങ്ങളിലും ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് നേരത്തെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചിരുന്നത്. ഇന്ത്യാ-ചൈനാ യുദ്ധം നടക്കുമ്പോള്‍ ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പുല്ലു കിളുര്‍ക്കാത്ത സ്ഥലത്തിനുവേണ്ടിയാണ് ഈ യുദ്ധം എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറിയും കമ്മ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസ് പ്രസ്താവിച്ചത്. ലോക്ദാം സംഘര്‍ഷത്തിലും ഭാരത സൈന്യത്തിന് അനുകൂലമായ നിലപാട് എടുക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തിനോ സീതാറാം യെച്ചൂരിക്കോ കഴിഞ്ഞില്ല. ഭാരതത്തിലെ സൈനികരുടെ വീരമൃത്യുവിനു കാരണമായ സംഭവത്തെ പോലും അപലപിക്കാന്‍ തയ്യാറാകാത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചൈനാ പക്ഷപാതം പൂര്‍ണമായും നിഷ്‌കളങ്കമാണെന്ന് വിശ്വസിക്കാനാവില്ല. ചൈന അനുകൂല പ്രചാരണത്തിനും നിലപാടിനും ചൈനയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പണം പറ്റുന്നു എന്ന ആരോപണം പുറത്തുവിട്ടത് ബിജെപി പത്രങ്ങളോ സംഘപരിവാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകരോ അല്ല. കഴിഞ്ഞ ആഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് എന്ന അമേരിക്കയിലെ പത്രമാണ് ഇത് സംബന്ധിച്ച രേഖകളും വിശദാംശങ്ങളും പുറത്തുവിട്ടത്.

ചൈന സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന, അവരുടെ അന്താരാഷ്ട്ര പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന അമേരിക്കക്കാരനായ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘം, ന്യൂസ് ക്ലിക്കിന് കോടിക്കണക്കിന് രൂപ കൈമാറിയതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക അടക്കം വിദേശരാജ്യങ്ങളില്‍ ചൈന അനുകൂല പ്രചാരണം നടത്തുന്ന ജോഡി ഇവാന്‍സാണ് സിംഘത്തിന്റെ ഭാര്യ. ഏതാണ്ട് 160 കോടി രൂപ വിദേശ വിനിമയ ചട്ടം ലംഘിച്ച് ന്യൂസ്‌ക്ലിക്ക് സ്ഥാപിക്കാനായി സിംഘം കൈമാറി. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് ടൈംസ് ഈ വാര്‍ത്ത പുറത്തുവിട്ടത്. അതിനുമുമ്പ് തന്നെ ന്യൂസ് ക്ലിക്കിന്റെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. അത് തുടങ്ങിയത് നരേന്ദ്രമോദിയും അടല്‍ ബിഹാരി വാജ്‌പേയിയുമല്ല. 2009 ലാണ് ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്. വിദേശ നിക്ഷേപ ചട്ടം ലംഘിച്ചതിന് 2021 ല്‍ ആദായനികുതി വകുപ്പ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയ വാര്‍ത്തയില്‍ അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഘാന, സാംബിയ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സമാന്തര മാധ്യമങ്ങള്‍ക്കും സിംഘത്തിന്റെ സെല്‍ കമ്പനികള്‍ വഴി പണം കൈമാറി എന്നാണ് വാര്‍ത്ത വന്നത്. തുടര്‍ന്ന് ഇതിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷിച്ചുവരികയായിരുന്നു.
ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘം ചൊവ്വാഴ്ച രാവിലെ 6.30 ഓടെ ദല്‍ഹിയിലെ മുപ്പതോളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതിനുശേഷമാണ് അറസ്റ്റ് ഉണ്ടായത്. ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി മുദ്ര വച്ചു. കമ്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തു. മാധ്യമപ്രവര്‍ത്തകരായ ഊര്‍മ്മിളേഷ് , ഔനിന്ത്യോ ചക്രവര്‍ത്തി, അഭിസര്‍ ശര്‍മ, പരജ്ഞോയ് ഗുഹ തകുര്‍ത്ത, ചരിത്രകാരന്‍ സോഹയില്‍ ഹാശ്മീ, സെന്റര്‍ ഫോര്‍ ടെക്‌നോളജി ആന്‍ഡ് ഡെവലപ്‌മെന്റിലെ ഡി. രഘുനന്ദന്‍ എന്നിവരെ ലോധി റോഡിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ കൊണ്ടുപോയാണ് ചോദ്യം ചെയ്തത്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊമേഡിയന്‍ സഞ്ജയ് രജൗര, എഴുത്തുകാരി ഗീതാ ഹരിഹരന്‍, മാധ്യമപ്രവര്‍ത്തക ഭാഷാ സിംഗ് എന്നിവരുടെ ഫോണുകളും ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പോലീസ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു. ന്യൂസ് ക്ലിക്ക് ജീവനക്കാരനായ സുമിത് കുമാര്‍ താമസിച്ചിരുന്നത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലായിരുന്നു. അവിടെ നിന്നാണ് സുമിതിനെ കസ്റ്റഡിയിലെടുത്തത്. സുമിതിന്റെ അച്ഛന്‍ യെച്ചൂരിയുടെ ജീവനക്കാരനാണ്. ചൈന അനുകൂല, ഇന്ത്യ വിരുദ്ധ പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും സിംഗം വഴിയാണ് ഇന്ത്യയിലേക്ക് പണം എത്തിയിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന പേരില്‍ മോദി-ബിജെപി വിരുദ്ധ പ്രചാരണം നടത്തുന്ന ടീസ്താ സെതല്‍വാദിനും പരജ്ഞോയ് ഗുഹ തകുര്‍ത്തക്കും ന്യൂസ് ക്ലിക്ക് പണം കൈമാറിയിരുന്നു. ഇത് കൂടാതെ സിപിഎം നേതാക്കള്‍ക്ക് ചൈന എംബസി വഴിയും എത്തിച്ചിരുന്നതായി ആരോപണമുണ്ട്. ഇതുകൂടാതെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുതിര്‍ന്ന നേതാവുമായ പ്രകാശ് കാരാട്ടും സംശയത്തിന്റെ നിഴലിലാണ്. അദ്ദേഹത്തിന്റെ ഇ-മെയില്‍ സന്ദേശങ്ങളിലും പണമിടപാടിന്റെ സൂചനകള്‍ ഉണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സത്യസന്ധമായ രീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന, ശരിയായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന, ആരെയും ഇതുവരെ നരേന്ദ്രമോദി സര്‍ക്കാര്‍ പിടികൂടിയിട്ടില്ല. ചൈനയില്‍ നിന്ന് പണം പറ്റി ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ ചെയ്ത് ഇന്ത്യയെ വിഘടിപ്പിക്കാന്‍ നടത്തുന്ന സമരങ്ങളെ ഊതി വീര്‍പ്പിക്കുന്നവരെ എന്ത് ചെയ്യണമെന്നാണ് പറയുന്നത്? അറസ്റ്റിലായവരുടെയും ചോദ്യം ചെയ്യപ്പെട്ടവരുടെയും സാമ്പത്തിക വിവരങ്ങള്‍, വിദേശയാത്രകള്‍, ഷഹീന്‍ ബാഗ് കര്‍ഷക സമരങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടിംഗ് വിശദാംശങ്ങള്‍ എന്നിവ അടക്കമുള്ള വിവരങ്ങളാണ് പോലീസ് തേടിയത് എന്നാണ് സൂചന. രണ്ടുപേരുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ചൈന അനുകൂല പ്രചാരണത്തിന് വിദേശസഹായം കൈപ്പറ്റി എന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ന്യൂസ് ക്ലിക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീര്‍ പുരകായസ്ഥ, നിക്ഷേപകനും എച്ച്.ആര്‍ മേധാവിയുമായ അമിത് ചക്രവര്‍ത്തി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ രണ്ടുപേരെയും പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയതിന് ഡിജിറ്റല്‍ തെളിവുണ്ടെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. കാശ്മീരും അരുണാചല്‍ പ്രദേശും ഭാരതത്തിന്റെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാനും തര്‍ക്കപ്രദേശങ്ങളാണെന്ന് പ്രചാരണം നടത്താനും ഇരുവരും ശ്രമിച്ചു എന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല, പുരകായസ്ഥയും സിംഘവും തമ്മിലുള്ള സന്ദേശങ്ങളും സിംഘത്തിന്റെ ഉടമസ്ഥതയില്‍ ചൈനയിലെ ഷാങ്ഹായിയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുമായി ന്യൂസ് ക്ലിക്ക് മേധാവികള്‍ നടത്തിയ ഇ-മെയില്‍ ഇടപാടുകളുടെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. ചൈനയുടെ നിര്‍ദ്ദേശമനുസരിച്ച് കാശ്മീരും അരുണാചലും തര്‍ക്കപ്രദേശങ്ങളാണെന്ന് വരുത്താനും ഇതിനുവേണ്ടി പ്രത്യേക ഭൂപടങ്ങള്‍ തയ്യാറാക്കാനും പുരകായസ്ഥയും സിംഹവും തമ്മില്‍ നടത്തിയ ഇ-മെയില്‍ സന്ദേശങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിനായി സ്ഥാപനത്തിന്റെ നിക്ഷേപകനായ അമിത് ചക്രവര്‍ത്തി 115 കോടി രൂപ കൈപ്പറ്റിയതിന്റെ വിശദാംശങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 ലെ പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്കുലറിസം എന്ന സംഘടനയുമായി പുരകായസ്ഥ ചര്‍ച്ച നടത്തിയെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.
വിദേശികളുടെ പണം പറ്റി ഭാരത വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ പിടികൂടുമ്പോള്‍ അത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? സിദ്ദിഖ് കാപ്പന്‍ ഇസ്ലാമിക ഭീകര പ്രവര്‍ത്തനത്തിന് പോയപ്പോള്‍ അതു മാധ്യമപ്രവര്‍ത്തനമാണെന്ന് വരുത്താനാണ് ചിലര്‍ ശ്രമിച്ചത്. ഇവിടെ മാധ്യമങ്ങളുടെ ശക്തിയും നിഷ്പക്ഷതയും വര്‍ഗീയ ശക്തികളും ഭീകരവാദികളും ഇന്ത്യവിരുദ്ധ ശക്തികളും ദുരുപയോഗം ചെയ്യുന്നു എന്നതാണ് വസ്തുത. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം നടത്തുന്ന സത്യസന്ധരായ ആര്‍ക്കും പ്രതിസന്ധി ഇല്ല. വിദേശനാണ്യം കടത്തുന്നവരും ഭീകര പ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അവരെ സംരക്ഷിക്കാന്‍ പ്രസ് ക്ലബ്ബുകളും മാധ്യമപ്രവര്‍ത്തകരും രംഗത്ത് വരരുത്. മാധ്യമപ്രവര്‍ത്തനം ഇമ്മാതിരി സാമൂഹ്യവിരുദ്ധമാര്‍ക്ക് മുഖംമൂടിയായി ഉപയോഗിക്കാനുള്ളതല്ല. മാധ്യമപ്രവര്‍ത്തനം ഇന്ത്യാ വിരുദ്ധതയ്ക്കുള്ളതല്ല. മാധ്യമപ്രവര്‍ത്തനം ഈ രാഷ്ട്രത്തെ തകര്‍ക്കാന്‍ ഉള്ളതല്ല. ഇവിടുത്തെ സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാനും പൊതുരംഗത്തെ അഴിമതി നിര്‍മാര്‍ജനം ചെയ്യാനും പിഴവുകള്‍ ഉണ്ടെങ്കില്‍ തുറന്നുകാട്ടാനും ഉള്ളതാണ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നാല്‍ അതിന്റെ പേരില്‍ ഒരു മാധ്യമപ്രവര്‍ത്തകനെയും വേട്ടയാടുന്നില്ല. അതേസമയം പിഴവുകള്‍ പരിഹരിക്കാന്‍ നടപടികളും എടുക്കുന്നുണ്ട്. പക്ഷേ, ഭാരതത്തെ തകര്‍ക്കാന്‍ എല്ലാ രീതിയിലും പയറ്റുന്ന ഭീകരസംഘടനകള്‍ക്കൊപ്പം, അവരുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവര്‍ ചെയ്യുന്നത് മാധ്യമപ്രവര്‍ത്തനമല്ല, ഭീകരപ്രവര്‍ത്തനം തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാരെ മാറ്റി നിര്‍ത്താന്‍ പത്രപ്രവര്‍ത്തക യൂണിയനും പ്രസ് ക്ലബ്ബുകള്‍ക്കും കഴിയണം.
ഡല്‍ഹിയിലെ അറസ്റ്റില്‍ പതിവ് പ്രതിഷേധക്കാരെ അല്ലാതെ മറ്റാരെയും കണ്ടിട്ടില്ല എന്നകാര്യം കൂടി ഓര്‍മിക്കണം. ഇതിനിടെ ടെലിഗ്രാഫ് പത്രത്തിന്റെ മലയാളിയായ എഡിറ്റര്‍ രാജഗോപാലിനെ നീക്കം ചെയ്തതും മോദി സര്‍ക്കാരിന്റെ ഇടപെടലാണ് എന്നപേരില്‍ പ്രചരിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ ഉണ്ടായി. പ്രഖ്യാപിത ഇടതുപക്ഷക്കാരനും മോദി ബിജെപി വിരുദ്ധ പ്രചാരകനുമായ രാജഗോപാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഇടതുപക്ഷത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. നയവൈകല്യം കൊണ്ട് പത്രം തകര്‍ന്നടിയുകയും 18 എഡിഷനുകളില്‍ നിന്ന് കല്‍ക്കത്തയിലേക്ക് മാത്രം ചുരുങ്ങുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായത് എന്നാണ് കല്‍ക്കത്തയില്‍ നിന്ന് കിട്ടുന്ന വിവരം. ഏതായാലും നരേന്ദ്രമോദിയുടെ ഇടപെടല്‍ അല്ല പത്രത്തിന്റെ മാനേജ്‌മെന്റ് നിലപാടാണ് പ്രശ്‌നം എന്നാണ് സൂചന. ഒരു രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി അഹോരാത്രം പണിപ്പെടുന്ന നരേന്ദ്രമോദിക്ക് പിന്നില്‍ ഭാരതമുണ്ട്, ഭാരതത്തെ സ്‌നേഹിക്കുന്നവരുണ്ട്. അതിനുവേണ്ടി ജീവിതം ജീവന്‍ ബലി കൊടുക്കാമെന്ന് ദിവസവും നെഞ്ചില്‍ കൈവെച്ച് പ്രാര്‍ത്ഥന ചൊല്ലുന്ന ദേശീയ പ്രസ്ഥാനമുണ്ട്. ചൈനയെ പിന്തുണച്ച് എത്തുന്നവരില്‍ ചൈനയില്‍ നിന്ന് പണം പറ്റിയ രാഹുലും രാഹുലിന്റെ കോണ്‍ഗ്രസും കാരാട്ടും യെച്ചൂരിയും അവരുടെ പാര്‍ട്ടിയും പിന്നെ അധികാരം പിടിച്ചെടുത്ത് വീണ്ടും കാട്ടുകൊള്ളയുടെ അഴിമതിക്കയങ്ങളിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായി നില്‍ക്കുന്ന ഐഎന്‍ഡിഐഎ പാര്‍ട്ടിയും ആണ് ഉള്ളത്. ഇക്കാര്യം ഇന്ന് പൊതുജനങ്ങള്‍ക്കും മനസ്സിലാകുന്നു എന്നതാണ് മാധ്യമപ്രതിഷേധം ക്ലച്ച് പിടിക്കാതിരിക്കാനുള്ള കാരണം.