Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കന്നഡത്തിലെ വചനസാഹിത്യവും ബസവണ്ണയും

പ്രൊഫ.(ഡോ.) നടുവട്ടം ഗോപാലകൃഷ്ണന്‍

Print Edition: 14 July 2023

കന്നഡസാഹിത്യത്തിലെ അനന്വയമായ കാവ്യശാഖയാണ് വചനസാഹിത്യം. സിദ്ധാന്തസാഹിത്യം, ശാസ്ത്രസാഹിത്യം, നീതിസാഹിത്യം എന്നീ വിശേഷണങ്ങള്‍ ഈ സാഹിത്യരൂപത്തെ പരാമര്‍ശിക്കുമ്പോള്‍ ചരിത്രകാരന്മാര്‍ ഉപയോഗിക്കാറുണ്ട്. വേദങ്ങള്‍, ബൈബിള്‍, ഖുറാന്‍, തിരുക്കുറള്‍ എന്നീ ഗ്രന്ഥങ്ങള്‍ക്കുള്ള പരിവേഷം തികച്ചും അര്‍ഹതപ്പെട്ട ആദ്ധ്യാത്മികപ്പൊരുളുകളുടെ ശേവധിയാണ് കന്നഡത്തിലെ വചനസാഹിത്യം. കന്നഡദേശത്തെ ശൈവാരാധനയുടെ ആഴവും പരപ്പും വര്‍ദ്ധിച്ചത് വചനസാഹിത്യത്തിന്റെ ഉദയത്തോടെയാണ്. 12-ാം നൂറ്റാണ്ടു മുതല്‍ക്കുള്ള ചരിത്രം ഇതിനുണ്ട്. വീരശൈവമതത്തെ പരിഷ്‌ക്കരിച്ച് മുന്നോട്ടു നയിച്ച ബസവണ്ണയെന്ന ബസവേശ്വരനാണ് വചനസാഹിത്യത്തിന്റെ കുലപതി. കര്‍ണ്ണാടകത്തിലെ ലിംഗായത്തുകളുടെ ഏറ്റവും പ്രമാണപ്പെട്ട പൂജനീയ വാഗ്‌രൂപങ്ങളാണ് വചന സാഹിത്യത്തിലടങ്ങിയിരിക്കുന്നത്. കര്‍ണ്ണാടകത്തിലാണ് ലിംഗായത്തുകള്‍  കൂടുതലുള്ളത്. മഹാരാഷ്ട്രയിലും ആന്ധ്രയിലും നിസ്സാരമല്ലാത്ത വിധത്തില്‍ അവരുടെ സാന്നിധ്യമുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും ലിംഗായത്തുകള്‍ കുറവെങ്കിലും ശൈവാരാധന പിന്തുടരുന്ന ധാരാളം ജനവിഭാഗങ്ങള്‍ രണ്ടിടത്തും ദൃശ്യമാണ്. കേരളത്തിലെ വീരശൈവര്‍ക്കും ആരാധ്യപുരുഷനാണ് ബസവേശ്വരന്‍.

ബസവണ്ണ നന്ദികേശ്വരന്റെ അവതാരമാണെന്നാണ് ലിംഗായത്തുകളുടെ വിശ്വാസം. ഭീമകവി 1369-ല്‍ എഴുതിയ ബസവപുരാണത്തില്‍ ഭൂമിയില്‍ വീരശൈവവിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ നന്ദികേശ്വരന്‍ കൈക്കൊണ്ട അവതാരമാണ് ബസവേശ്വരന്‍ എന്ന് ഉദ്‌ഘോഷിച്ചിട്ടുണ്ട്. ബസവണ്ണയുടെ അത്ഭുതകൃത്യങ്ങള്‍ വിവരിച്ചിട്ടുള്ള കാവ്യമാണിത്. ക്രി.വ. 1500 നടുത്തുണ്ടായ സിംഗിരാജന്റെ സിംഗിരാജപുരാണം എന്ന കൃതിയും നന്ദികേശ്വരന്റെ അംശാവതാരമാണ് ബസവേശ്വരന്‍ എന്ന ഐതിഹ്യത്തെ മാനിച്ചുകാണുന്നു. ബസവന്റെ 88 അത്ഭുതകൃത്യങ്ങള്‍ ഈ കാവ്യത്തില്‍ പരാമൃഷ്ടമായിട്ടുണ്ട്.

ബസവണ്ണ കര്‍ണ്ണാടകത്തിലെ കല്യാണദേശത്തെ ബിജ്ജുള രാജാവിന്റെ മന്ത്രിയും മഹാഭക്തനും ശൈവമതോദ്ധാരകനുമായിരുന്നു. കന്നഡത്തില്‍ വചനസാഹിത്യത്തിന് ബീജവാപം ചെയ്തത് ഇദ്ദേഹമാണ്. ഔദ്യോഗിക ജീവിതം നയിക്കുമ്പോഴും അദ്ദേഹം ഒരു സാമൂഹിക പ്രവര്‍ത്തകനായി അറിയപ്പെട്ടിരുന്നു. ദാര്‍ശനികകവിയും ചിന്തകനും, ഉല്പതിഷ്ണുവും ആയിരുന്ന ബസവണ്ണ വൈദികക്ലിഷ്ടമായ ആചാരങ്ങളെ വെറുത്തിരുന്നു. യാഗം, മന്ത്രവാദം, അന്ധവിശ്വാസജടിലമായ അനുഷ്ഠാനങ്ങള്‍, അധാര്‍മ്മിക കര്‍മ്മങ്ങള്‍ എന്നിവയെ അദ്ദേഹം എതിര്‍ത്തു.

വിജാപ്പുരജില്ലയിലെ ബാഗേവാടിയിലാണ് ബസവണ്ണ ജനിച്ചത്. ആഗമികശൈവബ്രാഹ്‌മണകുടുംബത്തിലാണ് അദ്ദേഹത്തിന്റെ പിറവി. അമ്മാവനായ ബലദേവന്റെ മകള്‍ ഗംഗാംബിക, സിദ്ധരസന്റെ മകള്‍ നീലാംബിക എന്നിവരായിരുന്നു ബസവണ്ണന്റെ ഭാര്യമാര്‍. ചെന്ന ബസവേശ്വര എന്ന മഹാജ്ഞാനിയായ വചനകാരന്‍ ബസവണ്ണയുടെ അനന്തിരവനായിരുന്നു.

കര്‍മ്മനിഷ്ഠശൈവബ്രാഹ്‌മണസംസ്‌കാരത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ വിയോജിപ്പുണ്ടായിരുന്ന ബസവണ്ണ ഏറെക്കാലം ജീവിച്ചത് കൂഡലസംഗമ എന്ന സ്ഥലത്താണ്. ഭക്തിനിഷ്ഠയ്ക്കു പ്രാമുഖ്യമുള്ള ശൈവപാരമ്പര്യത്തോടാണ് അദ്ദേഹം ആഭിമുഖ്യം പുലര്‍ത്തിയത്. കൂഡലസംഗമദേശത്ത് അധ്യാപനത്തിലും ആദ്ധ്യാത്മിക ചിന്തയിലും മുഴുകി ജീവിക്കുന്ന കാലത്താണ് മാണ്ഡലിക രാജാവ് ബിജ്ജുളന്റെ മംഗളവാഡയില്‍ ഗണാധികാരിയായി ബസവണ്ണ ചുമതലയേറ്റത്. ബിജ്ജുളരാജാവ് ചക്രവര്‍ത്തിയായപ്പോള്‍ ബസവണ്ണ ധനവകുപ്പ് മന്ത്രിയായി കല്യാണ പ്രദേശത്ത് പ്രവര്‍ത്തിച്ചു. അക്കാലത്താണ് വചനസാഹിത്യത്തിലേക്ക് ബസവണ്ണ ശ്രദ്ധകേന്ദ്രീകരിച്ചത്. വര്‍ഗ്ഗഭേദം, വര്‍ണ്ണഭേദം, ലിംഗഭേദം എന്നിവയുടെ സ്ഥാനത്ത് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മഹിതലക്ഷ്യങ്ങള്‍ പ്രതിഷ്ഠിച്ച് ശൈവാരാധനയില്‍ ആശാസ്യമായ മാറ്റങ്ങള്‍ അദ്ദേഹം വരുത്തി. പാരമ്പര്യവാദികള്‍ ബസവണ്ണയുടെ നീക്കങ്ങളെ ശക്തമായി പ്രതിരോധിച്ചു. ഇതില്‍ മനസ്സുമടുത്താണ് ബസവണ്ണ കല്യാണവിട്ട് കൂഡലസംഗമയില്‍ എത്തിയത്. തന്റെ അനന്തരകാലജീവിതം അവിടെ നയിച്ച് കൂഡലസംഗമേശനില്‍ അദ്ദേഹം വിലയം പ്രാപിച്ചു.
ബസവണ്ണയുടെ 1414 വചനങ്ങള്‍ ഇതുവരെയായി സമാഹരിക്കപ്പെട്ടിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യവും സാമൂഹികനീതിയും അദ്ദേഹത്തിന്റെ വചനങ്ങളില്‍ മുഴങ്ങിക്കേള്‍ക്കാം. ഭാഷാലാളിത്യവും ജീവിതഗന്ധവും കൊണ്ട് ബസവണ്ണന്റെ രചനകള്‍ വചനസാഹിത്യത്തിലെ അമൂല്യരത്‌നങ്ങളായി ശോഭിക്കുന്നു. ബസവണ്ണ ഉള്‍പ്പെടെ 175 ഓളം വചനസാഹിത്യസ്രഷ്ടാക്കളുടെ രചനകള്‍ ബംഗളൂരുവിലെ ബസവസമിതി 2016-ല്‍ പ്രസിദ്ധീകരിച്ചു. ഡോ. എം.എം. കല്‍ബുര്‍ഗി എഡിറ്റിങ്ങ് നിര്‍വ്വഹിച്ച കന്നഡവചന സൂക്തികളെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത് ഡോ.എം. രാമയാണ്. 21,000 വരുന്ന വചനങ്ങളില്‍നിന്നും തിരഞ്ഞെടുത്ത 2500 വചനങ്ങളാണ് സമിതി വിവിധ ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയത്.

വചനസാഹിത്യത്തിന് ഏകദേശം എണ്ണൂറുവര്‍ഷത്തിന്റെ പഴക്കമുണ്ട്. ആദ്യകാലത്ത് ‘സുള്‍നുഡി’ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത്. പിന്നീട് ‘വചന’ എന്ന പേര് സ്ഥിരപ്പെട്ടു. ഇന്നിപ്പോള്‍ ‘വചനാഗമമെന്ന’ വിശാലാര്‍ത്ഥത്തിലേക്ക് വചന സാഹിത്യം ഉയര്‍ത്തപ്പെട്ടിരിക്കുന്നു. പദ്യരൂപത്തിലോ ഗദ്യരൂപത്തിലോ ഉളള രചനയാണ് വചനം. തെലുങ്ക്, മലയാളം ഭാഷകളെപ്പോലെ സംസ്‌കൃതസ്വാധീനം ഏറെയുള്ള ഭാഷയാണ് കന്നഡ. തന്മൂലം വചന സാഹിത്യത്തിലും സംസ്‌കൃതഭാഷയുടെ സ്വാധീനം വളരെ പ്രകടമാണ്. വചനം കര്‍ണ്ണാടകത്തില്‍ ഒരു സാംസ്‌കാരികപാരമ്പര്യം കൂടിയാണ്. പദ്യരൂപത്തിലുള്ള വചനങ്ങള്‍ മിക്കവയ്ക്കും മുക്തകത്തിന്റെ രീതിയാണുള്ളത്. ഭാവത്തിനും അനുഭവത്തിനുമാണ് വചനത്തില്‍ മുഖ്യത. വചനരചയിതാക്കളെ ശരണന്മാരെന്നാണ് വിളിക്കാറ് (ശിവനെ ശരണമാക്കിയവര്‍).  വചന രചയിതാക്കളില്‍ ഭൂരിപക്ഷവും താണവര്‍ഗ്ഗക്കാരും തൊഴിലാളികളുമാണ്.

ബസവണ്ണ, അല്ലമപ്രഭുദേവ, ചെന്നബസവണ്ണ സിദ്ധരാമേശ്വര, അക്കമഹാദേവി എന്നീ വചനകാരന്മാരില്‍ തുടങ്ങി ഹേമഗല്ലഹംപയില്‍ അവസാനിക്കുന്ന ശരണരുടെ വചനങ്ങളാണ് പ്രൊഫ. എം. രാമ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ളത്. വചനത്തിന്റെ പൊരുളും വ്യാപ്തിയും അനുഭവസീമയില്‍ കൊണ്ടുവരാന്‍ രാമയുടെ ഭാഷാന്തരണത്തിനു കഴിഞ്ഞിരിക്കുന്നു. ദൃഷ്ടാന്തമായി ബസവണ്ണയുടെ ചില രചനകള്‍ താഴെക്കൊടുക്കുന്നു.

1. അയ്യനേ, പശുക്കിടാവ് തള്ളയെത്തേടി തളരുന്നതുപോലെ/ഞാനങ്ങയെത്തേടി തളരുന്നു.
2. ധനരേഖകൊണ്ടെന്തുഫലം ആയുര്‍രേഖയില്ലെങ്കില്‍/ഭീരുവിന്റെ കൈയില്‍ ചന്ദ്രായുധമുണ്ടായിട്ടെന്തുഫലം?/അന്ധന്റെ കൈയില്‍ ദര്‍പ്പണമുണ്ടായിട്ടെന്തു ഫലം?/ നമ്മുടെ കുഡലസംഗന്റെ ശരണതയറിയാത്തവരുടെ കൈയില്‍/ശിവപഥം അറിയാത്തിടത്തോളം കാലം ലിംഗമിരുന്നിട്ടെന്തു ഫലം?
3. ചില ദൈവങ്ങളെപ്പോഴും കാവല്‍നില്‍ക്കും ലോകരുടെ വീട്ടുപടിക്കല്‍/പോ എന്നാല്‍ പോവില്ല/ശുനകനെക്കാള്‍ കഷ്ടം ചില ദൈവങ്ങള്‍/ലോകരോടു ഇരക്കുന്ന ദൈവങ്ങള്‍ നമുക്കെന്തു നല്കും?
4. ഉള്ളവര്‍ ശിവാലയം പണിതു/ ഞാനെന്തു ചെയ്യും ദരിദ്രനയ്യോ/എന്റെ കാല്‍ തന്നെ തൂണ്/ദേഹം തന്നെ ദേവാലയം/ ശിരസ്സ് പൊന്‍ താഴികക്കുടമയ്യ/ കൂഡലസംഗമദേവാകേള്‍ക്കൂ/സ്ഥാവരത്തിന് നാശമുണ്ട്. /ജംഗമത്തിന് നാശമില്ല (സഞ്ചാരിയായ ശൈവസന്യാസിയാണ് ജംഗമം).
5. മനസ്സാണ് സര്‍പ്പം, ദേഹം പാമ്പിന്‍ കൂട്/പാമ്പിനെ സ്‌നേഹിക്കുന്നവനെ അതെന്നു കൊല്ലുമെന്നറിയില്ല/എന്നു തിന്നുമെന്നോയെന്നതറിയില്ല/എന്നും അങ്ങയെ പൂജിക്കാനായാല്‍/അതുതന്നെ പാമ്പിനു മകുടി/കൂഡലസംഗമദേവാ.
6. മേഘങ്ങള്‍ക്കു പിന്നിലെ മിന്നല്‍പ്പിണര്‍ പോലെ/മേനിക്കു പിന്നിലെ ആത്മാവുപോലെ/മേദിനിയിലെ ഐശ്വര്യം പോലുള്ള നിന്നസ്തിത്വം ആര്‍ക്കറിയാം./നിന്‍ നിലനില്പ് വര്‍ഷങ്ങളായിക്കണ്ടവഗണിച്ച്,/മറന്ന് ബുദ്ധിശൂന്യനായി വട്ടനായി ഞാന്‍/ എന്റെ അപരാധത്തിനറ്റമില്ല/ ക്ഷമിക്ക രക്ഷിക്ക കൂഡലസംഗമദേവാ.

ബസവണ്ണയുടെ വചനമുദ്രയാണ് കൂഡലസംഗമദേവാ എന്ന സംബുദ്ധി. കൂടലദേശത്തെ മഹേശ്വരനാണ് കൂഡലസംഗമദേവന്‍. ആത്മസമര്‍പ്പണത്തോടൊപ്പം ജീവിതത്തിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും ബസവണ്ണന്റെ വചനങ്ങളില്‍ കാണാം. കാലാതീതമായി വര്‍ത്തിക്കുന്ന ദര്‍ശനങ്ങളും അവയില്‍ ധാരാളമുണ്ട്.

കൈവള കൈശക്തമാക്കുന്നു/കൊടുക്കാം സ്വീകരിക്കരുത്/തോള്‍വള തോളിനെ ശക്തമാക്കുന്നു/പരസ്ത്രീയാലിംഗനം പാടില്ല/കടുക്കന്‍ ചെവിയെ ശക്തമാക്കുന്നു/ ശിവനിന്ദ ശ്രവിക്കരുത്/കഴുത്തിലണിഞ്ഞ മാല കഴുത്ത് ശക്തമാക്കുന്നു./അന്യദൈവത്തിനുമുന്നില്‍ തലകുനിക്കരുത്/എപ്പോഴും നിന്നെത്തന്നെ ധ്യാനിച്ച്/നിന്നെത്തന്നെ പൂജിച്ച് നിന്നിലലിയുന്നവര്‍/ കൂഡലസംഗമദേവന്റെ ശിരസിലെ മുത്ത്.

ഇങ്ങനെ ആദ്ധ്യാത്മിക തലത്തിലും സാമൂഹിക ജീവിതത്തിലും അര്‍ത്ഥശൂന്യമായിക്കണ്ടതിനെയെല്ലാം ഭര്‍ത്സിച്ച് കൂഡലസംഗമദേവനില്‍ സായൂജ്യം അടഞ്ഞ സത്യാമ്പേഷിയും വാഗീശനുമായിരുന്നു ബസവണ്ണ. കാലം അദ്ദേഹത്തെ ബസവേശ്വരനാക്കി. മനുഷ്യത്വത്തില്‍നിന്നും ദേവത്വത്തിലേക്കു ജീവിതകാലത്തു തന്നെ പരിണമിച്ച ബസവണ്ണനാല്‍ ബലിഷ്ഠമാക്കപ്പെട്ട വചന സാഹിത്യം നൂറ്റാണ്ടുകളിലൂടെ ആഴവും പരപ്പും വെച്ച് ഒഴുകിക്കൊണ്ടേയിരിക്കുന്നു.

അവലംബം: വചനം. കന്നഡമൂലകൃതി, എഡിറ്റര്‍ ഡോ. എം.എം. കല്‍ബുര്‍ഗി, മലയാളം ഏഡിറ്റര്‍: ഡോ. എം. രാമ, ബസവസമിതി, ബംഗളൂരു, 2016.

 

Share18TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies