രാജീവ് മല്‍ഹോത്രയും അരവിന്ദന്‍ നീലകണ്ഠനും ചേര്‍ന്ന് ‘ബ്രേക്കിങ്ങ് ഇന്ത്യ: വെസ്റ്റേണ്‍ ഇന്റര്‍വിന്‍ഷന്‍സ് ഇന്‍ ദ്രാവിഡിയന്‍ ആന്റ് ദളിത് ഫോര്‍ട്ട് ലൈന്‍സ്’ എന്ന ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചത് 2011-ലാണ്. ഭാരതത്തിലെ ജാതിവ്യവസ്ഥയെ വികലമായി ചിത്രീകരിച്ച് ദുരുപയോഗം ചെയ്യുക എന്ന ഗൂഢലക്ഷ്യത്തോടെ അന്തര്‍ദേശീയ തലത്തില്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയും മറ്റും കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന അതിവിപുലമായ ശൃംഖല ഭാരതത്തില്‍ പോലും സക്രിയമാണെന്നതിന്റെ തെളിവാണ് അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെ ‘ആഫ്രോ-ദളിത് പ്രോജക്ട്’ എന്ന പേരില്‍ ഭാരതത്തില്‍ ജാതികള്‍/വര്‍ണങ്ങള്‍ തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് പഠിക്കാനുള്ള സംരംഭം. ഇതിന്റെയെല്ലാം ആത്യന്തികമായ ലക്ഷ്യം ഹിന്ദുസമൂഹത്തെ ശിഥിലമാക്കി ഭാരതത്തെ തന്നെ തകര്‍ക്കുക എന്നതാണ്. മസ്തിഷ്‌ക്കപ്രക്ഷാളനത്തിലൂടെയും കൃത്രിമപ്പണിയിലൂടെയും ദാരിദ്ര്യമനുഭവിക്കുന്ന നിഷ്‌ക്കളങ്കരായ ഗ്രാമീണ ജനതയെ സുവിശേഷവല്‍ക്കരിച്ചും നമ്മുടെ സാംസ്‌കാരികവും ധാര്‍മ്മികവും നാഗരികവുമായ അടിത്തറ തകര്‍ത്ത് തരിപ്പണമാക്കി ഭാരതത്തിന്റെ അസ്തിത്വത്തെ തന്നെ ഇല്ലായ്മ ചെയ്യാനുമുള്ള ഗൂഢതന്ത്രത്തെ പ്രമാണങ്ങള്‍ നിരത്തി തുറന്നുകാട്ടുന്ന ഈ കൃതി പ്രസിദ്ധീകരിച്ച് ഒരു പതിറ്റാണ്ടിന് ശേഷം രാജീവ് മല്‍ഹോത്ര ശ്രീമതി വിജയ വിശ്വനാഥനുമായി ചേര്‍ന്നു രചിച്ച ഗ്രന്ഥമാണ് ‘സ്‌നേക്‌സ് ഇന്‍ ദി ഗംഗ’ അഥവാ ‘ബ്രേക്കിങ്ങ് ഇന്ത്യ 2.0’.
ഗംഗയിലെ തീര്‍ത്ഥസ്‌നാനം പുണ്യദായകമാണ്, സുഖദായകമാണ്. എന്നാല്‍ അല്ലലില്ലാതെ ഗംഗയില്‍ തീര്‍ത്ഥസ്‌നാനം ചെയ്യുമ്പോള്‍ അവിചാരിതമായി വെള്ളത്തിനടിയില്‍ ഒളിഞ്ഞിരിക്കുന്ന വിഷസര്‍പ്പത്തിന്റെ കടിയേറ്റാല്‍ എന്തായിരിക്കും അവസ്ഥ? ഇതുപോലെ പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നും ലാഭകരമെന്നും തോന്നുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ നാം കാണാതെ പോകാറുണ്ട്. ഈ സ്ഥിതിവിശേഷം ആലങ്കാരികമായി ചൂണ്ടിക്കാണിക്കുന്നതാണ് പുസ്തകത്തിന്റെ പേര് എന്ന് എഴുത്തുകാര്‍ വ്യക്തമാക്കുന്നു.
ഒരു ജനാധിപത്യ രാജ്യമായ അമേരിക്കയില്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ അസ്തിത്വത്തെ തകര്‍ക്കാനും അസ്ഥിരപ്പെടുത്താനുമുള്ള ഗൂഢതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കപ്പെടുന്നതിന്റെ വിശദാംശങ്ങളെ സമഗ്രമായി പ്രതിപാദിക്കുകയും വിലയിരുത്തുകയുമാണ് ഈ ഗ്രന്ഥത്തിലൂടെ എഴുത്തുകാര്‍ ചെയ്യുന്നത്.
വിവരസാങ്കേതികവിദ്യയില്‍ പ്രാഗത്ഭ്യം നേടിയ ഭാരതീയരായ യുവാക്കള്‍ ജോലിക്കായി അമേരിക്കയിലെ സിലിക്കണ്‍ വാലിയിലും മറ്റും എത്തുന്നുണ്ട്. അതോടൊപ്പം ഭാരതത്തിലെ ഇടതുപക്ഷവും ഉന്നതവിദ്യാഭ്യാസത്തിനും ഉന്നതനിലവാരത്തിനും പേരുകേട്ട ഹാര്‍വാര്‍ഡ് പോലുള്ള കിഴക്കന്‍ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പഠനത്തിനും ഗവേഷണത്തിനുമായി യുവാക്കളായ സഖാക്കന്മാരെ ആസൂത്രിതമായി അയക്കുന്നുണ്ട്. അവര്‍ക്കാവശ്യമായ സാമ്പത്തിക സഹായവും പിന്തുണയും നല്‍കുന്നതാകട്ടെ, ലോകമെമ്പാടുമുള്ള തീവ്ര ഇടതുപക്ഷ വിജ്ഞാന പ്രവര്‍ത്തകരും!
കാലങ്ങളായി അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ നടന്നുവരുന്ന പോലീസിന്റെ വംശീയാതിക്രമം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് കരാളരൂപം ധരിച്ച പശ്ചാത്തലത്തിലാണ് ‘കറുത്തവര്‍ഗ്ഗക്കാരുടെ ജീവന് വിലയുണ്ട്’Black Live Matter) പ്രസ്ഥാനം 2013ല്‍ അവിടെ ഉടലെടുത്തത്. 2020 മെയ് മാസം 25ന് മിനിയാപ്പൊലിസിലെ മിനസോട്ടയില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്രോയിഡിനെ വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ വധിച്ചതിനെ തുടര്‍ന്ന് ഈ പ്രസ്ഥാനം അതിശക്തമായിത്തീര്‍ന്നു. ഇതിന്റെയെല്ലാം പരിണതിയെന്നോണമാണ് ‘വിമര്‍ശന വംശ സിദ്ധാന്തം'(Critical Race Theory) അമേരിക്കന്‍ മുഖ്യധാരയില്‍ ഇടംപിടിച്ചത്.
ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളും പ്രചാരകന്മാരും മുഖ്യമായും ഹാര്‍വാര്‍ഡ് സര്‍വകലാശാല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികളും ചിന്തകന്മാരുമാണ്. വംശീയതയുടെ വ്യവസ്ഥാപിത സ്വഭാവം, പ്രബല ജനവിഭാഗങ്ങള്‍ക്ക് പ്രാമുഖ്യമുള്ള സ്ഥാപനങ്ങള്‍ വംശീയതയ്ക്കു നല്‍കുന്ന സംഭാവന മുതലായ വിഷയങ്ങളെക്കുറിച്ചുള്ള ഗവേഷണവും പഠനവുമാണ് അവരുടെ മുഖ്യ ഉദ്ദേശ്യം. ഈ സിദ്ധാന്ത പ്രകാരം അമേരിക്കയിലെ വെളുത്തവര്‍ഗ്ഗക്കാര്‍ മര്‍ദ്ദകരും കറുത്തവര്‍ഗ്ഗക്കാര്‍ മര്‍ദ്ദിതരുമാണ്.
അമേരിക്കയില്‍ നിലനില്‍ക്കുന്ന ഈ സാമൂഹ്യ സാഹചര്യം ഹിന്ദുക്കള്‍ക്കിടയിലെ ജാതിസമ്പ്രദായവുമായി സമീകരിച്ച് ഭാരതത്തിലേക്ക് പറിച്ചുനടാനുള്ള കുത്സിത ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ ഗൂഢതന്ത്രത്തിന്റെ ഭാഗമായി അമേരിക്കയിലെ വിമര്‍ശന വംശ സിദ്ധാന്തം പേര് മാറ്റി വിമര്‍ശന ജാതി സിദ്ധാന്തമായി ഭാരതത്തില്‍ നട്ടുപിടിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇതിന്റെ അനുരണനങ്ങള്‍ അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ ഇപ്പോള്‍ തന്നെ കാണാനാകുന്നു. അമേരിക്കയില്‍ വംശീയതക്കെതിരായ നിയമങ്ങള്‍ വളരെ കര്‍ശനമാണ്. ഈ സാഹചര്യത്തിലാണ് സിലിക്കണ്‍ വാലിയിലെ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ബ്രാഹ്‌മണ മേധാവിത്വം ആരോപിച്ച് നിയമനടപടികള്‍ സ്വീകരിക്കാനുള്ള തന്ത്രം. ഉദാഹരണത്തിന്, അവിടെ പ്രവര്‍ത്തിക്കുന്ന സിസ്‌കൊ (CISCO) കമ്പനിയിലെ സൂപ്പര്‍വൈസര്‍മാരായ സുന്ദര അയ്യര്‍, രമണ കൊംപെല്ല എന്നിവര്‍ അവിടത്തെ ദളിതനായ ഒരു ജീവനക്കാരനോട് വിവേചനപരമായി പെരുമാറുകയും അയാളെ ദ്രോഹിക്കുകയും ചെയ്യുന്നു എന്ന പേരില്‍ അവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടതായി വന്നു.
ഭാരതത്തിലും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മുതലായ പ്രമുഖ സ്ഥാപനങ്ങളില്‍ ഇത്തരം വിവേചനം നിലനില്‍ക്കുന്നു എന്നാരോപിച്ച് അവയെ തകര്‍ക്കാനുള്ള സംരംഭങ്ങള്‍ നടക്കുന്നുണ്ട്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസറായ അജന്ത സുബ്രഹ്‌മണ്യന്‍ ‘ദി കാസ്റ്റ് ഓഫ് മെറിറ്റ്: എഞ്ചിനീയറിങ്ങ് എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യ’ എന്ന തന്റെ ഗ്രന്ഥത്തില്‍ ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജാതീയമായ വിശേഷാവകാശങ്ങള്‍ പുനരുല്പാദിപ്പിക്കുകയും അവയ്ക്ക് ചിരന്തനത്വം പ്രദാനം ചെയ്യുകയും ചെയ്യുന്ന പണിപ്പുരകളാണ് എന്ന ആരോപണമുന്നയിച്ചത് ഈ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരം ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭാരതത്തില്‍ നിന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അദ്ധ്യാപകരായും വിദ്യാര്‍ത്ഥികളായും എത്തിയ ഇടതുപക്ഷക്കാരുടെ പങ്ക് വളരെ വലുതാണ്. അതോടൊപ്പം ചൈനക്ക് ഈ സര്‍വകലാശാലയിലുള്ള സ്വാധീനം കൂടി കണക്കിലെടുക്കുമ്പോള്‍ സ്ഥിതിഗതികള്‍ എത്രമാത്രം ഗുരുതരമാണെന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഭാരതത്തെ ശിഥിലമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇത്തരം പഠന-ഗവേഷണങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ ഭാരതവംശജരുടെ കോര്‍പ്പറേറ്റ് ഭവനങ്ങള്‍ വമ്പിച്ച തോതില്‍ സാമ്പത്തിക സഹായവും പിന്തുണയും നല്‍കുന്നു എന്നതാണ് വിചിത്രമായ മറ്റൊരു വസ്തുത.
‘മന്ത്രവിപ്ലവം’ സൃഷ്ടിച്ച ഭാരതത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സാംസ്‌കാരികത്ത നിമക്കും നാഗരികതക്കും വെല്ലുവിളി ഉയര്‍ത്തുന്ന ആഗോളതലത്തില്‍ നടക്കുന്ന ഈ ഇടതുപക്ഷ ഗൂഢാലോചനയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അനിഷേധ്യമായ തെളിവുകള്‍ നിരത്തി തുറന്നുകാട്ടുകയും വസ്തുതകള്‍ അവതരിപ്പിച്ച് അവരുടെ തെറ്റായ വാദമുഖങ്ങളെ യുക്തിയുക്തം നിരാകരിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥം സുദീര്‍ഘവും ആഴത്തിലുള്ളതുമായ പഠന-ഗവേഷണങ്ങളിലൂടെ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെയും കര്‍ത്തവ്യബോധത്തോടെയും തയ്യാറാക്കിയ എഴുത്തുകാര്‍ തദ്വാരാ അനുഷ്ഠിച്ച നിസ്തുലമായ സേവനം അഭിനന്ദനാര്‍ഹമാണ്.