ആതിരക്ക് ഇഷ്ടാനുസരണം മതം പഠിക്കാന്‍ പോകാം. എന്ന കോടതി വിധിയുടെ ആഘാതത്തില്‍ നിലവിളികള്‍ ഉയര്‍ന്നു. അമ്മയുടെ തേങ്ങല്‍ ആ മുറിയില്‍ ഓളവും നടുക്കവും സൃഷ്ടിച്ചു. പെണ്‍കുട്ടിയായതു കാരണം ഒറ്റയ്ക്ക് വിടാന്‍ പറ്റില്ല. രാത്രി സര്‍ക്കാര്‍ വക മഹിളാ മന്ദിരത്തില്‍. രാവിലെ 10 മണിക്ക് അവിടന്ന് വിടുക. പത്രമാധ്യമങ്ങളുടെ ഒരുപാട് ക്യാമറകള്‍ ആതിരക്ക് മുമ്പില്‍ മിന്നിമറഞ്ഞു. യാതൊന്നും സംഭവിക്കാത്ത പോലെ ആതിര പോലീസ് ജീപ്പില്‍ മഹിളാ മന്ദിരത്തിലേക്ക് പുറപ്പെട്ടു. രാതി 12 മണിയോടെ മഹിളാ മന്ദിരത്തില്‍ എത്തി. അച്ഛനും അമ്മക്കും ഒന്നും സംഭവിക്കല്ലേയെന്ന് ദിഖ്‌റും സ്വലാത്തും ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ട് നേരം വെളുപ്പിച്ചു.
രാവിലെ 10 മണിയോടെ തന്നെ തര്‍ബിയത്തിലേക്ക് കൊണ്ടുപോകാന്‍ ഉത്സാഹ കമ്മറ്റിക്കാര്‍ എത്തും. കാത്തിരിപ്പ് തുടങ്ങിയപ്പോഴേക്കും പോലീസിന്റെ ഫോണ്‍ വന്നു. അച്ഛന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് മഹിളാ മന്ദിരത്തില്‍ തുടരണം. അള്ളാഹുവിന്റെ ഒരു പരീക്ഷണം കൂടി.
മഹിളാ മന്ദിരത്തിലും വീട്ടുകാരെത്തി. വീട്ടിലേക്ക് വന്നാല്‍ മതി. ബാക്കിയെല്ലാം മകളുടെ ഇഷ്ടം പോലെ. എന്നാല്‍ അള്ളാഹുവിലുള്ള അത്രയും വിശ്വാസം വീട്ടുകാരില്‍ എനിക്കില്ലായിരുന്നു. അന്ന് രാത്രി എറണാകുളത്തുള്ള ഹൈക്കോടതിയിലേക്ക് പുറപ്പെട്ടു. രാവിലെ എറണാകുളത്ത് എത്തി.
പോലീസിന്റെ അകമ്പടിയില്‍ ഹൈക്കോടതിയിലേക്ക്. അലിക്കയെ ആ ഭാഗത്ത് ഞാന്‍ കണ്ടു. പക്ഷെ ഗൗനിച്ചില്ല. ഇയാള്‍ക്ക് വല്ല പ്രശ്‌നവും ഉണ്ടായാലോ? തുടര്‍ന്ന് കോടതി മുറിയിലേക്ക്. അമ്മ എന്റെ കൈയ്യില്‍ പിടിച്ചു കൊണ്ട് എന്നോടൊട്ടി നിന്നിരുന്നു. ആ പിടുത്തത്തിന് സ്‌നേഹത്തിന്റെ ശക്തിയും കണ്ണുനീരിന്റെ ആര്‍ദ്രതയും ഉണ്ടായിരുന്നു. അമ്മയുടെ കണ്ണുനീര് എപ്പോഴൊക്കെയോ എന്നെ തൊട്ടുരുമി താഴെ വീണു. മനസ്സ് പിടയുന്നുണ്ടായിരുന്നു. മനസ്സിന് ശക്തി കിട്ടാന്‍ ബിസ്മി ചൊല്ലിക്കൊണ്ടിരുന്നു. തവക്കല്‍ത്തു അലല്ലാഹ് (അല്ലാഹുവേ എല്ലാം നിനക്ക് വിട്ടു തന്നിരിക്കുന്നു). കോടതിക്ക് മുമ്പില്‍ ഒരുപാട് പിള്ളേര് ഉണ്ടായിരുന്നു. ഒളിച്ചോടിയ കാമുകീ കാമുകന്മാരായിരുന്നു അധികവും. ക്രമത്തില്‍ തന്റെ കേസ് എത്തി. കോടതി പേര് വിളിച്ചു. കോടതിയുടെ മുമ്പിലേക്ക് ഞാന്‍ നീങ്ങി. അമ്മയുടെ പിടി മുറുകി. അമ്മ അവസാനമെന്ന പോലെ ദയനീയമായി എന്നെ നോക്കി. നിന്റെ ഇഷ്ടത്തിന് തന്നെ നീ ജീവിച്ചോ. വീട്ടിലേക്ക് വാ. അമ്മക്ക് ഇതല്ലാതെ മറ്റൊന്നും പറയുവാനുണ്ടായിരുന്നില്ല.
കോടതിക്ക് മുമ്പില്‍ തീരുമാനം പറഞ്ഞു. സത്യസരണിയിലോ തര്‍ബിയത്തിലോ എനിക്ക് ഇസ്ലാം പഠിക്കുവാന്‍ പോകണം. കോടതി അതിനെ പ്രോത്സാഹിപ്പിച്ചില്ല. കോടതി അച്ഛനമ്മമാരെ വിളിപ്പിച്ചു. അവര്‍ പറഞ്ഞു. മകളെ ഞങ്ങള്‍ക്കൊപ്പം വിടണം. അവളുടെ ഒരു ഇഷ്ടത്തിനും ഞങ്ങള്‍ എതിര് നില്‍ക്കുകയില്ല. ഇതിനിടയില്‍ കോടതിയും വക്കീലന്മാരും തമ്മില്‍ ആശയ വിനിമയം നടന്നു. ആ സമയം ആ കോടതിയില്‍ ഇരുപ്പുണ്ടായിരുന്ന ഒരു വക്കീല്‍ ചാടിയെഴുന്നേറ്റ് ഇംഗ്ലീഷില്‍ എന്തോ പറഞ്ഞു. അപ്രതീക്ഷിതവും അസാധാരണവുമായ ഒരു ഇടപെടലായിരുന്നു അത്. ഇത്ര വിവാദമായ മതസ്ഥാപനങ്ങളിലേക്ക് കുട്ടിയെ അയക്കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് മാത്രം മനസ്സിലായി. ഇസ്ലാമായി ജീവിക്കണം, ഇസ്ലാമിനെക്കുറിച്ച് പഠിക്കണം. വീട്ടുകാര്‍ അതിന് തയ്യാറാണ്. പിന്നെ വീട്ടിലേക്ക് വിട്ടാലെന്താ? ഇതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കോടതിയുടെ അതുവരെയുണ്ടായ വീക്ഷണത്തില്‍ അതോടെ ചെറിയ മാറ്റം വന്നു. കൃഷ്ണരാജ് എന്നായിരുന്നു ആ വക്കീലിന്റെ പേര്.
മഹിളാ മന്ദിരത്തിലെ താമസം ദുസ്സഹമായിരുന്നു. പല സ്ഥലങ്ങളില്‍ നിന്ന് വന്ന പല തരത്തിലുള്ള കുറെ സ്ത്രീകള്‍ അവിടെ ഉണ്ടായിരുന്നു. കോടതി വീണ്ടും അവിടേക്ക് വിടുമോയെന്നുള്ള പേടിയുണ്ടായിരുന്നു. മഹിളാ മന്ദിരം വിമ്മിഷ്ടമുണ്ടാക്കുന്ന ഒരു അനുഭവമായിരുന്നു. അത് മനസ്സിലേക്ക് തികട്ടി വന്നു. എന്താ അഭിപ്രായം. കോടതി വീണ്ടും ചോദിച്ചു. ഇസ്ലാമായി ജീവിക്കുവാന്‍ അനുവദിക്കുമെങ്കില്‍ വീട്ടില്‍ പോകാന്‍ തയ്യാറാണ്. കോടതി അത് അംഗീകരിച്ചു. കോടതി വിധി പ്രഖ്യാപിച്ചു. അച്ഛനും അമ്മയോടുമൊപ്പം പോകാമെന്നാണ് വിധി. ആഴ്ചകള്‍ക്ക് ശേഷം അച്ഛനും അമ്മയും ഒന്നു ചിരിച്ചു. ഒരു എത്തും പിടിയും കിട്ടാതെ ഞാനവിടെ തല കുമ്പിട്ട് നിന്നു. പക്ഷെ ഇസ്ലാം പഠിക്കണമെന്ന തീരുമാനത്തില്‍ ഒരു മാറ്റവുമുണ്ടായില്ല.
ഇതിനിടയില്‍ വീട്ടുകാര്‍ തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാസമാജവുമായി ബന്ധപ്പെട്ടിരുന്നു. അന്യമതങ്ങളുടെ സ്വാധീനത്തില്‍പ്പെട്ട് പോകുന്ന ഹൈന്ദവരെ സ്വന്തം ധര്‍മം പഠിപ്പിച്ച് തിരികെ കൊണ്ടുവരുന്ന ഒരു സ്ഥാപനമായിരുന്നു ഇത്. എനിക്കിതിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് നേരെ അച്ഛനെടുത്ത ലോഡ്ജില്‍ എത്തിയ എന്നെ കാണുവാന്‍ ആര്‍ഷവിദ്യാസമാജത്തില്‍ നിന്ന് രണ്ട് ചേച്ചിമാര്‍ എത്തിയിരുന്നു. ശ്രുതിയെന്നും ചിത്രയെന്നുമാണ് പേരെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തി. മതവും മതംമാറ്റവുമെല്ലാം അവിടെ ചര്‍ച്ച ചെയ്തു. പക്ഷെ എന്റെ ഇസ്ലാം എന്ന തീരുമാനത്തില്‍ നിന്ന് മാറ്റുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷെ അവര്‍ എന്റെ ഉള്ളില്‍ ഒരുപാട് ആശയക്കുഴപ്പം വാരി വിതറിയിട്ടിട്ടാണ് പോയത്.
ജീവിതം വല്ലാതെ അസ്വസ്ഥമായിരുന്നു. കോടതികളും പോലീസ് സ്റ്റേഷനും ഒളിവും യാത്രയുമെല്ലാം ഒന്നിനു പുറകെ ഒന്നായി വന്നു. എല്ലാം ചെയ്ത് തരാനും ഇഷ്ടം പോലെ കാശ് ചിലവാക്കാനും ഇക്കമാരുടെ നീണ്ട നിര. അച്ഛനമ്മമാരുടെ കണ്ണുനീരും നാട്ടുകാരുടെ പരിഹാസവും വേറെ. ആര്‍ഷവിദ്യാസമാജത്തിലേക്ക് പോകാമെന്ന വീട്ടുകാരുടെ നിര്‍ദ്ദേശം വന്നപ്പോള്‍ ഒട്ടും എതിര്‍ത്തില്ല. ഒരു മാറിനില്‍ക്കല്‍. ആയിഷയായി ഹിജാബുമൊക്കെ ധരിച്ച് തന്നെയാണ് അങ്ങോട്ട് പോയത്. പറ്റുമെങ്കില്‍ ഇവരെ മൊത്തം ഇസ്ലാമാക്കണം. മനസ്സില്‍ ഇങ്ങനെയും ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു.
ആര്‍ഷ വിദ്യാസമാജത്തില്‍ ഞാന്‍ കണ്ട പ്രത്യേകത സംവാദമാണ്. മതങ്ങള്‍ തമ്മിലുള്ള ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യുക എന്നര്‍ത്ഥം. ശ്രുതിയും ചിത്രയും ചെയ്തതും ഇത് തന്നെയായിരുന്നു. സമാജത്തില്‍ എത്തിയ ഞാന്‍ ആദ്യ ദിവസം സംസാരിച്ചത് സമാജത്തിന്റെ തുടക്കക്കാരില്‍ ഒരാളായ സുജിത്ത് സാറുമായാണ്. അന്നതങ്ങിനെ കഴിഞ്ഞു. പിറ്റേന്നാണ് ആചാര്യന്‍ മനോജുമായി സംസാരിക്കുന്നത്. പരസ്പരം ഉള്ള ഉപാധികളോടെ തുടങ്ങിയ സംവാദം എനിക്കറിയാവുന്ന ഖുറാന്റെയും ഹിന്ദുക്കളുടെയും സകല മേഖലകളിലേക്കും കടന്നു പോയി. മണിക്കൂറുകള്‍ നീണ്ട സംവാദമായിരുന്നു. ആചാര്യന്‍ ശാന്തമായി ഒന്നൊന്നായി എന്നെ തിരുത്തിക്കൊണ്ടിരുന്നു. ഞാന്‍ എന്റെ പുതിയ മതത്തോട് തിരിച്ചറിവോടെ വിട പറയുവാന്‍ നിശ്ചയിച്ചു.
കൈയ്യില്‍ കിട്ടിയ എന്നെക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവായ അലി ഏഷ്യാനെറ്റ് ന്യൂസിന് മുമ്പില്‍ പത്രസമ്മേളനം നടത്തിച്ച് മുതലെടുപ്പ് നടത്തിയത് എന്നെ വലിയ വിവാദത്തിലാണ് കൊണ്ടിട്ടത്. ഇതൊരു പോപ്പുലര്‍ ഫ്രണ്ട് അജണ്ടയായിരുന്നു. ഇത് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തന്ത്രമായിരുന്നു. മകളുടെ മതംമാറ്റ പ്രഖ്യാപനവും ആ പേരിലുള്ള അറിയപ്പെടലും എന്റെ വീട്ടുകാരെ വല്ലാതെ അസ്വസ്ഥരാക്കിയിരുന്നു. ജൂലായ് 27-നായിരുന്നു ആ പത്രസമ്മേളനം.
ഹൈക്കോടതി വിധിയിലൂടെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ കൈയ്യില്‍ നിന്ന് പോയ എന്നെപ്പറ്റിയുള്ള കഥകള്‍ പല പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്നു കൊണ്ടിരുന്നു. ആയിഷ അജ്ഞാത പീഡന കേന്ദ്രത്തിലാണെന്നും ഹാദിയ മോഡല്‍ ഓപ്പറേഷന്‍ നടത്തണമെന്നും വേണ്ടി വന്നാല്‍ ആയിഷയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തണമെന്നുമൊക്കെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ചര്‍ച്ച. വീട് വിട്ട് ഇറങ്ങുന്നതിന് മുമ്പ് താന്‍ എഴുതിവെച്ച 22 പേജുള്ള കത്തിന്റെ ഒരു കോപ്പി കണ്ണൂരിലെ ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവിന് ഞാന്‍ നല്‍കിയിരുന്നു. ഈ കത്തിന്റെ കോപ്പികള്‍ ഇയാളിലൂടെ നാടെങ്ങും പടര്‍ന്നു. ഈ കത്ത് എനിക്കെതിരെയുള്ള ആയുധമായി മാറി. ഈ കത്ത് ഉപയോഗിച്ചുകൊണ്ട് മതപ്രഭാഷകനായ എം.എം.അക്ബര്‍ അയാളുടെ നിച്ച് ഓഫ് ട്രൂത്ത് എന്ന യൂട്യൂബ് ചാനലിലൂടെ എന്നെ ചിത്രവധം ചെയ്യാനാരംഭിച്ചു.
ആതിര തടവിലാണെന്നും ഭയങ്കര പീഡനത്തിലാണെന്നുമൊക്കെ പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ഇവിടത്തെ മതേതര മാധ്യമങ്ങളും പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. മീഡിയ ആക്രമണം അത്രയും ശക്തമായിരുന്നു. ഇതിനകം ഇസ്ലാമിലേക്ക് പോയ ഏകദേശം 3000 ത്തില്‍ അധികം ആളുകളെ സ്വധര്‍മത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ആര്‍ഷ വിദ്യാ സമാജത്തിനെയും വിവാദ ചുഴിയിലാക്കുകയെന്ന ലക്ഷ്യവും ഈ ആക്രമണങ്ങള്‍ക്കുണ്ടായിരുന്നു. ഇതിനൊരു പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി ആതിരയുടെ പിറന്നാള്‍ ദിനമായ 2017 സപ്തംബര്‍ 21-ന് തൃപ്പൂണിത്തുറയിലെ ആര്‍ഷവിദ്യാസമാജം ഓഫീസില്‍ മാതാപിതാക്കളുടെ നടുവില്‍ ഇരുന്ന് ആതിര ഒരു പത്രസമ്മേളനം നടത്തി. സ്വധര്‍മത്തിലേക്കുള്ള തിരിച്ചു വരവായിരുന്നു പ്രഖ്യാപനം. ധര്‍മത്തിനനുകൂലമായി സംസാരിച്ചതോടെ മതേതര മാധ്യമങ്ങള്‍ ലൈവ് നിര്‍ത്തി.
”ഞാനിന്ന് ആര്‍ഷ വിദ്യാസമാജത്തിന്റെ ധര്‍മ പ്രചാരികമാരില്‍ ഒരാളാണ്. എന്നെപ്പോലെ തെറ്റിദ്ധരിപ്പിക്കപ്പെട്ട് പോയ നിരവധി പേരെ സ്വധര്‍മത്തിലേക്ക് കൊണ്ടുവരാന്‍ എന്നാലാകും വിധം ഞാനും പരിശ്രമിക്കുന്നു. നിങ്ങളുടെ എല്ലാ സഹായവും ആര്‍ഷ വിദ്യാ സമാജത്തിന് ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് എനിക്കുള്ളത്.” ആതിര പറഞ്ഞു.
(തുടരും)