Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം നേർപക്ഷം

ഒറ്റ വറ്റല്ല, കലം തന്നെ സിപിഎം കട്ടോണ്ടു പോയി

ജി.കെ.സുരേഷ് ബാബു

Print Edition: 6 October 2023

‘ഒരു കറുത്ത വറ്റ് ഉണ്ടെന്നു കരുതി മൊത്തം വറ്റും മോശമാണെന്ന് പറയാന്‍ കഴിയുമോ?’ കരുവന്നൂര്‍ വിഷയത്തില്‍ ആദ്യമായി വായ തുറന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണിത്. കരുവന്നൂര്‍ വിഷയം ഒരു സഹകരണ ബാങ്കിലെ പ്രശ്‌നമല്ല. മുഖ്യമന്ത്രി പറയുന്നതു പോലെ ഒരു കലംവറ്റിലെ ഒരു വറ്റ് മാത്രം മോശമായതും അല്ല. മൊത്തം വറ്റും സിപിഎം സഖാക്കളുടെ നേതൃത്വത്തില്‍ കട്ടും മോഷ്ടിച്ചും കള്ളപ്പണം കലര്‍ത്തിയും സഹകരണ പ്രസ്ഥാനത്തെ മുച്ചൂടും നശിപ്പിച്ചിരിക്കുന്നു. അതിനെ വളരെ ലാഘവ ബുദ്ധിയോടെ ഒരു വറ്റു മാത്രം കേടായി എന്നുപറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളന്മാര്‍ക്ക് കൂട്ടുനില്‍ക്കുക മാത്രമല്ല, അവര്‍ക്ക് കഞ്ഞി വെക്കുകയും സംരക്ഷണം ഒരുക്കുകയും ചെയ്യുകയാണ്.

കേരളത്തില്‍ 1650 സഹകരണ ബാങ്കുകളും 16 ഓളം സഹകരണ അര്‍ബന്‍ ബാങ്കുകളും ഇതിന്റെ ശാഖകളുമാണ് നിലവിലുള്ളത്. ഇതുകൂടാതെ ആയിരക്കണക്കിന് പ്രാഥമിക സഹകരണ സംഘങ്ങളും ഒക്കെയായി സഹകരണ മേഖലയുടെ ഏതാണ്ട് 70 ശതമാനത്തിലേറെയും സിപിഎമ്മിന്റെ കൈപ്പിടിയിലാണ്. സാധാരണ കര്‍ഷകര്‍ക്ക് വായ്പ കൊടുക്കുന്നതും ഭൂപണയ ബാങ്കും കാര്‍ഷികോല്പന്നങ്ങളുടെ വിപണനത്തിനായുള്ള ബാങ്കുകളും ഒക്കെ തന്നെ സിപിഎം കൈപ്പിടിയില്‍ വച്ചിരിക്കുന്നതു കൊണ്ട് പാര്‍ട്ടി വളര്‍ത്താനും നിയമനം നല്‍കാനും അഴിമതി നടത്താനും കള്ളപ്പണം വെളുപ്പിക്കാനും ഒക്കെ കഴിയുന്നു എന്നതാണ് വസ്തുത. അതിനെ ഒരു വറ്റ് കറുത്തുപോയി എന്ന് പറഞ്ഞ് ലാഘവ ബുദ്ധിയുടെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സാധാരണ അനുവര്‍ത്തിക്കാറുള്ള ഒറ്റപ്പെട്ട സംഭവം എന്ന ചൊല്ലാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. ഡസന്‍ കണക്കിന് കാറുകളും ഡ്യൂപ്ലിക്കേറ്റ് ബ്ലാക്ക്ക്യാറ്റുകളും കമാന്‍ഡോകളും ഒക്കെയായി ഉലകം ചുറ്റുന്ന മുഖ്യമന്ത്രി തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന് മുന്നില്‍ സത്യാഗ്രഹം നടത്തുന്ന ചന്ദ്രശേഖരനെ കാണണം. വര്‍ഷങ്ങളോളം പ്രവാസിയായി ജീവിച്ച് മുഴുവന്‍ സമ്പാദ്യവും കൊണ്ടുവന്ന് കണ്ടല സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത് ഭാവി ജീവിതം കരുപ്പിടിപ്പിക്കാനും ബാങ്കില്‍ നിന്ന് കിട്ടുന്ന പലിശ കൊണ്ട് എങ്ങനെയെങ്കിലും ജീവിക്കാനും വേണ്ടിയായിരുന്നു. കുടുംബത്തിന്റെയും മക്കളുടെയും പേരില്‍ ഉണ്ടായിരുന്ന എല്ലാ സമ്പാദ്യവും സ്വരുക്കൂട്ടി 94 ലക്ഷം രൂപയാണ് ചന്ദ്രശേഖരന്‍ കണ്ടല ബാങ്കില്‍ നിക്ഷേപിച്ചത്. വൃക്കരോഗം ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് സ്വന്തം നിക്ഷേപത്തില്‍ നിന്ന് ചികിത്സയ്ക്ക് ആവശ്യമായ പണം പോലും ലഭിക്കാതെ വന്നപ്പോഴാണ് ബാങ്കിനുള്ളിലും പുറത്തുമായി സത്യഗ്രഹം നടത്തുന്നത്.

വളരെ ലാഘവ ബുദ്ധിയോടെ പ്രശ്‌നങ്ങളെ കാണുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുകാര്യം ഓര്‍മിക്കണം, കേരളത്തിലെ സഹകരണ ബാങ്കുകളും സഹകരണ സംഘങ്ങളും ഗ്രാമീണ ജീവിതത്തിന്റെ നട്ടെല്ലായിരുന്നു. ബ്ലേഡ് ബാങ്കുകാരുടെ കഴുത്തറുപ്പന്‍ കൊള്ളപ്പലിശയില്‍ നിന്ന് സാധാരണക്കാരെ കുറച്ചെങ്കിലും രക്ഷപ്പെടുത്തിയതും നിലനിര്‍ത്തിയതും ഈ സഹകരണ സ്ഥാപനങ്ങളായിരുന്നു. സഹകരണ ബാങ്കുകളുടെ വിശ്വാസ്യത എത്രമാത്രം ശക്തമായിരുന്നു എന്നത് കണ്ടല ബാങ്കില്‍ സ്വന്തം സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ച ചന്ദ്രശേഖരന്റെ ജീവിതത്തില്‍ നിന്ന് അറിയാം. അത്രമാത്രം വിശ്വാസ്യതയാണ് സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്നത്. കണ്ടല ബാങ്കില്‍ എന്‍. ഭാസുരംഗന്റെ നേതൃത്വത്തില്‍ നടന്ന തീവെട്ടിക്കൊള്ളയില്‍ കോടികളാണ് മറിഞ്ഞത്. കേരളത്തില്‍ അങ്ങോളമിങ്ങോളം സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃത്വത്തില്‍ സഹകരണ ബാങ്കുകളില്‍ നടന്ന വന്‍ കൊള്ള ഒരു കറുത്ത വറ്റ് മാത്രമാണ് എന്നുപറഞ്ഞ് തള്ളാന്‍ കഴിയുമോ? മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്ര നിസ്സാരമാണോ സഹകരണ ബാങ്കുകളിലെ പ്രശ്‌നങ്ങള്‍?

കരുവന്നൂര്‍ ബാങ്കില്‍ ഏതാണ്ട് 500 കോടി രൂപയിലേറെ ക്രമക്കേടും കള്ളപ്പണ ഇടപാടും നടന്നതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുള്ളത്. നാലുപേര്‍ ഇതുവരെ അറസ്റ്റിലായി. സിപിഎം നേതാവും വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.ആര്‍. അരവിന്ദാക്ഷനെ ചൊവ്വാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വടക്കാഞ്ചേരിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സഹകരണമേഖലയിലെ വന്‍ കുംഭകോണത്തില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎം നേതാവാണ് അരവിന്ദാക്ഷന്‍. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നതായും മുന്‍ മന്ത്രി എ.സി.മൊയ്തീന്റെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നതായും ഒക്കെ അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നു. അരവിന്ദാക്ഷന്‍ വടക്കാഞ്ചേരി പോലീസില്‍ പരാതിയും നല്‍കി. പരാതിയില്‍ കേരള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞെങ്കിലും കേസ് എടുത്തിട്ടില്ല എന്നായിരുന്നു പോലീസിന്റെ വിശദീകരണം. ചൊവ്വാഴ്ച അരവിന്ദാക്ഷനോടൊപ്പം കരുവന്നൂര്‍ ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റ് സി.കെ.ജില്‍സിനെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി കൊച്ചി ഓഫീസില്‍ വിളിച്ചു വരുത്തിയ ജില്‍സിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ തന്നെ രാഷ്ട്രീയക്കാരുടെ ബിനാമി എന്ന് ആരോപണം ഉണ്ടായിരുന്ന പി.സതീഷ്‌കുമാര്‍, പി.പി.കിരണ്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകളാണ് അരവിന്ദാക്ഷനും ജില്‍സിനും എതിരെ ചുമത്തിയിട്ടുള്ളത്. നേരിട്ടോ അല്ലാതെയോ ബോധപൂര്‍വ്വം കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ചുമത്തുന്ന ഈ വകുപ്പില്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് ഇടപാടുകള്‍ കൂടിയുള്ള പി.സതീഷ്‌കുമാറുമായുള്ള ഇടപാടുകളും ബന്ധങ്ങളുമാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത് എന്നാണ് സൂചന.

50 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്റെ പേരില്‍ സതീഷ്‌കുമാര്‍ നിക്ഷേപിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. അരവിന്ദാക്ഷന്റെ അക്കൗണ്ടില്‍ ഈ പണം വന്നത് അറിഞ്ഞുകൊണ്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ ആയിരുന്നു എന്നാണ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്. നേരത്തെ അറസ്റ്റിലായ പി.പി.കിരണും അരവിന്ദാക്ഷന്റെ പേരില്‍ 25 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. സതീഷ്‌കുമാറിന്റെയും സഹോദരന്‍ പി. ശ്രീജിത്തിന്റെയും അക്കൗണ്ടുകളില്‍ നിന്നും അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് വന്‍ തുകകള്‍ കൈമാറിയതും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. സതീഷ്‌കുമാറിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും അരവിന്ദാക്ഷനുമായുള്ള ശബ്ദസന്ദേശങ്ങളും സംഭാഷണങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചു. അവര്‍ തമ്മില്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ഇതില്‍ ലഭ്യമാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അരവിന്ദാക്ഷന്‍ അറസ്റ്റിലായത്. നേരത്തെ ഇന്റര്‍ ഡയറക്ടറേറ്റ് ചോദ്യം ചെയ്തപ്പോള്‍ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടിന്റെ വിവരങ്ങള്‍ അരവിന്ദാക്ഷന്‍ വെളിപ്പെടുത്തിയിരുന്നില്ല. ധനലക്ഷ്മി ബാങ്ക്, പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ അരവിന്ദാക്ഷന് അക്കൗണ്ട് ഉള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ഈ അക്കൗണ്ടുകളിലൂടെ 2015, 2016, 2017 വര്‍ഷങ്ങളില്‍ വലിയ പണമിടപാടുകള്‍ നടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സതീഷ്‌കുമാര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് അടിച്ചുമാറ്റിയ 50 ലക്ഷം രൂപ അരവിന്ദാക്ഷന്‍ അക്കൗണ്ടില്‍ ഇട്ടത് അറിഞ്ഞുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരോട് മറച്ചുവെക്കുകയായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. അന്വേഷണവുമായി അരവിന്ദാക്ഷന്‍ സഹകരിച്ചില്ലെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആദായനികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കിയില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കരുവന്നൂര്‍ ബാങ്കിലെ അക്കൗണ്ടന്റ് ആയിരുന്ന ജില്‍സ് ഒരേസമയം മൂന്ന് സി ക്ലാസ് അംഗത്വം എടുത്ത് ഒന്നരക്കോടി രൂപ വായ്പയായി എടുത്തു. ഇതിനു പുറമേ ജില്‍സിന്റെ അച്ഛന്‍, ഭാര്യ എന്നിവരുടെയും മറ്റു നാല് പേരുടെയും പേരില്‍ 2.75 കോടി രൂപയും വായ്പയെടുത്തു. ബാങ്കിലേക്ക് ജില്‍സ് മൊത്തം അടയ്ക്കാന്‍ ഉള്ളത് അഞ്ചുകോടിയിലേറെ രൂപയാണ്.

കരുവന്നൂര്‍ ബാങ്കിലെ അന്വേഷണം മുന്‍മന്ത്രി എ.സി.മൊയ്തീന്‍, മുന്‍ എംഎല്‍എ എം.കെ. കണ്ണന്‍ എന്നിവരിലേക്കു മാത്രമല്ല, മറ്റു പല പ്രമുഖ നേതാക്കളിലേക്കും നീങ്ങുകയാണ്. നിരോധിക്കപ്പെട്ട ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി 200 കോടിയിലേറെ രൂപ വിദേശത്തുനിന്ന് കൊണ്ടുവന്ന് വെളുപ്പിച്ചതും കരുവന്നൂര്‍ ബാങ്ക് വഴിയാണെന്ന് ആരോപണമുണ്ട്. മൂന്ന് മുന്‍ മന്ത്രിമാരും നിലവിലുള്ള ഒരു മന്ത്രിയും ഒരു മുന്‍ എംപിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളിലേക്കാണ് അന്വേഷണം നീങ്ങുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയം കളിക്കുകയാണ്, സിപിഎം നേതാക്കളെ ബോധപൂര്‍വ്വം കുടുക്കാന്‍ ശ്രമിക്കുകയാണ് തുടങ്ങിയ ആരോപണങ്ങള്‍ സാധാരണക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നു മാത്രമല്ല സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളുടെ വിശ്വാസ്യത ഏതാണ്ട് പൂര്‍ണമായും തകരുകയും ചെയ്തു. അറസ്റ്റിലായ അരവിന്ദാക്ഷന്‍ മുന്‍മന്ത്രി എ.സി.മൊയ്തീന്റെ വിശ്വസ്തനാണ്. മൊയ്തീനും അരവിന്ദാക്ഷനും വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് കൈവശമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയത് സിപിഎമ്മിനെ പൂര്‍ണമായും പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നു പറഞ്ഞ് കൈകഴുകാന്‍ കഴിയാത്ത സാഹചര്യമാണ് ഉളളത്. ഒരു വറ്റേ കറുത്തുള്ളൂ എന്നുപറഞ്ഞ് നിസ്സാരവല്‍ക്കരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതു പോലെ തന്നെയാണ് പ്രമുഖ നേതാക്കളും സഹകരണ മേഖലയിലെ ഈ വന്‍ കുംഭകോണത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചത്. കരുവന്നൂര്‍ ബാങ്കിന്റെ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് മുഴുവന്‍ കാര്യങ്ങളും തുറന്നു പറഞ്ഞ് മൊയ്തീനും എം.കെ.കണ്ണനും അടക്കമുള്ള നേതാക്കളുടെ പങ്കിന്റെ തെളിവുകളും രേഖകളും കൈമാറിയത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ്. ഏരിയ കമ്മിറ്റി വരെ പോലും എത്താത്ത അന്വേഷണ റിപ്പോര്‍ട്ട് പോലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ കിട്ടി എന്നത് പാര്‍ട്ടിയിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ തീവ്രത തുറന്നുകാട്ടുന്നതാണ്. മന്ത്രി എം.ബി.രാജേഷും ബാങ്ക് തട്ടിപ്പിനെ നിസ്സാരമെന്ന രീതിയിലാണ് കണ്ടത്. പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കരുവന്നൂര്‍ ഒക്കെ നിസ്സാരമാണെന്ന് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മന്ത്രി പ്രതികള്‍ക്കൊപ്പമാണെന്നും സഹകരണ ബാങ്കുകളിലെ കൊള്ളകളെ ന്യായീകരിക്കുകയാണെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നതോടെ മന്ത്രി പ്രസ്താവന തിരുത്തി കരുവന്നൂര്‍ കൊള്ള ക്രമക്കേട് ഗൗരവമാണെന്ന് പറഞ്ഞു. മന്ത്രി പി.രാജീവും സ്പീക്കര്‍ ഷംസീറും കരുവന്നൂര്‍ കൊള്ള ഗൗരവമാണെന്ന അഭിപ്രായക്കാരായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഹകരണ മേഖല തകര്‍ക്കാനും പാര്‍ട്ടിക്കാരെ വേട്ടയാടനുമാണ് ശ്രമിക്കുന്നത് എന്ന ആരോപണമാണ് ഉയര്‍ത്തിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും പ്രതിസ്ഥാനത്തുള്ളവരെ ന്യായീകരിക്കുന്ന രീതിയിലുള്ള നിലപാടാണ് സ്വീകരിച്ചത്. കണ്ടലയിലും കരുവന്നൂരും അയ്യന്തോളും എല്ലായിടത്തും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരും ഓട്ടോറിക്ഷക്കാരും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും കൃഷിക്കാരും അടങ്ങിയ ഏറ്റവും താഴെത്തട്ടിലുള്ള പാവങ്ങളാണ് പണം നിക്ഷേപിച്ചത്. വിദേശരാജ്യങ്ങളില്‍ മരുഭൂമികളില്‍ പണിയെടുത്ത് മിച്ചം വച്ച പണവുമായി വന്ന പാവം പ്രവാസികളും പണം നിക്ഷേപിച്ചിട്ടുണ്ട്. അവര്‍ ആരും ഉയര്‍ന്ന ജീവിതം നയിക്കുന്നവരല്ല. അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമാണ്. മക്കളുടെ വിവാഹത്തിനും ചികിത്സക്കും ഒക്കെ ഈ പണം പ്രതീക്ഷിച്ചവരാണ്. അവരെയൊക്കെയാണ് ചെങ്കൊടിയുടെ തണലില്‍ വിരിയുന്ന വര്‍ഗ്ഗവികാരത്തിന്റെ പേരില്‍ സിപിഎം നേതൃത്വം പറ്റിച്ചതും നിലംപരിശാക്കിയതും. ഇന്ന് സിപിഎം നേതൃത്വത്തോടും സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹികളോടും സാധാരണക്കാര്‍ക്ക് വിശ്വാസമില്ലാത്ത സാഹചര്യം സംജാതമായിരിക്കുന്നു. പിണറായി പറയുന്ന ഒറ്റ വറ്റ് അല്ല സഹകരണ പ്രസ്ഥാനം എന്ന കലം. ഈ കലം തന്നെ സിപിഎം കട്ട് കടത്തികൊണ്ടു പോയിരിക്കുന്നു എന്നതാണ് സത്യം. സഹകരണ മേഖലയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അതിശക്തമായ ഇടപെടല്‍ അനിവാര്യമാണ്. ബാങ്കുകളിലെ കൊള്ള മുഴുവന്‍ സിബിഐ അന്വേഷിക്കട്ടെ. എന്നാലേ സിപിഎമ്മിന്റെ ഭീകരബന്ധം കൂടി പുറത്തുവരു.

Share13TweetSendShare

Related Posts

ചരിത്രനിഷേധത്തിലെ ചതിക്കുഴികള്‍

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടി

വേടനും ബിന്ദുവും പിണറായിയുടെ ഇരട്ടത്താപ്പും

പാകിസ്ഥാനുവേണ്ടി പത്തി ഉയര്‍ത്തുന്നവര്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies