പുരാണങ്ങള്‍ അനുസരിച്ച്, ബ്രഹ്‌മാവാണ് സൃഷ്ടി പ്രക്രിയയ്ക്ക് തുടക്കമിട്ടത്. ഭൂമിയിലെ ആദ്യത്തെ മനുഷ്യനായ ‘മനു’വിനെ അദ്ദേഹം സൃഷ്ടിച്ചു. ദിവ്യമായ സ്ത്രീശക്തിയുടെ സാന്നിധ്യമില്ലാതെ സൃഷ്ടി സാധ്യമല്ലെന്ന് മനസ്സിലാക്കിയപ്പോള്‍, ബ്രഹ്‌മാവ് ‘ബ്രഹ്‌മി’യെ സൃഷ്ടിച്ചു. മനുവും ബ്രഹ്‌മിയും ഭൂമിയിലെ ആദ്യത്തെ ദമ്പതിമാരായി. മനുവിന്റെ മൂത്ത പുത്രനായ ‘പ്രിയവ്രതന്റെ’ പിന്‍ഗാമികളില്‍ ഒരാളാണ് ഭരതന്‍. തന്റെ പ്രജകളുടെ ക്ഷേമം തന്റെ പ്രധാന ധര്‍മ്മമായി എപ്പോഴും കരുതിയിരുന്ന കുലീനനായ ഭരണാധികാരി ആയിരുന്നു ഭരതന്‍. അദ്ദേഹം ഭരിച്ചിരുന്ന രാജ്യം ‘ഭരതവര്‍ഷം’ അല്ലെങ്കില്‍ ഭരതന്‍ ഭരിച്ചിരുന്ന ‘ഭാരതം’ എന്നറിയപ്പെട്ടു. ഭാരതം എങ്ങനെ ഇന്ത്യയായി രൂപാന്തരപ്പെട്ടു എന്നത് ഈ നാട്ടില്‍ വസിച്ചിരുന്ന വിവിധ ഭരണാധികാരികളുടെയും അവരുടെ സങ്കീര്‍ണ്ണമായ ഇടപെടലുകളുടെയും അധിനിവേശ കാഴ്ചപ്പാടുകളുടെയും അവ രൂപപ്പെടുത്തി എടുക്കുന്ന പരിണാമ പ്രക്രിയകളുടെയും ചരിത്ര കഥയാണ്.
വേദകാലത്ത് ഏറ്റവും പ്രാധാന്യമുള്ള നദിയായിരുന്നു സിന്ധു. സിന്ധു നദിക്കപ്പുറമുള്ള ഭൂമിയെ ഗ്രീക്കുകാര്‍ ‘സിന്ധു’ എന്ന് അഭിസംബോധന ചെയ്യാന്‍ തുടങ്ങി. ബിസി 486-ല്‍ എഴുതിയ ‘നക്ഷ് ഐ റുസ്തം’ ഭാരതത്തെ ‘ഹിന്ദുഷ്’ എന്ന് പരാമര്‍ശിക്കുന്നു. ആല്‍ഫ്രഡ് രാജാവിന്റെ ‘ഒറേഷ്യസ്’ എന്നതിന്റെ വിവര്‍ത്തനത്തില്‍ ആണ് ഇന്ത്യ എന്ന പദം ഇംഗ്ലീഷ് രാജ്യങ്ങളില്‍ ആദ്യമായി ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കിംഗ് ജെയിംസിന്റെ ബൈബിളിലും വില്യം ഷേക്‌സ്പിയറിന്റെ കൃതികളിലും ‘ഇന്‍ഡി’ എന്ന പദം പ്രത്യക്ഷപ്പെട്ടു. ഈ വാക്ക് പോര്‍ച്ചുഗല്‍, ഫ്രഞ്ച്, ഡച്ച്, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനികള്‍ കോളനിവല്‍ക്കരണത്തിന്റെ ഭാഗമായി ഔദ്യോഗിക രേഖകളില്‍ ‘ഇന്ത്യ’ എന്ന് എഴുതി ചേര്‍ക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് ‘ഇന്ത്യക്കാര്‍’ എന്ന് തിരിച്ചറിയാന്‍ തുടങ്ങിയ ഭാരതപുത്രന്മാരുടെ മനസ്സുകളെ ഈ ഭാഷാ കോളനിവല്‍ക്കരണം നാല് ദശാബ്ദങ്ങളായി കീഴടക്കി.
പുതുതായി രൂപീകരിക്കപ്പെട്ട റിപ്പബ്ലിക്കിന്റെ നാമകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഭരണഘടനാ അസംബ്ലിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കു വഴിവെച്ചു. എച്ച്.വി. കാമത്ത് സംവാദത്തിനിടെ ‘ഇന്ത്യ ഈസ് ഭാരത്’ എന്ന പേര് വൃത്തികെട്ട ഒന്നാണെന്നും ‘ഭാരത്’ എന്ന പേര് സ്വീകരിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും വാദിച്ചു. 1937-ല്‍ സ്വാതന്ത്ര്യാനന്തരം രാഷ്ട്രത്തിന് ‘അയര്‍’ എന്ന് പേരിട്ട ഐറിഷ് ഭരണഘടനയെ അദ്ദേഹം ഉദ്ധരിച്ചു സംസാരിച്ചു. അയര്‍ലന്‍ഡ് ഭരണഘടന പ്രകാരം രാജ്യത്തിന്റെ പേര്‍ അയര്‍ എന്നാണെന്നും ഇംഗ്ലീഷില്‍ അതിനെ അയര്‍ലന്‍ഡ് എന്ന് വിളിക്കാം എന്നും എഴുതിയിരിക്കുന്നു. നിയമനിര്‍മ്മാണ സഭയിലെ മറ്റൊരു പ്രമുഖനായ സേത് ഗോവിന്ദ് ദാസ്, ‘വിദേശ രാജ്യങ്ങളില്‍ ഇന്ത്യ എന്ന് അറിയപ്പെടുന്ന ഭാരതം’ എന്ന കാര്യം സ്പഷ്ടമായി ഭരണഘടനയില്‍ വിശദീകരണമായി നല്‍കണം എന്നും അങ്ങനെ രാജ്യത്തിന്റെ പേര് ഭാരത് എന്നായിരിക്കുക വഴി ഭൂരിഭാഗം അംഗങ്ങള്‍ക്കും ആത്മസംതൃപ്തി ലഭിക്കും എന്നും അഭിപ്രായപ്പെട്ടു. മദ്രാസ് പ്രസിഡന്‍സിയില്‍ നിന്നുള്ള കല്ലൂര്‍ സുബ്ബറാവുവും ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്ന പേര് ആക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുകയും രാജ്യമൊട്ടുക്ക് സംസാരിക്കുന്ന ഭാഷയെ ‘ഭാരതി’ എന്ന് പുനര്‍നാമകരണം ചെയ്യണം എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. ‘ഇന്ത്യ അതാണ് ഭാരത്’ എന്നതിന് പകരം ‘ഭാരത് അതാണ് ഇന്ത്യ’ എന്ന് ഭരണഘടനയുടെ ആരംഭത്തില്‍ തന്നെ ചേര്‍ക്കണം എന്ന് കമലാപതി ത്രിപാഠി അഭിപ്രായപ്പെട്ടു. ലോക്‌സഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഹര്‍ ഗോവിന്ദ് പന്തും ‘ഇന്ത്യ’ എന്നതിന് പകരം ‘ഭരത’ അല്ലെങ്കില്‍ ‘ഭാരത വര്‍ഷ’ എന്ന പേര് സ്വീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ചിരുന്നു. എന്നാല്‍ അവസാനം, ‘ഇന്ത്യ അതാണ് ഭാരതം’ എന്നത് ഭരണഘടനാ അസംബ്ലി അംഗീകരിച്ചു.
നമ്മുടെ റിപ്പബ്ലിക്കിന്റെ രൂപീകരണം മുതല്‍ ഇന്ത്യ എന്നും ഭാരതം എന്നും പരസ്പരം മാറിമാറി ഉപയോഗിച്ചുവരുന്നു. ഭരണഘടനയുടെയും രേഖകളുടെയും ഹിന്ദി പതിപ്പായി ഭാരതത്തെ സാധാരണയായി കാണുമ്പോള്‍, ‘ഇന്ത്യ’ യെന്ന പദത്തെ കോളനിവല്‍ക്കരണത്തിന്റെ അവശിഷ്ടമായി കാണുകയും ഇംഗ്ലീഷ് രേഖകളില്‍ നിരന്തരം അത് ഉപയോഗിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യം ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനായി മുന്‍കാലങ്ങളില്‍ ഒന്നിലധികം ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ ഇന്ന് ഈ ഒരു നിര്‍ദേശത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ ചേരികളില്‍ ചില കക്ഷികള്‍ ആയിരുന്നു മുന്‍നിരയില്‍ ഉണ്ടായിരുന്നത് എന്നത് വിരോധാഭാസം. 2004-ല്‍ സമാജ്‌വാദി പാര്‍ട്ടി പുറത്തിറക്കിയ പ്രകടന പത്രികയില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രാജ്യം ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് സൂചിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭയില്‍ ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത്’ എന്നതിന് പകരം ‘ഭാരത് ഈസ് ഇന്ത്യ’ എന്ന ക്ലോസ് ഉള്‍പ്പെടുത്താനുള്ള പ്രമേയം നിയമസഭ ഐകകണ്‌ഠ്യേനേ പാസാക്കി. 2012-ല്‍ ഒരു കോണ്‍ഗ്രസ് എംപിയും ഈ ദിശയില്‍ സ്വകാര്യ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. ആക്ടിവിസ്റ്റ് നിരഞ്ജന്‍ ഭട്‌വാള്‍ 2016-ല്‍ ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഒരു ഹര്‍ജിയില്‍, പൗരന്മാരോട് രാജ്യത്തെ എന്താണ് വിളിക്കേണ്ടതെന്ന് പറയാന്‍ ഒരു അധികാരിക്കോ സംസ്ഥാനത്തിനോ കോടതിക്കോ അധികാരമില്ലെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. ‘ഇന്ത്യ’, ‘ഭാരതം’ എന്നീ രണ്ട് പേരുകളും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് ബോബ്‌ഡെ 2020 ല്‍ അഭിപ്രായപ്പെട്ടു. ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ സംവാദത്തിനുള്ള സാധ്യതകള്‍ അതോടെ അടഞ്ഞു. ‘ഇന്ത്യ’യെ ഇതിനകം ‘ഭാരത്’ എന്ന് നിരവധി തവണ വിളിച്ചിരുന്നു. ഭരണഘടനയുടെ 343(1) അനുച്ഛേദം പ്രകാരം ദേവനാഗരി ലിപിയിലുള്ള ‘ഹിന്ദി’ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായിരിക്കുമെന്ന് പരാമര്‍ശിക്കുമ്പോള്‍ 1963 ലെ ഔദ്യോഗിക ഭാഷാ നിയമത്തിന്റെ ക്ലോസ് 3 പ്രകാരം യൂണിയന്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും പാര്‍ലമെന്റിലെ ഉപയോഗത്തിനും ഇംഗ്ലീഷ് ഭാഷ തുടരാം എന്നും പരാമര്‍ശിക്കുന്നു. അതിനാല്‍ ‘ഇന്ത്യ’, ‘ഭാരതം’ എന്നിവ രാജ്യത്തെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പരസ്പരം മാറ്റാവുന്നതാണ്. ആവശ്യാനുസരണം ‘ഭാരത്’ അല്ലെങ്കില്‍ ‘ഇന്ത്യ’ എന്ന പദം ഉപയോഗിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്.
എന്നിരുന്നാലും, ഈ പദങ്ങള്‍ പരസ്പരം മാറിമാറി ഉപയോഗിക്കുന്നതിലെ ഈ ബഹുസ്വരത ജനങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. ഈ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഈ നിബന്ധനകള്‍ എങ്ങനെ, എവിടെയാണ് പൊതുജനങ്ങള്‍ ഉപയോഗിക്കേണ്ടത് എന്ന് വ്യക്തമാക്കുന്ന ഒരു ഉത്തരവ് എപ്പോഴും നല്ലതാണ്. പേരുമാറ്റം നടക്കുന്നുവെന്ന ചില മാധ്യമങ്ങളുടെ ആരോപണം വിവാദങ്ങള്‍ ഇളക്കിവിടാനുള്ള രാഷ്ട്രീയ ആരോപണം മാത്രമാണ്. ‘ഭാരതം’ നമ്മുടെ സാംസ്‌കാരികവും പൈതൃകവുമായ ബന്ധത്തെ പ്രതിനിധീകരിക്കുമ്പോള്‍, ആധുനിക ലോകത്തെ രാഷ്ട്ര പ്രതിനിധി ആയി നാം ‘ഇന്ത്യ’ എന്ന് അറിയപ്പെടുന്നു. സ്വാതന്ത്ര്യം ലഭിച്ച ഉടനെ നമ്മുടെ രാജ്യത്തിന്റെ നാമം ഭാരതം എന്നോ ഹിന്ദുസ്ഥാന്‍ എന്നോ പുനര്‍നാമകരണം ചെയ്യണം എന്ന് ഏറ്റവും ശക്തമായി വാദിച്ചത് മുഹമ്മദ് അലി ജിന്നയും അതിനെ എതിര്‍ത്തുകൊണ്ട് ഈ ദ്വിഭാഷാ പ്രയോഗം സ്വീകരിച്ചത് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും ആയിരുന്നു. എന്നിരുന്നാലും, ഇന്ന് പല രാജ്യങ്ങളും അവരുടെ സാംസ്‌കാരികവും ചരിത്രപരവുമായ പേരുകള്‍ സ്വീകരിച്ചുകൊണ്ട് അന്താരാഷ്ട്ര രംഗത്ത് അവരുടെ വേരുകളെ ആശ്ലേഷിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, ഈ യുഗത്തില്‍ ഭാരതം എന്ന പേരു സ്വീകരിക്കുന്നത് നമുക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക് ഉള്ള ഹിരണ്യ ഗര്‍ഭ പ്രവേശം എത്രയും പെട്ടെന്ന് സ്വീകരിക്കേണ്ട ഒന്ന് തന്നെയാണ്. ആയതിനാല്‍ തന്നെ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന ഈ വിവാദങ്ങള്‍ തികച്ചും അനാവശ്യമാണ്. നമ്മുടെ സാംസ്‌കാരികതയിലും പൈതൃകസ്മൃതിയിലും വേരിറങ്ങിയ ഭാരതം എന്ന പദത്തെ കുഴിച്ചുമൂടാനുള്ള രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങള്‍ തിരസ്‌കരിക്കുമെന്നത് തീര്‍ച്ചയാണ്.