കൃഷ്ണചന്ദ്ര ഭട്ടാചാര്യ (കെ.സി. ഭട്ടാചാര്യ) ആധുനികഭാരതത്തിലെ പ്രധാന തത്വചിന്തകരില്‍ ഒരാള്‍ ആണ്. അദ്ദേഹം Method of Constructive Interpretation എന്ന ഒരു പുതിയ ചിന്താപദ്ധതി ആവിഷ്‌കരിച്ചു. അദ്ദേഹത്തിന്റെThe Subject As Freedom എന്ന പുസ്തകം ശ്രദ്ധേയമാണ്. 1928-30 കളില്‍ ഹൂഗ്‌ളി കോളേജിലെ വിദ്യാര്‍ത്ഥികളോടായി അദ്ദേഹം നടത്തിയ പ്രഭാഷണം Swaraj in Ideas എന്ന പേരില്‍ പ്രസിദ്ധമാണ്.
അതില്‍ അദ്ദേഹം ആശയപരവും സാംസ്‌കാരികവുമായ അധിനിവേശം രാജനൈതികമായ അധിനിവേശത്തേക്കാള്‍ അപകടകാരിയാണ് എന്ന യാഥാര്‍ത്ഥ്യത്തെ ചൂണ്ടിക്കാട്ടുന്നു. രാജനൈതികമായ അധിനിവേശത്തെ നമുക്ക് മനസ്സിലാക്കാന്‍ എളുപ്പമാണ്. ഭരണകൂടഭീകരതയെ സഹിക്കേണ്ടി വരുമ്പോഴും ആ മേല്‍ക്കോയ്മയെ അംഗീകരിക്കാന്‍ നാം ഒരിക്കലും മാനസികമായി തയ്യാറാവില്ല. എന്നാല്‍ മറ്റേ അധിനിവേശം നമുക്ക് തിരിച്ചറിയാന്‍ കഴിയാത്തവിധം അതീവ സൂക്ഷ്മമാണ്. അത് ഒരു ബാധ ആവേശിക്കുന്നതുപോലെ ആണ് നമ്മെ പിടികൂടുന്നത്. അത് നമ്മെ ബാധിക്കുന്ന നിമിഷം മുതല്‍ തന്നെ നാം തിരിച്ചറിയാനാവാത്ത വിധം അടിമത്തത്തിന്റെ പടുകുഴിയില്‍ വീഴും എന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.
ഭാരതീയരായ നാം കഴിഞ്ഞ കുറേ തലമുറകളായി അത്തരം ഒരു അടിമത്തത്തില്‍ ആണ്ടു കിടക്കുകയാണ്. ലോകജനതയെ അടക്കിഭരിച്ച നാല് ആശയസംഹിതകളും അവ മുന്നോട്ടു വെച്ച ജീവിതസംസ്‌കാരങ്ങളും നമ്മെയും ഗ്രസിച്ചു. സെമറ്റിക് മതങ്ങളുടെ വിശ്വാസപദ്ധതി, മുതലാളിത്തം, മാര്‍ക്‌സിസം, ശാസ്ത്രീയഭൗതികം എന്നിവയാണ് ആ നാല് ആശയസംഹിതകള്‍. ഈ നാലിന്റെയും വക്താക്കളായ വിദേശപണ്ഡിതന്മാരും അവരുടെ ചുവടുപിടിച്ച സ്വദേശിപണ്ഡിതന്മാരും നമ്മെക്കുറിച്ചു നടത്തിയ വികലവും അയഥാര്‍ത്ഥവുമായ പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും സമ്മിശ്ര സ്വാധീനം നമ്മെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ വികലമാക്കി. കെ.സി. ഭട്ടാചാര്യയും സുരേന്ദ്രനാഥ് ദാസ്ഗുപ്തയും മറ്റും ചൂണ്ടിക്കാണിച്ചതുപോലെ ശരിയും തെറ്റും പരിഗണിക്കാതെ തന്നെ ഭാരതീയമായവയെ എല്ലാം അപ്പാടെ തള്ളേണ്ടതും വൈദേശികമായവയെ എല്ലാം കണ്ണുമടച്ച് ഇരുകൈയ്യും നീട്ടി കൊള്ളേണ്ടതും ആണെന്ന തികച്ചും തെറ്റും അപകടകരവും ആയ ധാരണ നമ്മില്‍ രൂഢമൂലം ആയി.
ഒന്നാമതായി ഹിന്ദു മതം എന്ന തെറ്റായ പ്രയോഗം എടുക്കാം.’ഹിന്ദു മതം എന്ന മതമേ ഇല്ലല്ലോ’ എന്ന് ശ്രീനാരായണ ഗുരുദേവന്‍ തന്നെ പറഞ്ഞിട്ടുണ്ട് (കേരളകൗമുദി, 1925, ഒക്ടോബര്‍ 9). 1995 ഡിസംബര്‍ പതിനൊന്നിന് സുപ്രീം കോടതിയും ഹിന്ദു എന്നത് ഒരു മതമല്ല ജീവിതരീതി ആണ് എന്ന് പ്രസ്താവിച്ചിട്ടുണ്ട്. എങ്കിലും നമ്മില്‍ പലരും ക്രിസ്തുമതം, ഇസ്ലാം മതം എന്നിവ പോലെ ഹിന്ദുവും ഒരു മതം അഥവാ റിലിജിയന്‍ ആണെന്ന് ഇപ്പോഴും കരുതുകയും ഹിന്ദുമതം, മതഹിന്ദു എന്നെല്ലാം പറയുകയും ചെയ്തുപോരുന്നു. ആംഗ്ലോ- ജര്‍മ്മന്‍ പണ്ഡിതന്മാര്‍ പറഞ്ഞു പരത്തിയതും കമ്മ്യൂണിസ്റ്റു പക്ഷപാതികളും വൈദേശികമതപരിവര്‍ത്തനശക്തികളും ജനമനസ്സില്‍ സജീവമായി നിലനിര്‍ത്താന്‍ ഇന്നും കിണഞ്ഞു പരിശ്രമിക്കുന്നതും ആയ ”ഹിന്ദു= സനാതനി= വൈദികം”, ”ജാതി= വര്‍ണ്ണം= കാസ്റ്റ്” എന്നീ രണ്ടു സമവാക്യങ്ങള്‍ തികച്ചും ശരി ആണെന്നുള്ള നമ്മില്‍ പലരുടെയും ധാരണ മറ്റൊരു ഉദാഹരണം ആണ്. വൈദേശികമതങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങളെപ്പോലെ വേദം ആണ്, വേദം മാത്രമാണ് ഹിന്ദുവിന്റെ വിശുദ്ധഗ്രന്ഥം എന്നും നമ്മുടെ ചരിത്രം തുടങ്ങുന്നത് മധ്യേഷ്യയില്‍ നിന്നുമുള്ള ആര്യാധിനിവേശകാലമായ ”വൈദികകാലം” മുതല്‍ക്കാണ് എന്നും മറ്റും പലരും കരുതിവരുന്നതും മേല്‍പ്പറഞ്ഞ ആശയപരവും സാംസ്‌കാരികവുമായ അദൃശ്യഅടിമത്തത്തിനു വേറൊരു തെളിവാണ്.
സത്യം എന്ത്?
പുരാവസ്തു ശാസ്ത്രം (ആര്‍ക്കിയോളജി), സാമൂഹ്യശാസ്ത്രം (സോഷ്യോളജി), ജനിതകശാസ്ത്രം (ജനറ്റിക്‌സ്) എന്നീ ശാസ്ത്രശാഖകളിലെ ആധുനിക പഠനങ്ങള്‍ വൈദേശികശക്തികള്‍ മേല്‍പ്പറഞ്ഞ സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മില്‍ സൃഷ്ടിച്ചെടുത്ത ധാരണകള്‍ തികച്ചും തെറ്റാണെന്നും അടിസ്ഥാനരഹിതങ്ങള്‍ ആണെന്നും വെളിവാക്കുന്നു. നമ്മുടെ ചരിത്രം, നമ്മുടെ സമൂഹത്തിന്റെ ഉരുത്തിരിയല്‍ പ്രക്രിയ, അതിനു കാരണമായ സാഹചര്യവും ചാലകശക്തികളും മുതലായവയുടെ യഥാര്‍ത്ഥചിത്രത്തിലേക്ക് ഈ ആധുനികപഠനങ്ങള്‍ വേണ്ടത്ര വെളിച്ചം വീശുന്നു.
ജാതി എന്നത് ഉപജീവനത്തിനും സാമൂഹ്യജീവിതത്തിന് ആവശ്യമായ ഭൗതികസാമഗ്രികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും ഉള്ള തൊഴില്‍പരമായ ഒരു സംവിധാനം ആയിരുന്നു. അത് സഹജമായി ഉണ്ടായതാണ്. പ്രദേശം തോറും ഗ്രാമം തോറും പേരിലും മറ്റും അത് വൈവിധ്യം പുലര്‍ത്തിയിരുന്നു. അതിന് മേല്‍കീഴുദിശയില്‍ ദേശമാസകലം ഒരു കേന്ദ്രീകൃതവും സ്തൂപികാകാരവും ആയ ശ്രേണീസംവിധാനം (Hierarchy) ) ഒരു കാലത്തും ഉണ്ടായിരുന്നില്ല. എല്ലാ ജാതികള്‍ക്കും അവരവരുടേതായ പ്രപഞ്ച- ജീവിതവീക്ഷണങ്ങളും ശുദ്ധാശുദ്ധസങ്കല്‍പ്പങ്ങളും (സൈന്ധവനാഗരികതയിലെ കുളങ്ങള്‍ മുഴുവന്‍ ഹിന്ദുസമാജത്തിന്റെയും ശുദ്ധാശുദ്ധബോധത്തിനു തെളിവായി അനുമാനിക്കപ്പെടുന്നു) ആരാധനാ-അനുഷ്ഠാനസമ്പ്രദായങ്ങളും ഉണ്ടായിരുന്നു. ഈ വീക്ഷണങ്ങളിലും സമ്പ്രദായങ്ങളിലും ആചാരങ്ങളിലും എല്ലാം നിരവധി പൊതുഘടകങ്ങള്‍ ഉണ്ടായിരുന്നു. ആധ്യാത്മികമായ ധര്‍മ്മബോധം പരക്കെ നിലനിന്നിരുന്നു. ഒരു ജാതിയ്ക്ക് മറ്റൊരു ജാതി ആയി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ചലനാത്മകത (Social Mobility) ഹിന്ദുസമൂഹത്തിന് ഉണ്ടായിരുന്നു എന്നു പ്രസിദ്ധ സോഷ്യോളജിസ്റ്റ് ആയ എം.എന്‍. ശ്രീനിവാസന്‍ പറയുന്നു.
ഈ ആധ്യാത്മികമായ ഏകാത്മവീക്ഷണത്തിനും ധര്‍മ്മബോധത്തിനും ശോഷണം സംഭവിക്കുകയും രാജനൈതികമായ മൂല്യങ്ങള്‍ക്കു മുന്‍തൂക്കം ഉണ്ടാകുകയും ചെയ്ത ഇടങ്ങളിലും കാലങ്ങളിലും ആണ് പാരസ്പര്യം മങ്ങി അയിത്തം, ഉച്ചനീചത്വം തുടങ്ങിയ ദുരാചാരങ്ങള്‍ തലപൊക്കിയത്. ഭരണം നിലനിര്‍ത്താനും മറ്റുമായി ഭരണകൂടങ്ങള്‍ (പ്രത്യേകിച്ചും ലളിതവിസ്തരം എന്ന ബൗദ്ധഗ്രന്ഥത്തിലും മറ്റും പറയുന്ന രാജവംശങ്ങളുടെ കാലം മുതല്‍ക്ക്) ചില ജാതികള്‍ക്കു കൂടുതല്‍ സ്ഥാനമാനങ്ങള്‍ കല്‍പ്പിച്ചതു വഴി അത്തരം ഇടങ്ങളില്‍ ഉച്ചനീചത്വചിന്തയും ശുദ്ധാശുദ്ധതാരതമ്യവും മറ്റു ഭേദചിന്തകളും സാമൂഹ്യജീവിതത്തില്‍ പ്രകടമായി. പില്‍ക്കാലത്ത് വൈദേശികമതസംസ്‌കാരത്തിന്റെ കടന്നുവരവും ഭക്ഷണരീതിയും അയിത്താചരണത്തിനു കാരണമായി എന്ന് ചരിത്രകാരനായ പ്രൊഫസര്‍ കെ.എസ്. ലാല്‍ ചൂണ്ടിക്കാട്ടുന്നു. ഭാരതം ആസകലം യൂറോപ്പില്‍ ഉണ്ടായതുപോലുള്ള ഇരുണ്ട യുഗം ഒരു കാലത്തും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
വര്‍ണ്ണവ്യവസ്ഥ വൈദികസമ്പ്രദായികളുടെ ഇടയില്‍ യാഗകര്‍മ്മത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി രൂപപ്പെടുത്തിയ വൈദികകര്‍മ്മപരമായ ഒരു വിഭജനം ആയിരുന്നു. യാഗവുമായി ബന്ധപ്പെട്ട അതാതു കര്‍മ്മങ്ങള്‍ക്കായി വ്രതം എടുത്തവര്‍ അതാതു വര്‍ണ്ണമായി കണക്കാക്കപ്പെട്ടു. വര്‍ണ്ണ പ്രേരണേ എന്ന സംസ്‌കൃത ധാതുവില്‍ നിന്നാണ് ഇവിടുത്തെ വര്‍ണ്ണ പദത്തിന് അര്‍ത്ഥം പറയേണ്ടത്. നിറം എന്ന അര്‍ത്ഥം ഇവിടെ ചേരുകയില്ല എന്നു കാണാം. ബ്രാഹ്‌മണരിലും കറുത്ത നിറമുള്ളവര്‍ ധാരാളം ഉണ്ടല്ലോ. പുരുഷസൂക്തത്തില്‍ യജ്ഞപുരുഷന്റെ അതാതു ദേഹഭാഗത്തില്‍ നിന്നും ഈ വര്‍ണ്ണങ്ങള്‍ ഉത്ഭവിച്ചതായി പറയുന്നു. ഈ വര്‍ണ്ണികളുടെ അതാതു യാഗകര്‍മ്മവുമായി ബന്ധപ്പെട്ട നിയോഗത്തെ കുറിക്കുവാനാണ് അത് എന്നതു സ്പഷ്ടം ആണ്. അതിന് മേല്‍പ്പറഞ്ഞ ജാതിഘടനയുമായി സത്യത്തില്‍ ഒരു ബന്ധവും ഇല്ല.
ബ്രാഹ്‌മണര്‍ക്ക് ഭാരതമാസകലം ഒരു ഏകരൂപസമാജം ഒരു കാലത്തും ഇല്ല. അവര്‍ ഒട്ടും ഇല്ലാതിരുന്ന ഗ്രാമങ്ങള്‍ പലതുണ്ടായിരുന്നു. ബ്രാഹ്‌മണ്യത്തെക്കുറിച്ചു കേട്ടുകേള്‍വി പോലും ഇല്ലാത്തവര്‍ നിരവധി ആയിരുന്നു. അവര്‍ക്ക് പ്രാമുഖ്യം കല്‍പ്പിക്കാത്ത ഇടങ്ങളും ഏറെ ആയിരുന്നു. രണ്ടായിരത്തോളം ബ്രാഹ്‌മണവിഭാഗങ്ങള്‍ ഭാരതത്തില്‍ ഉള്ളതായി സര്‍ദാര്‍ കെ. എം. പണിക്കര്‍ പറയുന്നു. അവരില്‍ മക്കത്തായികളും മരുമക്കത്തായികളും ഉണ്ടായിരുന്നു. സസ്യഭുക്കുകളും അല്ലാത്തവരും ഇന്നുമുണ്ട്. ബ്രാഹ്‌മണര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ ബാധകം ആയ ഒരു സ്മൃതി പോലും ഇന്നേവരെ ഇല്ല. ഇതു തന്നെ ആണ് ഇതര വൈദികവര്‍ണ്ണങ്ങളുടെയും മേല്‍പ്പറഞ്ഞ വൈദികേതരജാതികളുടെയും അവസ്ഥ. ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച സെന്‍സസ്സിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഈ സത്യം തെളിഞ്ഞതാണ്. രാജനൈതിക, സാമ്പത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള കാസ്റ്റ് (ഇത് വംശവിവേചനവുമായി ബന്ധപ്പെട്ട ഒരു പോര്‍ച്ചുഗീസ് പദം ആണ്) എന്ന സ്ഥിരസംവിധാനം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സൃഷ്ടി ആണ് എന്ന് Sanjoy Chakravarty തന്റെ ഠവല The Truth About Us എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
ആധ്യാത്മികതയും തെറ്റിദ്ധാരണകളും
ഈ മണ്ണിന്റെ ഉപ്പായ ആധ്യാത്മികതയെ കുറിച്ചും ഇന്നു നമുക്ക് ശരിയായ ധാരണകളേക്കാള്‍ തെറ്റായ ധാരണകളാണ് ഉള്ളത്. കേവലാനുഭൂതിയുടെ, ഏകാത്മാനുഭൂതിയുടെ അപരോക്ഷശാസ്ത്ര മായ ആധ്യാത്മികതയെ കേവലം ആശയവാദം (Idealism) ആയി പാശ്ചാത്യര്‍ കണ്ടു. അവര്‍ക്ക് ഭാരതീയസമ്പ്രദായങ്ങളുടെ ലക്ഷ്യം, ഘടന എന്നിവയെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. സിദ്ധാന്തപാദം, സാധനാപാദം, ചര്യാപാദം എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ ചേര്‍ന്ന ഒരു ഏകകം (യൂണിറ്റ്) എന്നതാണ് എല്ലാ ഹിന്ദു ആധ്യാത്മികസമ്പ്രദായങ്ങളുടെയും പൊതുഘടന. പാശ്ചാത്യര്‍ ഈ ദര്‍ശനപദ്ധതികളുടെ സിദ്ധാന്തപാദത്തെ അവരുടെ ഫിലോസഫി ആയും സാധനാചര്യാപാദങ്ങളെ (ആചാരാനുഷ്ഠാനഭാഗങ്ങള്‍) അവരുടെ റിലിജിയന്‍ ആയും തെറ്റിദ്ധരിച്ച് അവതരിപ്പിച്ചു.
Arvind Sharma (Birks Professor of Comparative Religion, McGill University, Montreal Canada) വിദേശത്തു വിദ്യാര്‍ത്ഥി ആയിരിക്കേ Wilfred Cantwell Smith എന്ന തന്റെ അദ്ധ്യാപകനോട് ഫിലോസഫിയും റിലിജിയനും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നു ചോദിച്ചു. പണ്ഡിതനായ ആ അദ്ധ്യാപകന്റെ മറുപടി ഇപ്രകാരം ആയിരുന്നു- ”നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഇവ തമ്മില്‍ ഭേദം ഇല്ല; പക്ഷേ ഞങ്ങളുടെ റിലിജിയന്‍ വന്നത് പാലസ്തീനില്‍ നിന്നും ഫിലോസഫി വന്നത് ഗ്രീസില്‍ നിന്നും ആണ്” (A Hindu Perspective On The Philosophy Of Religion,1991).. പാശ്ചാത്യസമീപനങ്ങളെ അന്ധമായി അനുകരിക്കുന്ന, സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടിയ വാനരാനുകരണം (Aping) നടത്തിവരുന്ന ഭാരതീയപണ്ഡിതന്മാര്‍ക്ക് തന്മൂലം ഹിന്ദുധര്‍മ്മം മതമായി, ആധ്യാത്മികത ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമായി.
അതുപോലെ ആധ്യാത്മികതയും വൈദികതയും (വൈദികകര്‍മ്മകാണ്ഡാനുഷ്ഠാനം) ഒന്നാണ് എന്ന് ഇന്നു നാം കരുതുന്ന തരത്തിലുള്ള നിലപാട് താരതമ്യേന ആധുനികം ആണ്. ഈ വൈദികസമ്പ്രദായത്തെ ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ ത്രിവര്‍ഗങ്ങള്‍ വേദവിഹിതമായ രീതിയില്‍ നേടാനുള്ള ലൗകികപദ്ധതി എന്ന നിലക്കാണ് കരുതിപ്പോന്നിരുന്നത്. തന്മൂലം ഷഡ്ദര്‍ശനങ്ങളില്‍ ഒന്നും വൈദികകര്‍മ്മകാണ്ഡത്തിന്റെ അനുഷ്ഠാനവും ആയി (ഷോഡശസംസ്‌കാരങ്ങള്‍) ബന്ധപ്പെട്ടതുമായ മീമാംസയെ ശില്‍പ്പശാസ്ത്രം മുതലായ ലൗകികജീവിതത്തിന് ഉപകാരപ്പെടുന്ന ശാസ്ത്രങ്ങളെപ്പോലെ വിജ്ഞാനം ആയിട്ടാണ് പരിഗണിച്ചിരുന്നത്. മോക്ഷത്തിനുതകുന്ന ശാസ്ത്രങ്ങളെ (വൈദികജ്ഞാനകാണ്ഡം തുടങ്ങിയവ) ആണ് ജ്ഞാനം എന്നു കരുതിയിരുന്നത്. മോക്ഷേ ധീര്‍ജ്ഞാനം അന്യത്ര വിജ്ഞാനം ശില്‍പ്പശാസ്ത്രയോ: എന്ന അമരകോശഭാഗം വ്യാഖ്യാനിക്കുന്നിടത്ത് വാചസ്പതി പരമേശ്വരന്‍ മൂസ്സത് ഇതു വ്യക്തമാക്കുന്നുണ്ട്.
ശങ്കരാചാര്യരുടെ ഭാഷ്യങ്ങള്‍, കുമാരിലഭട്ടന്‍, പ്രഭാകരഗുരു എന്നീ മീമാംസാചാര്യന്മാരുടെ കൃതികള്‍, അഭിനവജൈമിനി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗംഗാനാഥഝാ ചെയ്ത ജൈമിനീയമീമാംസയുടെ ഇംഗ്ലീഷ്തര്‍ജ്ജമ എന്നിവ നോക്കിയാല്‍ ഈ വസ്തുത കൂടുതല്‍ വ്യക്തമാകും. വൈദികസമ്പ്രദായത്തെ പിന്തുടരുന്നവര്‍ക്ക് മോക്ഷമാര്‍ഗത്തിലേക്കു പ്രവേശിക്കാനുള്ള ചവിട്ടുപടി എന്ന നിലക്കാണ് വൈദികകര്‍മ്മകാണ്ഡത്തെ മഹാപണ്ഡിതനായ ഭാസ്‌കരരായ മഖി തന്റെ സേതുബന്ധം എന്ന ഗ്രന്ഥത്തില്‍ പറയുന്നത്.
അപ്പോള്‍ ആധ്യാത്മികത എന്താണ്? എഴുത്തച്ഛന്റെ ആധ്യാത്മികതയുടെ നേരറിവിലൂടെ ഭാരതീയ ആധ്യാത്മികതയെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. എഴുത്തച്ഛന്റെ കൃതികളില്‍ തത്വചിന്താപരമായി വളരെ പ്രധാനപ്പെട്ട ഒന്നാണ് ചിന്താരത്‌നം. സ്വന്തം മരുമകള്‍ക്ക് ഉപദേശിച്ചതായി കരുതപ്പെടുന്ന ചിന്തോദ്ദീപകവും മനോഹരവുമായ ഈ പദ്യകൃതി ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യം എന്നു പറയട്ടെ, ആധ്യാത്മികതയെ മനസ്സിലാക്കാന്‍ വളരെ ഉപകരിക്കുന്ന ഇത്തരം ഈടുറ്റ കൃതികള്‍ കണ്ടെത്തി ഉചിതമായ വ്യാഖ്യാനസഹിതം മലയാള ഭാഷയില്‍ പ്രസിദ്ധീകരിക്കാന്‍ കാര്യമായ ശ്രമം നടക്കുന്നില്ല.
ഈ ചിന്താരത്‌നത്തില്‍ ജീവിതത്തിന്റെ മോക്ഷം എന്ന ആത്യന്തിക ലക്ഷ്യം നേടാനായി അദ്വൈതവേദാന്തത്തോടൊപ്പം ഭക്തി, നാഥ, തന്ത്രസമ്പ്രദായങ്ങളേയും സമ്മേളിപ്പിച്ചിരിക്കുന്നതു കാണാം. ആചാര്യന്‍ ഭക്തകവി മാത്രം ആയിരുന്നില്ല. ശ്രീവിദ്യോപാസകനും ആയിരുന്നു എന്നും അദ്ദേഹം പൂജിച്ചിരുന്ന തന്ത്രസമ്പ്രദായത്തിലെ ശ്രീചക്രം പാലക്കാട്ടു ചിറ്റൂരിലെ തുഞ്ചന്‍ മഠത്തില്‍ സൂക്ഷിച്ചു പോന്നിരുന്നതായും മാധവജി പറഞ്ഞിട്ടുണ്ട്. നാഥയോഗിയും ആയിരുന്നു തുഞ്ചത്താചാര്യന്‍ (നവോത്ഥാനഭാരതം നായകരും പ്രസ്ഥാനങ്ങളും, ഡോ. കൃഷ്ണഗോപാല്‍, വിവര്‍ത്തനം: എം.ജെ. ജയശ്രീ, കുരുക്ഷേത്ര പ്രകാശന്‍, പേജ് 364).
ഇത്തരത്തില്‍ വിവിധസമ്പ്രദായങ്ങളെ കോര്‍ത്തിണക്കുന്ന പ്രക്രിയ തുഞ്ചത്താചാര്യന്റേതു മാത്രമാണോ എന്ന് അന്വേഷിച്ചാല്‍ അല്ല എന്നാണ് ഉത്തരം കിട്ടുക. അദ്വൈതവേദാന്തസ്ഥാപകനായ ശങ്കരാചാര്യര്‍ സൗന്ദര്യ ലഹരി, യോഗതാരാവലീ, ഭക്തിസ്‌തോത്രങ്ങള്‍ എന്നിവ എഴുതി. മാനസ സഞ്ചര രേ എന്ന കര്‍ണ്ണാടകസംഗീതകൃതി രചിച്ച തമിഴ്‌നാട്ടിലെ സദാശിവബ്രഹ്‌മേന്ദ്രാള്‍ ബ്രഹ്‌മസൂത്രവൃത്തി, യോഗസുധാകരം എന്നിവ രചിച്ചു. വേദാന്തിയായ തോതാപുരിയുടെ ശിഷ്യനും കാളീഭക്തനും ആയ ശ്രീരാമകൃഷ്ണപരമഹംസന്‍ ശ്രീചക്രപൂജ ചെയ്തിരുന്നു (The Special Significance of Phalaharini Kali Puja in Ramakrishna Sangha, Swami Hiranmayananda, General Secretary, Ramakrishna Math and Ramakrishna Mission, Belur Math in Prabudha Bharata, Vol.92 December 1987).
രമണമഹര്‍ഷി തങ്കത്തില്‍ തീര്‍ത്ത ശ്രീചക്രം കൈവശം വെച്ചിരുന്നതായി കപാലി ശാസ്ത്രികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഇഷ്ടകൃതിയായി ത്രിപുരാ രഹസ്യത്തെ അദ്ദേഹം പരിഗണിച്ചിരുന്നു. ചട്ടമ്പിസ്വാമികള്‍ ശ്രീചക്രപൂജാകല്‍പ്പം എന്ന പൂജാപുസ്തകം രചിച്ചു. ശ്രീനാരായണഗുരു ശ്രീവിദ്യയുടെ ചുരുക്കെഴുത്തായ ബാലാവിദ്യയെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബാലാസുബ്രഹ്‌മണ്യസ്‌തോത്രം, കുണ്ഡലിനിപ്പാട്ട് എന്നിവ എഴുതി. ഈ ആധ്യാത്മികാചാര്യന്മാര്‍ എല്ലാവരും ഇതേ ലക്ഷ്യത്തേയും ചട്ടക്കൂടിനെയും അവലംബിച്ചിരുന്നതായി കാണാന്‍ കഴിയും. ബൗദ്ധ, ജൈനസമ്പ്രദായങ്ങളിലും ഏറക്കുറെ സമാനമായ മാതൃക കാണാം. നിര്‍വാണം, കൈവല്യം എന്ന ജീവിതലക്ഷ്യം നേടാനായി തന്ത്ര, യോഗപരമായ ഉപായങ്ങളും ദേവതാസങ്കല്‍പ്പങ്ങളും ഈ മാര്‍ഗ്ഗങ്ങളുടെ അനുഷ്ഠാനതലത്തില്‍ സ്വീകരിച്ചതായി കാണാന്‍ കഴിയും.
ആധ്യാത്മികതയുടെ ചലനതന്ത്രം
സമൂഹത്തിന്റെ വിവിധജാതിശ്രേണികളില്‍ നിന്നും ഉയര്‍ന്നു വന്ന ഈ ആചാര്യന്മാര്‍ ആധ്യാത്മികമായ ഒരു പൊതുലക്ഷ്യവും അനുഷ്ഠാനതലത്തില്‍ ഒരു പൊതു മാതൃകയും പിന്തുടര്‍ന്നതെങ്ങനെ? വ്യത്യസ്ത സമ്പ്രദായങ്ങള്‍ക്ക് ഒരു പൊതുലക്ഷ്യവും അനുഷ്ഠാനതലത്തില്‍ ഒരു പൊതു മാതൃകയും കൈവന്നത് എങ്ങനെ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആധ്യാത്മികതയുടെ ചലനതന്ത്ര (ഡയ്‌നമിക്‌സ്) ത്തിലുണ്ട്.
അനേകതരം അഭൗമശക്തികളുടെ ആരാധനാസമ്പ്രദായങ്ങള്‍ പ്രാചീനശിലായുഗകാലം മുതല്‍ക്കു തന്നെ, ആരണ്യകഗോത്രജീവിതകാലം മുതല്‍ക്കു തന്നെ, ഭാരതീയസമൂഹത്തിലെ വിഭിന്നസമുദായങ്ങളില്‍ പ്രചരിച്ചിരുന്നു. നിദ്ദേശം എന്ന ബൗദ്ധഗ്രന്ഥത്തില്‍ ഇത്തരം നിരവധി സമ്പ്രദായങ്ങളുടെ പട്ടിക നിരത്തുന്നുണ്ട്. ശ്രീനാരായണഗുരുദേവന്‍ തന്റെ ദൈവചിന്തനം എന്ന ഗദ്യകൃതിയില്‍ വിചിത്രരൂപികളായ സൂക്ഷ്മസത്തകള്‍ മുതല്‍ ഈശ്വരന്‍ വരെയുള്ള ഇത്തരം അഭൗമസത്തകളെക്കുറിച്ചും അവയുടെ സത്വരജസ്തമോഗുണാത്മകങ്ങളായ ആരാധനാസമ്പ്രദായങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഇത്തരം പൂജാപദ്ധതികളില്‍ പലതിന്റെയും അനിവാര്യഘടകങ്ങളായ താളബദ്ധനൃത്തങ്ങളും ഛന്ദോബദ്ധങ്ങളായ ശബ്ദോച്ചാരണങ്ങളും മാദകദ്രവ്യസേവനവും ഇഷ്ടദേവതാഭക്തിയുടെ വൈകാരികാംശവും മറ്റും നമ്മില്‍ സാധാരണ ബോധതലത്തില്‍ നിന്നും വ്യത്യസ്തങ്ങളായ ബോധാവസ്ഥകളെ ഉണര്‍ത്തും എന്ന തിരിച്ചറിവ് ക്രമേണ ആധ്യാത്മികാനുഭൂതിപ്രദങ്ങളായ തന്ത്ര, നാഥസമ്പ്രദായങ്ങളുടെ ആവിഷ്‌കാരത്തിനു പ്രേരകം ആയി.
വിവിധങ്ങളായ സമ്പ്രദായങ്ങള്‍ വാസ്തവത്തില്‍ ആധ്യാത്മികമായ മോക്ഷാനുഭൂതിയെ, ബോധത്തിന്റെ തുരീയതലത്തെ കൈവരിക്കാന്‍ നമ്മെ സഹായിക്കുന്ന ഉപായങ്ങള്‍ എന്ന നിലയില്‍ ഒരേ തൂവല്‍ പക്ഷികള്‍ ആണ്. അങ്ങനെ തന്നെ ആണ് പൂര്‍വാചാര്യന്മാര്‍ ഇവയെ പരിഗണിച്ചിട്ടുള്ളതും എന്ന് പ്രസിദ്ധതാന്ത്രികാചാര്യനായ ഭാസ്‌കരാചാര്യര്‍ തന്റെ സേതുബന്ധത്തില്‍ പ്രസ്താവിക്കുന്നുണ്ട്.
അഭൗമസത്തകളുടെ ആരാധനാക്രമങ്ങള്‍ ക്രമേണ ശാക്തം, ശൈവം, വൈദികം, വൈഷ്ണവം, ഗാണപത്യം, സൗരം, കൗമാരം തുടങ്ങിയ സമ്പ്രദായങ്ങളും അവയുടെ ഉള്‍പ്പിരിവുകളുമായി വ്യക്തത പൂണ്ടു. അവയോടൊപ്പം ഇഴ ചേര്‍ന്ന് തന്ത്രനാഥസമ്പ്രദായങ്ങളും ഉള്‍പ്പിരിവുകളുമായി വളര്‍ന്നു നിലനിന്നു. ജൈനം, ബൗദ്ധം എന്നീ ആധ്യാത്മികധാരകളുടെ അനുഷ്ഠാനതലങ്ങളേയും തന്ത്രനാഥസമ്പ്രദായങ്ങള്‍ സ്വാധീനിച്ചു പോന്നു.
ഇത്തരം വിശ്വാസപദ്ധതികള്‍ക്കും അനുഭൂതിപ്രദങ്ങളായ തന്ത്രനാഥസമ്പ്രദായങ്ങള്‍ക്കും ഒപ്പം യുക്തിചിന്തയ്ക്കു മുന്‍തൂക്കമുള്ള ചാര്‍വാകം, ആജീവകം, സാംഖ്യം, ന്യായം, വൈശേഷികം, ആയുര്‍വേദം മുതലായ പ്രസ്ഥാനങ്ങളും വളര്‍ന്നു നിലനിന്നു പോന്നു. സൈദ്ധാന്തികതലത്തിലെ യുക്തിചിന്തയോടൊപ്പം സാധനാ, ചര്യാതലങ്ങളില്‍, അതായത് അനുഷ്ഠാനതലത്തില്‍ തന്ത്ര, യോഗ, ഭക്തികള്‍ നിലനിര്‍ത്തിപ്പോന്ന സമ്പ്രദായങ്ങള്‍ കാലത്തെ അതിജീവിച്ചു നിലനിന്നതായി കാണാം.
പരിവ്രാജകസംഘങ്ങള്‍
ഈ നിരവധി സമ്പ്രദായങ്ങളുടെ ആചാര്യന്മാര്‍ തങ്ങളുടെ ശിഷ്യന്മാരും ഒത്ത് ഹിന്ദുസ്ഥാനം ആസകലം ജനപദങ്ങള്‍ തോറും സംഘങ്ങളായി സദാ, മഴക്കാലത്തൊഴികെ, സഞ്ചരിക്കുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നു. ഇത് ഭാരതീയസംസ്‌കൃതിയുടെ സവിശേഷതയായി കരുതി വരുന്നു. ഇത്തരം വ്യത്യസ്ത പരിവ്രാജകസംഘങ്ങള്‍ വനം, ഗ്രാമം, നഗരം മുതലായ ജനവാസകേന്ദ്രങ്ങളില്‍ തങ്ങി അതാതു സമ്പ്രദായങ്ങളെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തുമായിരുന്നു; അനുഷ്ഠാനങ്ങളില്‍ പരിശീലനവും നല്‍കുമായിരുന്നു. ഗുരുവും ശിഷ്യന്മാരും തമ്മിലും സമ്പ്രദായങ്ങളുടെ ആചാര്യന്മാര്‍ തമ്മില്‍ തമ്മിലും അതാതിടത്തെ എല്ലാ ശ്രേണികളിലും പെട്ട ജനങ്ങളുമായും സംവാദങ്ങള്‍ നടത്തുമായിരുന്നു. പുരുഷന്മാരോടൊപ്പം സ്ത്രീകളും ഇത്തരം സംഘങ്ങളില്‍ ഉണ്ടാകും. അവരും സംവാദങ്ങളില്‍ പങ്കെടുത്തിരുന്നു. അവരില്‍ സിദ്ധപുരുഷന്മാരും സിദ്ധവനിതകളും ഉണ്ടായിരുന്നു.
അതാതു പ്രദേശങ്ങളിലെ മൈതാനങ്ങളിലും വന്‍വൃക്ഷങ്ങളുടെ തണലുകളിലും പുഷ്പവാടികളിലും ഇക്കൂട്ടര്‍ തമ്പടിച്ചു താമസിക്കും. നാട്ടുകാരും പ്രഭുക്കന്മാരും മറ്റും സത്രങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കി കൊടുക്കുമായിരുന്നു. സമൂഹത്തിലെ എല്ലാ തട്ടുകളില്‍ നിന്നും ഉള്ളവര്‍ ഈ സംഘങ്ങളില്‍ ആചാര്യന്മാരും ശിഷ്യന്മാരും ആയി ഉണ്ടായിരുന്നു. അതാതു സ്ഥലത്തെ ജനങ്ങള്‍ ഒന്നടങ്കം ഇവരെ ജാതിയ്ക്കതീതമായി കണ്ട് വണങ്ങിയിരുന്നു. ഈ പരിവ്രാജകസംഘങ്ങളെ കുറിച്ചുള്ള മനോഹരമായ വിവരണം ബാണഭട്ടന്‍ എഴുതിയ ഹര്‍ഷചരിതത്തിലെ എട്ടാം അധ്യായത്തില്‍ കാണാം. വൈദികകര്‍മ്മകാണ്ഡികളുടെ സംഘങ്ങളും ഇത്തരത്തില്‍ ഊരുചുറ്റുന്നവരായി ഉണ്ടായിരുന്നു എന്നും ഇതില്‍ നിന്നും നമുക്കു മനസ്സിലാക്കാം.
സദാ ഊരുചുറ്റിയിരുന്ന പരിവ്രാജകസംഘങ്ങള്‍ ആണ് ആധ്യാത്മികതയേയും ധാര്‍മ്മികബോധത്തെയും സമാജത്തിനു പകര്‍ന്നു നല്‍കിയതും നിരന്തരം നിലനിര്‍ത്തിയതും. അവരാണ് മോക്ഷത്തെ മുഴുവന്‍ ഹിന്ദുസമൂഹത്തിന്റെയും പൊതുലക്ഷ്യമാക്കി മാറ്റിയത്. സാമൂഹ്യജീവിതത്തില്‍ ഉടലെടുക്കുന്ന അയിത്തം പോലുള്ള അനാചാരങ്ങളുടെ നിവാരണത്തിനായി അതാതു സന്ദര്‍ഭങ്ങളില്‍ നേതൃത്വം വഹിച്ചു പോന്നതും അവരാണ്. മാത്രമല്ല വൈദേശിക മതപ്രചാരകരുടെ മതപരിവര്‍ത്തനശ്രമങ്ങളില്‍ നിന്നും ഹിന്ദുസമൂഹത്തെ രക്ഷിച്ചു പോന്നതും ഇക്കൂട്ടരാണ്. ഇക്കാര്യത്തില്‍ നാഥസമ്പ്രദായവും അതില്‍ നിന്നും പില്‍ക്കാലത്തു രൂപം കൊണ്ട ഭക്തിപ്രസ്ഥാനവും വഹിച്ച പങ്ക് അവിസ്മരണീയമാണ്.
മത്സ്യേന്ദ്രനാഥ്, ഗോരക്ഷനാഥ് തുടങ്ങിയ നാഥയോഗികള്‍ പ്രചരിപ്പിച്ച സമ്പ്രദായം ആണ് നാഥസമ്പ്രദായം. ചില പണ്ഡിതന്മാരുടെ നിഗമനം അനുസരിച്ച് C.E 912 നൂറ്റാണ്ടുകളില്‍ ഈ നാഥസമ്പ്രദായം ഹിന്ദുസ്ഥാനം ആസകലം വ്യാപിച്ചു. തമിഴകത്തും കേരളത്തിലും എല്ലാം നാഥയോഗം ആചരിക്കുന്നവര്‍ ഉണ്ടായി. തിരുപ്പതിയ്ക്കടുത്തുള്ള ഗുഡിമല്ലം എന്ന ഗ്രാമത്തിലെ പരശുരാമേശ്വരക്ഷേത്രം നാഥസമ്പ്രദായികളുടെ ഒരു കേന്ദ്രം ആയിരുന്നു. ആ കാലഘട്ടത്തില്‍ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിലെ സാമൂഹ്യജീവിതത്തില്‍ നടമാടിയതും ജാതികള്‍ തമ്മില്‍ തമ്മില്‍ ശുദ്ധാശുദ്ധത്തിന്റെ പേരില്‍ ആചരിച്ചുപോന്നതും ആയ അയിത്തം പോലുള്ള തിന്മകളെ നിവാരണം ചെയ്യാന്‍ നാഥയോഗികള്‍ പരിശ്രമിച്ചു. അതോടൊപ്പം ഇസ്ലാം മതവിശ്വാസികളായ ഭരണാധികാരികളും പുരോഹിതരും നടത്തിവന്ന മതപരിവര്‍ത്തനശ്രമങ്ങളെ പ്രതിരോധിക്കാനായി പലതരത്തിലുള്ള ധര്‍മ്മജാഗരണപ്രവര്‍ത്തനങ്ങളും അവര്‍ നടത്തി. ഇവരുടെ പില്‍ക്കാലപരമ്പരയായ സന്ത്പരമ്പരയാണ് ഭക്തിപ്രസ്ഥാനത്തിനു രൂപം കൊടുത്തത്.
യോഗ, തന്ത്ര ഉപായങ്ങള്‍, സൈദ്ധാന്തികചര്‍ച്ചകള്‍ എന്നിവയേക്കാള്‍ താഴെ തട്ടില്‍ ഉള്ളവരേയും നെഞ്ചോടു ചേര്‍ത്തുപിടിക്കാനായി ഭക്തിയുടെ വൈകാരികാംശത്തിനാണ് ഭക്തിപ്രസ്ഥാനത്തില്‍ ഊന്നല്‍ നല്‍കിയത്. ജ്ഞാനേശ്വരി എന്ന പ്രസിദ്ധമായ ഗീതാഭാഷ്യം എഴുതിയ സന്ത് ജ്ഞാനേശ്വരനും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍, ഇളയ സോദരീസോദരന്മാര്‍ എന്നിവരും എഴുത്തച്ഛനെപ്പോലെ നാഥസമ്പ്രദായികള്‍ ആയിരുന്നു.
ആധ്യാത്മികതയുടെ സ്വരൂപവും ഘടനയും
ബ്രിട്ടീഷ് അധിനിവേശകാലം തൊട്ട് പാശ്ചാത്യരായ പണ്ഡിതന്മാരുടെയും അവരുടെ ചുവടുപിടിച്ച ഭാരതീയരായ പണ്ഡിതന്മാരുടെയും പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയില്‍ നിന്നാണ് ഹൈന്ദവമായ ആധ്യാത്മികജീവിതവീക്ഷണത്തെയും ചര്യകളെയും കുറിച്ച് നമ്മിലധികം പേരും മനസ്സിലാക്കുന്നത്. തന്മൂലം അവയെക്കുറിച്ച് വികലവും അപൂര്‍ണ്ണവുമായ ധാരണകളാണ് ഇന്നു ഭാരതീയരില്‍ അധികവും പുലര്‍ത്തുന്നത്. സംസ്‌കൃതം, പ്രാകൃതം, പാലി, അര്‍ദ്ധമാഗധി മുതലായ ഭാരതീയഭാഷകളിലെഴുതപ്പെട്ട മൂലഗ്രന്ഥങ്ങളെ വേണ്ടവിധം ഗുരുപരമ്പരയിലൂടെ പഠിക്കുകയും ധര്‍മ്മമാര്‍ഗത്തില്‍ ജീവിക്കുകയും ചെയ്തവര്‍ക്കു മാത്രമേ അവയെക്കുറിച്ച് വസ്തുനിഷ്ഠമായ അറിവു നല്‍കാന്‍ കഴിയൂ.
അത്തരത്തിലൊരു മഹാപണ്ഡിതനായ ഭാസ്‌കരരായമഖി (1690 സി. ഇ – 1785 സി. ഇ) തന്റെ സേതുബന്ധം എന്ന സംസ്‌കൃതപുസ്തകത്തില്‍ ഇക്കാര്യത്തില്‍ പരമ്പരയായി നമ്മുടെ പൂര്‍വികര്‍ പുലര്‍ത്തിയിരുന്ന കാഴ്ച്ചപ്പാടിനെ വിവരിക്കുന്നുണ്ട്. ഹിന്ദുദൃഷ്ടിയില്‍ ജീവിതത്തിന്റെ ലക്ഷ്യം, ആ ലക്ഷ്യം നേടാനുള്ള വിവിധമാര്‍ഗങ്ങള്‍, ആ മാര്‍ഗങ്ങളുടെ വൈവിധ്യത്തിനുള്ള കാരണവും അവയെ ഇണക്കിച്ചേര്‍ക്കാന്‍ സ്വീകരിച്ചിരിക്കുന്ന സവിശേഷഘടനയും (Structure), ആ വീക്ഷണത്തിന്റെ പരമ്പരാഗതമായ പാഠ്യപദ്ധതിയും പ്രായോഗികമായ ജീവിതചര്യയും തുടങ്ങിയവയെ എല്ലാം അതില്‍നിന്നും നമുക്കു മനസ്സിലാക്കാം.
ഈ സമീപനത്തെ വേണ്ട രീതിയില്‍ മനസ്സിലാക്കാനായി ഭാസ്‌കരരായന്‍ പാഠ്യക്രമം, ജീവിതചര്യ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉചിതമായ ഒരു ഉദാഹരണവും പറയുന്നുണ്ട്. വൈദിക-താന്ത്രികമായ പാഠ്യ- ജീവിതക്രമമാണ് അദ്ദേഹം മാതൃകയായി അവതരിപ്പിക്കുന്നത്. ഈ പാഠ്യക്രമത്തിന്റെയും ജീവിതക്രമത്തിന്റെയും സ്ഥാനത്ത് ജൈനം, ബൗദ്ധം മുതലായവയുടെ പാഠ്യക്രമവും ജീവിതക്രമവും യഥാക്രമം ചേര്‍ത്താല്‍ അതാതു മാര്‍ഗങ്ങളുടെയും സ്വരൂപം നമുക്കു ലഭിക്കും.
സുഖം (മോക്ഷം/കാമം, അകൃത്രിമം/ കൃത്രിമം, ശാശ്വതം/ക്ഷണികം) എന്ന ഒരു പൊതുലക്ഷ്യവും അതു നേടാനുള്ള സാമാന്യക്രമവും മുജ്ജന്മകര്‍മ്മപരിപാകമനുസരിച്ചുള്ള ചിത്തശുദ്ധികല്‍പ്പനയും അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്നതും പ്രതിവ്യക്തിഭിന്നവുമായ അഭിരുചികള്‍ക്കനുസൃതമായി അതില്‍ മാറി മാറി ഘടിപ്പിക്കാവുന്ന വിശേഷക്രമങ്ങളും (വൈദികം, താന്ത്രികം, യോഗം, ജൈനം, ബൗദ്ധം തുടങ്ങിയ വിവിധസമ്പ്രദായങ്ങള്‍) എന്നതാണ് ഹിന്ദുക്കളുടെ ആധ്യാത്മികജീവിതമാതൃകയുടെ സവിശേഷഘടന. ഭക്തിമാര്‍ഗ്ഗങ്ങള്‍ക്കും വിവിധങ്ങളായ വനവാസി സമ്പ്രദായങ്ങള്‍ക്കും ചാര്‍വാകം പോലുള്ള കേവലഭൗതികതയ്ക്കും യുക്തിയുക്തവും ഉചിതവും ആയ ഇടം നല്‍കുന്നു എന്നതാണ് ഈ ഘടനയുടെ പ്രത്യേകത.
പാശ്ചാത്യപണ്ഡിതരും ഇവിടുത്തെ ഇടതരും വലതരും ആയ പണ്ഡിതന്മാരും ഗ്രെക്കോ- റോമന്‍ മാതൃകയെ മാനദണ്ഡമായി സ്വീകരിച്ചാണ് അതിനേക്കാള്‍ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഹിന്ദുജീവിതമാതൃകയെ പഠിച്ചതും തലതിരിഞ്ഞ ആഖ്യാനങ്ങള്‍ (Narrative) പടച്ചതും. ആ വിദേശമാതൃകയെപ്പോലെ രാജനൈതികമോ (Political) ) മതപരമോ (Religious) വംശപരമോ ((Racial) വര്‍ഗ്ഗപരമോ (Class) ആയ ഏകശിലാത്മക (Monolithic)) മാതൃകയില്‍ അല്ല ഹിന്ദുജീവിതമാതൃക കരുപ്പിടിപ്പിക്കപ്പെട്ടത്. വൈവിധ്യാന്തര്‍ഗത ഏകാത്മത എന്ന പ്രകൃതിസഹജം ആയ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതീയജീവിതമാതൃക നൈസര്‍ഗികമായി ഉരുത്തിരിഞ്ഞത്. അതിനാല്‍ തന്നെ ഇവിടെ സമൂഹത്തിന്റെ എല്ലാ തട്ടുകളില്‍ നിന്നും ആധ്യാത്മികാചാര്യന്മാര്‍ ഉയര്‍ന്നുവന്നിരുന്നു; ഏതു തട്ടിലുള്ളവര്‍ക്കും അവരവരുടെ അഭിരുചിയ്ക്ക് അനുസരിച്ച തൊഴിലും ആധ്യാത്മികസമ്പ്രദായവും തിരഞ്ഞെടുക്കാനും കഴിയുമായിരുന്നു.
പ്രാചീന ശിലായുഗം മുതല്‍ക്ക് ഇന്നുവരെ അനുസ്യൂതമായി പുലരുന്ന ഹിന്ദുജീവിതത്തിന്റെ ചരിത്രം പുരാവസ്തുശാസ്ത്രജ്ഞര്‍ ഇന്ന് തെളിവുസഹിതം വെളിവാക്കിയിട്ടുണ്ട്. ആ ചരിത്രത്തിലെ സുപ്രധാനനാഴികക്കല്ലായ സിന്ധു- സരസ്വതീ നാഗരികതയില്‍ വ്യക്തത പൂണ്ട വിവിധങ്ങള്‍ ആയ ആധ്യാത്മികസമ്പ്രദായങ്ങള്‍ ജനജീവിതത്തില്‍ വേരോടിയ ശേഷം ആണ് ലളിതവിസ്തരം പോലുള്ള ഗ്രന്ഥങ്ങള്‍ പരാമര്‍ശിക്കുന്ന രാജവംശങ്ങളിലൂടെ രാജനൈതികത പ്രത്യക്ഷപ്പെടുന്നത്.
തന്മൂലം നിരവധി രാജവംശങ്ങളും സ്വദേശി- പരദേശിസാമ്രാജ്യങ്ങളും ഒന്നിനു പിറകേ ഒന്നായി മാറിമറിഞ്ഞു വന്നെങ്കിലും എഴുത്തച്ഛനെ പോലുള്ള ആചാര്യന്മാര്‍ വളര്‍ത്തിയെടുത്ത ഹിന്ദുജീവിതത്തിന്റെ ആധ്യാത്മികമായ അടിത്തറ ഇളകിയില്ല എന്നു കാണാം.
സഹായകമായ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും-
1. Dilip K. Chakrabarty, India An Archaeological History, Hinduism from Pre-History to History, India of the Vedic Texts.
2. B.B.Lal, How deep are the Roots of Indian Civilization Archaeology Answers.
3. G.S. Ghurye, The Indian Sadhus.
4. M. N. Srinivas, Social Change in Modern India.
5. Nicholas B. Dirks, Castes of the Mind.
6. Susan Baily, Cast, Society and Politics in India.
7. Sinthia Talbot, Precolonial India in Practice.
8. D.P.Mukherji, Modern Indian Society.
9. Richard Eaton, A Social History of the Deccan.
10. Sanjoy Chakravarty, The Truth About Us,
11. K.S. Lal, Growth of Scheduled Tribes and Castes in Medieval India.
12. Sasi Bhushan Dasguptha, ORC, XXXIV. G.W. Briggs, Gorakhnath and the Kanphata Yogis.
13. Natha period 9-12 CE as given by James Mallinson in his article Nath.
14. N. N. Bhattacharya, History of the Tantric Religion, History of the Sakta Religion, The India Mother Godess.
15. The Tantras- Studies on Their Religion and Literature, Chintaharan Chakravarty, 1963.
16. Albert Schweitzer, Indian Thought and its Development, 1935. Interview with Dr. Bruce Greyson, Philip Goff, Galileos Error.
17. Phantoms in the Brain by V. S. Ramachandran. Surendra Nath Dasgupta, Philosophical Essays. Rhys Davids, Buddhist India.
18. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, കേരളചരിത്രം, റവ. സാമുവല്‍ മെറ്റീര്‍, ഞാന്‍ കണ്ട കേരളം.
19. ഫിലിപ്പോ ഒസാമ- കരോലിന്‍ ഒസാമ, കേരളത്തിലെ സാമൂഹിക ചലനാത്മകത: ആധുനികതയും സ്വത്വവും സംഘര്‍ഷത്തില്‍ (2000).
20. രാജേഷ്. സി. സൈന്ധവ ഭാഷായനം.
21. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പോരാട്ടവഴികള്‍, ജന്മഭൂമി (2022 ജനുവരി 8).
22. ഹിന്ദു എന്നാല്‍ എന്ത്?, കെ. രാമന്‍ പിള്ള, ജന്മഭൂമി (2023 ഫെബ്രുവരി 8),
23. ഡോ. കൃഷ്ണഗോപാല്‍ജി, നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും.
24. ഡോ. എന്‍. രാമന്‍നായരുടെ പ്രബന്ധം.