ഒരു പൊതു തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയര്‍ന്നു കഴിഞ്ഞു. ഇതുവരെ കീരിയും പാമ്പും ആയി പോരടിച്ചു നിന്നിരുന്ന പ്രതിപക്ഷ കക്ഷികള്‍ ഇന്‍ഡിയ എന്ന സഖ്യ മുന്നണിയുമായി രംഗത്ത് വന്നു കഴിഞ്ഞു. ആരാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരവുമില്ല. രാഹുലും നിതീഷും മമതയും കേജ്രിവാളും ലാലുവും സ്റ്റാലിനും ഒക്കെ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന് മാത്രമല്ല തങ്ങള്‍ ആകണമെന്ന് വാശിപിടിക്കുന്നവരും കൂടിയാണ്. ആര് പ്രധാനമന്ത്രി ആയാലും എത്ര അഴിമതി നടത്തിയാലും രാജ്യം വിറ്റു നശിപ്പിച്ച് കുത്തുപാള എടുത്താലും നരേന്ദ്രമോദിയും ബിജെപിയും അധികാരത്തില്‍ എത്തരുത് എന്ന് മാത്രമേ ചിലര്‍ക്കുള്ളൂ. ദേശീയതലത്തിലും കേരളത്തിലും ചില മാധ്യമങ്ങളുടെ പ്രവര്‍ത്തനവും വാക്കുകളും എത്രമാത്രം ദുരുപദിഷ്ടവും സ്വാര്‍ത്ഥവും രാഷ്ട്രവിരുദ്ധവും വൈരനിര്യാതനബുദ്ധി പുലര്‍ത്തുന്നതുമാണ് എന്നത് സത്യസന്ധമായി ചിന്തിക്കുന്ന എല്ലാവര്‍ക്കും ബോധ്യപ്പെടും.
യുഡിഎഫിനും എല്‍ഡിഎഫിനും അവരെ പിന്തുണയ്ക്കുന്ന പാര്‍ട്ടി പത്രങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്. അതുകൊണ്ടുതന്നെ അവര്‍ നിഷ്പക്ഷമായി, സത്യസന്ധമായി കാര്യങ്ങള്‍ ചെയ്യുമെന്ന് കരുതുന്നില്ല, പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ, നൂറ്റാണ്ടിന്റെ പാരമ്പര്യവും പറഞ്ഞ് തങ്ങള്‍ നിഷ്പക്ഷ പത്രപ്രവര്‍ത്തനത്തിന്റെ അപ്പോസ്തലന്മാര്‍ ആണെന്ന് അവകാശപ്പെട്ട് ലോകമെമ്പാടും മാധ്യമപ്രവര്‍ത്തനവും ധര്‍മ്മവും പഠിപ്പിക്കാന്‍ നടക്കുന്ന കോട്ടയത്തെ പത്രമുത്തശ്ശിയെ കുറിച്ച് പറയാതെ വയ്യ.
പത്ര മുത്തശ്ശിയുടെ ചാനല്‍ അവതാരക കഴിഞ്ഞദിവസം അവകാശപ്പെട്ടത് ഭാരതത്തെ തകര്‍ക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്നാണ്. അവതാരകയുടെ മോദി വിരോധം വളരെ പ്രശസ്തമാണ്.
കാര്യമുണ്ടായാലും ഇല്ലെങ്കിലും നരേന്ദ്രമോദിയെ വിമര്‍ശിക്കുകയും അദ്ദേഹത്തിനെതിരെ അപമാനകരമായ രീതിയില്‍ രാഷ്ട്രീയ എതിരാളികള്‍ പോലും ഉപയോഗിക്കാത്ത വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുകയും ചെയ്യുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. അതുകൊണ്ടുതന്നെ നിഷ്പക്ഷരായ, സത്യസന്ധരായ പ്രേക്ഷകര്‍ പുല്ലുവില പോലും ഇതിന് കല്‍പ്പിക്കാറുമില്ല. നേരത്തെ ഒരിക്കല്‍ ടെലിവിഷന്‍ ചാനലുകളുടെ സ്വയം നിയന്ത്രണ അതോറിറ്റി ഇവരോട് ഇത്തരം പരാമര്‍ശങ്ങളില്‍ തെളിവും വിശദീകരണവും തേടിയതാണ്. അന്ന് വ്യക്തിപരമായ അഭിപ്രായമാണെന്നും പൊതു വിലയിരുത്തല്‍ ആണെന്നും ഒക്കെ പറഞ്ഞ് കരഞ്ഞും കാലുപിടിച്ചും ഒത്തുതീര്‍പ്പാക്കിയതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുടര്‍ച്ചയായി ഈ രീതിയില്‍ വ്യക്തിപരമായി ആക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഒരു അവതാരകയുടെ മാത്രം തീരുമാനത്തിന്റെ പുറത്താണെന്ന് ഒരിക്കലും ഊഹിക്കാനാവില്ല. ഇത് പത്രമുത്തശ്ശിയുടെ ഉന്നത മാനേജ്‌മെന്റിന്റെ രാഷ്ട്രീയ പക്ഷപാതവും വര്‍ഗീയ മനോഭാവവും കാരണമാണെന്ന് പറയാതെ വയ്യ.
2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ എത്തുമ്പോള്‍ രണ്ട് ട്രില്യന്‍ ഡോളര്‍ പോലും ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയായിരുന്നു ഭാരതത്തിന്റേത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം വളര്‍ന്നിരിക്കുന്നു. മേക്കിങ് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പ്രതിരോധരംഗത്തും വ്യവസായരംഗത്തും കൈവരിച്ച അതിശക്തമായ വളര്‍ച്ച ലോകരാജ്യങ്ങള്‍ പോലും അസൂയയോടെ നോക്കിക്കാണുന്നതാണ്. അന്താരാഷ്ട്രരംഗത്ത് ഏറ്റവും ശക്തനായ രാഷ്ട്രനേതാവായി നരേന്ദ്രമോദി മാറുകയും എല്ലാ രാജ്യങ്ങളും ഭാരതത്തിന്റെ സൗഹൃദം ആഗ്രഹിക്കുന്ന രീതിയിലേക്ക് ഭാരതത്തെ പൂര്‍ണ്ണമായും മാറ്റിയെടുക്കുകയും ചെയ്തു.
കൊറോണ രോഗബാധ ഉണ്ടായ സമയത്ത് ലോകം മുഴുവന്‍ അസ്തപ്രജ്ഞരായി നിന്നപ്പോള്‍, മാസങ്ങള്‍ക്കുള്ളില്‍ പ്രതിരോധ വാക്‌സിന്‍ മുതല്‍ കയ്യുറകളും ഷീല്‍ഡുകളും അനുബന്ധ ഉപകരണങ്ങളും വരെ തയ്യാറാക്കി ഭാരതം കുതിച്ചപ്പോള്‍ ലോകരാഷ്ട്രങ്ങളെ നമ്മള്‍ ഒപ്പം കൂട്ടി. എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ മുതല്‍ ഭക്ഷണം വരെ നല്‍കാന്‍ ഭാരതം തയ്യാറായി. ദുരന്തമുഖങ്ങളിലെല്ലാം മരുന്നും ഭക്ഷണവും രക്ഷാപ്രവര്‍ത്തനവുമായി ഭാരതം എത്തി. അതേസമയം ഭീകരവാദത്തിനെതിരെ കര്‍ശന നടപടിയെടുക്കാനും ഭാരതത്തിന് കഴിഞ്ഞു. മുംബൈ ഭീകരാക്രമണം ഉണ്ടായതിനു ശേഷം നിഷ്‌ക്രിയമായിരുന്ന പഴയ ഭരണകൂടങ്ങള്‍ക്ക് പകരം അതിര്‍ത്തി കടന്ന് ഭീകരതാവളങ്ങള്‍ തകര്‍ത്ത് ബലക്കോട്ടിലൂടെ മറുപടി നല്‍കിയ ഭാരതം ഒരു പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്.
ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന പൃഥ്വി മിസൈലുകള്‍ മുതല്‍ ഭാരതത്തിലേക്ക് അതിര്‍ത്തി കടന്നുവരുന്ന മിസൈലുകളെ തകര്‍ത്തെറിയാന്‍ കഴിയുന്ന ‘മായ’ വരെയുള്ള അത്യാധുനിക സങ്കേതങ്ങളിലേക്ക് ഭാരതം മാറി. ചൈനയ്ക്ക് മുന്നില്‍ ആയുധമില്ലാതെ സൈനികരെ ബലികൊടുത്ത്, ലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലം വിട്ടുകൊടുത്ത് പഞ്ചശീലം പറഞ്ഞ് കഴുതയെപ്പോലെ കരഞ്ഞു മടങ്ങിവന്ന നെഹ്‌റുവിന്റെ പരാധീനഭാരതമല്ല ഇന്ന് നരേന്ദ്രമോദി രൂപംകൊടുത്ത് നയിക്കുന്നത് എന്ന കാര്യം കോട്ടയം മുത്തശ്ശി അറിയണം.
ചില കണക്കുകള്‍ കൂടി പറയാതെ വയ്യ. 2005-2006 ല്‍ ഭാരതത്തിലെ പോഷകാഹാരക്കുറവ് 44.9% ജനങ്ങളില്‍ ആയിരുന്നു. 2019-21 ആയപ്പോഴേക്കും ഇത് 11.8% ആയി കുറയ്ക്കാന്‍ കഴിഞ്ഞു. ശിശുമരണനിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 1.5% ആയി കുറയ്ക്കാനായി. പാചക ഇന്ധനം ഇല്ലാത്തവരുടെ എണ്ണം 52.9 ശതമാനത്തില്‍ നിന്ന് 13.9% ആക്കി. ശൗചാലയങ്ങള്‍ ഇല്ലാത്തവര്‍ 50.4% ആയിരുന്നത് 11.3% ആയി. കുടിവെള്ളം ഇല്ലാത്തവര്‍ 15.4 ശതമാനം ആയിരുന്നത് 2.7 ശതമാനം ആക്കി കുറയ്ക്കാന്‍ കഴിഞ്ഞു. വൈദ്യുതി കണക്ഷന്‍ ഇല്ലാത്തവരുടെ എണ്ണം 29% ആയിരുന്നു. ഇത് 2.1% ആയി കുറഞ്ഞു. സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം 44.9% ആയിരുന്നത് 13.6% ആക്കി കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു. ഈ തരത്തില്‍ നേട്ടങ്ങളുടെ പട്ടിക നൂറു കണക്കിന് ഉണ്ട്. ഇതൊക്കെ കാണേണ്ടവര്‍ക്ക് കാണാം, അറിയേണ്ടവര്‍ക്ക് അറിയാം.
കോട്ടയം മുത്തശ്ശി കളിക്കുന്നത് നഗ്‌നമായ കോണ്‍ഗ്രസ് രാഷ്ട്രീയവും ക്രിസ്തുമത പ്രീണനവും ആണ് എന്നകാര്യം പറയാതെ വയ്യ. നരേന്ദ്രമോദി ആദ്യം അധികാരത്തില്‍ എത്തിയപ്പോള്‍ തുടങ്ങിയതാണ് കോട്ടയത്തെ കളി. അപവാദങ്ങളും വ്യാജവാര്‍ത്തകളും പലതവണ പ്രചരിപ്പിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാം തവണയും നരേന്ദ്രമോദി അധികാരത്തില്‍ എത്തില്ലെന്ന് ഉറപ്പിച്ചാണ് ചേട്ടായിമാര്‍ നടന്നത്. രാഹുല്‍ഗാന്ധി കേരളത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരത്തിന് വന്ന പ്രത്യേകവിമാനത്തില്‍ മുത്തശ്ശിപ്പത്രത്തിന്റെ ഉടമകള്‍ ഉണ്ടായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം.
1947ആഗസ്റ്റ് 15 വരെയും ഗാന്ധിജിയെ മിസ്റ്റര്‍ ഗാന്ധി എന്ന് വിളിച്ച ഈ മുത്തശ്ശിപ്പത്രം ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം നിന്ന് ഭാരത സ്വാതന്ത്ര്യസമരത്തെ ഒറ്റിയവര്‍ക്ക് ഒപ്പം തന്നെയായിരുന്നു. ദേശാഭിമാനി ലേഖകന്‍ ആയിരിക്കെ ജി.ശക്തിധരന്‍ എഴുതിയ ‘വിഷവൃക്ഷത്തിന്റെ അടിവേരുകള്‍’ എന്ന ഗ്രന്ഥം ഇവരുടെ തട്ടിപ്പിന്റെയും രാജ്യവിരുദ്ധതയുടെയും സൂത്രപ്പണികള്‍ ഓരോന്നായി തുറന്നുകാട്ടിയതാണ്. രാജ്യത്തെ തകര്‍ക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്ന് പറയുമ്പോള്‍ അതിന് ആധാരമായി എന്ത് കണക്കാണ് നിരത്താന്‍ ഉള്ളത്?
കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചാല്‍ നികുതിവെട്ടിപ്പും ഷെല്‍ കമ്പനി ഇടപാടുകളും അടക്കം ഉദ്ദേശിക്കുന്നത് ഒക്കെ നടക്കും എന്ന് ചില പത്ര മുതലാളിമാര്‍ക്ക് അറിയാം. നരേന്ദ്രമോദി അധികാരത്തിലുള്ളപ്പോള്‍ അത്തരം കളികളൊന്നും നടക്കില്ല എന്ന കാര്യവും അറിയാം. അതുകൊണ്ടുള്ള അസ്‌കിതകളാണ് ഇത്തരം വര്‍ത്തമാനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് സാധാരണക്കാര്‍ക്ക് പോലും ബോധ്യപ്പെടുന്നുണ്ട് എന്നത് പറയാതെ വയ്യ.
മണിപ്പൂര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി സംസാരിച്ചില്ല, അതേസമയം ഏകീകൃത പൗരത്വ നിയമത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു – ഇതൊക്കെയാണ് മറ്റൊരു ആരോപണം. പ്രധാനമന്ത്രി എന്തിനെക്കുറിച്ചൊക്കെ സംസാരിക്കണം, എന്തിനെക്കുറിച്ചൊക്കെ സംസാരിക്കരുത് എന്തൊക്കെ നിയമനിര്‍മ്മാണമാണ് നടത്തേണ്ടത് എന്നൊക്കെ കോട്ടയം ചേട്ടായിമാരോട് ചോദിച്ചേ ചെയ്യാവൂ എന്ന നയം അംഗീകരിച്ച ഭരണാധികാരികള്‍ ഉണ്ടാവാം. പക്ഷേ, നരേന്ദ്രമോദി ആ ഗണത്തില്‍ വരുന്ന ആളല്ല. അതുകൊണ്ട് ആ വെള്ളം വാങ്ങി വയ്ക്കുന്നതാണ് നല്ലത്.
ഏതു പത്രത്തിനും ചാനലിനും മാധ്യമത്തിനും പ്രധാനമന്ത്രിയെയും മന്ത്രിമാരെയും ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഉള്ള ആരെയും വിമര്‍ശിക്കാം. പക്ഷേ, അത് വസ്തുനിഷ്ഠമായിരിക്കണം. അതിന്റെ ലക്ഷ്യം വൈരനിര്യാതനബുദ്ധി ആവരുത്. അന്തസ്സില്ലാത്ത പക്ഷപാതം ആകരുത്, നഗ്‌നമായ വര്‍ഗീയവാദവും ആകരുത്. മുത്തശ്ശിപ്പത്രം കേരളത്തിലെ ക്രൈസ്തവര്‍ മാത്രം വാങ്ങിയാല്‍ മതി മറ്റു മതസ്ഥരാരും വാങ്ങണ്ട എന്ന് തീരുമാനിച്ചാല്‍ എത്ര കോപ്പി ഉണ്ടാകും എന്നുള്ള കാര്യം കൂടി ആലോചിക്കണം എന്ന് പറയാതെ വയ്യ.
രാഹുല്‍ മിന്നി, രാഹുല്‍ കാസറി തുടങ്ങി രാഹുലിനെ പൊക്കാനും സുഖിപ്പിക്കാനും പറ്റുന്ന രീതിയില്‍ ഉണ്ടാക്കിയ നിരവധി തലക്കെട്ടുകള്‍ വസ്തുനിഷ്ഠമായിരുന്നില്ല എന്നുമാത്രമല്ല, നഗ്‌നമായ പക്ഷപാതവുമായിരുന്നു എന്ന കാര്യം പറയാതെ വയ്യ. കോട്ടയം മുത്തശ്ശിയുടെ സാമ്പത്തിക അസ്ഥിവാരത്തിന് പിന്നില്‍ കേരളത്തിലെ ഹിന്ദുക്കള്‍ പത്രം വാങ്ങിയ വലിപ്പമുണ്ട് എന്ന കാര്യം മനസ്സിരുത്തി ആലോചിക്കണം. അവതാരകയുടെ വ്യക്തി വിശേഷങ്ങളിലേക്കോ സ്വഭാവഹത്യയുടെ സാമൂഹിക മാധ്യമ വിചാരണകളിലേക്കോ കടക്കുന്നില്ല. പത്രപ്രവര്‍ത്തനം നിഷ്പക്ഷമാണെന്ന അഭിപ്രായവും ഇല്ല. മുതലാളിയുടെ പക്ഷവും മുതലാളി പറയുന്ന ന്യായവും ആണ് ആധുനിക പത്രപ്രവര്‍ത്തനം എന്ന കാര്യത്തില്‍ യാതൊരു ശങ്കയുമില്ല. പക്ഷേ, വ്യക്തിപരമായ പരാമര്‍ശങ്ങളും തേജോവധവും ചെയ്യുമ്പോള്‍ അന്തസ്സ് പാലിക്കണം.
ഭാരതമാതാവ് എന്ന ഒറ്റ സങ്കല്പത്തില്‍ അതിനെ മാത്രം ഉപാസിച്ച്, അതിനുവേണ്ടി അനവരതം പ്രവര്‍ത്തിച്ച്, രാവ് പകലാക്കി ഭാരതത്തിന്റെ പരമ വൈഭവം മാത്രം ലക്ഷ്യമാക്കി നരേന്ദ്രമോദി നീങ്ങുമ്പോള്‍ അദ്ദേഹത്തെ അപഹസിക്കുന്ന പത്രമുത്തശ്ശിയുടെയും അവതാരകയുടെയും പരാമര്‍ശങ്ങള്‍ക്ക് സ്വന്തം ലക്ഷ്യത്തിലേക്ക് നീങ്ങുന്ന സഹസ്രകിരണനായ സൂര്യന്റെ നേരെ കുരച്ചുചാടുന്ന ചാവാലിപ്പട്ടിയുടെ വില പോലും കല്‍പ്പിക്കപ്പെടുന്നില്ല എന്ന കാര്യം പറയാതെ വയ്യ.
ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഭാരത വിരുദ്ധരായ ഒരുപറ്റം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നകാര്യം ഇതിനോടൊപ്പം തന്നെ കാണണം. ഹരിയാനയിലെ നൂഹില്‍ ഇസ്ലാമിക കലാപകാരികള്‍ ആസൂത്രിതമായ അക്രമം നടത്തുകയായിരുന്നു. അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഭക്തരുടെ നൂറുകണക്കിന് വാഹനങ്ങള്‍ ആണ് ജിഹാദികള്‍ കത്തിച്ചു നശിപ്പിച്ചത്. ഇക്കാര്യം റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുണ്ടായ ലഹള എന്ന തരത്തിലായിരുന്നു. കഴിഞ്ഞില്ല, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നൂഹില്‍ കൂടി ഹിന്ദുക്കള്‍ നടത്തിയ മതഘോഷയാത്രയാണ് ആക്രമണത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.
ജിഹാദികള്‍ ആസൂത്രിതമായി ആയുധം സംഭരിച്ച് നടത്തിയ നൂഹിലെ ആക്രമത്തെ പോലും ഹിന്ദു മുസ്ലിം വര്‍ഗീയ സംഘര്‍ഷം എന്നു വിവരിക്കാനാണ് മറ്റു ചില അന്താരാഷ്ട്ര ഏജന്‍സികളും ഇന്ത്യയിലെ ചില മാധ്യമങ്ങളും തയ്യാറായത്. മണിപ്പൂരിലെ കലാപത്തിന് പിന്നിലും ഇസ്ലാമിക ഭീകരരുടെ കൈയുണ്ട് എന്ന കാര്യം ഇപ്പോള്‍ പുറത്തുവന്നു കഴിഞ്ഞു. നൂഹിലും ഗുരുഗ്രാമിലും മണിപ്പൂരിലും ഒരേ തീവ്രവാദ ശക്തികള്‍ ആണ് അക്രമം ഉണ്ടാക്കിയത് എന്ന കാര്യം പുറത്തുവരുമ്പോള്‍ അക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയും പ്രധാനമന്ത്രി മിണ്ടിയില്ല, പത്രസമ്മേളനം നടത്തിയില്ല എന്നൊക്കെ ആരോപിച്ച് മോദിയെയും ബിജെപിയെയും പ്രതിക്കൂട്ടില്‍ ആക്കുകയും ചെയ്യാനാണ് ഒരുപറ്റം മാധ്യമങ്ങളുടെ ശ്രമം.
നേരത്തെ രാഹുലിനു വേണ്ടി രംഗത്ത് വന്ന അന്താരാഷ്ട്ര ഏജന്‍സികളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. അവര്‍ സൃഷ്ടിക്കുന്ന കഥകള്‍ പ്രചരിപ്പിക്കാനും ജനങ്ങളെ സ്വാധീനിക്കാനും ഈ തിരഞ്ഞെടുപ്പിലെങ്കിലും നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് ഇറക്കാനുമുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ഇതിന് പിന്നിലുള്ളത്. അതുകൊണ്ടുതന്നെ വിഷവൃക്ഷങ്ങള്‍ അതിനു വേണ്ടി ഏതു വശത്തേക്കും ചാഞ്ഞു വീശും എന്ന കാര്യവും നമ്മള്‍ ഓര്‍മിക്കുക. ഇത് ഭാരതത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. വിഘടനവാദികളെയും മത തീവ്രവാദികളെയും സുവിശേഷവല്‍ക്കരണത്തിന്റെ വക്താക്കളെയും നിലയ്ക്ക് നിര്‍ത്തിയേ കഴിയു. അതുകൊണ്ടുതന്നെ ഇത്തരം ശക്തികളെ തിരിച്ചറിയാനും പാഠം പഠിപ്പിക്കാനും നമുക്ക് കഴിയണമെന്ന് പറഞ്ഞേ പറ്റൂ.