രാവിലെ
പതിവ് ജോലിത്തിരക്കിനിടയില്‍
കൈയില്‍ കിടന്നാണ്
മരിച്ചത്
ഏറെ കാലമായ്
കൂടെ നടന്ന്
സമയം കാട്ടിത്തന്ന വാച്ച്
അവസാന ചലനവും
വെടിയുകയാണ്
ഏകാന്തതയില്‍ കൂട്ടിരുന്നും
കിനാവിനും കവിതയ്ക്കും
നാദമായ് മിടിച്ച നേരങ്ങള്‍ ,
നീ ഉണരുമ്പോള്‍ ദിവസമാണ്
നീ ഉറങ്ങുമ്പോള്‍ രാത്രിയും
നീ നിമിത്തം പുഞ്ചിരിച്ചു
കരഞ്ഞപ്പോള്‍, ലോകത്തെ
പിന്നോട്ടോടിക്കുന്ന വിദ്യ കാട്ടിത്തന്നു.
സമയത്തിനും ഒരു സമയമുണ്ട്
ആ സമയമെത്തിയപ്പോള്‍
മരണം കൊണ്ടുപോയി
കൈയില്‍ നിന്നുമഴിക്കാന്‍
തോന്നിയില്ല
കിടപ്പ് കണ്ടാല്‍
ജീവനില്ലെന്ന് പറയുകയുമില്ല
അത്രമേല്‍
പ്രിയപ്പെട്ടൊരാളുടെ മരണം
ജീവിതത്തെ
നിശ്ചലമാക്കുമെന്നിരിക്കെ
മരിച്ചില്ലെന്ന മട്ടില്‍
കൈയില്‍ ചേര്‍ത്തുകെട്ടി,
ഞാന്‍
ഒരു വാച്ചിനൊക്കെ
എന്തുജീവനെന്നും
മരിച്ച വാച്ച്
ഇനിയെന്തിനെന്നും
തോന്നിയേക്കാം….
പക്ഷേ
പകലും
രാത്രിയും
രണ്ടുനേരം
നിലച്ച സൂചിയാല്‍
മികവു കാട്ടുന്നുണ്ട്
എന്റെ വാച്ച്.