”സത്യമേ പറയാവൂ അപ്പൂ. മറ്റുള്ളോരെപ്പേടിച്ച് ഉള്ളതു പറയാതിരിക്കരുത്.
‘കണ്ടതു പറഞ്ഞാ കഞ്ഞില്ല്യ’ എന്നും പറയും പണ്ടുള്ളോര്.
‘ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും.’ അങ്ങനേയും ഒരു ചൊല്ലുണ്ട്. കേള്‍ക്കുന്നോര്‍ക്ക് അലോഹ്യം തോന്നാത്തവിധത്തില്‍ വേണം സത്യം പറയാന്‍.”
നായരുവീട്ടിലെ തലച്ചെറുമന്റെ കഥ പറഞ്ഞുതന്നു മുത്തശ്ശി. ഇഷ്ടംപോലെ കൃഷിയുണ്ട് നായരുവീട്ടുകാര്‍ക്ക്. തറവാട്ടിലുള്ളവരൊന്നും കണ്ടത്തിലിറങ്ങില്ല. വലിയ നായന്മാരല്ലെ. വരമ്പത്തേ നില്‍ക്കൂ. ചെളിയില്‍ ചവിട്ടില്ല. നായരുവീട്ടുകാര്‍ക്ക് വേണ്ടി മാത്രം പണിയെടുക്കാന്‍ പ്രത്യേകം *ചെറുമക്കളുണ്ട്. കാരണവന്മാരായിട്ട് ദൂരദേശത്തുനിന്ന് അവരെ കൊണ്ടുവന്നു പാര്‍പ്പിച്ചിരിക്കുകയാണ്; കുടിലുകെട്ടാന്‍ സ്ഥലം കൊടുത്ത്. നായരുവീട്ടിലെ പണികഴിഞ്ഞിട്ടേ മറ്റുള്ളവരുടെ പണിക്കു പോകാന്‍ പാടുള്ളൂ.
വിഷുപ്പിറ്റേന്ന് മഴ പെയ്തു. കണ്ടം പൂട്ടി മുറിക്കണം. എന്നിട്ടു വേണ്ടേ വിത്തു വിതക്കാന്‍. **അഞ്ചേറ് കന്നിനെ പൂട്ടിക്കെട്ടി. തലച്ചെറുമന്‍ മുമ്പില്‍. ***ചെറുമുളയന്മാര്‍ പിന്നാലെ.
ചാലിട്ടു പൂട്ടണം. മുമ്പേ തെളിക്കുന്ന പൂട്ടുകാരന്റെ ചാലില്‍കൂടി പിമ്പേ വരുന്നവന്‍ പൂട്ടരുത്. ചാലു മാറിയിടണം. അഞ്ചേറ് കന്നുണ്ടെങ്കില്‍ അഞ്ചു ചാലുണ്ടാവണം. കന്നു പൂട്ടാനറിയുന്നവന്‍ മുമ്പേ നടക്കുന്നവന്റെ ചാലില്‍കൂടി പൂട്ടില്ല.
കണ്ടം പൂട്ടുന്നതു കണ്ടപ്പോള്‍ വരമ്പത്തു നില്‍ക്കുന്ന തമ്പ്‌രാന്‍കുട്ടിക്കൊരു പൂതി. ഒന്ന് പൂട്ടി നോക്കണം. പാലക്കാട്ടെ കോളേജില്‍ പഠിക്കുകയാണ് തമ്പ്‌രാന്‍കുട്ടി. അവധിക്കു വന്നിരിക്കയാണ്.
”കുപ്പാണ്ട്യേയ് ഞാനും പൂട്ടട്ടെ?”
കുപ്പാണ്ടിയാണ് തലച്ചെറുമന്‍. കുപ്പാണ്ടിയാണല്ലോ മുമ്പില്‍ തെളിക്കുന്നത.് തമ്പ്‌രാന്‍കുട്ടി ****കരി പിടിച്ചാല്‍ ശരിയാവില്ലെന്ന് തലച്ചെറുമന് നല്ല നിശ്ചയമുണ്ട്. എതിര്‍ത്തു പറയാനും പറ്റില്ല.
കുപ്പാണ്ടിയുടെ തൊട്ടുപിന്നിലുള്ള ഏറുകന്നിന്റെ കരിപിടിച്ചോളാന്‍ കുപ്പാണ്ടി സമ്മതിച്ചു. മുളയനെ മാറ്റിനിര്‍ത്തി. തമ്പ്‌രാന്‍കുട്ടി കരിപിടിച്ചു പൂട്ടാന്‍ തുടങ്ങി. എന്നിട്ടോ, കുപ്പാണ്ടിയുടെ ചാലിലാണ് തമ്പ്‌രാന്‍കുട്ടി പൂട്ടുന്നത്!
കുപ്പാണ്ടിക്ക് ദേഷ്യം അടക്കാന്‍ പറ്റുന്നില്ല.
”ഞാന്വല്ലാ എന്റെ തമ്പ്രാന്വല്ലാ പിന്നാരാടാ ചാലുക്കൂടി പൂട്ടണത്?”
തമ്പ്‌രാന്‍കുട്ടിക്ക് സംഗതി പിടികിട്ടി.
”ചേന്നാ, ഇന്നാ നീയന്നെ പൂട്ടിക്കോ”
തമ്പ്‌രാന്‍കുട്ടി കണ്ടത്തില്‍ നിന്നുകേറി. കുപ്പാണ്ടിയോട് തമ്പ്‌രാന്‍കുട്ടിക്ക് ഒരു വിരോധോം തോന്നിയില്ല. എന്താ കാരണം?
തമ്പ്‌രാന്‍കുട്ടിയാണ് ചാലില്‍ക്കൂടി പൂട്ടുന്നതെന്ന് കുപ്പാണ്ടി പറഞ്ഞിട്ടില്ല. എന്നാലോ, കുപ്പാണ്ടി സത്യം സത്യമായിട്ടു പറയുകയും ചെയ്തു.
* തിരുവിതാംകൂറില്‍ പുലയന്മാരെന്നു പറയും. ഇവര്‍ പാടത്തു പണിയെടുക്കുന്നവരായിരുന്നു.
**ഒരു ഏറ് – ഒരു ജോഡി
*** ചെറുമക്കളുടെ ഇളംതലമുറ.
***** നുകത്തില്‍ കെട്ടുന്ന കലപ്പ