‘മൂഢഃ പരപ്രത്യയനേയ ബുദ്ധി’ എന്നു പറഞ്ഞത് കാളിദാസനാണ്. മഹാകവിയുടെ മാളവികാഗ്നി മിത്രം നാടകത്തില്‍ സൂത്രധാരന്‍ പറയുന്നതാണിത്. ശ്ലോകത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.
”പുരാണമിത്യേവ ന സാധു
സര്‍വ്വം
ന ചാപി കാവ്യം നവമിത്യവദ്യം.
സന്തഃ പരീക്ഷ്യാന്യതരദ് ഭജന്തേ
മൂഢഃ പരപ്രത്യയനേയബുദ്ധി”
പഴയതെല്ലാം സാധുവല്ല. പുതിയതെല്ലാം ചീത്തയും അല്ല. ജ്ഞാനികള്‍ പരിശോധിച്ച് നല്ലതു തെരഞ്ഞെടുക്കും, മൂഢന്മാര്‍ക്ക് മറ്റുള്ളവര്‍ പറയുന്നതാണു പ്രമാണം! കേരളത്തെക്കുറിച്ച് അന്നേ മനസ്സിലാക്കിയാണോ കാളിദാസന്‍ ഇതുപറഞ്ഞത് എന്നു സംശയിക്കണം. സ്വന്തം തലച്ചോറില്ലാതെ മുന്നോട്ടു നീങ്ങുന്നവരാണ് മനുഷ്യരില്‍ ബഹുഭൂരിപക്ഷവും. ലോകത്തെവിടെയും അങ്ങനെതന്നെയാണ്. എന്നാല്‍ അത്തരക്കാരുടെ ശതമാനം കേരളത്തിലെപ്പോലെ മറ്റെവിടെയും ഉണ്ടെന്നു തോന്നുന്നില്ല.
മലയാളിക്ക് ഒരു കാര്യത്തിലും സ്വന്തം അഭിപ്രായമില്ല. എന്നാല്‍ ചിലകാര്യങ്ങളില്‍ സ്വന്താഭിപ്രായം പറയാനുമാവില്ല എന്നതാണിപ്പോഴത്തെ സ്ഥിതി. എന്തു പറയുന്നു എന്നതിനേക്കാള്‍ ആരു പറയുന്നു എന്നു നോക്കി മുന്‍പിന്‍ നോക്കാതെ എടുത്തു ചാടുന്നതാണ് മലയാളികളുടെ രീതി. നമുക്ക് ചില പഴയ പദപ്രയോഗങ്ങളുണ്ട്. വിപ്ലവം, സോഷ്യലിസം, കമ്മ്യൂണിസം, തൊഴിലാളിവര്‍ഗ്ഗം, സാര്‍വ്വദേശീയത എന്നൊക്കെ ഇപ്പോഴും ഉപയോഗിക്കുന്ന ലോകത്തിലെ ഒരേയൊരു ജനവിഭാഗമാണ് മലയാളികള്‍. ഇവരുടെ മുന്‍പില്‍ എന്തിനെക്കുറിച്ചു പറയുമ്പോഴും സൂക്ഷിക്കണം.
സമകാലിക മലയാളം വാരികയില്‍ സതീഷ് സൂര്യന്‍ (സപ്തംബര്‍ 18) എന്നൊരാള്‍ ‘സംവരണ വിരോധം പ്രായോഗിക രാഷ്ട്രീയത്തിന് വഴി മാറുമ്പോള്‍’ എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരിക്കുന്നു. സംവരണം ഇന്ന് ഭാരതത്തില്‍ ഒരു ‘പൊതിയാതേങ്ങ’യായി മാറിയിരിക്കുന്നു. ആ വിഷയത്തില്‍ ധാര്‍മികതയെ മുന്‍നിര്‍ത്തി അഭിപ്രായ പ്രകടനം നടത്താന്‍ ആര്‍ക്കും കഴിയില്ല. “One man’s food is the other man’s poison’ എന്നു പറയുന്ന തരത്തിലാണ് കാര്യത്തിന്റെ കിടപ്പ്. സംവരണത്തെ എതിര്‍ത്തു പറയുന്നയാള്‍ അയാള്‍ക്കു തോന്നുന്ന ധാര്‍മ്മിക ചിന്തയുടെ അടിസ്ഥാനത്തിലാണ് അഭിപ്രായം പറയുന്നതെങ്കില്‍ പോലും ജന്മം കൊണ്ട് സംവരണേതര വിഭാഗത്തില്‍ പെട്ടയാളാണെങ്കില്‍ ജാതിവാദിയായി ചിത്രീകരിക്കപ്പെടും. മഹാത്മജിപോലും അങ്ങനെ ചിത്രീകരിക്കപ്പെട്ടു.
1932-ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റാംസേ മാക്‌ഡൊണാള്‍ഡ് ‘കമ്മ്യൂണല്‍ അവാര്‍ഡ്’ എന്ന പേരില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കുവേണ്ടി പ്രത്യേക നിയോജകമണ്ഡലങ്ങള്‍ സംവരണം ചെയ്തപ്പോള്‍ മഹാത്മജിയും നെഹ്‌റുവും അതിനെ എതിര്‍ത്തു. സാധാരണ ജനങ്ങള്‍ക്കു ഗാന്ധിയെ സംശയമൊന്നും തോന്നിയില്ലെങ്കിലും അംബേദ്കറും മറ്റു പിന്നാക്കവിഭാഗനേതാക്കന്മാരും അദ്ദേഹത്തെ സംശയത്തോടെയാണ് അന്നു നോക്കിയത്. ചിലര്‍ ഗാന്ധി ജാതിവാദിയാണെന്നുപോലും പറഞ്ഞു കളഞ്ഞു. സംവരണം ഒരു സ്ഥിരം സംവിധാനമായാല്‍ അതു ഭാവിയില്‍ ഹിന്ദു സമൂഹത്തെ പിളര്‍ക്കുമെന്ന് ഗാന്ധിജി ഭയന്നിരുന്നു. ആ ഭയം കൊണ്ടാണ് ഗാന്ധിജി അന്ന് എതിര്‍പ്പുന്നയിച്ചത്.
സ്ഥിരമായ സംവരണത്തിന് അംബേദ്കറും അനുകൂലമായിരുന്നില്ല. പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് തല്‍ക്കാലത്തേയ്ക്ക് സംവരണം നല്‍കണമെന്നും അവര്‍ ക്രമേണ മുഖ്യധാരയിലെത്തുമെന്നും അദ്ദേഹം കരുതി. രണ്ടും പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയിച്ചില്ല. സംവരണം പട്ടികജാതിക്കാരില്‍ നിന്നുമാറി ഇന്ന് കൈയൂക്കുള്ള ജാതി വിഭാഗങ്ങളെല്ലാം അതു നേടിക്കൊണ്ടിരിക്കുന്നു. അംബേദ്കര്‍ നിര്‍ദ്ദേശിച്ച കാലയളവൊക്കെ കഴിഞ്ഞിട്ടും പട്ടികജാതിക്കാര്‍ക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സമൂഹത്തില്‍ മേല്‍ക്കെയുള്ള പല ജാതിവിഭാഗങ്ങളും പട്ടികജാതിക്കാരുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിച്ച് തങ്ങളുടെ സംവരണ കോട്ട വലുതാക്കിക്കൊണ്ടിരിക്കുന്നു. പുതിയ ജാതികള്‍ സംവരണം നേടിയെടുത്തുകൊണ്ടിരിക്കുന്നു. ജാട്ടുകളും പട്ടേല്‍മാരും മറാത്തകളുമൊക്കെ പിന്നാക്കസമുദായമായി സ്വയം പ്രഖ്യാപിച്ച് സംവരണത്തിനായി മുറവിളി കൂട്ടുന്നു. തമിഴ്‌നാട്ടില്‍ പട്ടികജാതിക്കാര്‍ക്കെതിരെ കടുത്ത ജാതിവിവേചനം നടത്തുന്ന തേവര്‍മാരും കൗണ്ടര്‍മാരുമൊക്കെ നേരത്തേതന്നെ സംവരണം പിടിച്ചുവാങ്ങിയവരാണ്. കര്‍ണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന സവര്‍ണ മേലാളന്മാരായി അറിയപ്പെടുന്ന ലിംഗായത്തുകളും സംവരണ വിഭാഗം തന്നെ.
സംവരണം ഇന്ന് ഇരുതലമൂര്‍ച്ചയുള്ള വാളാണ്. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അത് രാഷ്ട്രീയപ്പാര്‍ട്ടികളെ കടപുഴുക്കും എന്നതാണ് സ്ഥിതി. തുറന്ന അഭിപ്രായ പ്രകടനം ആര്‍ക്കും സാധ്യമല്ല. കഴിവുമാത്രം മാനദണ്ഡമാക്കാനാവില്ല. ബുദ്ധിപരമായി കഴിവുകുറവുള്ളവര്‍ക്കും ജീവിക്കാന്‍ അവസരം വേണം. അതുകൊണ്ട് പ്രാതിനിധ്യം അനിവാര്യം തന്നെ. എന്നാല്‍ അത് അര്‍ഹതയുള്ളവരുടെ അവസരത്തെ നിഷേധിക്കുന്ന തരത്തിലാകാനും പാടില്ല. ഈ രണ്ടു ധാര്‍മിക പ്രശ്‌നങ്ങളും കണക്കിലെടുത്തു വേണം സംവരണത്തെ സമീപിക്കാന്‍. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗം. എല്ലാവര്‍ക്കും അവസരം ലഭിക്കുകയാണെങ്കില്‍ പിന്നെ പരാതി ഉണ്ടാകാനിടയില്ലല്ലോ. ഭാരതത്തെ പ്പോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് അതിനു പല തടസ്സങ്ങളുമുണ്ട്. ജനസംഖ്യാ നിയന്ത്രണത്തിന് ഒരു നിര്‍ബ്ബന്ധിത നിയമം നടപ്പിലാക്കുക എന്നത് വളരെ അനിവാര്യമാണ്. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും നമുക്കതിനു കഴിയുന്നില്ല എന്നത് ദുഃഖകരമാണ്.
എല്ലാ പ്രശ്‌നത്തിലുമെന്ന പോലെ ഈ വിഷയത്തിലും മറ്റുള്ളവരുടെ തലച്ചോര്‍ ഉപയോഗിച്ച് ചിന്തിക്കുന്നവരാണ് മലയാളികള്‍. സ്വതന്ത്രവും ധാര്‍മികവും മാനവികവുമായ അഭിപ്രായ പ്രകടനം നടത്തുന്ന ഒരാളെയും കേരളത്തില്‍ ഇന്നു കാണാനില്ല. ജാതി വികാരങ്ങള്‍ ഇളക്കിവിടാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ നേതാക്കളുടെ അഭിപ്രായങ്ങളാണ് ഈ വിഷയത്തിലും ലേഖകന്‍ സ്വീകരിക്കുന്നത്.
വോട്ടു തെണ്ടി രാഷ്ട്രീയം നമ്മുടെ നാടിനെ പടു കുഴിയിലേയ്ക്കാണു നയിക്കുന്നതെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സ്‌കൂളിലെ ഉച്ചഭക്ഷണപരിപാടി. സത്യത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ തക്ക ദുഃ സ്ഥിതിയുള്ള കുട്ടികള്‍ എത്ര ശതമാനമുണ്ട് കേരളത്തില്‍? 1% ല്‍ താഴെ മാത്രമേ ഉണ്ടാവൂ. അത്തരം കുട്ടികളെ മാത്രം കണ്ടെത്തി അവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യുന്നതിനുപകരം എല്ലാ കുട്ടികളെയും നിര്‍ബ്ബന്ധിച്ച് ഉച്ചഭക്ഷണം കഴിപ്പിക്കുന്നത് കൊണ്ട് എന്തുപ്രയോജനം? കഴിക്കാന്‍ കുട്ടികളില്ലാത്തതിനാല്‍ മിക്കവാറും സ്‌കൂളുകളിലും പാകം ചെയ്ത ഭക്ഷണം കുഴിച്ചുമൂടുന്ന പതിവുപോലുമുണ്ട്. ‘പൊതുവിദ്യാഭ്യാസ കോമാളിത്തങ്ങള്‍’ മൂലം എത്ര കോടി രൂപയാണ് നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ പോലെ കെട്ടിയൊരുക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്. കോവളത്തിനടുത്ത് ഒരു സ്‌കൂളിലെ കെട്ടിടനിര്‍മ്മാണത്തിന് 12 കോടി രൂപയാണത്രേ ചെലവ്. എത്ര മനുഷ്യരുടെ രക്ഷയ്ക്കുതകുന്ന തുകയാണ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും കിട്ടാനിടയുള്ള ആറോയേഴോ ലക്ഷം കമ്മീഷനുവേണ്ടി നശിപ്പിച്ചുകളയുന്നത്. സ്‌കൂളുകളില്‍ നടക്കുന്ന ‘കെട്ടിടവിപ്ലവങ്ങള്‍ക്കു’ ശേഷം പല സ്‌കൂളുകളും കുട്ടികളില്ലാതെ അടച്ചിടുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസമേഖലയില്‍ പരമാവധി സ്വകാര്യ പങ്കാളിത്തം കൊണ്ടു വരേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. പി.എസ്. റംഷാദ് ഉച്ചഭക്ഷണം നല്‍കി പാപ്പരായ ഹെഡ്മാസ്റ്റര്‍മാരെപ്പറ്റി ഒരു റിപ്പോര്‍ട്ട് മലയാളത്തില്‍ നല്‍കിയിരിക്കുന്നു.
മലയാളത്തില്‍ ഉമേഷ് ബാബു കെ.സി. ‘ഭീഷണിത്തിരിവ്’ എന്ന പേരില്‍ എഴുതിയിരിക്കുന്ന കവിത അവസാനിക്കുന്നത് ‘മാറി നില്പ് അസാധ്യമായ ഒരു രാജ്യമാണ് അതു ഭരിക്കുന്നതെന്നതിനാല്‍ അഭയാര്‍ത്ഥിയാകുകയാണ് മുന്നില്‍ കാണാവുന്ന ഏകമാര്‍ഗ്ഗം മനുഷ്യരേയില്ലാത്തതെവിടെയോ, അവിടെ” എന്നിങ്ങനെയാണ്. ഇവിടെ ‘അത്’ എന്ന് പരാമര്‍ശിക്കുന്നത് ‘ചിരിച്ചെന്നു വരുത്തുന്നതിനും തുറന്നു ചിരിക്കുന്നതിനുമിടയിലെ പാലത്തില്‍ ഇരിക്കുന്ന മൂങ്ങ’യെയാണ്. ആരുടെ മുഖഭാവമാണ് ആ മൂങ്ങയ്ക്കുള്ളതെന്ന് ടെലിവിഷന്‍ കാണുന്ന ഏവര്‍ക്കുമറിയാം. ഉമേഷ് ബാബുവിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടുകളും കൂടി ചേര്‍ത്തു വയ്ക്കുമ്പോള്‍ നമുക്ക് ആ മൂങ്ങയെ പെട്ടെന്ന് തിരിച്ചറിയാം.
കുട്ടിക്കാലത്ത് ‘ഫസഹ്’ എന്ന പേരില്‍ ഒരു നാടകം കണ്ടത് ഓര്‍മ്മയില്‍ വരുന്നു. ‘തലാക്കി’ന്റെ സ്ത്രീലിംഗമാണ് ‘ഫസഹ്’ എന്നു വേണമെങ്കില്‍ പറയാം. സ്ത്രീ മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹമോചനമാണ് ‘ഫസഹ്’. ആ നാടകം കണ്ടിട്ട് ഇപ്പോള്‍ നാലു ദശാബ്ദമെങ്കിലും ആയിട്ടുണ്ടാവും. മുസ്ലിം സ്ത്രീയുടെ ജീവിതം ഇപ്പോഴും പഴയ പോലെ ദുരിതത്തില്‍ തന്നെ. അതിനെതിരെ ശബ്ദിക്കുന്നവര്‍ ക്രൂരമായി ആക്രമിക്കപ്പെടുമെന്നതിനാല്‍ ആര്‍ക്കും ഒന്നും പറയാന്‍ ഇപ്പോഴും ധൈര്യമില്ല. ഇറാനില്‍ സ്ത്രീകള്‍ക്കെതിരായ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നത് അവിടെത്തെ പാര്‍ലമെന്റ് കഴിഞ്ഞദിവസം തീരുമാനമെടുത്തിരിക്കുന്നതായി പത്രങ്ങളില്‍ വന്നിരുന്നു.
മുഖ്താര്‍ ഉദരംപൊയില്‍ എന്ന എഴുത്തുകാരന്‍ സധൈര്യം തന്റെ സഹോദരിമാരുടെ ദുരിതങ്ങള്‍ വരച്ചു കാണിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നു ‘ഫസ്ഖ് പെണ്ണ്’ എന്ന കഥയിലൂടെ. അദ്ദേഹത്തിന്റെ ശ്രമത്തിന് സധൈര്യം തന്നെ മലയാളം വാരിക ഇടവും നല്‍കിയിരിക്കുന്നു. ‘തീക്കൊള്ളിക്കൊണ്ടാണ് പുറം ചൊറിയുന്നതെന്നറിയാതെയാണ് മലയാളം വാരികയുടെ ചുമതലക്കാര്‍ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ വാരിക അടച്ചുപൂട്ടേണ്ടി വരുമോ എന്നറിയില്ല. എന്തായാലും ബഹുഭാര്യത്വത്തിനെതിരെയും മുഖം മറച്ചുള്ള വസ്ത്രധാരണത്തിനെതിരെയും മുഖ്താര്‍ കഥയിലൂടെ ആഞ്ഞടിക്കുന്നു. ഈ കഥാകൃത്തിന് കടുത്ത ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല; കാത്തിരുന്നു കാണാം. കൊടിയ പീഡനങ്ങള്‍ക്കു വിധേയരായി ജീവിക്കേണ്ടി വരുന്ന മുസ്ലീം വനിതകളുടെ ദുരിതത്തെക്കുറിച്ച് സഹതപിക്കാന്‍ തയ്യാറായ കഥാകൃത്തിന്റെ ധീരതയെ അഭിനന്ദിക്കാം.