ചിനുവാ അച്ചബേ (Chinua Achebe) ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തെ ആദ്യമായി അങ്ങനെ വിളിച്ചത് ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരിയായ നഡീന്‍ ഗോര്‍ഡിമര്‍ (Nadine Gordimer) ആണ്. അച്ചബേയെ അങ്ങനെ വിളിച്ചത് അദ്ദേഹം ആഫ്രിക്കന്‍ ജീവിതത്തെ തന്റെ എഴുത്തുകളിലൂടെ അവതരിപ്പിക്കാന്‍ പ്രയത്‌നിച്ചതുകൊണ്ടാണ്. ആഫ്രിക്കക്കാര്‍ക്ക് സവിശേഷമായ ഒരു മതസങ്കല്പവും സംസ്‌കാരവുമുണ്ട്. അത് വലിയ ഒരു പങ്ക് കൊളോണിയല്‍ ഭരണത്തില്‍ തകര്‍ക്കപ്പെട്ടു. ആഫ്രിക്കക്കാര്‍ കരുതുന്നത് മനുഷ്യനും ഈശ്വരനും ഒരു കാലത്ത് വളരെ അടുത്ത സൗഹൃദത്തിലായിരുന്നുവെന്നാണ്. പില്‍ക്കാലത്ത് അത് തകര്‍ക്കപ്പെട്ടു. നഷ്ടപ്പെട്ടുപോയ ആ സൗഹൃദം പുനഃസ്ഥാപിക്കലാണ് ആരാധനയുടെ ലക്ഷ്യമായി അവര്‍ കാണുന്നത്.
അച്ചബേയുടെ കൃതികള്‍ തങ്ങളുടെ ഗോത്രജീവിതം ആവിഷ്‌ക്കരിക്കുന്നവയാണ്. ക്രിസ്തീയമായ വിശ്വാസപ്രമാണങ്ങള്‍ അടിച്ചേല്‍പ്പിക്കുക വഴി ആഫ്രിക്കയ്ക്കു നഷ്ടപ്പെട്ട പരമ്പരാഗത മതബോധത്തിന്റെ വിലാപം അദ്ദേഹത്തിന്റെ എല്ലാകൃതികളിലും കാണാം. അച്ചബേയെ പ്രശസ്തിയുടെ പടവുകള്‍ കയറ്റിയത് അദ്ദേഹത്തിന്റെ ആദ്യകാല നോവലായ “Things fall apart’ എന്ന, തീര്‍ച്ചയായും ഒരു ആഫ്രിക്കന്‍ ക്ലാസിക് എന്നു തന്നെ വിളിക്കാവുന്ന കൃതിയാണ്. അതിലെ നായകന്‍ ഒക്കോന്‍ക്വോ (Okonkwo) ഒരു ഗോത്രത്തിന്റെ തലവനാണ്. നമുക്കു പരിചയമില്ലാത്ത ആഫ്രിക്കന്‍ ഗോത്ര ജീവിതത്തിന്റെ സംഘര്‍ഷത്തിലൂടെ സഞ്ചരിക്കുന്ന നോവലില്‍ വെള്ളക്കാരായ മിഷണറിമാരോട് അവര്‍ക്കുള്ള വിപ്രതിപത്തിയും വരച്ചുകാണിക്കുന്നുണ്ട്. എങ്കിലും അച്ചബേക്ക് ബുക്കര്‍ സമ്മാനവും ഡൊ റോത്തി ആന്റ് ലിലിയന്‍ സമ്മാനവും ലഭിച്ചു.
അച്ചബേയ്ക്ക് പാശ്ചാത്യലോകത്തോടു മമതയില്ല. അവരുടെ മത സങ്കല്പത്തോടും മൂല്യ വ്യവസ്ഥയോടും അദ്ദേഹം വിയോജിക്കുന്നു. അദ്ദേഹത്തിന്റെ സങ്കല്പത്തില്‍ ആഫ്രിക്കന്‍ ഗോത്ര വ്യവസ്ഥയ്ക്കും പരമ്പരാഗത മതങ്ങള്‍ക്കും അതിന്റേതായ സൗന്ദര്യമുണ്ട്. അതൊക്കെ ഇല്ലാതാക്കിയ കൊളോണിയല്‍ ഭരണത്തെ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. എങ്കിലും അച്ചബേയെ പാശ്ചാത്യര്‍ അംഗീകരിച്ചത് അവര്‍ക്കു പരിചയമില്ലാത്ത ഒരു ജീവിതം അദ്ദേഹം വരച്ചു കാണിച്ചതു കൊണ്ടാണ്.
കേരളത്തിലെ എഴുത്തുകാര്‍ കേരളീയരുടെ ജീവിതം പറഞ്ഞാല്‍ മാത്രമേ മറ്റുള്ളവര്‍ ശ്രദ്ധിക്കൂ! പാശ്ചാത്യരുടെ മൂല്യ വ്യവസ്ഥയെ നമ്മള്‍ പിന്‍പറ്റാന്‍ ശ്രമിച്ചാല്‍ അവര്‍ നമ്മെ പുച്ഛത്തോടെ മാത്രമേ നോക്കുകയുള്ളൂ. അവര്‍ കാണാത്ത, അറിയാത്ത ഒരു പുതിയ ജീവിതത്തോടാണ് അവര്‍ക്കു താല്പര്യം. അതുകൊണ്ടാണ് തകഴിയുടെ ചെമ്മീന്‍ അവര്‍ സ്വീകരിക്കാന്‍ തയ്യാറായതും വിജയന്റെ ഖസാക്ക് നിരാകരിക്കപ്പെട്ടതും. പാലക്കാടന്‍ ഗ്രാമജീവിതം പറയുന്നുണ്ടെങ്കിലും ഖസാക്കിലെ നായകന്‍ അസ്തിത്വദുഃഖത്തിന്റെ പ്രതിനിധിയാണ്. അതവര്‍ വളരെക്കാലമായി പറഞ്ഞു പഴകിയ സംഗതിയാണ്.
പുതിയകാലത്തെ മലയാള കൃതികള്‍ കേരളീയ ജീവിതത്തെ ശരിയായി ധ്വനിപ്പിക്കാത്തതുകൊണ്ടാണ് അവ കേരളത്തിനു പുറത്തു ശ്രദ്ധിക്കപ്പെടാത്തത്. പൊറ്റെക്കാടിന്റെയും ഉറൂബ്, ദേവ് തുടങ്ങിയവരുടേയും തകഴിയുടേയുമൊക്കെ കൃതികള്‍ കേരളീയ ജീവിതത്തിന്റെ നേര്‍ സാക്ഷ്യങ്ങളായിരുന്നു. അതുകൊണ്ട് അവ നമ്മുടെ സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ പ്രാതിനിധ്യം വഹിക്കുന്നു. പിന്നീടുണ്ടായവ പാശ്ചാത്യരുടെ സമ്മാനിതങ്ങളായ കൃതികളുടെ അനുകരണങ്ങളായിരുന്നു. അവയെ നമുക്ക് കേരളത്തിനു പുറത്തുള്ള വായനക്കാരെ ബോധ്യപ്പെടുത്താന്‍ കഴിയില്ല. കാരണം ഇതവര്‍ക്ക് പരിചയമുള്ള ജീവിത പരിസരത്തിന്റെ വികൃതാനുകരണങ്ങള്‍ മാത്രം. ആധുനികതയിലെ എക്‌സിസ്റ്റന്‍ഷ്യലിസ്റ്റുകളായി മുകുന്ദന്‍, വിജയന്‍, ആനന്ദ്, കാക്കനാടന്‍ എന്നിവരെല്ലാം കേരളത്തിനു പുറത്തേയ്ക്ക് എത്തപ്പെടാതെ പോയത് അതുകൊണ്ടാണ്.
ഉത്തരാധുനികന്മാരും വ്യത്യസ്തരല്ല. പാശ്ചാത്യ നാടുകളില്‍ ഇപ്പോഴുള്ള പ്രവണതകളെ പഠിച്ച് അതിനൊപ്പം നില്ക്കാനാണ് ഇവരില്‍ പലരുടേയും ശ്രമം. അതുകൊണ്ട് അവര്‍ക്ക് തര്‍ജ്ജമകളുണ്ടായാല്‍ പോലും പുറത്തു ശ്രദ്ധിക്കപ്പെടുന്നില്ല. നമ്മുടെ ജീവിതം, സംസ്‌കാരം ഇവ പ്രതിഫലിപ്പിക്കാന്‍ കരുത്തുള്ള രചനകള്‍ക്കു നല്ല തര്‍ജ്ജമകള്‍ ഉണ്ടായാല്‍ പാശ്ചാത്യലോകത്തും നമ്മുടെ കൃതികള്‍ക്ക് ഇടം കിട്ടും. അത്തരം കൃതികള്‍ തീരെ ഉണ്ടാകുന്നില്ല. ഉണ്ടായാല്‍ത്തന്നെ ശ്രദ്ധിക്കപ്പെടുന്നില്ല. അതുകാരണം അവയൊന്നും തര്‍ജ്ജമ ചെയ്യപ്പെടുന്നില്ല. അതാണ് തകഴിയുടെ കൃതികള്‍ ഒഴിച്ചാല്‍ മറ്റൊരു കൃതിയും ഇംഗ്ലീഷിനപ്പുറം കടക്കാത്തത്. വി.കെ.എന്‍, വിജയന്‍, ബഷീര്‍ ഇവര്‍ക്കൊക്കെ ഇംഗ്ലീഷ് പരിഭാഷകളുണ്ടായി. ഒന്നും ഇംഗ്ലീഷ് കടന്ന് അപ്പുറത്തേയ്ക്കു പോയില്ല.
പുതിയകാലത്തെ കൃതികളെക്കുറിച്ചൊന്നും ഈ ലേഖകന്‍ നല്ല അഭിപ്രായമെഴുതുന്നില്ലെന്നും പഴയവയെ മാത്രം പുകഴ്ത്തുന്നുവെന്നും ഒരു വായനക്കാരന്‍ പരാതി പറഞ്ഞതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. വിശദമായി മുന്‍പൊരിക്കല്‍ എഴുതിയിട്ടുള്ളത് പരാതി പറഞ്ഞയാള്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. അതിവിടെ ആവര്‍ത്തിക്കുന്നില്ല.
കെ.ജി. ശങ്കരപ്പിള്ള എന്ന കെ.ജി.എസ്. എഴുതുന്നതൊന്നും ഇപ്പോള്‍ എന്നെ ആകര്‍ഷിക്കുന്നേയില്ല. എണ്‍പതുകളില്‍ അദ്ദേഹത്തിന്റെ രചനകള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ രചനകള്‍ക്ക് ഊര്‍ജ്ജം നല്‍കിയിരുന്നത് ഉള്ളിലുണ്ടായിരുന്ന നക്‌സല്‍ ആഗ്രഹങ്ങളായിരുന്നു. കേരളത്തിന് നക്‌സലൈറ്റ് പ്രസ്ഥാനം ആകെ നല്‍കിയ സംഭാവന അന്നത്തെ ക്ഷോഭിക്കുന്ന യുവാക്കളുടെ കാല്പനികഭംഗിയുള്ള വിപ്ലവ രചനകളായിരുന്നു. വിപ്ലവം നടക്കുമോ, നടക്കേണ്ടതാണോ എന്നുള്ള ചര്‍ച്ചകള്‍ക്കൊന്നും ഇന്നു പ്രസക്തിയില്ല. അന്നത്തെ കടുത്ത തീവ്രവാദം ഒരുതരം മനോരോഗജന്യമായ ഭ്രാന്തായിരുന്നു. സമൂഹനന്മയ്ക്ക് അടിസ്ഥാനപരമായി ഒന്നും ചെയ്യാന്‍ നക്‌സലൈറ്റുകള്‍ക്കായില്ല, ആവുകയുമില്ല. ചോര ചിന്തുന്ന സാമൂഹ്യ വിപ്ലവങ്ങള്‍ ഒരിടത്തും നന്മയിലവസാനിച്ചിട്ടില്ല. ഇവിടെയും മറിച്ചായില്ല.
എന്നാല്‍ അന്നത്തെ ഈ വിപ്ലവ കാല്പനികത മലയാളത്തിന് ഒരുകൂട്ടം കവികളെ സമ്മാനിച്ചു. കടമ്മനിട്ട, സച്ചിദാനന്ദന്‍, അയ്യപ്പന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.ജി ശങ്കരപ്പിള്ള, സിവിക് ചന്ദ്രന്‍ എന്നിവരൊക്കെ അന്നത്തെ തീവ്രവിപ്ലവവ്യാപാരികളായ കവികളായിരുന്നു. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ പ്രായോഗികമായി സാധ്യമാണോ എന്നൊന്നും അന്വേഷിക്കേണ്ട ബാധ്യത കവികള്‍ക്കില്ല. അവര്‍ യഥാര്‍ത്ഥ്യത്തിന്റെയല്ല സ്വപ്‌നങ്ങളുടെ വിപണനക്കാരാണ്. അത് ഭംഗിയായി ഈ കവികള്‍ നിര്‍വ്വഹിച്ചു. അക്കൂട്ടത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു കവിതയാണ് കെ.ജി.എസ്സിന്റെ ‘ബംഗാള്‍’. സാമാ ന്യം ദീര്‍ഘമായ ആ കവിത അന്ന ത്തെ കാവ്യസദസ്സുകളെ വിജൃംഭിപ്പിച്ച രചനയാണ്.
മഹാഭാരതത്തെ (ശരിക്കു പറഞ്ഞാല്‍ ഭഗവദ്ഗീതയെ) പശ്ചാത്തലമാക്കി ധൃതരാഷ്ട്രര്‍ സഞ്ജയനോടു നടത്തുന്ന സംഭാഷണത്തിന്റെ രീതിയിലാണ് കവിത മുന്നേറുന്നത്.
”ബംഗാളില്‍ നിന്നു ഒരു വാര്‍ത്തയുമില്ല.
ബംഗാളില്‍ നിന്നുമാത്രം” എന്നു തുടങ്ങുന്ന കവിത നക്‌സല്‍ബാരി കലാപത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഇടതുപക്ഷത്തിന്റെയും തീവ്രഇടതുപക്ഷത്തിന്റേയും ഈറ്റില്ലമായിരുന്നല്ലോ പഴയ ബംഗാള്‍, ഇന്നതിന്റെ ശവപ്പറമ്പും.
”എന്തിനും തമ്മില്‍ത്തല്ലാണ് കുരുതിയാണ് കള്ളച്ചൂതും അജ്ഞാതവാസവുമാണ്.” എന്നു പറയുന്നിടത്ത് വീണ്ടും മഹാഭാരതത്തെ കവി ഉപജീവിക്കുന്നു.
”ഒരു പക്ഷേ ഇതായിരിക്കണം കവി പറഞ്ഞ ക്രൂരകാലം.”
എന്നു പറയുന്നിടത്ത് അയ്യപ്പപ്പണിക്കരിലൂടെ കേരളത്തിലെത്തിയ ടി.എസ്. എലിയറ്റിനെ കവി അനുസ്മരിക്കുന്നു. പിന്നെ കവിതയിലുടനീളം വിപ്ലവത്തിന്റെ ചുഴലിയാണ്. അതേതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്നും എല്ലാം മാറിമറിയുമെന്നും കവി പ്രത്യാശിക്കുന്നു:
”ഈ പിള്ളേരുടെ പാട്ടിലെ കൊടുങ്കാറ്റാരാണ് നീയാരാണ്?
ബംഗാളിനു കുറുകേ മൂന്നടിവച്ച് രാജാവിന്റെ തലയില്‍ തൊഴിക്കാനാഞ്ഞടുക്കുന്നത് ആരാണ്” എന്നു ചോദിക്കുമ്പോള്‍ മഹാബലിക്കഥയും കവിക്കു വളമാണ്. ധാരാളം ചോരയും പകയും നിറച്ചുള്ള അന്നത്തെ എഴുത്ത് സാഹസികരായ യുവാക്കളെ മത്തുപിടിപ്പിച്ചുവെന്നു വേണമെങ്കില്‍ പറയാം. കൗമാരത്തിലേയ്ക്ക് കടന്ന എന്നെപ്പോലുള്ളവര്‍ ക്കും ഈ കവികളുടെ ഭാഷയും വിപ്ലവ സ്വപ്നങ്ങളും ഇഷ്ടമായിരുന്നു.
”കീഴ്ജാതിക്കാരനെ പ്രേമിച്ചതിന്
വീട്ടുതടങ്കലിലായ ചെറിയമ്മയായിരുന്നു
അന്നെനിക്കുനിശ്ശബ്ദത” (നിശ്ശബ്ദത)
എന്നെഴുതിയ കവിയെ എല്ലാവരും സ്‌നേഹിച്ചു. ”നിരാശയുടെ കവലയില്‍ പ്രജ്ഞയറ്റു നിന്നുപോയ നിങ്ങളുടെ വാച്ചുകള്‍ക്കു കീകൊടുക്കുവിന്‍” എന്നെഴുതിയപ്പോള്‍ ഏവരുടെയും മനസ്സില്‍ പ്രത്യാശയുടെ സൂര്യനുദിച്ചു.
”അയോദ്ധ്യ അവര്‍ കീഴടക്കും
രാജാവിന്റെ തലവെട്ടി വെളിയില്‍ തൂക്കും.
കൊടിമരത്തില്‍ ചെങ്കൊടികുത്തും” (അയോദ്ധ്യ എന്നൊക്കെയെഴുതിയപ്പോള്‍ അത് ഹിംസയ്ക്കു വേണ്ടിയുള്ള ക്രൂരാട്ടഹാസമാണെന്നു കവി ഓര്‍ത്തോ എന്തോ?
‘ബംഗാളിലെ ധര്‍മ്മസ്പര്‍ശം’ എന്ന പേരില്‍ കെ. അരവിന്ദാക്ഷന്‍ മലയാളം വാരികയില്‍ (ജൂലായ് 3) എഴുതിയിരിക്കുന്ന നിരൂപണ ലേഖനത്തെക്കുറിച്ചാണ് മുകളില്‍ സൂചിപ്പിച്ചത്. ‘ബംഗാള്‍’ എന്ന പ്രശസ്ത രചനയെ മുന്‍നിര്‍ത്തിയാണ് അരവിന്ദന്റെ എഴുത്ത്. മറ്റു ചില കവിതകള്‍ കൂടി ചര്‍ച്ച ചെയ്തു എന്നേയുള്ളൂ. അക്കാലത്തെ യുവാക്കളുടെ സാഹസികതയെ അന്നത്തെ സാമൂഹ്യ സാഹചര്യത്തെ മുന്‍നിര്‍ത്തി പൊറുപ്പിക്കാം. എന്നാല്‍ ഇപ്പോഴും കവി ആ സ്വപ്‌നങ്ങള്‍ പേറുന്നുണ്ടെന്നു പറയുന്നത് കുറച്ചു കടന്ന കൈയാണ്. അതൊക്കെ വിഡ്ഢി സ്വപ്‌നങ്ങള്‍ മാത്രമായിരുന്നുവെന്ന് യഥാര്‍ത്ഥ വിപ്ലവം നയിക്കാനിറങ്ങിയ വേണു പറയുന്നതെങ്കിലും കവി ശ്രദ്ധിക്കുന്നത് കൊള്ളാം.
ഇന്ത്യന്‍ ആത്മീയത കൊളോണിയല്‍ ശക്തികളുടെ നിര്‍മ്മിതി മാത്രമാണെന്ന് അരവിന്ദാക്ഷന്‍ എഴുതുന്നത് വലിയ തമാശയായി തോന്നുന്നു. മൂവായിരം വര്‍ഷമെങ്കിലും പഴക്കമുള്ള നമ്മുടെ പൗരാണികകൃതികളില്‍ നിന്ന് കണ്ടെടുത്ത ഭാരതീയന്റെ ആത്മീയ ജീവിതം ബ്രിട്ടീഷുകാരന്റെ സൃഷ്ടി എന്നു പറഞ്ഞാല്‍ ആരാണതു വിശ്വസിക്കുക? കോളനിക്കാരുടെ നിര്‍ദ്ദേശാനുസരണം ഇതൊക്കെ പഠിക്കാനിറങ്ങിയ ചില മിഷണറിമാര്‍ ഇതൊക്കെ പുറത്തെത്തിച്ചു എന്നല്ലാതെ അവരുടെ സംഭാവന ഇന്ത്യന്‍ ആത്മീയതയില്‍ എവിടെയാണുള്ളത്? കണ്ണടച്ച് ഇരുട്ടാക്കുന്ന അരവിന്ദാക്ഷനോട് എന്തു പറയാന്‍!