ദേശീയതലത്തില്‍ ചര്‍ച്ചാവിഷയമായ ന്യൂസ് ക്ലിക്ക് വിവാദവും കേന്ദ്ര ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ വീണ ക്ലിക്കും ചര്‍ച്ച ചെയ്യാനോ വിലയിരുത്താനോ പൊതുവേ മലയാള മാധ്യമങ്ങള്‍ക്ക് മടി കാണുന്നു. മടിയിലെ കനം കൂടുന്നതനുസരിച്ച് നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത രീതിയിലേക്ക് ഒരു വിഭാഗം മാധ്യമങ്ങളും കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മാറുന്നതാണ് ഈ സംഭവങ്ങളില്‍ കണ്ടത്.
കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം പുറത്തു കൊണ്ടുവന്ന അന്വേഷണാത്മക റിപ്പോര്‍ട്ട് ആണ് ദല്‍ഹിയിലെ ന്യൂസ് ക്ലിക്ക് എന്ന സ്ഥാപനത്തിന്റെ ദേശവിരുദ്ധ ഇടപാടുകളും വാര്‍ത്താപ്രചാരണവും രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധവും പുറത്തുകൊണ്ടുവന്നത്. ചൈനയിലെ ഷാങ്ഹായില്‍ താമസിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്ല റോയ് സിംഘാം എന്നയാളില്‍ നിന്ന് നിയമം ലംഘിച്ച് വിദേശനാണ്യ ചട്ടത്തിന് എതിരായി 88 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അമേരിക്ക, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ചൈനയ്ക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അനുകൂലമായ വാര്‍ത്തകളും പ്രചാരണങ്ങളും നടത്തുന്നതിന്റെ ചുമതലയാണ് സിംഘാമിന് ഉള്ളത്.
ഇടതു സിദ്ധാന്തത്തിനായി സഖ്യവും സങ്കേതവും ഒരുക്കുന്ന സിംഘാം ഒരു വലിയ വല തന്നെയാണ് അന്താരാഷ്ട്രതലത്തില്‍ വിരിച്ചിട്ടുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തുന്നു. മസാച്യുസെറ്റ്‌സിലെ ബുദ്ധിജീവികളില്‍ തുടങ്ങി മാന്‍ ഹാട്ടനിലെ ആഘോഷവേദികളിലും ദക്ഷിണാഫ്രിക്കയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇന്ത്യയിലെയും ബ്രസീലിലെയും മാധ്യമങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും സിംഘാം വല വിരിച്ചിരിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം പറ്റിയിട്ടുള്ളത് ന്യൂസ് ക്ലിക്ക് എന്ന ദക്ഷിണ ദല്‍ഹിയിലെ ന്യൂസ് പോര്‍ട്ടല്‍ സ്ഥാപകനായ പ്രബീര്‍ പുരകായസ്ഥ ആണ്. പുരകായസ്ഥയുടെ ഈ വിദേശബന്ധം നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നതാണ്.
2021 ഫെബ്രുവരിയില്‍ ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും പുരകാര്യസ്ഥയുടെ വസതിയിലും മറ്റും നടത്തിയ 139 മണിക്കൂര്‍ നീണ്ട തിരച്ചിലില്‍ നിരവധി രേഖകളാണ് കണ്ടെത്തിയിരുന്നത്. 2018 നും 2021 നും ഇടയില്‍ ന്യൂസ് ക്ലിക്കിനും സഹചാരികള്‍ക്കുമായി 38.05 കോടി രൂപ സഹായം എത്തിയത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. അന്ന് പുരകായസ്ഥയ്ക്ക് അനുകൂലമായി ദല്‍ഹിയിലെയും മുംബൈയിലെയും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നിരുന്നു. താന്‍ നിയമം ലംഘിച്ച് ഒന്നും ചെയ്യുന്നില്ലെന്നും അമേരിക്കയില്‍ നിന്നാണ് തനിക്ക് സഹായധനം എന്നുമാണ് അന്ന് പുരകായസ്ഥ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി കോടതി പുരകായസ്ഥയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അറസ്റ്റ് വിലക്കുകയും ചെയ്തിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 2018 നും 2021 നും ഇടയില്‍ മനുഷ്യാവകാശ പ്രവര്‍ത്തക എന്ന പേരില്‍ മോദി ബിജെപി വിരുദ്ധ യുദ്ധം നടത്തുന്ന ടീസ്റ്റ സെത്തല്‍വാദിന്റെ അനുചരര്‍ക്കാണ് ഇവിടെയെത്തിയ പണം പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സിപിഎം ദേശീയ നേതൃത്വത്തിനും ഈ ഇടപാടുകളില്‍ പങ്കുണ്ട് എന്ന കാര്യം വ്യക്തമായിട്ടുണ്ട്. ഭാരതത്തില്‍ പുക ഇല്ലാത്ത യുദ്ധം നടത്താനാണ് ചൈനയില്‍ നിന്ന് അമേരിക്ക വഴി എത്തുന്ന ഈ പണംകൊണ്ട് ലക്ഷ്യമിട്ടിരുന്നത്. ചൈന അനുകൂല വാര്‍ത്തകളും സാഹചര്യങ്ങളും സൃഷ്ടിക്കുന്നതിനൊപ്പം ഭാരതത്തിന്റെ ദേശീയ താല്‍പര്യങ്ങള്‍ തകര്‍ക്കുന്ന രീതിയിലുള്ള വാര്‍ത്തകളും പ്രസ്താവനകളും പ്രചാരണങ്ങളും ഇവര്‍ നടത്തിയിരുന്നു.
സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടുമായി നടത്തിയിട്ടുള്ള ഇ-മെയില്‍ ഇടപാടുകളും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പ്രകാശ് കാരാട്ടിന്റെ അറിവോടും സമ്മതത്തോടും ആണ് ന്യൂസ് ക്ലിക്കിന്റെ പ്രവര്‍ത്തനം നടന്നിരുന്നത് എന്നാണ് വ്യക്തമാകുന്നത്. സിപിഎമ്മിന്റെ ഐടി സെല്‍ അംഗമായ ബാപ്പാദിത്യ സിന്‍ഹ, ഭീമാ കൊറിഗോണ്‍ സംഘര്‍ഷ കേസില്‍ പ്രതിയായ ഗൗതം നവലാഖ എന്നിവര്‍ ന്യൂസ് ക്ലിക്കിന്റെ ഉടമസ്ഥരില്‍ പെടുന്നു. അമേരിക്ക ആസ്ഥാനമായ വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ് എല്‍എല്‍സി ആണ് ഈ കമ്പനിയിലെ വിദേശ ഓഹരി പങ്കാളി. ഈ കമ്പനി ആകട്ടെ സിംഘാമിന്റെ ഭാര്യയും അറിയപ്പെടുന്ന ഇടതുപക്ഷ പ്രവര്‍ത്തകയുമായ ജോഡി ഇവന്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയില്‍ ഉള്ളതാണ്.
ജോഡി ഇവാന്‍സ് ചൈനയ്ക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആളാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ ഐടി സെല്‍ അംഗം സോഫ്റ്റ്‌വെയര്‍ സര്‍വീസസിന്റെ ഭാഗമായി സേവനം നല്‍കുന്ന ആളാണെന്നാണ് പുരകായസ്ഥ വിശദീകരിച്ചത്. മാത്രമല്ല ഇതില്‍ ഒരു തെറ്റും ഇല്ലെന്നും 2021 ല്‍ റെയ്ഡിനെ തുടര്‍ന്ന് മാധ്യമങ്ങളോട് പുരകായസ്ഥ പറഞ്ഞിരുന്നു. പക്ഷേ, ഈ വസ്തുതകള്‍ തെറ്റാണെന്ന് ഇഡി അന്വേഷണത്തില്‍ വ്യക്തമായി. അമേരിക്ക ആസ്ഥാനമായുള്ള സൈനിക നാവിക ആയുധ വില്‍പ്പനക്കാരായ വൈക്കിങ് സിസ്റ്റവുമായി പങ്കാളിത്ത കരാര്‍ ഉണ്ടാക്കാനാണ് നവലാഖയെ ഉപയോഗപ്പെടുത്തിയതെന്ന് ഇ.ഡി കണ്ടെത്തി. ആയുധക്കച്ചവടത്തില്‍ ഉള്ള ഇടപാടുകളെ സംബന്ധിച്ച് വിവരിക്കുന്നതിലും വ്യക്തത വരുത്തുന്നതിലും പുരകായസ്ഥ പൂര്‍ണമായും പരാജയപ്പെട്ടു.
എന്‍ഫോഴ്‌സ്‌മെന്റ്് അന്വേഷണത്തെ തുടര്‍ന്ന് ദക്ഷിണ ദല്‍ഹിയിലെ 4.5 കോടി രൂപ വില വരുന്ന പുരകായസ്ഥയുടെ ഫ്‌ളാറ്റ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. കൂടാതെ 41 ലക്ഷം രൂപ വരുന്ന ബാങ്കിലെ സ്ഥിരനിക്ഷേപവും അവര്‍ കണ്ടുകെട്ടി. സേവനങ്ങള്‍ക്ക് എന്ന പേരിലാണ് 88 കോടി രൂപ ഇയാള്‍ കൈപ്പറ്റിയതെന്ന് വ്യക്തമാക്കി. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍മ്മിച്ച റെഡ് സ്റ്റാര്‍ ഓവര്‍ ചൈന (ചൈനയ്ക്ക് മുകളിലെ ചുവപ്പു നക്ഷത്രം), ദി സീക്രട്ട് ഓഫ് ചൈന (ചൈനയുടെ രഹസ്യം) എന്നീ ചലച്ചിത്രങ്ങള്‍ മൊഴിമാറ്റം ചെയ്യുകയും സബ്‌ടൈറ്റില്‍ ചെയ്യുകയും ചെയ്തു എന്ന പേരിലായിരുന്നു സേവന കയറ്റുമതി കാട്ടിയിരുന്നത്. 2021 ല്‍ തന്നെ ഒരു ദേശീയ ദിനപത്രം ന്യൂസ് ഇടപാടുകളെ കുറിച്ച് വാര്‍ത്ത പുറത്തുകൊ ണ്ടുവന്നതാണ്. പൂര്‍ണ്ണമായും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നാണ് പുരകായ സ്ഥ അവകാശപ്പെട്ടിരുന്നത്.
മാധ്യമപ്രവര്‍ത്തകരായ അഭിസാന്‍ ശര്‍മ, രോഹിണി സിംഗ്, സ്വാതി ചതുര്‍വേദി തുടങ്ങിയവരുടെ പേരിലും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2005 മുതല്‍ 2014 വരെ കോണ്‍ഗ്രസിനും സിംഘാമില്‍ നിന്ന് പണം എത്തിയതായി ആരോപണമുണ്ട്. 2008 ല്‍ സോണിയയെയും രാഹുലിനെയും ചൈനയിലേക്ക് ക്ഷണിച്ചതിന്റെ പിന്നിലും സിംഘാം ഉണ്ടായിരുന്നു. 2016 ഡോക്‌ലാം സംഘര്‍ഷം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും വിരോചിതമായി തിരിച്ചടിക്കുകയും ചെയ്തപ്പോള്‍ ചൈനയുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ച വിവാദമായിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും ഒരേ നാണയത്തിന്റെ രണ്ടുവശമായി നിന്ന് ചൈനയ്ക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അനുകൂലമായി നടത്തുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ ആണെന്ന കാര്യം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
1942-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതും പണം പറ്റിയതും പാര്‍ട്ടി ഓഫീസുകള്‍ നിര്‍മ്മിച്ചതും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതും ഒക്കെ ദ ഗ്രേറ്റ് ബിട്രേയല്‍ എന്ന പുസ്തകത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ഷൂറി ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ പുറത്തുവന്ന റഷ്യയുടെ ഡി ക്ലാസിഫൈഡ് രേഖകളിലും സിപിഐ -സി.പി.എം നേതാക്കള്‍ പണം പറ്റിയതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. രാഹുലിന്റെയും സോണിയയുടെയും പ്രവര്‍ത്തനം രാഷ്ട്രീയമല്ല, രാഷ്ട്രവിരുദ്ധതയാണ് എന്ന ബിജെപി നേതാക്കളുടെ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ ന്യൂയോര്‍ ടൈംസ് റിപ്പോര്‍ട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകളും. കൂടുതല്‍ മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കൂടി പുറത്തുവരാന്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളും അവരുടെ ബാംഗ്ലൂരിലെ കമ്പനിയായ എക്‌സാലോജിക്കിന്റെ പ്രവര്‍ത്തനവും നേരത്തെ തന്നെ വിവാദങ്ങളില്‍ ഉള്‍പ്പെട്ടതാണ്. പക്ഷേ, അന്നൊന്നും വളരെ കൃത്യമായ രേഖകളോ തെളിവുകളോ ഇല്ലാതെപോയ സംഭവങ്ങള്‍. ചട്ടപ്പടി നിഷേധിച്ചും തള്ളിയും പിണറായിയും കുടുംബവും രക്ഷപ്പെട്ടെങ്കിലും ഇപ്പോള്‍ വളരെ വ്യക്തമായി വീണയുടെ പിന്‍സീറ്റ് ഡ്രൈവിംഗും കൈക്കൂലിയും പുറത്തുവന്നിരിക്കുകയാണ്. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തെളിവെടുത്ത് വാദം കേട്ടാണ് ഈ സംഭവത്തില്‍ വിധി പുറപ്പെടുവിച്ചത്.
കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടയില്‍സ് ലിമിറ്റഡ് എന്ന ശശിധരന്‍ കര്‍ത്തയുടെ സ്ഥാപനത്തിന് ഓഫീസിലും ഫാക്ടറിയിലും ദൈനംദിന ആവശ്യത്തിനുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കുന്നതിനും അവയുടെ മാനേജ്‌മെന്റിനും മറ്റുമായി ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍സും ആയി കരാര്‍ ഉണ്ടാക്കിയത്. വീണ ഐ.ടി മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സ് നല്‍കാന്‍ മറ്റൊരു കരാറും ഉണ്ടാക്കിയിരുന്നു. വീണയ്ക്ക് 5 ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നുലക്ഷം രൂപയും ആയിരുന്നു പ്രതിമാസ പ്രതിഫലം. ഏതാണ്ട് ഒന്നേമുക്കാല്‍ കോടി രൂപയാണ് മൂന്ന് വര്‍ഷത്തെ കരാറില്‍ ഇതുവരെ നല്‍കിയത്. പക്ഷേ, കരാര്‍ കാലയളവില്‍ വീണയോ എക്‌സാലോജിക്കോ ഒരു നയാ പൈസയുടെ സേവനം പോലും നല്‍കിയിട്ടില്ല. ഇക്കാര്യം ശശിധരന്‍ കര്‍ത്താ ബോര്‍ഡിനു മുമ്പില്‍ മൊഴി നല്‍കുകയും ചെയ്തു.
എക്‌സാലോജിക്കിന്റെ ഒരു സോഫ്റ്റ്‌വെയറും കമ്പനി ഉപയോഗിച്ചിട്ടില്ലെന്ന് കമ്പനിയുടെ ചീഫ് ഫൈനാന്‍സ് ഓഫീസറും ചീഫ് ജനറല്‍ മാനേജരും മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ യാതൊരു സേവനവും നല്‍കാതെ വ്യക്തിപരമായും കമ്പനിയുടെ പേരിലും പണം പറ്റിയത് വ്യക്തമായ രാഷ്ട്രീയ അഴിമതിയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാവും. മാത്രമല്ല, ലോക്പാല്‍ ബില്ലിലും അഴിമതി നിരോധന നിയമത്തിലും സമാനമായ രീതിയില്‍ തന്നെയാണ് അഴിമതിയെ നിര്‍വചിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മാത്രമല്ല, കോടതിയുടെ അധികാരമുള്ള ഒരു ജുഡീഷ്യല്‍ സ്ഥാപനം തന്നെ അഴിമതി കണ്ടെത്തിയിട്ടും സമ്മേളിച്ചു കൊണ്ടിരുന്ന നിയമസഭയില്‍ ഇത് ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അഴിമതിക്കെതിരെ സംസാരിച്ചിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുന്‍ നേതാവ് രമേശ് ചെന്നിത്തലയും ഇക്കുറി മിണ്ടിയില്ല. മിണ്ടാതിരിക്കാന്‍ കാരണം മാസപ്പടി പറ്റിയവരില്‍ യുഡിഎഫ് നേതാക്കളും ഉള്‍പ്പെടുന്നു എന്നുള്ളത് തന്നെയാണ്. കുഞ്ഞാലിക്കുട്ടി, എ. ഗോവിന്ദന്‍, ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍, ഇബ്രാഹിം കുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ പ്രതിമാസം സംഭാവന ലഭിച്ചിരുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
കുറിപ്പിലെ പേരുകാര്‍ക്ക് വീടുകളിലോ ഓഫീസുകളിലോ നേരിട്ട് പണം എത്തിച്ചിരുന്നതായാണ് കമ്പനി നല്‍കുന്ന വിശദീകരണം. രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയത് ഖനനവും വ്യവസായവും സുഗമമാക്കാന്‍ ആണെന്ന് കമ്പനിയുടെ സിഎഫ്ഒ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ കൂടാതെ പോലീസുകാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം പണം നല്‍കിയിട്ടുണ്ടെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. വര്‍ഷങ്ങള്‍ക്കു മുമ്പ് ജെയിന്‍ ഡയറിക്കുറിപ്പിന്റെ പേരില്‍ എല്‍.കെ. അദ്വാനിയും സാഹിബ് സിംഗ് വര്‍മ്മയും ഒക്കെ അന്വേഷണം നേരിട്ട സാഹചര്യം അന്ന് ആരോപണം ഉന്നയിച്ച സിപിഎമ്മും കോണ്‍ഗ്രസ്സും ഒക്കെ ഇപ്പോള്‍ മറന്നിരിക്കുന്നു.
അഴിമതിയുടെ കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികള്‍ ആണെന്ന ബോധ്യവും വ്യക്തതയും ആണ് വീണാ വിജയന്റെ പ്രശ്‌നം നിയമസഭയില്‍ പോലും ഉന്നയിക്കാന്‍ കഴിയാതെ പ്രതിപക്ഷം തകര്‍ന്നടിയാന്‍ കാരണം. ഒരു ഭാഗത്ത് ദേശീയതലത്തില്‍ വിദേശരാജ്യങ്ങളുടെ പണം പറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭാരതത്തെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, കേരളത്തില്‍ വ്യവസായികളില്‍ നിന്ന് സ്വന്തം മകളുടെ പേരില്‍ കൈക്കൂലി വാങ്ങുന്ന സംവിധാനത്തിലേക്ക് മുഖ്യമന്ത്രി തരം താഴ്ന്നിരിക്കുന്നു. അന്തസ്സോടെ രാജിവെച്ച് അന്വേഷണം നേരിടാന്‍ ഉള്ള തന്റേടം പിണറായി വിജയന്‍ കാട്ടുമോ? ഇതോടൊപ്പം കേരളത്തിന് ഇങ്ങനെ ഒരു പ്രതിപക്ഷ നേതാവും പ്രതിപക്ഷവും വേണോ എന്ന കാര്യവും പൊതുസമൂഹം ആലോചിക്കണം.