വൈവിധ്യമാര്‍ന്ന ഉത്സവങ്ങളുടെ ഈറ്റില്ലമാണ് ഭാരതം. ആചാരാനുഷ്ഠാനങ്ങളിലൂടെ സനാതന മൂല്യങ്ങളെയും ആര്‍ഷഭാരത സംസ്കാരത്തെയും നമ്മുടെ മഹത്തായ പൈതൃകത്തെയും ചൈതന്യം ചോരാതെ അടുത്ത തലമുറയിലേക്ക് പകര്‍ന്നേകാന്‍ സാധിക്കുകയും സമാജത്തില്‍ ആധ്യാത്മിക ചൈതന്യത്തിന്റെ പ്രഭ വാരി വിതറാന്‍ അവസരം ഒരുക്കുകയും ചെയ്താല്‍ നാം ആചരിക്കുന്ന ഏത് ഉത്സവങ്ങള്‍ക്കും മാറ്റ് കൂടും. സ്ത്രീശക്തിയാല്‍ മാത്രമേ വധിക്കപ്പെടൂ എന്ന പരമശിവന്റെ വരബലത്താല്‍ ത്രിലോകങ്ങള്‍ക്കും, ത്രിമൂര്‍ത്തികള്‍ക്കും ഭീഷണിയായി തീര്‍ന്ന മഹിഷാസുരന് എന്ന അസുരചക്രവര്‍ത്തിയുടെ കഥ നാം വായിച്ചറിഞ്ഞിട്ടുണ്ട്.
ആ അസുര ഭീകരതയെ ചെറുക്കാന്‍ ദേവഗണം മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും വൈകുണ്ഠനാഥന്റെ നിര്‍ദ്ദേശപ്രകാരം ദേവീദേവന്മാര് ഒന്നായി ശാസ്ത്രവും അര്‍ത്ഥവും സമാഹരിച്ച് നടത്തിയ നവരാത്രി പൂജയിലൂടെ ദശ പ്രഹരണധാരണിയായ ദുര്‍ഗ്ഗാദേവി അവതരിക്കുകയും ഘോരമായ നീണ്ട യുദ്ധാനന്തരം അസുരനെ കാലപുരിക്ക് അയക്കുകയും ചെയ്തത് വിജയദശമി നാളില്‍ ആയിരുന്നു.
ഭാരത സ്ത്രീത്വത്തിന് ഭീഷണിയായ രാക്ഷസ രാവണന് കപട വേഷധാരിയായി വന്ന് സീതാദേവിയെ അപഹരിച്ചു കൊണ്ടു പോയപ്പോള്‍ കടല്‍കടന്ന് ശ്രീലങ്കയില്‍ എത്തിയ ശ്രീരാമചന്ദ്ര പ്രഭു രാവണ നിഗ്രഹം നടത്തിയതും വിജയദശമി നാളില്‍ ആയിരുന്നല്ലോ. ജന്മഭൂമിയില് അവകാശം നിഷേധിച്ച്, അധര്‍മത്തിന്റെ ആള്‍രൂപമായി മാറിയ കൗരവപ്പടയുടെ നിഗ്രഹത്തിന് ഭഗവാന് കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ കുരുക്ഷേത്ര യുദ്ധത്തിനായി പാണ്ഡവര്‍ ആയുധധാരികള്‍ ആയതും മറ്റൊരു വിജയദശമി ദിനത്തില്‍ ആയിരുന്നു. മുഗള്‍ ഭരണത്തിന്റെ അന്ത്യം കുറിച്ച് ഹിന്ദു സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജിയും വിജയം കൈവരിച്ചത് വിജയദശമി നാളിലായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ധാര്‍മികവും, സാംസ്കാരികവും ദേശീയവുമായ സമഗ്ര പരിവര്‍ത്തനത്തിന് സമാജത്തെ സജ്ജമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് പൂജനീയ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് തുടക്കം കുറിച്ചതും വിജയദശമി നാളിലാണല്ലോ.
ജ്ഞാനയോഗികള്‍ അക്ഷര പൂജയായും കര്‍മ്മയോഗികള്‍ ആയുധപൂജയായും ഭക്തയോഗികള്‍ അനുഷ്ഠാന പ്രധാനമായിട്ടും ആണ് ഈ പുണ്യ ദിനത്തെ ആചരിക്കുന്നത്. ഈ ധാര്‍മിക ഉത്സവം സാധാരണക്കാരെ പോലും ചൈതന്യവത്ത് ആക്കുന്നു എന്നുള്ളതില്‍ സംശയമില്ല.
നവരാത്രി പൂജയോട് അനുബന്ധിച്ച് സംഘടിത സമാജ ശക്തിയുടെ പ്രതീകമായി ദുര്‍ഗാ ദേവിയെയും സമ്പത്തിന്റെ അധിദേവതയായ ലക്ഷ്മിയെയും ജ്ഞാന വിജ്ഞാനത്തിന്റെ പൂര്‍ണ്ണരൂപമായ സരസ്വതീദേവിയെയും ആണല്ലോ നാം ആരാധിക്കുന്നത്. നവരാത്രി മഹോത്സവം കേവലം ഒരു ഉത്സവം എന്നതിലുപരി രാഷ്ട്രത്തിന്റെ ദേശീയ ഉദ്ഗ്രഥനവുമായി ബന്ധപ്പെട്ട ഉത്സവമായി നാം കണക്കാക്കേണ്ടതാണ്. ഏത് രാഷ്ട്രമായാലും അതിന്റെ പരമ വൈഭവത്തിലേക്ക് എത്തണമെങ്കില്‍ സൈനിക ശക്തിയും, സാമ്പത്തിക അടിത്തറയും, വിദ്യാഭ്യാസ മേഖലയും, സമന്വയിപ്പിച്ച് പരസ്പര പൂരകങ്ങളായി നില്‍ക്കണം എന്നാണല്ലോ ആചാര്യ മതം. രാഷ്ട്ര വൈഭവത്തിന് ഈ മൂന്ന് ഘടകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളെല്ലാം ലോക ശക്തികളായി മാറിയിട്ടുള്ളതായി ചരിത്രം പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ലക്ഷ്മീദേവി പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക സ്രോതസ്സും സരസ്വതീദേവിയുടെ ജ്ഞാന ശക്തിയും ഉണ്ടായിരുന്നിട്ടും സൈനികശക്തിയുടെ കുറവുമൂലം സഹസ്രാബ്ദങ്ങളോളം അടിമ കിടക്കേണ്ടി വന്ന ചരിത്രം ഭാരതത്തിന് ഉണ്ടായിട്ടുണ്ട്. കൂടാതെ ആത്മ വിസ്മൃതിയിലാണ്ട് സ്വാര്‍ത്ഥികളായി ജന്മനാടിനെ ജനനിക്ക് തുല്യമായി കാണാന്‍ മറക്കുകയും വിശിഷ്ടമായ നമ്മുടെ പൈതൃകത്തെയും, സംസ്കാരത്തെയും കൈവിടുകയും സ്വധര്‍മ്മവിമുഖരായി പരധര്‍മ്മത്തിന് പിറകെ ഓടിയത് കൊണ്ടും നാം അടിമ മനസ്തിതരായി കഴിയേണ്ടിയ വന്നു എന്നതും ഒരു സത്യമാണ്. ലോകത്തിന് മുമ്പില്‍ ‘അമൃത പുത്രഹ:’ എന്ന പേരുണ്ടായിരുന്നത് നാം തന്നെ നശിപ്പിക്കുകയായിരുന്നല്ലോ.
ഒരു രാജ്യത്തിന്റെ ഭൂമി നഷ്ടപ്പെട്ടാല്‍ ശൗര്യം കൊണ്ടും, ധനം നഷ്ടപ്പെട്ടാല്‍ പരിശ്രമം കൊണ്ടും കഠിനാധ്വാനം കൊണ്ടും രാജ്യത്തെ തന്നെ നഷ്ടമായാല്‍ പരാക്രമം കൊണ്ടും നമുക്ക് ഒരുപക്ഷേ അവ വീണ്ടെടുക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ രാഷ്ട്രത്തിന്റെ ചേതന നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കാന്‍ കഴിയില്ലെന്നുള്ളതാണ് സത്യം. അതുകൊണ്ട് സംഘടിത സമാജമാണ് രാഷ്ട്രത്തിന്റെ പ്രാണന് എന്ന് തിരിച്ചറിവോടെ നാം പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്.
ഭാരതം എല്ലാ അര്‍ത്ഥത്തിലും അതിന്റെ പരമ വൈഭവത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ സൈനിക ശക്തി ലോകോത്തരമായി മാറിക്കഴിഞ്ഞു. ദീര്‍ഘവീക്ഷണത്തോട് കൂടിയതും സുതാര്യമായതുമായ സാമ്പത്തിക നയത്തിലൂടെ ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക ഇടനാഴിക്ക് രൂപം നല്കാന് കഴിഞ്ഞിരിക്കുന്നു. വേദങ്ങളുടെ നാടായ ഭാരതത്തില്‍ ദേശീയതയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് അടിത്തറപാകാനുള്ള കഠിന ശ്രമം നടന്നുവരുന്നു. സ്വാമിജിയുടെ കാഴ്ചപ്പാടില്‍ പറയുന്നത് കഴിഞ്ഞ 2000 വര്‍ഷങ്ങളായി വേദപഠനത്തിലും സംസ്കൃത ഭാഷാപഠനത്തിലും നാം വരുത്തിയ അലംഭാവമാണ് നമുക്ക് നേരിട്ടുള്ള ദുര്‍ഗതിക്ക് കാരണം എന്നാണ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വിദ്യാഭ്യാസത്തെ ഭാരതവത്കരിക്കാനുള്ള ശ്രമം കാലോചിതമായി നടന്നുവരുന്നു. ആശയപരമായും സാമ്പത്തികമായും ലോകരാജ്യങ്ങള്‍ ഇന്ന് ഉറ്റു നോക്കുന്നത് ഭാരത മാതാവിനെയാണ്.
പ്രകൃതി സൗഹൃദമായ ജീവിതശൈലിയിലേക്ക് ലോകത്തെ തിരിച്ചുകൊണ്ടു വരുന്നതില്‍ ഭാരതീയ ദര്‍ശനങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാന്‍ ഉള്ളത്. അതില്‍ ഭാഗഭാക്കാകുവാന്‍ സംഘശൈലിയിലൂടെ നാം ഓരോരുത്തരും ദുര്‍ഗാദേവിയുടെ കായികബലവും ലക്ഷ്മി ദേവിയുടെ ഐശ്വര്യവും സരസ്വതി ദേവിയുടെ വിജ്ഞാനവും സമന്വയിച്ചുള്ളവരായി തീരണം. ഇങ്ങനെയുള്ള വികസിത വ്യക്തിത്വത്തിന്റെ ഉടമകളായി നാം ഓരോരുത്തരും മാറുന്നതിനോടൊപ്പം രാഷ്ട്രത്തിന്റെ പരമ വൈഭവവും ലോകത്തിന്റെ മംഗളവും നേടാന്‍ കഴിയുക എന്നതാകട്ടെ ഈ വര്‍ഷത്തെ വിജയദശമി സന്ദേശം.