മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തോടുള്ള പ്രതികരണം കേരളത്തിലെ സാധാരണക്കാരില്‍ അദ്ദേഹം കൈവരിച്ച സ്വാധീനത്തിന്റെ വ്യക്തമായ തെളിവായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച എല്ലാ സ്ഥലത്തും വന്‍തോതില്‍ തിരക്കിട്ട് ഒരുനോക്ക് കാണാന്‍ എത്തിയത് സാധാരണക്കാരില്‍ സാധാരണക്കാരായിരുന്നു. എല്ലാ മാധ്യമങ്ങളും ഒരേ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തത് പാവപ്പെട്ടവരുടെ, സാധാരണക്കാരുടെ പ്രതികരണങ്ങളായിരുന്നു. ഓഫീസും വീടും മാത്രമല്ല, പോകുന്നിടമെല്ലാം ഉത്സവപ്പറമ്പ് പോലെ ആഘോഷവേദികളാക്കി മാറ്റി ജനങ്ങളെ അകറ്റിനിര്‍ത്താതെ എന്നും കരുതലോടെ ചേര്‍ത്ത് പിടിച്ചാണ് ഉമ്മന്‍ചാണ്ടി നീങ്ങിയത്. സുരക്ഷയുടെ പേരില്‍ ഒരാളെയും അകറ്റി നിര്‍ത്തിയില്ല. ആയിരക്കണക്കിന് പോലീസുകാരും എണ്ണിയാലൊടുങ്ങാത്ത വാഹനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഡ്യൂപ്ലിക്കേറ്റ് കരിമ്പൂച്ചകളും അകമ്പടിക്ക് ഉണ്ടായില്ല. ഓഫീസ് എപ്പോഴും ജനനിബിഡമായിരുന്നു. പ്രോട്ടോകോള്‍ അനുസരിച്ച് ഇസഡ് പ്ലസ് വിഭാഗത്തിലാണ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ വരുന്നത്. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ കടന്നു കയറിയ ഒരു മനോരോഗി മുഖ്യമന്ത്രിയുടെ കസേരയില്‍ ഏറെ നേരം ഇരുന്നിട്ട് പോലും ആരും അറിഞ്ഞില്ല. സെക്രട്ടറിയേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നാല്‍ മാത്രമാണ് അതിനകത്തേക്ക് പോലീസ് സാധാരണക്കാരെ കയറ്റി വിടാത്തത്. ബാക്കി എല്ലായിടവും ജനങ്ങള്‍ക്കായി തുറന്നിട്ട ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. ജാഡകള്‍ ഇല്ലാത്ത, നാട്യങ്ങളില്ലാത്ത, അധികാരം ജനങ്ങളെ ചവിട്ടി തേക്കാനുള്ള സംവിധാനമാണെന്ന് ഒരിക്കലും ചിന്തിക്കാത്ത ഭരണാധികാരി. മണ്ഡലത്തിലെ സാധാരണക്കാര്‍ക്കിടയില്‍ കുഞ്ഞൂഞ്ഞ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകതയും സ്വാധീനവും ഈ ജനകീയത തന്നെയായിരുന്നു.
കേരളത്തില്‍ 1970 മുതല്‍ 2021 വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളി എന്ന ഒരേ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് റെക്കോര്‍ഡ് ഇട്ട എംഎല്‍എ കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. ഏതു രാഷ്ട്രീയക്കാരനായാലും ജാതി-മത വിഭാഗത്തില്‍പ്പെട്ട ആളായാലും സഹായം തേടിവന്നാല്‍ അത് പരിഗണിക്കാതെ ഒരിക്കലും ഉമ്മന്‍ചാണ്ടി തിരിച്ചയക്കാറില്ലായിരുന്നു. ഉമ്മന്‍ചാണ്ടി കത്ത് കൊടുക്കുന്നതിനെ കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു തമാശക്കഥ ചര്‍ച്ചയുണ്ടായിരുന്നു. പുതുപ്പള്ളിയില്‍ നിന്നായാലും എവിടെ നിന്നായാലും ആരുവന്നാലും എന്ത് ആവശ്യമുന്നയിച്ചാലും അപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി കത്ത് എഴുതി കൊടുക്കും. അങ്ങനെ പഴയ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് പോലും ഉമ്മന്‍ചാണ്ടിയുടെ കത്ത് കിട്ടിയിട്ടുണ്ട്. ഈ കത്തുമായി വരുന്നയാള്‍ എന്റെ മണ്ഡലമായ പുതുപ്പള്ളിയില്‍ നിന്നുള്ള ആളാണ്. അദ്ദേഹം ഉന്നയിക്കുന്ന ആവശ്യം വളരെ പരിഗണനാര്‍ഹമാണ്. കഴിയുന്നത്ര സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഇതായിരുന്നത്രേ ഉമ്മന്‍ചാണ്ടിയുടെ കത്തിന്റെ പൊതുസ്വഭാവം.
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടി നടത്തിയ ഒരു കുമ്പസാരമാണ് ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി മാറിയത്. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഉള്ളപ്പോള്‍ തന്നെ സിപിഎം സഹയാത്രികന്‍ എന്നതിനേക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തകനായി തന്നെയാണ് മാധവന്‍കുട്ടി പത്രപ്രവര്‍ത്തനം നടത്തിയിരുന്നത്. അതുകഴിഞ്ഞാണ് അദ്ദേഹം ദേശാഭിമാനിയുടെ ചുമതലക്കാരനായി എത്തിയത്. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ രണ്ടു തെറ്റുകള്‍ ചെയ്തതിലാണ് അദ്ദേഹം ഇപ്പോള്‍ കുമ്പസരിച്ചിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പത്രാധിപര്‍ ആയിരിക്കെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ. കരുണാകരനെതിരെ എഴുതിയ ലേഖനങ്ങളും വാര്‍ത്തകളും തെറ്റായിപ്പോയി എന്നാണ് കുമ്പസാര രഹസ്യത്തിലെ ഒന്നാമത്തെ ഇനം. രണ്ടാമത്തേത് അറിഞ്ഞുകൊണ്ടുതന്നെ സരിത കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവാളിയാക്കാന്‍ കൂട്ടുനിന്നു എന്നതാണ്. താന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു ഈ രണ്ട് കാര്യങ്ങളും എന്നാണ് ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.
മാധവന്‍കുട്ടിയുടെ കുമ്പസാരം മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും മാത്രമല്ല, പൊതുസമൂഹവും പരിഹാസത്തോടെയാണ് ഏറ്റെടുത്തത്. ദേശാഭിമാനിയിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇതിനു മറുപടി പറയുകയും ചെയ്തു. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടല്‍ നടത്താനോ സ്വാധീനം ചെയ്യാനോ ഉള്ള തസ്തികയില്‍ ആയിരുന്നില്ല മാധവന്‍കുട്ടി എന്നായിരുന്നു കണ്ണൂര്‍ക്കാരനായ ദേശാഭിമാനി മാധ്യമപ്രവര്‍ത്തകന്റെ കമന്റ്. സാധാരണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് ഈ ഒരു ചൊല്ല് സമൂഹത്തില്‍ ഉള്ളതാണ്, പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും 50 വര്‍ഷം കഴിഞ്ഞ് അത് തിരുത്തുമെന്നും അല്ലെങ്കില്‍ തള്ളിപ്പറയുമെന്നും. അത് കേരളസമൂഹം ഇന്ന് കണ്ടുകൊണ്ടിരിക്കുകയുമാണ്. 1985 ല്‍ ശരിഅത്ത് മുസ്ലിംവ്യക്തിനിയമങ്ങളെക്കുറിച്ച് ഇഎംഎസും പാര്‍ട്ടി നേതൃത്വവും പറഞ്ഞത് മുഴുവന്‍ വിഴുങ്ങി അതിനെ തള്ളിപ്പറഞ്ഞു കൊണ്ടിരിക്കുന്ന സമകാലീന രാഷ്ട്രീയത്തില്‍ പിണറായിയുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന എന്‍. മാധവന്‍കുട്ടിയുടെ തുറന്നുപറച്ചിലിന് വലിയ പ്രസക്തിയുണ്ട്. കാരണം സിപിഎം ഇടതുമുന്നണി പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയതു തന്നെ സരിതാകേസും ലൈംഗിക അപവാദ കഥകളും കേരളത്തിലുടനീളം പ്രചരിപ്പിച്ചാണ്. വി.എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യമാണ് അന്ന് അവര്‍ മുന്നോട്ടുവെച്ചത്.
ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടികളെ കുറിച്ചും വ്യക്തിപരമായ സ്വകാര്യത പോലും ഇല്ലാതെ അദ്ദേഹത്തിന്റെ ഓഫീസിലും വസതിയിലും ഒക്കെ കടന്നുകയറുന്ന വന്‍ ജനക്കൂട്ടത്തെ കുറിച്ചും ഒക്കെ പറഞ്ഞിരുന്നു. അതൊന്നും ഒരിക്കലും കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ രാഷ്ട്രീയ മികവായിരുന്നില്ല. ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയുടെ ജനബന്ധത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പരിച്ഛേദമായിരുന്നു മേല്‍പ്പറഞ്ഞ വാക്കുകള്‍. നേരം പുലരുന്നതിനു മുമ്പ് തന്നെ ഉമ്മന്‍ചാണ്ടി എവിടെയാണോ അവിടെ ആളുകള്‍ എത്തിത്തുടങ്ങും. രാത്രി വൈകി അദ്ദേഹം അവസാന ആളെയും പറഞ്ഞുവിട്ട് ഉറങ്ങാന്‍ പോകുമ്പോള്‍ പലപ്പോഴും സൂര്യനുദിക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുണ്ടാകുമായിരുന്നുള്ളൂ. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പി.എസ്.ശീകുമാറും മറ്റുപലരും അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനരീതിയെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ദേശാഭിമാനിയും ഇടതുപക്ഷ സ്‌കൂളില്‍ പെട്ട ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് സൃഷ്ടിച്ച ആരോപണമായിരുന്നു സരിതയുടെ ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക അപവാദം. ഈ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, സിപി എം സംസ്ഥാന നേതൃത്വത്തിന് പങ്കില്ലേ? ഇല്ലെന്ന് പറയാന്‍ കഴിയുമോ?
അതിന്റെ കാരണം ഇതിനുമുമ്പ് തന്നെ വന്ന മറ്റൊരു കുമ്പസാരമാണ്. സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയും ഒക്കെയായ സി. ദിവാകരന്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ സരിത കേസിന്റെ നാനാവശങ്ങളും ഇടതുമുന്നണി നടത്തിയ സമരത്തിന്റെ ഒത്തുതീര്‍പ്പും പൊള്ളത്തരങ്ങളും തുറന്നു കാട്ടിയിരുന്നു. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ഇടതുമുന്നണിയും വലത് മുന്നണിയും നടത്തിയ സംയുക്ത ചര്‍ച്ചയിലാണെന്നും അതിന്റെ ഭാഗമായിട്ടാണ് അന്വേഷണ കമ്മീഷനെ വച്ചതെന്നും സി. ദിവാകരന്‍ പറയുന്നു. മാത്രമല്ല, ഉമ്മന്‍ചാണ്ടി വെച്ച കമ്മീഷനെ എങ്ങനെയാണ് ഇടതുപക്ഷം പിന്നീട് ഉപയോഗപ്പെടുത്തിയതെന്നും പത്രസമ്മേളനത്തില്‍ സി. ദിവാകരന്‍ തുറന്നടിച്ചിരുന്നു. കോടിക്കണക്കിന് രൂപ കൈപ്പറ്റിയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ദിവാകരന്‍ പറഞ്ഞിരുന്നുവെങ്കിലും ആ വാക്കുകള്‍ പിന്നീട് തിരുത്തി. പണം ഫീസായി പറ്റിയതാണെന്ന് അദ്ദേഹം മാറ്റിപ്പറഞ്ഞു. പക്ഷേ, ദിവാകരന്റെ വാക്കുകള്‍ ഇടതുമുന്നണിക്ക് അസ്വാസ്ഥ്യജനകമായ ദിവസങ്ങളാണ് നല്‍കിയത്. ദിവാകരന്റെ തുറന്നുപറച്ചിലിന്റെ അടിസ്ഥാനത്തില്‍ സോളാര്‍ കേസിനെ കുറിച്ചും റിപ്പോര്‍ട്ടിനെക്കുറിച്ചും ഒക്കെ തന്നെ കാര്യമായ അന്വേഷണം വേണമെന്ന ആവശ്യം യുഡി എഫ് പല കോണുകളില്‍ കൂടി ഉയര്‍ത്തിക്കഴിഞ്ഞു. അന്വേഷണ വിഷയത്തിന്റെ പരിധിയില്‍ നില്‍ക്കാതെ മറ്റു കാര്യങ്ങളിലേക്ക് പോവുകവഴി അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുമുന്നണിയുടെ താല്‍പര്യങ്ങള്‍ക്ക് സോളാര്‍ കമ്മീഷന്‍ വഴങ്ങുകയായിരുന്നു എന്ന വാദമാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്നത്. ഇതാകട്ടെ, പൂര്‍ണ്ണമായി തള്ളാനുമാവില്ല.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടത്തിയ പരാമര്‍ശമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാന്‍ പിണറായി വിജയന് അവസരം നല്‍കിയതും രണ്ടാമതും തിരഞ്ഞെടുപ്പ് വിജയത്തിന് വഴിയൊരുക്കിയതും. തിരഞ്ഞെടുപ്പില്‍ ഒരു മത്സരത്തിനുപോലും സാധ്യതയില്ലാത്ത വിധം ഉമ്മന്‍ചാണ്ടിയുടെ വഴി തടഞ്ഞ് പഴുതടക്കുകയായിരുന്നു പിണറായി വിജയന്‍. മാത്രമല്ല, മാധവന്‍കുട്ടിയുടെയും ദിവാകരന്റെയും കണ്ടെത്തലുകളെ ഏതാണ്ട് സാധൂകരിക്കുന്ന കാര്യങ്ങളാണ് മുന്‍ ഡിജിപിയും സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന എ. ഹേമചന്ദ്രന്‍ തന്റെ സര്‍വീസ് സ്റ്റോറിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പരാതിക്കാരിയുമായുള്ള ഇക്കിളിക്കഥകള്‍ കേള്‍ക്കാനും അറിയാനുമായിരുന്നു കമ്മീഷന്റെ ഏറ്റവും വലിയ അഭിരുചി എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. മരണം ആരെയും വിശുദ്ധരാക്കുന്നില്ല. പക്ഷേ, ഇന്നത്തെ തുറന്നുപറച്ചിലുകള്‍ കാണുമ്പോള്‍ ഉമ്മന്‍ചാണ്ടി അനുഭവിച്ചിരുന്ന മാനസികവ്യഥയും സംഘര്‍ഷവും എത്രമാത്രം ആയിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് എതിരാളികള്‍ക്കെതിരെ ഏറ്റവും നന്നായി ഉപയോഗിക്കാന്‍ കഴിയുന്ന ആയുധമായി ലൈംഗിക അപവാദ ആരോപണങ്ങള്‍ മാറിക്കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഇരയാണ് ഉമ്മന്‍ചാണ്ടി.
ഇപ്പോഴത്തെ ഏറ്റവും പുതിയ തുറന്ന് പറച്ചില്‍ കൂടി വരുമ്പോള്‍ ഒരു കാര്യം ചോദിക്കാതിരിക്കാനാവില്ല, എവിടെയും സിപിഎം ഇത് നടത്താറില്ലേ? സരിതയെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കിയതിനു ശേഷം വലിച്ചെറിഞ്ഞു എന്നകാര്യം മറക്കാം. കേരളത്തിലെ സാധാരണക്കാര്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്ന സാധാരണക്കാരനായ ഒരു രാഷ്ട്രീയ നേതാവിന്റെ ജീവിതം കളങ്കപ്പെടുത്തിയതിന്, അദ്ദേഹത്തെ അപമാനിച്ചതിന്, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സല്‍പേര് കളഞ്ഞതിന് ഔദ്യോഗികമായി മാപ്പ് പറയാന്‍ സിപിഎം തയ്യാറാകുമോ? കഴിഞ്ഞില്ല, ഉമ്മന്‍ചാണ്ടിയെ ഇത്തരത്തില്‍ അപമാനിച്ചതിന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനെങ്കിലും പങ്കില്ല എന്നുപറയാന്‍ കഴിയുമോ? ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിഞ്ഞാല്‍ ഉടന്‍തന്നെ ആ സ്ഥാനം പിടിച്ചുപറ്റാന്‍ ശ്രമം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ പൊതുസമൂഹത്തിന് അറിയാം.
സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ ദൂരം തീരെ നേര്‍ത്തതാണെന്ന് പറയാതിരിക്കാനാവില്ല. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ഉണ്ടായ ഈ തുറന്നുപറച്ചിലുകള്‍ എന്തായാലും കേരള രാഷ്ട്രീയത്തെക്കുറിച്ചും അധികാരത്തില്‍ എത്താന്‍ നമ്മുടെ നേതാക്കള്‍ കാട്ടുന്ന കുറുക്കു വഴികളെക്കുറിച്ചും ഒരു പുനര്‍വിചിന്തനം അനിവാര്യമാണെന്ന ചിന്ത തന്നെയാണ് ഉയര്‍ത്തുന്നത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി നേതാക്കളെ തേജോവധം ചെയ്യുകയും, അറിഞ്ഞുകൊണ്ട് അതിനു കൂട്ടുനില്‍ക്കുകയും ഒക്കെ ചെയ്തവര്‍, പിന്നീട് കുമ്പസരിക്കുമ്പോള്‍ അതിന് പീലാത്തോസിന്റെ വാക്കുകള്‍ക്കുള്ള വിലപോലും കല്‍പ്പിക്കാന്‍ ആവില്ല. രാഷ്ട്രീയമായി എതിര്‍പക്ഷത്ത് ആണെങ്കിലും ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക അപവാദകേസ് കെട്ടിച്ചമച്ചതാണെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നും തുറന്നുകാട്ടിയത് ജനം ടി.വി ആയിരുന്നു. ജനം ടി.വിയുടെ ഒരു അഭിമുഖ പരിപാടിയില്‍ അന്നത്തെ മുഴുവന്‍ സാഹചര്യങ്ങളും ഡി.ജി.പി ആയിരുന്ന ഡോ. ടി.പി സെന്‍കുമാര്‍ തുറന്നുകാട്ടിയിരുന്നു. സത്യസന്ധതയും ധാര്‍മികതയും ഇല്ലാത്ത ഒരു സമൂഹമായി മലയാളി അധഃപതിക്കുന്നതിന്റെ സൂചന കൂടിയാണ് ഇപ്പോഴത്തെ കുമ്പസാരങ്ങള്‍. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സിപിഎം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോടും കേരളത്തിലെ പൊതുസമൂഹത്തോടും മാപ്പ് പറയാന്‍ കൂടി തയ്യാറാവണം.