Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഹിന്ദുത്വത്തിന്റെ വിശ്വദൗത്യം

വിഷ്ണു അരവിന്ദ്

Print Edition: 4 August 2023

ലോക സമാജം വിവിധ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും പുറമെ ദേശ-രാഷ്ട്രങ്ങളായും ((Nation States) വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ രാജ്യങ്ങളും ഏക-ബഹു മത-സംസ്‌കാരങ്ങളെ പിന്തുടരുന്നവയാണ്. ഈ വ്യത്യസ്തകള്‍ക്കിടയിലും സമാജങ്ങളെയെല്ലാം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നത് ആധുനിക ദേശ-രാഷ്ട്രങ്ങളെന്ന ചട്ടക്കൂടാണ്. ഈ ദേശ – രാഷ്ട്രങ്ങള്‍ ചലിക്കുന്നതാവട്ടെ സമാജത്തില്‍ അന്തര്‍ലീനമായിരിക്കുന്ന അലിഖിതവും അദൃശ്യവുമായ പ്രകൃതിനിയമത്തിന്റെയും സാമൂഹിക നിയമത്തിന്റെയും താളക്രമത്തിലാണ്. വര്‍ത്തമാനകാല പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ലോകത്തിന്റെ ഈ ഘടനയ്ക്കും അഥവാ അതിനെ നയിക്കുന്ന അദൃശ്യമായ പ്രകൃതി നിയമത്തിന്റെയും സാമൂഹിക നിയമത്തിന്റെയും പോരായ്മകള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടെന്നു മനസ്സിലാക്കാം. അതില്‍ പ്രധാനപ്പെട്ടത് ഇന്നത്തെ ലോകത്തിന്റെ ഘടനയും അതിന്റെ പ്രവര്‍ത്തന തത്വങ്ങളുമെന്താണെന്നുള്ളതാണ്. അതുപോലെ, ലോകത്തെ നയിക്കുന്ന ഈ അദൃശ്യമായ പ്രകൃതി നിയമം അല്ലെങ്കില്‍ സാമൂഹിക നിയമം എന്താണ്? സമൂഹം എങ്ങനെ ഇന്നത്തെ നിലയില്‍ എത്തപ്പെട്ടു? എങ്ങനെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കും? ഭാരതം ലോകത്തെ പ്രധാന ശക്തിയായി മാറുമ്പോള്‍ വരുത്തേണ്ട പ്രധാന മാറ്റം ലോക സമാജത്തിന്റെ ആത്മാവായിരിക്കുന്ന അദൃശ്യമായ ഈ പ്രകൃതി നിയമത്തെയും സാമൂഹിക നിയമത്തെയും പരിഷ്‌കരിക്കുക എന്നതാണ്.

ആദ്യമായി ലോകത്തിന്റെ ഘടനയെയും അതിന് രൂപം നല്‍കിയിരിക്കുന്ന ദേശ- രാഷ്ട്രങ്ങളെയും അവയുടെ പ്രവര്‍ത്തന തത്വങ്ങളെയും വിശകലനം ചെയ്യാം. വര്‍ത്തമാനകാല ആധുനിക ദേശ രാഷ്ട്രങ്ങള്‍(Nation-States) ഏകദേശം 400-500 വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള മധ്യകാല യൂറോപ്പിന്റെ സൃഷ്ടിയാണ്. 18-19 നൂറ്റാണ്ടുകളിലെ കോളനിവല്‍ക്കരണത്തിലൂടെ ഈ പുതിയ ഭരണ മാതൃക ആഗോളവല്‍ക്കരിക്കപ്പെട്ടു. ജനസംഖ്യ, ഭൂപ്രദേശം, ഭരണകൂടം, പരമാധികാരം എന്നിങ്ങനെ നാല് പ്രധാന സവിശേഷതകള്‍ ഇവയ്ക്കുണ്ട്. ഒന്ന്, രാജ്യങ്ങളെ മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് സായുധസേനകളാല്‍ സംരക്ഷിതമായ അതിര്‍ത്തിയും ഭൂപ്രദേശവുമാണ്. രണ്ട്, രാജ്യങ്ങള്‍ക്ക് സ്വന്തമായ പൗരത്വവും പൗരന്മാരുമുണ്ട്. മൂന്ന്, രാജ്യത്തിന്റെ ദൈനംദിന നയ രൂപീകരണത്തിനും നിയമ നിര്‍മ്മാണത്തിനും രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ഒരു ഭരണകൂടമാണ്. നാല്, രാജ്യത്തിന്റെ പരമോന്നമായതും ആത്യന്തികവുമായ ശക്തിയെ സൂചിപ്പിക്കുന്നത് പരമാധികാരമെന്ന സങ്കല്പമാണ്. മധ്യകാലഘട്ടം മുതല്‍ യൂറോപ്യന്‍ സമൂഹത്തെ നയിക്കുന്ന ദേശ രാഷ്ട്രങ്ങളുടെ അടിസ്ഥാനഘടന ഇതാണ്.

ഈ സവിശേഷതകള്‍ക്ക് സമാനമായി ദേശ-രാഷ്ട്രങ്ങള്‍ക്ക് ലോകത്തെല്ലായിടത്തും ഏകമായ അടിസ്ഥാന പ്രവര്‍ത്തന തത്വങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദേശീയ താല്പര്യങ്ങളും(National Interest) അവയുടെ ലക്ഷ്യങ്ങളും. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഈ താല്പര്യങ്ങള്‍ ഒരു രാജ്യത്തിന്റെ ആഭ്യന്തര തലത്തില്‍ രൂപപ്പെടുന്ന ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും ആകെത്തുകയാണ്. മറ്റു രാജ്യങ്ങളുമായി സൗഹൃദത്തിലൂടെയോ സംഘര്‍ഷത്തിലൂടെയോ ഇടപഴകുമ്പോള്‍പോലും ഈ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനും നേടിയെടുക്കാനുമാണ് ഓരോ രാജ്യങ്ങളും ശ്രമിക്കുന്നത്. എന്നാല്‍ താല്പര്യങ്ങള്‍ നേടിയെടുക്കുവാന്‍ രാജ്യങ്ങള്‍ക്ക് ‘കഴിവ്’ (Ability) ആവശ്യമാണ്. ഈ കഴിവിനെ ദേശീയ ശക്തി (National Power) എന്ന് വിളിക്കുന്നു. ഉയര്‍ന്ന യുവ ജനസംഖ്യ, സൈനിക-സാമ്പത്തിക ശക്തി, വിസ്തൃതമായ ഭൂപ്രദേശം, സമുദ്രങ്ങള്‍, ഹിമാലയം എന്നിവ ഭാരതത്തിന്റെ ദേശീയ ശക്തിയുടെ ഭാഗങ്ങളാണ്. ഭീകരവാദം പാകിസ്ഥാന്റെ ദേശീയ ശക്തിയാണ്. ഓരോ രാജ്യത്തിന്റെയും ദേശീയ ശക്തി ഏറിയും കുറഞ്ഞുമിരിക്കുന്നതിനാല്‍ അവര്‍ നേടിയെടുക്കുന്ന ദേശീയ താല്പര്യങ്ങളുടെ അളവിലും ഈ വ്യത്യാസം ഉണ്ടായിരിക്കും. ഉദാഹരണത്തിന്, സാമ്പത്തിക-സൈനിക ശക്തിയായ ഭാരതം നേടിയെടുക്കുന്ന ലക്ഷ്യങ്ങളെക്കാള്‍ കുറവായിരിക്കും താരതമ്യേന ശക്തി കുറഞ്ഞ പാകിസ്ഥാന്‍ നേടിയെടുക്കുന്ന താല്പര്യങ്ങള്‍. അതിനാല്‍, സാധ്യമായ എല്ലാ വഴികളിലൂടെയും ഓരോ രാജ്യങ്ങളും അവരുടെ രാഷ്ട്രീയവും – സാമ്പത്തികവും- സൈനികവുമായ ദേശീയ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നു.

വാസ്തവത്തില്‍, ദേശീയ ശക്തി വര്‍ദ്ധിപ്പിക്കുകയെന്ന ഈ ലക്ഷ്യം രാജ്യങ്ങളെ വിവിധ മേഖലകളില്‍ നിരന്തരമായ മത്സരത്തിലേക്കാണ് നയിക്കുന്നത്. ഈ മത്സരം പരസ്പര ശത്രുതയിലും സംഘര്‍ഷങ്ങളിലും അവസാനം യുദ്ധത്തിലും പര്യവസാനിക്കുന്നു. മറ്റ് രാജ്യങ്ങളുടെ മേല്‍ രാഷ്ട്രീയ- സാമ്പത്തിക-സൈനിക ആധിപത്യം സ്ഥാപിക്കുകയെന്നതും രാജ്യങ്ങളുടെ ദേശീയ താല്പര്യങ്ങളിലൊന്നാണല്ലോ. അങ്ങനെ, ദേശീയ താല്‍പ്പര്യമെന്ന സങ്കല്പം രാജ്യങ്ങളെ സ്വന്തം ക്ഷേമത്തിനും നിലനില്‍പ്പിനും മാത്രം പ്രാധാന്യം നല്‍കുന്ന സ്വാര്‍ത്ഥ താല്പര്യത്തിലേക്ക് ചുരുക്കുന്നു. അതിനാല്‍ ആധുനിക ദേശ-രാഷ്ട്ര വ്യവസ്ഥയുടെ സഹജമായ സ്വഭാവം സംഘര്‍ഷപരവും അക്രമാസക്തവും അയല്‍പക്കവിരുദ്ധവുമാണെന്ന് പറയാം. അതായത്, മറ്റ് രാജ്യങ്ങളുടെ അല്ലെങ്കില്‍ ജനതയുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണവ.

ഇന്നത്തെ ലോക ക്രമത്തില്‍ ദേശീയ ശക്തി (National Power) വര്‍ദ്ധിപ്പിക്കുന്നത് ഓരോ രാജ്യങ്ങള്‍ക്കും അഭിമാനമാണ്. ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം രാജ്യങ്ങള്‍ക്ക് ദേശീയ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ ഇന്ന് ലഭ്യമായ മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയാണെന്നുള്ളതാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അന്താരാഷ്ട്ര തലത്തില്‍ വ്യവസ്ഥാപിതമായിരിക്കുന്ന പ്രത്യയശാസ്ത്രപരവും, നിയമപരവും സ്ഥാപനപരവുമായ ലോക ക്രമത്തിലൂടെ മാത്രമേ ഇന്ന് ഓരോ രാജ്യങ്ങള്‍ക്കും തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുവാനും അഭിവൃദ്ധിയിലെത്തുവാനും സാധിക്കുകയുള്ളൂ. വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്തുകൊണ്ടും ഭൂമിയെ മുറിവേല്‍പ്പിച്ചുകൊണ്ടും ശക്തിവര്‍ദ്ധിപ്പിക്കുന്ന രീതിയാണ് വ്യവസായ വിപ്ലവകാലം മുതല്‍ രാജ്യങ്ങള്‍ അവലംബിച്ചിട്ടുള്ളത്. മുതലാളിത്ത വ്യവസ്ഥയെന്ന് ആഗോളത്തലത്തില്‍ ഇത് അറിയപ്പെടുന്നു.

ഓരോ രാജ്യത്തിനും സമ്പത്ത് ആവശ്യമായതിനാല്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ ഭാഗമായുള്ള ആഗോള ഉല്പാദന – വിതരണ ശൃംഖലയുടെ ഭാഗഭാക്കായാണ് അവര്‍ ഈ സമ്പത്ത് ആര്‍ജ്ജിക്കുന്നത്. ഇത്തരത്തില്‍ വ്യാപാരത്തിലൂടെയും വ്യവസായത്തിലൂടെയും ആര്‍ജ്ജിക്കുന്ന സമ്പത്ത് ഉപയോഗിച്ച് ഓരോ രാജ്യങ്ങളും തങ്ങളുടെ സൈനിക ശക്തിയുള്‍പ്പെടെ വര്‍ദ്ധിപ്പിക്കുന്നു. തല്‍ഫലമായി, രാജ്യങ്ങള്‍ എല്ലായ്‌പ്പോഴും വ്യാപാരത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും കൂടുതല്‍ സമ്പത്ത് തേടുന്നു. കൂടുതല്‍ ലാഭം നല്‍കുന്ന ചരക്കുകള്‍ ഉത്പാദിപ്പിക്കുവാന്‍ ഇത് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. ഇത് രാജ്യങ്ങളെ ആയുധ നിര്‍മ്മാണത്തിനും ആണവ, ജൈവ, രാസവസ്തുക്കളാലുള്ള പുതിയ കണ്ടുപിടുത്തങ്ങളിലേക്കും നയിക്കുന്നു. ചുരുക്കത്തില്‍ ദേശീയ താല്പര്യം, ദേശീയ ശക്തി തുടങ്ങിയ യൂറോപ്യന്‍ ദേശ-രാഷ്ട്ര സങ്കല്‍പ്പത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ലോകത്ത് ദോഷകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. അപകോളനിവല്‍ക്കരണ (Deco lonization) പ്രക്രിയയിലൂടെ ആഗോളവല്‍ക്കരിച്ച ദേശ-രാഷ്ട്ര വ്യവസ്ഥയിലേക്ക് ആദ്യം പാശ്ചാത്യ സമൂഹവും പിന്നീട് ലോകസമൂഹവും എങ്ങനെ എത്തിപ്പെട്ടുവെന്ന ചോദ്യത്തിനും ഇവിടെ ഉത്തരം നല്‍കേണ്ടതുണ്ട്.

പുരാതന സംസ്‌കാരങ്ങള്‍

ആധുനിക ദേശ-രാഷ്ട്രങ്ങളുടെ അടിസ്ഥാനം പുരാതന നാഗരികതകളാണ്. ആധുനിക ഇറാഖില്‍ ടൈഗ്രിസിനും യൂഫ്രട്ടീസിനും ഇടയില്‍ ബി.സി 3500-1500 കാലഘട്ടത്തില്‍ ഉടലെടുത്ത മെസൊപ്പൊട്ടേമിയയാണ് ആദ്യത്തെ നാഗരികതയായി കരുതുന്നത്. സുമേറിയന്‍, ബാബിലോണിയന്‍, അസീറിയന്‍ ഉള്‍പ്പടെയുള്ള നാഗരികതകളുടെ കളിത്തൊട്ടില്‍ എന്ന് അത് അറിയപ്പെട്ടു. നൈല്‍ നദിയുടെ സമതലങ്ങളില്‍ ജന്മമെടുത്ത ഈജിപ്ഷ്യന്‍ നാഗരികത സംഘടിത നഗരവാസം, കൃഷി, എഴുത്ത് എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച ലോകത്തിന് നല്‍കി. ഏഷ്യയില്‍ 1600 ബി.സിയില്‍ രൂപമെടുത്ത പുരാതന ചൈനീസ് നാഗരികത ബിസി 403-221-ല്‍ ചിന്‍ രാജവംശത്തിന്റെ കീഴില്‍ ഏകീകരിക്കപ്പെട്ടു. ബി.സി 2600-നും 1900-നും ഇടയില്‍ ഉടലെടുത്ത സിന്ധു നദീതട നാഗരികത, സിന്ധു മുതല്‍ ഗംഗ വരെ ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ മുതല്‍ ബംഗ്ലാദേശ് വരെ നീളുന്ന പുരാതന വാസസ്ഥലങ്ങള്‍ക്ക് ജന്മം നല്‍കി. സംസ്‌കൃത സാഹിത്യങ്ങളനുസരിച്ച് ഹിന്ദു സംസ്‌കാരത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായാണ് ഇത് അറിയപ്പെടുന്നത്. എട്രൂസ്‌കന്‍ സംസ്‌കാരം, ഫിനീഷ്യന്‍ സമുദ്ര വ്യാപാര സംസ്‌കാരം തുടങ്ങി നിരവധി സംസ്‌കാരങ്ങള്‍ ഇക്കാലയളവില്‍ ഉടലെടുത്തു. പുരാതന ഗ്രീസിന്റെയും റോമിന്റെയും ഉദയത്തിനും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. ബി.സി.ഇ 800-600 നുമിടയില്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍, ബാല്‍ക്കണിന്റെ തെക്കന്‍ ഭാഗങ്ങള്‍, ഏഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പുരാതന ഗ്രീസ് വ്യാപിച്ചു. അതുപോലെ, കിഴക്കന്‍ മെഡിറ്ററേനിയന്‍ മുതല്‍ വടക്കേ ആഫ്രിക്കയിലും യൂറോപ്പിന്റെ പ്രധാന ഭാഗങ്ങളിലും റോം വ്യാപിക്കുകയുണ്ടായി. എന്നിരുന്നാലും, മെഡിറ്ററേനിയന്‍ മുതല്‍ ചൈന വരെ വ്യാപിച്ചുകിടക്കുന്ന മഹത്തായ ഈ നാഗരിതകള്‍ നാടോടികളായ ജനങ്ങളുടെ അധിനിവേശത്തെ തുടര്‍ന്ന് ബി.സി. അഞ്ചാം നൂറ്റാണ്ട് മുതല്‍ തകര്‍ച്ച നേരിട്ടു. അവരില്‍ ശക്തര്‍ പ്രാകൃത നാടോടികളായിരുന്ന മംഗോളിയരായിരുന്നു (ബിസി 1206-1405). അവര്‍ ജര്‍മ്മനിയുടെ കിഴക്കന്‍ അതിര്‍ത്തി മുതല്‍ ആര്‍ട്ടിക് സമുദ്രം വരെയും തുര്‍ക്കി മുതല്‍ പേര്‍ഷ്യന്‍-ഗള്‍ഫ് വരെയും വ്യാപിച്ചുകിടക്കുന്ന ഒരു സാമ്രാജ്യം സ്ഥാപിച്ചു. നിലവിലുള്ള രാഷ്ട്രീയ അതിര്‍ത്തികളെ മാറ്റിക്കൊണ്ട് ഇത് ഏഷ്യയുടെയും യൂറോപ്പിന്റെയും ഉള്‍പ്പെടെ ഭൂഗോളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും തദ്ദേശീയ ജനവിഭാഗങ്ങളെ ചിതറിക്കുകയും പ്രദേശങ്ങളുടെ വംശീയ സ്വഭാവം എന്നന്നേക്കുമായി മാറ്റുകയും ചെയ്തു.

സാമൂഹ്യശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ വലിപ്പത്തില്‍ ചെറുതായിരുന്ന ഗോത്ര രാജ്യങ്ങളാണ് അധികാരത്തിന്റെ ആദ്യ രൂപം. പിന്നീട്, ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ്, സാങ്കേതിക വിദ്യയിലെ വളര്‍ച്ച, കൃഷി, ഭൂമിയുടെ ആവശ്യകത എന്നിവ മൂലം ഭൂമിക്കും വിഭവങ്ങള്‍ക്കുമായി കുടിയേറ്റക്കാര്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ക്കും യുദ്ധത്തിനും കാരണമായി. ഒടുവില്‍ ഈജിപ്ത്, ബാബിലോണിയന്‍, അസീറിയ, ഓട്ടോമന്‍, ഇന്ത്യ, ചൈന തുടങ്ങിയ സംസ്‌കാരങ്ങളുടെ ആവിര്‍ഭാവത്തിലേക്ക് നയിക്കുകയും ഇന്നത്തെ ദേശ-രാഷ്ട്രങ്ങളുടെ പിറവിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇക്കാലയളവില്‍ ഏഥന്‍സ്, സ്പാര്‍ട്ട, ആര്‍ഗോസ് തുടങ്ങിയ ഗ്രീസിലെ നഗര-രാഷ്ട്രങ്ങളുടെ (city states) രൂപീകരണത്തിലേക്കും ഇത് നയിച്ചു. ഗ്രീക്ക് സമൂഹം സ്വതന്ത്രരും അടിമകളുമായി വിഭജിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, റോമാക്കാരും മാസിഡോണിയക്കാരും ഗ്രീക്ക് നഗര രാഷ്ട്രങ്ങളെ ആക്രമിച്ചുകൊണ്ട് യൂറോപ്പിന്റെ മധ്യഭാഗത്ത് റോമന്‍ സാമ്രാജ്യം സ്ഥാപിച്ചു.

ഭരണത്തില്‍ മത സ്വാധീനത്തിന്റെ ഫലമായി കാലക്രമേണ റോമന്‍ സാമ്രാജ്യം ശിഥിലമാകുകയും, വിശാലമായ ഭൂമിയുടെ ഉടമസ്ഥതയിലുള്ള ജന്മിമാര്‍ രാജ്യധികാരം കൈക്കലാക്കുകയും സമൂഹത്തെ ഭൂവുടമകളും ഭൂരഹിതരുമായി വിഭജിക്കുകയും ചെയ്തു. രാജാവ് ഭരണത്തെ നയിച്ചിരുന്നുവെങ്കിലും, റോമന്‍ സഭയുടെ തലവനും റോമന്‍ സാമ്രാജ്യത്തിന്റെ കേന്ദ്ര ബിന്ദുവുമായിരുന്ന പോപ്പിനൊപ്പം ഭൂവുടമകളും അധികാരം ആസ്വദിച്ചു. എന്നിരുന്നാലും, പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജാക്കന്മാരുടെ ശക്തി പുനഃസ്ഥാപിക്കപ്പെട്ടു. അവര്‍ ശാസ്ത്രീയവും സാങ്കേതികവുമായ കണ്ടുപിടുത്തങ്ങളിലൂടെ പാശ്ചാത്യ സമൂഹത്തിലുണ്ടായ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചു.ഇതിനിടയില്‍, മധ്യകാലഘട്ടത്തില്‍ നിരവധി യുദ്ധങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സാക്ഷ്യം വഹിച്ചു, പ്രധാനമായും എണ്‍പത് വര്‍ഷത്തെ യുദ്ധം ‘Eighty Years War’ (1568-1648), മുപ്പത് വര്‍ഷത്തെ യുദ്ധം’Thirty Years War’ (1618-1648). എട്ട് ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ ഈ യുദ്ധങ്ങള്‍ 1648 ലെ വെസ്റ്റ്ഫാലിയ സമാധാന കരാറോടെ (Treaty of Westphalia) അവസാനിച്ചു. വെസ്റ്റ്ഫാലിയ സമാധാന കരാര്‍ രാജ്യങ്ങള്‍ക്കിടയിലെ അതിരുകള്‍ അംഗീകരിക്കുകയും ജനങ്ങളെ പൗരന്മാരായി വേര്‍തിരിക്കുകയും പരസ്പരം പരമാധികാരത്തെ ബഹുമാനിക്കുകയും ചെയ്തു. തല്‍ഫലമായി, യൂറോപ്പില്‍ ആധുനിക ദേശ-രാഷ്ട്രങ്ങള്‍ പിറവിയെടുക്കുകയും യൂറോപ്യന്‍ രാഷ്ട്രീയ ക്രമം ദേശ-രാഷ്ട്രങ്ങങ്ങളെന്ന വ്യവസ്ഥയില്‍ അധിഷ്ഠിതമാവുകയും ചെയ്തു. ശേഷം യൂറോപ്പിലുണ്ടായ വ്യാവസായിക വിപ്ലവം ചരക്കുകളുടെ വിപുലമായ ഉല്‍പ്പാദനം ലക്ഷ്യമിടുകയും കച്ചവടത്തിനായി മറ്റു ഭൂഖണ്ഡങ്ങളിലെത്തുകയും ക്രമേണ അവിടെ രാഷ്ട്രീയമായ കീഴടക്കലിന് മുതിരുകയും ചെയ്തു. ഈ കാലഘട്ടത്തിലെ പല ചിന്തകരുടെയും ആശയങ്ങള്‍ അന്യദേശങ്ങളിലേക്ക് യാത്രകള്‍ നടത്തുന്നതിന് സമൂഹത്തെ പ്രേരിപ്പിച്ചു. ഉദാഹരണത്തിന്, ചിന്തകനായ ഹ്യൂഗോ ഗ്രോഷ്യസ് (1583-1645) മുന്നോട്ടുവെച്ച ‘സ്വതന്ത്ര സമുദ്രം'(Idea of Free Sea) മറ്റ് ഭൂഖണ്ഡങ്ങളിലേക്കുള്ള സമുദ്ര യാത്രകളെയും കൂടാതെ ‘ക്രിസ്ത്യന്‍ ദൈവവും യുക്തിബോധവും സ്വകാര്യ സ്വത്തിനെക്കുറിച്ച് അറിവില്ലാത്ത കാട്ടാളന്മാര്‍ അധിവസിക്കുന്ന ഒഴിഞ്ഞ ഭൂമി കീഴടക്കുക(conquering empty land, inhabited by the savage with no Christian God, rationality and no idea of private property) തുടങ്ങിയ ആശയങ്ങള്‍ കൊളോണിയല്‍ പദ്ധതികള്‍ക്ക് ബൗദ്ധിക അടിത്തറപാകി. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും കൊളോണിയല്‍ ഭരണം രണ്ടാം ലോകമഹായുദ്ധം വരെ തുടര്‍ന്നു. യുദ്ധവും കോളനികളിലെ ദേശീയ പ്രസ്ഥാനങ്ങളും യൂറോപ്യന്‍ രാഷ്ട്രങ്ങളെ സാമ്പത്തികമായും രാഷ്ട്രീയമായും ദുര്‍ബലപ്പെടുത്തി. ഒടുവില്‍, പുതിയ രാഷ്ട്രത്തിന് ജന്മം നല്‍കിയ അപകോളനീകരണ പ്രക്രിയയിലേക്ക് ലോകം കടക്കുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമാനമായ രാജ്യങ്ങള്‍ക്ക് ലോകത്തിന്റെ നാനാഭാഗത്തും വൈദേശികര്‍ രൂപം നല്‍കുകയും ചെയ്തു. ഇങ്ങനെ ഇന്നത്തെ ഇന്ത്യയും, പാകിസ്ഥാനടക്കമുള്ള ആധുനിക ദേശ-രാഷ്ട്രങ്ങള്‍ ഉദയം ചെയ്തു.

യൂറോപ്യരുടെ സൃഷ്ടിയാണ് ആധുനിക ദേശ-രാഷ്ട്രങ്ങള്‍ എന്ന് സൂചിപ്പിച്ചുവല്ലോ. അവര്‍ രൂപം നല്‍കിയ ഈ രാജ്യങ്ങള്‍ സ്വന്തം ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു എന്നുള്ളത് ദേശീയ താല്പര്യം, ദേശീയ ശക്തി തുടങ്ങിയ തത്വങ്ങള്‍ വിശദീകരിച്ച വേളയില്‍ സൂചിപ്പിച്ചു. അതുകൊണ്ട് തന്നെ യൂറോപ്യന്‍ സമൂഹത്തിന്റെ സ്വഭാവ ഗുണങ്ങള്‍ തന്നെയാണ് അവര്‍ സൃഷ്ടിച്ച ദേശ-രാഷ്ട്രങ്ങളുടെ അടിസ്ഥാന പ്രവര്‍ത്തന തത്വമായി മാറിയത്. അതിലൊന്നാണ് ദേശീയ താല്പര്യം. അതൊരു വ്യക്തിയുടെ സ്വാര്‍ത്ഥ താല്പര്യവുമായി വളരെ സാമ്യതയുള്ളതാണ്. ഒരു വ്യക്തി സ്വന്തം കഴിവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നത് പോലെ തന്നെ രാജ്യങ്ങളും താല്പര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ സ്വന്തം താല്പര്യങ്ങള്‍ നേടുവാന്‍ സ്വന്തം ശക്തി വര്‍ദ്ധിപ്പിക്കുന്ന ഒരു വ്യക്തിയുടെ സ്വഭാവം തന്നെയാണ് ഒരോ ദേശ-രാഷ്ട്രത്തിന്റെയും. ആദ്യം വ്യക്തികളുടെയും പിന്നീട് രാജ്യങ്ങളുടെയും പൊതുസ്വഭാവമായ ഈ തത്വങ്ങളുടെ ഉത്ഭവത്തിന്റെ കാരണം മധ്യകാല യൂറോപ്പില്‍ നിയമ-ശാസ്ത്ര-തത്വചിന്ത-രാഷ്ട്രീയ രംഗത്തുണ്ടായ മാറ്റങ്ങളാണ്. നിയമത്തിന്റെയും ശാസ്ത്രത്തിന്റെയും വളര്‍ച്ച ഒരുവശത്ത് മനുഷ്യരില്‍ ഭൗതിക ജീവിതത്തോട് അമിതമായ അഭിനിവേശം ജനിപ്പിക്കുകയും, ഉടമസ്ഥാവകാശം, സ്വകാര്യ സ്വത്ത് തുടങ്ങിയ സങ്കല്‍പ്പങ്ങളുടെ വ്യാപനത്തിന് കാരണമാവുകയും ചെയ്തു. നിരവധി ചിന്തകന്മാരിലൂടെയുള്ള പാശ്ചാത്യ തത്വചിന്തയുടെ വളര്‍ച്ച പരമാധികാരം, രാജ്യം, ഭരണകൂടം, ജനാധിപത്യം, തിരഞ്ഞെടുപ്പ് തുടങ്ങിയ ആശയങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാവുകയും പാശ്ചാത്യ ലോകത്ത് അത് പുതിയ ദേശ-രാഷ്ട്രങ്ങളുടെ പിറവിക്ക് അടിത്തറയേകുകയും ചെയ്തു.

നിയമം
നിയമത്തിന്റെ വളര്‍ച്ചയോടെ പാശ്ചാത്യ സമൂഹത്തിലുണ്ടായ മാറ്റത്തെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. പ്രകൃതി, നാടോടി നിയമങ്ങള്‍, ആചാരങ്ങള്‍, മത നിയമങ്ങള്‍ എന്നിവയാലാണ് പുരാതന യൂറോപ്യന്‍ സമൂഹം ചലിച്ചിരുന്നത്. മധ്യകാലഘട്ടം വരെ, ‘പ്രകൃതിവിഭവങ്ങള്‍ ഉപഭോഗത്തിനുള്ള ദൈവത്തിന്റെ വരദാനമാണ്’ എന്ന വിശ്വാസം സമൂഹത്തിലുണ്ടായിരുന്നു. അവര്‍ സ്വത്തിന്റെ പൊതുവായ കൈവശം വ്യവസ്ഥയില്‍ വിശ്വസിച്ചു. ജീവിതത്തില്‍ ജനങ്ങള്‍ പരസ്പരം ബന്ധപ്പെടുകയും, പ്രകൃതിയെ ബഹുമാനിക്കുകയും പ്രകൃതി വിഭവങ്ങളെ പൊതു സ്വത്തായും കണ്ടു. എന്നിരുന്നാലും, സ്വകാര്യ സ്വത്ത് സ്വന്തമാക്കാനുള്ള അവകാശം സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിന് ലഭ്യമായിരുന്നു.

സമൂഹ്യ ഘടനയുടെ സ്വഭാവം അന്നത്തെ എഴുത്തുകളിലും പ്രതിഫലിച്ചിരുന്നു. ഉദാഹരണത്തിന്, ബി.സി 106-43 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സിസിറോ (Cicero) എഴുതിയത് രാജ്യം പൊതു സമ്പത്താണെന്നും ഒരു സമുദായത്തിന്റെയോ ഗ്രൂപ്പിന്റെയോ അല്ലെന്നുമാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ സമൂഹം ഭരിക്കപ്പെട്ടത് പ്രകൃതി നിയമത്തിന് അധിഷ്ഠിതമായാണ്. ബി.സി 4 നും 65 നും ഇടയില്‍ ജീവിച്ചിരുന്ന സിനിക്ക (Seneca)മനുഷ്യന്‍ സന്തോഷവാന്മാരായും നിഷ്‌കളങ്കമായും ജീവിച്ചിരുന്നതായും, മനുഷ്യന്റെ സ്വകാര്യ സ്വത്തിനോടുള്ള അത്യാഗ്രഹം ഭരണകൂടത്തിന്റെ രൂപകരണത്തിന് കാരണമായെന്നും രേഖപ്പെടുത്തുന്നു. സമാനമായി, മതപരമായ ചിന്തകളും പുരാതന സമൂഹത്തെ സ്വാധീനിച്ചു, ഉദാഹരണത്തിന്, സെന്റ് അഗസ്റ്റിന്‍ (ബി.സി 353-430) ‘ദൈവത്തിന്റെ നഗരം’ (The City of God) എന്ന കൃതിയില്‍ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെയും നീതിയെയും കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യ സ്വത്ത് എന്ന സങ്കല്പം നിയമപരവും ജനകീയവുമായപ്പോള്‍ നിലവിലുണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമായതായി രേഖപ്പെടുത്തുന്നു.

പാശ്ചാത്യ നിയമശാസ്ത്രത്തിന്റെ വേരുകളും, സ്വകാര്യ സ്വത്തുമായി അതിനുള്ള ബന്ധവും പുരാതന ഗ്രീക്ക് സമൂഹത്തില്‍ നിന്നും കണ്ടെത്തുവാനാകും. പ്ലേറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയ ചിന്തകരുടെ രചനകളില്‍ സ്വകാര്യ സ്വത്തിന്റെ സ്ഥാപനത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. എന്നിരുന്നാലും, സ്വകാര്യ സ്വത്തിനുള്ള അവകാശം സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിന് മാത്രമായിരുന്നു. പക്ഷേ, ഏകദേശം 750 ബി.സി.ഇയില്‍ റോം സ്ഥാപിതമായതുമുതല്‍ അതിന്റെ ആദ്യത്തെ ഭരണാധികാരിയായിരുന്ന റോമുലസ് ഒരു പുതിയ പാരമ്പര്യം ആരംഭിച്ചു. റോമുലസും പിന്‍ഗാമികളും ഭൂമിയുടെ അവകാശം കുടുംബങ്ങളിലെ പുരുഷന്മാര്‍ക്ക് നല്‍കി. ഇത് വ്യക്തികള്‍ക്കിടയില്‍ നിരവധി ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍ക്ക് കാരണമായി. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുകയും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള അധികാരം ഒരു സെനറ്റിനും പിന്നീട് തര്‍ക്കങ്ങള്‍ കൂടിയപ്പോള്‍ അധികാരം ഭൂപ്രഭുക്കന്മാര്‍ക്കും കൈമാറി.

 

പ്ലാറ്റോ
അരിസ്‌റ്റോട്ടില്‍

തത്ഫലമായി ഭൂപ്രഭുക്കന്മാരില്‍ നിന്ന് നിരവധി നിയമജ്ഞരുടെ ആവിര്‍ഭാവത്തിന് ഇത് കാരണമായി. ഉദാഹരണത്തിന്, ഗയസ് (Gaius) അദ്ദേഹം നിയമത്തെ മൂന്നായി വിഭജിച്ചു. 1.വ്യക്തി, 2.സ്വത്ത്, 3.പ്രവൃത്തി എന്നിവയുമായി ബന്ധപ്പെട്ടത്. ജസ്റ്റീനിയന്‍ (എ.ഡി 483-565) ചക്രവര്‍ത്തിയുടെ കാലഘട്ടമായപ്പോഴേക്കും റോമിലെ നിലവിലുള്ള എല്ലാ നിയമങ്ങളും ക്രോഡീകരിച്ചു. അവ ജസ്റ്റീനിയന്‍ കോഡ് എന്നറിയപ്പെട്ടു. അത് കാലക്രമേണ, സര്‍വ്വകലാശാലകളുടെ പഠന വിഷയമാവുകയും പാശ്ചാത്യ നിയമ ചിന്തയുടെ അടിത്തറയായി മാറുകയും ചെയ്തു. തല്‍ഫലമായി, ഉയര്‍ന്നുവന്ന പുതിയ നിയമജ്ഞര്‍ സ്വകാര്യ സ്വത്ത് സ്വന്തമാക്കാനുള്ള വ്യക്തിഗത അവകാശത്തെ ന്യായീകരിക്കുവാന്‍ ജസ്റ്റീനിയന്‍ കോഡ് വ്യാഖ്യാനിച്ചു. തല്‍ഫലമായി, റോമന്‍ സ്വേച്ഛാധിപത്യ ചക്രവര്‍ത്തിമാരും സാധാരണക്കാരും വന്‍തോതില്‍ ഭൂമിയും വിഭവങ്ങളും സമ്പാദിക്കുവാന്‍ തുടങ്ങി, ഇത് റോമിലെ ഭൂമിയുടെയും വിഭവങ്ങളുടെയും പൊതുവായ സമ്പ്രദായം അവസാനിപ്പിച്ചു.

റോമിലെ വികാസങ്ങള്‍ ഇംഗ്ലീഷ് സമൂഹത്തെ സ്വാധീനിച്ചിരുന്നില്ല. സ്വത്തു തര്‍ക്കങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് രാജകീയ കോടതികളുടെ വിധികളില്‍ നിന്നാണ് ഇംഗ്ലീഷ് നി യമങ്ങള്‍ ഉടലെടുത്തത്. പിന്നീട്, മാഗ്‌നകാര്‍ട്ട (1215 എ.ഡി) ഇംഗ്ലണ്ടിലെ വ്യക്തിഗത ഉടമസ്ഥാവകാശങ്ങളെ അംഗീകരിച്ചു. അതുപോലെ, ഫോറസ്റ്റ് ആക്ട് (1217 എ.ഡി) വനങ്ങളുടെയും വിഭവങ്ങളുടെയും മേല്‍ സാധാരണ ജനങ്ങള്‍ക്ക് അവകാശം നല്‍കി. ഇത് ഇംഗ്ലണ്ടില്‍ ഭൂമിക്ക് അതിര്‍ത്തി കെട്ടി ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന എന്‍ക്ലോഷര്‍ മൂമെന്റിന് തുടക്കം കുറിച്ചു. തോമസ് മൂര്‍ (1478-1535) തന്റെ ‘ഉട്ടോപ്യ’ എന്ന കൃതിയില്‍ എന്‍ക്ലോഷര്‍ മൂമെന്റിനെ കുറിച്ചു വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് 1688 ലെ മഹത്തായ വിപ്ലവത്തിന് ശേഷം നിലവില്‍ വന്ന സെറ്റില്‍മെന്റ് ആക്റ്റിന്റെ (1701) ഭാഗമായി ഇവയെല്ലാം നിയമവിധേയമാക്കപ്പെട്ടു. ഭൂമിയുടെ ഉടമസ്ഥത, നിയമപരിരക്ഷ എന്നിവയുടെ വികാസം മധ്യകാല യൂറോപ്യന്‍ നീതിയുടെ സമഗ്രമായ കാഴ്ചപ്പാടിനെ പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ഇന്നത്തെ രീതിയില്‍ സ്വകാര്യ സ്വത്തിനോടും ഉടമസ്ഥവകാശങ്ങളോടും അമിതമായ ഭ്രമമുണ്ടാക്കുന്നതില്‍ മധ്യകാലഘട്ടത്തിലെ ശാസ്ത്രീയ ചിന്തകള്‍ക്ക് പ്രധാന പങ്ക് വഹിച്ചു.

ശാസ്ത്രീയ ചിന്തകള്‍
പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലെ ശാസ്ത്രജ്ഞരുടെ ഭൗതികവാദ ദിശാബോധം, മധ്യകാല സമൂഹത്തില്‍ ഭൗതിക ജീവിതത്തോടും സ്വത്തിനോടും അമിത താല്പര്യമുളവാക്കുന്നതിന് കാരണമായി. യുക്തിവാദ ചിന്തകളാല്‍ പ്രചോദിതമായ ഈ കാലഘട്ടത്തിലെ ശാസ്ത്ര വിപ്ലവം ‘പ്രകൃതിയെ വ്യതിരിക്തവും അളക്കാവുന്നതുമായ ഭാഗങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു യന്ത്രമായാണ് കണ്ടത്.’ ദ്രവ്യം, അക്കങ്ങള്‍, ആകൃതി, ചലനം തുടങ്ങിയ ഘടകങ്ങളില്‍ മാത്രമാണ് അവര്‍ വിശ്വസിച്ചത്. സമൂഹത്തിന്റെ ഗുണപരമായ വശങ്ങളായ നിറം, ശബ്ദം, അഭിരുചി, സൗന്ദര്യം, ആത്മീയത, ധാര്‍മ്മിക സംവേദനക്ഷമത എന്നിവയെ തിരസ്‌കരിച്ചു.

ശാസ്ത്രജ്ഞനായ ഗലീലിയോ (1564-1642) ഊന്നല്‍ നല്‍കിയ Quatification and theory of motion’ ഫ്രാന്‍സിസ് ബേക്കണിന്റെ (1561-1626) Human domination on nature’,, റെനെ ഡെസ്‌കാര്‍ട്ടസിന്റെ (1596-1650) ‘Material world as the machine and seperated mind’.. ഐസക് ന്യൂട്ടന്റെ (1642-1727) ‘Objective, unchangable, and law of nature’,, കൂടാതെ, ഹെര്‍ബര്‍ട്ട് സ്‌പെന്‍സറുടെ Theory of Population (1852), The Principles of Biology (1864) എന്നിവ സമൂഹത്തില്‍ ഭൗതികയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി. ചാള്‍സ് ഡാര്‍വിന്റെ Origin of Species (1859) കൃതികള്‍ Survival of the fittest, Natural selection ആശയങ്ങള്‍ ഭൗതിക ജീവിതത്തോട് കൂടുതല്‍ താല്പര്യമുണ്ടാക്കി. ഭൗതികമായ സമ്പന്നതയാണ് യാഥാര്‍ത്ഥ്യമെന്ന ചിന്ത സമൂഹത്തില്‍ വ്യാപിച്ചു. ഈ സാമൂഹിക നിയമത്തെകുറിച്ചുള്ള ‘വാസ്തവത്തില്‍ ഭൂഗോളം നമ്മുടെ മാതൃഭൂമിയും മനുഷ്യവര്‍ഗം നമ്മുടെ ദേശീയതയുമാണ്, എന്നാല്‍ ദുര്‍ബലനും ഭീരുവും എപ്പോഴും ശക്തന്റെയും ധീരന്റേയും ഇരയാകും എന്ന പരിണാമ സിദ്ധാന്തത്തിന്റെ ഉരുക്ക് ശാസനം നിലനില്‍ക്കുന്നിടത്തോളം കാലം ദേശീയതയുടെ മുദ്രാവാക്യം സാര്‍വലൗകികതയ്ക്ക് വഴിമാറില്ല” എന്ന വി.ഡി സവര്‍ക്കരുടെ വീക്ഷണം പ്രസക്തമാവുന്നത്. അതിനോടൊപ്പം തന്നെ കൂട്ടി വായിക്കേണ്ട ഒന്നാണ് ഈ കാലഘട്ടത്തില്‍ യൂറോപ്പില്‍ ഉദയം ചെയ്ത പാശ്ചാത്യ തത്വചിന്തയുടെ പങ്ക്.
(തുടരും)

(ന്യൂ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)

 

ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies