പ്രൊഫ. ടി.പി.ശങ്കരന്‍കുട്ടി നായരെ രണ്ടുപ്രാവശ്യം ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ അമേരിക്കന്‍ സ്റ്റഡീസിന്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുകയുണ്ടായി. ആന്ധ്രയിലെ ശ്രീ.വെങ്കിടേശ്വര സര്‍വ്വകലാശാലയിലും തമിഴ്‌നാട്ടിലെ ചിദംബരത്തുള്ള അണ്ണാമലൈ സര്‍വ്വകലാശാലയിലും നടന്ന ത്രിദിന സമ്മേളനങ്ങളുടെ ഉദ്ഘാടനവും അദ്ധ്യക്ഷ പ്രസംഗവും നിര്‍വഹിച്ച അദ്ദേഹം പാശ്ചാത്യ ലോകത്ത് എത്ര ഭൗതികാഭിവൃദ്ധി ഉണ്ടായിരുന്നാലും അവര്‍ക്കില്ലാത്തത് ഭാരതത്തിനുണ്ടെന്ന് ചൂണ്ടിക്കാട്ടി. അവര്‍ക്കില്ലാത്തും ഭാരതത്തിനുള്ളതും ആദ്ധ്യാത്മിക പാരമ്പര്യമാണ്. വള്ളിക്കാവിലെ അമൃതാനനന്ദമയി ആശ്രമത്തിലും ബാംഗ്ലൂരിലെ ശ്രീശ്രീ.രവിശങ്കര്‍ ആശ്രമത്തിലും സിര്‍ദിയിലേയും പുട്ടപര്‍ത്തിയിലേയും സത്യസായി ആശ്രമങ്ങളിലും ലക്ഷക്കണക്കിന് ജനങ്ങള്‍ വരുന്നതും അതില്‍ ആയിരക്കണക്കിന് പാശ്ചാത്യര്‍ പങ്കെടുക്കുന്നതും ഈ അദ്ധ്യാത്മികയുടെ അംശം കൈപ്പറ്റാനാണ്.
ട്രൗസറും ബനിയനുമിട്ട് സത്യസായി ആശ്രമങ്ങളില്‍ക്കാണുന്ന പലരേയും പ്രൊഫസര്‍ ശങ്കരന്‍കുട്ടി നായര്‍ അഭിമുഖത്തിന് ക്ഷണിക്കുകയും അശാന്തി തങ്ങളുടെ ജീവിതത്തെ കാര്‍ന്നു തിന്നുന്നതായി അവര്‍ പറഞ്ഞതായും ഇദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. കോടിക്കണക്കിന് ആസ്തി ഉള്ളവരാണ് ആശ്രമങ്ങളില്‍ അദ്ധ്യാത്മികത തേടിയെത്തുന്നത്. എല്ലാം ഉണ്ടായിട്ടും അവര്‍ക്ക് മനസ്സംതൃപ്തിയില്ല. സ്വസ്ഥമായിട്ട് ഒന്ന് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല. മനസ്സിന്റെ വ്യാധിയാണിതിനു കാരണം. ഹരേകൃഷ്ണ പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്നതും ഈ ആദ്ധ്യാത്മികത കാരണമാണ്. ഞായറാഴ്ചകളില്‍ യൂറോപ്യന്‍ പള്ളികളില്‍ ഇന്ന് വലിയ ജനക്കൂട്ടമൊന്നുമില്ല. മധ്യകാലത്ത് ഉണ്ടായിരുന്ന ജനക്കൂട്ടത്തിന് വേണ്ടി കെട്ടിയ വലിയ പ്രാര്‍ത്ഥനാഹാളുകള്‍ ഇന്ന് ഹോട്ടലുകളോ ലോഡ്ജുകളോ ഒക്കെ ആക്കി മാറ്റിയിരിക്കുകയാണ്. കാരണം സണ്‍ഡേ മാസ്സിനുപോലും വിരലിലെണ്ണാവുന്നവരാണ് എത്തുന്നത്. പതിമൂന്ന് പതിന്നാലു വയസ്സായാല്‍ കൗമാരം തികഞ്ഞവര്‍ ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കും. അതുമൂലം ഉപജീവനവും നടക്കും. ഭാരതത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന് പോകുന്നവര്‍ക്ക് സാമ്പത്തിക സഹായം പരിമിതമാണ്. അതുകൊണ്ടവര്‍ – ജോലികിട്ടുന്നതുവരെയെങ്കിലും – അച്ഛനമ്മമാര്‍ പറയുന്നതുകേട്ട് പ്രവര്‍ത്തിക്കുന്നു. പാശ്ചാത്യലോകത്ത് കുട്ടികള്‍ ജോലികിട്ടിയാലും ഇല്ലെങ്കിലും കൗമാരകാലത്ത് എതിര്‍ലിംഗത്തിലുള്ളവരുമായി സൗഹൃദത്തിനും പ്രേമത്തിനും പ്രണയത്തിനും ലൈംഗിക ഭോഗത്തിനും ശ്രമിക്കുന്നു. ഇത് തടയാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമാണ് ഭാരതീയ -പാശ്ചാത്യലോകത്ത് ജോലിനോക്കുന്നവര്‍ ചെയ്യുന്നതും. അവര്‍ മക്കളെ ഭാരതത്തിലേക്ക് അയക്കുന്നതും അമ്മൂമ്മമാരുടെ പരിചരണത്തിന് എന്ന വ്യാജേന അമ്മൂമ്മമാരുടെ നിയന്ത്രണത്തിന് വിധേയമാക്കി നല്ല നിലയിലാക്കുന്നു. അമ്മൂമ്മമാരില്ലാത്തവര്‍ നല്ല ബോര്‍ഡിങ്ങ് സ്‌കൂള്‍-കോളേജുകളെ ആശ്രയിക്കുന്നു. എന്നിട്ട് അവര്‍ ജോലി സ്ഥലത്തേക്ക് മടങ്ങുന്നു. യൂറോപ്പിലെയും അമേരിക്കയിലേയും ഡേറ്റിങ്ങ് മാറ്റാന്‍ ആര്‍ക്കും സാധ്യമല്ലാതായിരിക്കുന്നു. വെറും ഡേറ്റിങ്ങ് മാത്രമല്ല ലൈംഗികതയും അതുമൂലമുള്ള മാനസിക അരാജകത്വവും അവരെ തകര്‍ക്കുന്നു. ഈ തകര്‍ച്ചയില്‍ നിന്നുള്ള മോചനത്തിനാണ് ഇസ്‌ക്കോണ്‍പോലുള്ള ശാന്തികേന്ദ്രങ്ങളെ അവര്‍ ആശ്രയിക്കുന്നത്. ഇതുതന്നെയാണ് ഭാരതത്തിലെ ആശ്രമങ്ങളില്‍ ആയിരക്കണക്കിന് പാശ്ചാത്യര്‍ ആദ്ധ്യാത്മിക തേടിയെത്തുന്നതിനും കാരണം. ഇതായിരുന്നു ഡോ.ടി.പി. ശങ്കരന്‍കുട്ടി നായരുടെ സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിന്റെ കാതല്‍. മുന്നൂറിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ ഇറാന്‍, ശ്രീലങ്ക, തായ്‌വാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുപോലും പ്രതിനിധികള്‍ എത്തിയിരുന്നു. ഈ സമ്മേളനങ്ങള്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ഡോ.ശങ്കരന്‍കുട്ടിനായര്‍ കേസരിക്ക് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
അമേരിക്കന്‍ പഠനകേന്ദ്രവുമായി അങ്ങ് എങ്ങിനെയാണ് ബന്ധപ്പെട്ടത്?
♠ആധുനിക ലോകത്തെ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളാണ് ഭാരതവും അമേരിക്കയും. അതിപ്രാചീനമായ അസ്‌ടെക് സംസ്‌ക്കാരവുമായി ഇന്നത്തെ അമേരിക്കന്‍ സംസ്‌ക്കാരത്തിന് വലിയ ബന്ധമൊന്നുമില്ല എന്ന് അമേരിക്കക്കാര്‍ പോലും പറയും. 1980ല്‍ ബോംബെയിലെ അമേരിക്ക പഠനകേന്ദ്രത്തില്‍ ഒരു സെമിനാറില്‍ സംബന്ധിക്കുവാന്‍ പോയപ്പോള്‍ ഭാരതത്തെക്കുറിച്ചും ക്ഷേത്ര സംസ്‌ക്കാരത്തെക്കുറിച്ചും അമേരിക്കക്കാര്‍ നടത്തുന്നത്ര പഠനങ്ങള്‍ മറ്റു രാജ്യക്കാര്‍ നടത്തുന്നില്ല എന്ന് ബോധ്യപ്പെട്ടു. ഭാരതീയര്‍ പോലും അത്രയും പഠനങ്ങള്‍ നടത്തുന്നില്ല. അപ്പോള്‍ അമേരിക്കന്‍ പഠനകോണ്‍ഗ്രസ്സുമായുള്ള ബന്ധം നിലനിറുത്തി. പില്‍ക്കാലത്ത് അവര്‍ സമീപിച്ചപ്പോള്‍ അതില്‍ അംഗമായി. മധുര, ബോംബെ, ചണ്ഡീഗര്‍, കല്‍ക്കത്ത, ചിദംബരം, കോയമ്പത്തൂര്‍, ഹൈദരാബാദ്, വാറങ്കല്‍ തുടങ്ങിയ സമ്മേളനങ്ങളില്‍ പങ്കെടുത്തു. 2010-ല്‍ കോയമ്പത്തൂരില്‍ നടന്ന കോണ്‍ഫറന്‍സ് ഈ സംഘടനയുടെ ദേശീയ അദ്ധ്യക്ഷനായി തെരെഞ്ഞെടുത്തു. 2012 ല്‍ ചിദംബരത്തെ അണ്ണാമലൈ സര്‍വ്വകലാശാലയില്‍ നടന്ന സമ്മേളനത്തില്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അപൂര്‍വ്വമായിട്ടാണ് രണ്ടു പ്രാവശ്യം തുടര്‍ച്ചയായി ഒരാളെ പ്രസിഡന്റാക്കുന്നത്. സാധാരണ ചരിത്രം, രാഷ്ട്രമീമാംസ, സാഹിത്യം എന്നീ വിഷയങ്ങളില്‍ നിന്നുള്ളവരെ മാറിമാറിയായിരുന്നു പ്രസിഡന്റാക്കിയിരുന്നത്.
ശാസ്ത്രകാരനാവേണ്ടിയിരുന്ന താങ്കള്‍ ചരിത്രകാരനായതെങ്ങനെയാണ്?
♠ഡിഗ്രി നേടുന്നതിനു മുമ്പ് ഗണിത ശാസ്ത്രത്തിലായിരുന്നു താല്പര്യം. തിരുവനന്തപുരം ഗവ: ആര്‍ട്‌സ് കോളേജില്‍ ചേര്‍ന്നപ്പോള്‍ (ചരിത്രം) പ്രിന്‍സിപ്പല്‍ കോശി സാര്‍ ഗണിതശാസ്ത്രം എടുത്ത് പഠിക്കാന്‍ നിര്‍ബന്ധിച്ചു. എന്നിട്ടും ചരിത്രത്തില്‍ തന്നെ ഉറച്ചു നിന്നു. അപ്പോഴേക്കും പ്രൊഫസര്‍ ഗുഹന്‍ നായര്‍, പ്രൊഫ.എന്‍. വേലായുധന്‍ നായര്‍,(റിട്ട.ഡിജിപി ശ്രീലേഖയുടെ പിതാവ്), പ്രൊഫ.ബി. ഹൃദയ കുമാരി, പ്രൊഫ.സി.കെ. രവീന്ദ്രന്‍ നായര്‍, പ്രൊഫ.എന്‍. ഈ മുത്തുസ്വാമി, പ്രൊഫ. ടി.കെ. ഭാസ്‌കരവര്‍മ്മ എന്നിവരുടെ ക്ലാസ്സുകളില്‍ ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു. ഗണിതശാസ്ത്രത്തിലെ താല്പര്യം കളഞ്ഞതില്‍ ദുഃഖമില്ല. അതായിരുന്നുവെങ്കില്‍ ശാസ്ത്രജ്ഞനോ എന്‍ജീനിയറോ ആകുമായിരുന്നിരിക്കണം. അതിനേക്കാള്‍ താല്പര്യം അന്നും ഇന്നും ചരിത്രത്തില്‍തന്നെ.
സാഹിത്യം (ഇംഗ്ലീഷ്) എടുക്കാതെ എന്തുകൊണ്ട് വീണ്ടും ചരിത്രത്തില്‍ ഉറച്ചുനിന്നു?
♠പ്രൊഫ. സി.കെ. രവീന്ദ്രന്റെ യുലീസസ് എന്ന കാവ്യം (കവി ആല്‍ഫഡ് ടെന്നിസണ്‍ രചിച്ചത്) സാഹിത്യത്തില്‍ താല്പര്യം വളര്‍ത്തിയെങ്കിലും ഉപരിപഠനത്തിന് കേരള ചരിത്രം തന്നെയെടുത്തു. യൂണിവേഴ്‌സിറ്റിയില്‍ അന്ന് തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെ ഒറ്റ സര്‍വ്വകലാശാലയേ ഉണ്ടായിരുന്നോള്ളൂ. അവിടെ നിന്നും ഒന്നാം റാങ്ക് നേടിയതില്‍ അഭിമാനമുണ്ട്. എം.എക്ക് രണ്ടാം റാങ്കായിരുന്നു. 1970-72 കാലത്ത് ദിവാന്‍ പേഷ്‌ക്കാര്‍, പി.ശങ്കുണ്ണി മേനോന്‍ പുരസ്‌ക്കാരം, ഏ.ഗോപാലമേനോന്‍ സമ്മാനം, ആര്‍. എസ്. ലപ്പര്‍ സമ്മാനം എന്നിവയും മഹാദേവ അയ്യര്‍ഗുഡ് കോണ്‍ഡക്റ്റ് പ്രൈസും ലഭിച്ചു. ദിവാന്‍ പേഷ്‌ക്കാര്‍ ശങ്കുണ്ണിമേനോന്റെ പുത്രന്മാരാണ് ചരിത്രകാരനായ കെ.പി. പത്മനാഭമേനോനും, മലയാളി മെമ്മോറിയല്‍ തയ്യാറാക്കിയ അഡ്വ.കെ.പി.ശങ്കരമേനോനും. പ്രൊഫ.ഏ. ഗോപാല മേനോന്‍, ഗവ.ആര്‍ട്‌സ് കോളേജിലെ തന്നെ ചരിത്ര പ്രൊഫസറും പ്രിന്‍സിപ്പലുമായിരുന്നു (1935-1937).
എം.എ. കഴിഞ്ഞിട്ട് എങ്ങിനെയായിരുന്നു ജോലിയുടെ പ്രാരംഭം?
♠അന്നൊക്കെ എം.എക്ക് റാങ്ക് കിട്ടിയാല്‍ എല്ലാവരും ഗവേഷണത്തിന് പോകും. എന്റെ ഗുരുനാഥന്മാരായ ആര്‍. ഈശ്വരപിള്ള, ഡോ.എന്‍. രാജേന്ദ്രന്‍, എന്‍. പ്രഭാകരന്‍, പി.ജനാര്‍ദ്ദനപ്പണിക്കര്‍, പി.ജി.എഡ്വിന്‍, ലോറന്‍സ് ലോപ്പസ് തുടങ്ങിയവരും എന്നെ ചരിത്രഗവേഷണത്തിന് പ്രേരിപ്പിച്ചു. ഈശ്വരപിള്ള സാര്‍ ഗവേഷണം തുടങ്ങുന്നതിനുമുമ്പ് നാലുപേരെ കാണണമെന്ന് നിര്‍ദ്ദേശിച്ചു. ഡോ. ശൂരനാട്ട് കുഞ്ഞന്‍പിള്ള, വി.ആര്‍.പരമേശ്വരന്‍പിള്ള, പ്രൊഫ. ഏ.ശ്രീധരമേനോന്‍, ഇളംകുളം കുഞ്ഞന്‍പിള്ള. ഇവരെ നാലുപേരേയും കണ്ടശേഷമാണ് ഗവേഷണത്തിനായി കേരള സര്‍വ്വകലാശാലയില്‍ ചേര്‍ന്നത.് മേല്‍പ്പറഞ്ഞവര്‍ പുതിയ വിഷയം തെരഞ്ഞെടുക്കണമെന്നും ഓരോചുവടും സൂക്ഷിച്ചുവേണമെന്നും നിര്‍ദ്ദേശിച്ച് അവരുടെ പല കൃതികളും എനിക്ക് നല്‍കി. ഇതെല്ലാം വായിച്ചശേഷമായിരുന്നു ജോണ്‍ മണ്ട്രോവിന്റെ ഭരണകാലം ഗവേഷണ വിഷയമായി തെരെഞ്ഞടുത്തത്. ഡോ. ടി.കെ. രവീന്ദ്രന്റെ കീഴില്‍ അന്ന് ഗവേഷണത്തിന് ഒഴിവില്ലാത്തതിനാല്‍ പ്രൊഫ. ഏ.പി. ഇബ്രാഹിംകുഞ്ഞിന്റെ കീഴില്‍ ഞാനും ഡോ. ബി.ശോഭനനും ഗവേഷണമാരംഭിച്ചു. ഗവേഷണത്തിന് കേരള യൂണിവേഴ്‌സിറ്റി മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചുവെങ്കിലും അതു വാങ്ങാനായില്ല. അതിനുമുമ്പ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍ ട്രെയിനി ആയി. രാഷ്ട്രീയമായ കാരണങ്ങളാല്‍ അന്നത്തെ അച്ച്യുതമേനോന്‍ സര്‍ക്കാര്‍ ഞങ്ങളെ പിരിച്ചുവിട്ടു. പരേതരായ എന്‍.വി.കൃഷ്ണവാരിയരും പി.റ്റി. ഭാസ്‌ക്കരപ്പണിക്കരും പിരിച്ചുവിടരുത് എന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അത് ശ്രദ്ധിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. അതിനുകാരണമായി ഇദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.ഗോവിന്ദപിള്ള പില്‍ക്കാലത്ത് എന്നോട് പറഞ്ഞത് സി.പി.ഐയുടെ പല സ്ഥാനാര്‍ത്ഥികളും അത്തരം ജോലിക്ക് അപേക്ഷിച്ചിരുന്നു. ഭാസ്‌ക്കരപ്പണിക്കരും കൃഷ്ണവാര്യരും കടുംപിടിത്തമാണ് കാണിച്ചത്, പാര്‍ട്ടിക്കാരെ ശ്രദ്ധിച്ചില്ല. സ്വാഭാവികമായും ഞങ്ങളുടെ നിയമനങ്ങളെ – മെറിറ്റ് മാത്രം നോക്കി – അംഗീകരിച്ചിരുന്നില്ലെന്നാണ്. ഇതിനിടയില്‍ തന്നെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജൂനിയര്‍ ലെക്ച്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ ഇന്റര്‍വ്യു നടന്നു. എനിക്ക് അതുവഴി ജോലികിട്ടി. ആദ്യം (1975 ല്‍) കോഴിക്കോട് ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍. പിന്നീട് പാലക്കാട് വിക്‌ടോറിയ കോളേജ്, ചിറ്റൂര്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, ഗവ: വിമന്‍സ് കോളേജ്, കാസര്‍കോഡ് കോളേജ്, തൃശ്ശൂര്‍ അച്ചുതമേനോന്‍ കോളേജ് തുടങ്ങി 17 കോളേജുകളില്‍ പ്രവര്‍ത്തിച്ചു. അവസാനം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ചരിത്രവകുപ്പധ്യക്ഷനായി വിരമിച്ചു. ഇതിനിടയില്‍ (1995-97) രണ്ടുവര്‍ഷം പുതിയതായി തുടങ്ങിയ ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ വള്ളത്തോള്‍ പഠനകേന്ദ്രം ഡയറക്ടറായി. പുതിയൊരു കേരള ചരിത്രകോഴ്‌സാണിവിടെ നടപ്പിലാക്കിയത്. പില്‍ക്കാലത്തെ ഇടതു സര്‍ക്കാറും ഇടത് സിന്‍ഡിക്കേറ്റും കേരള പഠന കോഴ്‌സ് മാറ്റി സാധാരണ എം.എ.ചരിത്ര കോഴ്‌സാക്കി. പുതിയതായി തുടങ്ങിയ കേരള ചരിത്ര സാംസ്‌ക്കാരിക ജേണല്‍ നിര്‍ത്തിവയ്ക്കാനും പുതിയ ഇടതു സര്‍ക്കാറിന്റെ യൂണിവേഴ്‌സിറ്റി രജിസ്റ്റര്‍ പ്രൊഫ.കെ.ജി.പൗലോസ് കല്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ.എന്‍.പി. ഉണ്ണി മൗന സാക്ഷി. കാരണം ആദ്യ വൈസ് ചാന്‍സലര്‍ ആര്‍.രാമചന്ദ്രന്‍ നായര്‍ തുടങ്ങിയതൊക്കെ നിറുത്തുക എന്ന കര്‍മ്മമാണവര്‍ കൈക്കൊണ്ടത്. ആദ്യ വൈസ് ചാന്‍സലര്‍ പടുത്തുയര്‍ത്തിയ യൂണിവേഴ്‌സിറ്റി ഹാളില്‍ ഇരുന്നുകൊണ്ട് കുറേപ്പേരെ പിരിച്ചുവിടാനും ഇടതുപക്ഷകാരെ നിയമിക്കാനും തുളസീവനത്തെ ദ്രോഹിക്കാനും മാത്രം സാധിച്ചു. വള്ളത്തോള്‍ പഠനകേന്ദ്രം നിന്നു. ഇന്ന് സാധാരണ എം.ഏ കോഴ്‌സും ഗവേഷണവും നടക്കുന്നു. ഇന്തോളജി തുടങ്ങി എം.എ.ക്ക.് അതും നിര്‍ത്തി. ഇക്കാലത്ത് 29 പേപ്പറുകളുടെ സിലബസ് തയ്യാറാക്കി.

ചരിത്ര രചനയിലേക്ക് കടന്നത് എന്നു മുതലാണ്
♠ജോണ്‍ മണ്ട്രോവിന്റെ ഗവേഷണത്തിന് മദിരാശിയിലെ പുരാരേഖാലയത്തില്‍ പോയപ്പോള്‍ അവിടെ പഴശ്ശിരാജാ, വേലുത്തമ്പി എന്നിവരെക്കുറിച്ചുള്ള രേഖകള്‍ പൊടിപിടിച്ച് കിടക്കുന്നതു കണ്ടു. ഡോക്ടര്‍ ആവുന്നതിന് മുമ്പ് ഇത് പ്രസിദ്ധീകരിക്കണമെന്ന് തോന്നി. ഇത് പഠനവിഷയമാക്കി 1976 ല്‍ അ ഠൃമഴശര ഉലരമറല ശി ഗലൃമഹമ ഒശേെീൃ്യ എന്ന പേരില്‍ കേരള ഹിസ്റ്റോറിക്കല്‍ സൊസൈറ്റി ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. ആയിടയ്ക്ക് കേരള സര്‍വ്വകലാശാലയുടെ കെ.പി.പണിക്കര്‍ പ്രൈസിന് എന്‍ട്രികള്‍ ക്ഷണിച്ചപ്പോള്‍ പ്രസ്തുത പുസ്തകവും ഞാന്‍ നല്‍കി. രണ്ടുവര്‍ഷം കഴിഞ്ഞാണ് പുരസ്‌ക്കാരം നിര്‍ണ്ണയിക്കപ്പെട്ടത്. ആദ്യം എനിക്കും ഡോ.കെ.കെ.എന്‍.കുറുപ്പിന്റെ തെയ്യത്തിനും ചേര്‍ന്ന് പുരസ്‌കാരം നല്‍കാന്‍ ശുപാര്‍ശ വന്നു. എക്‌സ്‌പെര്‍ട്ടില്‍ ഒരാള്‍ ഡോ.കുറുപ്പിന്റെ വകുപ്പിലെ പ്രൊഫസറായിരുന്നതിനാല്‍ (ഡോ.എം.പി.എസ്) കേരള യൂണിവേഴ്‌സിറ്റി, കേരളത്തിന് വെളിയില്‍ അയച്ചു. അവര്‍ എന്റെ ഗ്രന്ഥത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. പില്‍ക്കാലത്ത് ഈ ഗ്രന്ഥത്തിലെ പഴശ്ശിയും ശക്തന്‍തമ്പുരാനും വേലുത്തമ്പിയും കൂടുതല്‍ വിശദമായപഠനത്തിന് വിഷയമായി. ‘മോഡേണ്‍ ഇന്ത്യ’ , ലോകചരിത്രം, ചൈനയുടെ ചരിത്രം, മോഡേണ്‍ ഇന്ത്യ: ഇന്നലെയും ഇന്നും, സൊസൈറ്റി ആന്‍ഡ് പൊളിറ്റിക്‌സ്, കോണ്‍ടെംബററി ഇന്ത്യ, ലാസ്റ്റ് ഫെയ്‌സ് ഓഫ് ഫ്രീഡം സ്ട്രഗിള്‍, ലാസ്റ്റ് ഫെയ്‌സ് ഓഫ് മൊണാര്‍ക്കി, കല്ലമ്മന്‍ ക്ഷേത്ര ചരിത്രം, രവീന്ദ്രനാഥടാഗോര്‍, ഡോ.വി.ഐ.സുബ്രഹ്‌മണ്യം ശതാഭിഷേക ഗ്രന്ഥം തുടങ്ങി രണ്ട് ഡസനിലധികം ഗ്രന്ഥങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയതും എഡിറ്റ് ചെയ്തതുമായി ഉണ്ട്. ചൈനയുടെ ചരിത്രം അന്ന് മലയാളഭാഷയിലെതന്നെ ഈ വിഷയത്തിലുള്ള ആദ്യ ഗ്രന്ഥങ്ങളിലൊന്ന് വൈക്കം ചന്ദ്രശേഖരന്‍നായരുടെ ‘ഇന്ത്യയും ചൈനയും’എന്ന ഗ്രന്ഥം മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് വിശദമായ ഒരു പ്രാചീന ചൈനയുടെ ചരിത്രം വേണമെന്ന് ഡോ.എന്‍.വി.കൃഷ്ണവാര്യര്‍ അഭിപ്രായപ്പെട്ടതുമൂലം അത് എഴുതി സമര്‍പ്പിച്ചു. അദ്ദേഹം സത്വര നടപടികള്‍ കൈക്കൊണ്ടു. ചൈനയുടെ ചരിത്രം 1974 ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു.
‘ഏലൂര്‍’ എന്ന ഗ്രന്ഥം രചിക്കാനുള്ള പ്രേരണ എന്തായിരുന്നു.
♠പി.എന്‍.പണിക്കരും, പി.റ്റി.ഭാസ്‌കരപ്പണിക്കരും പറഞ്ഞതനുസരിച്ചാണ് 1978 ല്‍ ഏലൂര്‍ അഥവാ ഉദ്യോഗമണ്ഡല്‍ എന്ന ലഘുഗ്രന്ഥം എഴുതിയത്. ഞാന്‍ ഏലൂര്‍ തച്ചേത്തു പുത്തന്‍വീട്ടിലാണ് ജനിച്ചത്. അതുകൊണ്ട് അവിടം കേന്ദ്രമാക്കി – വ്യാവസായികമേഖല – ഒരു രചന ആവശ്യപ്പെട്ടപ്പോള്‍ സസന്തോഷം സ്വീകരിച്ചു. പെരിയാറാല്‍ ചുറ്റപ്പെട്ട ഏലൂരില്‍ ജനിച്ച ഞാന്‍ പ്രാഥമിക വിദ്യാഭ്യാസാനന്തരമാണ് തിരുവനന്തപുരം ദത്തെടുത്തത്. 1960 ആറാട്ട് ദിവസം ഏപ്രില്‍ മാസത്തിലാണ് ഇവിടെ വന്നത് ആദ്യം ശാസ്തമംഗലത്തും പിന്നെ തമ്പാനൂര്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സ്ഥിരവാസം. അച്ഛനും (കെ.സി.ദാമോദരന്‍പിള്ള) അമ്മാവനും (വിദ്വാന്‍ ടി.പി.രാമകൃഷ്ണ പിള്ള) ഹൈസ്‌ക്കൂള്‍ അധ്യാപകരായിരുന്നു. വിദ്വാന്‍ ടി.പി. നിര്യാതനായശേഷമാണ് അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. വിദ്വാന്‍ ടി.പി.യുടെ കലാകൗതുകം പോലുള്ള ചെറുകഥാ ഗ്രന്ഥങ്ങള്‍ മദിരാശി സര്‍വ്വകലാശാലയില്‍ ഉപപാഠപുസ്തകമായിരുന്നു (1948).
ഇന്‍ഡിസ് എന്ന സംഘടനയുമായുള്ള ബന്ധം?
♠1980 ല്‍ ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ് (അന്തര്‍ വൈജ്ഞാനിക പഠനം) എന്ന സംഘടന രജിസ്റ്റര്‍ ചെയ്തു.സ്‌പെഷ്യലൈസേഷന്റെ കാലത്ത് പല വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയവര്‍ ഒരുമിച്ചിരുന്നാല്‍ പ്രശ്‌നപരിഹാരം എളുപ്പമാകുമെന്ന പി.റ്റി.ബി.യുടെ ആശയമാണിതിന് വഴിയൊരുക്കിയത്. ദ്രാവിഡ പഠനകേന്ദ്രം (ഡി.എല്‍.എ) ഡയറക്ടറും തമിഴ് യൂണിവേഴ്‌സിറ്റിയുടെ പില്‍ക്കാല വൈസ് ചാന്‍സലറുമായിരുന്ന ഡോ. വി.ഐ.സുബ്രഹ്‌മണ്യവും, പി.റ്റി.ബി.യും ചേര്‍ന്ന് ഒരു യോഗം വിളിക്കുകയും അതില്‍ എന്നെ സെക്രട്ടറിയാക്കുകയും ചെയ്തു. ഇന്‍ഡിസ് എന്ന ചുരുക്കപ്പേരും ഇന്‍ഡിസ് റിവ്യൂ എന്ന നാമത്തില്‍ ഒരു പത്രികയും പ്രസ്തുത സ്ഥാപനത്തില്‍ നിലനിന്നു (2006 വരെ). പലതരം സെമിനാറുകളും അനുസ്മരണങ്ങളും നടത്തി. പി.റ്റി.ബി.യുടെ കാലത്ത് വര്‍ഗീയത, കാര്‍ഷിക നയം, സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനം തുടങ്ങിയ വിഷയങ്ങളില്‍ ദേശീയ സെമിനാറുകള്‍ നടത്തി ഇന്‍ഡിസ് ശ്രദ്ധയാകര്‍ഷിച്ചു. ഗാന്ധിയനായിരുന്ന ജി.രാമചന്ദ്രന്‍ ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് (വൈ.എം.സി.എ. ഹാള്‍) ഇങ്ങിനെ പറഞ്ഞു: ”ഇതൊരു സെമിനാര്‍ മാത്രമല്ല, ഇതൊരു പ്രസ്ഥാനമാണ്. ഡോ. നായരുടെ കൈകള്‍ക്ക് നിങ്ങള്‍ ഓരോരുത്തരും ശക്തിപകരണം.” ഡോ. എം.എസ്.വല്യത്താന്‍, കെ.വി.കുമാരന്‍, കെ.വി.സുരേന്ദ്രനാഥ്, ജി.കാര്‍ത്തികേയന്‍, എം.എം.ഹസന്‍, എ.പി.ഉദയഭാനു, എം.കെ.കുമാരന്‍, ഡോ.വി.കെ.സുകുമാരന്‍ നായര്‍, ഡോ.എം.വി.പൈലി, പത്മവിഭൂഷന്‍ പി.പരമേശ്വര്‍ജി, സി.വി.പത്മരാജന്‍, കെ.പങ്കജാക്ഷന്‍, പി.കെ. അയ്യങ്കാര്‍, പത്മശ്രീ പ്രൊഫ.എന്‍. ബാലകൃഷ്ണന്‍ നായര്‍, പ്രൊഫ.വി.കെ.ദാമോദരന്‍, ഡോ. പി.ജെ.അലക്‌സാണ്ടര്‍ (മുന്‍ ഡി.ജി.പി), ഡോ. എം.എം.ജേക്കബ്, ജി.ഭാസ്‌കരന്‍ നായര്‍ (മുന്‍ ചീഫ് സെക്രട്ടറി), ആര്‍.രാമചന്ദ്രന്‍ നായര്‍, വി.രാമചന്ദ്രന്‍, പത്മാ രാമചന്ദ്രന്‍, ഡോ.എന്‍.ഈ.വിശ്വനാഥയ്യര്‍, ഡോ.കെ.ശ്രീനിവാസന്‍, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.എന്‍.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ആദ്യകാലത്തേ ഇതില്‍ സജീവമായിരുന്നു. ഡോ. പി.കെ. നാരായണപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വച്ച് വി.ആര്‍.പരമേശ്വരന്‍ പിള്ളക്കാണ് ആദ്യ ഇന്‍ഡിസ് അവാര്‍ഡ് നല്‍കിയത് യൂണിവേഴ്‌സിറ്റി കോളേജ് ഹാളില്‍ വച്ച് അന്ന് മന്ത്രിയായിരുന്ന കെ.ശങ്കരനാരായണപിള്ള പുരസ്‌കാരം സമര്‍പ്പിച്ചു. പി.റ്റി.ബി.യുടെ മരണാനന്തരം ഡോ. എം.വി.പൈലി (പത്മഭൂഷണ്‍) പ്രസിഡന്റായി. രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം നിര്യാതനായതോടെ ഇന്‍ഡീസ് തന്നെ ഇല്ലാതായി.

മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ച്
♠ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, ദക്ഷിണേന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, ഇന്ത്യന്‍ ആര്‍ട്ട് ഹിസ്റ്ററി കോണ്‍ഗ്രസ്, ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍ സൊസൈറ്റി, കല്‍ക്കട്ടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ഹിസ്റ്റോറിയ, ഉത്രാടം തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, (ഇരയിമ്മന്‍ തമ്പി സൊസൈറ്റിയുടെ ചെയര്‍മാനാണ്) കേരള പഠനകേന്ദ്രം, ശ്രീ.വേലുത്തമ്പി സ്മാരകം (കുണ്ടറ), വേലുത്തമ്പിദളവ ഫൗണ്ടേഷന്‍ തുടങ്ങി പല സാംസ്‌കാരിക സംഘനകളുടേയും നേതൃത്വമോ, ഉപദേശകപദവിയോ ഉണ്ട്. കല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് എട്ടു തവണ എന്നെ അതിന്റെ കാര്യനിര്‍വ്വഹണ സമിതിയിലേക്ക് തെരഞ്ഞെടുത്തു. രണ്ട് സ്മാരക പ്രഭാഷണങ്ങള്‍ കല്‍ക്കത്തയില്‍ വച്ച് നടത്തി. മദര്‍ തെരേസ ശതാബ്ദി പ്രഭാഷണത്തിനും ബര്‍പൂജാരി പ്രഭാഷണത്തിനും ക്ഷണിച്ചു. അതിന്റെ നാഷണല്‍ ഫെല്ലോയുമാക്കി. വേലുത്തമ്പി സ്മാരക പ്രവര്‍ത്തനങ്ങള്‍ മൂലമായിരിക്കണം കൊല്ലത്തെ വീരശ്രീ വേലുത്തമ്പി സ്മാരക സമിതി അതിന്റെ വാര്‍ഷിക അവാര്‍ഡ് എനിക്ക് നല്‍കിയത്.
ഹെറിട്ടേജ് ഫോറത്തിന്റെ സെക്രട്ടറി എന്ന നിലയില്‍ കേരളത്തിന്റെ പൈതൃകത്തെക്കുറിച്ച് നൂറ്റമ്പതോളം മാസാന്ത്യ പരിപാടികള്‍ ഹോട്ടല്‍ പൂര്‍ണ്ണയില്‍ വച്ച് നടത്തി. കോവിഡ് മൂലം കുറച്ചുകാലം അത് നടത്തിയിട്ടില്ല. മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനും പൂര്‍ണ്ണയുടെ ഉടമസ്ഥനും ചരിത്രകാരനുമായ കെ.ശിവശങ്കരന്‍ നായര്‍ ഉപാധ്യക്ഷനുമാണ്. ഉത്രാടംതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിംഗ് ട്രസ്റ്റിയും ഡയറക്ടറും എന്ന നിലയില്‍ ത്രിദിന സെമിനാര്‍ – ചിത്തിരതിരുനാളിന്റെ ജന്മശതാബ്ദി പ്രമാണിച്ച് നടത്തുകയുണ്ടായി. ജസ്റ്റിസ് കെ.സുകുമാരന്‍ പ്രസിഡന്റായി എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓതേര്‍ഴ്‌സിന്റെ വൈസ് പ്രസിഡന്റും സെക്രട്ടറി ജനറലുമായി നാലുവര്‍ഷം പ്രവര്‍ത്തിച്ചു. ഇക്കാലത്ത് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കുളച്ചല്‍ യുദ്ധം, ആറ്റിങ്ങല്‍ കലാപം തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങള്‍ ജനശ്രദ്ധ നേടിയവയാണ്. കാന്തളൂര്‍ശാല ദക്ഷിണേന്ത്യയിലെ നളന്ദ, ശ്രീമൂലവാസമെന്ന ബുദ്ധമതകേന്ദ്രം, പെരിയാര്‍വാലി സംസ്‌ക്കാരം, ഉത്രാടം തിരുനാള്‍ ചിത്തിരതിരുനാള്‍ എന്നിവയും എന്റെ പഠനഗവേഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ‘സാമൂഹ്യചരിത്രം ആധുനിക കേരളത്തില്‍’ എന്ന ഗ്രന്ഥത്തിന്റെ രചനയിലാണ് ഇപ്പോള്‍. പുളിമൂട് റസിഡന്റ്‌സ് അസോസിയേഷന്‍ രക്ഷാധികാരിയും, കല്ലമ്മന്‍ ദേവിക്ഷേത്ര ചെയര്‍മാനുമാണ്. ഭാര്യ വിജയലക്ഷ്മി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥയും ഏക മകന്‍ ഗോപകുമാര്‍. അറൈയിന്‍ ഡിജിഹബിന്റെ സി.ഇ.ഒയും പത്ത് വര്‍ഷമായി മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റുമാണ് (അറൈയിന്‍).
2010ല്‍ ശ്രീധരമേനോന്റെ നിര്യാണത്തെത്തുടര്‍ന്ന് കേരള പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ കേരളശ്രീ പുരസ്‌കാരം എന്റെ (ഡയറക്ടര്‍ എന്ന നിലയില്‍) നേതൃത്വത്തിലാണ് കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ നല്‍കിയത്. പ്രൊഫ. എം.ജി.എസ്.നാരായണന്‍, പ്രൊഫ.ഈ.ശ്രീധരന്‍, അഡ്വ.കെ.അയ്യപ്പന്‍പിള്ള, ടി.എച്ച്.പി.ചെന്താരശ്ശേരി, ഡോ.ബി.ഇക്ബാല്‍, പി.പരമേശ്വര്‍ജി, അശ്വതി തിരുനാള്‍ തമ്പുരാട്ടി, പ്രൊഫ.എന്‍.പ്രഭാകരന്‍ (കൊല്ലം), പ്രൊഫ.പി.ജനാര്‍ദ്ദനപ്പണിക്കര്‍, ഡോ.എന്‍.പി.ഉണ്ണി എന്നിവരാണ് കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ പുരസ്‌ക്കാരങ്ങള്‍ നേടിയത്. വേലുത്തമ്പിയും സ്വാതന്ത്ര്യസമരവും എന്ന ഗ്രന്ഥം മലയാളം കൂടാതെ ഹിന്ദി, തമിഴ്, കന്നട ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേലുത്തമ്പി എന്ന ഗ്രന്ഥം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വൈക്കം സത്യഗ്രഹം പി.റ്റി.ബി, മണ്ണന്തല കരുണാകരന്‍, അഡ്വ.അയ്യപ്പന്‍ പിള്ള എന്നീ മലയാള ഗ്രന്ഥങ്ങളും, പൈത്യക പഠന കേന്ദ്രം ഡയറക്ടര്‍ ജനറലായിരുന്നപ്പോള്‍ (2015-18) ആണ് പ്രസിദ്ധീകരിച്ചത്. നല്ല കോളേജ് അധ്യാപകനുള്ള പ്രൊഫ.പി.കൊച്ചുണ്ണിപ്പണിക്കര്‍ (മദിരാശി പ്രസിഡന്‍സി കോളേജ്) സ്മാരക പുരസ്‌കാരം 1996 ല്‍ എനിക്ക് ലഭിച്ചത് ഏറെ സന്തോഷത്തിന് വകനല്‍കി. 2014 ല്‍ പ്രൊഫസര്‍. പി.എസ്.വേലായുധന്‍ സ്മാരക പുരസ്‌ക്കാരവും (നല്ല അധ്യാപകന്‍) 2021 ല്‍ ജ്ഞാനസംസ്‌കൃതി പുരസ്‌ക്കാരവും (കാന്തളൂര്‍ശാല ഇന്‍സ്റ്റിറ്റ്യൂട്ട്) ലഭിച്ചു. ആറ്റിങ്ങല്‍ കലാപത്തെക്കുറിച്ചുള്ള പ്രബന്ധത്തിന് തപസ്യയുടെ ആറ്റിങ്ങല്‍ യൂണിറ്റിന്റെ ആദരവും ലഭിച്ചു.
തൃപ്പൂണിത്തുറ ഹില്‍പാലസില്‍ പ്രവര്‍ത്തിക്കുന്ന പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറലായി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചിരുന്നു (2015-18). ഇക്കാലത്ത് ഒരു ഡസനോളം ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. ഡോ.ഡയനായുടെ ആറ്റുകാല്‍ ക്ഷേത്ര ചരിത്രം, പൂര്‍ണ്ണത്രയീശ ശതകമടക്കമുള്ള കൃതികള്‍, പ്രൊഫസര്‍ എം.ജി.എസിന്റെ മൂന്നുവര്‍ഷത്തെ സേവന കാലം കഴിഞ്ഞശേഷമായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്നെ ഈ ദൗത്യത്തിലേക്ക് നിയോഗിച്ചത്.