ആതിര തുടര്‍ന്നുപറഞ്ഞു:
”പുതു ഇസ്ലാം വിശ്വാസികളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പായ ഹിദായത്ത് സിസ്റ്റേഴ്‌സില്‍ ഉള്ള ഫിദയുമായി ഞാന്‍ സൗഹൃദത്തിലായി. ഇസ്ലാമായിരുന്നു മുഖ്യ സംസാര വിഷയം. ഒരു ദിവസം അവള്‍ പറഞ്ഞു. ഞാന്‍ തര്‍ബിയത്തുല്‍ ഇസ്ലാം സഭ എന്ന സ്ഥാപനത്തില്‍ 2 മാസം മതം പഠിക്കുവാന്‍ പോകുകയാണ്. ഇവിടെ മതം പഠിച്ചാല്‍ ഔദ്യോഗികമായി മതം മാറാം. ആ സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെല്ലാം അവള്‍ എനിക്ക് പറഞ്ഞ് തന്നു. നിയമപരമായി മതം മാറുകയെന്ന ഉറച്ച തീരുമാനത്തിലേക്ക് മനസ്സ് എത്തി. ഹിദായത്ത് ഗ്രൂപ്പിന്റെ സഹായം ഇക്കാര്യത്തില്‍ വേണ്ടുവോളം കിട്ടി. പൊന്നാനിയിലെയും കോഴിക്കോട്ടെയും ഔദ്യോഗിക മതപരിവര്‍ത്തന കേന്ദ്രങ്ങളെപ്പറ്റി അവര്‍ പറഞ്ഞു തന്നു. വീട്ടില്‍നിന്ന് മുങ്ങി മത പഠന കേന്ദ്രത്തില്‍ എത്തണമെന്നാണ് ആഗ്രഹം. കാണാതായാല്‍ വീട്ടുകാര്‍ മിസ്സിംഗ് കേസ് കൊടുക്കും. ഹിദായത്തിലെ അനുഭവസ്ഥര്‍ പറഞ്ഞു തന്നു. ഹിദായത്തുകാര്‍ തന്ന നമ്പര്‍ പ്രകാരം അവിടേക്ക് വിളിച്ചു. കേസ് ആകുമെങ്കില്‍ അതൊക്കെ കഴിഞ്ഞ് വന്നാല്‍ മതിയെന്നും വരുമ്പോള്‍ സത്യവാങ്മൂലം വേണമെന്നും പറഞ്ഞ് അവര്‍ കൈയ്യൊഴിഞ്ഞു.”
ഈ സത്യവാങ്മൂലത്തിന് വേണ്ടിയുള്ള അന്വേഷണം ആതിരയെ കൊണ്ടുചെന്ന് എത്തിച്ചത് വലിയൊരു മതപരിവര്‍ത്തന മാഫിയാ സംഘത്തിന്റെ കൈകളിലാണ്. സ്വന്തം ഇഷ്ടപ്രകാരം മതം പഠിക്കുവാന്‍ വരുന്നതെന്ന് ഒരു നോട്ടറി വക്കീലിന്റെ മുമ്പില്‍ വെച്ച് സ്റ്റാമ്പ് പേപ്പറില്‍ ഒപ്പ് ഇടുന്നതാണ് സത്യവാങ്മൂലം. ഇതിനായി സുഹൃത്തുക്കള്‍ ഒരു റഫീഖ് വക്കീലിന്റെ നമ്പര്‍ കൊടുക്കുന്നു. ഇയാള്‍ ഒരു ഗുമസ്തന്റെയും വേറൊരാളുടെയും നമ്പര്‍ കൊടുക്കുന്നു. ഇതിനിടയില്‍ ഒരു ഹിദായത്ത് സുഹൃത്ത് വഴി പൊന്നാനി ഇസ്ലാം സഭയിലെ ഒരു ഉസ്താദിന്റെ നമ്പര്‍ കിട്ടുന്നു. അദ്ദേഹം അങ്ങോട്ട് ക്ഷണിക്കുന്നു. റഫീഖ് സത്യവാങ്മൂലം തയ്യാറാക്കി ഖാദറിക്ക എന്നയാളുമായി ബന്ധപ്പെടുത്തുന്നു. പിന്നീടൊരു ഇര്‍ഫാന്‍ വരുന്നു. കാര്യങ്ങള്‍ അന്വേഷിച്ച അവരോട് ആതിര എല്ലാ കാര്യങ്ങളും തത്ത പറയുംപോലെ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ കാണാതായാല്‍ വീട്ടുകാര്‍ പോലീസ് കേസ് ആക്കുമെന്നും ഇതിനുള്ള ഒറ്റമൂലി ഒരു കല്യാണം കഴിക്കലാണെന്നും ഇവര്‍ ആതിരയോട് പറഞ്ഞു. ഒരുപാട് ചെക്കന്മാരും കയ്യിലുണ്ട്. ഒരുപാട് പേരെ കല്യാണം കഴിപ്പിച്ച് ഇസ്ലാമാക്കിയ കഥകളും ആതിരയോട് വിവരിച്ചു. പക്ഷെ കല്യാണാലോചന ആതിര നിരസിച്ചു. ഈ സംഘാംഗങ്ങള്‍ സജീവ പോപ്പുലര്‍ ഫ്രണ്ട് – എസ്.ഡി.പി.ഐക്കാരാണെന്ന് പിന്നീട് മനസ്സിലായി.
കാഞ്ഞങ്ങാട്ട് ഉള്ള ഒരു വക്കീലിന്റെ കൈയ്യില്‍ നിന്ന് അവര്‍ ആതിരക്ക് സത്യവാങ്മൂലം സംഘടിപ്പിച്ചു. സത്യവാങ്മൂലം കിട്ടിയിട്ടും ഖാദറിക്ക കല്യാണാലോചനയുമായി വിടാതെ നിന്നു. ആദ്യം വിവാഹം, പിന്നെ ഇസ്ലാം ഇതായിരുന്നു ഖാദറിക്കയുടെ ഉപദേശം. പക്ഷെ കല്യാണം വേണ്ടന്ന നിലപാടില്‍ ആതിര ഉറച്ചു നിന്നു.
ആതിരയുടെ കാര്യം ഖാദറിക്കയുടെ ഉത്തരവാദിത്തത്തിലായി. പിന്നത്തെ വരവില്‍ ഖാദറിക്കയുടെ കൂടെ പേര് വെളിപ്പെടുത്താത്ത ഒരാള്‍ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ കല്യാണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഇവര്‍ ഉദ്‌ബോധിപ്പിച്ചു കൊണ്ടിരുന്നു.
അവര്‍ ആതിരയോട് മുന്‍കാല അനുഭവങ്ങള്‍ ഒന്നൊന്നായി പറഞ്ഞു. ‘അമ്മയും അച്ഛനുമൊക്കെ കരയും. കാല്‍ക്കല്‍ വീഴും. നിന്റെ മുമ്പില്‍ കുഴഞ്ഞ് വീഴും. പതറിപ്പോകരുത്. മനസ്സിനും കേസിനും ബലം കിട്ടാന്‍ നല്ലത് ആദ്യം ഒരു മുസ്ലിം പയ്യനെ കല്യാണം കഴിക്കലാണ്’ ആതിര വീണ്ടും നിരസിച്ചു.
ഞാന്‍ മതം പഠിച്ച് വന്നവളാണെന്നും തനിക്കിനി ഔദ്യോഗികമായി മതം മാറിയ സര്‍ട്ടിഫിക്കറ്റ് മാത്രം കിട്ടിയാല്‍ മതിയെന്നുമായിരുന്നു ആതിരയുടെ വാദം. ഒരു കത്ത് എഴുതി വെച്ചിട്ട് വേണം വീട് വിട്ടിറങ്ങുവാന്‍. അവര്‍ നിര്‍ദ്ദേശിച്ചു.
”ഗള്‍ഫില്‍ വെച്ച് മൊത്തമായി ഇസ്ലാം മതം സ്വീകരിച്ച ഒരു ഹിന്ദു കുടുംബത്തിനെ ഹിദായത്തുകാര്‍ പരിചയപ്പെടുത്തി തന്നു. ഷാനിത്താത്തയായിരുന്നു അവിടത്തെ ഗൃഹനാഥ. ഇവരെപ്പോലെ ആകേണ്ടവളാണ് താനും. ഷാനിത്താത്തയുമായി വളരെ പെട്ടെന്ന് അടുത്തു. ഇങ്ങനെയിരിക്കേ വീണ്ടും നോമ്പുകാലമായി. ഞാന്‍ വീട്ടില്‍ നോമ്പ് തുടങ്ങി. അച്ഛനും അമ്മയും ആത്മഹത്യാഭീഷണി മുഴക്കി. വീട്ടില്‍ കരച്ചിലും പിഴിച്ചിലും കലഹവും. എല്ലാവരുടെയും മനഃസമാധാനം നഷ്ടപ്പെട്ടു. താന്‍ എന്തെങ്കിലും ചെയ്താല്‍ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുമോയെന്ന പേടി ഉള്ളിലുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ചേട്ടനെയും കൂട്ടി ഇറങ്ങാമെന്ന് പദ്ധതിയിട്ടെങ്കിലും അച്ഛനും അമ്മയേയും വിഷമിപ്പിച്ച് ഇസ്ലാമാകുവാന്‍ ചേട്ടന്‍ തയ്യാറായില്ല.
എന്റെ എല്ലാ സങ്കടങ്ങളും ഞാന്‍ ഷാനി താത്തയോട് നിരന്തരം പറഞ്ഞിരുന്നു. എന്നെ ഇസ്ലാം പഠിക്കുവാന്‍ സഹായിക്കാമെന്ന് ഇവരുടെ സഹോദരന്‍ സിറാസ് ഉറപ്പ് നല്‍കി. സിറാസ് പോപ്പുലര്‍ ഫ്രണ്ടുകാരനായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. താന്‍ ഇസ്ലാമാകാന്‍ പോകുന്നുവെന്ന സന്തോഷം ഒരുഭാഗത്ത്. വീട്ടുകാരെ ഉപേക്ഷിക്കുന്നതിന്റെ വിഷമം മറുഭാഗത്ത്. ഒടുവില്‍ എല്ലാം അള്ളായെ ഏല്‍പ്പിച്ച് വീട്ടില്‍നിന്ന് ഇറങ്ങുവാന്‍ തീരുമാനിച്ചു. മുന്‍പ് കിട്ടിയ ഉപദേശപ്രകാരം ഞാന്‍ വീട് വിട്ടിറങ്ങുന്നതിന്റെ കാര്യ കാരണങ്ങള്‍ കാണിച്ച് ഒരു കത്ത് എഴുതി. എഴുതി വന്നപ്പോള്‍ ആ കത്ത് 22 പേജായി. ഈ കത്ത് എന്റെ സത്യസന്ധതയേയും സത്യമത വിശ്വാസത്തേയും ലോകര്‍ക്ക് മുമ്പില്‍ ബോദ്ധ്യപ്പെടുത്തുമെന്നും എന്റെ നിഷ്‌കളങ്കത തിരിച്ചറിഞ്ഞ് ലോകം എന്റെ കൂടെ നില്‍ക്കുമെന്നുമാണ് അന്ന് ഞാന്‍ കരുതിയത്. എന്റെ മതവിജ്ഞാനം ആവോളം വിളമ്പിയിട്ടുള്ള ഈ കത്തിന്റെ ഒരോ കോപ്പികള്‍ വീതം ഞാന്‍ എന്നെ സഹായിച്ചവര്‍ക്ക് നല്‍കി. ഈ കത്ത് പിന്നീട് എനിക്കെതിരെയുള്ള ഒരു ആയുധമാക്കി മതപരിവര്‍ത്തന മാഫിയ മാറ്റി എന്നതാണ് സത്യം.
എന്റെ മുസ്ലിം ഫ്രണ്ട്‌സും സിറാസും കൂടി എന്നെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ഞാന്‍ ഇറങ്ങിച്ചെന്നാല്‍ മാത്രം മതി. 2017 ജൂലായ് 10 ന് അത് സംഭവിച്ചു. ആതിര വീട് വിട്ടിറങ്ങി. തലേന്ന് തീരെ ഉറങ്ങിയില്ല. രാവിലെ എഴുന്നേറ്റ് തഹജ്ഞുദ് നിസ്‌കരിച്ച് മൂആ ചെയ്തു കൊണ്ടിരുന്നു. കത്തും മുസ്ലിം ഗ്രന്ഥങ്ങളും എല്ലാവര്‍ക്കും കാണുവാന്‍ പാകത്തില്‍ മേശപ്പുറത്ത് വെച്ചു. അത്യാവശ്യ സാധനങ്ങള്‍ എടുത്ത് ഡോക്ടറെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി. ദിക്‌റും സ്വലാത്തും ചൊല്ലി നടന്നു.
പരിയാരം മെഡിക്കല്‍ കോളേജിന്റെ അടുത്ത് വരാനാണ് സിറാസ് പറഞ്ഞിട്ടുള്ളത്. അച്ഛനും അമ്മക്കും സമാധാനം കൊടുക്കാനും കേസുണ്ടായാല്‍ അത് ഉടനെ തീരാനും അള്ളാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പറഞ്ഞ സ്ഥലത്ത് ബസ് ഇറങ്ങി. പരിയാരം മെഡിക്കല്‍ കോളേജിനുള്ളില്‍ കയറി പര്‍ദ്ദയിട്ടു. അവിടന്നങ്ങോട്ട് താന്‍ പര്‍ദ്ദയും ഹിജാബും ധരിച്ച ആയിഷയായി. സിറാസ് പറഞ്ഞതനുസരിച്ച് പോകുന്ന പോക്കില്‍ അമ്മാവനെ വിളിച്ച് മതം പഠിക്കാന്‍ പോകുന്ന കാര്യം അറിയിച്ചു.
അവിടം മുതല്‍ താന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ നിയന്ത്രണത്തിലായി. പോലീസ് പിന്തുടരാതിരിക്കുവാന്‍ മൊബൈല്‍ ഓഫ് ചെയ്യിച്ചു. ഫോണ്‍ അവര്‍ വാങ്ങി വെച്ചു. ഷാനി താത്തയുടെയും സിറാസിന്റെയും ബന്ധുവീടുകളില്‍ മാറി മാറി താമസം. വീട്ടില്‍ പോലീസ് വന്നതും കൂട്ടുകാരെ ചോദ്യം ചെയ്തതുമെല്ലാം സിറാസ് പറഞ്ഞു.
ദിവസങ്ങള്‍ കടന്നുപോയി. പര്‍ദ്ദയും ഹിജാബുമൊക്കെ അണിഞ്ഞ് പൂര്‍ണ ഇസ്ലാം വേഷത്തിലാണ് ഞാന്‍. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് കൊടുക്കുവാന്‍ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് സിറാസിന്റെ കൂടെ എറണാകുളത്തേക്ക് പോയി. എറണാകുളത്ത് ഒരു അലിയായിരുന്നു ആസൂത്രകന്‍. പിന്നീട് ഒരു ലത്തീഫ് വന്നു. അവിടെയും വീടുമാറ്റങ്ങള്‍ ഉണ്ടായിരുന്നു. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും നടക്കുന്ന ചര്‍ച്ചകള്‍ അപ്പപ്പോള്‍ അലി അറിയിച്ചിരുന്നു. ആയിഷ ഉറപ്പിച്ചെടുത്ത തീരുമാനമാണോ എന്നൊക്കെ അലി ചോദിച്ചിരുന്നു.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആഗ്രഹിച്ച പോലെ ഹേബിയസ് കോര്‍പസ് ഹൈക്കോടതിയില്‍ വന്നില്ല. എന്നെയും ഒളിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടക്കുവാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഒടുവില്‍ കാസര്‍കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ തന്നെ ഹാജരാക്കുവാന്‍ അവര്‍ തീരുമാനിച്ചു. അലിക്കയും ഒരു സുഹൃത്തിന്റെ കുടുംബവും താനും കൂടി ട്രാവലറില്‍ കയറി. പോലീസിലും കോടതിയിലും പറയേണ്ട കാര്യങ്ങള്‍ ട്യൂഷനെടുക്കും പോലെ അലിക്ക വണ്ടിയില്‍ ഇരുന്ന് പറഞ്ഞ് തന്നുകൊണ്ടിരുന്നു.
രാവിലെ ഏഷ്യാനെറ്റ് ചാനലിന് ഇന്റര്‍വ്യൂ കൊടുക്കണം. ഇത്രയും ദിവസം എവിടെയായിരുന്നെന്ന് ചോദിക്കും. എറണാകുളത്ത് വന്ന കാര്യമൊന്നും പറയരുത്. ഫ്രണ്ടിന്റെ വീട്ടില്‍ ആയിരുന്നെന്നും ഇസ്ലാം പഠിക്കാനാണ് പോകുന്നതെന്നും പറയണം. അതിന് ശേഷം പോലീസ് സ്റ്റേഷന്‍. അത് 27-ാം തീയതിയായിരുന്നു. 17 ദിവസമായി വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട്.
ഏഷ്യാനെറ്റില്‍ വാര്‍ത്ത വന്നതോടെ എന്റെ നിലപാട് ലോകം അറിഞ്ഞു. ഇനി പോലീസിനോ കോടതിക്കോ തന്റെ ഇഷ്ടത്തിനെതിരായി ഇടപെടാന്‍ കഴിയില്ല. അതായിരുന്നു അവരുടെ ബുദ്ധി. കാസര്‍കോട് സ്റ്റേഷനിലെത്തി സ്റ്റേറ്റ്‌മെന്റ് കൊടുത്തു. വസ്ത്രം അത് തന്നെ. കറുത്ത കുപ്പായം.
പോലീസുകാരുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍. അലിക്ക പഠിപ്പിച്ചതിനപ്പുറം ഒന്നും പറഞ്ഞില്ല. പോലീസ് നടപടികള്‍ അവസാനിക്കാറായപ്പോഴേക്കും അവരെത്തി. അച്ഛനും അമ്മയും. ഒപ്പം ചെറിയച്ഛനും ചെറിയമ്മയും. ഞാന്‍ അവരെയൊന്ന് നോക്കി. ഒറ്റ നോട്ടം. ആ കാഴ്ച തന്റെ മനസ്സ് തകര്‍ത്തു. ഇതുപോലെ തകര്‍ന്ന അവസ്ഥയില്‍ ഞാനവരെ കണ്ടിട്ടില്ല. പൊട്ടിക്കരയുന്ന അമ്മ. താടി നീണ്ട അച്ഛന്‍. ടെന്‍ഷനടിച്ച് ഒരു കോലത്തിലായ അമ്മാവന്‍. എല്ലാവരും എന്റെ ചുറ്റും കൂടി കാലു പിടിക്കുന്നപോലെ അപേക്ഷിച്ചു. ‘നീ പോവല്ലേ മോളെ. വലിയൊരു അപകടത്തിലേക്കാണ് നീ പോകുന്നത്.’ അച്ഛനും അമ്മയും ബന്ധുക്കളും ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഖാദറിക്കയും കൂട്ടുകാരും പല തവണ പറഞ്ഞു തന്നിട്ടുള്ളതാണ്. അത് അതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു. എന്തൊരു ത്രികാലജ്ഞാനികളാണിവര്‍. പതറില്ല എന്ന് ഞാന്‍ അവര്‍ക്ക് വാക്കും കൊടുത്തിട്ടുള്ളതാണ്. തനിക്ക് വാക്ക് പാലിച്ചേ പറ്റൂ.
തന്റെ ബന്ധുമിത്രാദികളെല്ലാം കണ്ണീരില്‍ നിന്ന് തുടിക്കുകയാണ്. ആ മുറിക്കാകെ കണ്ണുനീരിന്റെ ഗന്ധം. നീ വീട്ടിലേക്ക് വാ. നിനക്ക് ഇസ്ലാമായി തന്നെ ജീവിക്കാം. ഒരു അമ്മയുടെ മകളോടുള്ള യാചനയാണ്. നീ പോയതറിഞ്ഞ് ആശുപത്രിയിലായതാണ് അമ്മൂമ്മ. പോലീസുകാര്‍ തന്നെ ബോധവല്‍ക്കരിക്കുവാന്‍ ശ്രമിച്ചു. ഞാന്‍ ഇതെല്ലാം തല താഴ്ത്തി നിന്ന് കേട്ടു. പക്ഷെ തീരുമാനം ഉറച്ചതായിരുന്നു- ഇസ്ലാം.”
പര്‍ദ്ദയും ഹിജാബുമെല്ലാം സ്ഥിരം വസ്ത്രമായി മാറിയിരുന്നു. അള്ളാക്ക് ഇതാണ് ഇഷ്ടം. രാവിലെ തന്നെ കോടതിയില്‍ ഹാജരാകുമ്പോള്‍ അവിടെ പതിവില്ലാത്ത ആള്‍ക്കൂട്ടം. ആയിഷയെ കാണാന്‍ എത്തിയിരിക്കുന്നവരാണിവര്‍. ആയിഷയെ സ്വീകരിക്കാനും ധൈര്യം പകരാനും മുസ്ലിം ഉത്സാഹ കമ്മറ്റി അവിടെ ഉണ്ടായിരുന്നു. തനിക്ക് വേണ്ടി കേസ് വാദിക്കാന്‍ അവിടെ വക്കീലിനെ വരെ അവര്‍ വെച്ചിരിക്കുന്നു. എന്തൊരു സ്‌നേഹമാണ് അവര്‍ക്ക് എന്നോട്. ഇസ്ലാം പഠിക്കണം എന്ന തീരുമാനം മജിസ്‌ട്രേറ്റിനോട് പറയണം. വക്കീല്‍ ഉപദേശിക്കാന്‍ മറന്നില്ല.
ഉപദേശങ്ങള്‍ ഒരുപാടുണ്ടായി. കോഴിക്കോട്ടുള്ള തര്‍ബിയത്തുല്‍ ഇസ്ലാം സഭയില്‍ പോയി തന്നെ മതം പഠിക്കണമെന്ന തീരുമാനം ഉറച്ചതായിരുന്നു. വെറുമൊരു സാദാ ഇസ്ലാം മത വിശ്വാസിയായി ജീവിക്കാനല്ല മറിച്ച് സര്‍ട്ടിഫിക്കറ്റുള്ള ഒന്നൊന്നര മുസ്ലിമായി ജീവിക്കാനാണ് ഞാന്‍ വീട് വീട്ടത്. അതിന് കോഴിക്കോട്ടുള്ള തര്‍ബിയത്തുല്‍ ഇസ്ലാം സഭയില്‍ ചേര്‍ന്ന് പഠിക്കണം. ആ സര്‍ട്ടിഫിക്കറ്റിനേ വിലയുള്ളു.
ഒരു മുസ്ലിം സ്ത്രീയായിരുന്നു മജിസ്‌ട്രേറ്റ്. ആ മജിസ്‌ട്രേറ്റ് പോലും തന്നെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചു. കുട്ടി നിനക്ക് മതം പഠിച്ചാല്‍ പോരെ. വീട്ടില്‍ അതിനുള്ള എല്ലാ സൗകര്യവും ചെയ്ത് തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാനും ഒരു മുസ്ലിമാണ്. തര്‍ബിയത്തില്‍ പോയില്ലെങ്കിലും വീട്ടില്‍ നിനക്ക് ഇസ്ലാമായി ജീവിച്ചൂടേ? തട്ടം പോലും ഇടാത്ത ഒരു സ്ത്രീയായിരുന്നു മജിസ്‌ട്രേറ്റ്. മുസ്ലിം സ്ത്രീയായിട്ട് കാര്യമില്ല. അള്ളാ പറഞ്ഞതനുസരിച്ച് വസ്ത്രം ധരിച്ച് ജീവിക്കേണ്ടേ? ആരെയും അനുസരിക്കാന്‍ തോന്നിയില്ല. തളര്‍ന്നാല്‍ അള്ളായുടെ ദീന്‍ നടപ്പിലാക്കാന്‍ കഴിയാതെ വരും.
സമയം ഏറെ വൈകി രാത്രിയായിരുന്നു. ഒടുവില്‍ കോടതിയുടെ ഉത്തരവ് വന്നു….
(തുടരും)