കലാകൗമുദി ഓണപ്പതിപ്പ് രണ്ടാംഭാഗത്തിലെ വി.എസ്. അജിത്തിന്റെ കഥ ‘ഷിങ്‌ഹോയ്’ വായിച്ചപ്പോഴാണ് വി.കെ.എന്‍ എത്ര മഹാനായ എഴുത്തുകാരനായിരുന്നു എന്നത് ഒരിക്കല്‍കൂടി ഉറപ്പാകുന്നത്. അജിത്തിന്റെ യാത്രാനുഭവത്തിന് ഒരു വി.കെ.എന്‍. സ്പര്‍ശമുണ്ട്. പക്ഷേ കേരള സംസ്‌കാരത്തിന്റെ, ചരിത്രത്തിന്റെ വിശ്വസാഹിത്യത്തിന്റെ ഒക്കെ അകത്തളത്തില്‍ പോയി മടങ്ങി വരുന്ന വി.കെ.എന്‍. ശൈലി ആര്‍ക്കും അനുകരിക്കാനാവില്ല. കാരണം അതിന് അത്രമാത്രം അഗാധമായ അറിവ് അനിവാര്യമാണ്; ഒപ്പം പ്രതിഭയും. അറിവിന്റെ ഏതൊക്കെ മേഖലകളാണ് തിരുവില്ല്വാമലക്കാരന്‍ ചെന്നു സ്പര്‍ശിക്കുന്നതെന്ന് പറയാനാവില്ല. ആ ‘വഹ’കളിലെല്ലാം വേണ്ടത്ര ധാരണയില്ലാത്തവര്‍ക്ക് വി.കെ.എന്‍. കൃതികളിലേയ്ക്ക് കടന്നു ചെല്ലാനാവില്ല.
വി.കെ.എന്‍ ‘എന്റെ പ്രിയപ്പെട്ട കഥകള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച 21 കഥകളിലൂടെ ഒന്നു കടന്നുപോയാല്‍ മതി അറിവിന്റെ ഏതെല്ലാം വഴികളിലൂടെയാണ് ആ മഹാപ്രതിഭ സഞ്ചരിക്കുന്നതെന്നു തിരിച്ചറിയാന്‍. നാട്ടറിവുകള്‍, കഥകളി, മഹാകാവ്യങ്ങള്‍, സംസ്‌കൃത കൃതികള്‍, ഇംഗ്ലീഷ് ഭാഷയിലെ സവിശേഷ പ്രയോഗങ്ങള്‍, വിശ്വസാഹിത്യകൃതികള്‍, കേരളചരിത്രത്തിലെ സംഭവങ്ങള്‍, ജാതിസമ്പ്രദായത്തിലെ പ്രത്യേകതകള്‍, സംഗീതം, ഇങ്ങനെ എത്രയെത്ര മേഖലകളിലൂടെ അദ്ദേഹം കടന്നുപോകുന്നു! ‘ദുര്യോധനവധത്തിന്റെ പ്രസക്തി’ എന്ന ഒരു കഥയില്‍ മാത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിഷയങ്ങളിലൂടെ ഒന്നു കടന്നുപോയാല്‍ ആ അറിവുകളുടെ വൈപുല്യം നമുക്കു മനസ്സിലാവും.
കഥയുടെ തുടക്കത്തില്‍ ”ഒരു വശം ചരിഞ്ഞു ജാഗ്രദാവസ്ഥയെ പ്രാപിച്ച് ഉത്തിഷ്‌ഠോത്തിഷ്ഠ രാജേന്ദ്രനാവുകയാണ്” എന്ന ഭാഗം വായിക്കുമ്പോള്‍ ഉത്തിഷ്‌ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജാ ഉത്തിഷ്ഠകമലാകാന്ത ത്രൈലോക്യം മംഗളം കുരു” എന്ന ശ്ലോകഭാഗത്തിന്റെ സ്മരണയില്ലാത്തവര്‍ക്ക് ശരിയായ ആസ്വാദനം സാധ്യമാവില്ല. ”നാണിപോയപ്പോള്‍ കുഞ്ഞിനെ ആരു വളര്‍ത്തും എന്നായി വിചാര ലഹരി’ എന്നു വായിക്കുമ്പോള്‍ സൗന്ദര്യലഹരിയുടെ സ്മരണ വ്യംഗ്യമായുണ്ട്. ‘അമിതമായാല്‍ അച്ഛനും വിഷം’ എന്ന് എഴുതിയിരിക്കുന്നത് ‘അധികമായാല്‍ അമൃതും വിഷം’ എന്ന ചൊല്ലിനെ വക്രീകരിച്ചാണെന്ന് അറിയുന്നവര്‍ക്കേ അവിടെ ആസ്വാദനം സാധ്യമാവൂ. ‘പാറ്റിത്തുപ്യാല്‍ പന്‍സാരേലും തുപ്പാം’ എന്ന വരിയിലൂടെ കടന്നു പോകുമ്പോള്‍ യഥാര്‍ത്ഥ പഴഞ്ചൊല്ലിന്റെ സ്മരണയില്ലാത്തവര്‍ക്ക് അതൊരു വികട പ്രയോഗമായേ തോന്നൂ.
”മുറ്റമടിച്ചും വെള്ളം കോരിയും വിറകുവെട്ടിയും കന്നാലിയെ തെളിച്ചും സ്പാര്‍ട്ടക്‌സിന്റെ നേതൃത്വത്തില്‍ അടിമവര്‍ഗ്ഗം പ്രത്യക്ഷപ്പെട്ടു” എന്നൊരിടത്തെഴുതുന്നു. സ്പാര്‍ട്ടക്കസിന്റെ കഥ അറിയില്ലെങ്കിലും ആ കഥാപാത്രം ആരാണെന്ന് ഒരേകദേശ ധാരണയെങ്കിലുമില്ലെങ്കില്‍ ആ എഴുത്തിന് എന്തു പ്രസക്തി എന്നു സംശയിച്ചുപോകും. ”അകത്ത് ഇടനാഴിയില്‍ പാദപതനം, കാലടി, സൂര്യ കാലടി” എന്ന് കാണുമ്പോള്‍ സൂര്യകാലടി മനയെക്കുറിച്ചുള്ള അറിവ് ഇല്ലെങ്കില്‍ അതിലെ നിരര്‍ത്ഥകഫലിതം ആസ്വദിക്കാന്‍ കഴിയില്ല. ”സ്വാതന്ത്ര്യം ലഭിച്ചില്ലേ? ആ വകയിലും മോഷ്ടിച്ചും കവര്‍ന്നും ജയിലിന്റെ വാതില്‍ക്കലോളം പോയ അവസാനത്തെ ഫയല്‍വാനും കണക്കു പറഞ്ഞു വാങ്ങിയില്ലേ?” എന്നതിലെ ഫലിതം ആസ്വാദ്യമാകുന്നത് സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ വ്യാജ കഥകളുണ്ടാക്കി താമ്രപത്രവും പെന്‍ഷനുമൊക്കെ തട്ടിച്ചെടുത്തവരെക്കുറിച്ചുള്ള അറിവ് ഉണ്ടാകുമ്പോള്‍ മാത്രമാണ്.
‘മരുമക്കത്തായ സമ്പ്രദായമനുസരിച്ച് സുലോചന അടുക്കളയില്‍ കലക്കിക്കുടിച്ചു’ എന്നതില്‍ അമ്മായിയമ്മ മരുമകള്‍ തര്‍ക്കം മുതല്‍ പഴയകാലത്തെ മരുമക്കത്തായ സമ്പ്രദായം വരെയെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ‘രാഷ്ട്രകൂടത്തെ തലവന്‍ അതില്‍ ഒപ്പിടുകയും …..” എന്നതില്‍ നിരുപദ്രവമായ ചരിത്രത്തിന്റെ സൂചനയുണ്ട്. ‘രാഷ്ട്രകൂടര്‍’ എന്ന ഒരു രാജവംശം ഉണ്ടായിരുന്നു എന്ന ചരിത്രബോധം ഇല്ലാത്ത ഒരാള്‍ക്ക് അതില്‍ ഫലിതമൊന്നും കാണാനാവില്ല. ഭരണകൂടം എന്ന പ്രയോഗത്തെ രാഷ്ട്രകൂടം എന്നു പരിവര്‍ത്തിപ്പിച്ചതാണെന്നു മാത്രം കണ്ടാല്‍ അതൊരു സാധാരണ പ്രയോഗം മാത്രമാകുന്നതേയുള്ളൂ. രാഷ്ട്രകൂടരാജവംശത്തിന്റെ വ്യംഗ്യമാണ് അതിലെ പ്രത്യേകത.
‘കര്‍ണേജപരല്ല. വായിച്ചു പഠിച്ചതാണ്’ സാധാരണ ഗദ്യത്തില്‍ ‘കര്‍ണേജപ’ എന്നതാരും ഉപയോഗിക്കാറില്ല. കാവ്യഭാഷയില്‍ മാത്രം കണ്ടിട്ടുള്ള ആ പ്രയോഗത്തെ ഗദ്യത്തിലേയ്ക്കു കൊണ്ടുവരാന്‍ വി.കെ. എന്നിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
ഈ കഥയില്‍ മറ്റൊരിടത്ത് ‘കാണം, കുഴിക്കാണം, കുഴിക്കൂറ് ചമയം, ചൂണ്ടിപ്പണയം, പൊളിച്ചെഴുത്ത്, മേച്ചാര്‍ത്ത്’ എന്നൊക്കെ എഴുതിയിരിക്കുന്നു. പഴയ കാല ആധാരമെഴുത്തിലെ ഈ പ്രയോഗങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് തീര്‍ത്തും അജ്ഞാതമാണ്. ഇത് വായിക്കാനും പഠിക്കാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചാല്‍ ഭാഷയുടെ പഴയ വഴികളിലേയ്ക്കും അതുവഴി ചരിത്രത്തിലേയ്ക്കും സഞ്ചരിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കും. മറ്റൊരിടത്ത് ‘സഹശയനം എന്ന മേഡ് ഇന്‍ ജപ്പാന്‍ നോവലിന്റെ പരിഭാഷയ്ക്ക് കാത്തു, കണ്ടില്ല’ എന്നാണ് എഴുതുന്നത്. യാസുനാരി കവാബത്തയേയും അദ്ദേഹത്തിന്റെ ‘Sleeping Beauties’ നേയും അറിയാത്തവര്‍ക്ക് ഇതിലെന്താണ് ആസ്വദിക്കാനുള്ളത്.
”അനാര്യത്തു രാമന്‍ നായര്‍ എന്ന കുടിയാനവന്‍ ഒരു കച്ചത്തോര്‍ത്ത് ചുറ്റി വലിയ മുണ്ടു ചുരുട്ടി കക്ഷത്തുവെച്ച് ഇതൊരു ലാക്കാണെന്ന് കരുതി ആര്യത്തു മന ലാക്കാക്കി നടന്നു” എന്നതില്‍ ചരിത്രത്തെ എത്ര സൂക്ഷ്മമായി ഒളിപ്പിച്ചു വയ്ക്കുകയാണ് കഥാകൃത്ത്? രാമന്‍നായര്‍ ആര്യനല്ലാത്ത ദ്രാവിഡവര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണെന്നും മനയിലെ വാസക്കാര്‍ ബ്രാഹ്‌മണരായതിനാല്‍ ആര്യ വര്‍ഗ്ഗക്കാരാണെന്നുമൊക്കെ പറയാതെ പറയാന്‍ ഇതില്‍ അദ്ദേഹം ശ്രമിക്കുന്നു. ‘കച്ചത്തോര്‍ത്ത്’ എന്നതും പുതിയ തലമുറയ്ക്കു വലിയ പരിചയമുള്ള പദപ്രയോഗമല്ല. ‘വൃഷലി’ എന്ന പദം ഈ കഥയില്‍ പലയിടത്തും അദ്ദേഹം ഉപയോഗിക്കുന്നു. ശൂദ്ര സ്ത്രീ എന്ന അര്‍ത്ഥമുള്ള ഈ പദം ഇക്കാലത്ത് ആരു പ്രയോഗിക്കാനാണ്?
”ഉണ്ട് രാമനാണ്, ഓരാമാ, രാമയ്യാ” എന്ന് വായിക്കുന്നവര്‍ക്ക് സാധാരണഗതിയില്‍ വിശേഷിച്ചൊന്നും തോന്നാനിടയില്ല. എന്നാലത് ‘നിന്ന നേര നമ്മിനാ ഓ രാമാ രാമയ്യാ…” എന്നു തുടങ്ങുന്ന പന്തുവരാളിരാഗത്തിലുള്ള ത്യാഗരാജ കൃതിയുടെ സൂചനയാണെന്ന് മനസ്സിലാക്കുന്നവര്‍ക്കു മാത്രമേ അതിലെ തമാശ ഉള്‍ക്കൊള്ളാനാവൂ. സംഗീതത്തോടു ഒരുവിധമെങ്കിലും അടുത്ത ബന്ധമില്ലാത്തവര്‍ക്ക് ഈ കൃതി പരിചയമുണ്ടാവാനിടയില്ല. അതുകൊണ്ടു തന്നെ സാധാരണ വായനക്കാര്‍ ഒരിക്കലും അതിലെ സൂചനനിര്‍ദ്ധാരണം ചെയ്യാതെ പോകുന്നു.
”കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയും പൊന്നായിടും” എന്ന പഴമൊഴി സാധാരണ എല്ലാവര്‍ക്കും പരിചിതമായതിനാല്‍ ”കുംഭത്തില്‍ ഒരു മഴപെയ്താല്‍ അവടേം കുബളങ്ങ്യായി”എന്നതിലെ സൂചന ഏവര്‍ക്കും ബോധ്യപ്പെടും. എന്നാല്‍ വാല്‍സ്യായനവും ഹോരയുമായി സ്വര്‍ണ്ണനിറമുള്ള നോന്റെ പൂര്‍വ്വികര്‍ ഇവിടെ വന്നപ്പോള്‍” എന്നതിലെ സൂചനകള്‍ അറിയാന്‍ വാത്സ്യായനന്റെ കാമശാസ്ത്രവും ജ്യോതിശ്ശാസ്ത്രവും ഒന്നും കേട്ടറിവില്ലാത്തവര്‍ക്ക്, സാധിക്കില്ല. സ്വര്‍ണ്ണ നിറമുള്ള പൂര്‍വ്വികര്‍ ആര്യാധിനിവേശത്തിന്റെ സൂചന ആണെന്ന് വായിച്ചെടുക്കാന്‍ ചരിത്രബോധമില്ലാത്തവര്‍ക്ക് സാധിക്കില്ല.
”ബോയ് ദാറ്റ്ല്‍ ബ്രിങ്ങ് ദ ഹൗസ് ഡൗണ്‍” എന്നത് ഇംഗ്ലീഷിലെ സവിശേഷമായ ഒരു ശൈലി (idiom) ആണെന്ന് അറിയാത്തവര്‍ക്ക് ആ സന്ദര്‍ഭത്തില്‍ അങ്ങനെയൊരു സംഭാഷണത്തിന്റെ അനിവാര്യത ബോധ്യപ്പെടില്ല. ”അഞ്ചുദേശമതെങ്കിലും പാശമതെങ്കിലും തൂശിയതെങ്കിലും….” എന്നത് ദുര്യോധനവധം ആട്ടക്കഥയിലെ ”സൂചിക്കുത്താനിടം പോലും പാണ്ഡവര്‍ക്കു കൊടുക്കിലാ..” എന്ന പദമാണെന്ന് അറിഞ്ഞാലേ ആസ്വാദ്യമാകൂ. ”മഹാഭാരതത്തില്‍ ഒരു കളിക്ക് വഹയുണ്ട്. ലാന്റ് ട്രിബ്യൂണലിനുവിടേണ്ട കേസായിരുന്നില്ലേ അത്” എന്നത് ഭാരത കഥ എല്ലാ മലയാളികള്‍ക്കും പരിമിതമായതിനാല്‍ ആസ്വദിക്കാനാവും. ”മാന്‍ഡ്രേക് ദ മജീഷ്യന്‍ എന്ന വടകമാണ് ഇപ്പോള്‍ പരിഷ്‌കാരം” എന്നതില്‍ മാന്‍ഡ്രോക്കിനെ കുട്ടികള്‍ക്കെല്ലാമറിയാമെങ്കിലും ‘വടകം’ ആയൂര്‍വേദവുമായി ബന്ധമുള്ളവര്‍ക്കുമാത്രം പരിചയമുള്ള പദമാണ്. ഇങ്ങനെ എടുത്തു പറയേണ്ട സൂചനകള്‍ ധാരാളമുണ്ട്.
വടക്കേ കൂട്ടാല നാരായണന്‍ നായര്‍ എന്ന വി.കെ.എന്നിന്റെ ‘ദുര്യോധനവധത്തിന്റെ പ്രസക്തി’ എന്ന ഒരു കഥയില്‍ മാത്രമുള്ള ഏതാനും സൂചനകളാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്. മഹാസമുദ്രം പോലെ പരന്നുകിടക്കുന്ന അറിവുകളുടെ ബൃഹദ്‌ശേഖരമാണ് ഈ അത്ഭുതപ്രതിഭയുടെ രചനകളോരോന്നും (എങ്കിലും അശ്ലീലം എന്നു പറയാവുന്ന തരത്തില്‍ അതിരുവിടുന്ന ചില വികടപ്രയോഗങ്ങളും അസ്ഥാനത്ത് അദ്ദേഹം ചേര്‍ത്തു വയ്ക്കാറുണ്ട് എന്നത് പറയാതിരിക്കാന്‍ വയ്യ.) ഒരു കഥയില്‍ മാത്രം ഇത്രത്തോളം വലിയ ജ്ഞാന ഭണ്ഡാഗാരം നിറയ്ക്കുന്ന അദ്ദേഹത്തെ വായിച്ചെടുക്കാനാവാതെ സ്തംഭിച്ചു നില്‍ക്കുന്ന കേരള സമൂഹത്തെ കുറ്റപ്പെടുത്താനാവില്ല. കാരണം ദുര്‍ബ്ബലമായ ഭാഷാപഠനം മാത്രമുള്ള ഒരു സമൂഹത്തിനു ഇത്രയും വലിയ ഒരു പ്രതിഭയെ തിരിച്ചറിയാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല. ”ഒന്നും ഒന്നും മ്മ്ണി വല്യ ഒന്ന്” എന്നും ”വെളിച്ചത്തിനെന്തൊരു വെളിച്ചം” എന്നും എഴുതുന്നതാണ് ലോകോത്തര സാഹിത്യം എന്നിവര്‍ പറയുന്നതില്‍ ഈ സമൂഹം കുറ്റക്കാരല്ല.