ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഒരു പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ നടപ്പന്തല്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ മന്ത്രിയുടെ കയ്യില്‍ കൊടിവിളക്ക് നല്‍കാതെ താഴെവെച്ചു എന്നും ഇത് ജാതിപരമായ വിവേചനമാണെന്നുമാണ് മന്ത്രിയുടെ പുതിയ വിവാദത്തിന്റെ കാതല്‍. കേരളത്തില്‍ അയിത്തം ഇല്ലെന്നും മലയാളികള്‍ സാമൂഹിക പുരോഗതി കൈവരിച്ചു എന്നും ആ സാമൂഹിക പുരോഗതിക്ക് പിന്നില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആണെന്നും ആണയിട്ട് പറഞ്ഞിരുന്നവരാണ് ഇന്ന് അയിത്താചരണവും ജാതി വിവേചനവും നിലനില്‍ക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തുന്നത്.
എട്ടുമാസം മുമ്പ് നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ മന്ത്രി, ആരോപണമായി ജാതി സ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധം കേരള സമൂഹത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ജാതിയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതെങ്കില്‍ അത് തികച്ചും അപലപനീയമാണ്. മാത്രമല്ല കേരള സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്. ജാതിയും ഉച്ചനീചത്വവും അസ്പൃശ്യതയും വൈദിക കാലത്ത് ഉണ്ടായിരുന്നതല്ല. ഹിന്ദുസമൂഹത്തില്‍ ജാതി കര്‍മ്മത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം മാത്രമായിരുന്നു. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ജാതി തീരുമാനിച്ചിരുന്നതും. ഒരാളും ജന്മം കൊണ്ട് മാത്രം ഏതെങ്കിലും ഒരു ജാതിയില്‍ എത്തിയിരുന്നുമില്ല. സ്വന്തം കര്‍മ്മം കൊണ്ട് ചെയ്യുന്ന പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ജാതി തീരുമാനിച്ചിരുന്നത്. പക്ഷേ, ബ്രിട്ടീഷ് സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ സനാതന മൂല്യങ്ങള്‍ക്ക്, ഹിന്ദുത്വത്തിന് എതിരായ നിലപാടുകള്‍ക്ക് എതിരെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ ഹിന്ദു സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ജാതിസമ്പ്രദായം കൊഴുപ്പിക്കാനും അതിനെ വിഘടന ഉപാധിയാക്കി മാറ്റാനും മുന്‍കൈയെടുത്തത് ബ്രിട്ടീഷുകാര്‍ തന്നെയാണ്. ആദ്യ സെന്‍സസ് അഥവാ ജനസംഖ്യാ കണക്കെടുപ്പ് ഇതിനുള്ള മികച്ച ഉപകരണമാക്കി ബ്രിട്ടീഷുകാര്‍ മാറ്റുകയായിരുന്നു. ബ്രിട്ടീഷുകാരി തന്നെയായ മരിയാവര്‍ത്തിന്റെ ‘താങ്ക് യൂ ഇന്ത്യ’ എന്ന ഗ്രന്ഥത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ രേഖകളടക്കം ഉദ്ധരിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഭാരതത്തിലെ ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഉപാധിയായി മാത്രമാണ് ബ്രിട്ടീഷുകാര്‍ ജാതിയെ ഉപയോഗിച്ചത്. ഇന്ന് ഐഎന്‍ഡിഐഎ മുന്നണിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മന്ത്രി രാധാകൃഷ്ണനും അതേ ലക്ഷ്യത്തില്‍ തന്നെയാണ് ജാതിപ്രശ്‌നം ഉയര്‍ത്തുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഐഎന്‍ഡിഐഎ മുന്നണിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ലാലു പ്രസാദ് യാദവും കോണ്‍ഗ്രസും ഒക്കെ ഒന്നിച്ചും വെവ്വേറെയും ജാതി സെന്‍സസിന്റെ ആവശ്യം ഉയര്‍ത്തുന്നത് ഇതേ ലക്ഷ്യം കണ്ടുകൊണ്ട് തന്നെയാണ്. പാകിസ്ഥാനും അവരുടെ ചാരസംഘടനയായ ഐഎസ്‌ഐയും ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ഒക്കെ ഹിന്ദു സമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരും ലക്ഷ്യമിടുന്നവരും അതിനായി അനവരതം പ്രവര്‍ത്തിക്കുന്നവരുമാണ്. ഈ അജണ്ടകള്‍ ഭാരതത്തിലെ ആധ്യാത്മിക ആചാര്യന്മാര്‍ പോലും തിരിച്ചറിഞ്ഞിരുന്നു എന്നത് വസ്തുതയാണ്. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും സ്വാമി ആനന്ദതീര്‍ത്ഥനും അയ്യങ്കാളിയും ദയാനന്ദ സരസ്വതിയും മാത്രമല്ല, മഹാത്മാഗാന്ധി പോലും ഇത് തിരിച്ചറിഞ്ഞിരുന്നു. അവരൊക്കെ ഇതിനെതിരെ അതിശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
മന്ത്രി കെ.രാധാകൃഷ്ണന്റെ ജാതി വിവേചനത്തിന്റെയും അയിത്താചരണത്തിന്റെയും പരാതിയില്‍ ആരെങ്കിലും കാപട്യം സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. കാരണം, പയ്യന്നൂര്‍ നമ്പ്യാത്ര ക്ഷേത്രം സിപിഎമ്മിന്റെ പാര്‍ട്ടിഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സിപിഎം പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം ടി.പി.സുനില്‍കുമാര്‍ ആണ് ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍. അഞ്ചംഗ ട്രസ്റ്റിലെ നാലുപേരും ഇടതുപക്ഷക്കാരാണ്. അതില്‍ മൂന്നുപേര്‍ സിപിഎംകാരും. അപ്പോള്‍ അവിടെ അയിത്താചരണം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം രാധാകൃഷ്ണന്റെ പാര്‍ട്ടിയായ സിപിഎമ്മിന് മാത്രമല്ലേ? വൈകി പ്രതികരിച്ചതില്‍ ദുഷ്ടലാക്കില്ലെന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞെങ്കിലും അത് അതേപടി ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ കേരളത്തില്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല, എന്നദ്ദേഹം തിരിച്ചറിയണം. ഈ സംഭവത്തില്‍ എന്താണ് ഇതിന്റെ മറുവശം എന്നകാര്യം ഇപ്പോള്‍ പുറത്തുവന്നു കഴിഞ്ഞു. വൈകുന്നേരം നാലുമണിക്ക് നടപ്പന്തല്‍ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും എന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പക്ഷേ, മന്ത്രി രണ്ടു മണിക്കൂര്‍ വൈകിയാണ് എത്തിയത്. മന്ത്രി എത്തിയ സമയം ആറുമണി. ആ സമയം എല്ലാ ക്ഷേത്രങ്ങളിലും സന്ധ്യാപൂജയുടെയും ദീപാരാധനയുടെയും സമയമാണ്. ആചാരാനുഷ്ഠാനങ്ങളില്‍ വെള്ളം ചേര്‍ക്കാത്ത ക്ഷേത്രമാണെങ്കില്‍ അവിടെ ആചാരമനുസരിച്ച് മാത്രമേ ശാന്തിക്കാര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. അതുകൊണ്ടുതന്നെ താന്‍ ചെയ്തതില്‍ യാതൊരു തെറ്റും ഇല്ലെന്നും അയിത്താചരണം ഉണ്ടായിട്ടില്ല എന്നും ക്ഷേത്രത്തിന്റെ മേല്‍ശാന്തി പേര്‍ക്കുളം സുബ്രഹ്‌മണ്യന്‍ നമ്പൂതിരി വ്യക്തമാക്കിയത്. പൂജയ്ക്ക് അകത്തു കയറിയാല്‍ ശാന്തി ശുദ്ധത്തിലാണ് ഉണ്ടാകേണ്ടത്. പുറത്തുള്ള ആരെയും, മകനായാല്‍ പോലും സ്പര്‍ശിക്കില്ല. പൂജ കഴിഞ്ഞ സമയമായിരുന്നെങ്കില്‍ മന്ത്രിക്കോ വേറെ ആര്‍ക്കും വിളക്ക് കയ്യില്‍ നല്‍കിയേനെ എന്ന് അദ്ദേഹം പറയുന്നു. മന്ത്രി വൈകിയെത്തിയത് കാരണം നാലുമണിക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി ആറുമണി ആവുകയും ക്ഷേത്രത്തില്‍ നട തുറന്ന് പൂജാകര്‍മ്മങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു.
പൂജയ്ക്കിടയില്‍ ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും ഇക്കാര്യത്തില്‍ ജാതിവ്യവസ്ഥയുടെ പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും യോഗക്ഷേമസഭയും ശാന്തി ക്ഷേമ യൂണിയനും രംഗത്ത് വന്നു. മന്ത്രി പറയുന്നതിന്റെ മറുവശം അവരില്‍ നിന്ന് കേള്‍ക്കുമ്പോള്‍ അത് കുറച്ചുകൂടി വിശ്വാസ്യതയുള്ളതാണെന്ന് പറയാതിരിക്കാന്‍ ആവില്ല. കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള, ദുരുദ്ദേശ്യപരമായ വിവാദമാണിതെന്നും വിശ്വാസികള്‍ അതില്‍ അകപ്പെട്ടു പോകരുതെന്നും അഖിലകേരള തന്ത്രി സമാജം അഭ്യര്‍ത്ഥിച്ചു. ക്ഷേത്രത്തില്‍ പാലിക്കുന്ന രീതികളെ അയിത്താചരണമായി ദേവസം മന്ത്രി വിലയിരുത്തി പ്രസ്താവന നടത്തിയത് തെറ്റിദ്ധാരണ മൂലമാണെന്ന് അവര്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ പാലിക്കുന്ന ശുദ്ധം ആത്മീയമായ ഒന്നാണ്. അത് ജാതിവിവേചനമല്ല. പൂജാരിമാര്‍ ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കുന്നത്. ദേവപൂജ കഴിയും വരെ പൂജാരി ആരെയും സ്പര്‍ശിക്കാറില്ല. അതില്‍ ബ്രാഹ്‌മണനെന്നോ അബ്രാഹ്‌മണനെന്നോ ഭേദമില്ല. ക്ഷേത്രനട തുറന്ന സമയം ആയതിനാല്‍ ആചാരം പാലിക്കാന്‍ മാത്രമാണ് മേല്‍ശാന്തി ശ്രമിച്ചത്. അതില്‍ വിവേചനം തോന്നിയത് തെറ്റിദ്ധാരണ മൂലം ആണെന്ന് ശാന്തിക്ഷേമ യൂണിയന്‍ വ്യക്തമാക്കി.
ജനുവരി 26 ന് നടന്ന ഈ സംഭവത്തില്‍ അയിത്താചരണവും ജാതി വിവേചനവും പറഞ്ഞ് പ്രസ്താവനയുമായി വന്നു എന്നകാര്യത്തില്‍ മന്ത്രി രാധാകൃഷ്ണന്‍ നല്‍കുന്ന വിശദീകരണങ്ങള്‍ ഒന്നും തൃപ്തികരമല്ല. അത് സത്യവുമായി അടുത്തുപോലും നില്‍ക്കുന്നില്ല. കേരളത്തിലെ സിപിഎം നേതാക്കളില്‍ പൊതുവേ സത്യസന്ധനും മികച്ച വ്യക്തിശുദ്ധിയും ഉള്ള ഒരു നേതാവായിരുന്നു കെ.രാധാകൃഷ്ണന്‍. ആദ്യം മന്ത്രിസ്ഥാനത്തും പിന്നീട് സ്പീക്കര്‍ സ്ഥാനത്തും ഒക്കെ എത്തിയപ്പോഴും സാധാരണ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കാട്ടാത്ത ധാരാളം ഗുണങ്ങള്‍ രാധാകൃഷ്ണന്‍ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടായിരുന്നു. ഇടമലക്കുടി വനവാസി പഞ്ചായത്ത് ഉണ്ടായ സംഭവം ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു.
ഇടമലക്കുടിയിലെ വനവാസികള്‍ അനുഭവിക്കുന്ന യാതനയെക്കുറിച്ച്, അവിടുത്തെ ഊരുകളിലെ പട്ടിണിയെ കുറിച്ച് ആദ്യം അറിയിച്ചത് അന്ന് അമൃത ടിവിയുടെ റിപ്പോര്‍ട്ടര്‍ ആയ എം. സി. ബോബന്‍ ആയിരുന്നു. 25 കിലോമീറ്റര്‍ ഉള്ളിലേക്ക് നടന്നു പോകേണ്ടി വരുന്ന യാത്രയ്ക്ക് ഒരു കിലോ അരി ക്ക് അഞ്ച് രൂപ അധികം നല്‍കേണ്ട ഗതികേട് അദ്ദേഹം പറഞ്ഞപ്പോഴാണ് അമൃത ടിവിയുടെ ഒരു സംഘത്തെ അവിടേക്ക് അയക്കാന്‍ തീരുമാനിച്ചത്. ഇടുക്കിയിലെ ആശ്രമത്തിന്റെ ചുമതല വഹിക്കുന്ന സ്വാമി ജ്ഞാനാമൃതാനന്ദപുരിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ മാതാ അമൃതാനന്ദമയി ദേവിയോട് ഇതേക്കുറിച്ച് ഒന്ന് സംസാരിക്കാന്‍ അദ്ദേഹമാണ് നിര്‍ദ്ദേശിച്ചത്. അമ്മയോട് സംസാരിച്ചപ്പോള്‍ അമ്മ പറഞ്ഞത്, ”മോനെ റിപ്പോര്‍ട്ടര്‍ മാത്രം പോയാല്‍ അവരുടെ പട്ടിണി മാറുമോ, രോഗം മാറുമോ? നമുക്ക് ഒരു ടീമിനെ അവിടേക്ക് അയക്കാം’ എന്നാണ്. അമ്മ രാജുസ്വാമിയോട് സ്വാമി അമൃതസ്വരൂപാനന്ദ പുരിയെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹം വന്നപ്പോള്‍ അമ്മ പറഞ്ഞു അമൃത മെഡിക്കല്‍ കോളജില്‍ നിന്ന് ഒരു ടീമിനെയും ഇവിടുന്ന് അരിയും ഭക്ഷ്യവസ്തുക്കളും ഒക്കെയായി ഒരു ടീമിനെയും അയക്കണമെന്ന്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജഗ്ഗു സ്വാമിയുടെ നേതൃത്വത്തില്‍ രണ്ടു വണ്ടികളിലായി ഡോക്ടര്‍മാര്‍ അടക്കം 60 പേരും ആശ്രമത്തില്‍ നിന്ന് രണ്ട് ടെമ്പോ വാനുകളിലായി അരിയും പച്ചക്കറിയും പല വ്യഞ്ജനവും ഒക്കെയായി ഒരുസംഘം, അമൃത ടെലിവിഷനില്‍ നിന്ന് ജയന്‍ കോമത്തും ക്യാമറാമാന്‍ ബിജു മുരളീധരനും അടങ്ങിയ സംഘം. ഇവരാണ് ഇടമലക്കുടിയിലെ ദുരന്തം പുറത്തുകൊണ്ടുവന്നത്. പരമ്പര വന്നപ്പോള്‍ സ്പീക്കറായ കെ.രാധാകൃഷ്ണന്‍ നേരിട്ട് വിളിച്ച് അതിന്റെ സി.ഡി ആവശ്യപ്പെട്ടു. അത് കണ്ടതിനുശേഷം അതിനടുത്ത ദിവസം തന്നെ അദ്ദേഹം അവിടേക്ക് പോയി. ഒരു കിലോ റേഷന്‍ അരിക്ക് അധികം നല്‍കേണ്ടി വരുന്ന അഞ്ചു രൂപ ചുമട്ടു കൂലി സര്‍ക്കാര്‍ വഹിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം മന്ത്രിസഭായോഗം അംഗീകരിച്ചു.
പിന്നീട് ഇടമലക്കുടിയില്‍ ധാരാളം വികസനം വന്നു. അത് ആദ്യത്തെ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായി. അന്നൊന്നും കെ. രാധാകൃഷ്ണന്‍ വെറും സിപിഎം രാഷ്ട്രീയക്കാരനായിരുന്നില്ല. പിന്നീട് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ആയതിനുശേഷമാണ് കെ.രാധാകൃഷ്ണന്‍ ശരിക്കുള്ള പാര്‍ട്ടിക്കാരനായി മാറിയത്. സന്ദേശം സിനിമയിലും മുഖാമുഖത്തിലും ഒരിടത്തിലും അറബിക്കഥയിലും ഒക്കെ കണ്ട, ശരിക്കുള്ള കമ്മ്യൂണിസ്റ്റുകാരന്‍. ഒരുപക്ഷേ ഇപ്പോഴത്തെ വിവാദത്തിന്റെ പിന്നിലും കെ.രാധാകൃഷ്ണന്‍ വഹിച്ച സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം തന്നെയാണ്. അദ്ദേഹം ആ സ്ഥാനത്തുള്ളപ്പോഴാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിട്ടും എന്തെങ്കിലും നടപടി എടുക്കുകയോ പാവപ്പെട്ടവരുടെ നിക്ഷേപം തിരിച്ചു കൊടുക്കാന്‍, നഷ്ടപ്പെടാതിരിക്കാന്‍ ചെറുവിരല്‍ അനക്കുകയോ ചെയ്യാതെ അഴിമതിക്കും ക്രമക്കേടിനും ചൂട്ടു പിടിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇന്ന് ഇ.ഡി. എ.സി മൊയ്തീനെയും എം.കെ കണ്ണനെയും മാത്രമല്ല, മുതിര്‍ന്ന പല സിപിഎം നേതാക്കളുടെയും പടിവാതില്‍ക്കല്‍ അന്വേഷണവുമായി എത്തിയിരിക്കുന്നു. ഇ.ഡി.യുടെ വരവും അന്വേഷണവും തന്നെയല്ലേ രാധാകൃഷ്ണന്റെ വേവലാതിക്കും അയിത്തവിവാദത്തിനും പിന്നില്‍. പട്ടികജാതിക്കാരായ മന്ത്രിമാര്‍ പണ്ടും ഇവിടെ ഉണ്ടായിട്ടുണ്ട്. അവരാരും ജാതി പറഞ്ഞ് അവകാശം ഉന്നയിച്ചിട്ടില്ല. കെ.കരുണാകരനൊപ്പം പ്രവര്‍ത്തിച്ചിരുന്ന, കെ.കെ.ബാലകൃഷ്ണനും പന്തളം സുധാകരനും ഡോക്ടര്‍ എം.എ.കുട്ടപ്പനും ഒക്കെ ഏതാണ്ട് തുല്യനിലയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. അവര്‍ക്കാര്‍ക്കും ഇല്ലാത്ത അപകര്‍ഷതാബോധവും ജാതിബോധവും കെ.രാധാകൃഷ്ണന് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണ്.
കേരളത്തില്‍ സിപിഎമ്മിന്റെ അത്ര ജാതി രാഷ്ട്രീയം കളിച്ച മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാവില്ല. കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞ് വോട്ട് പിടിച്ചതിനുശേഷം ഗൗരിയമ്മയെ ഒഴിവാക്കി നായനാരെ കൊണ്ടുവന്നത് സിപിഎം ആയിരുന്നു. ആ ഗൗരിയമ്മയെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ‘ചോത്തി’ എന്ന് വിളിച്ച് ആക്ഷേപിച്ചതും കമ്മ്യൂണിസ്റ്റുകാരാണ്. അത്രയും ജാതി വിവേചനം കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും കാട്ടിയിട്ടില്ല. കെ.ആര്‍.ഗൗരിയമ്മ അനുഭവിച്ച ത്യാഗം, മര്‍ദ്ദനം, പീഡനം മറ്റാരെങ്കിലും അനുഭവിച്ചിട്ടുണ്ടോ? ലാത്തികള്‍ക്ക് ഗര്‍ഭം ധരിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ താന്‍ പലതവണ പ്രസവിച്ചേനെ എന്നുപറഞ്ഞ ഗൗരിയമ്മയെ ചോത്തി എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ നിശബ്ദമായിരുന്ന പാര്‍ട്ടി സംവിധാനത്തിന് ഇപ്പോള്‍ അയിത്തത്തിന്റെ പേര് പറഞ്ഞ് വരാന്‍ വി.എസിന്റെ ഭാഷയില്‍ ചോദിച്ചാല്‍ ഉളുപ്പില്ലേ? കേരളം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയല്ലേ അതിന് ഉത്തരവാദി? മാത്രമല്ല, പൊതുമണ്ഡലത്തില്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവരെ ഒരിക്കലെങ്കിലും മത്സരിപ്പിക്കാന്‍ സിപിഎം തയ്യാറായിട്ടുണ്ടോ? സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ പോലും ഇത്തവണയല്ലേ ഒരു പട്ടികജാതിക്കാരന്‍ എത്തിയത്? കേരളത്തില്‍ ഒരു പട്ടികജാതിക്കാരനെ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ആക്കിയിട്ടുണ്ടോ? ദേശീയതലത്തിലും പാര്‍ട്ടി സെക്രട്ടറി ആക്കാന്‍ ഒരു പട്ടികജാതി പട്ടികവര്‍ഗക്കാരനെ കിട്ടാഞ്ഞിട്ടാണോ? ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനും ജാതീയത വളര്‍ത്താനും കെ.രാധാകൃഷ്ണനെ പോലുള്ളവര്‍ ശ്രമിക്കുന്നത് അപമാനകരമാണ്. പരിപാടികള്‍ക്ക് സമയത്ത് എത്താനും ക്ഷേത്രാചാരങ്ങള്‍ പാലിക്കാനും ക്ഷേത്രത്തിന്റെ വിശുദ്ധി നിലനിര്‍ത്താനും മന്ത്രിക്ക് കഴിഞ്ഞാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു എന്നകാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ.