പര്‍ദ്ദയണിഞ്ഞ സ്ത്രീകളെ വരെ അണിനിരത്തി വനിതാമതില്‍ സൃഷ്ടിച്ച സി.പി.എം. അതിലും മികച്ച നവോത്ഥാനം കാഴ്ചവെക്കുകയാണ്. എല്ലാ ജില്ലകളിലും പാര്‍ട്ടി നേതൃത്വം നല്‍കി സംഘടിപ്പിക്കുന്ന ഏകസിവില്‍കോഡിനെതിരായ സെമിനാര്‍ എന്നതാണ് നവോത്ഥാനത്തിന്റെ പുതിയമുഖം. ‘പെണ്‍കുട്ട്യേളെ സ്റ്റേജിലേക്ക് വിളിക്കാന്‍ നിന്നോട് ആരാ പറഞ്ഞത്’ എന്ന് അരിശം കൊണ്ട സമസ്ത മൊയ്‌ല്യാര്‍മാരാണ് സെമിനാറിന്റെ തിളക്കം എന്നതിനാല്‍ സ്ത്രീകളെ കാര്യമായി സെമിനാറിലേക്ക് ക്ഷണിച്ചിട്ടില്ല. ഏക സിവില്‍കോഡ് വേണ്ട എന്നു പറയാന്‍ വനിത മുസ്ലിം പ്രതിനിധികള്‍ ആവശ്യമില്ല എന്നു സിപിഎം തീരുമാനിച്ച പോലെ. സ്റ്റേജില്‍ മുസ്ലിം സ്ത്രീകളെ കണ്ടാല്‍ സമസ്ത പണ്ഡിതന്മാര്‍ക്ക് ഹാലിളകിയാലോ? ഏകീകൃത സിവില്‍ നിയമം വേണ്ട എന്നു പറയുന്ന സെമിനാറിലേക്ക് സി.പി.എം താണുകേണു ക്ഷണിച്ചവരില്‍ മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ മകളെ മതംമാറ്റാതെ വിവാഹം ചെയ്തതിന്റെ പേരില്‍ ആ ബന്ധം വ്യഭിചാരമാണ് എന്ന് കോഴിക്കോട്ടെ ലീഗു പൊതുയോഗത്തില്‍ പച്ചയ്ക്ക് പറഞ്ഞ ലീഗുനേതാക്കളുമുണ്ട്. ലിംഗസമത്വം, തുല്യത, പുരോഗമനം എന്നൊക്കെ പറയുന്നത് കുട്ടിസ്രാങ്ക് പോലെ തലകുത്തനെയാണെന്ന് സമസ്തക്കാരന്‍ ഈ സെമിനാര്‍ വഴി സി.പി.എമ്മിന് മദ്രസാക്ലാസ് കൊടുക്കും. അതാണ് സിപിഎം നേതൃത്വം നല്‍കുന്ന കേരള നവോത്ഥാനത്തിന്റെ പുതിയമുഖം.
സമസ്തക്കാരന്റെ ഈ മദ്രസ ക്ലാസിന്റെ ഉന്നത ബിരുദം നല്‍കുന്നവരാണ് അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. പെണ്‍കുട്ടികളെ സ്‌റ്റേജില്‍ കയറ്റണ്ട എന്നു പറയുന്നതിന്റെ ഏട്ടനാണ് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകണ്ട എന്നത്. സി.പി.എമ്മിന്റെ പുതിയ നവോത്ഥാനത്തില്‍ ഏകസിവില്‍ നിയമം തുലയട്ടെ, താലിബാന്‍ നിയമം നീണാള്‍ വാഴട്ടെ എന്ന മുറവിളി ഉയരും. ഇങ്ക്വിലാബിനൊപ്പം അവര്‍ ഉറക്കെ വിളിക്കുന്ന മുദ്രാവാക്യം ഇതായിരിക്കും; സംശയിക്കണ്ട.