കൊമ്പനീവഴി വന്നില്ലയെങ്കില്‍
ആരു തിന്നും മുള മുളയെല്ലാം?
കാട്ടുകോഴികള്‍ കൂട്ടമായെത്തി,
നെല്ലുകൊത്തിപ്പെറുക്കാതെ പോയാല്‍,
കൊയ്ത്തുപാടത്തു വീണുപോകുന്ന,
നെല്ല് പുല്ലായ് വളര്‍ന്നു പോകില്ലേ?
മുട്ടയിട്ടു പെരുകട്ടെ പക്ഷി-
ക്കൂട്ടമൊക്കെ ദേശം കടക്കട്ടെ,
കാട്ടുകാവലാളെയ്തു വീഴ്ത്തട്ടെ,
കണ്ടുനിന്നയാള്‍ പാട്ടെഴുതട്ടെ,
പാട്ടു പിന്നെക്കിളി പാടിട്ടെ,
പാട്ടുമാട്ടവും പാല്‍ ചുരത്തട്ടെ.
പാമ്പിഴഞ്ഞു പുളഞ്ഞു വരട്ടെ,
ചേരപേടിച്ചെലികളോടട്ടെ,
കൊറ്റിയൊക്കെ നിരന്നു നില്‍ക്കട്ടെ,
കൊച്ചു മീനിനെത്തിന്നു തീര്‍ക്കട്ടെ.
പുല്ലുമേയാന്‍ പശുക്കള്‍ വരട്ടെ,
പയ്യിനെപ്പുലി കൊന്നുതിന്നട്ടെ,
പാത്ത്, പാഞ്ഞ്, പതുക്കെ, പ്പതുങ്ങി-
പ്പോത്തിനായിക്കടുവ വരട്ടെ,
കോര്‍ത്തുകൊമ്പിലെടുത്തു കുടഞ്ഞാ-
ക്കാട്ടുപോത്ത് കരുത്തുകാട്ടട്ടെ,
മുക്കറയിട്ടു മൂളിക്കുതിച്ചാ-
പ്പന്നിയൊക്കെപ്പറമ്പു തെണ്ടട്ടെ,
ചീനി ചേമ്പുകള്‍ ചേനയുമെല്ലാം
കുത്തി മാന്തിപ്പുറത്തെടുക്കട്ടെ,
തെങ്ങിലൊക്കെക്കുരങ്ങു കേറട്ടെ
നല്ലിളനീരു തട്ടിവീഴ്ത്തട്ടെ,
ചാഴിവേണ്ട നെല്‍പ്പാല്‍ കുടിക്കട്ടെ,
ചാച്ചിമാവിലേക്കിത്തിള്‍ വരട്ടെ,
തിങ്ങിയാടും മധുരം നിറഞ്ഞ
മാങ്ങയില്‍ വാവല്‍ സദ്യയുണ്ണട്ടെ.
എന്റെ തോട്ടമുറുമ്പരിക്കട്ടെ,
എന്റെ റോസില്‍ പുഴു നുരയ്ക്കട്ടെ,
എന്നെയും പുഴുതിന്നുതീര്‍ക്കട്ടെ,
മണ്ണിലാപ്പുഴു വീണുതീരട്ടെ,
മണ്ണിനോടത് ചേര്‍ന്നുരുകട്ടെ,
മണ്ണില്‍ വീണ്ടും മുള മുളയ്ക്കട്ടെ,
കര്‍മ്മമൊക്കെ മഴയ്ക്കായിടട്ടെ,
വിണ്ണു ചോര്‍ന്നിട്ടു പുല്‍കുടിക്കട്ടെ.
വെള്ളമൊക്കെ പരന്നൊഴുകട്ടെ,
മീനമായി ഞാന്‍ വീണ്ടും വരട്ടെ,
വേദമൊക്കെ ഞാന്‍ മീണ്ടെടുക്കട്ടെ,
വീണ്ടുമൊക്കെയും വീണ്ടെടുക്കട്ടെ,
വേണ്ടവര്‍ക്ക് പകുത്തു നല്‍കട്ടെ.