കാശ്മീരിന്റെ 370-ാം വകുപ്പ് റദ്ദാക്കിയാല്‍ കുഴപ്പമാകും എന്ന് എത്രതവണ പറഞ്ഞതാണ്. അതൊന്നും കേള്‍ക്കാതെ മോദി സര്‍ക്കാര്‍ 370-ാം വകുപ്പ് റദ്ദാക്കി. പിന്നെ അന്തരിച്ച സഖാവ് ജോസഫൈന്‍ പറഞ്ഞ പോലെ ‘അനുഭവിച്ചോ’ എന്നേ പറയാനുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ കാശ്മീരികള്‍ അനുഭവിക്കുകയാണ്. ഒരുകാലത്ത് കാശ്മീരികളുടെ ദേശീയ കായിക വിനോദമായിരുന്നു സൈന്യത്തെ കല്ലെറിയല്‍. ചെറുപ്പക്കാരുടെയും സ്‌കൂള്‍ കുട്ടികളുടെയും ഈ വിനോദത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനമായി ക്യാഷ് അവാര്‍ഡ് പാകിസ്ഥാനില്‍ നിന്ന് കിട്ടിയിരുന്നു. ഇന്ന് ആ കായിക വിനോദം കുറ്റിയറ്റുപോയിരിക്കുന്നു. ഈ വിനോദത്തിന് ഫണ്ടും നിന്നു; കല്ലെറിയാന്‍ ചെറുപ്പക്കാരെ കിട്ടാതെയുമായി. കല്ലെറിയുന്നവരെ പിടികൂടി ബോധവല്‍ക്കരണ ക്ലാസ് നല്‍കല്‍ ഒരു വശത്ത്; പാകിസ്ഥാനില്‍ നിന്നു ഫണ്ട് വരുന്ന വഴി തടഞ്ഞത് മറുവശത്ത്. ടൂറിസം സംസ്ഥാനത്തു കാര്യക്ഷമമായപ്പോള്‍ ചെറുപ്പക്കാരെ കല്ലെറിയല്‍ പണിക്ക് കിട്ടാതായി. ഇതിനൊക്കെ കാരണം 370-ാം വകുപ്പ് നീക്കിയതു തന്നെ.
ഇപ്പോഴിതാ മറ്റൊന്നുകൂടി. കാശ്മീരിലെ പൂത്തുനില്‍ക്കുന്ന മതേതരത്വമണം കാരണം ഷിയാമുസ്ലിങ്ങള്‍ക്ക് മൂന്നു പതിറ്റാണ്ടായി മുഹറം ഘോഷയാത്ര നടത്താന്‍ പറ്റുന്നില്ലായിരുന്നു. സുന്നി ഭീകരസംഘടനകളുടെ ആക്രമണം മൂലം ഘോഷയാത്ര നിര്‍ത്തേണ്ടി വന്നു. ഇത്തവണ ഘോഷയാത്രക്ക് ഷിയാ നേതാക്കള്‍ അനുവാദം ചോദിച്ചു. ഗുരുബസാര്‍ മുതല്‍ ദല്‍ ഗേറ്റുവരെ ചാല്‍ചൗക്ക് വഴിയുള്ള പരമ്പരാഗത പാതയില്‍ നൂറുകണക്കിന് ഷിയാകള്‍ പങ്കെടുത്ത മുഹറം റാലി നടന്നു. ആരും അക്രമിക്കാനുണ്ടായില്ല. 370-ാം വകുപ്പ് നീക്കിയതുകൊണ്ടാണ് റാലിക്ക് അനുവാദം കിട്ടിയത് എന്ന് ഷിയാനേതാക്കള്‍ പറയുന്നു.