ഏകദൈവവിശ്വാസത്തിന്റെ കര്‍മ്മക്രമങ്ങളിലേക്ക് ബഹുദൈവവിശ്വാസം പകരക്കാരനായി കടന്നു വന്നതെങ്ങനെയെന്ന് ചെറുതായൊന്നു വിശകലനം ചെയ്തു നോക്കാം.
എല്ലാ കര്‍മ്മങ്ങളും ചെയ്യുന്ന ദൈവത്തെ, ആ മഹിതശക്തി നിറവേറ്റുന്ന കര്‍മ്മങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത രൂപഭാവങ്ങള്‍ നല്കി അതിനനുസൃതമായ പേരുകളും കല്പിച്ച് പൂജിക്കുന്ന ആരാധനാസമ്പ്രദായങ്ങള്‍ കടന്നു വന്നതോടെയാണ് ബഹുദൈവങ്ങളുടെ ദിവ്യസാന്നിധ്യം ലോകത്തെങ്ങുമുള്ള പൂജാക്രമങ്ങളിലുണ്ടായത്. ഭാരതത്തില്‍, സൃഷ്ടിക്രിയ കാക്കുന്ന ബ്രഹ്‌മനും ലോകപരിപാലനം നടത്തുന്ന വിഷ്ണുവും സംഹാരമൂര്‍ത്തിയായ പരമശിവനും വിഘ്‌നങ്ങളകറ്റുന്ന ഗണപതിയും വിദ്യാദായികയായ സരസ്വതിയും കുലം കാക്കുന്ന കാളിയും എല്ലാം ഈ ആത്മീയചിന്തകളുടെ പരിഷ്‌ക്കരണത്തിന്റെ പരിണതികളായിരുന്നു. യവനസങ്കല്പങ്ങളിലാകട്ടെ, സീയൂസ് ആകാശത്തിന്റെ ദേവനും (നമ്മുടെ ഇന്ദ്രന്‍) പോസിഡോണ്‍ കടലിന്റെ ദേവനും (നമ്മുടെ വരുണന്‍) ഏരീസ് യുദ്ധദേവനും (സ്‌കന്ദന്‍) ആംഫ്രഡൈറ്റ് പ്രേമത്തിന്റെ ദേവനും (കാമദേവന്‍) അപ്പോളോ സംഗീതദേവനും (സരസ്വതി) ആയി അവരോധിക്കപ്പെട്ടു. ഈജിപ്ഷ്യന്‍ സങ്കല്പം റാ സൂര്യദേവനും ഗെബ് ഭൂമിദേവിയും ഷു, ഒസിരിസ്, ഐസിസ്, സെറ്റ്, നെഫ്തിസ്, ഹോറസ് എന്നിവര്‍ ഉപദേവന്മാരുമായി ആത്മീയരംഗത്തേക്ക് കുടിപകര്‍ന്നു.
വൈദിക ഏകേശ്വരവാദത്തിനു വിരുദ്ധമായി ഇങ്ങനെ ലോകത്തെല്ലാം ബഹുദൈവാരാധനയുടെ അതിപ്രസരമുണ്ടായപ്പോഴാണ്, മുമ്പു സൂചിപ്പിച്ചതുപോലെ ഏകേശ്വരതത്വത്തിന്റെ മഹിമയോര്‍മ്മിപ്പിച്ചുകൊണ്ട് സരദുസ്ത്രന്‍ എന്ന മതപരിഷ്‌ക്കര്‍ത്താവ് ബി.സി. ആയിരത്തിത്തൊള്ളായിരത്തില്‍ ആത്മീയരംഗത്തേക്ക് കാലൂന്നുന്നത്. സരദുസ്ത്രന്റെ വാദങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കുമനുസരിച്ച് ജീവിതക്രമങ്ങള്‍ ചിട്ടപ്പെടുത്തിയ അനുയായികള്‍ പില്ക്കാലത്ത് സൊരാസ്ത്രിയന്‍മതം എന്ന പേരില്‍ പുതിയൊരു മതശാഖയുടെ പ്രയോക്താക്കളായി. അതുപോലെത്തന്നെ, പൂജാവിധികളില്‍ ജന്തുഹിംസയും സാമൂഹികാചാരങ്ങളില്‍ ജാതിവ്യവസ്ഥയും കാടുകയറാന്‍ തുടങ്ങിയപ്പോഴാണ് ഹിന്ദുമതത്തിന്റെ പരിഷ്‌ക്കര്‍ത്താവായി ശ്രീബുദ്ധന്‍ അഹിംസാവാദവുമായി രംഗത്തെത്തുന്നത്. പിന്നീട് ക്രിസ്തുവും മുഹമ്മദുമെല്ലാം അവരവരുടെ പ്രദേശങ്ങളിലെ ആചാരഭ്രംശങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ചിന്തകന്മാര്‍തന്നെ ആയിരുന്നു.
ഏകശിലാവസ്ഥയിലുള്ള ഈ ആരാധനാസമ്പ്രദായത്തെ ഒന്നുകൂടി ലളിതമാക്കാനും സാധകന്റെ ശ്രദ്ധയെ ഒരിടത്തേയ്ക്ക് കേന്ദ്രീകരിപ്പിച്ച് ധ്യാനം മുതലായ സാധകക്രിയകളെ ഏകോപിപ്പിക്കാനുമുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ആരാധനാക്രമങ്ങളില്‍ കാലാന്തരത്തില്‍ വിഗ്രഹങ്ങള്‍ കടന്നുവന്നത് എന്നാണ് കരുതപ്പെടുന്നത്.
‘വിശേഷേണ ഗ്രാഹയതേ ഇതി വിഗ്രഹഃ’ (വിശേഷേണ ഗ്രഹിക്കാന്‍ – മനസ്സിലാക്കാന്‍ – സഹായിക്കുന്നതാണ് വിഗ്രഹം) എന്ന തത്വമാണ് ദൈവപൂജയുടെ ആദ്യപടി എന്ന നിലയ്ക്ക് വിഗ്രഹങ്ങളിലൂടെ ദൈവത്തെ കാണാന്‍ വിശ്വാസിയെ പ്രേരിപ്പിച്ചത്. ‘നികൃഷ്ടവസ്തൗ ഉല്‍കൃഷ്ടദൃഷ്ടി’, അതായത് കല്ലുപോലുള്ള നികൃഷ്ടവസ്തുക്കളില്‍പ്പോലും ദൈവത്തിന്റെ ഉല്‍കൃഷ്ടത ദര്‍ശിക്കുന്നതാണ് മറ്റൊരര്‍ത്ഥത്തില്‍ വിഗ്രഹാരാധന. ആരാധകരെ ഈ തത്വം ഗ്രഹിപ്പിക്കാതെ പോയതാണ് നമ്മുടെ കര്‍മ്മകര്‍ത്താക്കള്‍ക്ക് പിണഞ്ഞ അബദ്ധം.
അപരബ്രഹ്‌മസങ്കല്പത്തിലൂടെ വേണം അമ്പലങ്ങളിലെ ദൈവങ്ങളെ ആരാധിക്കാന്‍ എന്നും അവിടത്തെ വിഗ്രഹങ്ങളോ അവ പ്രതിനിധാനം ചെയ്യുന്ന ദേവതാസങ്കല്പങ്ങളോ അല്ല യഥാര്‍ത്ഥ ദൈവം എന്നും ഉള്ള തിരിച്ചറിവ് സാധകനുണ്ടാവണം എന്ന ആശയമാണ് ഹിന്ദുമതത്തിന്റെ ധര്‍മ്മഗ്രന്ഥങ്ങളിലടങ്ങുന്ന അടിസ്ഥാനതത്വം എന്ന വസ്തുത സാധാരണക്കാരനിലെത്തിക്കാന്‍ കഴിയാതെ പോയതാണ് വിഗ്രഹാരാധനാസമ്പ്രദായം സമൂഹത്തില്‍ വേരൂന്നി പ്രചരിക്കാന്‍ കാരണമായത്. ഹിന്ദുമതത്തിന്റെ വേദങ്ങളെയും ദര്‍ശനങ്ങളെയുംപോലുള്ള അടിസ്ഥാന പുണ്യഗ്രന്ഥങ്ങളെപ്പോ ലും അപരാവിദ്യയായാണ് നമ്മുടെ ഋഷിശ്രേഷ്ഠന്മാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. (ആദ്യന്തവിഹീനമായ, നിര്‍ഗ്ഗുണമായ ദൈവസത്തയെ തിരിച്ചറിയാന്‍ പോന്ന ധര്‍മ്മശാസ്ത്രമാണ് പരാവിദ്യ. പരാവിദ്യയില്‍ പെടാത്ത മറ്റു ധര്‍മ്മശാസ്ത്രങ്ങള്‍ അപരാവിദ്യയും.) മനീഷികള്‍ക്കുപോലും അത്ര പെട്ടെന്നൊന്നും വഴങ്ങാത്ത തത്വസംഹിതകളാണല്ലൊ സനാതനമതത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങള്‍. തന്നത്തേടിയെത്തിയ ജിജ്ഞാസുക്കളായ ശിഷ്യന്മാരോട് പിപ്പലാദമഹര്‍ഷി, ‘തനിക്കറിയാവുന്നതുപോലെ പറഞ്ഞുതരാ’മെന്നു പറയുന്നത്, ഹൈന്ദവധര്‍മ്മസംഹിതകള്‍ പുലര്‍ത്തുന്ന ഈ ഗഹനതയ്ക്കുള്ള അംഗീകാരമായി വേണം കണക്കാക്കാന്‍.
ഭാരതീയര്‍ പിന്തുടര്‍ന്നു പോന്ന ആരാധനാക്രമങ്ങളെക്കുറിച്ച് പറയാതെ വിഗ്രഹാരാധനയിലേക്കുള്ള പകര്‍ന്നാട്ടങ്ങളുടെ കഥ അപൂര്‍ണ്ണമാവും എന്നുള്ളതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഇനി ആ വഴിക്കുള്ള ഒരു യാത്രയ്‌ക്കൊരുങ്ങുന്നത് അനുയോജ്യമാവുമെന്ന് തോന്നുന്നു.
പ്രാചീനശിലായുഗകാലഘട്ടം തൊട്ട് മീസോലിത്തിക്ക് കാലഘട്ടം വരെയുള്ള കാലദൈര്‍ഘ്യമാണ് ആചാരാനുഷ്ഠാനങ്ങളുടെ പിറവിഭൂമികയായി കരുതിപ്പോരുന്നത്. വേട്ടയാടിക്കിട്ടിയ മാംസവും ഫലമൂലാദികളും ഭക്ഷിച്ച് മനുഷ്യന്‍, വനഗുഹകളില്‍ അന്തിയുറങ്ങിയിരുന്ന അക്കാലത്തുതന്നെ ശവദാഹം, മരണാനന്തരക്രിയകള്‍, സഞ്ചയനം (അസ്ഥിപെറുക്കല്‍), പെറുക്കിയെടുത്ത അസ്ഥികള്‍ മണ്‍കലശങ്ങളില്‍ ശേഖരിച്ചു വെക്കല്‍, ബലിക്രിയകള്‍ എന്നിങ്ങനെയുള്ള താന്ത്രികത്തിന്റെ ആദിമരൂപങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു എന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്ന ആര്‍ക്കിയോളജിസ്റ്റ് ദിലീപ്കുമാര്‍ ചക്രബര്‍ത്തി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ശിവലിംഗങ്ങള്‍, സപ്തമാതാക്കള്‍ തുടങ്ങിയ ദേവീരൂപങ്ങള്‍, യോഗാസനസ്ഥിതിയിലുള്ള ആള്‍രൂപങ്ങള്‍, വൃക്ഷാരാധനയുടെ പ്രാഗ്രൂപങ്ങള്‍, എന്നിവ കാളിബംഗന്‍, ലോഥല്‍ മുതലായ സ്ഥലങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. കാളിബംഗനിലെ ഉദ്ഖനനാവശിഷ്ടങ്ങളില്‍നിന്ന് ശിവലിംഗം കണ്ടെടുത്തതോടെയാണ് ലിംഗാരാധനാരീതിയിലുള്ള ശൈവപൂജാസമ്പ്രദായം ഹൈന്ദവപാരമ്പര്യത്തിന്റെ ആരംഭകാലസമ്പ്രദായങ്ങളില്‍ത്തന്നെ ഇടംപിടിച്ചിരുന്നു എന്നുറപ്പാവുന്നത്. ആധുനിക ഹിന്ദുമതത്തിന്റെ പാരമ്പര്യം രൂപപ്പെടുന്നതില്‍ സിന്ധു – സരസ്വതീനാഗരികതയ്ക്ക് വലിയ പങ്കുണ്ടെന്നാണ് ദിലീപ് കുമാര്‍ ചക്രബര്‍ത്തി അഭിപ്രായപ്പെടുന്നത്.
ഋഗ്വേദത്തില്‍, ‘തേഹി ദ്യോവാപൃഥീവിശ്വശംഭുവാ’ എന്നു തുടങ്ങുന്ന ഒരു സൂക്തമുണ്ട്. ദ്യോവാപൃഥ്വികളെ ജഗത്തിന്റെ മാതാപിതാക്കളായി സങ്കല്പിച്ചുകൊണ്ടാണ് ഈ സൂക്തം ഋഗ്വേദത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. പൃഥ്വീ (ഭൂമി) ജഗന്മാതാവും ദ്യോവ് (അന്തരീക്ഷം) ജഗല്പിതാവും! ‘പ്രകൃതിയും പുരുഷനും’ എന്ന ആര്‍ഷസങ്കല്പം ഋഗ്വേദകാലഘട്ടത്തില്‍ത്തന്നെ ഭാരതത്തിന്റെ ആത്മീയസംസ്‌കൃതിക്ക് അടിസ്ഥാനശിലയായി വര്‍ത്തിച്ചിരുന്നു എന്നതിനുള്ള നിദര്‍ശനം കൂടിയാണ് ഈ സൂക്തം.
ജീവജാലങ്ങളുടെ സൃഷ്ടിക്കൊരുങ്ങുന്ന ബ്രഹ്‌മാവിനെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത്, പ്രശ്‌നോപനിഷത്തിലും ഈ പ്രകൃതി-പുരുഷസംയോഗത്തിന്റെ നിഴലാട്ടങ്ങള്‍ ദര്‍ശിക്കാനാവും.
തസ്‌മൈ സ ഹോവാച പ്രജാകാമോവൈ പ്രജാപതിഃ
സ തപോതപ്യത സ തപസ്തപ്ത്വാ
സ മിഥുനമുത്പാദയതേ രയിം ച പ്രാണം ചേതി
ഏതൗ മേ ബഹുധാ പ്രജാഃ കരിഷ്യത ഇതി. (പ്രശ്‌നോപനിഷത്ത് 1-4)
(ജീവജാലങ്ങളെ സൃഷ്ടിക്കാനൊരുമ്പെട്ട സ്രഷ്ടാവ് തപസ്സില്‍ മുഴുകി. ശേഷം രയിയെയും (ഊര്‍ജ്ജം- അകാശം, ജലം എന്നെല്ലാം അന്തരീക്ഷസംബന്ധിയായ മറ്റു വ്യാഖ്യാനങ്ങള്‍) പ്രാണനെയും സൃഷ്ടിച്ചു. ഇവ രണ്ടും ചേര്‍ന്ന് വിവിധജീവജാലങ്ങളെ തനിക്കുവേണ്ടി ഉല്പാദിപ്പിച്ചുകൊള്ളുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നു).
ഇവിടെ, ഊര്‍ജ്ജത്തെയും പ്രാണനെയും തൊട്ടുപോകുന്ന സൃഷ്ടിസങ്കല്പത്തിലും പ്രകൃതിപുരുഷബോധത്തിന്റെ അനുരണനങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്.
‘പ്രകൃതിയും പുരുഷനും’ എന്ന സങ്കല്പത്തിലൂന്നിക്കൊണ്ടാണ് ഋഗ്വേദം സൃഷ്ടിസങ്കല്പങ്ങളില്‍ ഇടപെടുന്നത്. (ഇതില്‍ പ്രകൃതി അചേതനമായ തന്മാത്രയാണ്. പുരുഷന്‍ സചേതനമായ ഊര്‍ജ്ജവും. ജീവന്‍ എന്നും ആത്മാവ് എന്നുമൊക്കെ പുരുഷന് മറ്റു പല ഭാഷ്യങ്ങളുമുണ്ട്.) അര്‍ദ്ധനാരീശ്വരസങ്കല്പവും പാര്‍വ്വതീപരമേശ്വരസങ്കല്പവും ശിവമോഹിനീസങ്കല്പവും വിഷ്ണുമോഹിനീസങ്കല്പവും എല്ലാം, ഈ രീതിയില്‍ സാധാരണക്കാരന്റെ ധാരണാശക്തിക്കു വഴങ്ങുന്ന വിധത്തില്‍ അക്കാലത്തെ മനീഷികള്‍ പാകപ്പെടുത്തിയെടുത്ത ആത്മീയ പന്ഥാവുകളാണ്.
പ്രപഞ്ചത്തിന്റെ നിലനില്പില്‍, പ്രകൃതിയുടെയും പുരുഷന്റെയും (തന്മാത്രയുടെയും ഊര്‍ജ്ജത്തിന്റെയും) അനിഷേധ്യമായ പാരസ്പര്യത്തെക്കുറിച്ചുള്ള അറിവാകാം പ്രകൃതിയും പുരുഷനും ഒന്നു മറ്റൊന്നില്‍ ചേര്‍ന്നുകൊണ്ട് വര്‍ത്തിക്കുന്നു എന്ന സന്ദേശം ദ്യോതിപ്പിക്കുന്ന അര്‍ദ്ധനാരീശ്വരസങ്കല്പത്തിന്റെ അടിസ്ഥാനം. ശിവലിംഗത്തിന്റെ രൂപകല്പനതന്നെ പ്രകൃതി-പുരുഷസമന്വയത്തിന്റെ പ്രതീകാത്മകമായ പ്രതിരൂപമാണല്ലൊ. മുമ്പു പറഞ്ഞപോലെ, ‘ജഗത: പിതരൗ വന്ദേ പാര്‍വതീപരമേശ്വരൗ’ എന്ന വന്ദനസൂക്തത്തില്‍ ഈ പ്രകൃതി-പുരുഷസമന്വയത്തിന്റെ പവിത്രസന്ദേശമാണ് പ്രതിഫലിച്ചു കിടക്കുന്നത്.
പ്രകൃതി-പുരുഷസങ്കല്പത്തിന്റെ മൂര്‍ത്തരൂപമായി പിന്നീട് ആരാധനാസമ്പ്രദായങ്ങളില്‍ ശിവശക്തിസങ്കല്പം ഇടം നേടി. അതിന്റെ കാല്പനികരൂപമാണ് ശിവലിംഗശിലാരൂപമായി പിന്നീട് പൂജിക്കപ്പെട്ടത്. അല്ലെങ്കില്‍ത്തന്നെ, ‘ഔറാനോസ്’ എന്നതുപോലുള്ള വിവിധസംജ്ഞകളാല്‍ ആഗോളതലത്തില്‍ത്തന്നെ, ആരംഭകാലങ്ങളില്‍ ആരാധിക്കപ്പെട്ട ദേവതയായിരുന്നുവല്ലൊ ശിവന്‍.
ഭാരതമൊട്ടുക്കും പുരാതനകാലം തൊട്ടുതന്നെ ഈ ശൈവാരാധനാസമ്പ്രദായം നിലനിന്നുപോന്നിരുന്നു എന്നുള്ളതിന് ഹരിയാന, ഗുജറാത്ത്, കേരളം, തെക്കന്‍തമിഴ്‌നാട്, ഉപരിഗംഗാപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ ഉദ്ഖനനങ്ങളില്‍നിന്നു കിട്ടിയ ശിവലിംഗങ്ങളുടെയും ഹോമകുണ്ഡങ്ങളുടെയും അവശിഷ്ടങ്ങളും തെളിവു നല്കുന്നുണ്ട്. തമിഴ്‌നാട്ടിലെ കീഴടിയില്‍ നടന്ന ഉദ്ഖനനത്തില്‍ ഹാരപ്പന്‍ സംസ്‌കാരത്തിന് സമാന്തരമായ നാഗരികത ഇവിടെയും നിലനിന്നിരുന്നു എന്നതിന് വേണ്ടത്ര സാക്ഷ്യങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഹരിയാന, ഗുജറാത്ത്, കേരളം, തെക്കന്‍ തമിഴ്‌നാട്, ഉപരിഗംഗാപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളെ തമ്മില്‍ അക്കാലത്തുതന്നെ, മാള്‍വാ, ഡെക്കാന്‍ വഴിയുള്ള പഴംകാലപാതകള്‍ ബന്ധിപ്പിച്ചിരുന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പരസ്പരബന്ധമുള്ള ഒരു പൊതുസംസ്‌കാരത്തെ അക്കാലത്ത് ശൈവാരാധനാസമ്പ്രദായം അഷ്ടബന്ധമിട്ടുറപ്പിച്ചു നിര്‍ത്തിയിരുന്നു എന്നുള്ളതിനാണ് ഈ കണ്ടെത്തലുകളെല്ലാം സാക്ഷി ചൊല്ലുന്നത്.
സൃഷ്ടികര്‍ത്താവായ ഈശ്വരന്‍ പല പേരുകളില്‍ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ലോകമെമ്പാടും ആരാധിക്കപ്പെട്ടിരുന്നു. ഗ്രീക്കുകാര്‍ അപ്പോളോ, അഥീനി, സോയുസ്, ഹീര, ഹേല്‍മിസ് എന്നും റോമക്കാര്‍ ജൂപ്പിറ്റര്‍, മാഴ്‌സ്, മിനര്‍വ, മീഡാസ്, ജൂണോ എന്നും ഈജിപ്തുകാര്‍ റാം, ഹുസീരസ്, ആറ്റണ്‍, ഈഡിസ്, ഹോറസ് എന്നും പാലസ്തീന്‍ കാര്‍ മോളോച്ച്, ബാല്‍, ജസിബല്‍ എന്നും അറേബ്യക്കാര്‍ ആത്ത, മനാത്ത, ഉസ്സ, ഹുബാല്‍ എന്നും തുടങ്ങി ബഹുദൈവവിശ്വാസത്തിലൂന്നിയ വിഗ്രഹാരാധന അക്കാലങ്ങളില്‍ നടത്തിപ്പോന്നിരുന്നു. 365 ദേവതാവിഗ്രഹങ്ങളാണ് അന്ന് മെക്കയിലെ ക-അബയില്‍ പൂജിച്ചാരാധിക്കപ്പെട്ടിരുന്നത്.
മധ്യഭാരതത്തിലെ കോര്‍കുവംശക്കാരുടെ പ്രപഞ്ചോത്ഭവവിശ്വാസം ശൈവസങ്കല്പത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. മഹാദേവന് അവര്‍ ചാര്‍ത്തിക്കൊടുത്ത ചെല്ലപ്പേരായിരുന്നു ‘ബാദേവോ’. അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായിരുന്നു ഗംഗുദേവി. മനുഷ്യസൃഷ്ടിക്കായി മണ്ണുകൊണ്ടുവരാന്‍ ബാദേവോവിനാല്‍ നിയോഗിക്കപ്പെട്ട കാക്കയുടെ കൊക്കില്‍ നിന്ന കൊഴിഞ്ഞുവീണ മണ്ണാണ് ഭൂമിയായി പരിണമിച്ചത് എന്നാണ് കോര്‍കുവംശക്കാര്‍ വിശ്വസിക്കുന്നത്. ബാക്കി വന്ന മണ്ണുകൊണ്ട് ‘ബാദേവോ’ മനുഷ്യനെ സൃഷ്ടിച്ചു. മണ്ണും മനുഷ്യനും തമ്മിലുള്ള പൊക്കിള്‍ക്കൊടിബന്ധം ഈ വിശ്വാസത്തിലും വ്യക്തതയോടെ നിഴലിച്ചു കിടക്കുന്നുണ്ട്. മനുഷ്യനെ സൃഷ്ടിച്ച ശേഷം അവന് കാവല്‍ കാക്കാന്‍ ഗംഗുദേവിയാണത്രെ പിന്നീട് നായ്ക്കളെ പടച്ചത്. കോര്‍കുവംശക്കാരുടെ വിശ്വാസത്തില്‍ ശിവന്റെ പ്രതിരൂപമായ ബാദേവോ സൃഷ്ടികര്‍മ്മാണ് ചെയ്യുന്നതെങ്കില്‍ ഭാരതീയ വിശ്വാസങ്ങളനുസരിച്ച് ശിവന്‍ സംഹാരമൂര്‍ത്തിയാണ് എന്നൊരു വ്യത്യാസം ഉണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്.
സ്‌കാന്റിനേവിയന്‍ ജനങ്ങള്‍ക്കും ഗ്രീക്ക്-റോമന്‍ സങ്കല്പങ്ങള്‍പോലെ അന്ന് ബഹുദൈവവിശ്വാസമുണ്ടായിരുന്നു. വോഡണ്‍, തോറ തുടങ്ങി നിരവധി ദൈവങ്ങളെ അവര്‍ തങ്ങളുടെ രക്ഷകരായി ആരാധിച്ചു. ഇവരുടെ വോഡണ്‍, തോറ എന്നീ ദേവതകളുടെ പേരില്‍ നിന്നാണ് ഇംഗ്ലീഷ് ദിവസക്രമത്തിലെ വെഡ്‌നസ്‌ഡേയും തേഴ്‌സ്‌ഡേയും ഉരുത്തിരിഞ്ഞത്. തോറ എന്ന ദേവതയുടെ ചുറ്റികാതാഡനത്തിന്റെ ശബ്ദമാണ് ഇവര്‍ക്ക് ഇടിമുഴക്കം. ഖുര്‍ ആനിലാകട്ടെ, ഇടിമുഴക്കം മേഘങ്ങളെ മേയ്ക്കുന്ന ഇടയനായ ദൈവത്തിന്റെ ചാട്ടവാര്‍ ശബ്ദമാണ്. (മുഹമ്മദ് ആട്ടിടയനായിരുന്നു എന്നോര്‍ക്കുക.)
സ്‌കാന്റിനേവിയന്‍ ജനങ്ങളുടെ സങ്കല്പമനുസരിച്ച്, തന്റെ സഹോദരങ്ങളുമൊത്ത് കടല്‍ത്തീരത്ത് സല്ലപിച്ചിരിക്കുമ്പോള്‍ വോഡന്‍ എന്ന ദേവതയാണ് അവിടെക്കിടന്നിരുന്ന രണ്ടു തടിക്കഷ്ണങ്ങളില്‍നിന്ന് ആസ്‌ക് എന്ന പുരുഷനെയും എംബ്ലാ എന്ന സ്ത്രീയെയും സൃഷ്ടിക്കുന്നത്. സെമറ്റിക്ക് മതക്കാരില്‍ എത്തിയപ്പോഴേക്കും ഇത് ആദവും ഹവ്വയുമായി മാറുകയാണ് ഉണ്ടായത്. ആദമിനെ സൃഷ്ടിച്ചതിനുശേഷം അവനൊരിണയെ ഉണ്ടാക്കാന്‍ ആദമിന്റെ വാരിയെല്ലില്‍ ഒന്നൂരിയെടുത്ത് അതുപയോഗിച്ചാണ് ബൈബിളിലെ ദൈവം ഹവ്വയെ സൃഷ്ടിക്കുന്നത്.
‘ആകാശഭൂമികളും അവയ്ക്കിടയിലുള്ളതും ഏഴു നാള്‍കൊണ്ട് സൃഷ്ടിച്ചവനാണ് അല്ലാഹു’. ‘മനുഷ്യസൃഷ്ടി മണ്ണില്‍നിന്നു തുടങ്ങുകയും മനുഷ്യമക്കളെ നിസ്സാരമായ ജലത്തില്‍ നിന്ന് ഉണ്ടാക്കുകയും ചെയ്തവന്‍. മനുഷ്യനെ വേണ്ട വിധത്തില്‍ രൂപപ്പെടുത്തിയ ശേഷം അല്ലാഹു അവന്റെ ആത്മാംശം അവനിലൂതി. (ഖുര്‍ ആന്‍ 6, 32-15,16 വചനങ്ങള്‍)’ എന്നിങ്ങനെയാണ് മുസ്ലീങ്ങളുടെ സൃഷ്ടിസങ്കല്പം പുരോഗമിക്കുന്നത്.
(തുടരും)